ഇന്ത്യ 19
ഇന്ത്യ
നടന്നു
കൊണ്ടേയിരിക്കുന്നു
രാജാക്കന്മാര്‍
തിന്നു
കൊണ്ടേയിരിക്കുന്നു
ജനം
കിതച്ചു
കൊണ്ടേയിരിക്കുന്നു
ജീവിതം
തെരുവിലാണ്
പിഞ്ചുമക്കള്‍
കഫന്‍ പുടവകള്‍ക്ക്
കാവലിരിക്കുകയാണ്
ഖബ്‌റുകള്‍
അകം നിറയ്ക്കാന്‍ ആ
റെയില്‍ പാളങ്ങളിലേക്ക്
കുടിയേറുകയാണ്
ദേശവും വംശവും
അനീതിയുടെ
ജനാധിപത്യ ചാപ്പയാണ്.
അപ്പം ചോദിക്കുമ്പോള്‍
പ്രതിമ കൊണ്ട്
വിശപ്പടക്കാന്‍ പറയുന്നു
മേല്‍ക്കൂര ചോദിക്കുമ്പോള്‍
കാല്‍മണ്ണ് വാരി
അപരന്
കപ്പം കൊടുക്കുന്നു
അറിവും നിറവും
കവര്‍ന്നെടുത്ത്
രാമനെ
രണ്ടു രൂപക്ക് വില്‍ക്കുന്നു
സംസ്‌കാരങ്ങളുടെ
ബലിച്ചോറുണ്ണാന്‍
ബുദ്ധിജീവികള്‍
ബലിക്കാക്കകള്‍ക്കായി
വാവിട്ട് വിളിക്കുന്നു
മനുഷ്യനെ തേടി
ഡയോജനീസ് 1
തെരുവ് തെണ്ടുന്നു
ദൈവത്തെ തേടി
മനുഷ്യര്‍
ഗുഹാവാസികളുടെ 2
ഗഹ്വരങ്ങള്‍ തേടുന്നു
എന്നിട്ടും
ഈ ഉണങ്ങിയ വയറും
മെലിഞ്ഞൊട്ടിയ ദേഹവും
കുഴിഞ്ഞു പോയ കണ്ണും
ഏത്
ആധ്യാത്മികതയെയാണ്
അടയാളപ്പെടുത്തുന്നത്?
നിറം മങ്ങി
കാവിയായ പൂണൂലുകള്‍
ഏത്
ദൈവസങ്കീര്‍ത്തനങ്ങളെയാണ്
ആക്രോശിക്കുന്നത്
നിശ്ചയം,
'അല്ലയോ ഭൂമിയുടെ ഭാരങ്ങളേ,
നിങ്ങളെ വിചാരണ ചെയ്യാന്‍ അടുത്തുതന്നെ നാം ഒഴിഞ്ഞുവരുന്നുണ്ട്.'3
-----------------------------------
1. കത്തുന്ന നട്ടുച്ച വെയിലില്‍ ആതന്‍സ് നഗരവീഥികളിലൂടെ പന്തം കത്തിച്ചുപിടിച്ച് ഡയോജനീസ് നടന്നത് യഥാര്‍ഥ മനുഷ്യനെ തെരഞ്ഞായിരുന്നു.
2. ഡെസ്യൂസ് ചക്രവര്‍ത്തിയുടെ കാലത്ത്
ഈസാ നബിയുടെ അനുയായികളുടെ മേല്‍ കഠോരമായ മര്‍ദനങ്ങള്‍ ഏല്‍പിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ ദൈവവിശ്വാസ സംരക്ഷണത്തിന് ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു (സൂറ: അല്‍ കഹ്ഫ്:13).
3. സൂറ: അര്‍റഹ്മാന്‍ 31.
Comments