ഭീതിയില്‍ നിന്നും ദുഃഖത്തില്‍ നിന്നുമുള്ള മോചനം
കോവിഡാനന്തര ലോകത്തെക്കുറിച്ച ചര്‍ച്ചകള്‍ പരമ്പരാഗത മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. കുവൈത്തില്‍ നിന്നിറങ്ങുന്ന അല്‍മുജ്തമഅ് മാഗസിന്‍ (2020 മെയ് 1) 'കൊറോണയും ആഗോള മുന്‍ഗണനാക്രമത്തിന്റെ പുനഃപരിശോധനയും' എന്ന തലക്കെട്ടിലാണ് അതിന്റെ ഏറ്റവും പുതിയ കവര്‍ സ്റ്റോറി ചെയ്തിരിക്കുന്നത്. ആഗോള സാഹചര്യം, അറബ് ലോക സാഹചര്യം, ഭക്ഷണത്തിലും മരുന്നിലും പ്രതിരോധത്തിലുമുള്ള സ്വയംപര്യാപ്തത, ജനാധിപത്യത്തിനേല്‍പ്പിക്കുന്ന പരിക്കുകള്‍, പൊതുതാല്‍പ്പര്യം മുന്നില്‍ വെച്ചുള്ള ഇസ്‌ലാമിക / ഫിഖ്ഹീ പരികല്‍പ്പനകള്‍ എന്നിങ്ങനെ അഞ്ച് ശീര്‍ഷകങ്ങളിലായാണ് വരാനിരിക്കുന്ന ലോകത്തെ പത്രം വിശകലനം ചെയ്യുന്നത്. പാശ്ചാത്യ ലോകത്തോ ഇന്ത്യയിലോ നടക്കുന്ന ചര്‍ച്ചകള്‍ അതത് രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അല്‍പ്പം വ്യത്യസ്തമായ രീതിയിലാണ് നടന്നു കൊണ്ടിരിക്കുന്നത്. എങ്കിലും ചര്‍ച്ചാ വിഷയങ്ങളില്‍ വലിയ മാറ്റമൊന്നുമില്ല. രാഷ്ട്രീയ-സാമ്പത്തിക മേധാവിത്തം അമേരിക്കയുടെ കൈകളില്‍നിന്ന് ചൈന തട്ടിയെടുക്കുമോ, ദേശീയ ഭരണകൂടങ്ങള്‍ കൂടുതല്‍ സമഗ്രാധിപത്യപരമാവുമോ, വളര്‍ച്ചാ മുരടിപ്പും തൊഴില്‍ നഷ്ടവും നേരത്തെ തന്നെ ആശങ്കയുണര്‍ത്തുന്ന വിധം വര്‍ധിക്കുന്ന തൊഴിലില്ലായ്മയും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമോ പോലുള്ള ചര്‍ച്ചകള്‍ എല്ലാ നാടുകളിലും ഏറക്കുറെ ഒരു പോലെ തന്നെ.
സമൂഹത്തെയും സാമൂഹിക സ്ഥാപനങ്ങളെയും, ഭരണത്തെയും ഭരണ സ്ഥാപനങ്ങളെയുമൊക്കെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഈ ചര്‍ച്ചകളുടെ മര്‍മം. വ്യക്തികളുടെ മാനസിക നിലയെ മഹാമാരി എങ്ങനെ ബാധിക്കുന്നുവെന്ന ചര്‍ച്ചയും മറുഭാഗത്ത് നടക്കുന്നുണ്ട്. കേവല ഭൗതിക മനശ്ശാസ്ത്രത്തിന്റെ നോട്ടപ്പാടിലൂടെയുള്ള വിശകലനങ്ങളാണ് അവയേറെയും. മനുഷ്യന് സ്ഥൈര്യവും ആത്മവിശ്വാസവും നല്‍കുന്ന ദൈവ വിശ്വാസത്തെയും ധാര്‍മിക മൂല്യങ്ങളെയും പടിക്കപ്പുറത്ത് നിര്‍ത്തുന്നു എന്നതിനാല്‍, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മനശ്ശാസ്ത്ര വിശകലനങ്ങള്‍ മനുഷ്യന്റെ ഭീതിയകറ്റുകയോ അവന്റെ ഉത്കണ്ഠകള്‍ ശമിപ്പിക്കുകയോ ചെയ്യുന്നില്ല. അതിനാല്‍ പുതിയ വിശകലന രീതികള്‍ ആവിഷ്‌കരിക്കേണ്ടി വന്നിരിക്കുന്നു. അത്തരമൊരു വിശകലന രീതിയാണ് ഫലസ്ത്വീനി എഴുത്തുകാരനായ സാമിഹ് ഔദയുടേത്. അദ്ദേഹത്തിന്റെ അത്തരമൊരു പഠനം ഈ ലക്കത്തില്‍ നിങ്ങള്‍ക്ക് വായിക്കാം. നവീന ചിന്താ മാതൃകകള്‍ ദൈവത്തെയും മതത്തെയും ധാര്‍മിക മൂല്യങ്ങളെയും നിരാകരിക്കുക വഴി എത്ര വലിയ ദുരന്തത്തിലേക്കാണ് ലോകം നടന്നു നീങ്ങുന്നതെന്ന് നമ്മുടെ കാലത്തെ പ്രശസ്ത ചിന്തകരെയും ശാസ്ത്രജ്ഞരെയും ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്.
അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞനായ ഇര്‍വിന്‍ യാലോം പുതിയ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട നാലു തരം ഭീതികളെപ്പറ്റി പറയുന്നുണ്ട്. കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തില്‍നിന്ന് കൈവിട്ടു പോകുമ്പോള്‍ അനുഭവിക്കുന്ന ഭീതിയും അങ്കലാപ്പുമാണ് ഒന്നാമത്തേത്. തന്റെ തെരഞ്ഞെടുപ്പും തീരുമാനവുമൊക്കെ തെറ്റിപ്പോകുന്നു എന്ന പരിഭ്രാന്തി സ്വാതന്ത്ര്യത്തെക്കുറിച്ച് തന്നെയുള്ള ഭീതിയായി മാറുന്നു. സ്വന്തക്കാരും സുഹൃത്തുക്കളും ചുറ്റുമുണ്ടെങ്കിലും താന്‍ ഒറ്റപ്പെടുന്നുവെന്ന ഭീതി ആധുനികതയിലും ഉത്തരാധുനികതയിലുമൊക്കെ ജീവിക്കുന്ന മനുഷ്യനെ നിരന്തരമായി വേട്ടയാടുന്നുണ്ട്. ഇതാണ് രണ്ടാമത്തെ ഭീതി. തന്നെ നിര്‍വചിക്കാനും ജീവിതത്തിന്റെ ലക്ഷ്യം നിര്‍ണയിക്കാനും കഴിയാതെ വരുമ്പോള്‍ മനുഷ്യന്‍ അനുഭവിക്കുന്ന വല്ലാത്തൊരു ശൂന്യതയുണ്ട്. അതില്‍നിന്നുണ്ടാവുന്നതാണ് മൂന്നാമത്തെ തരം ഭയം. കഴിഞ്ഞതൊന്നും തിരിച്ച് വരില്ലെന്നും താന്‍ അന്ത്യത്തോട് അടുക്കുകയാണെന്നുമുള്ള മരണഭീതിയാണ് നാലാമത്തേത്. ആദ്യം പറഞ്ഞ മൂന്ന് ഭയങ്ങള്‍ക്കും മരണഭയവുമായി ബന്ധമുണ്ട്. ഇതുവരെയുള്ള അനുഭവം വെച്ചു പറഞ്ഞാല്‍ ഭൗതിക ദര്‍ശനങ്ങള്‍ക്കൊന്നും തന്നെ ഇത്തരം ഭീതികളില്‍ നിന്ന് മനുഷ്യനെ കരകേറ്റാനായിട്ടില്ല എന്ന കാര്യത്തില്‍ ഒരാള്‍ക്കുമുണ്ടാകില്ല സംശയം. അല്ലാഹു ആദമിനെ ഭൂമിയിലേക്ക് പറഞ്ഞയക്കുമ്പോള്‍ ആദ്യം നല്‍കിയ ഉപദേശം തന്നെ നമ്മുടെ കാലത്തിന്റെ ശാപമായി മാറിയ ഭീതിയും ദുഃഖവും നിരാശയും അകറ്റാന്‍ വേണ്ടിയുള്ളതായിരുന്നു: 'എന്റെ മാര്‍ഗനിര്‍ദേശം ആര്‍ പിന്തുടരുന്നുവോ അവര്‍ക്ക് ഭയമില്ല; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല' (2:38 ). കൊറോണാനന്തര കാലത്തെക്കുറിച്ച ചര്‍ച്ചയില്‍ ഈയൊരു വശം കൂടി ശക്തമായി ഉയര്‍ത്തിക്കൊണ്ട് വരേണ്ടതുണ്ട്.
Comments