സ്വര്‍ഗീയാരാമങ്ങള്‍ സുന്ദരിയാക്കിയ പൗരാണിക ദല്‍ഹി
ലോക ചരിത്ര വേദികളില്‍ പൗരാണിക നിര്‍മിതികളുടെ ബാഹുല്യവും സൗന്ദര്യവും കൊണ്ട് ശ്രദ്ധ നേടിയ പ്രദേശമാണ് ദല്‍ഹിയെന്ന പഴയ ദഹ്‌ലി. മുസ്‌ലിം ഭരണ കാലത്തെ ദല്‍ഹി വിദേശീയരെ ആകര്‍ഷിച്ചത് അവരുടെ നിര്‍മിതികളില്‍ ഒളിപ്പിച്ചു വെച്ച വശ്യമനോഹര കലാവിഷ്‌കാരങ്ങള്‍ മാത്രമായിരുന്നില്ല, മറിച്ച് പ്രസ്തുത നിര്‍മിതികളെ ലോക നിലവാരശ്രേണിയിലേക്കുയര്‍ത്തി സുന്ദരമായ കാഴ്ചാനുഭവങ്ങള്‍ സമ്മാനിച്ച ഉദ്യാനങ്ങള്‍ കൂടിയായിരുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്ലിം ഭരണ പ്രദേശങ്ങളില്‍ ഉദ്യാനങ്ങള്‍ കൊണ്ട് പേരെടുത്ത നഗരങ്ങളിലൊന്നാണ് ദല്‍ഹി. 'സ്വര്‍ഗീയാരാമങ്ങള്‍' (Paradise Gardens) എന്ന പേരില്‍ പേര്‍ഷ്യന്‍ കലാവിഷ്‌കാരങ്ങളുടെ മുഴുവന്‍ സാധ്യതകളും സന്നിവേശിപ്പിച്ച്, അവയിലേക്ക് നോട്ടം പായിക്കുന്ന ഏതൊരാള്‍ക്കും കണ്‍കുളിര്‍മ നല്‍കുന്ന അവിശ്വസനീയ മാതൃകകള്‍ക്ക് വേദിയായ നഗരമാണ് ഇന്നത്തെ ദല്‍ഹി. മുസ്ലിം കാലത്തെ പ്രധാന പഠനശാഖ കൂടിയായി വളര്‍ന്നു വന്ന വിജ്ഞാന ശാഖയാണ് ഉദ്യാന നിര്‍മാണം (Horticulture). ഉദ്യാനത്തിന്റെ വലിപ്പം, അതിന്റെ വശങ്ങളിലൂടെ ഒഴുകുന്ന കൃത്രിമ നീര്‍ച്ചാലുകള്‍ സംവിധാനിക്കേണ്ട രീതിശാസ്ത്രം, കാലാവസ്ഥക്കനുസരിച്ച് നട്ടുവളര്‍ത്തേണ്ട പൂക്കളുടെ തൈകള്‍, തെരഞ്ഞെടുക്കേണ്ട മാനദണ്ഡം ഇവയെല്ലാം മുന്‍നിര്‍ത്തി അക്കാലത്ത് സൃഷ്ടിക്കപ്പെട്ട ഉദ്യാനങ്ങള്‍ സ്വര്‍ഗീയാരാമങ്ങള്‍ തന്നെയാണെന്ന് നിസ്സംശയം പറയാം. ഇന്ത്യാ ഉപഭൂഖണ്ഡം ഭരിച്ച എല്ലാ സുല്‍ത്താന്മാരും സൗന്ദര്യാസ്വാദകരും അവയെ പരിപോഷിപ്പിച്ചവരുമാണ്.
ഒരു കെട്ടിടം പേര്‍ഷ്യന്‍ വാസ്തുവിദ്യാ രീതിയില്‍ എത്ര ഭംഗിയാക്കാന്‍ മുഗളര്‍ പരിശ്രമിച്ചിരുന്നോ അതിനേക്കാള്‍ പല മടങ്ങ് ഉദ്യാന നിര്‍മാണത്തിലും അവയെ പരിപാലിക്കുന്നതിലും അവര്‍ ശ്രദ്ധ നല്‍കിയിരുന്നു. സില്‍ക്ക് റോഡ് വഴി ഇറാനുമായി നിരന്തരമായി നിലനിന്നിരുന്ന കൊടുക്കല്‍ വാങ്ങലുകള്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ മുഖഛായ തന്നെ മാറ്റിയെഴുതി. മുഗള്‍ ഉദ്യാനങ്ങള്‍ കണ്ട് ആസ്വദിക്കാന്‍ വരുന്ന സ്വദേശികളും വിദേശികളും ഇന്നും എണ്ണത്തില്‍ ഒട്ടും കുറവല്ല. കണ്ണുകളെ മടുപ്പിലേക്ക് തള്ളിവിടാതെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന മനോഹര ഉദ്യാനങ്ങള്‍, സ്‌പെയിനിലെ മുസ്ലിം അവശേഷിപ്പുകളില്‍ പ്രധാനപ്പെട്ട അല്‍ഹംറ പാലസും ഉദ്യാനവും കഴിഞ്ഞാല്‍ എടുത്തു പറയേണ്ടത് മുഗള്‍ ഉദ്യാനങ്ങളാണെന്ന വസ്തുത ഇവിടെ പറഞ്ഞുവെക്കട്ടെ.
ബ്രിട്ടീഷ് ഭരണാധികാരികള്‍ പോലും മുഗള്‍ കലാവിഷ്‌കാരങ്ങളെ പ്രശംസകള്‍ കൊണ്ട് മൂടിയിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് പോലും മുഗള്‍ ഉദ്യാനങ്ങളെ കൂടുതല്‍ സുന്ദരമാക്കാനും തങ്ങളുടേതായ ഗാര്‍ഡനിംഗ് രീതികള്‍ അവതരിപ്പിച്ച് അവയെ കൂടുതല്‍ ഭംഗിയാക്കാനും ശ്രമിച്ചതിന്റെ നേര്‍ച്ചിത്രങ്ങള്‍ ദല്‍ഹിയിലെ പുരാതന നിര്‍മിതികളില്‍ ഇന്നും കാണാം. പക്ഷേ ഇന്ന് സന്ദര്‍ശകര്‍ക്ക് ദല്‍ഹിയില്‍ വളരെ അപൂര്‍വമായി മാത്രം കാണാന്‍ സാധിക്കുന്ന നിര്‍മിതിയാണ് പൗരാണിക ഉദ്യാന മാതൃകകളായ മുഗള്‍ ഉദ്യാനങ്ങള്‍. പലതും ഇന്ന് നശിച്ചുപോവുകയോ കൈയേറ്റം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്.
ഉദ്യാനം ഇത്രയും വ്യവസ്ഥാപിതമായി സംവിധാനിക്കാന്‍ അവര്‍ ഉത്സാഹം കാണിച്ചതിനു പിന്നിലെ പ്രചോദനം എന്തായിരിക്കാം? അതിന് ഉത്തരം ലഭിക്കാന്‍ പരിശുദ്ധ ഖുര്‍ആനിലേക്ക് ഒരെത്തിനോട്ടം നടത്തിയാല്‍ മതിയാവും. ഏതൊരു മുസ്ലിം മത വിശ്വാസിയും കണ്ണ് കൊണ്ട് കാണാന്‍ ആഗ്രഹിക്കുന്ന, മനുഷ്യമനസ്സുകളെ പിടിച്ചിരുത്തുന്ന 'സ്വര്‍ഗ'മെന്ന ആ വലിയ ഉദ്യാനത്തെക്കുറിച്ച പരിശുദ്ധ വേദഗ്രന്ഥത്തിന്റെ വര്‍ണനകള്‍ തന്നെയാണ് ആ പ്രചോദനത്തിനു പിന്നിലെ രഹസ്യം. താഴ്ഭാഗത്തു കൂടി അരുവികളൊഴുകുന്ന ശാശ്വത സ്വര്‍ഗത്തെ 120-ല്‍പരം സ്ഥലങ്ങളിലാണ് ഖുര്‍ആന്‍ വര്‍ണിച്ചിരിക്കുന്നത്.
പ്രകൃതിയെ തന്നെയും ഒരു ഉദ്യാനമായി സങ്കല്‍പ്പിക്കാന്‍ മുസ്ലിം ഭരണാധികാരികള്‍ക്ക് കഴിഞ്ഞത് എങ്ങനെയെന്ന് മേല്‍ വിവരിച്ച വസ്തുതകളില്‍ നിന്ന് മനസ്സിലാക്കാം.
സ്വര്‍ഗീയാരാമങ്ങള്‍ എന്ന ആശയം (The concept of Paradise Garden) ദല്‍ഹി - മുഗള്‍ ഭരണകൂടങ്ങള്‍ ഭൂമിയില്‍ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി ഉയര്‍ന്നു വന്ന ഉദ്യാനങ്ങളാണ് ലാഹോറും ദല്‍ഹിയുമുള്‍പ്പെടെയുള്ള പ്രദേശങ്ങളെ ലോക പൈതൃക പട്ടികയിലേക്ക് അടുപ്പിച്ചത്. ജപ്പാന്‍, ബര്‍മ, ചൈന, നെതര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളുമായുള്ള കച്ചവട ബന്ധങ്ങള്‍ വഴിയുള്ള സംസ്‌കാര കൈമാറ്റങ്ങളും ദല്‍ഹിയിലെ ഉദ്യാന നിര്‍മാണങ്ങള്‍ക്ക് വളരെയേറെ പ്രചോദനമായി.
പേര്‍ഷ്യന്‍ ഉദ്യാനങ്ങളുടെ സവിശേഷത
രണ്ട് രീതിയിലുള്ള ഗാര്‍ഡനിംഗ് രീതികളാണ് പൊതുവെ മുഗള്‍ ഉദ്യാന വാസ്തുവിദ്യയില്‍ കാണാനാവുക. അതിലൊന്ന് രാജകൊട്ടാരവും രാജ്ഞി മന്ദിരങ്ങളും ഉദ്യാനങ്ങളാല്‍ അലങ്കരിച്ചിരിക്കുന്ന രീതിയാണ്. മറ്റൊന്ന് ശവകുടീരങ്ങള്‍ക്ക് ചുറ്റുമായി സംവിധാനിക്കപ്പെട്ട ഉദ്യാനങ്ങളാണ്. വ്യത്യസ്ത വലിപ്പത്തിലുള്ള വൃക്ഷങ്ങള്‍ കൂടി ഇത്തരത്തിലുള്ള ഉദ്യാനങ്ങളില്‍ കാണാം. മറ്റൊന്ന് അവക്കിടയിലൂടെ ഒഴുകുന്ന നീര്‍ച്ചാലുകളാണ്. പേര്‍ഷ്യന്‍ വാസ്തുവിദ്യയില്‍ ജലധാരകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ജലധാരകള്‍ (Nahara) മുഗള്‍ ഉദ്യാനങ്ങളില്‍ എടുത്തു പറയേണ്ട പ്രത്യേകതയാണ്. ജ്യാമിതീയ കലാ രൂപങ്ങളെ (Geometry) ഉദ്യാന നിര്‍മാണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി, അതു വരെയും രാജ്യം കണ്ടിട്ടില്ലാത്ത അന്യാദൃശമായ ആവിഷ്‌കാരങ്ങള്‍ ഉദ്യാന നിര്‍മാണ രംഗത്ത് കൊണ്ടു വന്നു. ദല്‍ഹിയിലെ വ്യത്യസ്ത മുസ്ലിം നിര്‍മിതികളില്‍ പുഷ്പങ്ങളുടെ മാതൃകയില്‍ കൊത്തുപണികള്‍ ചെയ്തലങ്കരിച്ച പള്ളികള്‍, ശവകുടീരങ്ങള്‍, കൊട്ടാരത്തിന്റെ പ്രധാന കവാടമാനങ്ങള്‍ തുടങ്ങിയവ ഇന്നും നമുക്ക് കാണാം. മുഗള്‍ കാലഘട്ടത്തില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളുടെ പുറംചട്ടയിലെ ശ്രദ്ധേയമായ ചിത്രീകരണങ്ങളധികവും ഉദ്യാനങ്ങളുമായി ബന്ധപ്പെട്ടതാണ്. 'ഗുലിസ്ഥാന്‍' (ഉദ്യാനം) എന്ന ആശയത്തെ ആസ്പഥമാക്കി നിരവധി ഗ്രന്ഥങ്ങളും പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതപ്പെട്ടിട്ടുണ്ട്.
സമകോണാകൃതിയില്‍ ഉദ്യാനങ്ങള്‍ സംവിധാനിക്കാന്‍ ആരംഭം കുറിച്ചത് മുഗള്‍ കാലത്താണ്. അതോടൊപ്പം എടുത്തു പറയേണ്ടതാണ്, വ്യത്യസ്ത നിറത്തിലും മണത്തിലും ഉദ്യാനങ്ങളെ സുഗന്ധപൂരിതമാക്കുന്ന പൂക്കളും ഔഷധ സസ്യങ്ങളും, ഒപ്പം ഉദ്യാനങ്ങളില്‍ എപ്പോഴും കണ്ടു വരുന്ന 'റോസ്' ചെടിയുടെ വ്യത്യസ്ത വകഭേദങ്ങളും. വിദേശ രാജ്യങ്ങളില്‍ നിന്ന് കൊണ്ടു വന്ന് നട്ടുപിടിപ്പിച്ച് വളര്‍ത്തിയെടുത്ത തുലിപ്പ് പുഷ്പങ്ങള്‍ക്ക് പ്രത്യേക പരിഗണന കൊടുത്തവരാണ് മുഗളന്മാര്‍. ലോകത്ത് തുലിപ്പ് പുഷ്പങ്ങള്‍ക്ക് പേരു കേട്ട രാജ്യമായ നെതര്‍ലന്റുമായി ഇന്ത്യാ ഉപഭൂഖണ്ഡം നിലനിര്‍ത്തിയിരുന്ന കച്ചവട ബന്ധങ്ങളെ സാധ്യതകളാക്കി മാറ്റാന്‍ മുഗള്‍ രാജാക്കന്മാര്‍ക്ക് കഴിഞ്ഞിരുന്നു. ഇന്ന് ഇന്ത്യയില്‍ തുലിപ്പ് പുഷ്പമേള സംഘടിപ്പിക്കപ്പെടുന്ന പ്രധാന സ്ഥലം കശ്മീറാണ്.
'ചാര്‍ ബാഗ്'
മുഗള്‍ കാലത്തെ സവിശേഷ ഉദ്യാന നിര്‍മാണ രീതിയാണ് 'ചാര്‍ ബാഗ്.' 'നാല് വശവും ഉദ്യാനത്താല്‍ ചുറ്റപ്പെട്ടത്' എന്നര്‍ഥം. ദല്‍ഹിയിലെ ഓരോ മുസ്‌ലിം നിര്‍മിതി സന്ദര്‍ശിക്കുമ്പോഴും അതില്‍ സന്ദര്‍ശകന്റെ കണ്ണുടക്കുമെന്ന് തീര്‍ച്ച. ദല്‍ഹി സുല്‍ത്താന്മാരേക്കാള്‍ നിര്‍മിതികളെ സൗന്ദര്യവത്കരിക്കുന്നതില്‍ മത്സരിച്ചവരാണ് മുഗളര്‍. അതുകൊണ്ടുതന്നെ മുഗള്‍ കാലഘട്ട നിര്‍മിതികളിലാണ് 'ചാര്‍ ബാഗ്'കള്‍ കൂടുതല്‍ കാണാന്‍ കഴിയുക. ശവകുടീരങ്ങള്‍, പള്ളികള്‍, രാജ്ഞിമാര്‍ക്കായി മാത്രം നിര്‍മിക്കപ്പെട്ട സൗധങ്ങള്‍, പള്ളിയറകള്‍, ദര്‍ബാറുകള്‍ തുടങ്ങിയവയുടെ നാലു വശവും സുന്ദരമായ ജലധാരകളാല്‍ സംവിധാനിക്കപ്പെട്ടിട്ടുള്ള ഉദ്യാനങ്ങള്‍ കാണാം. ഓരോ വശവും കൃത്യമായ അളവിലും, കണിശമായ ഉദ്യാന നിര്‍മാണ മാനദണ്ഡങ്ങള്‍ അനുസരിച്ചുമാണ് നിര്‍മിച്ചിട്ടുള്ളത്. ദല്‍ഹിയിലെ ഹുമയൂണ്‍ ടോമ്പ് ഉദാഹരണം. ഇന്ന് നിലവിലുള്ള പൗരാണിക മുസ്ലിം നിര്‍മിതികളില്‍ കേവല ശവകുടീര മാതൃകയില്‍ നിന്ന് വ്യത്യസ്തമായി സന്ദര്‍ശകര്‍ക്ക് നയനാനന്ദകരമായ വിരുന്നൊരുക്കുന്നു ദല്‍ഹിയിലെ 'താജ് മഹല്‍' എന്നറിയപ്പെടുന്ന ഹുമയൂണ്‍ ടോമ്പ്.
മെഹ്‌റോലിയില്‍ ഖുത്വ്ബ് മിനാര്‍ പണി കഴിപ്പിച്ച പ്രദേശവും തൊട്ടടുത്ത് തന്നെ വിശാലമായി സജ്ജീകരിക്കപ്പെട്ട മെഹ്‌റോലി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കും ഉദ്യാന സമ്പന്നമാണ്. തുഗ്ലക്ക് ഭരണാധികാരികളില്‍ പ്രമുഖനായ ഫിറോസ് ഷാ തുഗ്ലക്ക് ദല്‍ഹിയില്‍ മാത്രമായി നിര്‍മിച്ച ഉദ്യാനങ്ങള്‍ നിരവധിയാണ്. 1200 - ലധികം ഉദ്യാനങ്ങള്‍ ഫിറോസ് ഷാ തുഗ്ലക്ക് ദല്‍ഹിയില്‍ നിര്‍മിച്ചിട്ടുണ്ട്. ഫിറോസ് ഷാ കോട്ട്‌ല എന്ന പ്രദേശത്ത് അദ്ദേഹം നിര്‍മിച്ച കോട്ടയുടെ ചുറ്റുമുള്ള വിശാലമായ ഉദ്യാനങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഇന്നും കാണാം. അദ്ദേഹം തന്നെ നിര്‍മിച്ച 'ഹൗസ് ഖാസ്' നഗരവും ഉദ്യാനങ്ങളാല്‍ ചുറ്റപ്പെട്ടു നില്‍ക്കുന്നതു തന്നെയാണ്. ലോധി ഭരണകൂടത്തിന്റെ നിര്‍മിതികള്‍ കാണപ്പെടുന്ന പ്രദേശമാണ് ദല്‍ഹിയിലെ പ്രശസ്തമായ 'ലോധി ഗാര്‍ഡന്‍'. ഇവിടത്തെ പുല്ലണിഞ്ഞു കിടക്കുന്ന ചെറു കുന്നിന്‍ ചെരിവുകള്‍ ഏതൊരു സന്ദര്‍ശകന്റെയും മനം കവരും. ഉഡീര്‍ പാര്‍ക്ക്, നെഹ്റു പാര്‍ക്ക്, മറ്റനേകം ചെറുതും വലുതുമായ ഉദ്യാനങ്ങള്‍ ദല്‍ഹിയുടെ പല പ്രദേശങ്ങളിലും ഇന്ന് കാണാം. പുരാതന ദല്‍ഹിയിലെ ചെങ്കോട്ടയിലേക്ക് പ്രവേശിക്കുന്നതോടെ അവിടെയും ഓരോ ചെറിയ നിര്‍മിതിയുടെയും നാല് ഭാഗത്തും നീര്‍ച്ചാലുകള്‍ കൊണ്ടലംകൃതമായ ഉദ്യാനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നവയാണ്.
ദല്‍ഹിയിലെ 'മുഗള്‍ ഗാര്‍ഡന്‍'
ദല്‍ഹിയിലെ രാഷ്ട്രപതി ഭവനു ചുറ്റും ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഉദ്യാനം ഇന്നും അറിയപ്പെടുന്നത് 'മുഗള്‍ ഗാര്‍ഡന്‍ ' എന്നാണ്. ആ പേരിനൊപ്പം അലിഞ്ഞുപോയ സൗന്ദര്യഭാവങ്ങളെ അടര്‍ത്തിമാറ്റാന്‍ ബ്രിട്ടീഷ് ഭരണത്തിനു പോലും കഴിഞ്ഞിരുന്നില്ല. ദല്‍ഹിയിലെ രാഷ്ട്രപതി ഭവന് സമീപത്തായി 15 ഏക്കറില്‍ നിര്‍മിക്കപ്പെട്ട ഉദ്യാനമാണ് ദല്‍ഹിയിലെ 'മുഗള്‍ ഗാര്‍ഡന്‍.' എല്ലാ വര്‍ഷവും ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ പൊതുജനങ്ങള്‍ക്കായി മുഗള്‍ ഗാര്‍ഡന്‍ തുറന്നു കൊടുക്കാറുണ്ട്. വ്യത്യസ്ത പുഷ്പങ്ങളുടെ അത്യപൂര്‍വ കാഴ്ചാനുഭവം തന്നെയാണ് 'മുഗള്‍ ഗാര്‍ഡന്‍' സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. ഹെര്‍ബല്‍ ഗാര്‍ഡന്‍, സ്പിരിച്വല്‍ ഗാര്‍ഡന്‍, ബോന്‍സായി ഗാര്‍ഡന്‍, കാക്ടസ് ഗാര്‍ഡന്‍, നക്ഷത്ര ഗാര്‍ഡന്‍സ് എന്നിവ മുഗള്‍ ഗാര്‍ഡനില്‍ അതിസുന്ദരമായി സജ്ജീകരിച്ചിരിക്കുന്ന കാഴ്ചാനുഭവങ്ങളാണ്. ജമ്മു - കശ്മീരിലെ മുഗള്‍ ഉദ്യാനശൈലിയിലാണ് ഇതിന്റെ നിര്‍മാണം.120 - ലധികം വ്യത്യസ്ത ഇനം റോസാ പുഷ്പങ്ങള്‍, വിദേശത്ത് മാത്രം കണ്ടു വരുന്ന അപൂര്‍വമായ പുഷ്പങ്ങള്‍ തുടങ്ങിയവ മുഗള്‍ ഗാര്‍ഡന്റെ പ്രത്യേകതയാണ്. 1917-ലാണ് പ്രസ്തുത ഉദ്യാനത്തിന്റെ ഡിസൈനിംഗ് ബ്രിട്ടീഷുകാരനായ സര്‍ വില്യം ലച്ചന്‍സ് തയാറാക്കുന്നത്. പിന്നെയും വര്‍ഷങ്ങളെടുത്ത് ഏകദേശം 1928-'29 കാലഘട്ടത്തിലാണ് ഉദ്യാനത്തിലെ പ്ലാന്റിംഗ് നടന്നത്. ഇന്ന് വാസ്തുവിദ്യ പഠനശാഖയിലെ പ്രധാന മേഖലയായ ഹോര്‍ട്ടികള്‍ച്ചര്‍ സ്റ്റഡീസ്, ലോകത്ത് വിപുലമായ ഫാക്കല്‍റ്റികളോടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിജ്ഞാന ശാഖയാണ്.
പ്രൗഢിയുടെ മുഖമുദ്രയായി ദല്‍ഹി അണിഞ്ഞൊരുങ്ങി നിന്ന ആ സുവര്‍ണ കാലഘട്ടങ്ങള്‍ എന്നോ ദല്‍ഹിയില്‍ നിന്ന് മറഞ്ഞുപോയിരിക്കുന്നു. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പൈതൃക സമ്പത്തുക്കള്‍ നോക്കി നെടുവീര്‍പ്പിടാനേ ഇന്ന് കഴിയുന്നുള്ളൂ. ഇന്ത്യയിലെ ഉദ്യാന കലവറയായി അറിയപ്പെടുന്ന ദല്‍ഹിയുടെ ഇന്നിന്റെ ഈടുവെപ്പുകളുടെ കണ്‍വെട്ടത്തു നിന്ന് പതിയെ അകന്നുനീങ്ങുകയാണ് ദല്‍ഹി എന്ന സുന്ദരിയുടെ ആത്മാവ്.
ഉദ്യാന പരിപാലനം ഇസ്‌ലാമില്‍
ഇസ്‌ലാം ഉദ്യാന പരിപാലനത്തിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഇസ്ലാമിലെ പ്രകൃതി സങ്കല്‍പം പോലും ദൈവത്തിന്റെ സുന്ദരമായ നിര്‍മാണ വൈവിധ്യമാണ്. അപ്രകാരം തന്നെ ഇസ്ലാം മുന്നോട്ടു വെക്കുന്ന ഐക്യം/ ഏകത്വം (Unity), സൃഷ്ടിപ്പ് (Creation), ബഹുസ്വരത (Diversity), സമാധാനം (Peace), രഞ്ജിപ്പ് (Harmony), സന്തുലിതത്വം (Balance), ഉത്തരവാദിത്തം (Responsibility) തുടങ്ങിയ ആശയങ്ങള്‍ ഉദ്യാന നിര്‍മിതിയില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രപഞ്ചത്തെ ഇത്രയും സുന്ദരമാക്കി സംവിധാനിച്ച ദിവ്യാസ്തിത്വത്തെ ഇസ്ലാം മഹത്വപ്പെടുത്തുന്നത്, 'അല്ലാഹു സൗന്ദര്യവാനാണ്, അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു' എന്ന പ്രവാചക വചനത്തിലൂടെയാണ്.
ഇസ്ലാമിനെ മനസ്സിലാക്കാന്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭിക്കുന്ന മനോഹര അനുഭവങ്ങളായി ഈ ഉദ്യാനങ്ങളെ വിശേഷിപ്പിച്ചവരുണ്ട്. ഒരു തൈ നടുന്നതിന്റെ പ്രാധാന്യം വിവരിക്കുന്ന പ്രവാചകന്റെ വാക്കുകള്‍ വിശ്വാസിക്ക് നല്‍കുന്നത് ആത്മവിശ്വാസത്തിന്റെ മഹനീയ പാഠങ്ങളാണ്. ശാരീരിക- മാനസിക പ്രയാസങ്ങള്‍ക്ക് ഒരു പരിധി വരെയും ആശ്വാസദായകമായി വര്‍ത്തിക്കുന്ന ഉദ്യാനങ്ങള്‍, മനുഷ്യന്റെ ചിന്താമണ്ഡലങ്ങളെ ഉത്തേജിപ്പിക്കും. ദൈവമെന്ന പ്രപഞ്ച ശക്തിയെ അടുത്തറിയാനുള്ള അവസരമായും ആ അപൂര്‍വ നിമിഷങ്ങള്‍ മാറിയേക്കാം. ക്ഷമയുടെയും പ്രതീക്ഷയുടെയും വലിയ പാഠങ്ങള്‍ ഉദ്യാന പരിപാലനത്തിലൂടെ ഒരു വ്യക്തിയില്‍ ഉള്‍ച്ചേര്‍ന്നു വരുന്ന സ്വഭാവ ഗുണങ്ങളാണ്. ഒരു ചെടി നടുകയും വേണ്ട വിധം അതിനെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ഉദ്യാനപാലകന്റെ റോളിലാണ് ഈ പ്രപഞ്ചമെന്ന ഉദ്യാനത്തെ കാത്തു സൂക്ഷിക്കുന്ന ദൈവമെന്നിരിക്കെ, ആ വലിയ ശക്തിയില്‍ ഇനിയും വിശ്വസിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്തുണ്ട് ന്യായം?.
Comments