Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 11

3167

1442 മുഹര്‍റം 23

കണ്ടാലും കൊണ്ടാലും പഠിക്കാത്ത കോണ്‍ഗ്രസ്

എ.ആര്‍

1885-ല്‍ ബ്രിട്ടീഷിന്ത്യയില്‍ അല്ലന്‍ ഒക്‌ടോവിയന്‍ ഹ്യൂം സ്ഥാപിച്ച ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് തൊണ്ണൂറുകളുടെ പൂര്‍വാര്‍ധത്തില്‍ ദേശീയ സമര പ്രസ്ഥാനമായി പരിണമിച്ചു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ഭരണസാരഥ്യം കൈയിലേന്തി, നാലര ദശാബ്ദക്കാലം തല്‍സ്ഥാനം നിലനിര്‍ത്തി, തദനന്തരം കോണ്‍ഗ്രസ്സിതര കൂട്ടായ്മകള്‍ക്ക് ഭരണാവസരമൊരുക്കിക്കൊടുത്ത്, വീണ്ടും പതിറ്റാണ്ടു കാലം മതേതര പാര്‍ട്ടികളെ ഒപ്പം കൂട്ടി ഐക്യപുരോഗമന സഖ്യത്തിന്റെ ബാനറില്‍ രാഷ്ട്രത്തിന്റെ കടിഞ്ഞാണ്‍ കൈയിലേന്തിയ ശേഷം അധികാരഭ്രഷ്ടമായി ഒടുവില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും കളഞ്ഞുകുളിച്ച് തികഞ്ഞ അനിശ്ചിതത്വത്തിലേക്കും അസ്ഥിരതയിലേക്കും കുതിച്ചുകൊണ്ടിരിക്കുന്നതാണ് വര്‍ത്തമാനകാല ചിത്രം. ഈ പരിണാമഭേദങ്ങളെല്ലാം സ്വാഭാവികമായിരുന്നോ എന്ന് ചോദിച്ചാല്‍ നിഷേധാര്‍ഥത്തില്‍ മറുപടി പറയാന്‍ ബുദ്ധിമുട്ടുണ്ട്. കോണ്‍ഗ്രസ്സിനോളം പ്രായമായൊരു രാഷ്ട്രീയ പാര്‍ട്ടിയും ഒരു ജനാധിപത്യ രാജ്യത്തും ഭരണകക്ഷിയോ മുഖ്യ പ്രതിപക്ഷ കക്ഷിയോ ആയി  പിടിച്ചുനിന്ന ചരിത്രം അത്യപൂര്‍വമാണ്. എങ്കില്‍ സ്വാഭാവികവും പ്രകൃതിപകരവുമല്ലേ കോണ്‍ഗ്രസ്സിന്റെ പതനം എന്ന ആലോചനക്ക് പ്രസക്തിയുണ്ട്. സ്വതന്ത്ര ഇന്ത്യക്ക് ഒരു മതനിരപേക്ഷ ജനാധിപത്യ ഭരണഘടന സമ്മാനിച്ചത് കോണ്‍ഗ്രസ്സ് ഒറ്റക്കല്ലെങ്കിലും മുഖ്യ പങ്ക് കോണ്‍ഗ്രസ്സിനായിരുന്നുവെന്നതാണ് നേര്. ഇന്ത്യ റിപ്പബ്ലിക് ആയ ശേഷം നടന്ന പ്രഥമ പൊതു തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതില്‍ പിന്നെ രാജ്യത്തിന്റെ ലക്ഷ്യം സോഷ്യലിസമായി അംഗീകരിക്കപ്പെട്ടു എന്നതും സത്യം. പക്ഷേ ശക്തവും ഭദ്രവുമായ ഒരു പ്രത്യയശാസ്ത്രാടിത്തറയില്‍ രൂപവത്കൃതമായതോ തദടിസ്ഥാനത്തില്‍ നിലനിന്നതോ മുന്നോട്ടു പോയതോ ആയ പ്രസ്ഥാനമല്ല ഐ.എന്‍.സി. ഹിന്ദുത്വമാണ് ഇന്ത്യന്‍ ദേശീയതക്കടിസ്ഥാനം എന്ന് വിശ്വസിച്ചവരും വാദിച്ചവരും തുടക്കത്തിലേ കോണ്‍ഗ്രസ്സിലുണ്ടായിരുന്നു. ലാലാ ലജ്പത് റായ്, ഗോപാലകൃഷ്ണ ഗോഖലെ, ബാലഗംഗാധര തിലകന്‍ തുടങ്ങിയവര്‍ ആ ഗണത്തില്‍ പെടുന്നു. മോത്തിലാല്‍ നെഹ്‌റു, പുത്രന്‍ ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ മതേതര ചിന്താഗതിക്കാരായിരുന്നു. ഗാന്ധിജിയാവട്ടെ, ഹൈന്ദവ ധര്‍മത്തില്‍ അടിയുറച്ചു നിന്നതോടൊപ്പം സര്‍വമത സമഭാവനയുടെ വക്താവായി നിലകൊണ്ടു. ഇപ്രകാരം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പൊരുതി സ്വാതന്ത്ര്യം നേടിയെടുക്കുക എന്ന ഏകലക്ഷ്യത്തില്‍ മാത്രം ഏകാഭിപ്രായമുണ്ടായിരുന്നവരുടെ പൊതുവേദിയായിരുന്നു സ്വാതന്ത്ര്യപൂര്‍വ കോണ്‍ഗ്രസ്. സ്വതന്ത്ര ഇന്ത്യക്ക് ഭരണഘടന നിര്‍മിക്കാനുള്ള കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ ഭൂരിപക്ഷം മതേതര ജനാധിപത്യത്തില്‍ ഊന്നിയതിനാല്‍ നമ്മുടെ ഭരണഘടന ഇന്നു കാണുംവിധം സെക്യുലര്‍ ഡെമോക്രാറ്റിക് ആയിത്തീര്‍ന്നു. ഉരുക്കു മനുഷ്യന്‍  എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലും ഗോവിന്ദ വല്ലഭ പന്തിനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളും ഹിന്ദുത്വത്തോടുള്ള അവരുടെ ആഭിമുഖ്യം പ്രകടമാക്കാതിരുന്നില്ല. അതിനര്‍ഥം സുദൃഢമായ മതേതരത്വ-സോഷ്യലിസ്റ്റ് അടിത്തറയിലായിരുന്നില്ല ഒരു കാലത്തും പാര്‍ട്ടി നിലയുറപ്പിച്ചിരുന്നത് എന്നാണ്. 1964-ല്‍ നെഹ്‌റുവിന്റെ നിര്യാണത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിപദത്തിലേറിയ ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്കു പോലും വലതുപക്ഷത്തോടായിരുന്നു ചായ്‌വ് എന്നാണ് വിലയിരുത്തല്‍. പില്‍ക്കാലത്ത് സര്‍ക്കാറിനെയും പാര്‍ട്ടിയെയും അടക്കിഭരിക്കാന്‍ ശ്രമിച്ച നെഹ്‌റുവിന്റെ പുത്രി ഇന്ദിരാ ഗാന്ധി ഹിന്ദുത്വത്തോട് ആഭിമുഖ്യം കാണിച്ചിരുന്നില്ലെന്നത് ശരിയാണ്. 1975-ലെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രീമതി ഗാന്ധി ആര്‍.എസ്.എസ്സിനെ നിരോധിച്ചതും എടുത്തുപറയേണ്ട സംഭവം തന്നെ. പക്ഷേ തന്നോടുള്ള കൂറും പ്രതിബദ്ധതയുമാണ് പാര്‍ട്ടിയില്‍ മറ്റെന്തിനേക്കാളും അവര്‍ പരിഗണിച്ചതെന്നതും വാസ്തവം. വന്‍കിട ബാങ്കുകളുടെ ദേശസാല്‍ക്കരണം, മുന്‍ നാട്ടുരാജാക്കന്മാരുടെ മാലിഖാന്‍ നിര്‍ത്തലാക്കല്‍ പോലുള്ള നടപടികളിലൂടെ ഒരിടതുപക്ഷ പരിവേഷം അവര്‍ നേടിയെടുത്തുവെന്നത് സത്യമായിരിക്കെ തന്റെ പേരിന്റെ ആദ്യാക്ഷരം പാര്‍ട്ടിയുടെ പേരിന്റെ ബ്രാക്കറ്റില്‍ തിരുകിയതൊഴിച്ചുനിര്‍ത്തിയാല്‍ ഒരു സെക്യുലര്‍ സോഷ്യലിസ്റ്റ്  പാര്‍ട്ടിയായി കോണ്‍ഗ്രസ്സിനെ അഴിച്ചുപണിയാന്‍ അവരുടെ ഭാഗത്തുനിന്ന് നീക്കമൊന്നുമുണ്ടായില്ല. പിന്‍ഗാമിയായി സ്ഥാനമേറ്റ രാജീവ് ഗാന്ധിയുടെ ഹ്രസ്വമായ ഭരണത്തിലും പ്രത്യയശാസ്ത്രപരമായി പാര്‍ട്ടിയെ പുനഃസൃഷ്ടിക്കാനോ ഭദ്രമാക്കാനോ ഒരു നീക്കവും കണ്ടില്ല. രാജീവ് വധത്തെത്തുടര്‍ന്ന് അവരോധിതനായ പി.വി നരസിംഹറാവുവാകട്ടെ ഹിന്ദുത്വത്തില്‍ അടിയുറച്ച ഭരണാധികാരിയായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു വിവാദപരമായ പല നടപടികളും.
ബാബരി മസ്ജിദ് ധ്വംസനത്തിന്റെ സ്വാഭാവിക ഫലമായി രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തില്‍നിന്ന് പാടേ അകന്ന കോണ്‍ഗ്രസ്സിന്റെ രക്ഷകയായി അവതരിപ്പിച്ച നെഹ്‌റു കുടുംബത്തിന്റെ മരുമകള്‍ സോണിയാ ഗാന്ധിയും പിന്‍ഗാമിയായി ഇടക്കാലത്ത് പാര്‍ട്ടി പ്രസിഡന്റ് പദവിയില്‍ അവരോധിതനായ രാഹുല്‍ ഗാന്ധിയും നെഹ്‌റുവിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മതേതര ചിന്താഗതിക്കാരാണ് എന്നംഗീകരിച്ചാലും രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങളെ നയിക്കുന്നവരില്‍ മിക്കവരും മൃദുഹിന്ദുത്വം പുലര്‍ത്തുന്നവരാണ്. ഒരുപക്ഷേ കേരളമൊഴിച്ചുള്ള മിക്ക സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് നേതാക്കളും എം.പിമാരും എം.എല്‍.എമാരും മതേതരത്വ പ്രതിബദ്ധതയില്‍ വെള്ളം ചേര്‍ക്കാന്‍ മടിയില്ലാത്തവരാണ്. അതുകൊണ്ടാണു താനും രായ്ക്കുരാമാനം ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ഇവര്‍ക്ക് 
അശേഷം വൈമനസ്യമില്ലാത്തതും. ഏറ്റവുമൊടുവില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറിനെ അട്ടിമറിച്ച് സംസ്ഥാനത്ത് ബി.ജെ.പി നേതാവ് ശിവരാജ് സിംഗ് ചൗഹാനെ വീണ്ടും ഭരണതലപ്പത്തെത്തിച്ച യുവ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെപ്പോലുള്ളവര്‍ എമ്പാടമുള്ള കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്രാടിത്തറയെക്കുറിച്ച് എത്ര കുറച്ച് പറയുന്നുവോ അത്രയും നല്ലത്. അടിത്തറയിളകിയ കോണ്‍ഗ്രസ്സിന്റെ കനത്ത ഇലക്ഷന്‍ പരാജയം കൂടിയായപ്പോള്‍ അധ്യക്ഷ പദവിയിരുന്ന രാഹുല്‍ ഗാന്ധി തദ്സ്ഥാനം രാജിവെച്ചൊഴിയുക മാത്രമല്ല നെഹ്‌റു കുടുംബത്തില്‍നിന്ന് ഇനിയാരും ആ സ്ഥാനത്തിനു വേണ്ട എന്ന് ശഠിക്കുന്നതും ഈ പശ്ചാത്തലത്തില്‍ മനസ്സിലാക്കാന്‍ പ്രയാസമുള്ളതല്ല. തലമുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തി യുവതീയുവാക്കളെ പാര്‍ട്ടിയുടെ മര്‍മസ്ഥാനങ്ങളില്‍ കൊണ്ടുവരാനുള്ള തന്റെ യത്‌നം അട്ടിമറിക്കപ്പെട്ടതിലുള്ള രോഷവും നൈരാശ്യവും കൂടിയാണ് രോഗിണിയായ തന്റെ മാതാവിനെ ഭാരമുക്തമാക്കുന്നതിനുള്ള രാഹുലിന്റെ വിസമ്മതത്തിന്റെ പിന്നിലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
ഒരുവശത്ത് ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രസ്ഥാനം രാജ്യത്തെ കോണ്‍ഗ്രസ്മുക്തമാക്കുക എന്ന പ്രഖ്യാപിത അജണ്ടയുമായി രണോത്സുകമായി മുന്നോട്ടുപോകുമ്പോള്‍ മതേതര ഇന്ത്യയുടെ പ്രത്യാശയും പ്രതീക്ഷയുമായ കോണ്‍ഗ്രസ് നാഥനില്ലാതെ, ചോദിക്കാനും പറയാനും ആളില്ലാതെ, കൈയില്‍ ജനങ്ങളേല്‍പിച്ച സംസ്ഥാന സര്‍ക്കാറുകള്‍ പോലും ഹൈജാക്ക് ചെയ്യപ്പെടുന്ന ദശാസന്ധിയില്‍, എവ്വിധവും പാര്‍ട്ടിയെ വീണ്ടെടുത്തേ മതിയാവൂ എന്ന് നിര്‍ബന്ധമുള്ള 23 നേതാക്കളാണ് ആഗസ്റ്റ് 23-ന് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയത് എന്ന് വിശ്വസിക്കാനാണ് നിഷ്പക്ഷമതികള്‍ ആഗ്രഹിക്കുക. പക്ഷേ അതുപോലും പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയായും ബി.ജെ.പിയിലേക്ക് ചുവടുമാറാനുള്ള നീക്കത്തിന്റെ ഭാഗമായും വ്യാഖ്യാനിച്ച് ബഹളം വെക്കുന്ന കോണ്‍ഗ്രസ്സുകാരെയോര്‍ത്ത് സഹതപിക്കാനേ കഴിയൂ. അസുഖബാധിതയായ സോണിയാ ഗാന്ധി ആശുപത്രിയില്‍ പോയ നേരം നോക്കി കത്തെഴുതിയത് ക്രൂരമായിപ്പോയി, നെഹ്‌റു കുടുംബത്തിന്റെ നേതൃത്വം തട്ടിത്തെറിപ്പിക്കാനുള്ള ഗൂഢതന്ത്രം തിരിച്ചറിയണം എന്നിത്യാദി പ്രതികരണങ്ങള്‍ കൊണ്ട് മുഖരിതമാണ് മാധ്യമാന്തരീക്ഷം. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങി ഉന്നതസ്ഥാനീയരും പാര്‍ലമെന്റേറിയന്മാരുമായ പലരും കത്തെഴുതിയ 23 പേരുകളില്‍ ഉള്‍പ്പെടുമെങ്കിലും അവരെയൊക്കെ വെല്ലുവിളിച്ചും വഞ്ചകരെന്ന് മുദ്രകുത്തിയും തങ്ങളാണ് നേതൃത്വത്തോട് കൂറുള്ളവരെന്ന് വരുത്തിത്തീര്‍ക്കുകയാണ് ചില കോണ്‍ഗ്രസ്സുകാര്‍. അടിയന്തര യോഗം ചേര്‍ന്ന പ്രവര്‍ത്തക സമിതി കത്തെഴുത്തിനെ അപലപിക്കുകയും നേതൃത്വത്തോട് കൂറു പ്രഖ്യാപിക്കുകയും കത്തെഴുതിയവര്‍ തല്‍ക്കാലം അടങ്ങുകയുമൊക്കെ ചെയ്തുവെങ്കിലും ഗുലാം നബി ആസാദോ കപില്‍ സിബലോ മറ്റു പലരുമോ മൗനം തുടരാന്‍ തല്‍പരര്‍ അല്ലെന്ന സന്ദേശമാണ് നല്‍കുന്നത്. ഉള്‍പ്പാര്‍ട്ടി തെരഞ്ഞെടുപ്പ് നടത്താതെയും നേതാവിനെ കണ്ടെത്താതെയും പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്ന് തീര്‍ത്തുപറയുന്ന ഈ നേതാക്കള്‍ ഇങ്ങനെ പോയാല്‍ 50 കൊല്ലം കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. 50 കൊല്ലത്തെ അവധി പാര്‍ട്ടിക്ക് അവര്‍ നല്‍കുന്നത് സാമാന്യ മര്യാദ ഓര്‍ത്താവണം. പുനഃപരിശോധനക്കും തിരുത്തിനും തയാറില്ലെങ്കില്‍ കോണ്‍ഗ്രസ്മുക്ത ഭാരതം എന്ന കാവി സ്വപ്‌നം ചില്ലിക്കാശിറക്കാതെ സാക്ഷാത്കരിക്കാന്‍ ഒന്നോ രണ്ടോ  പൊതു തെരഞ്ഞെടുപ്പുകള്‍ ധാരാളം മതിയാവും എന്നേ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിലയിരുത്തുന്നവര്‍ക്ക് തോന്നൂ. ആറു മാസത്തിനകം എ.ഐ.സി.സി വിളിച്ചു ചേര്‍ത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനാവും എന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രകടിപ്പിക്കുന്നത്. അപ്പോഴേക്ക് രാഹുല്‍ ഗാന്ധിയുടെ മനസ്സ് പാകപ്പെടും എന്നാണോ? അദ്ദേഹം കുട്ടിക്കളി നിര്‍ത്തി കാര്യഗൗരവത്തോടെ നേതൃത്വം ഏറ്റെടുക്കും എന്നുണ്ടോ?  ഇല്ലെങ്കില്‍ നെഹ്‌റു കുടുംബത്തിന്റെ പുറത്ത് പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ ഒരാളെയെങ്കിലും കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാമോ? അത് സാധിച്ചാല്‍ തന്നെ നെഹ്‌റു കുടുംബവും ഭക്തരും ഒരിക്കല്‍കൂടി പാര്‍ട്ടിയെ പിളര്‍ക്കുന്ന സാഹചര്യം  ഉരുത്തിരിയുമോ? ഇപ്പറഞ്ഞ സാധ്യതകളൊന്നും തള്ളിക്കളയാനാവാത്തതാണ് കോണ്‍ഗ്രസ്സിന്റെ ഇതഃപര്യന്തമുള്ള ചരിത്രം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (38-40)
ടി.കെ ഉബൈദ്‌