മതനിന്ദയും മതേതര വിമര്‍ശനവും തലാല്‍ അസദിനെ വായിക്കുമ്പോള്‍
തലാല്‍ അസദിന്റെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട 'അഭിപ്രായ സ്വാതന്ത്ര്യം ദൈവനിന്ദ, സെക്യുലര്‍ വിമര്‍ശം' എന്ന കൃതിയെ മുന്‍നിര്‍ത്തി ചില ആലോചനകളാണ് ഈ കുറിപ്പ്.
'വിമര്‍ശനത്തെ കുറിച്ചുള്ള ഈ കുറിപ്പ് അവതരിപ്പിച്ചുകൊണ്ട് പാശ്ചാത്യ ചരിത്രത്തെക്കുറിച്ച് ജനങ്ങള്‍ക്കുണ്ടായിരുന്ന വളരെ വ്യത്യസ്തമായ തിരിച്ചറിവുകള്‍ക്ക് അടിവരയിടാനും ഈ തിരിച്ചറിവുകളെ മതേതര വിമര്‍ശനത്തിനും (സ്വാതന്ത്ര്യവും യുക്തിബോധവും) മതകീയ വിമര്‍ശനത്തിനും(അസഹിഷ്ണുതയും വിജ്ഞാന വിരോധവും) ഇടയിലെ വേര്‍തിരിവുകള്‍ മാത്രമായി ചുരുക്കാനാവില്ലെന്ന് സൂചിപ്പിക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്' - തലാല്‍ അസദ്.
ആധുനിക വ്യവഹാരത്തിനകത്തെ സാര്‍വലൗകികമെന്ന് നിര്‍വചിക്കപ്പെട്ട മൂല്യങ്ങളിലെ ജ്ഞാനശാസ്ത്രപരമായ ഹിംസയെ തുറന്നുകാട്ടുന്ന ചില നിരീക്ഷണങ്ങള്‍ ആണ് തലാല്‍ അസദ് തന്റെ ഈ പ്രബന്ധത്തില്‍ പറഞ്ഞുവെക്കുന്നത്. മതേതരത്വം, അഭിപ്രായ സ്വാതന്ത്ര്യം, ദൈവനിന്ദ തുടങ്ങിയവയിലെ മത - മതേതരത്വ നിര്‍വചനങ്ങളും അത്തരം ദ്വന്ദ്വ നിര്‍മിതികളിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് വിമര്‍ശനരഹിതമായി സ്വീകരിക്കപ്പെടുന്ന ഇത്തരം വ്യവഹാരങ്ങളുടെ പിന്നിലെ യുക്തിയെ ചോദ്യം ചെയ്യുന്നു. ലിബറല്‍ ജനാധിപത്യത്തില്‍ അതിന്റെ മുഖമുദ്രയായി കരുതപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യം എന്നതിനെ, അതെങ്ങനെയാണ് മതത്തിനു മുകളിലുള്ള ആധിപത്യ സ്ഥാപനത്തിന്റെ ഭാഗമായി മാറുന്നത് എന്ന് അസദ് നിരീക്ഷിക്കുന്നു. ലിബറല്‍ സെക്യുലര്‍ വിമര്‍ശനങ്ങളൊക്കെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗവും, മതകീയ വിമര്‍ശനങ്ങളൊക്കെ അസഹിഷ്ണുതയുടെ പ്രതീകങ്ങളുമായി മനസ്സിലാക്കപ്പെടുന്നിടത്ത് വിമര്‍ശനം എന്ന പ്രവൃത്തിയിലെ ലിബറല്‍ ജനാധിപത്യത്തിന്റെ പരിമിതി വെളിപ്പെടുന്നു. വിമര്‍ശനത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ അസദ് മുന്നോട്ടു വെക്കുന്ന ഒരു പ്രധാന സംഗതി ഇതാണ്: 'പ്രത്യേക പ്രതിസന്ധികള്‍ നീതിയുക്തമായി പരിഹരിക്കുന്നതും ഒരു പ്രത്യേക ജീവിത രീതിക്കുള്ളില്‍ നിലനില്‍ക്കുന്ന പ്രത്യേക ഗുണവിശേഷങ്ങളെ തിരുത്തുന്നതും മാത്രമേ ആ പദത്തിന്റെ അര്‍ഥകല്‍പന ഉള്‍ക്കൊണ്ടിരുന്നുള്ളൂ.' ഇത് വിമര്‍ശനത്തിന്റെ രാഷ്ട്രീയത്തെയാണ് വെളിവാക്കുന്നത്. 9/11-നു ശേഷം യൂറോപ്യന്‍ ലിബറല്‍ ജനാധിപത്യ സമൂഹത്തിന്റെ പ്രധാന എതിരാളിയായി 'ഭീകരവാദ ഇസ്ലാമി'നെ കണ്ടെടുക്കുന്നതും അതിനെ തുടര്‍ന്ന് പൊതുജന സമ്മതിയോടെ നിര്‍മിക്കപ്പെട്ട 'ഭീകരതക്കെതിരായ യുദ്ധ'വുമൊക്കെ ഇസ്ലാമിനുമേലുള്ള കടന്നുകയറ്റങ്ങളാണ്. ഇതിലൂടെ അഭിപ്രായ സ്വാതന്ത്ര്യം, ദൈവനിന്ദ തുടങ്ങിയവയൊക്കെ സെക്യുലര്‍ ഫ്രെയ്മിലൂടെ ഇസ്‌ലാമോഫോബിയയുടെ പ്രചാരണായുധമായി മാറുന്നു. മറുഭാഗത്ത് ഇസ്‌ലാം ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ അംഗീകരിക്കപ്പെടാതെ പോവുകയും ചെയ്യുന്നു.
പ്രധാനമായും ലിബറല്‍ സാമൂഹിക വ്യവസ്ഥക്കകത്ത് ഉന്നയിക്കപ്പെടുന്ന സ്വാതന്ത്ര്യം അടക്കമുള്ള ആശയങ്ങളിലെ വൈരുധ്യത്തെ വെളിപ്പെടുത്താനാണ് അസദ് ശ്രമിക്കുന്നത്. മതങ്ങളിലെ/ഇസ്ലാമിലെ 'സ്വാതന്ത്ര്യനിഷേധ'ത്തെ അക്രമിക്കുമ്പോള്‍ തന്നെ ലിബറല്‍ വ്യവസ്ഥയില്‍ എങ്ങനെയാണ് സ്വാതന്ത്ര്യം പരിമിതപ്പെടുന്നത് എന്ന് ചില ഉദാഹരണങ്ങള്‍ മുന്‍നിര്‍ത്തി അസദ് നിരീക്ഷിക്കുന്നുണ്ട്. ആത്മഹത്യ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ കുറ്റകരമാണ്. ലിബറല്‍ ജനാധിപത്യം നിയമംകൊണ്ട് തന്നെ അതിനെ കുറ്റകരമായി നിര്‍വചിക്കുന്നു. അതേസമയം വാര്‍ ഓണ്‍ ടെററിലൂടെയും ഇതര ഏകപക്ഷീയ യുദ്ധങ്ങളിലൂടെയും അനേകായിരം ജനങ്ങളെ കൊന്നൊടുക്കുന്നതിനെ ഈ വ്യവസ്ഥ പിന്താങ്ങുകയും ചെയ്യുന്നു. മറ്റൊരു ഉദാഹരണമാണ് കോപ്പിറൈറ്റ്. സ്വതന്ത്രമായ ആവിഷ്‌കാരത്തെ ഇത് പരിമിതപ്പെടുത്തുന്നു എന്നത് വ്യക്തമാണ്. എന്നാല്‍ ലിബറല്‍ ജനാധിപത്യത്തിലെ മറ്റൊരു സുപ്രധാനമായ ഘടകമാണ് സ്വകാര്യസ്വത്തവകാശം. ഒരു കലാസൃഷ്ടിയുടെ മുകളില്‍ ഒരാള്‍ക്ക് സ്വത്തവകാശം ഉന്നയിക്കുന്നതോടെ അത് അയാളുടെ മാത്രമായി മാറുകയും, എന്നാല്‍ അതേസമയം അത് സ്വതന്ത്രാവിഷ്‌കാരത്തിന്റെ ലംഘനമായിത്തീരുകയും ചെയ്യുന്നു. ഈ വൈരുധ്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അഥവാ, ഈ വ്യവസ്ഥക്കകത്ത് നിലനില്‍ക്കുന്ന മൂല്യങ്ങള്‍ക്ക് ചില സവിശേഷ സംഗതികളെ, വിശിഷ്യാ കൊളോണിയല്‍ താല്‍പര്യങ്ങളെ സംരക്ഷിച്ചുനിര്‍ത്താനുള്ള ശേഷി മാത്രമേയുള്ളൂ. ഇവയെ സാര്‍വലൗകിക മൂല്യങ്ങളായി കാണുന്നതിനെ വിമര്‍ശനവിധേയമക്കേണ്ടതുണ്ടെന്നും അസദ് പറയുന്നു.
തുടര്‍ന്ന് ദൈവനിന്ദയെ പരിശോധിക്കുകയാണ്. ക്രിസ്തുമതത്തെ മുന്‍നിര്‍ത്തിയാണ് അസദ് ദൈവനിന്ദയെ വിശകലനം ചെയ്യുന്നത്. ക്രിസ്തുമത ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായി അസദ് കാണുന്നത് അതിന്റെ കാലികമായ നവീകരണത്തെയാണ്. ഗ്രീക്ക് ദാര്‍ശനിക തത്ത്വവുമായി ചേര്‍ന്നുകൊണ്ടുള്ള പുതിയ നിര്‍വചനങ്ങളിലൂടെ നവീകരണാത്മക പദ്ധതിയായി ക്രിസ്ത്യാനിറ്റി മാറുന്നു. ഇസ്ലാമിന്റെ പ്രാതിനിധ്യത്തെയും ഒപ്പം അസദ് വിശകലനം ചെയ്യുന്നുണ്ട്. മതം എന്നതിലൂടെ അര്‍ഥമാക്കപ്പെടുന്നത് എന്ത് എന്നും അതിലൂടെ ഒരു സന്ദര്‍ഭം(ഇീിലേഃ)േ എങ്ങനെയാണ് മതത്തിനകത്ത് സ്വാധീന ശക്തിയായി വര്‍ത്തിക്കുന്നത് എന്നും അദ്ദേഹം വിലയിരുത്തുന്നു. വിശ്വാസം എങ്ങനെയാണ് നിര്‍വചിക്കുക എന്ന ചോദ്യത്തിലൂടെ വിശ്വാസ നിര്‍വചനത്തിന്റെ ബാഹ്യമായ മാപിനികളെ അദ്ദേഹം നിരാകരിക്കുന്നു. വിശ്വാസം ഒരു വ്യക്തിയുടെ മനസ്സുമായി ബന്ധപ്പെട്ട ഒന്നാണ്. ഇതിനെ ഒരു കോടതിയില്‍ തെളിയിക്കാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ വിശ്വാസത്തെയും വിശ്വാസനിരാകരണത്തെയും ബാഹ്യമായ കാരണങ്ങളെ മുന്‍നിര്‍ത്തി വിലയിരുത്താനോ നിര്‍ബന്ധങ്ങള്‍ ചെലുത്താനോ സാധിക്കില്ല. ഇസ്ലാമിലെ മുര്‍തദ്ദ് എന്ന സംജ്ഞയെ ഈ പശ്ചാത്തലത്തില്‍ വായിക്കുമ്പോള്‍, യഥാര്‍ഥത്തില്‍ അത് വിശ്വാസനിരാകരണത്തിന്റെ പ്രശ്‌നത്തെയല്ല അഭിമുഖീകരിക്കുന്നത്, മറിച്ച് കരാര്‍ലംഘനം എന്ന ഒരു ഭൗതിക വിഷയത്തെയാണ്. ഒരാളുടെ വിശ്വാസത്തിന് മേലുള്ള മറ്റൊരാളുടെ കടന്നുകയറ്റം വിശ്വാസത്തെ ഒരു സ്റ്റേറ്റിസ്റ്റ് വീക്ഷണത്തില്‍ മനസ്സിലാക്കുന്നതുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് പറഞ്ഞുവെക്കുന്നു.
വിശ്വാസകാര്യങ്ങളില്‍ നിര്‍ബന്ധം പിടിക്കുക എന്നത് സ്റ്റേറ്റിന്റെ രീതിശാസ്ത്രമാണ്. മതം ആധുനിക വ്യവസ്ഥയില്‍ ഒരു രാഷ്ട്രത്തിന്റെ സ്വഭാവത്തിലാണ് ഇടപെടുക എന്നതാണ് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നത്. ഇതില്‍നിന്നും ഭിന്നമായ നിര്‍വചനങ്ങളിലൂടെ മതത്തിന്റെ മറ്റൊരു സാധ്യതയെക്കൂടി മനസ്സിലാക്കേണ്ടതുണ്ട്. ധാര്‍മികത, കരുണ, നീതി തുടങ്ങിയ മതങ്ങളുടെ, വിശിഷ്യാ ഇസ്ലാമിന്റെ അടിസ്ഥാന മൂല്യങ്ങളെ നിരാകരിച്ച് യാന്ത്രിക അനുസരണം, സ്ഥാപനവല്‍ക്കരണം, ഹിംസ തുടങ്ങിയ ആധുനിക വ്യവഹാരങ്ങളാല്‍ നിലനില്‍ക്കുന്ന ഒന്നിനെയാണ് ഇതേ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ലിബറല്‍ ഡെമോക്രസി നേരിടുന്നത്. യഥാര്‍ഥത്തില്‍ അവര്‍ അവരുടെ തന്നെ സങ്കല്‍പ്പത്തിലെ ഒന്നുമായിട്ടാണ് നിരന്തരമായി കലഹിക്കുന്നത്. മതം അപ്പോഴും അവരുടെ വ്യവഹാരങ്ങള്‍ക്ക് പുറത്താണ്. സാര്‍വലൗകിക മൂല്യങ്ങള്‍ എന്ന നിലക്ക് സങ്കല്‍പിക്കപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യം, മതേതരത്വം എന്നിവയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം, മതകീയ വിമര്‍ശനങ്ങളൊക്കെ അസഹിഷ്ണുതയായി വായിക്കപ്പെടുന്നിടത്തെ ഹിംസയെ തുറന്നുകാണിക്കാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്.
പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഐ.പി.എച്ച്. മൊഴിമാറ്റം: സി.കെ അബ്ദുല്‍ അസീസ്. വില: 75 രൂപ.
Comments