ഉമ്മീ ഹലീമാ ഞാനെത്ര നിസ്സാര!
പ്രത്യേകം തയാറാക്കിയ മുറിയിലേക്ക്, നാലു ദിവസത്തെ പനിയുടെയും ബി.പി, ഷുഗര്‍ വര്‍ധിച്ചതിന്റെയും ക്ഷീണവും പ്രായാധിക്യത്തിന്റെ അവശതയും കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയതിന്റെ തളര്‍ച്ചയുമായാണ് ആ രോഗി എത്തിച്ചേര്‍ന്നത്. സര്‍വായുധസജ്ജയായി (പി.പി.ഇ) ഞാന്‍ അരികിലെത്തി. ബെഡിന്റെ സൈഡ് റെയില്‍ ഇട്ടു ലോക്ക് ചെയ്തുകൊണ്ട് പേരും രോഗവിവരങ്ങളും അന്വേഷിച്ചറിഞ്ഞു, ഹലീമ എന്നാണ് പേര്. കേട്ടപ്പോള്‍ നബിയുടെ പോറ്റുമ്മയാണ് ഓര്‍മയിലെത്തിയത്.
മാസ്‌ക് കൊണ്ട് മുഖം മറച്ചിരുന്നെങ്കിലും എന്നോടുള്ള സംസാരത്തില്‍നിന്ന് സാധാരണ പോസിറ്റീവ് രോഗികളില്‍ കാണാറുള്ള വിഷാദമോ ഭയമോ ഒന്നും അവരില്‍ കാണാന്‍ കഴിഞ്ഞില്ല. മാത്രമല്ല കണ്ണുകള്‍ ശാന്തവും പ്രതീക്ഷ നിറഞ്ഞതുമായിരുന്നു.
ചോദിച്ചതിനെല്ലാം മറുപടി നല്‍കിയതോടൊപ്പം അല്ലാഹുവിന് സ്തുതി എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. ചെയ്തുകൊടുക്കുന്ന ചെറിയ കാര്യങ്ങള്‍ക്കു പോലും ബിന്‍തീ (മകളേ) എന്ന് സംബോധന ചെയ്തുകൊണ്ട്, അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടേയെന്ന് പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. രക്തപരിശോധനക്ക് വേണ്ട സാമ്പിളുകള്‍ എടുത്തപ്പോഴും ബി.പിയും പനിയും നോക്കിയപ്പോഴും ഇ.സി.ജി എടുത്തപ്പോഴുമെല്ലാം എനിക്കായി പ്രാര്‍ഥനകള്‍ ചൊരിഞ്ഞുകൊണ്ടേയിരുന്നു!
പിന്നീട് ഭക്ഷണം എത്തിച്ചുകൊടുത്തപ്പോള്‍ നന്ദിയും പ്രാര്‍ഥനയും (മോളേ, അല്ലാഹു അനുഗ്രഹിക്കട്ടെ) ചൊല്ലിയതോടൊപ്പം ബാത്ത് റൂമില്‍ പോകണം, ബെഡ് റെയില്‍ മാറ്റിത്തരണം എന്നും പറഞ്ഞു. വീല്‍ ചെയറില്‍ ബാത്ത് റൂമിലേക്ക് കൊണ്ടു പോയപ്പോള്‍ സ്വയം നടന്നുപോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ ക്ഷീണം കൊണ്ട് വീണുപോയേക്കുമോ എന്ന് തോന്നിയതിനാല്‍ വീല്‍ ചെയറില്‍ ഇരുത്തി ആവശ്യം നിവര്‍ത്തിച്ചു തിരിച്ചു കൊണ്ടു വന്നു. ഈ സമയങ്ങളിലെല്ലാം എത്രവട്ടം എനിക്കായി പ്രാര്‍ഥനകള്‍ നേര്‍ന്നുവെന്ന് അറിയില്ല.
കോവിഡിന്റെ ഡോക്‌ടേഴ്‌സ് ടീം വന്നു പുറത്തുനിന്ന് വിവരങ്ങള്‍ ശേഖരിച്ചു കമ്പ്യൂട്ടറില്‍ അഡ്മിഷന് ആവശ്യമായ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് കടന്നുപോയി. അഡ്മിഷനു വേണ്ട കണ്‍സെന്റ് ഒപ്പിടീക്കാന്‍ ചെന്നപ്പോള്‍ കണ്ണുകള്‍ അടച്ചു കിടക്കുകയായിരുന്നു. പേര് എഴുതാന്‍ അറിയില്ലെന്ന് എന്നോട് പറഞ്ഞു. ഒപ്പിടേണ്ട ഭാഗം കാണിച്ചു കൊടുത്തപ്പോള്‍ പേന വാങ്ങി ഒന്നു കോറി വരച്ചു എന്നെ നോക്കി ചിരിച്ചു. കുത്തിവരച്ചതു പോലെയുള്ള ആ ഒപ്പ് നോക്കി ഞാന്‍ സംശയത്തോടെ ഇതു തന്നെയാണോ ഉമ്മീ നിങ്ങളുടെ ഒപ്പ് എന്ന് ചോദിച്ചപ്പോള്‍ നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട് എനിക്ക് എഴുതാനും വായിക്കാനും അറിയില്ല മോളേ എന്ന് മറുപടി. കുറേ നേരത്തെ അന്വേഷണത്തിനു ശേഷം ഒരു സ്റ്റാമ്പ് പാഡ് തപ്പിയെടുത്തു വിരലടയാളം രേഖപ്പെടുത്തിയപ്പോഴും എന്നെ നോക്കി 'മോളേ, അല്ലാഹു അനുഗ്രഹിക്കട്ടെ' എന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
swab എടുക്കാനായി മറ്റു രോഗികള്‍ ഉള്ളതിനാല്‍ തന്നെ കുറച്ചു തിരക്കുള്ള സമയമായിരുന്നു. ബി.പി അധികമായിരുന്നതിനാല്‍ മോണിറ്ററില്‍ കണക്റ്റ് ചെയ്ത് പതിനഞ്ച് മിനിറ്റ് സമയം ഇന്റര്‍വെല്‍ ഇട്ട് ബി.പി റീഡിംഗ് സെറ്റ് ചെയ്തുവെച്ചു. ഇടവേളകളില്‍ വന്നു പുറത്ത് നിന്നു തന്നെ ബി.പി മോണിറ്ററിംഗ് ചെയ്തുകൊണ്ടിരുന്നു.
ആ ഉമ്മ ഒരു കാര്യത്തിനും എന്നെ ശല്യപ്പെടുത്തിയില്ലെന്നു മാത്രമല്ല, ഞാന്‍ ചെയ്യുന്നതില്‍ എല്ലാം സംതൃപ്തി രേഖപ്പെടുത്തുകയും പൂര്‍ണമായി സഹകരിക്കുകയും ചെയ്തു. ഇതിനിടയില്‍ അങ്ങോട്ടുമിങ്ങോട്ടും
ഓടി അഡ്മിറ്റ് ചെയ്യാനുള്ള റൂമും ഒരുക്കങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു ചെയ്തുതീര്‍ത്തു.
സെക്യൂരിറ്റി സര്‍വീസ്, ക്ലീനിംഗ് സ്റ്റാഫുകള്‍ എന്നിവരുടെ സഹകരണത്തോടെ വീല്‍ ചെയറില്‍ മൂന്നാമത്തെ നിലയില്‍ ഐസൊലേഷന്‍ റൂമില്‍ കൊണ്ട് ചെന്നുവിട്ട്, മലേഷ്യന്‍ സ്റ്റാഫിന് കൈമാറി തിരിച്ചുപോരുമ്പോഴേക്കും ഉയര്‍ന്ന ബി.പിയുമായി വന്ന അവരുടെ ബി.പി കാര്യമായി കുറയുകയും ആക്‌സപ്റ്റബ്ള്‍ റേഞ്ചിലേക്ക് പ്രത്യേകിച്ച് ഒരു മരുന്നും കൂടാതെ തന്നെ എത്തുകയും ചെയ്തിരുന്നു. ആ സ്റ്റാഫിന്റെ പെരുമാറ്റത്തില്‍ അവരോട് കുറച്ചുകൂടി കാരുണ്യം കലര്‍ന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. ആ നിമിഷങ്ങളിലെല്ലാം എന്നിലേക്ക് പെയ്തുകൊണ്ടിരുന്ന അനുഗ്രഹ വാക്കുകളില്‍ അടിമുടി നനഞ്ഞു ഞാന്‍ തിരികെ നടക്കുമ്പോള്‍ അടുത്ത രോഗി എന്നെയും അവരൊഴിഞ്ഞിട്ട ആ മുറിയും കാത്തിരിപ്പുണ്ടായിരുന്നു.
ഉമ്മി ഹലീമാ, നിങ്ങള്‍ ഔപചാരിക വിദ്യാഭ്യാസത്തില്‍ ദരിദ്രയായിരിക്കാം, പക്ഷേ സ്വഭാവത്തിലും സംസ്‌കാരത്തിലും സമ്പന്നയാണ്. ചരിത്രത്തിന്റെ ഏടുകളില്‍ ലോകം കണ്ട ഏറ്റവും വലിയ സാമൂഹിക വിപ്ലവ നായകനായി നിരക്ഷരനായ പ്രവാചകന്റെ പേര് ചേര്‍ക്കപ്പെട്ടതും ജനങ്ങള്‍ നെഞ്ചോടു ചേര്‍ത്തതും ആ സ്വഭാവമഹിമ കൊണ്ടാണല്ലോ.
എന്റെ തൂലികത്തുമ്പിലൂടെ എന്നെ അറിയുന്ന ചുരുക്കം ചിലരിലേക്കെങ്കിലും നിങ്ങളെ എത്തിക്കാന്‍ മാത്രം എന്നെ സ്വാധീനിക്കാന്‍, ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത, ഇനി കാണുമോ എന്നറിയാത്ത, യാതൊരു രക്തബന്ധമോ ഒന്നുമില്ലാത്ത, മൂന്ന് മണിക്കൂര്‍ മാത്രം നീണ്ടുനിന്ന ആ ബന്ധം കൊണ്ട് നിങ്ങള്‍ക്ക് സാധിച്ചുവെങ്കില്‍ നിങ്ങള്‍ നിസ്സാരക്കാരിയല്ലല്ലോ.
നിരക്ഷരയായ നിങ്ങളുടെ സ്വഭാവമഹിമക്കും പ്രതിസന്ധിയെ ശാന്തമായി നേരിടുന്ന ആ വിശ്വാസത്തിനും മുമ്പില്‍, മൂന്നോ നാലോ ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുമെന്ന് തെളിയിക്കുന്ന ബയോഡാറ്റയും, പുസ്തകത്താളുകളില്‍നിന്ന് കാണാതെ പഠിച്ചു പരീക്ഷ പേപ്പറില്‍ അത് ഛര്‍ദിച്ചുവെച്ചു നേടിയെടുത്ത സര്‍ട്ടിഫിക്കറ്റുകളുമായി അതിന്റെ യോഗ്യതയില്‍ മാത്രം ജോലിക്കായി ഈ മണ്ണില്‍ പറന്നിറങ്ങിയ ഞാന്‍ എത്ര നിസ്സാരയായി പോയി! നിങ്ങള്‍ എന്നെ പഠിപ്പിച്ചത് ജീവിതത്തില്‍ പാലിക്കേണ്ട സ്വഭാവമൂല്യത്തിന്റെ ഒരു വലിയ അധ്യായം തന്നെ ആണ്. നിങ്ങള്‍ക്ക് മുമ്പില്‍ കോവിഡും തോറ്റുപോകും.
കാരുണ്യം എന്ന് അര്‍ഥം വരുന്ന റഹ്മ് എന്ന പദത്തിന്റെ മുഴുവന്‍ മാതൃഭാവങ്ങളും ആവാഹിച്ച ഉമ്മി ഹലീമാ, നിങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ണ ആരോഗ്യവതിയായി കുടുംബത്തിലേക്ക്, മക്കളിലേക്ക് തിരിച്ചുചെല്ലാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ.
മക്കള്‍ എത്ര വലുതായാലും ഉമ്മ ജീവിച്ചിരിക്കുവോളം അവര്‍ കുട്ടികളാണല്ലോ. ആ മാതൃത്വത്തിന്റെ മധുരം ആവോളം നുകരാന്‍ അവര്‍ക്ക് നാഥന്‍ ഇനിയുള്ള കാലവും തുണയേകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
മുഖപുസ്തകത്തില്‍ മാലാഖമാരെ വാഴ്ത്തിപ്പാടുമ്പോള്‍ കോവിഡ് രോഗ പരിചരണത്തിന് പകരമായി അധിക വേതനം ഏര്‍പ്പെടുത്തണമെന്ന് കാണുകയുണ്ടായി. സത്യത്തില്‍ കുറച്ചു പണം ഈ പേരില്‍ അധികമായി നല്‍കിയതുകൊണ്ടു മാത്രം അവസാനിക്കുന്നതല്ല ഭൂമിയിലെ മാലാഖമാരുടെ പ്രശ്‌നങ്ങള്‍. അല്ലെങ്കില്‍ തന്നെ ഉമ്മി ഹലീമയെപോലെ നമ്മളിലേക്ക് ക്ഷണിക്കപ്പെടാതെ വന്നു ആരൊക്കെയോ ആയി മാറുന്ന ഈ ബന്ധങ്ങളുടെ മൂല്യത്തിന് പകരം നില്‍ക്കാന്‍ കടലാസില്‍ അച്ചടിച്ച വലിയ സംഖ്യകളൊന്നും മതിയാകാതെ വരും.
(സ്റ്റാഫ് നഴ്‌സായ ലേഖിക, തനിമ മക്ക - ഹറം വനിതാ യൂനിറ്റ് അംഗമാണ്).
Comments