Prabodhanm Weekly

Pages

Search

2012 മാര്‍ച്ച് 31

പ്രദര്‍ശനപരതയും പ്രശസ്തി മോഹവും

തര്‍ബിയത്ത് ശൈഖ് മുഹമ്മദ് കാരകുന്ന്

ല്ലാ നന്മകളെയും നിഷ്ഫലമാക്കുന്ന മനസ്സിന്റെ രണ്ട് ദുര്‍ഗുണങ്ങളാണ് പ്രദര്‍ശന വാഞ്ഛയും പ്രശസ്തി മോഹവും. ജനങ്ങളെ കാണിച്ച് അവരുടെ ആദരവും അംഗീകാരവും നേടാനുള്ള മോഹമാണ് പ്രദര്‍ശന വാഞ്ഛ. ജനത്തിന്റെ പ്രശംസയും അവര്‍ക്കിടയില്‍ പേരും പദവിയും ആര്‍ജിക്കാനുള്ള ആഗ്രഹമാണ് പ്രശസ്തി മോഹം. ഇത് രണ്ടും മനസ്സിന്റെ ആത്മാര്‍ഥതക്ക് ഭംഗംവരുത്തുന്നു. ദൈവപ്രീതിക്കു പകരം ജനപ്രീതി കൊതിക്കുന്നു. ഇത്തരക്കാരുടെ എല്ലാ പ്രവര്‍ത്തനവും മനുഷ്യരെ കാണിക്കാനും അവരെ ബോധ്യപ്പെടുത്താനുമായിരിക്കും. അവരുടെ നമസ്‌കാരം പോലും മറിച്ചാവുകയില്ല. ഖുര്‍ആന്‍ പറയുന്നു: ''അതിനാല്‍ നമസ്‌കാരക്കാര്‍ക്ക് നാശം. അവര്‍ തങ്ങളുടെ നമസ്‌കാരത്തില്‍ അശ്രദ്ധരാണ്. അവര്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണ്.''
''തീര്‍ച്ചയായും ഈ കപട വിശ്വാസികള്‍ അല്ലാഹുവിനെ വഞ്ചിക്കാന്‍ വേണ്ടി നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെ സ്വയം വഞ്ചിതരാക്കുകയാണ്. അവര്‍ നമസ്‌കാരത്തിന് നില്‍ക്കുന്നത് പോലും അലസന്മാരായാണ്. ആളുകളെ കാണിക്കാന്‍ വേണ്ടിയും. അവര്‍ വളരെ കുറച്ചേ അല്ലാഹുവിനെ ഓര്‍ക്കുന്നുള്ളൂ.''
നമസ്‌കാരം പോലെ തന്നെ മറ്റു സല്‍കര്‍മങ്ങളെയും പ്രദര്‍ശന വാഞ്ഛയും പ്രശസ്തി മോഹവും പാഴ്‌വേലയും പാപകൃത്യവുമാക്കി മാറ്റുന്നു. അല്ലാഹു പറയുന്നു;
''ആളുകളെ കാണിക്കാനായി തങ്ങളുടെ സമ്പത്ത് ചെലവഴിക്കുന്നവരും യഥാര്‍ഥത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമില്ലാത്തവരുമാണവര്‍. പിശാചാണ് ഒരുത്തന്റെ ചങ്ങാതിയെങ്കില്‍ അവനെത്ര ചീത്തകൂട്ടുകാരന്‍''(അന്നിസാഅ് 38)
''ദാനധര്‍മങ്ങള്‍ എടുത്തു പറഞ്ഞും മറ്റു മാര്‍ഗ്ഗേണ ശല്യപ്പെടുത്തിയും നിങ്ങള്‍ അവ നിഷ്ഫലമാക്കരുത്. പ്രശസ്തിക്കു വേണ്ടി സമ്പത്ത് ചെലവഴിക്കുന്നവനെപ്പോലെ''(അല്‍ബഖറ 264).
പ്രകടനാത്മകതയും പ്രശസ്തി മോഹവും ആത്മാര്‍ഥതക്ക് എന്നപോലെ സത്യവിശ്വാസത്തിനും വിരുദ്ധമാണ്. അല്ലാഹുവിന്റെ പ്രീതിമാത്രം കാംക്ഷിച്ച് ചെയ്യേണ്ട കര്‍മങ്ങളില്‍ ജനങ്ങളെ പങ്കാളികളാക്കലാണത്. അതുകൊണ്ടു തന്നെ അവ ശിര്‍ക്കില്‍ പെടുന്നു. അല്ലാഹു അറിയിച്ചതായി പ്രവാചകന്‍ പറയുന്നു: ''എന്നില്‍ പങ്കുചേര്‍ക്കുന്നവരുടെ പങ്കുചേര്‍ക്കലുകളില്‍ നിന്നെല്ലാം ഞാന്‍ മുക്തനാണ്. അതിനാല്‍ ആരെങ്കിലും വല്ല പ്രവൃത്തിയിലും എന്നോടൊപ്പം മറ്റാരെയെങ്കിലും പങ്കുചേര്‍ത്താല്‍ അവനെയും അവന്‍ പങ്കുചേര്‍ത്തതിനെയും ഞാന്‍ നിരാകരിക്കും.'' ''പ്രദര്‍ശന വാഞ്ഛ ചെറിയ ശിര്‍ക്കാണ്.''
അബൂസഈദില്‍ ഖുദ്‌രി നിവേദനം ചെയ്യുന്നു: ഞങ്ങള്‍ ദജ്ജാലിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അപ്പോള്‍ നബി തിരുമേനി വന്നു. അവിടുന്ന് ചോദിച്ചു: ''ദജ്ജാലിനെക്കാളും നിങ്ങള്‍ക്ക് ഭയാനകമായ ഒരു കാര്യം ഞാന്‍ അറിയിക്കട്ടെയോ?'' ഞങ്ങള്‍ പറഞ്ഞു:'''അതെ.'' പ്രവാചകന്‍ പറഞ്ഞു: ''ഗോപ്യമായ ശിര്‍ക്കാണത്. ഒരാള്‍ നമസ്‌കരിക്കാന്‍ വേണ്ടി നില്‍ക്കുകയും മറ്റൊരാള്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന കാരണത്താല്‍ നമസ്‌കാരം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.'' ശദ്ദാദ്ബ്‌നു ഔസ് പറയുന്നു:''ജനങ്ങളെ കാണിക്കാനായി നമസ്‌കരിച്ചവന്‍ ശിര്‍ക്ക് ചെയ്തു. പ്രദര്‍ശനത്തിനായി നോമ്പനുഷ്ഠിച്ചവന്‍ ശിര്‍ക്ക് ചെയ്തു. മറ്റുള്ളവര്‍ കാണാനായി സകാത്ത് നല്‍കിയവര്‍ ശിര്‍ക്ക് ചെയ്തു.''
''ശിര്‍ക്ക് കര്‍മങ്ങളെ നിഷ്ഫലമാക്കുന്നപോലെ ലോകമാന്യം കൊതിക്കല്‍ കര്‍മങ്ങളെ നിഷ്ഫലമാക്കുന്നതാണ്.''
പേരും പ്രശസ്തിയും കൊതിക്കുന്നവര്‍ക്ക് ഐഹിക ജീവിതത്തില്‍ അല്ലാഹു അതു നല്‍കുന്നതാണ്. പക്ഷേ പരലോകത്ത് അവരെ കാത്തിരിക്കുക കഠിന ശിക്ഷയായിരിക്കും. പ്രവാചകന്‍ പറയുന്നു: ''പ്രശസ്തിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവനെ അല്ലാഹു പ്രസിദ്ധനാക്കും. ജനശ്രദ്ധയില്‍ പെടാനായി പണിയെടുക്കുന്നവന് അല്ലാഹു അത് ലഭ്യമാക്കും.''
''അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ച് പഠിക്കേണ്ട അറിവ് ഐഹിക താല്‍പര്യങ്ങള്‍ക്കായി അഭ്യസിക്കുന്നവര്‍ക്ക് സ്വര്‍ഗത്തിന്റെ സുഗന്ധം പോലും ലഭ്യമല്ല.''
''പ്രശസ്തിയുടെ പുടവയണിഞ്ഞവനെ അല്ലാഹു അന്ത്യദിനത്തില്‍ അതുപോലുള്ള വസ്ത്രം അണിയിക്കും. പിന്നീട് അഗ്നി ജ്വാലകള്‍ അതിനെ ആളിക്കത്തിക്കുകയും ചെയ്യും.''
ചെയ്യാത്ത കര്‍മങ്ങളുടെ പേരില്‍ പ്രശംസിക്കപ്പെടണമെന്നാഗ്രഹിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ''തങ്ങളുടെ ചെയ്തികളില്‍ സന്തോഷിക്കുകയും യഥാര്‍ഥത്തില്‍ തങ്ങള്‍ ചെയ്തിട്ടില്ലാത്തതിന്റെ പേരില്‍ പ്രശംസിക്കപ്പെടാന്‍ കൊതിക്കുകയും ചെയ്യുന്നവര്‍ ശിക്ഷയില്‍ നിന്ന് സുരക്ഷിതരാണെന്ന് നീ ഒരിക്കലും വിചാരിക്കരുത്. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്.''
പ്രവാചകന്‍ പറയുന്നു: ''ലോകമാന്യം കൊതിക്കുന്നവരുടെ ലക്ഷണങ്ങള്‍ മൂന്നാണ്. ആളുകളുടെ കൂടെയാണെങ്കില്‍ ഉന്മേഷം കാണിക്കുക. ഒറ്റക്കായാല്‍ അലസത കാട്ടുക, എല്ലാ കാര്യങ്ങളിലും ജനങ്ങളുടെ പ്രശംസ ആഗ്രഹിക്കുക.''
അല്ലാഹുവിന്റെ പ്രീതിയോടൊപ്പം പ്രദര്‍ശന വാഞ്ഛയും പ്രശസ്തി മോഹവുമുണ്ടെങ്കില്‍ ദൈവ പ്രീതി ലഭിക്കുകയില്ലെന്നു മാത്രമല്ല; അത് ശിര്‍ക്കായിത്തീരുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
പ്രകടനപരത പരലോകത്ത് കടുത്ത ശിക്ഷക്കും നാശനഷ്ടങ്ങള്‍ക്കും കാരണമാകുന്നതുപോലെ തന്നെ ഈ ലോകത്തും വന്‍ വിപത്തുകള്‍ക്ക് ഇടവരുത്തുന്നു. പ്രദര്‍ശന വാഞ്ഛയും പ്രശംസാമോഹവും പിടികൂടുന്നതോടെ പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ഥത ചോര്‍ന്നു പോകുന്നു. അര്‍ബുദം ശരീരത്തെയെന്നപോലെ അവ ആത്മാര്‍ഥതയെ കാര്‍ന്നു തിന്നുന്നു. പേരും പ്രശസ്തിയും പ്രശംസയും ലഭിക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊന്നും അത്തരക്കാരെ കിട്ടുകയില്ല. ജനങ്ങളുടെ ശ്രദ്ധയില്‍ പെടാത്ത കാര്യങ്ങള്‍ ചെയ്യാനോ മാനവിക ബാധ്യതകള്‍ നിര്‍വഹിക്കാനോ തയാറാവുകയില്ല.
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരെയാണ് പ്രദര്‍ശനവാഞ്ഛ വളരെ വേഗം പിടികൂടുക. പലപ്പോഴും ഈ രോഗം മനസ്സിനെ ബാധിക്കുന്നത് അപ്രതീക്ഷിതമായിരിക്കും. ഏതൊരു ഇസ്‌ലാമിക പ്രവര്‍ത്തകനും ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുകയും അവരില്‍ സ്വാധീനം നേടുകയും ചെയ്യുന്ന പല കാര്യങ്ങളും ചെയ്യേണ്ടിവരും. അവയുടെ റിപ്പോര്‍ട്ടുകളും ഫോട്ടോകളും പ്രസിദ്ധീകരണത്തിന് നല്‍കേണ്ടി വരും. മാത്രമല്ല; പല ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളും സേവന കൃത്യങ്ങളും ജനങ്ങളെ വളരെയേറെ ആകര്‍ഷിക്കുകയും അവരുടെ വലിയ പ്രശംസക്ക് അര്‍ഹമാവുകയും ചെയ്‌തേക്കാം. മാത്രമല്ല ശത്രുക്കളെ നേരിടുമ്പോള്‍ സ്വന്തം നന്മയും മേന്മയും ഉയര്‍ത്തിക്കാണിക്കേണ്ടത് അനിവാര്യമായി വരികയും ചെയ്‌തേക്കാം. പ്രകടനാത്മകതയും പ്രശംസാമോഹവും പ്രശസ്തിക്കുള്ള ആഗ്രഹവും വളരെ പെട്ടെന്ന് പിടികൂടാന്‍ സാധ്യതയുള്ള സാഹചര്യമാണിത്. അതുകൊണ്ട് തന്നെ വിശ്വാസികള്‍ പ്രദര്‍ശനപരതയെയും പ്രശംസാമോഹത്തെയും പ്രതിരോധിക്കാന്‍ കഠിനവും നിരന്തരവുമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മനസ്സിന്റെ സംസ്‌കരണവും കര്‍മങ്ങളുടെ ആത്മാര്‍ഥതയും ഭദ്രമായി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.





Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം