ഗംഗയില്‍ നിന്ന് സംസമിന്റെ ശാദ്വലത്തിലേക്ക്
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടു മാത്രമാണ് ഹിന്ദു മതത്തില്‍ ജനിച്ച എനിക്ക് ഇസ്‌ലാമിന്റെ സന്മാര്‍ഗ പാതയില്‍ എത്തിച്ചേരാനായത്. ഇസ്‌ലാം നല്‍കി അനുഗ്രഹിച്ചതിനു പുറമെ മഹത്തായ പലതും നാഥന്‍ എനിക്ക് ഒരുക്കിത്തന്നിട്ടുമുണ്ട്. അടിസ്ഥാന സ്രോതസ്സുകളായ ഖുര്‍ആന്‍, ഹദീസ് എന്നിവയെ സംബന്ധിച്ച് പഠനം നടത്താന്‍ സാധിച്ചുവെന്നതാണ് അതില്‍ പ്രധാനം. ജീവിതാവസാനം വരെ ആ പ്രവൃത്തി തുടര്‍ന്നുകൊണ്ടിരിക്കും. ആ പഠനം നിരവധി ഗ്രന്ഥരചനകള്‍ക്ക് നിമിത്തമായി. അതില്‍ അവസാനത്തേത് 12 വാള്യങ്ങളിലായി പുറത്തിറങ്ങിയ നബിയുടെ സ്വീകാര്യയോഗ്യ(സ്വഹീഹ്)മായ മുഴുവന്‍ ഹദീസുകളും ക്രോഡീകരിച്ച അല്‍ജാമിഉല്‍ കാമില്‍ എന്ന ഗ്രന്ഥമാണ്. ഹദീസുകള്‍ അനുസരിച്ച് ഏതൊരാള്‍ക്കും ഇസ്‌ലാമിക ജീവിതം നയിക്കാന്‍ കഴിയുന്ന വിധമാണ് അതിന്റെ ഉള്ളടക്കമെന്ന സവിശേഷതയും പ്രസ്തുത ഗ്രന്ഥത്തിനുണ്ട്. വിവിധ ഗ്രന്ഥങ്ങളിലായി പരന്നുകിടന്ന 50,000-ലധികം നബിവചനങ്ങളില്‍നിന്ന് ആറ്റിക്കുറുക്കിയെടുത്ത പതിനാറായിരത്തി എണ്ണൂറ് നബിവചനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഹദീസുകള്‍ സംബന്ധമായി മുസ്‌ലിം ലോകത്ത് അനേകം ഗ്രന്ഥങ്ങളുണ്ടെങ്കിലും സ്വഹീഹ് മാത്രം ക്രോഡീകരിച്ച അപൂര്‍വ സംരംഭമാണിത്. 20 വര്‍ഷമെടുത്ത് 170 അടിസ്ഥാന ഗ്രന്ഥങ്ങളെ അവലംബമാക്കിയാണ് ഈ ഗ്രന്ഥത്തിന്റെ രചന പൂര്‍ത്തീകരിച്ചത്. പിന്നീട് വീണ്ടും മൂന്ന് വര്‍ഷം കൂടി ഗവേഷണം നടത്തി ഗ്രന്ഥം നവീകരിച്ചപ്പോള്‍ അത് 18 വാള്യങ്ങളായി വര്‍ധിച്ചിട്ടുണ്ട്.
1943-ല്‍ അഅ്‌സംഗഢില്‍ ജനിച്ച ഞാന്‍ 1960- ലാണ് ഇസ്‌ലാം സ്വീകരിച്ചത്. അന്ന് 17 വയസ്സാണ് പ്രായം. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ 'ദീനെ ഹഖ് (സത്യ മതം) എന്ന കൃതിയാണ് എനിക്ക് പ്രഥമ വെളിച്ചമേകിയത്. അതില്‍ കണ്ട, 'അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം ഇസ്‌ലാം മാത്രമാകുന്നു' എന്ന ഖുര്‍ആനിലെ ആലു ഇംറാന്‍ അധ്യായത്തിലെ 19-ാം സൂക്തത്തെക്കുറിച്ച പരാമര്‍ശം എന്നെ ഏറെ സ്വാധീനിച്ചു. ആ പ്രസ്താവം വളരെ ആശ്ചര്യകരമായി എനിക്ക് തോന്നി. മറ്റ് മതങ്ങള്‍ എന്തുകൊണ്ട് ദൈവത്തിങ്കല്‍ സ്വീകാര്യമല്ല എന്നായിരുന്നു ആലോചന. 'ഗീത' പഠിക്കുമ്പോള്‍ അതില്‍ കാണാന്‍ കഴിഞ്ഞത്, ഏത് രൂപേണ ആരാധന നടത്തിയാലും എന്നിലാണ് നിങ്ങള്‍ എത്തിച്ചേരുക എന്ന് ദൈവം പറയുന്നതായിട്ടാണ്. അതിനാല്‍ ദൈവത്തിലെത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്, അവയൊക്കെയും മോക്ഷമാര്‍ഗവുമാണ് എന്ന ധാരണയിലായിരുന്നു. അതേപ്പറ്റി വേദപണ്ഡിതരുമായി ആശയവിനിമയം നടത്തി. മറുവശത്ത് ഇസ്‌ലാം പഠനവും തുടര്‍ന്നു. ആ താരതമ്യത്തില്‍നിന്ന് ഞാന്‍ പിന്തുടരുന്ന മതം കേവലം ചില ആചാരങ്ങളും അന്ധവിശ്വാസങ്ങളുമാണെന്നും ശക്തമായ അടിത്തറ അതിന് ഇല്ലെന്നുമാണ് മനസ്സിലായത്. വല്ലതിനെയും ആരാധിച്ചാലും ഇല്ലെങ്കിലും, ഒരു ശക്തിയെ ആരാധിച്ചാലും അനേകം ശക്തികളെ ആരാധിച്ചാലുമെല്ലാം ഹിന്ദു തന്നെ. രാമനെയും കൃഷ്ണനെയും പറ്റി ഹിന്ദു പണ്ഡിതരോട് ചരിത്രപരമായ തെളിവ് തേടിയപ്പോള്‍ അമൂര്‍ത്തമായൊരു സിദ്ധാന്തമായാണ് ജന്മമതത്തെ മനസ്സിലാക്കാനായത്. അതിനിടയില്‍ ഹിന്ദിയില്‍ ഖുര്‍ആന്‍ പഠിക്കാനുള്ള കൂടുതല്‍ സാധ്യതയും തുറന്നുകിട്ടി. അങ്ങനെയാണ് ഗംഗയുടെ തീരത്തു നിന്ന് സംസമിന്റെ ഓരം പുല്‍കാന്‍ അവസരമുണ്ടായത്.
ഇസ്‌ലാം സ്വീകരണാനന്തരം യു.പിയില്‍ താമസിക്കുന്നത് പ്രയാസം നിറഞ്ഞതായി. ഒരാള്‍ ഇസ്‌ലാമിലേക്ക് വരുന്നത് അസ്‌ക്യതയോടെ കാണുന്ന സമൂഹമായിരുന്നു. ആ സംഘര്‍ഷങ്ങളില്‍നിന്ന് മുക്തനാവാന്‍ ഒന്നര വര്‍ഷം പല നഗരങ്ങളില്‍ മാറി മാറി താമസിക്കേണ്ടിവന്നു. പിന്നെയാണ് തെക്കേ ഇന്ത്യയിലെ ഉമറാബാദ് ജാമിഅ ദാറുസ്സലാമില്‍ എത്തിച്ചേരുന്നത്. അവിടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടക്ക് അറബി ഭാഷയില്‍ നന്നായി വ്യുല്‍പത്തി നേടി. 1966-ല്‍ മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെത്തി അവിടെ ശരീഅഃ കോളേജില്‍ നാലു വര്‍ഷത്തെ പഠനം. പഠനാനന്തരം വിവിധ ജോലിസാധ്യതകള്‍ മുമ്പില്‍ തെളിഞ്ഞെങ്കിലും തുടര്‍ പഠനത്തിനായിരുന്നു ആഗ്രഹം.
അങ്ങനെ ഗവേഷണ പഠനത്തിന് മക്ക ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയില്‍ പ്രവേശം നേടി. പ്രവാചകാനുചരന്‍ അബൂഹുറയ്‌റ(റ)യെ സംബന്ധിച്ചായിരുന്നു ബിരുദാനന്തര ബിരുദത്തിന് തീസിസ് സമര്‍പ്പിച്ചത്. നാലു വര്‍ഷം മാത്രം നബിക്കൊപ്പം താമസിച്ച ഒരാള്‍ എങ്ങനെ 5370-ലധികം നബിവചനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും അത് അസാധ്യമാകയാല്‍ നബിയുടെ പേരില്‍ കള്ളം പറയുകയാണ് ആ സ്വഹാബി ചെയ്തിട്ടുള്ളത് എന്നുമായിരുന്നു പ്രതിയോഗികളുടെ ആരോപണം. ഇതിന് മറുപടി നല്‍കാനുള്ള ഗവേഷണമായിരുന്നു. ഹദീസിന്റെ ആശയ ഉള്ളടക്ക(മത്ന്‍)ത്തിലല്ല, പ്രത്യുത നിവേദക പരമ്പര(സനദ്)യിലാണ് എണ്ണം വര്‍ധിക്കുന്നതെന്നാണ് കണ്ടെത്താനായത്. അദ്ദേഹം റിപ്പോര്‍ട്ട് ചെയ്ത 5370 ഹദീസുകളെ സംക്ഷേപിച്ചാല്‍ 1500 ഹദീസുകളായി അവ ചുരുക്കാനാവുമെന്നും കണ്ടെത്തി. മറ്റു പ്രവാചകാനുചരര്‍ കൃഷി, കച്ചവടം തുടങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടി പ്രവാചകന്റെ സമീപത്തു നിന്ന് ദിവസങ്ങളോളം മാറിനില്‍ക്കാറുണ്ടായിരുന്നുവെങ്കില്‍ രാപ്പകല്‍ നബിക്കൊപ്പം കഴിഞ്ഞ അബൂഹുറയ്‌റക്ക് ഇത് സാധ്യമാകുമെന്നാണ് പഠനം മുഖേന സ്ഥാപിച്ചത്. അത് അക്കാലത്ത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഗവേഷണ പഠനമായി സ്വീകാര്യത നേടുകയുമുണ്ടായി.
ശേഷം മുസ്‌ലിം വേള്‍ഡ് ലീഗില്‍ ഉയര്‍ന്ന ഉദ്യോഗം ലഭിച്ചു. എന്നാല്‍ വീണ്ടും ഹദീസ് പഠന മേഖലയിലേക്കും അധ്യാപക ജീവിതത്തിലേക്കും ഇറങ്ങി നടക്കുകയായിരുന്നു. എന്തുകൊണ്ട് ഹദീസ് വിജ്ഞാന രംഗത്തേക്ക് പ്രത്യേകം തിരിഞ്ഞുവെന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്. കാരണമുണ്ട്. മക്കയില്‍ ഗവേഷണ പഠനത്തിന് ചേരുമ്പോള്‍ തഫ്‌സീര്‍ (ഖുര്‍ആന്‍ വ്യാഖ്യാനം), ഹദീസ് (പ്രവാചകവചന പഠനം), അഖീദഃ (ആദര്‍ശ പഠനം) ഇതില്‍ ഏതു വിഷയവും തെരഞ്ഞെടുക്കാന്‍ ചോയ്‌സുണ്ട്. പ്രവാചക ജീവിതവുമായി കൂടുതല്‍ അടുത്തുനില്‍ക്കാന്‍ കഴിയുമെന്നതിനാല്‍ ഹദീസ് പഠന മേഖല തെരെഞ്ഞെടുക്കുകയായിരുന്നു. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് അവലംബമായി ഖുര്‍ആന്‍ ഞങ്ങളുടെ കൈവശമുണ്ട്, അഖീദയില്‍ ഞങ്ങള്‍ക്ക് ഒട്ടും സംശയമില്ല, എന്നാല്‍ നബിവചനങ്ങള്‍ക്ക് അവലംബിക്കാവുന്ന സമഗ്രവും (ജാമിഅ) സമ്പൂര്‍ണവും (കാമില്‍) ആയ ഏത് ഗ്രന്ഥമാണുള്ളത് എന്ന രീതിയില്‍ ആളുകള്‍ അന്വേഷിക്കുന്നതും ശ്രദ്ധയില്‍പെട്ടു. അതിനാലാണ് ജീവിതം നബിവചനങ്ങളുടെ പഠനത്തിനായി തിരിച്ചുവെച്ചതും മറ്റാരും ചെയ്യാത്ത സമഗ്രവും സമ്പൂര്‍ണവുമായ ഒരു ഗ്രന്ഥപരമ്പരയുടെ പിറവിക്ക് വഴിയൊരുങ്ങിയതും.
വിവ: റഫീഖുര്‍റഹ്മാന്‍
Comments