ദല്‍ഹി വംശഹത്യ: 160 കുടുംബങ്ങളെ പുനരധിവസിപ്പിച്ച് 'വിഷന്‍-2026'
53 പേരുടെ മരണത്തിനും കോടികളുടെ ധന നഷ്ടത്തിനും ഇടയാക്കി വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ ഫെബ്രുവരി അവസാനവാരം നടമാടിയ വംശഹത്യയില്‍ സര്‍വതും നഷ്ടപ്പെട്ട ഇരകള്‍ക്കു വേണ്ടി ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ 'വിഷന്‍-2026' രൂപം നല്‍കിയ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 160 കുടുംബങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കലാപത്തില്‍ നൂറുകണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിച്ചതിനു ശേഷം അഗ്നിക്കിരയാക്കുകയോ മറ്റു രീതിയില്‍ തകര്‍ക്കുകയോ ചെയ്തിരുന്നു. നിരവധി വാഹനങ്ങളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട ഇതര സംസ്ഥാനങ്ങളില്‍നിന്ന് കുടിയേറിയ പല കുടുംബങ്ങളും അവരുടെ നാടുകളിലേക്ക് തിരിച്ചുപോയി. വീടുകള്‍ തകര്‍ക്കപ്പെട്ട പലരും ഇന്നും ചെറിയ വാടക മുറികളില്‍ ജീവിതം തള്ളിനീക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളും മറ്റു ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പ്രയാസപ്പെടുന്നു.
കലാപം കെട്ടടങ്ങിയ ഉടന്‍ തന്നെ വിഷന്‍-2026-ന്റെ ഭാഗമായ വിവിധ എന്‍.ജി.ഒകള്‍ കര്‍മരംഗത്തുണ്ടായിരുന്നു. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വീസ് സൊസൈറ്റി, വിമണ്‍ എജുക്കേഷന്‍ എംപവര്‍മെന്റ് ട്രസ്റ്റ് (ട്വീറ്റ്) എന്നിവക്കു കീഴില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥാപിക്കുകയും അടിയന്തര സഹായങ്ങള്‍ എത്തിച്ചുനല്‍കുകയും ചെയ്തു. രണ്ടായിരത്തിലധികം പേര്‍ക്ക് വൈദ്യസഹായം, വസ്ത്രങ്ങള്‍, അവശ്യസാധനങ്ങളുടെ കിറ്റ്, ഭക്ഷണം, റേഷന്‍ തുടങ്ങിയ സഹായങ്ങള്‍ നല്‍കി. വിഷനു കീഴിലുള്ള ഓഖ്ലയിലെ അല്‍ശിഫ മള്‍ട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് കലാപം നാശം വിതച്ച മേഖലകളില്‍ അടിയന്തര ചികിത്സാ സഹായമെത്തിച്ചു. തുടര്‍ചികിത്സ ആവശ്യമുള്ളവരെ അല്‍ശിഫ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. സ്വത്തുവകകള്‍ നഷ്ടപ്പെട്ടവരുടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിയമസഹായവും നല്‍കി.
ദീര്‍ഘകാല പുനരധിവാസ പദ്ധതിയുടെ ഭാഗമായി 70 കുടുംബങ്ങള്‍ക്ക് ജീവനോപാധികള്‍, തകര്‍ക്കപ്പെട്ട 15 വ്യാപാര സ്ഥാപനങ്ങളുടെയും 44 വീടുകളുടെയും പുനര്‍നിര്‍മാണം, അറ്റകുറ്റപ്പണികള്‍, 33 അനാഥകളുടെ സംരക്ഷണം, 12 വിധവകള്‍ക്ക് പെന്‍ഷന്‍, 15 വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠന സഹായം തുടങ്ങി 160 കുടുംബങ്ങള്‍ക്കുള്ള ഒന്നാം ഘട്ട പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചത്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ അനാഥരായ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും വിഷന്‍ ഉറപ്പു വരുത്തും. കലാപത്തിന്റെ ഇരകളില്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്ന പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതികളാണ് വിഷനു കീഴിലെ വിമണ്‍ എജുക്കേഷന്‍ എംപവര്‍മെന്റ് ട്രസ്റ്റ് (ട്വീറ്റ്) നടപ്പില്‍ വരുത്തുക.
ഇലക്ട്രിക് ഓട്ടോകള്‍, സൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍, ഉന്തുവണ്ടികള്‍, തയ്യല്‍ മെഷീനുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ക്ക് വില്‍പനക്കുള്ള സ്റ്റോക്കുകള്‍, വ്യവസായ യൂനിറ്റുകള്‍ക്ക് അസംസ്‌കൃത വസ്തുക്കളും മെഷിനറികളും തുടങ്ങിയവയാണ് ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കായി നല്‍കിയത്. കലാപത്തില്‍ മാരകമായി പരിക്കേറ്റ 9 പേര്‍ക്ക് അല്‍ശിഫ ആശുപത്രിയില്‍ തുടര്‍ചികിത്സ സൗജന്യമായി നല്‍കിവരുന്നുണ്ട്.
മുഴുവന്‍ ഇരകളെയും പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ പദ്ധതികളാണ് അടുത്ത ഘട്ടത്തില്‍ ആസൂത്രണം ചെയ്യുന്നത്. പുനരധിവാസ പദ്ധതി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വിഷന്‍ വെബ്സൈറ്റില്‍ ലഭ്യമാണ് https://vision2026.org.in
വിഷന്റെ കൈത്താങ്ങുമായി അവര്‍ പുതുജീവിതത്തിലേക്ക്
മുസ്തഫാബാദിലെ സല്‍മാന്‍ മാസ്റ്റര്‍ ചെറിയൊരു ഹോട്ടല്‍ നടത്തിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. കെട്ടിട പുനരുദ്ധാരണത്തിനു വേണ്ടി സ്ഥലം ഒഴിഞ്ഞുകൊടുക്കാന്‍ ഉടമ ആവശ്യപ്പെട്ടതനുസരിച്ച് അതിനുള്ള തയാറെടുപ്പുകള്‍ക്കിടയിലാണ് കലാപം പൊട്ടിപ്പുറപ്പെടുന്നത്. ഹോട്ടല്‍ സാമഗ്രികള്‍ വീട്ടിലേക്ക് കൊണ്ടുപോകും വഴി കലാപകാരികള്‍ വഴിയില്‍ തടയുകയും മുഴുവന്‍ സാധനങ്ങളും കൊള്ളയടിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം പ്രഭാത നമസ്‌കാരത്തിനു ശേഷം വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കെ കാലിന് വെടിയേറ്റു മാരകമായി പരിക്കേറ്റു. സര്‍ജറി നടത്തിയിട്ടും ബുള്ളറ്റ് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ചികിത്സക്കു ശേഷം ഊന്നുവടിയുടെ സഹായത്തോടെ നടക്കാനാവുന്നുണ്ട്. ജീവിതം വഴിമുട്ടിയ സല്‍മാന്‍, വിഷന്റെ സഹായത്തോടെ പുതിയൊരു ജീവിതത്തിന് തുടക്കമിടുകയാണ്. വിഷന്‍ നല്‍കിയ സാമ്പത്തിക സഹായത്തോടെ സീലംപൂരില്‍ തുടങ്ങിയ പുതിയ ഹോട്ടലിന്റെ താക്കോല്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി. ആരിഫലി കൈമാറി.
ദല്‍ഹി കലാപത്തില്‍ വീടും പുസ്തകങ്ങളും അടക്കം സര്‍വതും നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ മിടുക്കിയായ നര്‍ഗീസ് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം ക്ലാസോടെ വിജയിച്ചത് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. പതിനേഴുകാരിയായ നര്‍ഗീസിന് തുടര്‍പഠനത്തിന് താങ്ങാവുകയാണ് വിഷന്‍. ഒരു ഫാഷന്‍ ഡിസൈനര്‍ ആകണമെന്ന് ആഗ്രഹിക്കുന്ന നര്‍ഗീസിന്റെ മുഴുവന്‍ പഠന ചെലവുകളും വിഷന്‍ ഏറ്റെടുത്തു. കലാപത്തില്‍ തകര്‍ക്കപ്പെട്ട വീട് ജമാഅത്തെ ഇസ്ലാമിയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പുനര്‍നിര്‍മിച്ചിരുന്നു. നര്‍ഗീസിനുള്ള സ്‌കോളര്‍ഷിപ്പിന്റെ ഒന്നാം ഗഡുവും ടി. ആരിഫലി കൈമാറി.
ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട മുദ്ദസിര്‍ ഖാന്റെ മയ്യിത്തിനു മുന്നില്‍ വിതുമ്പി കരയുന്ന ഒരു ബാലന്റെ ഫോട്ടോ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ വലിയ വാര്‍ത്തയായിരുന്നു. മുദ്ദസിര്‍ ഖാന്റെ പറക്കമുറ്റാത്ത 8 പെണ്‍കുട്ടികള്‍ അടങ്ങിയ കുടുംബത്തെ വിഷന്റെ ഭാഗമായ വിമണ്‍ എജുക്കേഷന്‍ എംപവര്‍മെന്റ് ട്രസ്റ്റ് (ട്വീറ്റ്) ഏറ്റെടുത്തു. കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കും വരെയുള്ള മുഴുവന്‍ ചെലവുകളും 'ട്വീറ്റ്' ഉറപ്പ് വരുത്തും. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് ഗൈഡന്‍സ് നല്‍കുന്നതിനുള്ള സംവിധാനവും ട്വീറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ 11 കുടുംബങ്ങളെയാണ് ഇത്തരത്തില്‍ വിഷന്‍ ഏറ്റെടുത്തത്. ഈ കുടുംബങ്ങളിലെ വിധവകള്‍ക്ക് പെന്‍ഷനും നല്‍കിവരുന്നു.
------------------------------------------------------------------------------------------
വിജയവഴിയില്‍ അതിജീവന സാക്ഷ്യം
-നിദ പര്‍വീന്‍ (ദല്‍ഹി യൂനിവേഴ്‌സിറ്റി)-
ദുരന്തങ്ങളും കലാപങ്ങളും നിരവധി മനുഷ്യരുടെ ദൈനംദിന ജീവിതത്തെ മാത്രമല്ല, നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കും. ഏറ്റവുമൊടുവില്‍ പൗരത്വ പ്രക്ഷോഭങ്ങളെ തകര്‍ക്കാന്‍ വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ ആസൂത്രിതമായി നടപ്പിലാക്കിയ വംശഹത്യയില്‍ ഇരകളാക്കപ്പെട്ട മനുഷ്യരും അവരുടെ സാധാരണ ജീവിതത്തിന്റെ താളം കണ്ടെത്തി തുടങ്ങിയിട്ടേയുള്ളൂ. ഇങ്ങനെ ഒട്ടേറെ കലാപങ്ങളില്‍ ഇരകളാക്കപ്പെട്ട മനുഷ്യരുടെ ചെറുതും വലുതുമായ വിവിധ മേഖലകളിലെ ഉയിര്‍ത്തെഴുന്നേല്‍പ്പ് വളരെ പ്രധാനമാണ്.
2012-ലാണ് അസമിലെ ബോഡോ വിഭാഗം ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കെതിരെ സംഘടിതമായ വംശീയാക്രമണം നടത്തുന്നത്. നിരവധി പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ലക്ഷക്കണക്കിന് ആളുകള്‍ വിവിധ ക്യാമ്പുകളില്‍ അഭയാര്‍ഥികളാക്കപ്പെടുകയും തങ്ങള്‍ താമസിച്ചിരുന്ന ഗ്രാമങ്ങളില്‍നിന്ന് അവര്‍ കുടിയിറക്കപ്പെടുകയും ചെയ്തു. കലാപത്തിന്റെ ശാരീരികവും മാനസികവുമായ ആഘാതങ്ങളില്‍നിന്ന് ഇരകളാക്കപ്പെട്ട കുട്ടികളെ മോചിതരാക്കാന്‍ വിവിധങ്ങളായ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിച്ചും അവരുടെ പഠനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തും വിഷന്‍ -2026 രാജ്യത്തിന് മാതൃക കാട്ടുകയുണ്ടായി. നൂറിലധികം കുട്ടികളുടെ ജീവിതവും വിദ്യാഭ്യാസവും പ്രതിസന്ധിയിലായ ഘട്ടത്തില്‍ ഹോസ്റ്റലുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകള്‍ക്ക് ട്യൂഷന്‍ ഏര്‍പ്പെടുത്തിയായിരുന്നു വിഷന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഭീതിയും നിരാശയും നിറഞ്ഞിരുന്ന അവരുടെ കണ്ണുകളിലിപ്പോള്‍ പ്രതീക്ഷയുടെ വിജയത്തിളക്കമാണ് കാണാനാവുക. അതിന്റെ തെളിവാണ് ആ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ നേടിയെടുത്തിരിക്കുന്ന മികച്ച വിജയം. അസമിലെ സാധാരണക്കാര്‍ക്ക് ആധാര്‍ ലഭ്യമാക്കാനും ഗവണ്‍മെന്റ് പദ്ധതികള്‍ നേടിയെടുക്കാനും എന്‍.ആര്‍.സി ഫോം പൂരിപ്പിക്കാനുമൊക്കെ ഈ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങുകയുണ്ടായി.
കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട തങ്ങളെ ദത്തെടുത്ത സുമനസ്സുകള്‍ക്ക് അസം ബോഡോലാന്റിലെ മിടുക്കര്‍ മിന്നുന്ന വിജയമാണ് തിരിച്ചുനല്‍കിയത്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ 11 ഡിസ്റ്റിംഗ്ഷനും 16 ഫസ്റ്റ് ക്ലാസ്സുമടക്കം പരീക്ഷയെഴുതിയ 28 വിദ്യാര്‍ഥികളും വിജയിച്ചു. വിഷന്‍ ഗുവാഹത്തിയില്‍ ആരംഭിച്ച സ്‌കോളര്‍ സ്‌കൂളിന് ആദ്യ ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിക്കാനായതും അഭിമാനമായി. 86.67 ശതമാനം മാര്‍ക്ക് നേടി അസ്ലിമ അഖ്തറാണ് സ്‌കൂളില്‍ ഒന്നാമതെത്തിയത്.
വിഷന്‍-2026-ന്റെ ഭാഗമായി ഡോ. ടി. അഹ്മദ് (അല്‍നൂര്‍ ഗ്രൂപ്പ്), മുഹമ്മദ് സൂപ്പി (ഫാമിലി ഗ്രൂപ്പ്) തുടങ്ങിയവരുടെ പിന്തുണയോടെയാണ് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ഗുവാഹത്തിയില്‍ സ്‌കോളര്‍ സ്‌കൂളും ഹോസ്റ്റലും ആരംഭിച്ചത്. ഈ അധ്യയനവര്‍ഷം മുതല്‍ ഹയര്‍ സെക്കന്ററി ആരംഭിക്കാന്‍ സ്‌കോളര്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ പത്താം ക്ലാസ് പൂര്‍ത്തിയായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനവും എളുപ്പമായിരിക്കുകയാണ്.
2010-ല്‍ ഗുവാഹത്തിയില്‍ ആരംഭിച്ച സ്‌കോളര്‍ സ്‌കൂള്‍ അന്നത്തെ വിഷന്‍ രക്ഷാധികാരിയായിരുന്ന പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ ആണ് നാടിന് സമര്‍പ്പിച്ചത്.
Comments