ആത്മഹത്യയും മതബോധവും
കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത ഗുരുതരമായ സാമൂഹിക പ്രശ്‌നമായി വളരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിക്കുകയുണ്ടായി. താളം തെറ്റിയ കുടുംബ ജീവിതമാണ് ആത്മഹത്യക്ക് മുഖ്യ ഹേതുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. സാക്ഷര പ്രബുദ്ധ കേരളം ആത്മഹത്യയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യയില്‍. ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയിലധികമാണ് കേരളത്തിലെ ആത്മഹത്യാ നിരക്ക്. മാനസികാരോഗ്യത്തിന്റെ അഭാവമാണ് കേരളത്തില്‍ ആത്മഹത്യകള്‍ ഉയരാന്‍ കാരണമെന്ന് മനശ്ശാസ്ത്ര വിദഗ്ധര്‍ പറയുന്നു. മനോരോഗം മൂലമുള്ള ആത്മഹത്യകള്‍ ദേശീയ തലത്തില്‍ അഞ്ച് ശതമാനം മാത്രമാണെങ്കില്‍, കേരളത്തില്‍ ഇത് 14.3 ശതമാനമാണത്രെ. മലയാളിയുടെ സമനില തെറ്റിക്കുന്നതിലെ മുഖ്യ വില്ലന്‍ മദ്യവും മയക്കുമരുന്നുമാണ്. രാജ്യത്ത് മദ്യപാനികള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം എന്ന 'ബഹുമതി' കേരളം അടിച്ചെടുത്തിരിക്കുന്നു. ആത്മഹത്യകളുടെയും മറ്റനേകം കുറ്റകൃത്യങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന വില്ലന്‍ മദ്യ-മയക്കുമരുന്നുകളാണെന്ന യാഥാര്‍ഥ്യം പരക്കെ അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും ഈ സാമൂഹിക വിപത്തിനെതിരെ നാട് വാഴുന്നവര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ മടിച്ചുനില്‍ക്കുകയാണ്. 'കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത ഗുരുതരമായ സാമൂഹിക പ്രശ്‌നമായി വളരുകയാണെ'ന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും 'താളം തെറ്റിയ കുടുംബ ജീവിതമാണ് ആത്മഹത്യക്ക് മുഖ്യഹേതു'വെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും 'മദ്യപാനിയായ കുടുംബനാഥന്റെ ചെയ്തികള്‍ കണ്ട് വിറങ്ങലിച്ചുനില്‍ക്കുന്ന കുട്ടി നാളെ സമൂഹത്തിന് ആപല്‍ക്കരമായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ' എന്ന അദ്ദേഹത്തിന്റെ മുന്‍നിരീക്ഷണവും ഒരേ ബിന്ദുവിലാണ് സന്ധിക്കുന്നത്. കുട്ടികള്‍ മാത്രമല്ല, '90 ശതമാനം മദ്യപന്മാരുടെ ഭാര്യമാരും ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നു' എന്ന് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ രക്ഷിക്കുന്നതിന് രൂപം കൊണ്ട സംഘടനയായ 'ടോട്ടല്‍ റെസ്‌പോണ്‍സ് ടു ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് അബ്യൂസ്' (TADA) ഡയറക്ടര്‍ പറയുന്നു. തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി ഓര്‍ത്താണത്രെ അവര്‍ ആത്മഹത്യ ചെയ്യാതെ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്.
കെട്ടുറപ്പില്ലാത്ത സമൂഹങ്ങളിലാണ് ആത്മഹത്യാ നിരക്കുകള്‍ വര്‍ധിച്ചുകാണുന്നത്. സുദൃഢവും ആരോഗ്യകരവുമായ മാനുഷിക ബന്ധങ്ങളാണ് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. കുടുംബ ബന്ധങ്ങള്‍ ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നു. ഉത്തമ കുടുംബ ജീവിത വ്യവസ്ഥിതികള്‍ ഉള്ളിടത്ത് ആത്മഹത്യാ പ്രവണതകള്‍ കുറവാണെന്നു കാണാം. വ്യക്തികളെ സമൂഹവുമായി ബന്ധിപ്പിച്ചുനിര്‍ത്തിയിരിക്കുന്ന ചരടുകള്‍ അയഞ്ഞുതുടങ്ങുമ്പോള്‍ വ്യക്തിത്വ ശിഥിലീകരണം സംഭവിക്കുന്നു. വ്യക്തിക്ക് സമൂഹത്തില്‍നിന്ന് ആശ്വാസവും പ്രതീക്ഷയും ലഭിക്കാതെ വരുമ്പോള്‍ വന്‍തോതില്‍ വ്യക്തിശിഥിലീകരണം നടക്കുകയും അതിന്റെ മൂര്‍ധന്യത്തില്‍ അയാള്‍ക്ക് ആത്മഹത്യയാണ് പോംവഴിയെന്ന് തോന്നുന്നതിനിടയാവുകയും ചെയ്യുന്നുവെന്നാണ് മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ആധുനിക നാഗരികത മനുഷ്യബന്ധങ്ങളില്‍ വരുത്തിയിരിക്കുന്ന വ്യതിയാനവും മൂല്യങ്ങള്‍ക്ക് നേരിട്ട തകര്‍ച്ചയും ആത്മഹത്യയോട് ബന്ധപ്പെട്ടു നില്‍ക്കുന്നു. സുഖാഡംബര വസ്തുക്കള്‍ വിറ്റഴിക്കാന്‍ ഏത് അവിഹിത മാര്‍ഗവും അവലംബിക്കുന്ന ബഹുരാഷ്ട്ര കുത്തകകള്‍ മൂല്യത്തകര്‍ച്ചയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.
മതരഹിത സമൂഹങ്ങളിലാണ് ആത്മഹത്യ കൂടുതലായുള്ളതെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോകത്ത് നടക്കുന്ന ആത്മഹത്യകളില്‍ നാലില്‍ ഒന്ന് ചൈനയിലാണെന്ന വസ്തുത ഈ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചൈനയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് സ്ത്രീകളാണ്. അതിതീവ്ര വിഷാദ രോഗങ്ങള്‍ക്ക് അടിപ്പെട്ടവരും ഏറ്റവും കൂടുതല്‍ ആന്റി ഡിപ്രെസന്റ് മരുന്നുകള്‍ കഴിക്കുന്നതും മതരഹിത രാജ്യങ്ങളിലാണത്രെ. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മെന്റല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവിയായ ജോസ്മനോല്‍ ബെര്‍ട്ടലോട്ട് ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് നാസ്തികരില്‍ ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണെന്നാണ്. മുസ്‌ലിംകളിലാണ് ഏറ്റവും കുറഞ്ഞ ആത്മഹത്യാ നിരക്ക്. മുസ്‌ലിംകളില്‍ ഒരു ലക്ഷത്തില്‍ 0.1 ആണ് ആത്മഹത്യാ നിരക്കെങ്കില്‍, 0.1-ന്റെ സ്ഥാനത്ത് 25.6 ആണ് നാസ്തികരുടെ ആത്മഹത്യാ നിരക്ക്. പ്രായമായവര്‍ വിശ്വാസികളെങ്കില്‍ അവര്‍ കൂടുതല്‍ സന്തോഷവാന്മാരായി കാണപ്പെടുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ പേറുന്നവരിലും വിധവകളിലും രോഗം, വിവാഹമോചനം, തൊഴിലില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരിലും വിശ്വാസം അവര്‍ക്ക് താങ്ങായി മാറുന്നുവെന്നു കാണാം.
മതപരമായ കാര്‍ക്കശ്യം ആത്മഹത്യകള്‍ക്ക് കടിഞ്ഞാണിടുന്നതായി മനശ്ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് കുറവായി കാണുന്നത് മതപരമായ വിലക്ക് കൊണ്ടാണെന്നും ഭൗതിക പ്രശ്‌നങ്ങളുടെ പേരില്‍ ജീവനൊടുക്കിയാല്‍ ശാശ്വത വാസഗേഹമായ പരലോകം നഷ്ടപ്പെടുമെന്ന മതപരമായ രൂഢമൂല വിശ്വാസം ആത്മഹത്യക്ക് തടയിടുന്നുവെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൈക്യാട്രിക് വിഭാഗം മുന്‍ തലവന്‍ പറയുന്നു. സാമ്പത്തിക പരാധീനതയുള്ള പ്രദേശങ്ങളില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി പാശ്ചാത്യ പഠനങ്ങള്‍ തെളിയിക്കുന്നുവെന്നും, എന്നാല്‍ മലപ്പുറം ജില്ല മറ്റു ജില്ലകളെ അപേക്ഷിച്ച് ദരിദ്ര ജില്ലയായിരുന്നിട്ടും ഇവിടെ വിവാഹമോചനം കൂടുതലായിരുന്നിട്ടും ആത്മഹത്യാ നിരക്ക് കുറയുന്നത് ഈശ്വര പ്രാര്‍ഥനയും ഖുര്‍ആന്‍ ബോധനവും മൂലമാണെന്നും ഡോ. അലക്‌സാണ്ടര്‍ നിരീക്ഷിക്കുന്നു. നൂറ് ശതമാനം മുസ്‌ലിംകളുള്ള ലക്ഷദ്വീപില്‍ ഇതേവരെ ഒറ്റ ആത്മഹത്യയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പറയപ്പെടുന്നു. ആത്മഹത്യയില്‍ പോലും സ്ത്രീകളുടെ എണ്ണം കൂടിവരുമ്പോള്‍ ഇതിന് ഒരപവാദം മലപ്പുറം ജില്ലയാണെന്നും മുസ്‌ലിം സമുദായത്തില്‍ വികാരപരമായ സുരക്ഷിതത്വം കൂടുതല്‍ ഉണ്ടെന്ന് തെളിയുന്നുവെന്നുമാണ് പ്രസിദ്ധ കോളമിസ്റ്റ് ലീലാ മേനോന്റെ വിലയിരുത്തല്‍.
രോഗാതുരമായ മനുഷ്യമനസ്സിന്റെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ഫലപ്രദമായ നടപടികളാണ് കണ്ടെത്തേണ്ടത്. നഷ്ടമൂല്യങ്ങളുടെ വീണ്ടെടുപ്പിലൂടെ ധാര്‍മിക പുനഃസ്ഥാപനത്തിനുള്ള വഴികള്‍ ആരായേണ്ടതുണ്ട്. ജീവിതത്തിന് ലക്ഷ്യബോധമുണ്ടാവണം. നിസ്സാരങ്ങളായ ജീവിത പ്രശ്‌നങ്ങളെ വൈകാരികമായി സമീപിക്കുകയും ലാഘവ ബുദ്ധിയോടെ ജീവനൊടുക്കുകയും ചെയ്യുന്ന പ്രവണത വിവേകത്തിന്റെ മാര്‍ഗമല്ലെന്ന് തിരിച്ചറിയണം. ജീവിതം പൂമെത്തയല്ലെന്നും പ്രശ്‌നങ്ങളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് മുന്നേറുമ്പോള്‍ മാത്രമേ ജീവിതം സാര്‍ഥകമാവൂ എന്നും ഉത്തമ ബോധ്യം കൈവരിക്കാന്‍ കഴിയണം. മത്സര പരീക്ഷയില്‍ ഒരിക്കല്‍ തോറ്റുപോയാല്‍ ഇനി ഒരിക്കലും വിജയം തന്നെ പുല്‍കുകയില്ലെന്ന് ധരിക്കുന്നതും നിരാശനായി ജീവനൊടുക്കാന്‍ ശ്രമിക്കുന്നതും വങ്കത്തമാണ്. ആത്മവിശ്വാസം കൈവിടാതെ ശ്രമം തുടര്‍ന്നാല്‍ വിജയം കൈവരിക്കാനായെന്നു വരാം. അഥവാ പരാജയം തന്നെയാണെന്നു വന്നാലോ! പരിഹാരം ജീവിതത്തില്‍നിന്നുള്ള ഒളിച്ചോട്ടമല്ല തന്നെ. ഒരുവഴി അടയുമ്പോള്‍ മറ്റൊരു വഴി തുറന്നെന്നു വരാം. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുമ്പോള്‍ ഭൂമിയില്‍ തന്നെപ്പോലെ കഷ്ടപ്പെടുന്നവര്‍ ആരുമില്ലെന്ന് വിധിയെഴുതരുത്. നിങ്ങളേക്കാള്‍ കഷ്ടപ്പെടുന്നവര്‍ ഭൂമിയില്‍ നൂറുകണക്കിലുണ്ടെന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൂടാ. ഭൗതികലോകത്ത് തന്നേക്കാള്‍ ദുരിതമനുഭവിക്കുന്നവരെക്കുറിച്ച് അല്‍പനേരം ചിന്തിച്ചുനോക്കൂ. തന്നേക്കാള്‍ താഴെയുള്ളവരെക്കുറിച്ച് ചിന്തിക്കാന്‍ പഠിപ്പിച്ച പ്രവാചക പുംഗവന്റെ അധ്യാപനം എന്തുമാത്രം മനഃശാസ്ത്രപരമല്ല! പ്രയാസം നേരിടുന്നവന്‍ തെറ്റിദ്ധരിക്കേണ്ടതില്ല; താന്‍ എന്നെന്നും ദുരിതക്കയത്തില്‍ മുങ്ങിക്കൊണ്ടിരിക്കുമെന്ന്. എല്ലാ ഓരോ പ്രയാസത്തിനു പിറകെയും എളുപ്പമുണ്ടെന്ന വിശുദ്ധ ഖുര്‍ആന്റെ പ്രവചനം ജീവിതത്തെക്കുറിച്ച പ്രതീക്ഷ നല്‍കുന്നതാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സുണ്ടായാല്‍ നിരാശ അവനെ തൊട്ടുതീണ്ടുകയില്ല.
ആത്മഹത്യാ പ്രതിരോധത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവര്‍, രോഗത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ശ്രമിച്ചേ പറ്റൂ. മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും അത് ആഘോഷമാക്കുന്നതും രാഷ്ട്രീയവല്‍ക്കരിക്കുന്നതും വിപരീത ഫലമേ ചെയ്യൂ. ആത്മഹത്യക്ക് സാമ്പത്തിക തലം മാത്രമല്ല, മാനസിക തലം കൂടിയുണ്ടെന്ന് നാമറിയണം. സുഭിക്ഷതയുടെ നടുവിലും സാക്ഷാല്‍ക്കരിക്കപ്പെടാത്ത സ്വപ്‌നങ്ങള്‍ ആത്മഹത്യാ നിരക്ക് വര്‍ധിപ്പിച്ച അനുഭവം ചരിത്രത്തിലുണ്ടായിട്ടുണ്ട്. ചരിത്രം ആവര്‍ത്തിക്കുന്നുമുണ്ട് സംഭവലോകത്ത്. ആത്മഹത്യ പ്രശ്‌നപരിഹാരമല്ലെന്ന തിരിച്ചറിവ് സമൂഹത്തില്‍ രൂഢമൂലമാവേണ്ടതുണ്ട്. ഉപഭോഗ സംസ്‌കാരത്തിന്റെ നീരാളിപ്പിടിത്തത്തിന് മനുഷ്യനെ വിധേയമാക്കാന്‍ പാടുപെടുന്ന ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ മനം മയക്കുന്ന പരസ്യപ്രചാരണ കോലാഹലങ്ങള്‍ക്ക് വിരാമം കുറിക്കണം. ആരോഗ്യകരമായ കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കണം. മദ്യ-മയക്കുമരുന്നുകളുടെ വ്യാപനം തടയണം. സമൂഹത്തില്‍ ശോഷണം വന്നുകൊണ്ടിരിക്കുന്ന മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിലൂടെ ജീവിതത്തെ ഗൗരവപൂര്‍വമായി നോക്കിക്കാണുന്ന മനോഭാവം വളര്‍ത്തിയെടുക്കണം. ഭരണകര്‍ത്താക്കളും ഭരണീയരുമടങ്ങുന്ന സമൂഹത്തിലെ സര്‍വരുടെയും കൂട്ടായ യജ്ഞം കൊണ്ടേ പ്രശ്‌നപരിഹാരം സാധ്യമാവൂ.
അറബിയെ തിരസ്‌കരിക്കുമ്പോള്‍
ഡോ. ബദീഉസ്സമാന്‍ വിശകലനം ചെയ്ത, കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ വിദ്യാഭ്യാസ നയം (ലക്കം 3165) ചില പൊതു നന്മകളില്‍ ഉള്ളതാണെന്ന് തോന്നുമെങ്കിലും, പതിവുപോലെ മുസ്‌ലിം താല്‍പര്യങ്ങളുടെ ബോധപൂര്‍വമായ തിരസ്‌കരണം ഉള്‍ക്കൊള്ളുന്നതാണ്. മദ്‌റസാ വിദ്യാഭ്യാസത്തോടുള്ള നയമാണ് അതിലൊന്ന്. ഇന്ത്യന്‍ സംസ്‌കാരവുമായി അഗാധ ബന്ധമുണ്ട് അറബി ഭാഷക്ക്. ഗുജറാത്തും കേരളവുമൊക്കെ നൂറ്റാണ്ടുകളായി ആത്മബന്ധം നിലനിര്‍ത്തിയിരുന്ന അറബി ഭാഷയെ പൂര്‍ണമായും ഒഴിവാക്കിയാണ് മറ്റു വിദേശ ഭാഷകള്‍ക്ക് മാത്രം പരിഗണന നല്‍കിയത്.
നാസിം, ഈരാറ്റുപേട്ട
Comments