Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 11

3167

1442 മുഹര്‍റം 23

കെ.കെ ഹംസ മാസ്റ്റര്‍

വി.എം അബ്ദുര്‍റശീദ് കന്മനം

മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരി കാവപ്പുര സ്വദേശിയും കടുങ്ങാത്തുകുണ്ട് പ്രാദേശിക ജമാഅത്തിലെ അംഗവുമായിരുന്നു കരിമ്പുംകണ്ടത്തില്‍ ഹംസ മാസ്റ്റര്‍ (74). മരിക്കുന്നതിന് ഒരാഴ്ച മുമ്പ് പ്രാദേശിക ഹല്‍ഖാ അമീറിനെ വിളിച്ച് ഒന്ന് വീട്ടില്‍ വരാന്‍ പറഞ്ഞു. തിരക്കുകള്‍ക്കിടയില്‍ എത്താന്‍ വൈകിയപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും വിളിച്ച് കണ്ടില്ലല്ലോ എന്ന് ഓര്‍മിപ്പിച്ചു. ഉടനെ അവിടെയെത്തിയ അമീറിനെ കോവിഡ് വ്യാപനം മൂലം വാരാന്ത യോഗങ്ങള്‍ക്ക് എത്താതിരുന്ന കാലത്തെ മുഴുവന്‍ ബൈത്തുല്‍ മാലും മറ്റു കണക്കുകളും കൂടാതെ പുതിയ ഓഫര്‍ വകയിലേക്ക് ഒരു ചെക്കും കൊടുത്തേല്‍പ്പിച്ചു. സ്ഥിരമായി പറമ്പിലും മറ്റും പണിക്കു വരുന്ന ആളെ വിളിച്ച് അതുവരെയുള്ള എല്ലാ കണക്കുകളും കൂട്ടി ഒരു സംഖ്യ അധികം കൊടുത്തു. ഇനി ഓര്‍മയില്‍ ഇല്ലാത്ത വല്ലതും ഉണ്ടെങ്കില്‍ പൊരുത്തപ്പെടണം എന്ന് ആവശ്യപ്പെട്ടു. മരിച്ച ദിവസം രാവിലെ ആശുപത്രിയില്‍ പോകണം എന്ന് തോന്നിയപ്പോള്‍ മരണാനന്തരം ചെലവഴിക്കേണ്ട തുക കൂടി മുന്നില്‍ കണ്ട് മകനെ പൈസ ഏല്‍പ്പിക്കുമ്പോള്‍ എല്ലാ ചെലവും ഇതില്‍നിന്നുതന്നെ എടുക്കണമെന്ന് ഓര്‍മിപ്പിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് ഒരു ഉള്‍വിളി ലഭിച്ച പോലെ അവസാന യാത്രക്ക് മുന്‍കൂട്ടി ഒരുങ്ങിക്കൊണ്ടാണ് ഹംസ മാസ്റ്റര്‍ വിട പറഞ്ഞത്.
അറുപതുകളില്‍ വളവന്നൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ അധ്യാപകനായിരിക്കുമ്പോള്‍ തന്നെ കല്‍പകഞ്ചേരി അങ്ങാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹംദര്‍ദ് ഹല്‍ഖ വഴിയാണ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടത്. ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളായിരുന്ന കന്മനം മമ്മി സാഹിബ്, വി.ടി അബ്ദുല്‍ വാഹിദ് തങ്ങള്‍ എന്നിവരുമായുള്ള നിരന്തര ബന്ധത്തിലൂടെ പ്രസ്ഥാനത്തില്‍ സജീവമായി. ഖുര്‍ആന്‍ ആഴത്തില്‍ പഠിച്ച അദ്ദേഹം പ്രസ്ഥാന പരിപാടികളിലും അംഗങ്ങളുടെ ഇഹ്തിസാബ് യോഗങ്ങളിലും മറ്റും നടത്തിയിരുന്ന ഖുര്‍ആന്‍ ക്ലാസുകള്‍ നല്ല മുന്നൊരുക്കത്തോടെയും വിവിധ തഫ്‌സീറുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ളതുമായിരുന്നു. അയല്‍പ്രദേശങ്ങളിലെ പള്ളികളില്‍ ഖുത്വ്ബ നിര്‍വഹിക്കാനും മുടക്കം പറയാതെ അദ്ദേഹം എത്തുമായിരുന്നു. ആകര്‍ഷകമായ ഖുര്‍ആന്‍ പാരായണം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
സുഖമില്ലാത്ത ഭാര്യക്ക് വര്‍ഷങ്ങളായി സേവനങ്ങളെല്ലാം ചെയ്തുപോന്നിരുന്നത് അദ്ദേഹം തന്നെയായിരുന്നു. യാത്രാപ്രിയനായിരുന്നു. നീണ്ട യാത്രകളില്‍ പങ്കാളിയായി, പുരാതന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമായിരുന്നു. പാവപ്പെട്ടവരെ സഹായിക്കുന്നതിലും മുന്‍പന്തിയിലായിരുന്നു. എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിച്ചു. നാട്ടുകാര്‍ ഹംസ ഹാജി മാസ്റ്റര്‍ എന്ന് വിളിച്ചിരുന്ന അദ്ദേഹത്തെ പറ്റി എല്ലാവര്‍ക്കും നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. കടുങ്ങാത്തുകുണ്ട് നന്മ ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗം, കടുങ്ങാത്തുകുണ്ട് സകാത്ത് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: സലീം, നിസാര്‍ (മാധ്യമം ഏജന്റ്), സ്വാബിറ (അധ്യാപിക), ഹലീമ.

 


പ്രഫ. കെ.കെ അലിക്കുഞ്ഞി

പ്രഫ. കെ.കെ അലിക്കുഞ്ഞി മാഷ് (81) അല്ലാഹുവിങ്കലേക്ക് യാത്രയായി. സ്‌കൂള്‍ അധ്യാപകനായി തുടങ്ങിയ അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജില്‍ പ്രഫസറായിരിക്കെയാണ് വിരമിച്ചത്. പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ്, സഹോദരന്‍ മുഹമ്മദാലി മാഷ് തുടങ്ങിയവര്‍ സഹാധ്യാപകരായിരുന്നു.
അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തിയ അദ്ദേഹം ഇസ്‌ലാഹിനും ദഅ്‌വത്തിനും അനുഗുണമാവാത്ത തര്‍ക്കവിതര്‍ക്കങ്ങളില്‍നിന്നും വാദപ്രതിവാദങ്ങളില്‍നിന്നും അകലം പാലിച്ചു. പതിഞ്ഞ സ്വരത്തിലുള്ള ഖുര്‍ആന്‍ പഠന ക്ലാസുകള്‍ മിക്കവാറും മരണസ്മരണ ഉണര്‍ത്തുന്നതായിരിക്കും. പരദൂഷണവും പരിഹാസവുമായിത്തീരാനിടയുള്ള ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് ഗൗരവപൂര്‍വം താക്കീത് ചെയ്യുമായിരുന്നു. ലാളിത്യത്തിന്റെ യും  എളിമയുടെയും വിനയത്തിന്റെയും പ്രതീകമായിരുന്നു. പ്രാസ്ഥാനികമായ ഏതു ആവശ്യങ്ങള്‍ക്കും ആദ്യവാഗ്ദാനം ഉദാരനായ മാഷിന്റേതായിരിക്കും. അര്‍ഹരെ രഹസ്യമായി സഹായിക്കും. ഖാല-ഖീലകളോട് പുറംതിരിഞ്ഞ് നില്‍ക്കും. അറിവിനായി യഥാര്‍ഥ സ്രോതസ്സുകളെ ആശ്രയിക്കും.
കുടുംബത്തിന്റെ പ്രസ്ഥാനവല്‍ക്കരണത്തിലും മക്കള്‍ക്ക് മത-ഭൗതിക വിദ്യാഭ്യാസം നല്‍കുന്നതിലും ജാഗ്രത പുലര്‍ത്തി. നെട്ടൂര്‍ വെളിയത്ത് കുടുംബാംഗമായ ഭാര്യ സുഹ്‌റ ടീച്ചര്‍ ഹല്‍ഖാ നാസിമത്ത് ആണ്. നാലു മക്കളില്‍ മൂത്ത മകള്‍ ഡോ.സീമാബി വൈറ്റില ഏരിയാ കണ്‍വീനറും സ്വബിറ ജിദ്ദ വനിതാ വിഭാഗം സോണല്‍ സെക്രട്ടറിയും മുഹമ്മദ് മുബാറക്, ത്വാഹിറ എന്നിവര്‍ കാര്‍കുനുകളും ആണ്. സുഊദി കെ.ഐ.ജി കേന്ദ്ര കൂടിയാലോചനാ സമിതിയംഗം എസ്.എം നൗഷാദ്, സുബൈര്‍ (ഐ.ആര്‍.ഡബ്ല്യു), അസീം മുസ്തഫ (മാധ്യമം), ശിബില മുബാറക് (നെട്ടൂര്‍ വനിതാ ഹല്‍ഖാ സെക്രട്ടറി) എന്നിവര്‍ മരുമക്കള്‍.

എം.എ അബ്ദു, നെട്ടൂര്‍

 

മുഹമ്മദ് ഇഖ്ബാല്‍ സേട്ട്

കൊല്ലത്ത് പ്രസ്ഥാന സംരംഭങ്ങളെ ഉദാരമായി സഹായിച്ച പ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ ജൂണ്‍ 28-ന് അല്ലാഹുവിങ്കലേക്ക് യാത്രയായ മുഹമ്മദ് ഇഖ്ബാല്‍ സേട്ട് (69). നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനമായിരുന്ന അബൂബക്കര്‍ സേട്ട് & കമ്പനിയുടെ പാര്‍ട്ണര്‍മാരില്‍ ഒരാളായിരുന്ന ഇദ്ദേഹത്തിന്റെ പിതാവ് ഉസ്മാന്‍ സേട്ടും പ്രസ്ഥാനത്തിന്റെ സജീവ അനുഭാവിയും സഹായിയുമായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിന്റെ ഭാഗമായി, ഇപ്പോള്‍ സ്ഥാപനം സ്ഥിതിചെയ്യുന്ന അഴീക്കോട് സന്ദര്‍ശിച്ച് മടങ്ങുന്ന വേളയില്‍ കൊല്ലം വെങ്കലക്കട പള്ളിയില്‍ അന്നത്തെ ഹല്‍ഖാ അമീറായിരുന്ന കെ.സി അബ്ദുല്ലാ മൗലവി, സംസ്ഥാന കൂടിയാലോചനാ സമിതിയംഗം കെ.എന്‍ അബ്ദുല്ലാ മൗലവി എന്നിവര്‍ക്ക് ഹൃദ്യമായ സ്വീകരണം സംഘടിപ്പിക്കുന്നതിന് മുന്‍കൈയെടുത്തവരില്‍ പ്രധാനിയായിരുന്നു ഉസ്മാന്‍ സേട്ട്. അദ്ദേഹത്തിന്റെ പ്രചോദനവും കൊല്ലം അബ്ദുല്ലാ മൗലവിയുടെ നിരന്തര ബന്ധവുമാണ് ഇഖ്ബാല്‍ സേട്ടിനെ പ്രസ്ഥാനവുമായി അടുപ്പിച്ചത്.
പ്രസ്ഥാനത്തിന്റെ ഏതു സംരംഭത്തിനും പ്രതീക്ഷയില്‍ കവിഞ്ഞ സഹായസഹകരണങ്ങള്‍ നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ ജില്ലയിലെ പ്രഥമ സ്ഥാപനമായ കൊല്ലം എജുക്കേഷണല്‍ കോംപ്ലക്‌സിന് ഭൂമി വാങ്ങുന്നതിന് നല്‍കപ്പെട്ട അഡ്വാന്‍സ് തുകയില്‍ ഗണ്യമായ വിഹിതവും ആ ഭൂമിയില്‍ ആദ്യം ഉയര്‍ന്ന കെട്ടിടവും അദ്ദേഹത്തിന്റേതായിരുന്നു. താല്‍ക്കാലിക സ്വഭാവത്തിലുള്ളതായിരുന്നെങ്കിലും വര്‍ഷങ്ങളോളം പ്രസ്ഥാന കാര്യങ്ങള്‍ക്ക് ഈ കെട്ടിടമായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. ക്യാമ്പുകള്‍, സമ്മേളനങ്ങള്‍ തുടങ്ങി എസ്.ഐ.ഒ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ ഉദാരത നിറഞ്ഞൊഴുകിയിരുന്നു.
കമ്പിയുടെയും സിമന്റിന്റെയും മൊത്ത വ്യാപാരിയായിരുന്ന ഇഖ്ബാല്‍ സേട്ട് തന്റെ സ്ഥാപനത്തില്‍ വില്‍പന നടക്കുന്ന ഓരോ ലോഡ് സിമന്റിന്റെയും ലാഭത്തില്‍ ഒരു വിഹിതം വാടാനപ്പള്ളി യത്തീം ഖാനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ചിരുന്നു. ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട് സഹായം തേടിവരുന്ന സാധുക്കള്‍ക്ക് അതിനാവശ്യമായ സാധനങ്ങള്‍ സൗജന്യമായി നല്‍കി സഹായിച്ചിരുന്നു.
ഇടക്കാലത്തുണ്ടായ വ്യാപാരത്തകര്‍ച്ചയും തുടര്‍ന്നുള്ള പരീക്ഷണങ്ങളും ക്ഷമയോടെ നേരിട്ട ഇഖ്ബാല്‍ സേട്ട് തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്ത് താമസമാക്കുകയും അവിടെ ഹല്‍ഖയില്‍ സഹകരിക്കുകയും ഏറെ വൈകാതെ പ്രസ്ഥാന ഘടനയുടെ ഭാഗമാവുകയും ചെയ്തു.
ആറു മാസമായി ബ്രെയ്ന്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഏതു സാഹചര്യത്തിലും സുസ്‌മേരവദനനായി കാണപ്പെട്ട സേട്ട് സാഹിബ് കൊല്ലത്തുള്ള തന്റെ മകളുടെ വീട്ടില്‍ വെച്ചാണ് ഇഹലോകവാസം വെടിഞ്ഞത്.
ഭാര്യ: റസിയാ ഭായി. മക്കള്‍: മന്‍സര്‍ സേട്ട്, ശബ്‌നാ ഭായി, തന്‍സീനാ ഭായി.

എ. സൈനുദ്ദീന്‍ കോയ, കൊല്ലം

 

സൈനുദ്ദീന്‍ മാസ്റ്റര്‍

പറപ്പൂര്‍ ആലച്ചുള്ളിയിലെ ആലങ്ങാടന്‍ സൈനുദ്ദീന്‍ മാസ്റ്റര്‍ ഇക്കഴിഞ്ഞ ജൂണ്‍ 6-ന് അല്ലാഹുവിങ്കലേക്ക് യാത്രയായി. പ്രൈമറി സ്‌കൂള്‍ അധ്യാപകനായിയിരുന്ന അദ്ദേഹം വളരെ വൈകിയാണ് പ്രസ്ഥാന ഘടനയിലേക്ക് വന്നത്. എങ്കിലും ആദ്യകാലം തൊട്ടേ പ്രസ്ഥാനവുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്നു. സര്‍വീസില്‍ അധികകാലവും പ്രധാനാധ്യാപകനായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. ജോലിക്ക് വേതനം നല്‍കുന്ന സര്‍ക്കാറിനോടും മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളോടും മാത്രമല്ല, നാളെ സ്രഷ്ടാവിന്റെ മുമ്പിലും ഈ തൊഴില്‍ സംബന്ധിച്ച് നാം മറുപടി പറയേണ്ടിവരുമെന്ന് അദ്ദേഹം സഹപ്രവര്‍ത്തകരായ ഞങ്ങളെ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. ജോലിയില്‍നിന്നു വിരമിച്ച ശേഷമാണ് പ്രസ്ഥാന ഘടനയില്‍ സജീവമായത്. പ്രാദേശിക ഘടകത്തിന്റെ നാസിമായി തെരഞ്ഞെടുക്കപ്പെടുകയും ആരോഗ്യം ക്ഷയിക്കുന്നതുവരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു.
പാവപ്പെട്ടവര്‍ക്ക് വീടു നിര്‍മിക്കുന്നതടക്കമുള്ള ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. പലിശരഹിത സഹായ നിധി സ്ഥാപിച്ചത് പ്രദേശത്തെ കൂലിപ്പണിക്കാരായ ആളുകള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. പ്രാദേശിക ഘടകത്തിന്റെ ഓഫീസ് ഒരു ജനസമ്പര്‍ക്ക കേന്ദ്രമായിത്തീര്‍ന്നത് അദ്ദേഹത്തിന്റെ നേതൃകാലത്താണ്.
പറപ്പൂര്‍ ഇസ്‌ലാമിയാ കോളേജിന്റെ വളര്‍ച്ചയിലും മസ്ജിദുസ്സലാം മഹല്ലിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ ശ്രദ്ധേയമായിരുന്നു. സ്വന്തം കുടുംബത്തെ പ്രസ്ഥാനത്തിലേക്കെത്തിക്കുന്നതിന് അദ്ദേഹം നന്നായി പരിശ്രമിച്ചു. അദ്ദേഹത്തിന് ഏറ്റവും വലിയ ആഘാതമേല്‍പിച്ച സംഭവം തന്റെ മകനും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനുമായ അബ്ദുല്‍ ഹമീദിന്റെ അപ്രതീക്ഷിത വിയോഗമായിരുന്നു. ആ സന്ദര്‍ഭത്തെയും അദ്ദേഹം മനക്കരുത്തോടെ അഭിമുഖീകരിച്ചു.
ബാധ്യതകള്‍ നീട്ടിവെക്കാതെ പൂര്‍ത്തിയാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒന്നും കുടിശ്ശികയാക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നില്ല. വാര്‍ധക്യകാലത്ത് ശാരീരികാവശത മൂലം വാരാന്ത യോഗത്തിന് എത്താന്‍ കഴിയാതിരുന്ന ഘട്ടത്തിലും ബൈത്തുല്‍മാല്‍ വിഹിതവും മറ്റും യഥാസമയം തന്നെ നല്‍കുന്നതില്‍ കണിശത പുലര്‍ത്തി.

കെ. അവറു മാസ്റ്റര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (38-40)
ടി.കെ ഉബൈദ്‌