Prabodhanm Weekly

Pages

Search

2020 സെപ്റ്റംബര്‍ 11

3167

1442 മുഹര്‍റം 23

സഫലം, വൈവിധ്യമാര്‍ന്ന ഈ വൈജ്ഞാനിക യാത്ര

സുഹൈബ് ഹസന്‍ മദനി മുബാറക്പൂരി

കഴിഞ്ഞ അറഫാ ദിനത്തിലാണ് ആ ദുഃഖവാര്‍ത്ത ഞങ്ങളെ തേടിയെത്തിയത്. പ്രമുഖ ഹദീസ് വിശാരദനായ അല്ലാമാ ഡോ. മുഹമ്മദ്  സിയാഉര്‍റഹ്മാന്‍ അഅ്‌സമി ഈ ലോകം വിട്ടുപോയിരിക്കുന്നു. അല്ലാഹു അദ്ദേഹത്തെ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. യു.പിയിലെ അഅ്‌സം ഗഢില്‍ ഒരു ഹിന്ദു കുടുംബത്തിലായിരുന്നു ജനനം. ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പുള്ള പേര് ബേങ്ക ലാല്‍ എന്നായിരുന്നു. ചെറുപ്പത്തില്‍ ഇസ്‌ലാമിനോട് വെറുപ്പായിരുന്നു. അഅ്‌സംഗഢിലെ ശിബ്‌ലി കോളേജില്‍ (ദാറുല്‍ മുസ്വന്നിഫീന്റെ സമീപമാണിത്) പഠിക്കുമ്പോള്‍ ഉസ്താദ് മൗദൂദിയുടെ 'ദീനെ ഹഖ്' എന്ന കൃതി ആരോ അദ്ദേഹത്തിന് വായിക്കാന്‍ നല്‍കി. അതിന്റെ വായന 1960-ല്‍ അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷത്തിന് നിമിത്തമായി. അത് വലിയ കോലാഹലങ്ങളുണ്ടാക്കി. നാട്ടുകാരില്‍നിന്നും ബന്ധുക്കളില്‍നിന്നും ഒളിച്ച് കഴിയേണ്ടിവന്നു. അര്‍ഹര്‍ (അൃവമൃ) പയര്‍തോട്ടത്തില്‍ മറഞ്ഞിരുന്ന് നമസ്‌കാരം നിര്‍വഹിക്കേണ്ടിവന്നു. അന്നാട്ടിലെ  സാത്വികനായ ഹകീം അയ്യൂബ് സാഹിബ് എന്നറിയപ്പെട്ടിരുന്ന അയ്യൂബ് നദ്‌വി ഈ ചെറുപ്പക്കാരനെ തെക്കേ ഇന്ത്യയിലെ പ്രശസ്ത ഇസ്‌ലാമിക കലാലയമായ ഉമറാബാദ് ദാറുസ്സലാമിലേക്ക് പറഞ്ഞയച്ചു. അവിടെനിന്ന്  ഫദീല ബിരുദം നേടി. പിന്നെ 1966-ല്‍ മദീനാ യൂനിവേഴ്‌സിറ്റിയിലെ ശരീഅ കോളേജില്‍ ചേര്‍ന്ന് ബിരുദമെടുത്തു. 'അബൂഹുറയ്‌റ തന്റെ നിവേദനങ്ങളുടെ വെളിച്ചത്തില്‍' എന്ന പ്രബന്ധം തയാറാക്കി മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം. ഈജിപ്തിലെ അല്‍ അസ്ഹറില്‍നിന്നായിരുന്നു ഡോക്ടറേറ്റ്; 'പ്രവാചകന്റെ വിധിതീര്‍പ്പുകള്‍' എന്ന ഇബ്‌നു ത്വലാഇന്റെ പുസ്തകത്തെ അധികരിച്ചുള്ള പഠനത്തിന്. റാബിത്വതുല്‍ ആലമില്‍  ഇസ്‌ലാമി സെക്രട്ടറിയുടെ ഓഫീസില്‍ മുഖ്യ ചുമതലക്കാരനായി കുറച്ചു കാലം. പിന്നെയാണ് മദീനാ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപനം തെരഞ്ഞെടുത്തത്. പഠിപ്പിക്കുക മാത്രമല്ല, വിദ്യാര്‍ഥികളുടെ ഗവേഷണ പഠനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. അവിടത്തെ ഹദീസ് കോളേജിന്റെ പ്രിന്‍സിപ്പലായി. ജോലിയില്‍നിന്ന് പിരിയുന്നതു വരെ ആ സ്ഥാനത്ത് തുടര്‍ന്നു. മസ്ജിദുന്നബവിയില്‍ ബുഖാരിയും മുസ്‌ലിമും ക്ലാസ്സെടുക്കാറുണ്ടായിരുന്നു.  സാമൂഹിക, സാംസ്‌കാരിക മേഖലകളിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. സുഊദി അറേബ്യക്ക് അകത്തും പുറത്തും നിരവധി സമ്മേളനങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. ഒട്ടനവധി ആധികാരിക പഠനങ്ങളും, അറബിയിലും ഹിന്ദിയിലും ഉര്‍ദുവിലുമായി ധാരാളം പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.
അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍:
1. അബൂഹുറയ്‌റ ഫീ ളൗഇ മര്‍വിയ്യാത്തിഹി (അബൂഹുറയ്‌റ തന്റെ നിവേദനങ്ങളുടെ വെളിച്ചത്തില്‍). മാസ്റ്റര്‍ ബിരുദത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ട പ്രബന്ധമാണിതെന്ന് നേരത്തേ പറഞ്ഞു. ഈ പ്രമുഖ സ്വഹാബിവര്യന്‍ നിവേദനം ചെയ്ത നൂറ് ഹദീസുകളുടെ ആഴത്തിലുള്ള വിശകലനമാണിത്. ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ അബൂഹുറയ്‌റക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയും പറയുന്നു. ഇതില്‍ അദ്ദേഹം സ്വീകരിച്ചിരിക്കുന്ന വിശകലന ശൈലി വൈജ്ഞാനിക വൃത്തങ്ങളില്‍ വലിയ സ്വീകാര്യത നേടുകയുണ്ടായി. ഇതിനെ ആസ്പദിച്ച് മറ്റു പലരുടെയും രചനകള്‍ പിന്നീടുണ്ടായി. ഹി. 1418-ല്‍ ഈ കൃതി പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി.
2. ഇബ്‌നു ത്വലാഅ് ഖുര്‍ത്വുബിയുടെ അഖഌയതു റസൂലില്ലാഹ് (നബിയുടെ വിധിപ്രസ്താവങ്ങള്‍) എന്ന കൃതിയെ ആസ്പദിച്ചുള്ള പഠനം.  അല്‍ അസ്ഹറില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ച പ്രബന്ധം കൂടിയാണിത്. മുഹമ്മദു ബ്‌നു മുഹമ്മദ് അബൂ ശഹ്ബ എന്ന പണ്ഡിതന്റെ മേല്‍നോട്ടത്തിലായിരുന്നു പഠനം. അത് പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങളും കുറിപ്പുകളും  ഉള്‍പ്പെടുത്തി പുസ്തകത്തിന്റെ മൂന്നാം എഡിഷന്‍ ഹി. 1421-ല്‍ പുറത്തിറങ്ങി. പാകിസ്താനിലെ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും വേണ്ടി ഇത് ഉര്‍ദുവിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ലാഹോറില്‍ 1987-ലും 1991-ലും 2002-ലും ഇതിന്റെ പതിപ്പുകള്‍ ഇറങ്ങുകയുണ്ടായി.
3- അല്‍ മദ്ഖലു ഇലസ്സുനനില്‍ കുബ്‌റാ. ഇമാം ബൈഹഖിയുടെ ഹദീസ് സമാഹാരത്തിന്റെ പ്രവേശിക എന്ന പേരിലുള്ള ഈ കൃതിയില്‍ മുഖ്യമായും സംശോധനയാണ് സിയാഉര്‍റഹ്മാന്‍ നിര്‍വഹിച്ചിരിക്കുന്നത്. ഇതിന്റെ രണ്ടാം പതിപ്പ് ഹി. 1420-ല്‍ പുറത്തിറങ്ങി. ഇതിന്റെ ഉര്‍ദു പരിഭാഷ 1992-ല്‍ ലാഹോറില്‍ പ്രസിദ്ധീകരിച്ചു.
4. അല്‍ മിന്നത്തുല്‍ കുബ്‌റാ. ഇമാം ബൈഹഖിയുടെ അസ്സുനനുസ്സ്വുഗ്‌റാ എന്ന കൃതിയുടെ വ്യാഖ്യാനവും ആ ഹദീസുകളുടെ ഉറവിടമന്വേഷണ(തഖ്‌രീജ് )വുമാണിത്. തഖ്‌രീജിനോടൊപ്പം ഓരോ ഹദീസിലും ഉള്ളടങ്ങിയിരിക്കുന്ന നിയമവിധികളും അതേ സംബന്ധിച്ച് പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നു. പ്രബലാഭിപ്രായങ്ങള്‍ ഏതൊക്കെയെന്നും വ്യക്തമാക്കിയിരിക്കും.
5. ദിറാസാതുന്‍ ഫില്‍ ജുര്‍ഹിവത്തഅ്ദീല്‍. ഹദീസ് നിവേദകരുടെ യോഗ്യതകളും അയോഗ്യതകളും പഠനവിധേയമാക്കുന്ന വൈജ്ഞാനിക ശാഖയില്‍ അദ്ദേഹം നടത്തിയ അന്വേഷണങ്ങളാണ് ഈ കൃതിയില്‍. ഇതിന്റെ ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് എഴുതുന്നു: ''ജുര്‍ഹ് വത്തഅ്ദീലില്‍ ഞാന്‍ നടത്തിയ പഠനങ്ങളുടെ സമാഹാരമാണിത്. ആധികാരിക കൃതികളെ അവലംബിച്ചാണ് ഇത് തയാറാക്കിയിരിക്കുന്നത്. പുതിയൊരു തരത്തില്‍ അവയെ ക്രമീകരിക്കുകയും ചെയ്തിരിക്കുന്നു. സൂക്ഷ്മവും ഒട്ടൊക്കെ നിഗൂഢവുമായ ഈ ജ്ഞാനശാഖയെ പഠിക്കാനൊരുങ്ങുന്ന ഗവേഷകര്‍ക്ക് വഴി എളുപ്പമാക്കാനാണ് അങ്ങനെ ചെയ്തിരിക്കുന്നത്. ഹദീസ് ലക്ചറുകള്‍ നടത്തുന്ന സന്ദര്‍ഭങ്ങളില്‍ പ്രാമാണിക ഹദീസ് വിശാരദന്മാരുടെ സാങ്കേതിക പ്രയോഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്കോ ആധുനിക സങ്കേതങ്ങള്‍ ഹദീസ് പണ്ഡിതന്മാര്‍ക്കോ മനസ്സിലാവുന്നില്ല എന്ന് തോന്നിയപ്പോഴാണ് ഈ പുതുരീതിയെക്കുറിച്ച് ഞാന്‍ ആലോചിച്ചത്.''  1403/1983-ല്‍ ബനാറസിലെ ജാമിഅ സലഫിയ്യ  പ്രസ് ആണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. ഹി. 1419-ല്‍ ഇതിന്റെ നാലാം പതിപ്പ് പുറത്തിറങ്ങി.
6. അമാലി ബ്‌നു മര്‍ദവൈഹി (മരണം ഹി. 410) സമാഹരിച്ച ഹദീസുകളുടെ സംശോധന. തന്റേതായ പഠന കുറിപ്പുകളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിന്റെ ആദ്യ പ്രസാധനം ഹി. 1410-ല്‍.
7. മുഹമ്മദ് ഹയാത്ത് സിന്ധി(മരണം ഹി. 1163)യുടെ ഫത്ഹുല്‍ ഗഫൂര്‍ അലാ വള്ഇല്‍ അയ്ദീ അലസ്സുദൂര്‍ എന്ന കൃതിയുടെ പഠനവും സംശോധനയും. ഇതിന്റെ മൂന്നാം എഡിഷന്‍ ഹി. 1419-ല്‍.
8. അത്തമസ്സുകു ഫിസ്സുന്നത്തി ഫില്‍  അഖാഇദി വല്‍ അഹ്കാം. വിശ്വാസകാര്യങ്ങളിലും നിയമങ്ങളിലും നബിചര്യ മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന കൃതി. ആദ്യ പതിപ്പിറങ്ങിയത് ഹി. 1417-ല്‍. ഉര്‍ദു പരിഭാഷ ഹി. 1418-ല്‍ പുറത്തിറങ്ങി.
9. മുഅ്ജമു മുസ്വ് ത്വലഹാത്തില്‍ ഹദീസ് വ ലത്വാഇഫില്‍ അസാനീദ്.  ഹദീസ് സാങ്കേതിക ശബ്ദങ്ങളുടെ നിഘണ്ടുവാണിത്. ഹി. 1425-ല്‍ പ്രസിദ്ധീകരണം. ഇതിന്റെ ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് എഴുതുന്നു: ''ഹദീസ് സാങ്കേതിക സംജ്ഞകളെ കുറിച്ച പഠന കുറിപ്പുകളാണിത്. സനദുകളെ സംബന്ധിച്ച സൂക്ഷ്മ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അറബി അക്ഷരമാലാ ക്രമത്തിലാണ് വിഷയങ്ങള്‍ വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്. ഹദീസ് വിജ്ഞാനീയത്തില്‍ വേണ്ടത്ര വ്യുല്‍പ്പത്തി നേടിയിട്ടില്ലാത്ത ധാരാളം ഗവേഷകരുടെയും വിദ്യാര്‍ഥികളുടെയും ആവശ്യം പരിഗണിച്ചാണ് ഇങ്ങനെയൊരു കൃതി എഴുതാമെന്ന് തീരുമാനിക്കുന്നത്. ഈ വിഷയകമായി ധാരാളം ആധികാരിക സ്രോതസ്സുകള്‍ നിലവിലുള്ളതിനാല്‍ ഇങ്ങനെയൊരു കൃതി ആവശ്യമുണ്ടോ എന്ന് ഞാന്‍ പലതവണ സംശയിച്ചുനിന്നിട്ടുണ്ട്. ഞാന്‍ യാത്രയിലായിരിക്കുമ്പോഴായിരിക്കും ഇതു സംബന്ധമായ പല ചോദ്യങ്ങളും വരിക. അവക്കെല്ലം തൃപ്തികരമായ മറുപടി നല്‍കാനുള്ള ഒരു കൃതി നിലവിലില്ലെന്ന് എനിക്ക് ബോധ്യമായി. അങ്ങനെയാണ് വിവിധ കൃതികളില്‍ ചിതറിക്കിടക്കുന്ന ഹദീസ് സാങ്കേതിക വിജ്ഞാനങ്ങള്‍ ഒറ്റ കൃതിയില്‍ സമാഹരിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്.''
10. ബുഹൂസുന്‍ മുതനവ്വിഅ ഫീ ഫിഖ്ഹിസ്സുന്ന. ഈ നബിചര്യാ പഠനങ്ങള്‍ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ മാഗസിനിലാണ് ആദ്യമായി അച്ചടിച്ചു വന്നത്. ഇതിലധികവും തുര്‍ക്കിഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
11. അല്‍ യഹൂദിയ്യത്തു വന്നസ്വ്‌റാനിയ്യ (ജൂത മതവും ക്രിസ്തുമതവും). ആദ്യമായി അച്ചടിച്ചത് ഹി. 1409-ല്‍.
12. ഫുസ്വൂലുന്‍ ഫീ അദ്‌യാനില്‍ ഹിന്ദ് (ഹിന്ദു, ജൈന, ബുദ്ധ, സിഖ് എന്നീ ഇന്ത്യന്‍ മതങ്ങളെക്കുറിച്ച പഠനമാണിത്). ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്  ഹി.1417-ല്‍. തന്റെ ആദ്യകാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹിന്ദു മതത്തിലെയും മറ്റു മതങ്ങളിലെയും വിശ്വാസക്രമങ്ങളെ വിശകലനം ചെയ്യുകയാണ് ഈ കൃതി. ഇതും തൊട്ടു മുമ്പ് പറഞ്ഞ കൃതിയും ചേര്‍ത്ത് ഹി. 1422-ല്‍ ഒറ്റ കൃതിയായി പുറത്തിറങ്ങുകയുണ്ടായി. 'മുഹമ്മദ് നബിയെക്കുറിച്ച പ്രവചനങ്ങള്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍' എന്നൊരു പുതിയ അധ്യായവും ഇതില്‍ എഴുതിച്ചേര്‍ക്കുകയുണ്ടായി.
13. ഖുര്‍ആന്റെ പ്രബോധനം. ഹിന്ദി ഭാഷയില്‍ മുസ്‌ലിംകളല്ലാത്തവരെ ഉദ്ദേശിച്ച് രചിക്കപ്പെട്ട കൃതിയാണിത്.
14. അര്‍റാസി വ തഫ്‌സീറുഹു (റാസിയും അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനവും).
15. ഖുര്‍ആന്‍ എന്‍സൈക്‌ളോപീഡിയ (ഹിന്ദിയില്‍). ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദല്‍ഹിയിലെ ഫ്രീ വേ അക്കാദമി 2018-ല്‍ പ്രസിദ്ധീകരിച്ചു.
16. ഖുര്‍ആന്‍ കീ ശീതള്‍ ഛായ (ഹിന്ദി). 1977-ല്‍ ഡല്‍ഹിയില്‍ പ്രസിദ്ധീകരിച്ചു.
17. അല്‍ജാമിഉല്‍ കാമില്‍ ഫില്‍ ഹദീസിസ്സ്വഹീഹിശ്ശാമില്‍. സ്വഹീഹെന്നും ഹസനെന്നും (പ്രബലമായവ) സ്ഥിരപ്പെട്ട ഹദീസുകള്‍ പ്രധാന ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് സമാഹരിച്ചത്. മുവത്വ, മുസ്വന്നഫാത്ത്, മസാനീദ്, ജവാമിഅ, സ്വിഹാഹ്, സുനന്‍ ഇങ്ങനെ പല സ്വഭാവത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീസുകളില്‍ ആശയം കൊണ്ടും നിവേദനം കൊണ്ടും പ്രബലമായവയാണ് ഇതില്‍ ഇടം കണ്ടെത്തുക. ഫിഖ്ഹീ അധ്യായക്രമത്തിലാണ് ക്രോഡീകരണം. പന്ത്രണ്ട് വാള്യങ്ങളായി രിയാദിലെ ദാറുസ്സലാം 2016-ല്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ സമാഹാരത്തെ ഡോ. സിയാഉര്‍റഹ്മാന്റെ വൈജ്ഞാനിക യാത്രയുടെ രത്‌നച്ചുരുക്കം എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-35 / ഫാത്വിര്‍- (38-40)
ടി.കെ ഉബൈദ്‌