Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 11

3167

1442 മുഹര്‍റം 23

ബങ്കേ ലാലില്‍നിന്ന് പ്രഫ. സിയാഉര്‍റഹ്മാനിലേക്കുള്ള യാത്ര

എം. സാകിര്‍ അഅ്‌സമി നദ്‌വി

(പ്രഫ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയെക്കുറിച്ച് മൂന്നു വര്‍ഷം മുമ്പ് എഴുതിയ കുറിപ്പാണിത്)

കാലങ്ങളായി ഇസ്‌ലാം ആശ്ലേഷിക്കുന്ന എണ്ണമറ്റ മനുഷ്യരുടെ കഥകള്‍ നാം കേട്ടുവരുന്നു. പൈതൃകമായി പിന്തുടര്‍ന്നുപോന്ന മതം വിട്ട് വെളിച്ചത്തിന്റെ മഹാ പന്ഥാവ് തെരഞ്ഞെടുത്തവരില്‍ പാണ്ഡിത്യം കൊണ്ട് ഇസ്‌ലാമികലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ചിലരുമുണ്ട്. മുഹമ്മദ് അസദ്, മര്‍യം ജമീല, ഡോ. മോറിസ് ബുക്കായ്, മുഹമ്മദ് പിക്താള്‍, മൈക്കല്‍ വുള്‍ഫ്, പമേല ടയ്‌ലര്‍ തുടങ്ങിയവര്‍ വിട്ടേച്ചുപോയ വലിയ വിജ്ഞാനപാരമ്പര്യം നമ്മെ കുതൂഹലപ്പെടുത്തും. ഇസ്‌ലാമിക ചരിത്രത്തില്‍ ഹദീസ് ശാഖക്ക് നല്‍കിയ ഇതിഹാസസമാനമായ സംഭാവനകള്‍ കൊണ്ട് പ്രഫ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയും ആ ഗണത്തില്‍ മുന്‍നിരയിലാണ്.
ഇന്ത്യയിലെ അഅ്‌സംഗഢ് ജില്ലയില്‍ ബിലാരിയ ഗഞ്ചിലെ ഹിന്ദു കുടുംബത്തിലാണ് ബങ്കേ ലാല്‍ (സിയാഉര്‍റഹ്മാന്‍ അഅ്‌സമി) ജനിക്കുന്നത്. ഇസ്‌ലാമിന്റെ സമത്വ, നീതി ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി. ഇസ്‌ലാമിന്റെ നിസ്തുലമായ മാനവിക സന്ദേശം രാജ്യത്തെ നിരവധിയാളുകളെ അതിന്റെ ശാദ്വല തീരത്തേക്ക് വഴിനടത്തിയിട്ടുണ്ട്. പണം നല്‍കിയോ ഘര്‍വാപ്പസി നടത്തിയോ ആളെക്കൂട്ടല്‍ ഇസ്‌ലാമിന്റെ രീതിയല്ല. അല്ലാഹുവിന്റെ ആജ്ഞ ശുദ്ധമനസ്സോടെ സത്യസന്ധമായി പിന്തുടരുക മാത്രമാണ് ചെയ്യുന്നത്. അതാണ് ദഅ്‌വത്തിന്റെ/പ്രബോധന പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡം. ഇസ്‌ലാമിന്റെ സന്ദേശം സത്യസന്ധമായി  മനസ്സിലാക്കുകയും അത് ഉള്‍ക്കൊള്ളാന്‍ ആര്‍ജവം കാണിക്കുകയും ചെയ്യുന്ന ആര്‍ക്കും നല്ല മുസ്‌ലിമാകാം.
ബാങ്കേ ലാലിന് പ്രഫ. സിയാഉര്‍റഹ്മാന്‍ അഅ്‌സമിയാകാനും പ്രശസ്തമായ മദീനാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഹദീസ് വിഭാഗം ഡീനായി വിരമിക്കാനും വഴിവെളിച്ചമായി നിന്ന ഹകീം അയ്യൂബിന് നന്ദിപറയണം. വിരമിച്ച ഉടന്‍, പ്രവാചകന്റെ മദീനാ പള്ളിയില്‍ പ്രത്യേക ഉത്തരവു വഴി അധ്യാപകനായും അദ്ദേഹം നിയമിതനായി. ഒരു ഇതിഹാസത്തിന്റെ പിറവിയുടെ അനുഭൂതിയാണ് നമുക്കത് നല്‍കിയത്.  മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍നിന്നാണ് അഅ്‌സമി ബിരുദം നേടുന്നത്. ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയായി മാറിയ മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് വാഴ്‌സിറ്റിയില്‍നിന്ന് പോസ്റ്റ് ഗ്രാജ്വേഷന്‍. കയ്‌റോയിലെ അല്‍ അസ്ഹറില്‍നിന്ന് ഡോക്ടറേറ്റ്. ഹദീസ് വിജ്ഞാനീയത്തിലെ സമുദ്രസമാനമായ ആഴം തിരിച്ചറിഞ്ഞ് മദീനാ യൂനിവേഴ്‌സിറ്റിയില്‍ ഹദീസ് വിഭാഗം ഫാക്കല്‍റ്റിയായി നിയമിതനായി. മദീനാ വാഴ്‌സിറ്റിയില്‍ ഹദീസ് ഫാക്കല്‍റ്റി ഡീനാകും മുമ്പ് മുസ്‌ലിം വേള്‍ഡ് ലീഗ് ഉള്‍പ്പെടെയുള്ള കൂട്ടായ്മകളില്‍ ഭരണപരവും അക്കാദമികവുമായ നിരവധി പദവികള്‍ വഹിച്ചു. ഹദീസ് ശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് സുഊദി അറേബ്യ പൗരത്വവും നല്‍കി.
വിവിധ ഇസ്‌ലാമിക വിഷയങ്ങളില്‍ ഡസന്‍ കണക്കിന് ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും 'അല്‍ജാമിഉല്‍ കാമില്‍ ഫില്‍ ഹദീസിസ്സ്വഹീഹിശ്ശാമില്‍' എന്ന ബൃഹദ് സമാഹാരമാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവന. 16,800 ഹദീസുകളിലായി വിശ്വാസം (അഖാഇദ്), വിധികള്‍, ആരാധന, പ്രവാചക ജീവചരിത്രം, ഫിഖ്ഹ്, വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം തുടങ്ങി വിവിധ വിഷയങ്ങള്‍ ഗ്രന്ഥം കൈകാര്യം ചെയ്യുന്നു. ഇമാം ബുഖാരി, ഇമാം മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, ഇമാം മാലിക് തുടങ്ങിയ മുന്‍കാല ഹദീസ് സമാഹര്‍ത്താക്കളുടെ നിരയില്‍ അഅ്‌സമിയെ നമുക്ക് എണ്ണാം.
ഹിന്ദി ഭാഷയില്‍ അദ്ദേഹം ഒരുക്കിയ 'വിശുദ്ധ ഖുര്‍ആന്‍ വിജ്ഞാന കോശം' എന്ന കൃതിയും മഹത്തായ രചനയാണ്. 800 വര്‍ഷം ഇന്ത്യയില്‍ മുസ്‌ലിം ഭരണം നിലനിന്നുവെങ്കിലും, രാജ്യനിവാസികള്‍ക്ക് ഇസ്‌ലാമിക സന്ദേശമെത്തിക്കാനോ വിശുദ്ധ ഖുര്‍ആന്‍ പഠനം ജനകീയമാക്കാനോ അതുവഴി ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മാനുഷിക മുഖം തിരിച്ചറിയാന്‍ അവസരമൊരുക്കാനോ കാര്യമായ ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ല. അഅ്‌സമി രചിച്ച ഈ ഖുര്‍ആന്‍ എന്‍സൈക്ലോപീഡിയ 600 വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഹിന്ദി ഭാഷയില്‍ ഈ ഗണത്തിലെ കന്നി സംരംഭം കൂടിയായ ഗ്രന്ഥത്തിന്റെ എട്ട് എഡിഷന്‍ ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞു. ഉര്‍ദു, ഇംഗ്ലീഷ് വായനക്കാരുടെ ആവശ്യം പരിഗണിച്ച് ഈ ഭാഷകളിലും വൈകാതെ ലഭ്യമാകും. ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന വിഷയങ്ങള്‍ പരിചയപ്പെടുത്തുന്ന മികച്ച രചനയായി ഇതിനെ കാണണം. അക്ഷരമാലാ ക്രമത്തിലാണ് വിഷയങ്ങളുടെ ക്രമീകരണം. പേരുകേട്ട ഇടങ്ങളുടെ ചിത്രങ്ങളും ഭൂപടങ്ങളും ചേര്‍ത്തിട്ടുണ്ട്.
'അബൂഹുറയ്‌റ തന്റെ നിവേദനങ്ങളുടെ വെളിച്ചത്തില്‍' എന്ന പോസ്റ്റ് ഗ്രാജ്വേഷന്‍ തീസിസ് ഹദീസുകളുടെ, വിശിഷ്യാ അബൂഹുറയ്‌റ എന്ന പ്രവാചക അനുചരന്റെ ആധികാരികതയെ സംബന്ധിച്ച് ഓറിയന്റലിസ്റ്റുകളും മറ്റും ഉന്നയിക്കുന്ന ആരോപണങ്ങളെ ഖണ്ഡിക്കുന്നു. 'പ്രവാചക വിധികള്‍' ആയിരുന്നു  അഅ്‌സമിയുടെ  ഡോക്ടറേറ്റ് പ്രബന്ധം.
'ഗംഗ മുതല്‍ സംസം വരെ' എന്ന ആത്മകഥയില്‍ തന്റെ ആദര്‍ശപരിവര്‍ത്തനവും അതിന്റെ പേരില്‍ അനുഭവിക്കേണ്ടിവന്ന തീക്ഷ്ണ പരീക്ഷണങ്ങളും അഅ്‌സമി പങ്കുവെക്കുന്നുണ്ട്. 'ജൂത മതം, ക്രിസ്ത്യാനിറ്റി, ഇന്ത്യന്‍ മതങ്ങള്‍ എന്നിവയുടെ താരതമ്യ പഠനം' എന്ന പുസ്തകം സുഊദിയിലെ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യ വിഷയമാണ്. 'ഹിന്ദുയിസം, ബുദ്ധമതം, ജൈന മതം, സിഖ് മതം എന്നിവയുടെ താരതമ്യ പഠന'മാണ് ഏറ്റവുമൊടുവിലെ അദ്ദേഹത്തിന്റെ രചന.
വിനയമാണ് ഏതൊരു വ്യക്തിത്വത്തിന്റെയും ശോഭ കൂട്ടുക.  അഹിതകരമായി പെരുമാറുന്നതില്‍നിന്നും അധാര്‍മിക, അശ്ലീല പ്രവണതകളില്‍നിന്നും അതയാള്‍ക്ക് സംരക്ഷണ കവചമൊരുക്കുന്നു. ഇതാണ് ദൈവഭക്തിയുടെയും ജീവിത സൂക്ഷ്മതയുടെയും കാതല്‍. മുസ്‌ലിം ലോകത്ത്  ഏറെ പേരും പെരുമയുമുണ്ടായിട്ടും അഅ്‌സമി പുലര്‍ത്തിയ വിനയവും ലാളിത്യവും താഴ്മയും 2016-ല്‍ മദീനാ മുനവ്വറയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോള്‍ ഞാന്‍ നേരിട്ട് അനുഭവിച്ചതാണ്. ആ കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയ സഹോദരന്‍ അമ്മാര്‍ അജ്മല്‍ ഇസ്‌ലാഹിക്ക് എങ്ങനെ നന്ദിപറയാതിരിക്കും.
ഹിന്ദു കുടുംബത്തില്‍ പിറന്ന ഒരാള്‍ ഒരുനാള്‍ പ്രവാചകന്റെ പള്ളിയിലെ ഹദീസ് അധ്യാപകനാകുമെന്ന് ആരും നിനച്ചുകാണില്ല. ഇത്തരം മഹാമനീഷികള്‍ നല്‍കിയ സംഭാവനകള്‍ പൂര്‍ണാര്‍ഥത്തില്‍ തിരിച്ചറിയാന്‍ ലോകം ഇനിയും ഒരുപാട് കാലമെടുത്തെന്നിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (38-40)
ടി.കെ ഉബൈദ്‌