മനുഷ്യാ, നീ എത്ര ദുര്‍ബലന്‍!
''എനിക്ക് ശ്വാസം കിട്ടുന്നില്ല ഡാഡീ, ഹൃദയം നിലച്ച പോലെ തോന്നുന്നു. മൂന്ന് മണിക്കൂറായി അവര്‍ എനിക്ക് ഓക്‌സിജന്‍ തരുന്നില്ല. ഒരുപാട് അപേക്ഷിച്ചു. ഇനി എനിക്ക് ശ്വസിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. വിട, ഡാഡീ- എല്ലാവര്‍ക്കും വിട.'' ഹൈദറാബാദിലെ സര്‍ക്കാര്‍ നെഞ്ചാശുപത്രിയില്‍നിന്ന് മുപ്പത്തിനാലുകാരനായ യുവാവ് മരിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് പിതാവിനു അയച്ച വീഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
യുവാവിനു കടുത്ത പനിയും ശ്വാസം മുട്ടലുമായിരുന്നു. പത്തോളം സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും നിരസിച്ചു. യുവാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷമാണ് വീഡിയോ പിതാവിന്റെ ശ്രദ്ധയില്‍ പെട്ടത്. മകന്‍ മരിച്ചതിന്റെ പിറ്റേ ദിവസമാണ് മകന് കോവിഡ് പോസിറ്റീവാണെന്ന പരിശോധനാ ഫലം കിട്ടിയത്. മാതാവിനും പിതാവിനും പുറമെ ഭാര്യയെയും പന്ത്രണ്ടും ഒമ്പതും വയസ്സുള്ള മക്കളെയും വിട്ടാണ് ആ യുവാവ് ലോകത്തോട് വിടപറഞ്ഞത്. 'മകന് പറ്റിയത് ഇനി ആര്‍ക്കും സംഭവിക്കരുത്. ഞാന്‍ നിസ്സഹായനാണ്, എനിക്കെന്ത് ചെയ്യാനാകും?' കണ്ണീരോടെ പിതാവ് ലോകത്തോട് ചോദിച്ച ചോദ്യമാണിത്.
(മാധ്യമം 2020 ജൂണ്‍ 30 ചൊവ്വ)
'സൂഫി പറഞ്ഞ കഥകളി'ല്‍ ഹസനുല്‍ ബസ്വരി ദൃക്‌സാക്ഷിയായ വിചിത്രമായ അനുഭവമാണ് വാര്‍ത്ത വായിച്ചപ്പോള്‍ ഓര്‍മയില്‍ വന്നത്. സൂഫീ മാര്‍ഗം സ്വീകരിക്കുന്നതിനു മുമ്പ് ഹസനുല്‍ ബസ്വരി ഉപജീവനം നടത്തിയിരുന്നത് ആഭരണ കച്ചവടം നടത്തിയായിരുന്നു. കച്ചവട യാത്രയില്‍ ഹസനുല്‍ ബസ്വരി ഏഷ്യാ മൈനറിലെത്തി. മന്ത്രിയുമായി കണ്ടുമുട്ടി. സുല്‍ത്താനെ നേരില്‍ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. സുല്‍ത്താന്‍ സുപ്രധാന യാത്രക്ക് ഒരുങ്ങുകയാണെന്നും വേണമെങ്കില്‍ താങ്കള്‍ക്കും സഹയാത്രികനാകാമെന്നും മന്ത്രി അറിയിച്ചു. സുല്‍ത്താന്റെ യാത്രാസംഘത്തില്‍ ഹസനുല്‍ ബസ്വരിയും ചേര്‍ന്നു.
യാത്രാസംഘം ഒരു വലിയ വനത്തിന്റെ നടുവില്‍ എത്തിച്ചേര്‍ന്നു. അവിടെ ഭീമാകാരമായ ഒരു കൂടാരം കെട്ടി ഉയര്‍ത്തിയിരുന്നു. അവിടെ പട്ടാള ഉദ്യോഗസ്ഥരുടെ ഒരു സംഘം നില്‍ക്കുന്നു. സുല്‍ത്താനും സംഘവും സ്ഥലത്ത് എത്തിയപ്പോള്‍ പട്ടാള ഉദ്യോഗസ്ഥര്‍ കൂടാരത്തിനകത്തു കടന്നു. അല്‍പം കഴിഞ്ഞ് പുറത്തിറങ്ങിയ അവര്‍ കൂടാരത്തെ വലംവെച്ച ശേഷം സ്ഥലം വിട്ടു. ശേഷം പൗരപ്രമുഖരുടെയും ഭിഷഗ്വരന്മാരുടെയും സംഘവും കൂടാരത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം ചെയ്ത് തിരിച്ചുപോയി. ശേഷം എത്തിയത് അതിസുന്ദരികളായ ഇരുനൂറോളം സൗന്ദര്യറാണിമാരായിരുന്നു. ആ സുന്ദരികളും കൂടാരത്തില്‍ പ്രവേശിച്ച് അതിനെ വലംവെച്ച് മടങ്ങിപ്പോയി. അവസാനം സുല്‍ത്താന്റെ ഊഴമായി. മന്ത്രിയോടൊപ്പം കൂടാരത്തില്‍ പ്രവേശിച്ച് ചില വാക്കുകള്‍ ഉരുവിട്ട് കൂടാരത്തെ വലംവെച്ച് പരിവാരസമേതം സ്ഥലം വിട്ടു.
ഈ അനുഷ്ഠാനത്തിന്റെ പൊരുളറിയാതെ ആശ്ചര്യപ്പെട്ട ഹസനുല്‍ ബസ്വരി ആലോചിച്ചിട്ടൊരു പിടിയും കിട്ടാതെ മന്ത്രിയോട് തന്നെ കാര്യം തിരക്കി. മന്ത്രി പറഞ്ഞു: ''സുല്‍ത്താന് സുന്ദരനും ധീരനും ബുദ്ധിമാനുമായ പുത്രനുണ്ടായിരുന്നു. ചെറുപ്രായത്തിലേ മരിച്ചുപോയി. ഭൗതിക ശരീരം അടക്കം ചെയ്തത് ഈ കൂടാരത്തിലാണ്. എല്ലാ വര്‍ഷവും അവന്റെ ചരമദിനത്തില്‍ ഞങ്ങള്‍ അവന്റെ ഖബര്‍ സന്ദര്‍ശിക്കും. താങ്കള്‍ കണ്ടതു പോലെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കും.''
പട്ടാള ഉദ്യോഗസ്ഥര്‍ കൂടാരത്തിനകത്തു കടന്നു രാജകുമാരനെ വിളിച്ചു ഇപ്രകാരം പറഞ്ഞു: ''ആയുധശക്തി കൊണ്ട് നിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍ അതിനുവേണ്ടി ഞങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചും പോരാടാന്‍ ഞങ്ങള്‍ തയാറാകുമായിരുന്നു. പക്ഷേ മരണത്തിനു മുന്നില്‍ ഞങ്ങള്‍ എന്തു ചെയ്യാന്‍! ഞങ്ങള്‍ നിസ്സഹായരാണല്ലോ!!''
''പാണ്ഡിത്യം കൊണ്ടും അനുഭവജ്ഞാനം കൊണ്ടും നിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍ ഞങ്ങളത് ചെയ്യുമായിരുന്നു. മരണത്തിനു മുന്നില്‍ ആര്‍ക്ക് എന്തു ചെയ്യാനാകും?''
''ഞങ്ങളുടെ ഔഷധങ്ങള്‍ക്ക് മരണത്തെ തടുക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അവസാന തുള്ളിയും ഞങ്ങള്‍ അതിനുവേണ്ടി ചെലവഴിക്കുമായിരുന്നു. പക്ഷേ, മരണവിധിയെ തട്ടിമാറ്റാന്‍ ഒരു ഔഷധത്തിനും കഴിവില്ലല്ലോ?''
''ഞങ്ങളുടെ സൗന്ദര്യത്തിനും പ്രേമവായ്പിനും താങ്കളെ രക്ഷിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അതിനുവേണ്ടി സര്‍വവും ത്യജിക്കാന്‍ ഞങ്ങള്‍ തയാറാകുമായിരുന്നു. പക്ഷേ, അലംഘനീയമായ ദൈവവിധിക്കു മുന്നില്‍ ഞങ്ങള്‍ എത്ര നിസ്സഹായര്‍!''
അവസാനം സുല്‍ത്താന്‍ പുത്രന്റെ ഖബ്‌റിന്നരികെ ചെന്നു പറഞ്ഞതു: ''പ്രിയപുത്രാ, ഞങ്ങള്‍ക്കു സാധിക്കുന്നതിന്റെ പരമാവധി ഞങ്ങള്‍ എല്ലാം ചെയ്തു നോക്കിയിട്ടുണ്ട്. പക്ഷേ, ദൈവത്തിന്റെ വിധി അലംഘനീയമാണ്. അത് തട്ടിമാറ്റാന്‍ ഒരു ശക്തിക്കും കഴിയില്ല. മോനേ; ശാന്തമായി ഉറങ്ങുക. അടുത്ത വര്‍ഷം ഇതേദിവസം ഇതേ സമയത്ത് വീണ്ടും വരാം''
(സൂഫി പറഞ്ഞ കഥകള്‍,
അബ്ദുര്‍റഹ്മാന്‍ മുന്നൂര്).
താന്‍ സ്വയം തന്നെ ശക്തനാണെന്ന അഹംഭാവവും തനിക്ക് താന്‍പോന്നവനാണെന്ന അഹങ്കാരവും മനുഷ്യനെ ദൈവസ്മരണയില്‍നിന്നും മരണ വിചാരങ്ങളില്‍നിന്നും ബഹുദൂരം അകറ്റും. നൂതന സാങ്കേതിക വിദ്യയുടെ അടിമയായപ്പോള്‍ താന്‍ ദൈവദാസനാണെന്ന ഓര്‍മ തന്നെയും മനുഷ്യന് നഷ്ടപ്പെട്ടു. ആകാശത്ത് പറവകളെ പോലെ വട്ടമിട്ട് പറക്കുകയും ആഴിക്കടിയില്‍ നീലത്തിമിംഗലം പോലെ ഊളിയിടുകയും കരയുടെ കാതങ്ങളെ കാല്‍പാദങ്ങള്‍ക്കപ്പുറം അത്യന്താധുനിക വാഹനങ്ങള്‍കൊണ്ട് മറികടക്കുകയും ചെയ്തപ്പോള്‍ മനുഷ്യന്‍ സ്വയം തന്നെ തന്റെ സ്ഥാനവും പദവിയും വിസ്മരിച്ചു.
രാഷ്ട്രങ്ങളാകട്ടെ മാനത്ത് വിന്യസിച്ച വ്യോമ സേനയിലും കടലില്‍ നങ്കൂരമിട്ട നാവികപ്പടയിലും രാജ്യാതിര്‍ത്തികളില്‍ നിലയുറപ്പിച്ച കരസേനയിലും സ്വയം വഞ്ചിതരായി. സായുധ ശക്തിയെ മറികടക്കാന്‍ ലോകത്തൊരു ശക്തിയുമില്ലെന്നും അയല്‍രാഷ്ട്രങ്ങളെ ഞൊടിയിടയില്‍ തങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കുമെന്നുമൊക്കെ വന്‍ശക്തികള്‍ വീമ്പിളക്കി. അംഗരക്ഷകരുടെയും കരിമ്പൂച്ചകളുടെയും കരുത്തില്‍ തങ്ങള്‍ സ്വയം സുരക്ഷിതരാണെന്ന് ഭരണാധികാരികള്‍ വിചാരിച്ചു. വിശ്വവിഖ്യാതരായ ഡോക്ടര്‍മാര്‍ക്കും അവര്‍ കുറിക്കുന്ന ഔഷധങ്ങള്‍ക്കും ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് രോഗികളും പ്രത്യാശിച്ചു. പക്ഷേ, സോപ്പിന്‍പതക്കു മുന്നില്‍ ചത്തൊടുങ്ങുന്ന വൈറസിനു മുന്നില്‍ മനുഷ്യനിതാ നീര്‍കുമിളകള്‍പോലെ പൊട്ടിത്തകരുന്നു.
ശയ്യാവലംബിയായി കിടക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ റൂമിനരികില്‍ നെടുനീളെ കുത്തി നിര്‍ത്തിയ ഓക്‌സിജന്‍ സിലിണ്ടറില്‍നിന്നും കൈപ്പുണ്യമുണ്ടെന്ന് വിശ്വസിച്ചിരുന്ന ഡോക്ടര്‍ ഓക്‌സിജന്‍ ട്യൂബ് രോഗിയുടെ മൂക്കില്‍ വെച്ചു കൊടുക്കുമ്പോഴും ശ്വാസമെടുക്കാന്‍ കഴിയാതെ നാസാരന്ധ്രങ്ങള്‍ നിശ്ചലമാകുന്നു. ഒരു തുള്ളി സാനിറ്റൈസറില്‍ നാമാവശേഷമാകുന്ന വൈറസിനു മുന്നില്‍ ഭരണാധികാരിയും ഭരണീയനും ഭിഷഗ്വരനും ആരോഗ്യ പ്രവര്‍ത്തകനും പട്ടാളക്കാരനും ലോകാരോഗ്യ സംഘടനകളുടെ അമരക്കാരും എത്ര നിസ്സഹായര്‍!
പാത്രം മുട്ടിയ നാടുവാഴികളും വിളക്കുകളണച്ച താരരാജാക്കന്മാരും തിരിതെളിയിച്ച സൗന്ദര്യറാണിമാരും പേശീബലമുള്ള കായികാഭ്യാസികളും വെറും ഈയലുകള്‍ പോലെ ചിറകറ്റു വീഴുന്നു. ലോകപോലീസിന്റെ മനോനില തെറ്റുന്നു. വെള്ളക്കൊട്ടാരങ്ങള്‍ വിറകൊള്ളുന്നു. പല്ലക്കിലേറിയ രാജ്ഞിമാര്‍ ശവമഞ്ചത്തില്‍ അന്ത്യയാത്ര നടത്തുന്നു. ലോകത്തെ തന്നെയും നാമാവശേഷമാക്കാന്‍ ശേഷിയുള്ള ആയുധപ്പുരകളുള്ള അഹങ്കാരികളായ കങ്കാണിമാര്‍ എല്ലാം കൈവിട്ടുപോകുന്നു എന്ന് മാലോകര്‍ക്കു മുന്നില്‍ പരിതപിക്കുന്നു.
സൂഫികഥയിലെ സുല്‍ത്താനും ഹൈദറാബാദ് സര്‍ക്കാര്‍ ആശുപത്രിയിലെ നിസ്സഹായനായ പുത്രന്റെ ഡാഡീ എന്ന വിളികേള്‍ക്കാതെ പോയ പിതാവും പറഞ്ഞ വാക്കുകള്‍ എത്ര ചിന്തനീയം: 'നാം നിസ്സഹായര്‍! നമുക്ക് എന്തു ചെയ്യാനാകും?'
അലി(റ)യുടെ വാക്കുകള്‍ എത്ര കാലികപ്രസക്തമാണ്; ''മനുഷ്യാ, നീ എത്ര ദുര്‍ബലന്‍! സ്വന്തം ജീവിതാവധി എത്രയെന്ന് സ്വയം അറിയാന്‍ സാധിക്കാത്തവന്‍. ശരീരം പേറുന്ന രോഗാണുക്കളൊക്കെയും ഗുപ്തമാക്കപ്പെട്ടവന്‍. കര്‍മങ്ങളൊക്കെയും ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെടുന്നവന്‍. നിസ്സാരമായ മൂട്ട അവനെ നൊമ്പരപ്പെടുത്തും, നിസ്സാരമായ കൊതുകുകള്‍ പോലും അവനെ കൊന്നൊടുക്കും. ശരീരത്തില്‍ പൊടിയുന്ന വിയര്‍പ്പുതുള്ളികള്‍ അവനെ ദുര്‍ഗന്ധമയമാക്കും. എന്നിട്ടും മനുഷ്യാ, നിന്റെ ദുരഭിമാനം അപാരം തന്നെ! മനുഷ്യാ, നിന്റെ തുടക്കം അറപ്പുളവാക്കുന്ന രേതസ്‌കണം, ഒടുക്കമോ ചീഞ്ഞു നാറുന്ന മൃതദേഹവും.'' മനുഷ്യന്റെ ദുര്‍ബലാവസ്ഥയും വിശ്വാസികളുടെ സമീപനവും ഖുര്‍ആന്‍ ഇങ്ങനെ ചിത്രീകരിക്കുന്നു: ''മനുഷ്യന്‍ ക്ഷമകെട്ടവനായാണ് സൃഷ്ടിക്കപ്പെട്ടത്. വിപത്ത് വരുമ്പോള്‍ അവന്‍ വെപ്രാളപ്പെടും. നേട്ടം കിട്ടിയാലോ കെട്ടിപ്പൂട്ടിവെക്കും. നമസ്‌കരിക്കുന്നവരൊഴികെ. അവര്‍ നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവരാണ്. അവരുടെ ധനത്തില്‍ ചോദിച്ചെത്തുന്നവര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്കു വകയില്ലാത്തവര്‍ക്കും നിര്‍ണിതമായ അവകാശമുണ്ട്. വിധിദിനം സത്യമാണെന്ന് അംഗീകരിക്കുന്നവരാണവര്‍'' (അല്‍മആരിജ്: 19-26).
Comments