Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 11

3167

1442 മുഹര്‍റം 23

മാല്‍ക്കം എക്‌സും പെരിയാറും ഇസ്‌ലാമിന്റെ വിമോചന മൂല്യങ്ങളും

അഫ്‌ലഹ് സമാന്‍

''ഐക്യരാഷ്ട്ര സഭയിലുള്ള നിങ്ങള്‍ അമേരിക്കയിലെ നിങ്ങളുടെ സഹോദരങ്ങളുടെ സംരക്ഷകരാണ്. എന്റെ സഹോദരന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങളെ സഹായിക്കാനുള്ള അധികാരം നിങ്ങള്‍ക്കുണ്ട്. എന്റെ സഹോദരന്റെ നീതിക്കായി ഞാന്‍ നിങ്ങളോട് സഹായം തേടുന്നു. അതിനു വേണ്ടി എന്നെ സഹായിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. അമേരിക്കയിലെ കറുത്ത മനുഷ്യര്‍ക്കായി നിങ്ങളുടെ സഹായഹസ്തം നല്‍കണമെന്നും ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു.''

ഇത് ജോര്‍ജ് ഫ്‌ളോയിഡിന്റെ സഹോദരന്‍ ഫിലോണിസ് ഫ്‌ളോയിഡിന്റെ വാക്കുകളാണ്. വെള്ള വംശീയത ശ്വാസം മുട്ടിച്ചു കൊന്ന ജോര്‍ജ് ഫ്‌ളോയിഡിന്റെ നീതിക്കായി നിറഞ്ഞൊഴുകിയ അമേരിക്കന്‍ തെരുവീഥികള്‍ക്ക് ലോകം സാക്ഷിയായി. അമേരിക്കയിലെ വ്യവസ്ഥാപിത വംശീയതക്കെതിരെ ലോകജനത ഒന്നടങ്കം ചെറുത്തുനില്‍പ്പിന്റെ  ഏകസ്വരമുയര്‍ത്തി. ഇന്ത്യയിലെ അവസ്ഥാവിശേഷവും മറ്റൊന്നായിരുന്നില്ല. ഉത്തര്‍ പ്രദേശിലെ ഡോംഖേര ഗ്രാമത്തിലെ ദലിതനായ വികാസ് കുമാര്‍ ജാതവ് എന്ന പതിനേഴുകാരന്‍  ജാതീയതക്ക് ഇരയാകുന്നുണ്ട്. അവിടത്തെ അമ്പലത്തില്‍ കയറി എന്നതായിരുന്നു അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള കാരണം. എന്നാല്‍ ഈ ക്രൂരകൃത്യം പത്രമാധ്യമങ്ങളില്‍ ഇടം പിടിച്ചില്ല. 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' എന്ന ഹാഷ് ടാഗുകള്‍ നിറഞ്ഞുനിന്ന സാമൂഹിക മാധ്യമങ്ങളില്‍ 'ദലിത് ലൈവ്‌സ് മാറ്റര്‍' തമസ്‌കരിക്കപ്പെട്ടു. ഈയവസരത്തില്‍ ഇന്ത്യയിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളെക്കുറിച്ചും ജാതീയതക്കും വംശീയതക്കുമിടയിലെ സാമ്യതകളെ കുറിച്ചുമുള്ള പുനര്‍വായനകള്‍ക്കും പഠനങ്ങള്‍ക്കും വഴിതുറക്കപ്പെടുന്നുണ്ട്. അമേരിക്കയിലെ വര്‍ഗവൈരം കുത്തിനിറച്ച വംശീയതക്കെതിരെ നിലയുറപ്പിച്ച വിപ്ലവകാരിയായിരുന്നു മാല്‍ക്കം എക്‌സ്. ഇന്ത്യന്‍ ജാതീയ വ്യവഹാരങ്ങളോട് നിരന്തരം കലഹിച്ച വ്യക്തിത്വമായിരുന്നു പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍.  വംശീയതയും ജാതീയതയും ചര്‍ച്ചയാവുന്ന ഇത്തരുണത്തില്‍ ഈ രണ്ട് വ്യക്തികളെയും ചേര്‍ത്തു വായിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.

മാല്‍ക്കം എക്‌സ്

പാപങ്ങളുടെ പാഴ്‌ച്ചേറുകളില്‍നിന്ന് വിശുദ്ധിയുടെ താരാപഥത്തിലേക്കുയര്‍ന്ന ധീരനായിരുന്നു മാല്‍ക്കം എക്‌സ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് ആവേശവും പ്രചോദനവുമാണ് അദ്ദേഹത്തിന്റെ ജീവിതം. വംശീയത ആഴത്തില്‍ വേരൂന്നിയ അമേരിക്കന്‍  സാമൂഹിക ഭൂമികയില്‍ ആന്ദോളനങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരുന്ന അമേരിക്കയിലെ കറുത്ത വിഭാഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആ ജനത വെള്ള വംശീയതയാല്‍ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ടിരുന്നു. കറുത്തവര്‍ അധമന്മാരും വെള്ളക്കാര്‍ കേമന്മാരുമാണെന്നാണ് അവരുടെ വിശ്വാസം. വെള്ളക്കാരെ അനുകരിക്കാന്‍ ശരീരത്തില്‍ അംഗഭംഗം വരുത്താനും അവര്‍ തയാറായിരുന്നു. ഈ ചിന്തകള്‍ മാല്‍ക്കം എക്‌സിന്റെ മനസ്സിലും രൂപപ്പെട്ടിരുന്നു. അദ്ദേഹം പറയുന്നു; ''അന്ന് (ചെറുപ്പത്തില്‍) ഞാന്‍ ആകാവുന്ന മട്ടിലെല്ലാം വെള്ളക്കാരനായി മാറാന്‍ കഠിനാധ്വാനം ചെയ്തിരുന്നു.'' ആദ്യമായി തന്റെ സ്‌കൂള്‍ ജീവിതത്തില്‍നിന്നാണ് വംശീയതയുടെ തിക്തഫലങ്ങള്‍ മാല്‍ക്കമിന് അനുഭവപ്പെട്ടത്. അധ്യാപകന്‍ ഓരോരുത്തരോടും നിങ്ങള്‍ക്ക് ഭാവിയില്‍ ആരായിത്തീരണം എന്ന് ചോദിക്കുകയായിരുന്നു. എല്ലാവരും ഉത്തരങ്ങള്‍ പറഞ്ഞു. അവരെയൊക്കെയും അധ്യാപകന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാല്‍ മാല്‍ക്കം എക്‌സ് തനിക്കൊരു വക്കീലാവണം എന്ന് മറുപടി കൊടുത്തു. അധ്യാപകന്‍ മാല്‍ക്കം ലിറ്റില്‍ (മാല്‍ക്കം എക്‌സ്) എന്ന കുട്ടിയെ നിരുത്സാഹപ്പെടുത്തി. നീയൊരു നീഗ്രോ ആണെന്നും നിനക്ക് വക്കീല്‍ പണി അപ്രാപ്യമായ ലക്ഷ്യമാണെന്നും അധ്യാപകന്‍ പറഞ്ഞു. മാല്‍ക്കം ലിറ്റിലിന് ഇത് കടുത്ത ആഘാതമായിരുന്നു. അവന്‍ വെള്ളക്കാരില്‍നിന്ന് അകലാന്‍ തുടങ്ങി. പിന്നീടവന്‍ വിദ്യാഭ്യാസ ജീവിതം തന്നെ അവസാനിപ്പിച്ചുകളഞ്ഞു. അധര്‍മത്തിന്റെയും അഴിഞ്ഞാട്ടത്തിന്റെയും വഴിയിലാണ് അദ്ദേഹം എത്തിപ്പെട്ടത്. വംശീയതയുടെ മതം പഠിപ്പിച്ച ന്യായങ്ങളിലേക്കും അമേരിക്കന്‍ സമൂഹം രൂപകല്‍പ്പന ചെയ്ത അധാര്‍മിക വലയങ്ങളിലേക്കും അദ്ദേഹം ചുരുങ്ങി. മദ്യത്തിനും മയക്കുമരുന്നിനും ചൂതുകളിക്കും അടിമപ്പെട്ടു. മയക്കുമരുന്നുമായി ഒരിക്കല്‍ പോലീസിന്റെ പിടിയിലാവുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. ഈ സംഭവത്തിന് മുമ്പുതന്നെ മാല്‍ക്കം ലിറ്റില്‍ തികഞ്ഞ ദൈവനിഷേധിയായി മാറിയിരുന്നു.
ജയിലില്‍ വെച്ച് തന്റെ സഹോദരന്‍ മുഖേന എലിജാ മുഹമ്മദിന്റെ 'നേഷന്‍ ഓഫ് ഇസ്ലാം' എന്ന സംഘടനയില്‍ ചേര്‍ന്നു. കറുത്തവരാണ് യഥാര്‍ഥ മനുഷ്യര്‍, വെള്ളക്കാര്‍ പിശാചുക്കളാണ് എന്ന 'നേഷന്‍ ഓഫ് ഇസ്ലാമി'ന്റെ തത്ത്വശാസ്ത്രത്തില്‍ മാല്‍ക്കമും വിശ്വസിച്ചു. മാല്‍ക്കം ലിറ്റില്‍ മാല്‍ക്കം എക്‌സായി മാറുന്നതും 'നേഷന്‍ ഓഫ് ഇസ്ലാമി'ല്‍ ചേര്‍ന്ന ശേഷമാണ്. ജയില്‍മോചിതനായ ശേഷം മാല്‍ക്കം എക്‌സ് 'നേഷന്‍ ഓഫ് ഇസ്ലാമി'ന്റെ തത്ത്വങ്ങള്‍ പ്രചരിപ്പിച്ചു. നല്ല പ്രസംഗകനായി പേരെടുക്കുകയും ചെയ്തു. 'നേഷന്‍ ഓഫ് ഇസ്ലാമി'ന്റെ നേതാവായ എലിജാ മുഹമ്മദില്‍ മാല്‍ക്കമിന് അഗാധമായ വിശ്വാസം ഉണ്ടായിരുന്നെങ്കിലും പിന്നീട് ആ വിശ്വാസത്തിന് ഭംഗം വരുകയും അദ്ദേഹം 'നേഷന്‍ ഓഫ് ഇസ്ലാം' വിട്ടുപോവുകയും ചെയ്തു. ഹജ്ജ് ചെയ്യാനുള്ള അതിയായ ആഗ്രഹം മനസ്സില്‍ നാമ്പിട്ടപ്പോള്‍ തന്റെ സഹോദരിയില്‍നിന്ന് അതിനുള്ള പണം സംഘടിപ്പിച്ച് ഹജ്ജിനായി പുറപ്പെട്ടു. 'നേഷന്‍ ഓഫ് ഇസ്ലാമി'ന്റെ സങ്കല്‍പ്പങ്ങളില്‍നിന്ന് വിടുതല്‍ നേടി മാനവികതയുടെ യഥാര്‍ഥ ഇസ്ലാമികാദര്‍ശത്തെ അദ്ദേഹം അനുഭവിച്ചറിഞ്ഞത് അവിടെ വെച്ചാണ്. ഇത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. അദ്ദേഹം കെയ്റോയിലേക്ക് പുറപ്പെടാനായി വിമാനത്തില്‍ കയറി. ധാരാളം ഹജ്ജ് തീര്‍ഥാടകര്‍ പരസ്പരം കെട്ടിപ്പിടിക്കുകയും ആശ്ലേഷിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് വന്നവരാണ് അവരെന്ന് അദ്ദേഹം മനസ്സിലാക്കി. അവരില്‍ പല നിറത്തിലുള്ള ആള്‍ക്കാരുണ്ടായിരുന്നു. പക്ഷേ, സാഹോദര്യത്തിന്റെ ഊഷ്മളമായ അന്തരീക്ഷമാണ് അവിടെ ഉണ്ടായിരുന്നത്. നിറവ്യത്യാസം ആരെയും അലട്ടിയിരുന്നില്ല. ഈ അനുഭവം മാല്‍ക്കമിനെ ആഴത്തില്‍ സ്വാധീനിച്ചു. ഈ സംഭവത്തെക്കുറിച്ച് മാല്‍ക്കം തന്റെ ആത്മകഥയില്‍, 'തടവറയില്‍നിന്ന് പുറത്തിറങ്ങിയതായി അന്ന് എനിക്ക് അനുഭവപ്പെട്ടു' എന്ന് രേഖപ്പെടുത്തുന്നുണ്ട്.
അമേരിക്കയില്‍ താനനുഭവിച്ച പല രീതിയിലുള്ള അരികുവല്‍ക്കരണങ്ങള്‍ക്കൊന്നും ഹജ്ജിനായി പുറപ്പെട്ടതിനു ശേഷം അദ്ദേഹത്തിന് പാത്രമാകേണ്ടി വന്നിട്ടില്ല. അവിടത്തെ അന്തരീക്ഷത്തെക്കുറിച്ച്, ഒരേ ദൈവത്തിനു വിധേയരായി ജീവിക്കുന്ന മനുഷ്യരുടെ ഏകത്വം വെളിപ്പെടുത്തുന്ന രീതിയിലായിരുന്നെന്ന് മാല്‍ക്കം പറഞ്ഞുവെക്കുന്നുണ്ട്. യാത്രക്കിടയില്‍ കണ്ടുമുട്ടിയ വെളുത്ത നിറമുള്ള ആളുകള്‍ അദ്ദേഹത്തോട് ആതിഥ്യമര്യാദയോടെ പെരുമാറി. അത് വെള്ളക്കാരെക്കുറിച്ച് താനെത്തിച്ചേര്‍ന്ന നിഗമനങ്ങളെ തിരുത്തി. മാല്‍ക്കം എക്‌സ് തന്റെ ആത്മകഥയില്‍ എഴുതുന്നു: ''വെള്ളക്കാരനെ വിലയിരുത്തുമ്പോള്‍ അയാളുടെ സമീപനങ്ങളും കര്‍മങ്ങളുമാണ് പ്രധാനം എന്ന് ഞാനാദ്യമായി മനസ്സിലാക്കി. മുസ്ലിം ലോകത്തെ വെളുത്ത നിറമുള്ള മനുഷ്യര്‍ മറ്റാരേക്കാളും സൗഹൃദം പുലര്‍ത്തുന്നവരാണെന്ന് ഞാന്‍ കണ്ടറിഞ്ഞു.'' അമേരിക്കയില്‍നിന്ന് വന്ന മുസ്ലിമായതിനാല്‍ മാല്‍ക്കം എക്‌സായിരുന്നു  എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. മാല്‍ക്കം പല ചോദ്യങ്ങളെയും അഭിമുഖീകരിച്ചു. ഹജ്ജില്‍ താങ്കളെ ആകര്‍ഷിച്ചതെന്താണെന്ന് കൂട്ടത്തിലൊരാള്‍ അദ്ദേഹത്തോട് ചോദിച്ചു. 'സാഹോദര്യ'മാണെന്ന് മാല്‍ക്കം എക്‌സ് സംശയലേശമന്യേ ഉത്തരം പറഞ്ഞു. അമേരിക്കയെ ബാധിച്ച വംശീയതയെന്ന സ്‌ഫോടനാത്മക തിന്മയെ മായ്ച്ചുകളയുന്ന ഒരേയൊരു മതം ഇസ്ലാമാണെന്ന് അദ്ദേഹം തന്റെ ആത്മകഥയില്‍ എഴുതിച്ചേര്‍ക്കുന്നുണ്ട്. ഹജ്ജിനുശേഷം അദ്ദേഹം 'അല്‍ഹാജ് മാലിക്ക് അല്‍ ശഹ്ബാസ്' എന്ന പേര് സ്വീകരിച്ചു. ഇസ്ലാമിന്റെ സാഹോദര്യ സന്ദേശത്തില്‍ അടിയുറച്ചു നിന്ന് അമേരിക്ക നേരിടുന്ന ഹിംസാത്മകമായ വംശീയതയോട് അദ്ദേഹം നിരന്തരം പോരാടി.

പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍

തെന്നിന്ത്യയില്‍ ജാതി വ്യവസ്ഥക്കും ബ്രാഹ്മണ അയുക്തികതക്കുമെതിരില്‍ ധീരമായി രംഗത്തിറങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍. ഹിന്ദുമതത്തിലെ വൈഷ്ണവ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ബാല്യകാലങ്ങളില്‍ അദ്ദേഹത്തിന്റെ മേല്‍ മാതാപിതാക്കള്‍ നിയന്ത്രണങ്ങള്‍ ചെലുത്തിയിരുന്നില്ല. അതിനാല്‍ ചെറുപ്പത്തില്‍ തന്നെ സ്വതന്ത്രാശയങ്ങള്‍ അദ്ദേഹത്തില്‍ ഉരുവംകൊള്ളുകയും ഇത് ബ്രാഹ്മണ-ജാതി സിദ്ധാന്തങ്ങള്‍ക്ക് വിപരീതമായ അദ്ദേഹത്തിന്റെ വ്യക്തിത്വ രൂപികരണത്തിന് കാരണമാവുകയും ചെയ്തു. ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍നിന്ന് ലഭിച്ച തത്ത്വങ്ങളെ അദ്ദേഹം നിരന്തരം ബൗദ്ധികമായി ചോദ്യം ചെയ്തു. സ്‌കൂളില്‍ ചേര്‍ന്ന് നാലു വര്‍ഷത്തിനകം സ്‌കൂള്‍ ജീവിതം അവസാനിപ്പിച്ച പെരിയാര്‍ ബിസിനസ്സ് കാര്യങ്ങളിലേര്‍പ്പെട്ടു. ഈ മേഖലയില്‍നിന്ന് ലഭിച്ച സംസാരചാതുരിയും അറിവുകളും അദ്ദേഹത്തെ നേതൃസ്ഥാനത്തേക്കുയര്‍ത്തി. സ്ത്രീകള്‍ക്ക് ലഭിക്കേണ്ട വിദ്യാഭ്യാസം, തുല്യാവകാശങ്ങള്‍ എന്നിവക്കു വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി. നിരാലംബരായി കഴിയുന്ന കീഴാള സമൂഹത്തിന്റെ അവകാശങ്ങള്‍, സാമൂഹികനീതി, സമത്വം, സാഹോദര്യം എന്നീ മാനവിക മൂല്യങ്ങള്‍ക്കുവേണ്ടി ബ്രാഹ്മണ മേധാവിത്വത്തിനെതിരെ മുഷ്ടി ചുരുട്ടി. അവര്‍ണ ജനതക്ക് ക്ഷേത്രപ്രവേശന അവകാശത്തിനു വേണ്ടി നടന്ന വൈക്കം സത്യാഗ്രഹത്തില്‍ പെരിയാര്‍ 'വൈക്കം വീരര്‍' എന്ന അപരനാമത്തില്‍ അറിയപ്പെട്ടു. 1925-ല്‍ അവര്‍ണ സമൂഹത്തിന്റെ ഉന്നമനത്തിനായി അദ്ദേഹം 'സ്വാഭിമാന പ്രസ്ഥാന'ത്തിന് നാന്ദി കുറിച്ചു. ആ പ്രസ്ഥാനത്തെ കുറിച്ച് ചിദംബരത്ത് 1962-ല്‍ പ്രസിദ്ധീകരിച്ച 'ദൈവം എന്ന ആശയക്കുഴപ്പം' എന്ന ലഘുലേഖയില്‍ ഇങ്ങനെ കാണാം: ''സ്വാഭിമാന പ്രസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ചത് ഈ രാജ്യത്തെ ജനങ്ങളില്‍ ആത്മാഭിമാനം വളര്‍ത്തിയെടുക്കുക, ജനങ്ങളെ ഒരുമിപ്പിക്കുക, സാമ്പത്തിക സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്. ഇതിന്റെ കര്‍മപഥം സുതാര്യമാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് ആത്മാഭിമാനം എങ്ങനെ നഷ്ടമായെന്ന് ഈ പ്രസ്ഥാനം വിശദീകരിക്കുന്നു. ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പിന്റെ വഴിയിലെ തടസ്സങ്ങള്‍ നീക്കാന്‍ യത്‌നിക്കുകയും ചെയ്യുന്നു. ഈ ലക്ഷ്യത്തിനു മുമ്പില്‍ വഴിമുടക്കികളായി ദൈവങ്ങളും മതങ്ങളും വരികയാണെങ്കില്‍ ഈ പ്രസ്ഥാനം അതിനെ തട്ടിനീക്കും. മറിച്ച് മതം സാമൂഹിക ജീവിതത്തിനു വേണ്ട ധാര്‍മിക നിയമങ്ങളുടെ സംഘാതമാണെങ്കില്‍ സ്വാഭിമാന പ്രസ്ഥാനം അത്തരം മതങ്ങളെപ്പറ്റി വ്യാകുലപ്പെടുന്നില്ല. എന്നല്ല, വേണ്ടിവന്നാല്‍ അവയെ സഹായിക്കുകയും ചെയ്യും.'' ഈ പ്രസ്താവനയുടെ ഭാഗമെന്നോണമാണ് പെരിയാര്‍ കീഴാള സമൂഹത്തോട് ഇസ്ലാം മതം ആശ്ലേഷിക്കാന്‍ അഭ്യര്‍ഥിച്ചത്. തമിഴ്‌നാട്ടിലെ ദലിത് നേതാവായ 'തിരുമാവലവന്‍' തന്റെ 'മീനാക്ഷിപുരം  കണ്‍വേര്‍ഷന്‍സ്' എന്ന പി.എച്ച്.ഡി. പ്രബന്ധത്തില്‍ സ്വാഭിമാന പ്രസ്ഥാനം മൂലമാണ് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനങ്ങളുണ്ടായതെന്ന് രേഖപ്പെടുത്തുന്നുണ്ട്. ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. ഇസ്ലാമിക ദര്‍ശനം മുന്നോട്ടു വെക്കുന്ന സമത്വം, സാഹോദര്യം, നീതി എന്നീ മാനവിക മൂല്യങ്ങളാണ് പെരിയാറിന്റെ പ്രഭാഷണങ്ങള്‍ക്ക് നിദാനമായത്. അയിത്ത ജാതിക്കാരോട് കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ''എന്റെ സന്തോഷം അവരുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടു എന്നതിലല്ല. സ്വര്‍ഗം അവരുടെ കൈപ്പിടിലായി എന്നതിലോ അവര്‍ക്ക് ദൈവസാമിപ്യം സിദ്ധിച്ചുവെന്നതിലോ അല്ല. ഹിന്ദുമതം എന്ന് വിളിക്കപ്പെടുന്ന ഒന്നില്‍നിന്ന് പരിവര്‍ത്തനം ചെയ്തതുമൂലം അവരുടെ മേല്‍ ഇതുവരെ മുദ്രിതമായിരുന്ന നിന്ദ, മൃഗ സമാനമായ പതിത്വം, അജ്ഞത എന്നിവയില്‍നിന്ന് മോചിതരായി എന്നതിലാണെന്റെ ആഹ്ലാദം..... സഹപ്രവര്‍ത്തകരേ, നമ്മുടെ രോഗം- ശൂദ്രത, ജാരജന്മം എന്ന രോഗം- വളരെ ഗുരുതരമാണ്. കാന്‍സറിനെയും കുഷ്ഠരോഗത്തെയും പോലെ ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമുള്ള വ്യാധിയാണത്. ഒരു മരുന്നേ ഇതിനുള്ളൂ; 'ഇസ്ലാം'. അതല്ലാതെ വേറൊരു പരിഹാരവും ഇല്ലേയില്ല.'' 
ഇസ്ലാമെന്നാല്‍ മുഹമ്മദ് നബിയുടെയോ മാപ്പിള, മരക്കാര്‍ എന്നീ വിഭാഗങ്ങളുടെയോ മതമല്ലെന്നും ഇസ്ലാമെന്നാല്‍ രൂപരഹിതനായ ദൈവത്തിനുള്ള ആരാധന, താഴ്മ, ഐക്യം, ശാന്തി, ഭക്തി, സാഹോദര്യം എന്നീ ചേരുവകള്‍ ചേര്‍ന്ന മതസ്വരൂപമാണെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. ഈ നാട്ടിലെ മുസ്ലിംകള്‍ മുതല്‍  ഈജിപ്തിലെയും ജര്‍മനിയിലെയും ആഫ്രിക്കയിലെയും മറ്റു ലോകരാജ്യങ്ങളിലെയും ജനതകളില്‍ മുസ്ലിംകളുണ്ട്. എല്ലാവര്‍ക്കും അരൂപിയായ ഏകദൈവമാണെന്ന് പെരിയാര്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം തുടര്‍ന്ന് പറയുന്നു; ''സാഹോദര്യവും തുല്യാവകാശങ്ങളും അച്ചടക്കവും അവര്‍ക്ക് (മുസ്ലിംകള്‍ക്ക്) പൊതുവെയുണ്ട്. ഇസ്ലാം മുസ്ലിംകളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണെങ്കിലും അവരെ സഹോദരന്മാരാക്കുന്നു. കോടിക്കണക്കിന് ഹിന്ദുക്കള്‍ക്കിടയില്‍ എന്തൊക്കെയുണ്ട്? അന്തസ്സും സാഹോദര്യവും അച്ചടക്കവുമെവിടെ?'' വിഷലിപ്തമായ ബ്രാഹ്മണ സാമൂഹിക നിര്‍മിതിയെ നേരിടാന്‍ ഇസ്ലാമികാദര്‍ശത്തിനു മാത്രമേ സാധ്യമാവുകയുള്ളു എന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഹൈന്ദവതയില്‍നിന്ന് മോചിതരാവാന്‍ എന്തുകൊണ്ട് ഇസ്ലാം മതത്തെ തെരഞ്ഞെടുത്തു എന്നതിനുള്ള കാരണം അദ്ദേഹം തന്റെ പ്രഭാഷണങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്; ''കുറേ ബ്രാഹ്മണര്‍ ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ട്. വേറെ അനവധിയാളുകള്‍ ക്രൈസ്തവ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ക്രൈസ്തവ മതം സ്വീകരിച്ച ഏതൊരു ഹിന്ദുവിനും തന്റെ ജാതിത്വത്തെ മുറുകെ പിടിക്കാന്‍ അനുവാദമുണ്ട്. ഈ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കിടയിലും തൊട്ടുകൂടാത്തവരുണ്ട്. വിദ്യാഭ്യാസമുള്ളതിനാല്‍ ഈ അയിത്തക്കാരില്‍ ചിലര്‍ക്ക് അധ്യാപകരായി ജോലി കിട്ടിയത് ശരിതന്നെ. എന്നാല്‍ ഹൈന്ദവ-ക്രൈസ്തവ മതങ്ങളില്‍ ഇസ്ലാമിലുള്ളതുപോലെ തുല്യാവകാശങ്ങളില്ല.'' സകലവിധ അസമത്വങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും പാത്രമാവുന്ന അവര്‍ണ കീഴാള ജനതയെ സമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടി സാമൂഹിക നീതി ഉറപ്പു വരുത്താനുള്ള പരിഹാരമാര്‍ഗം ഇസ്‌ലാമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
മാല്‍ക്കം എക്‌സ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു. അമേരിക്കന്‍ വംശീയതയുടെ അരികുവല്‍ക്കരണത്തിന്റെ ഇരയായിരുന്നു അദ്ദേഹം. അതില്‍നിന്നുള്ള വിമോചനമാണ് ഇസ്ലാം മതം സ്വീകരിക്കുന്നതിലൂടെ മാല്‍ക്കം സ്വപ്‌നം കണ്ടത്. എന്നാല്‍ പെരിയാര്‍ യുക്തിവാദിയായി തന്നെ നിലകൊണ്ടു. സമൂഹത്തെ ജാതികളായി ശ്രേണീകരിച്ച മതങ്ങളെയും ദൈവങ്ങളെയുമാണ് പെരിയാര്‍ തള്ളിപ്പറഞ്ഞത്. 'ഇ.വി രാമസ്വാമി ഈസ് എ സോഷ്യല്‍ റീബില്‍ഡര്‍' എന്ന പഠനത്തില്‍ അളഗപ്പ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ ആര്‍. കാളിദാസ് പെരിയാറിന്റെ വര്‍ത്തമാനം  ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്: ''വലിയൊരളവോളം ജനത ഇന്നും തൊട്ടുകൂടാത്തവരായി നിലകൊള്ളുന്നു. ബാക്കിയുള്ളവര്‍ ശൂദ്രന്മാരായിട്ടും കുടിയാന്മാരായിട്ടും. ഇതിനൊന്നും ഒരു മാറ്റവുമില്ലാതെ സ്വാതന്ത്ര്യം ആര്‍ക്കാണ് ആവശ്യം? ഈ ജാതി വ്യവസ്ഥക്ക് ബദലാവാത്ത മതങ്ങള്‍, വേദഗ്രന്ഥങ്ങള്‍, ദൈവങ്ങള്‍ ഇവയെല്ലാം കൊണ്ട് എന്തു പ്രയോജനമാണുള്ളത്?'' ഈ വാക്കുകള്‍ വായിച്ചാല്‍ അദ്ദേഹം യുക്തിവാദത്തിലേക്ക് എന്തുകൊണ്ട് നയിക്കപ്പെട്ടു എന്ന് വ്യക്തമാവും. മാല്‍ക്കം എക്‌സിനെ വിപ്ലവകാരിയായി രേഖപ്പെടുത്തുന്നുണ്ടെങ്കിലും അദ്ദേഹം പരിഹാരമായി ക ഇസ്ലാമിനെ ഉയര്‍ത്തിക്കാട്ടാന്‍ ആര്‍ക്കും താല്‍പര്യമില്ല. അതുപോലെ പെരിയാര്‍ മുന്നോട്ടു വെച്ച പരിഹാരമാര്‍ഗം ഇന്നത്തെ പൊതുസമൂഹത്തില്‍ ചര്‍ച്ചക്കു വെക്കാന്‍ പെരിയാറിസ്റ്റുകള്‍ പോലും താല്‍പര്യപ്പെടാത്തത് നിരാശാജനകമാണെന്ന് പ്രമുഖ ദലിത് ആക്ടിവിസ്റ്റും 'ദലിത് ക്യാമറ' സ്ഥാപകനുമായ ഡോ. റഈസ് മുഹമ്മദ് (രവിചന്ദ്രന്‍ ബത്രന്‍) അഭിപ്രായപ്പെടുന്നുണ്ട്.
സമൂഹത്തില്‍ അടിമകളെയും ദുര്‍ബല വിഭാഗങ്ങളെയും ഉല്‍പ്പാദിപ്പിക്കുന്ന വംശീയതക്കും ജാതീയതക്കുമെതിരെ പോരാടിയ ഈ രണ്ട് വ്യക്തിത്വങ്ങളും മുന്നോട്ടു വെക്കുന്ന പരിഹാരമാര്‍ഗം ഇസ്ലാമാണ്. ഇസ്ലാമിന്റെ സാമൂഹിക- വ്യക്തിഗത-ആത്മീയ ജീവിതം വിമോചനത്തിന്റെ പുതിയ ലോകമാണ് മാനവരാശിക്ക് തുറന്നുകൊടുക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (38-40)
ടി.കെ ഉബൈദ്‌