Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 11

3167

1442 മുഹര്‍റം 23

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേരളത്തിന്റെ വികസന  കാഴ്ചപ്പാടും

ഡോ. വി.എസ് വിജയന്‍/ നിഹാല്‍ വാഴൂര്‍, ശിബിന്‍ റഹ്മാന്‍

ഖനനം, വ്യവസായം, വൈദ്യുതി നിലയങ്ങള്‍, ടൂറിസം തുടങ്ങി വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടന്നുവരുന്ന നവ ലിബറല്‍ പരിഷ്‌കാരങ്ങള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ വന്‍തോതില്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നു. ഓരോ കാലവര്‍ഷത്തിലും വലിയ പ്രകൃതിദുരന്തങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വികേന്ദ്രീകരണത്തിലൂന്നിയ പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഗാഡ്ഗില്‍ വിരുദ്ധ പ്രചാരണങ്ങള്‍, പ്രളയാനന്തര കേരളത്തിലെ മലയാളികളുടെ മനോഭാവത്തിലുണ്ടാവേണ്ട മാറ്റങ്ങള്‍, സര്‍ക്കാര്‍ കൊണ്ടുവരേണ്ട നയംമാറ്റങ്ങള്‍ എന്നിവയിലൂന്നി പ്രമുഖ ജീവശാസ്ത്രജ്ഞനും ഗാഡ്ഗില്‍ സമിതി അംഗവുമായ  ഡോ. വി.എസ് വിജയനുമായി ശാന്തപുരം അല്‍ജാമിഅ വിദ്യാര്‍ഥി കൂട്ടായ്മയായ 'ടീം ഒച്ച'ക്ക് വേണ്ടി നിഹാല്‍ വാഴൂര്‍, ശിബിന്‍ റഹ്മാന്‍ എന്നിവര്‍ നടത്തിയ അഭിമുഖം.

തണ്ണീര്‍ത്തടങ്ങള്‍, പശ്ചിമഘട്ടം, പക്ഷി സംരക്ഷണം തുടങ്ങിയ പാരിസ്ഥിതിക വിഷയങ്ങളില്‍ അതുല്യമായ സംഭാവനകളാണ് താങ്കള്‍ കേരളത്തിന് നല്‍കിയിട്ടുള്ളത്. ആവാസ വിജ്ഞാനം, തണ്ണീര്‍ത്തട പരിസ്ഥിതി വിജ്ഞാനീയം, പക്ഷിശാസ്ത്രം എന്നീ മേഖലകളിലേക്ക് താങ്കള്‍  എത്തിപ്പെടാനുണ്ടായ സാഹചര്യമെന്തായിരുന്നു?

എന്റെ പി.എച്ച്.ഡി പഠനകാലത്താണ് ഞാന്‍ പക്ഷിശാസ്ത്രം പഠിക്കുന്നത്. അതിലേക്ക് ഞാന്‍ എത്തിപ്പെടാനുണ്ടായ പ്രധാന കാരണം ഡോ. സാലിം അലി ആയിരുന്നു. എന്റെ പി.എച്ച്.ഡി. ഗവേഷണത്തിന് ആവശ്യമായ പ്രചോദനവും നിര്‍ദേശങ്ങളും നല്‍കിയത് അദ്ദേഹമായിരുന്നു. ഈ പി.എച്ച്.ഡി. ഗവേഷണമാണ് എന്നില്‍ പക്ഷിശാസ്ത്രപഠനത്തില്‍ അതിയായ താല്‍പര്യം ജനിപ്പിച്ചത്. പിന്നീട് കേരളത്തിലെ നാഷ്‌നല്‍ പാര്‍ക്കുകളുടെ ഇക്കോളജി പഠിക്കാനുള്ള അവസരം അദ്ദേഹം തന്നെ ഒരുക്കിത്തന്നു. അവിടെ പത്തോളം ശാസ്ത്രജ്ഞരടങ്ങുന്ന പ്രകൃതി പഠന സംഘത്തെ ഞാനും എന്റെ ഭാര്യ ഡോ. ലളിതയുമായിരുന്നു നയിച്ചിരുന്നത്. ഏകദേശം പത്ത് വര്‍ഷത്തോളം ചെലവഴിച്ച് അവരുമായി ചേര്‍ന്ന് നടത്തിയ പഠനങ്ങള്‍ കേരളത്തിലെ തണ്ണീര്‍ത്തടങ്ങളുടെ ആവാസ വ്യവസ്ഥയെ കൃത്യമായി മനസ്സിലാക്കാന്‍ സഹായിച്ചു. പ്രസ്തുത പഠനങ്ങളില്‍ ഗവേഷക വിദ്യാര്‍ഥികള്‍ അവരുടെ ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുകയും പി.എച്ച്.ഡി കരസ്ഥമാക്കുകയും ചെയ്തു. ആ പഠനങ്ങളാണ് തണ്ണീര്‍ത്തട സംരക്ഷണം പ്രസ്തുത പ്രദേശങ്ങളില്‍ മാത്രം പരിമിതപ്പെടുത്താതെ, അതിനെ ആശ്രയിക്കുന്ന ജനങ്ങളുടെ ജീവിതത്തെ കൂടി പരിഗണിച്ചുകൊണ്ടാവണം എന്ന അടിസ്ഥാന വസ്തുത മനസ്സിലാക്കാന്‍ സഹായിച്ചത്. സ്രോതസ്സുകളെയും ഉള്‍പ്പെടുത്തിയെങ്കില്‍ മാത്രമേ തണ്ണീര്‍ത്തട സംരക്ഷണം പൂര്‍ണമാവുകയുള്ളൂ എന്നും മനസ്സിലായി.

പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഗാഡ്ഗില്‍ കമ്മിറ്റി  കൃത്യമായി പറഞ്ഞിരുന്നു. താങ്കള്‍ അതിലെ അംഗവുമാണല്ലോ. എന്നാല്‍, കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്ത് അതിനെതിരെ കര്‍ഷകരുടെ പേരുപറഞ്ഞ് കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍  രംഗത്തുവരികയും ആ കമ്മിറ്റി തന്നെ ആ റിപ്പോര്‍ട്ട് നടപ്പിലാക്കാതിരിക്കുകയുമുണ്ടായി. യഥാര്‍ഥത്തില്‍ ആ റിപ്പോര്‍ട്ട് കര്‍ഷകവിരുദ്ധമായിരുന്നോ?

പശ്ചിമഘട്ടത്തെക്കുറിച്ച പഠനങ്ങള്‍ക്കു ശേഷം ഞങ്ങള്‍ സമര്‍പ്പിച്ച ശിപാര്‍ശക്കെതിരെ വലിയ പ്രകടനങ്ങളായിരുന്നു അന്ന് അരങ്ങേറിയത്. റിപ്പോര്‍ട്ടില്‍ പറയുന്ന പ്രദേശങ്ങളിലെ പ്രകൃതിയെ ചൂഷണം ചെയ്തു ജീവിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഇതിനെതിരെ രംഗത്തുവന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അധികൃതര്‍ നീങ്ങുകയാണെങ്കില്‍ ഈ പരിസ്ഥിതിലോല പ്രദേശങ്ങളിലെ മരങ്ങള്‍ മുറിക്കുന്നതും അനധികൃതമായി ഭൂമി ഇടപാടുകള്‍ നടത്തുന്നതും ക്വാറി പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കേണ്ടിവരും. അങ്ങനെ വന്നാല്‍, പ്രകൃതിയെ വിറ്റു ജീവിക്കുന്ന മാഫിയകള്‍ പ്രതിസന്ധിയിലാവും. യഥാര്‍ഥത്തില്‍ പശ്ചിമഘട്ട മേഖലകളിലെ കര്‍ഷകരെയല്ല, പ്രകൃതിചൂഷകരെയാണ് റിപ്പോര്‍ട്ട് ബാധിക്കുക. 
ഏതാണ്ട് ഇതേ സമയത്താണ് ഒരു ബിഷപ്പ് ഞങ്ങളുടെ റിപ്പോര്‍ട്ടിനെതിരെ ഒരു ഇടയ ലേഖനം പുറത്തിറക്കിയത്. ബിഷപ്പ് എന്ന പദവിയെ തന്നെ തരംതാഴ്ത്തുന്ന തരത്തില്‍ യാഥാര്‍ഥ്യത്തിന്റെ കണിക പോലും ആ ഇടയ ലേഖനത്തിലുണ്ടായിരുന്നില്ല. മേഖലയില്‍ ഗാഡ്ഗിലിനെതിരെ വലിയ  പ്രതിഷേധങ്ങള്‍ തന്നെ രൂപം കൊള്ളുന്നതില്‍ അത് വലിയ പങ്കു വഹിച്ചു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളും ഗാഡ്ഗിലിനെതിരെ തിരിഞ്ഞു. ഈ അവസരത്തില്‍ ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ കനത്തു. എന്നെയും ഗാഡ്ഗിലിനെയും അവിടെ കാലുകുത്താന്‍ സമ്മതിക്കുകയില്ല എന്നു വരെ അവര്‍ പ്രഖ്യാപിച്ചു. റിപ്പോര്‍ട്ടിനെതിരെ ഇടയ ലേഖനമെഴുതിയ ബിഷപ്പിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അദ്ദേഹത്തെക്കൊണ്ട് മറ്റാരൊക്കെയോ എഴുതിപ്പിച്ചതാണ് ആ ഇടയ ലേഖനമെന്ന ധാരണയായിരുന്നു എനിക്ക്. ബിഷപ്പുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു. പല രാഷ്ട്രീയക്കാരുമായി സംസാരിച്ചു. സത്യാവസ്ഥ വ്യക്തമാക്കിയപ്പോള്‍ അവര്‍ പിന്തുണക്കാമെന്ന് സമ്മതിച്ചെങ്കിലും കാര്യത്തോടടുത്തപ്പോള്‍ അവരെല്ലാം ഇതിനെ എതിര്‍ക്കുകയാണുണ്ടായത്. ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ടുവെച്ച റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിലെ പ്രകൃതിക്കു മാത്രമല്ല, അവിടങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ക്കും അവരുടെ കൃഷിക്കും ജീവിത സൗകര്യങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന കാര്യം അവര്‍ മനസ്സിലാക്കിയിരുന്നില്ല. അത് മനസ്സിലാക്കി തുടങ്ങിയപ്പോഴേക്കും തെരഞ്ഞെടുപ്പ് വരികയും എല്ലാം കുഴഞ്ഞുമറിയുകയും ചെയ്തു. 

ഗാഡ്ഗിലിനു ബദലായി  നിയമിക്കപ്പെട്ടതാണല്ലോ കസ്തൂരിരംഗന്‍ കമ്മിറ്റി. ഈ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ എങ്ങനെ നോക്കിക്കാണുന്നു?

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ മറ്റൊരു സമിതിയെ നിയോഗിച്ചത് ആശങ്കയുയര്‍ത്തി. കസ്തൂരിരംഗന്‍ അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ്. പക്ഷേ അദ്ദേഹം ബഹിരാകാശ ശാസ്ത്രജ്ഞനാണ്, പ്രകൃതി ശാസ്ത്രജ്ഞനല്ല. എന്നാല്‍ ഗാഡ്ഗില്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ മാധവ് ഗാഡ്ഗില്‍ പ്രകൃതിസ്‌നേഹിയും ലോകപ്രശസ്തനായ പ്രകൃതി ശാസ്ത്രജ്ഞനുമാണ്. ഒരുപാട് സര്‍വകലാശാലകളില്‍ ജോലി ചെയ്ത അനുഭവസമ്പത്തുമുണ്ട്. കസ്തൂരിരംഗന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ അതീവ വിദഗ്ധനാണ്. അക്കാരണത്താല്‍  അദ്ദേഹം ഇന്ത്യന്‍ ബഹിരാകാശ സാങ്കേതികവിദ്യയുടെ ഡയറക്ടര്‍ ആയി നിയമിക്കപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി അദ്ദേഹത്തിന്റെ കേന്ദ്ര വിഷയം അല്ലാത്തതിനാല്‍ തന്നെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതങ്ങളെ കൃത്യമായി മനസ്സിലാക്കാതെയാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പൂര്‍ണമായി തള്ളിയില്ലെങ്കിലും 80 ശതമാനത്തോളം വിപരീത നിലപാടാണ് പുലര്‍ത്തിയത്. 

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എത്രമാത്രം പ്രായോഗികമായിരുന്നു? പശ്ചിമഘട്ട മേഖലകളില്‍ കുടിയേറി വന്ന ബഹുഭൂരിപക്ഷം ജനങ്ങളെ ഒഴിപ്പിക്കാതെ അത് നടപ്പിലാക്കുക സാധ്യമായിരുന്നോ?

ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ടുവെച്ച ഒരു സുപ്രധാന നിര്‍ദേശം, പശ്ചിമഘട്ടത്തിന്റെ 67 ശതമാനം ഭൂപ്രദേശവും ഇ.എസ്.എ (ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ) അഥവാ, പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ബാക്കിയുള്ള 33 ശതമാനം ഭാഗം മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം എന്നായിരുന്നു. 67 ശതമാനം എന്നത് വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ തുടങ്ങിയ സംരക്ഷിത മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇവയെയാണ് ESZ1  (ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണ്‍-1)-ല്‍ ഉള്‍പ്പെടുത്തി ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കി സംരക്ഷിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിച്ചത്. സോണ്‍ 2 -ല്‍ ചെറിയ രീതിയിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ സോണ്‍ ഒന്നിലോ രണ്ടിലോ ജനങ്ങളെ കുടിയൊഴിപ്പിക്കണം എന്ന നിര്‍ദേശം കമ്മിറ്റി മുന്നോട്ടു വെച്ചിട്ടില്ല. മറിച്ച് ജനങ്ങളെ നിലനിര്‍ത്തിക്കൊണ്ടുള്ള സംരക്ഷണം സാധ്യമാക്കുന്നതിലാണ് ഗാഡ്ഗില്‍ കമ്മിറ്റി താല്‍പര്യം പ്രകടിപ്പിച്ചത്. കര്‍ഷകര്‍ക്ക് കൃഷി നടത്താനുള്ള അനുമതി റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. പക്ഷേ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കരുതെന്ന നിര്‍ദേശം മുന്നോട്ടു വെച്ചു. മലയുടെ മുകളില്‍ വിഷം ഉപയോഗിച്ചാല്‍ അവ ഒഴുകി പുഴകളിലേക്കും താഴ്ഭാഗത്തുള്ള കൃഷിയിടങ്ങളിലേക്കും ജലസ്രോതസ്സുകളിലേക്കും എത്തുമെന്നതിനാല്‍ അവയുടെ ഉപയോഗം റിപ്പോര്‍ട്ട് കര്‍ശനമായി നിരോധിച്ചു. ഇതല്ലാതെ, ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തേ ഉണ്ടാക്കിയതാണ്, അത് മുഴുവന്‍ പാലിക്കണം എന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ. കൃഷി ചെയ്യുന്നവര്‍ക്ക് സഹായം ചെയ്യണം എന്ന് പറഞ്ഞിരുന്നു. അതായത് നാടന്‍ വിത്തുകള്‍ ഉപയോഗിച്ച് നാടന്‍ രീതിയില്‍ കൃഷി ചെയ്യാന്‍ തയാറുള്ള ആളുകള്‍ക്ക് സാമ്പത്തിക സഹായം കൊടുക്കണം. പലതരത്തിലുള്ള വിത്തുകള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നവര്‍ക്കും സാമ്പത്തിക സഹായം പറഞ്ഞിട്ടുണ്ട്. രണ്ടില്‍ കൂടുതല്‍ നാടന്‍ ഭക്ഷണം കഴിക്കാന്‍ കൊടുക്കുന്ന നാടന്‍ പശുക്കളെ വളര്‍ത്തുന്നവര്‍ക്ക്  ബയോഗ്യാസ് ഉല്‍പാദിപ്പിക്കുന്നതിനുള്ള സൗകര്യം കൊടുക്കാം എന്നും പറഞ്ഞിട്ടുണ്ടായിരുന്നു. ഇതിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള വിമര്‍ശനങ്ങളും തെറ്റിദ്ധാരണകളും ജനങ്ങളെ കബളിപ്പിക്കുന്നതായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി സ്വീകരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പശ്ചിമഘട്ടത്തില്‍ പശുവിനെ വളര്‍ത്താന്‍ കഴിയില്ല, ഇവിടെ നിങ്ങള്‍ക്കാര്‍ക്കും താമസിക്കാന്‍ പറ്റില്ല, നിങ്ങളെ ഇവിടെനിന്ന് ഇറക്കിവിടും, കൃഷി ചെയ്യാന്‍ പറ്റില്ല എന്നൊക്കെയായിരുന്നു അന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. അതാണ് ജനങ്ങളെ വിഷമിപ്പിച്ചത്. ജീവിതസൗകര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു വേണം ഏതു നടപടിയും സ്വീകരിക്കാന്‍ എന്നാണ് അതില്‍ ഞങ്ങള്‍ പ്രധാനമായും എഴുതിവെച്ചിട്ടുള്ളത്. അവരെ കുടിയൊഴിപ്പിക്കരുത് എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്.

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്കുള്ള പരിഹാരമായാണല്ലോ മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ പദ്ധതി പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടോ? എങ്കില്‍ നമ്മുടെ വൈദ്യുതി ക്ഷാമം എങ്ങനെ പരിഹരിക്കപ്പെടും?

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഞാന്‍ കോയമ്പത്തൂര്‍ സാലിം അലി സെന്ററിന്റെ ഡയറക്ടറായിരിക്കെ 2005-ലോ 2006-ലോ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഒരു കത്തയച്ചിരുന്നു. ഈ പദ്ധതി മൂലമുണ്ടായേക്കാവുന്ന മുഴുവന്‍ പ്രശ്‌നങ്ങളെക്കുറിച്ചും ആ കത്തില്‍ സൂചിപ്പിച്ചിരുന്നു. ശാസ്ത്രജ്ഞരടങ്ങുന്ന ഞങ്ങളുടെ സംഘം നടത്തിയ അടിയന്തര പഠനത്തില്‍ കണ്ടെത്തിയ വസ്തുതകള്‍ ഞാനിവിടെ പങ്കുവെക്കാം: അത്യപൂര്‍വ ഇനങ്ങളുള്‍പ്പെടെ വളരെയധികം ജൈവവൈവിധ്യമുള്ള മേഖലയാണ് ചാലക്കുടിപ്പുഴയുടെ തീരപ്രദേശത്തുള്ള കാടുകള്‍. സിംഹവാലന്‍ കുരങ്ങുകള്‍ പോലെയുള്ള ഒട്ടനവധി അപൂര്‍വജീവികളുടെ വാസസ്ഥലമാണ് ആ പ്രദേശം. ചാലക്കുടിപ്പുഴയുടെ വേറൊരു ഭാഗത്തും അത്തരം ഇടതൂര്‍ന്ന കാടുകള്‍ ഇല്ല. ആ മേഖലയിലുള്ള പല മത്സ്യവര്‍ഗങ്ങളും അവിടെ മാത്രം കണ്ടുവരുന്നവയാണ്. അതില്‍ പലതിനെയും ഞാനാദ്യമായി കാണുന്നതും അവിടെ വെച്ചാണ്. ആ കാടുകള്‍ അണകെട്ടി മുക്കിക്കളയുന്നത് ഒരു ഭീകരസംഭവമായിരിക്കും. ഈ ആവാസവ്യവസ്ഥയുടെ സംരക്ഷണം അതിനാല്‍തന്നെ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതെല്ലാം ഞാന്‍ നേരത്തേ പറഞ്ഞ കത്തില്‍ സൂചിപ്പിച്ചിരുന്നു. 
പദ്ധതി നടപ്പായാല്‍ ഉണ്ടായേക്കാവുന്ന കൃഷിനഷ്ടത്തെക്കുറിച്ച് കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്. പദ്ധതി നടപ്പായാല്‍ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കില്ലെന്നുള്ള പരാതികള്‍ വലിയ തോതില്‍ ഉയര്‍ന്നുവന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പദ്ധതിക്കെതിരായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ ആശയങ്ങള്‍ ആ പ്രദേശത്തെ നാട്ടുകാര്‍ ഏറ്റെടുക്കുകയും അത് വലിയൊരു മൂവ്‌മെന്റായി മാറുകയും ചെയ്തു. അതിരപ്പള്ളി പദ്ധതി ഒരുനിലക്കും അംഗീകരിക്കാനാവില്ല എന്നുതന്നെയാണ് അവരുടെയും നിലപാട്.
ഈ പഠന റിപ്പോര്‍ട്ടുകള്‍ വന്ന ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്നോളം ചര്‍ച്ചകള്‍ നടന്നിരുന്നു. പഞ്ചായത്ത്തല ചര്‍ച്ചയില്‍ ഒരാളൊഴികെ ബാക്കിയെല്ലാ പഞ്ചായത്ത് മെമ്പര്‍മാരും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം എന്നാണ് പറഞ്ഞത്. അതിനു ശേഷം നടന്ന പബ്ലിക് ഹിയറിംഗില്‍ (200 ലധികം ആളുകള്‍ അതില്‍ പങ്കെടുത്തുവെന്നാണ് ഓര്‍മ) വിഷയം സൂക്ഷ്മമായി വിശകലനം ചെയ്ത വി.ടി ബല്‍റാം എം.എല്‍.എ തന്റെ നിലപാട് അവിടെ വ്യക്തമാക്കിയിരുന്നു. അതിരപ്പള്ളിയില്‍ ഡാം കെട്ടുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനു ശേഷം വൈദ്യുതി വകുപ്പിലെയും കൃഷി വകുപ്പിലെയും ജിയോളജി വകുപ്പിലെയുമൊക്കെ ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചും ചര്‍ച്ച നടന്നിരുന്നു. എന്നാല്‍, തുടക്കം മുതല്‍ തന്നെ ചര്‍ച്ചയുടെ ഗതിക്ക് വിരുദ്ധമായ രീതിയിലായിരുന്നു ഉന്നതോദ്യോഗസ്ഥരടക്കമുള്ളവരുടെ നിലപാട്. കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത് 161 മെഗാവാട്ട് വൈദ്യുതിയാണെങ്കിലും പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പരമാവധി വൈദ്യുതി 25 മെഗാവാട്ടില്‍ കൂടില്ല എന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി സെക്രട്ടറി കൃത്യമായ കണക്കുകളോടെ സമര്‍ഥിച്ചപ്പോള്‍ വൈദ്യുതി വകുപ്പിന് മറുപടിയുണ്ടായിരുന്നില്ല. 
ഭാഗ്യവശാല്‍ അതിരപ്പള്ളി പദ്ധതി ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. അത് നടന്നിരുന്നെങ്കില്‍ അണക്കെട്ട് നിര്‍മാണത്തിനു തന്നെ 6000 കോടിയിലധികം രൂപ സംസ്ഥാന സര്‍ക്കാറിന് ചെലവ് വരികയും പ്രതീക്ഷിച്ചത്ര വൈദ്യുതി കിട്ടാത്തതുമൂലമുള്ള വൈദ്യുതിക്ഷാമമടക്കം വലിയൊരു സംഖ്യ നമുക്ക് നഷ്ടമാവുകയും ചെയ്യുമായിരുന്നു.
അണക്കെട്ട് കെട്ടിയാലും വൈദ്യുതിക്ഷാമം പരിഹരിക്കപ്പെടില്ല എന്നുറപ്പാണ്. മാത്രവുമല്ല ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകം മുഴുവന്‍ സോളാര്‍ ഉള്‍പ്പെടെയുള്ള പാരമ്പര്യേതര ഇന്ധനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. പാരമ്പര്യ ഇന്ധനങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു എന്നുവേണം കരുതാന്‍. ഇപ്പോള്‍ നമ്മുടെ സര്‍ക്കാറും ആ വഴിക്ക് കുറേശ്ശെയായി നീങ്ങിത്തുടങ്ങിയെന്നത് പ്രത്യാശ നല്‍കുന്നുണ്ട്.

ഇനി നമ്മള്‍ കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കി മുന്നോട്ടു പോയാല്‍തന്നെ, കേരളത്തിന്റെ ഇപ്പോഴത്തെ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണാവശ്യങ്ങള്‍ എങ്ങനെ പൂര്‍ത്തീകരിക്കപ്പെടും? നിര്‍മാണത്തിനാവശ്യമായ കല്ലുകള്‍, മണല്‍, മരം തുടങ്ങിയവ ലഭിക്കാതായാല്‍ അത് വികസനത്തെ ബാധിക്കില്ലേ? അപ്പോള്‍, കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുസൃതമായ വികസന കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുകയെന്നതല്ലേ നമുക്ക് ചെയ്യാനുള്ളത്? അങ്ങനെയെങ്കില്‍ എന്താണ് നിലവിലെ പരിസ്ഥിതിനയങ്ങള്‍ക്ക് ബദലായി താങ്കള്‍ക്ക് അവതരിപ്പിക്കാനുള്ളത്? അത് എത്ര മാത്രം പ്രായോഗികമാണ്?

ഒന്നാമതായി, വികസനം എന്താണെന്നുള്ളത് ജനങ്ങളുമായി കൃത്യമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. ഗവണ്‍മെന്റ് തലത്തില്‍ വളരെ വിശദമായി ചര്‍ച്ച ചെയ്തിട്ടുള്ള വിഷയമാണിത്. അതായത്, പ്രകൃതിയെ നശിപ്പിക്കാതെ എങ്ങനെ വികസനം സാധ്യമാക്കാം എന്നുള്ളത്. പ്രശ്‌നമെന്താണെന്നു വെച്ചാല്‍, വികസനമെന്നുള്ളതിന് കൃത്യമായ നിര്‍വചനമില്ല. ഇതിനെക്കുറിച്ച് പലസ്ഥലത്തും എഴുതിയിട്ടും സംസാരിച്ചിട്ടുമുണ്ട്. അവസാനമായി, ഈ വിഷയത്തില്‍ ഇക്കഴിഞ്ഞ ജനുവരി 4-ന് എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്തു. അതില്‍, ആദ്യ അധ്യായത്തില്‍ തന്നെ എന്താണ് വികസനം എന്ന് പറഞ്ഞിട്ടുണ്ട്. എല്ലാ വ്യക്തികള്‍ക്കും ശുദ്ധവായു, ശുദ്ധവെള്ളം, ശുദ്ധമായ മണ്ണ്, ശുദ്ധമായ ഭക്ഷണം, താമസിക്കാന്‍ വീട്, സോഷ്യല്‍ സെക്യൂരിറ്റി, ഫൈനാന്‍ഷ്യല്‍ സെക്യൂരിറ്റി, ജോബ് സെക്യൂരിറ്റി, ഹൗസിംഗ് സെക്യൂരിറ്റി, എല്ലാറ്റിനുമുപരി കുടുംബ സംതൃപ്തി. ഇവയെല്ലാം ഉറപ്പുവരുത്തുന്നവയാണ് വികസനം. എന്നാല്‍ ഇപ്പോള്‍ കണ്ടുവരുന്ന വികസനത്തില്‍ സാധാരണക്കാരന് വരുമാനം കുറയുന്നു, ധനികരുടെ സമ്പത്ത് വര്‍ധിച്ചുകൊണ്ടുമിരിക്കുന്നു.  ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ഒരുദിവസം ലഭിക്കുന്നത് ശരാശരി ഏകദേശം 32 രൂപയാണ്. ധനികരാകട്ടെ ഓരോ ദിവസവും കോടിക്കണക്കിന് രൂപ സ്വന്തമാക്കുന്നു. ധനികരും മറ്റു ജനങ്ങളും തമ്മില്‍ ഇത്രയും വലിയ അന്തരം നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. ഇവിടെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ എങ്ങനെ ഉറപ്പുവരുത്താം എന്നതാണ് വികസന കാര്യത്തില്‍ ആദ്യമായി ആലോചിക്കേണ്ടത്. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ കഴിഞ്ഞാല്‍ ആ സര്‍ക്കാര്‍ വിജയിച്ചു എന്ന് മനസ്സിലാക്കാം. എന്നാല്‍ ഇപ്പോഴത്തെ കേന്ദ്ര ഗവണ്‍മെന്റ് ധനികരെ വീണ്ടും വീണ്ടും ധനികരാക്കുക എന്ന നയമാണ് സ്വീകരിക്കുന്നത്. അവര്‍ക്ക് അനുകൂലമായിട്ടുള്ള ബജറ്റും നിയമങ്ങളുമാണ് കൊണ്ടുവരുന്നത്. ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള പരിസ്ഥിതി ആഘാത നിര്‍ണയ നിയമ ഭേദഗതി (2020) മുഴുവന്‍ സമ്പന്നരുടെയും വ്യാവസായിക വിപുലനം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്.
വികസനത്തെക്കുറിച്ച് പറയുമ്പോള്‍, ഒരു പഞ്ചായത്ത് വാര്‍ഡില്‍ തന്നെ ചെറിയ ചെറിയ ഡിവിഷനുകളുണ്ടാവും. ആ വാര്‍ഡിലുള്ള ജനപ്രതിനിധികളെ വിളിച്ച് അവരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന്  മനസ്സിലാക്കണം. സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരുടെ സമീപനത്തില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് വികസനം നടപ്പില്‍ വരുത്താന്‍ ആവശ്യം. ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രകൃതിയെ നശിപ്പിക്കാത്ത വികസനം കൊണ്ടുവരണമെന്നുള്ള നിശ്ചയദാര്‍ഢ്യത്തോടുകൂടി ചെയ്യേണ്ട ദൗത്യമാണത്. പ്രകൃതി നശിച്ചാലും കുഴപ്പമില്ല, ഞങ്ങള്‍ക്ക് ഞങ്ങളുടെ കാര്യങ്ങള്‍ നടത്തണം എന്ന നിലപാടാണെങ്കില്‍ നിവൃത്തിയില്ല! പ്രകൃതിയുടെയും ജനങ്ങളുടെയും പ്രശ്‌നങ്ങളെ ഒരുമിച്ച് എങ്ങനെ അഭിമുഖീകരിക്കാം എന്നാണ് നമ്മള്‍ നോക്കേണ്ടത്. കാരണം, പ്രകൃതിയില്ലെങ്കില്‍ മനുഷ്യനില്ല. അതിനാല്‍ ജനങ്ങളുടെ ആവശ്യമെന്താണെന്ന് നോക്കി, അതെത്ര ലഘൂകരിച്ച് നടപ്പില്‍ വരുത്താം എന്ന് അന്വേഷിക്കുക. 
ഉദാഹരണത്തിന്, ഒരു വീടു വെക്കുമ്പോള്‍ ആ വീട്ടില്‍ താമസിക്കുന്ന അംഗങ്ങളുടെ കണക്കനുസരിച്ച് വീടിന്റെ വലിപ്പം തീരുമാനിക്കണം. രണ്ടോ മൂന്നോ മക്കളുള്ള ഒരു കുടുംബത്തിന് 35000 സ്‌ക്വയര്‍ ഫീറ്റുള്ള വീടുകള്‍ അനുവദിച്ചുകൂടാ. പരമാവധി എത്ര വലുതായിരിക്കണമെന്ന് നമ്മള്‍ (ജനങ്ങള്‍) തീരുമാനിക്കണം. അങ്ങനെ വരുമ്പോള്‍ ഒരു വീടിനാവശ്യമായ പ്രകൃതി വിഭവങ്ങളുടെ ഉപഭോഗം താരതമ്യേന കുറയും. പരമാവധി പ്രകൃതി വിഭവങ്ങള്‍ കുറച്ചുകൊണ്ട് വീടുകള്‍ നിര്‍മിക്കാമല്ലോ.

പ്രവാസി തിരിച്ചുവരവിന്റെ ഭാഗമായുണ്ടായേക്കാവുന്ന വ്യാവസായിക നിക്ഷേപവര്‍ധനവിന്റെ ഭാരം താങ്ങാനുള്ള ശേഷി കേരളത്തിലെ പരിസ്ഥിതിക്കുണ്ടോ? അതിന്റെ ആഘാതങ്ങള്‍ കുറക്കാന്‍ നമുക്കെന്തൊക്കെ ചെയ്യാനാവും?

തീര്‍ച്ചയായിട്ടും പ്രവാസികള്‍ വരുമ്പോള്‍ അവര്‍ക്കിവിടെ ജോലി അത്യാവശ്യമാണ്. രണ്ട് കാര്യങ്ങളാണ് ഇതിലേറ്റവും പ്രധാനമായിട്ടുള്ളത്: ഒന്ന്, കേരളത്തിലെ ഏറ്റവും വലിയ വിഭവം, പ്രകൃതി തന്നെയാണ്. അതില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കാന്‍ പറ്റുന്ന മേഖല കൃഷിയും. കൃഷിക്കു നാം ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടിയിരിക്കുന്നു. അതിനാല്‍ കൃഷിയിലേക്കു അവരെ നയിക്കുകയാണ് വേണ്ടത്. അതിനാവശ്യമായിട്ടുള്ള ചുറ്റുപാടുകള്‍ ഉണ്ടാക്കിക്കൊടുക്കണം. സ്ഥലം വാങ്ങി കൃഷി ചെയ്യുകയോ, പാട്ടത്തിനെടുക്കുകയോ ചെയ്യാം. എന്നാല്‍ പാട്ടത്തിനെടുക്കുമ്പോള്‍ കൃത്യമായ നിബന്ധനകളോടെയും വ്യവസ്ഥകളോടെയും പ്രവര്‍ത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതൊരു പ്രായോഗിക രീതിയാണ്. നെല്ലായാലും പച്ചക്കറിയായാലും ജൈവ വളം ഉപയോഗിച്ച് തീരെ വിഷമില്ലാതെ ജനങ്ങള്‍ക്കെത്തിക്കാനും, ആളുകള്‍ക്ക് ചെയ്ത് കാണിച്ചുകൊടുക്കാനും, അവരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനും കഴിയണം. 
രണ്ടാമത്തേത് കുടില്‍ വ്യവസായമാണ്. പ്രകൃതിയെ നശിപ്പിക്കാത്ത രീതിയില്‍ കുറേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കണം. പശു, പോത്ത്, ആട്, പോലുള്ളവയെ വളര്‍ത്താം. രണ്ട് പ്രയോജനങ്ങള്‍ ഇതില്‍ നിന്ന് ലഭിക്കും. ഒന്ന്, അതില്‍നിന്ന് നേരിട്ട് കിട്ടുന്ന ആദായം. രണ്ട്, അതില്‍നിന്ന് കിട്ടുന്ന ചാണകം, മൂത്രം മുതലായവ ജൈവ വളങ്ങള്‍. ഇതെല്ലാം മാന്യമായ ജോലികളായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. കൃഷിക്കാരോടും കൃഷിയോടുമുള്ള പുഛഭാവത്തില്‍ മാറ്റം വരണം. കൃഷിക്കാര്‍ മണ്ണിന്റെ മക്കളാണ്. ഈ മണ്ണില്‍നിന്നുണ്ടാക്കി ഈ മണ്ണിലുള്ളവരെ ഊട്ടുന്നത് അവരാണ്. സമൂഹം അവര്‍ക്ക് വില കല്‍പ്പിക്കണം. അതുണ്ടാവണമെങ്കില്‍ ഉയര്‍ന്ന ആദായം അനിവാര്യമാണ്. ആ ആദായം കൂട്ടാനുള്ള വഴികളാണ് കാണിച്ചുകൊടുക്കേണ്ടത്. 'സുസ്ഥിര കേരളത്തിനൊരു ഹരിതരേഖ' എന്ന പുസ്തകത്തില്‍ ഇതു സംബന്ധിച്ച ഒരുപാട് ഞാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (38-40)
ടി.കെ ഉബൈദ്‌