Prabodhanm Weekly

Pages

Search

2020 ജൂണ്‍ 05

3154

1441 ശവ്വാല്‍ 13

വിശ്വാസ സ്വാതന്ത്ര്യവും മതപരിത്യാഗിയുടെ ശിക്ഷയും

ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്

ഇസ്‌ലാംവിമര്‍ശം അരങ്ങുതകര്‍ക്കുന്ന സൈബര്‍ ഇടങ്ങള്‍ കൂടിയാണ് ഇന്ന് സാമൂഹികമാധ്യമങ്ങള്‍. ഒന്നിനുപിറകെ ഒന്നായി ഇസ്‌ലാമിന്റെ അധ്യാപനങ്ങളും ചിഹ്നങ്ങളും മുഹമ്മദ് നബിയുമൊക്കെ അവിടെ വിമര്‍ശനവിധേയമാകുന്നു. മതപരിത്യാഗിയോടുള്ള ഇസ്‌ലാമിന്റെ സമീപനമാണ് ഇപ്പോള്‍ ഇസ്‌ലാം വിമര്‍ശകരുടെ പുതിയ ആയുധം. മതപരിത്യാഗിക്ക് ഇസ്‌ലാം നല്‍കുന്ന 'ക്രൂരശിക്ഷ'യെ മുന്നില്‍ നിര്‍ത്തി, ഇസ്‌ലാം പ്രാകൃതവും കാടനുമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് വിമര്‍ശകര്‍. ആധുനിക പരിഷ്‌കൃത സമൂഹത്തിന് ഒട്ടും യോജിക്കാത്ത പ്രാകൃത ശിക്ഷാവിധിയാണിതെന്നും, മനുഷ്യന്റെ മൗലികാവകാശമായ വിശ്വാസസ്വാതന്ത്ര്യം ഹനിക്കുന്ന മതമാണ് ഇസ്‌ലാമെന്നുമാണ് വിമര്‍ശകരുടെ വാദം. പ്രസ്തുത വിഷയത്തില്‍ ആധുനികരും പൗരാണികരുമായ പണ്ഡിതരുടെ ഉദ്ധരണികളും വാചകങ്ങളും മുന്നില്‍വെച്ചാണ് ഈ വിമര്‍ശനങ്ങള്‍ അരങ്ങു തകര്‍ക്കുന്നത്. പൗരാണികരും ആധുനികരുമായ നിരവധി പണ്ഡിതന്മാര്‍, വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ മുര്‍തദ്ദിനെ വധിക്കണം എന്ന് അഭിപ്രായപ്പെട്ടവരാണ്. എന്നാല്‍ പ്രസ്തുത വിഷയത്തിലെ അന്തിമ വാക്കുകളല്ല, മുന്‍കാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍. മാത്രമല്ല, പ്രസ്തുത വിഷയത്തില്‍ മറിച്ചൊരു അഭിപ്രായത്തിന്റെ സാധ്യതയും അതിന്റെ സാധുതയെയും ഒരിക്കലും നിരാകരിക്കുന്നില്ല, മുന്‍കാല പണ്ഡിതന്മാര്‍ അങ്ങനെ പറഞ്ഞുവെന്നത്.
ഇരുപതാം നൂറ്റാണ്ടില്‍ പല സന്ദര്‍ഭങ്ങളിലും മുര്‍തദ്ദിനോടുള്ള ഇസ്‌ലാമിന്റെ സമീപനം ആഗോളതലത്തില്‍ ചര്‍ച്ചക്കു വിഷയീഭവിച്ചിട്ടുണ്ട്. ഇസ്‌ലാം സ്വീകരിച്ച ശേഷം, അതുപേക്ഷിക്കുന്നവന് (മുര്‍തദ്ദ്) വധശിക്ഷയാണ് മുന്‍കാല പണ്ഡിതരില്‍ അധികപേരും നിര്‍ദേശിച്ചിട്ടുള്ളത്. ഒരാള്‍ക്ക് താന്‍ ഇഷ്ടപ്പെടുന്ന വിശ്വാസം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിക്കുന്ന ഖണ്ഡിത പ്രമാണങ്ങള്‍ (2:256, 18:29, 10: 99, 42:48) ഖുര്‍ആനില്‍ നിരവധി ഉണ്ടെന്നിരിക്കെ, മതപരിത്യാഗിക്ക് കടുത്ത ശിക്ഷ വിധിക്കുന്ന ഫുഖഹാക്കളുടെ അഭിപ്രായങ്ങളിലെ പൊരുത്തക്കേട്, ജമാലുദ്ദീന്‍ അഫ്ഗാനി (1897), മുഹമ്മദ് അബ്ദു (1905), മുഹമ്മദ് ശല്‍ത്വൂത് (1963), മുഹമ്മദ് അബൂസഹ്‌റ (1974) തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാര്‍ അവരവരുടെ കാലഘട്ടങ്ങളില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍, മതമുപേക്ഷിക്കുന്നവന് ഇസ്‌ലാം വധശിക്ഷ വിധിക്കുന്നില്ലെന്നും, മതം തെരഞ്ഞെടുക്കാനും ഉപേക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം ഇസ്‌ലാം വകവെച്ചുനല്‍കുന്നുണ്ടെന്നും പ്രമാണങ്ങളും ചരിത്രവസ്തുതകളും മുമ്പില്‍ വെച്ച് സമര്‍ഥിക്കുന്ന ഗഹനമായൊരു പഠനമുണ്ടാകുന്നത് 2006-ല്‍, ഡോ. ത്വാഹാ ജാബിര്‍ അല്‍വാനിയുടെ 'ലാ ഇക്‌റാഹ ഫിദ്ദീന്‍' എന്ന അറബിഗ്രന്ഥം പുറത്തിറങ്ങുന്നതോടെയാണ്. 2006-ല്‍ അഫ്ഗാനിലുണ്ടായ ചില സംഭവവികാസങ്ങളാണ് ഈ പുസ്തകത്തിന്റെ പിറവിയിലേക്ക് നയിച്ചത്.  
2006-ല്‍ പാശ്ചാത്യ മാധ്യമങ്ങള്‍ താല്‍പര്യപൂര്‍വം ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇസ്‌ലാം വിട്ട് ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ അബ്ദുര്‍റഹ്മാന്‍ അല്‍ മന്നാന്‍ എന്ന അഫ്ഗാനിയുടെ ജീവന്‍ അപകടത്തിലാണെന്ന വാര്‍ത്തയായിരുന്നു അത്. 90-കളില്‍ പാകിസ്താനിലെ പെഷവാറില്‍ ഒരു ക്രിസ്ത്യന്‍ റിലീഫ് ഏജന്‍സിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ, സഹജോലിക്കാരായ ക്രിസ്ത്യന്‍ സുഹൃത്തുക്കളില്‍ ആകൃഷ്ടനായാണ് അബ്ദുര്‍റഹ്മാന്‍ ക്രിസ്തുമതം സ്വീകരിക്കുന്നത്. ഇക്കാലയളവില്‍ തന്നെ പല യൂറോപ്യന്‍ രാജ്യങ്ങളിലും രാഷ്ട്രീയാഭയത്തിനു വേണ്ടി അബ്ദുര്‍റഹ്മാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ല. അങ്ങനെ, അഫ്ഗാനില്‍ തിരിച്ചെത്തി, കുടുംബജീവിതം തുടരുമ്പോഴാണ് തന്റെ ഭര്‍ത്താവില്‍ വന്ന മാറ്റം, ഭാര്യയുടെ ശ്രദ്ധയില്‍പെടുന്നത്. വളര്‍ന്നുവരുന്ന പെണ്‍മക്കളെക്കൂടി ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുമോയെന്ന് ഭയന്നാണ് മന്നാന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. ഏറെ നീണ്ടുപോയ നിയമനടപടികള്‍ അവസാനിച്ചത് മന്നാന്‍ കുറ്റക്കാരനെന്നു കണ്ട്, കോടതി ജയില്‍ശിക്ഷ വിധിച്ചുകൊണ്ടാണ്. മന്നാന്‍ തടവിലാക്കപ്പെട്ട വാര്‍ത്ത, പാശ്ചാത്യമാധ്യമങ്ങള്‍ ഏറെ കാത്തിരുന്ന പോലെയായിരുന്നു. വിശ്വാസ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം തടവറയില്‍ കഴിച്ചുകൂട്ടേണ്ടി വന്ന ഒരു 'മഹാത്യാഗി' യായി മന്നാന്‍ പാശ്ചാത്യ ലോകത്ത് എളുപ്പം പ്രതിഷ്ഠിക്കപ്പെട്ടു. തദ്ഫലമായി, അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷും സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും, ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോനിയുമൊക്കെ മന്നാന്റെ കാര്യത്തില്‍ ഇടപെട്ടു. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദഫലമായി അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി ഇടപെട്ട് അബ്ദുര്‍റഹ്മാനെ കോടതി വിചാരണയില്‍നിന്ന് ഒഴിവാക്കുകയും തടവില്‍നിന്ന് മോചിപ്പിക്കുകയും ചെയ്തു. 2006 മാര്‍ച്ച് 27-ന് ജയില്‍മോചിതനായ മന്നാന് ഇറ്റലി രാഷ്ട്രീയാഭയം നല്‍കി. 
ഇസ്‌ലാം മനുഷ്യന് നല്‍കുന്ന വിശ്വാസസ്വാതന്ത്ര്യത്തെക്കുറിച്ച് ഒരുപാട് സംശയങ്ങള്‍ ബാക്കി വെച്ചാണ് മന്നാന്‍ സംഭവം അവസാനിച്ചത്. എന്നാല്‍ അതുയര്‍ത്തിയ അലയൊലികള്‍ അവിടം കൊണ്ട് തീര്‍ന്നില്ല. ഒരാള്‍ക്ക് ഇഷ്ടപ്പെട്ട മതം തെരഞ്ഞെടുക്കാനുള്ള മൗലികാവകാശം പോലും ഇസ്‌ലാമിക നിയമവ്യവസ്ഥിതിയില്‍ നിഷേധിക്കപ്പെടുന്നു എന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു ഇതിലൂടെ. മന്നാന്‍ ഇറ്റലിയില്‍ പുതിയ ജീവിതമാരംഭിച്ചിട്ടും, വിശ്വാസസ്വാതന്ത്ര്യം നല്‍കാത്ത മതമായി ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തി കുറഞ്ഞില്ല. ഇസ്‌ലാം വിമര്‍ശകര്‍ക്ക് ഒരിക്കല്‍കൂടി ഇസ്‌ലാമിന്റെ മതസ്വാതന്ത്ര്യ സങ്കല്‍പ്പത്തെ വിമര്‍ശനവിധേയമാക്കാന്‍ ലഭിച്ച സുവര്‍ണാവസരമായിരുന്നു അത്. ഈ സാഹചര്യത്തിലാണ് ത്വാഹാ ജാബിര്‍ അല്‍വാനി 'ലാ ഇക്‌റാഹ ഫിദ്ദീന്‍' എന്ന ഗ്രന്ഥം എഴുതുന്നത്. ഇസ്‌ലാം സ്വീകരിച്ച്, അതുപേക്ഷിക്കുന്നവന് ഇസ്‌ലാം ഒരു രീതിയിലുള്ള ശിക്ഷയും വിധിക്കുന്നില്ലെന്നും, അതയാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പു മാത്രമാണെന്നും വിശുദ്ധ ഖുര്‍ആനും ചരിത്രവസ്തുതകളും മുന്നില്‍വെച്ച് സ്ഥാപിക്കുകയാണ് ഗ്രന്ഥകാരന്‍ ഈ പഠനത്തിലൂടെ. Apostasy in Islam: Historical & Scirptural Analysis‑ എന്ന പേരില്‍ അതിന്റെ വിവര്‍ത്തനം 2011-ലാണ് പുറത്തിറങ്ങുന്നത്.  

മതപരിത്യാഗിക്ക് വധശിക്ഷയോ? 

ഇസ്‌ലാമികദൃഷ്ടിയില്‍ ഗുരുതരമായ കുറ്റങ്ങള്‍ക്കുള്ള ശിക്ഷയെ പണ്ഡിതന്മാര്‍ കാലങ്ങളായി വ്യവഹരിച്ചുപോരുന്നത്, ഹുദൂദ് എന്ന പദം കൊണ്ടാണ്. അല്ലാഹു പ്രത്യേകം ശിക്ഷാവിധികള്‍ നിര്‍ദേശിച്ചിട്ടുള്ള കൊലപാതകം, വ്യഭിചാരം, കളവ് പോലുള്ള കുറ്റങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷയാണ് പൊതുവെ ഹദ്ദ്/ ഹുദൂദ്. താരതമ്യേന ചെറിയ കുറ്റങ്ങള്‍ക്കുള്ള ശിക്ഷയെ തഅ്‌സീര്‍ എന്നാണ് പറയുക. ഹദ്ദ്/ ഹുദൂദ് എന്ന പദം ഖുര്‍ആനില്‍ 14 തവണ ആവര്‍ത്തിച്ചിട്ടുണ്ട്. ഹുദൂദുല്ലാഹ് (അല്ലാഹുവിന്റെ പരിധികള്‍) (2:87), അഥവാ ദീനിന്റെ നിയമങ്ങള്‍ എന്ന അര്‍ഥത്തിലാണ് ഈ പദം ഖുര്‍ആനില്‍ 9 സ്ഥലങ്ങളിലും പരാമര്‍ശിച്ചിട്ടുള്ളത്. നോമ്പ്, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ നിയമങ്ങള്‍ ദൈവികമാണെന്നതിനാല്‍ അവ പാലിക്കണമെന്ന ആഹ്വാനമാണ് ഈ സൂക്തങ്ങളിലൊക്കെയും. മറ്റു സന്ദര്‍ഭങ്ങളില്‍ കുടുംബവുമായി ബന്ധപ്പെട്ട ദൈവിക നിര്‍ദേശങ്ങള്‍ എന്ന അര്‍ഥത്തിലാണ് ഹുദൂദ് എന്ന ഖുര്‍ആനിന്റെ പദപ്രയോഗം. മാത്രമല്ല, ഖുര്‍ആനില്‍, വ്യഭിചാര ആരോപണത്തിനും ദുര്‍നടപ്പിനും കളവിനുമൊക്കെ ശിക്ഷാവിധികള്‍ നിര്‍ദേശിക്കുന്ന ഇടങ്ങളിലൊന്നും ഹദ്ദ് എന്ന പദം പ്രയോഗിച്ചിട്ടില്ല. ദൈവികനിയമങ്ങള്‍ എന്ന പൊതുവായ അര്‍ഥത്തില്‍ ഖുര്‍ആന്‍ ഉപയോഗിച്ച ഒരു പദം, പില്‍ക്കാലത്ത് ഫുഖഹാക്കളുടെ വ്യവഹാരങ്ങളിലൂടെ ഇസ്‌ലാമിന്റെ ശിക്ഷാവിധികള്‍ എന്ന അര്‍ഥത്തിലേക്കു എങ്ങനെ ചുരുങ്ങി എന്ന ചോദ്യമുയര്‍ത്തിയാണ് അല്‍വാനി മുര്‍തദ്ദിന്റെ ശിക്ഷാവിധിയെ കുറിച്ച ചര്‍ച്ച ആരംഭിക്കുന്നത്. 
മതപരിത്യാഗത്തെക്കുറിച്ച് ഖുര്‍ആന്‍ എന്തു പറയുന്നു എന്ന അന്വേഷണമാണ് രണ്ടാമതായി. ''നിങ്ങളിലാരെങ്കിലും സ്വമതത്തില്‍നിന്ന് പിന്മാറുകയും സത്യനിഷേധിയായിക്കൊണ്ട് മരിക്കുകയും ചെയ്താല്‍, അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായിപ്പോയതുതന്നെ'' (2:217).  ഒരാള്‍ മതപരിത്യാഗം നടത്തുന്നുവെങ്കില്‍ അയാളുടെ ഇഹലോക-പരലോക ജീവിതങ്ങളെ പാഴാക്കലാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. ഇതിനു പുറമെ വേറെയും നിരവധി സൂക്തങ്ങള്‍ ഇസ്‌ലാം സ്വീകരിച്ച ശേഷം, അതുപേക്ഷിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട് (3:86, 3:90, 3:91, 3:98, 3:177, 5:54, 4:137, 16:106, 22: 11, 47:32). ഖുര്‍ആനിലെ മേല്‍ സൂചിപ്പിച്ച സൂക്തങ്ങളൊക്കെയും മതപരിത്യാഗത്തെക്കുറിച്ചുള്ളതാണ്. വിശ്വാസം സ്വീകരിച്ച ശേഷം, അതുപേക്ഷിക്കുന്നതാണ് ഇവിടെ മതപരിത്യാഗം കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, ഇവിടങ്ങളിലൊരിടത്തും ഇസ്‌ലാം സ്വീകരിച്ച് അതുപേക്ഷിച്ചുപോകുന്നവനെ ഏതെങ്കിലും രീതിയില്‍ ശിക്ഷിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നില്ല. മതമുപേക്ഷിക്കുന്നവന് വധശിക്ഷ വേണമെന്ന പണ്ഡിതാഭിപ്രായങ്ങള്‍ പിന്നെന്തുകൊണ്ടു വന്നു എന്ന ചോദ്യത്തിന് അവസാന ഭാഗങ്ങളിലാണ് ഗ്രന്ഥകാരന്‍ ഉത്തരം നല്‍കുന്നത്. 

മതപരിത്യാഗം പ്രവാചക കാലത്ത്

ഇസ്‌ലാം സ്വീകരിച്ച ശേഷം അതുപേക്ഷിച്ച നിരവധി സംഭവങ്ങള്‍ പ്രവാചക കാലഘട്ടത്തിലേ ഉണ്ടായിട്ടുണ്ട്. അതില്‍ പലരും ഇസ്‌ലാം ഉപേക്ഷിക്കുക മാത്രമല്ല, മുസ്‌ലിം സമൂഹത്തിന് ഏറെ ഉപദ്രവങ്ങളേല്‍പ്പിക്കുകയും ചെയ്തു. അവരെയൊക്കെ നബിക്ക് വ്യക്തിപരമായി അറിയാമായിരുന്നു. എന്നിട്ടും അവരെ വധിക്കാനോ അപായപ്പെടുത്താനോ തിരുമേനി മുതിര്‍ന്നില്ല. മുസ്‌ലിം സമൂഹത്തിനകത്തു നിന്നു തന്നെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന കപടവിശ്വാസികള്‍ ആരൊക്കെയെന്ന് അല്ലാഹു നബി തിരുമേനിയെ അറിയിച്ചുകൊടുത്തിരുന്നു. പക്ഷേ, ഉബയ്യുബ്‌നു സുലൂലിനെപോലുള്ള കപടന്മാരെ വധിക്കാനോ അവര്‍ക്കെതിരില്‍ ശിക്ഷാ നടപടി കൈക്കൊള്ളാനോ നബി തിരുമേനി മുതിര്‍ന്നില്ല. കപടവിശ്വാസികളെപ്പറ്റി വഹ്‌യ് അവതരിച്ചപ്പോള്‍ ഉബയ്യിന്റെ മുസ്‌ലിമായ മകന്‍ അബ്ദുല്ലാ വന്ന് നബിയോട് പറഞ്ഞു: 'കപടവിശ്വാസികളുടെ നേതാവ് ആരാണെന്ന് അങ്ങേക്ക് വ്യക്തമായി അല്ലാഹു അറിയിച്ചുതന്ന സ്ഥിതിക്ക്, എന്റെ പിതാവിനെ വധിക്കാനാണ് തീരുമാനമെങ്കില്‍, ആ കൃത്യം ചെയ്യാന്‍ എന്നെ അനുവദിക്കണം. മറ്റാരെങ്കിലുമാണ് എന്റെ പിതാവിനെ കൊല്ലുന്നതെങ്കില്‍, എന്റെ പിതാവിന്റെ ഘാതകനെ ജീവനോടെ കണ്ടുകൊണ്ടിരിക്കാന്‍ എനിക്കാവില്ല. അങ്ങനെ ഞാന്‍ അയാളെ കൊന്നുപോകും.' ഇതു കേട്ട നബി പറഞ്ഞു: 'വേണ്ട, അവരെ കൊല്ലുന്നതിനു പകരം, അവരോട് സൗഹൃദത്തില്‍ തുടരുകയും ദയാവായ്‌പ്പോടെ വര്‍ത്തിക്കുകയും ചെയ്യുക. അല്ലെങ്കില്‍ മുഹമ്മദ് തന്റെ അനുയായികളെ തന്നെ കൊന്നൊടുക്കി എന്ന് ജനം പറയും. നീ നിന്റെ പിതാവിനെ ആദരിക്കുകയും നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക.' ഇതായിരുന്നു നബി(സ)യുടെ മതപരിത്യാഗിയോടുള്ള സമീപനം. മുനാഫിഖ് അഥവാ കപടവിശ്വാസി എന്നാല്‍, ഒരുവേള വിശ്വാസം പ്രഖ്യാപിച്ചവരാണ്. പിന്നീട് വിശ്വാസിയല്ലായെന്ന് ബോധ്യപ്പെടുന്ന സന്ദര്‍ഭത്തിലും അവരെ വധിക്കാന്‍ നബി കൂട്ടാക്കിയിട്ടില്ല. ആ നിലക്ക് ഏറ്റവും വലിയ ഒരു മുര്‍തദ്ദിനെ പോലും വെറുതെവിട്ട ചരിത്രമാണ് പ്രവാചകന്റേത്. 
ഇസ്‌ലാം സ്വീകരിച്ച്, അതുപേക്ഷിച്ച വേറെയും ആളുകളുണ്ടായിരുന്നു പ്രവാചകകാലത്ത്. ഇസ്രാഅ്-മിഅ്‌റാജ് യാത്രാനുഭവം പങ്കുവെക്കുന്ന നബിയുടെ വാക്കുകള്‍ വിശ്വസിക്കാനാകാതെ, മുമ്പ് ഇസ്‌ലാം സ്വീകരിച്ച പലരും ഇസ്‌ലാം വിട്ടുപോയതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. അവര്‍ എത്ര പേരാണെന്നോ ആരൊക്കെയായിരുന്നുവെന്നോ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെങ്കിലും അങ്ങനെ കുറേ പേര്‍ ഇസ്‌ലാം വിട്ടുപോയതായി ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നുണ്ട്. അവരെ കൊല്ലുകയോ അപായപ്പെടുത്തുകയോ ചെയ്തിട്ടില്ല നബിയും കൂട്ടരും. പ്രവാചകകാലത്ത് ഇസ്‌ലാം സ്വീകരിച്ച്, ഇസ്‌ലാം ഉപേക്ഷിച്ച ഉബൈദുല്ലാഹിബ്‌നു ജഹ്ശ്, സഖ്‌റാനുബ്‌നു അംറ്, അബ്ദുല്ലാഹിബ്‌നു സഅദിബ്‌നു അബീ സര്‍ഹ്, മിഖ്‌യാസുബ്‌നു സുബാഹ്, അബ്ദുല്ലാഹി ബ്‌നു ഖതല്‍ തുടങ്ങിയ മുര്‍തദ്ദുകളുടെ ഹ്രസ്വചരിത്രം ഹദീസുകളുടെയും ഇബ്‌നു ഹിശാം, ബലാദുരി പോലുള്ളവരുടെ ചരിത്രരചനകളുടെയും അടിസ്ഥാനത്തില്‍ ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നുണ്ട്. 
അപ്പോള്‍ നബി തിരുമേനിയുടെ കാലത്തു തന്നെ ഇസ്‌ലാം സ്വീകരിച്ച പലരും ഇസ്‌ലാം ഉപേക്ഷിച്ചതായും അവരൊന്നും അക്കാരണം കൊണ്ട് ശിക്ഷിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും മനസ്സിലായി. ഇസ്‌ലാം സ്വീകരിക്കാത്തതിന്റെ പേരിലോ, ഇസ്‌ലാം സ്വീകരിച്ച ശേഷം ഉപേക്ഷിച്ചതിന്റെ പേരിലോ നബി തിരുമേനി ആരെയെങ്കിലും വധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലായെന്നു തന്നെയാണ് ഉത്തരം.   
ഖുര്‍ആന്റെയും ചരിത്ര വസ്തുതകളുടെയും അടിസ്ഥാനത്തില്‍ മതപരിത്യാഗിക്ക് വധശിക്ഷ വേണം എന്ന പണ്ഡിതമതം ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ച വിശ്വാസസ്വാതന്ത്ര്യം എന്ന സാര്‍വലൗകിക മൂല്യത്തിന് എതിരാണെന്നു സുതരാം ബോധ്യപ്പെടും. ഖുര്‍ആന്റെ കല്‍പ്പനക്ക് വിരുദ്ധമാകുന്ന ഒരു കാര്യം പ്രവാചകചര്യയിലോ ചരിത്രത്തിലോ കാണുക സാധ്യമല്ല. ഇനി അങ്ങനെ ഉണ്ടെന്നു വന്നാല്‍, അവ തള്ളേണ്ടതായി വരും. അതുമല്ലെങ്കില്‍, ഏതൊരു സാഹചര്യത്തില്‍, ഏതര്‍ഥത്തിലാണ് അത്തരമൊരു ഹദീസ് നിവേദനം ചെയ്യപ്പെട്ടത് എന്നു പരിശോധിക്കേണ്ടതായും അതിനെ പുനര്‍വ്യാഖ്യാനം ചെയ്യേണ്ടതായും വരും. 

പിന്നെന്തുകൊണ്ട് വധശിക്ഷ?

പിന്നെ എന്തുകൊണ്ട് മതപരിത്യാഗിക്ക് വധശിക്ഷ വേണമെന്ന് മുന്‍കാല പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു എന്ന അന്വേഷണം കൂടി നടത്തുമ്പോഴേ ഈ ചര്‍ച്ച പൂര്‍ത്തിയാകൂ. അത്തരമൊരു അനുമാനത്തിലേക്കെത്താന്‍ അവരെ പ്രേരിപ്പിച്ച കാര്യമെന്താണെന്നു കൂടി അല്‍വാനി വിശദീകരിക്കുന്നുണ്ട്. മതപരിത്യാഗിയെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു ഹദീസ് ശകലമുണ്ട് എന്നതാണ് അതിന് കാരണം. 'ആരെങ്കിലും ദീന്‍ മാറിയാല്‍ അവനെ വധശിക്ഷക്കു വിധേയനാക്കണം' എന്ന ഒരു നബിവചനം മുന്‍നിര്‍ത്തിയാണ്, മതപരിത്യാഗത്തിന് വധശിക്ഷ വേണമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത്. ആഹാദായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ ഹദീസ് ഭാഗികമാണത്രെ. ഈ ഹദീസ് ഉദ്ധരിക്കപ്പെട്ട പശ്ചാത്തലവും അതിന്റെ ശരിയായ അര്‍ഥവും, അല്‍വാനി വേണ്ടത്ര വിശദീകരിക്കുന്നില്ല. എങ്കിലും, ഖുര്‍ആന്റെ പൊതുവായ കല്‍പ്പനകള്‍ക്ക് എതിരായി ഹദീസുകള്‍ വന്നാല്‍ അതിനെ തള്ളണം എന്ന പൊതു തത്ത്വമുയര്‍ത്തിയാണ് അദ്ദേഹം തന്റെ വാദഗതി സമര്‍ഥിക്കുന്നത്. 
മതപരിത്യാഗം നടത്തിയതിന്റെ പേരില്‍, വധശിക്ഷക്കു വിധേയരായ ചില ചരിത്രസംഭവങ്ങളും പറയപ്പെടുന്നുണ്ട്. അതിലൊന്ന് സകാത്ത് നിഷേധിച്ചവരോട് അബൂബക്ര്‍ (റ) യുദ്ധം ചെയ്തതാണ്. എന്നാല്‍ അത്തരം സംഭവങ്ങളൊക്കെയും വിശ്വാസം ഉപേക്ഷിച്ച കാരണം കൊണ്ടുമാത്രമല്ല, മറിച്ച്, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കൂടി അവക്കു പിന്നില്‍ ഉണ്ടായിരുന്നു എന്നാണ് അല്‍വാനിയുടെ മറുപടി. വിശ്വാസം ഉപേക്ഷിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് വധിക്കപ്പെടുക എന്നാല്‍, അനേകം സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്ന വിശ്വാസസ്വാതന്ത്ര്യത്തിന് നേര്‍ക്കുനേരെ എതിരാകുന്നു എന്നാണ്. ഇതെങ്ങനെ ശരിയാകും? അതിനാല്‍ മുര്‍തദ്ദിന് വധശിക്ഷ എന്നത് ഖുര്‍ആനികവിരുദ്ധവും അതിനാല്‍തന്നെ അസ്വീകാര്യവുമാണ് എന്നാണ് ഗ്രന്ഥകാാരന്‍ സമര്‍ഥിക്കുന്നത്. 

അല്‍വാനിയെക്കുറിച്ച് 

ഡോ. താഹാ ജാബിര്‍ അല്‍വാനി കേരള മുസ്‌ലിം വായനക്കാര്‍ക്ക് അപരിചിതനായിരിക്കില്ല. അദബുല്‍ ഇഖ്തിലാഫ് ഫില്‍ ഇസ്‌ലാം, ഫിഖ്ഹുല്‍ അഖല്ലിയ്യ തുടങ്ങിയ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധേനേടിയതും മുസ്‌ലിം ചിന്തകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. ഇറാഖിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, ഈജിപ്തിലെ അസ്ഹറില്‍നിന്ന് ഡോക്ടറേറ്റ് നേടിയ അല്‍വാനി പിന്നീടുള്ള പത്തു വര്‍ഷക്കാലം സുഊദിയിലെ മുഹമ്മദ് ബിന്‍ സുഊദ് യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായിരുന്നു. എണ്‍പതുകളുടെ തുടക്കത്തില്‍ യു.എസിലേക്കു കുടിയേറുകയും വിവിധ യൂനിവേഴ്‌സിറ്റികളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. 1983-ല്‍ പ്രഫ. ഇസ്മാഈല്‍ റാജി ഫാറൂഖിയുമായി ചേര്‍ന്ന് ഇന്റര്‍നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ടിന് അസ്തിവാരമിട്ടു. ഫാറൂഖിയുടെ മരണശേഷം, ദീര്‍ഘകാലം സ്ഥാപനത്തിന്റെ അമരക്കാരനായിരുന്നു. 2016-ല്‍ മരണപ്പെടുമ്പോള്‍, IIIT-യുടെ ചെയര്‍മാനായിരുന്നു അല്‍വാനി. 
IIIT അതിന്റെ ഉത്ഭവകാലം മുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ലിബറല്‍ നിരീശ്വര പ്രസ്ഥാനങ്ങള്‍ പാശ്ചാത്യലോകത്ത് ഇസ്‌ലാമിനെതിരില്‍ നിരന്തരം ഉയര്‍ത്തിവിടുന്ന ചോദ്യങ്ങളെ ബുദ്ധിപരമായും അക്കാദമികമായും അഡ്രസ്സ് ചെയ്യുന്നതിനാണ്. പടിഞ്ഞാറ് വികസിപ്പിച്ച അക്കാദമിക  ടൂളുകള്‍ ഉപയോഗപ്പെടുത്തി, അവര്‍ നിഷ്‌കര്‍ഷിക്കുന്ന അക്കാദമിക നിലവാരത്തില്‍, ഗവേഷണപഠനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി IIIT. ഈ കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളെ ബൗദ്ധികമായി അഭിമുഖീകരിക്കാന്‍ കെല്‍പ്പുള്ള ഐഡിയോളജിയായും നാഗരികതയായും  ഇസ്‌ലാമിനെ അവതരിപ്പിക്കുന്നതില്‍ കുറഞ്ഞ കാലത്തിനിടയില്‍തന്നെ കകകഠ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. അറബിയിലും ഇംഗ്ലീഷിലുമായി IIIT പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ മാത്രം മതി, പുതിയ കാലത്ത് മുസ്‌ലിം ലോകത്തിന്റെ ബൗദ്ധികമുന്നേറ്റത്തില്‍ അത് വഹിച്ച ചരിത്രപരമായ പങ്ക് മനസ്സിലാക്കാന്‍.
ഇസ്‌ലാംവിമര്‍ശകര്‍ നിരന്തരം ഉന്നയിക്കുന്ന ഒരു ആരോപണത്തിന്റെ യഥാര്‍ഥ വസ്തുതകള്‍ അറിയുക മാത്രമല്ല, ഈ പുസ്തകത്തിന്റെ വായനയിലൂടെ സാധ്യമാകുന്നത്. വിമര്‍ശനങ്ങളെ സത്യസന്ധമായും അക്കാദമികമായും എങ്ങനെ സമീപിക്കാം എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് ഈ പുസ്തകം. ഇസ്‌ലാമിക വിഷയങ്ങളില്‍, വിശിഷ്യാ ഫിഖ്ഹ്-ശരീഅ വിഷയങ്ങളിലെ പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും, ഗവേഷണത്തിന്റെ രീതിശാസ്ത്രം മനസ്സിലാക്കാന്‍ അവലംബിക്കാവുന്ന ഒരു മാതൃകാകൃതി കൂടിയാണ് ഈ പുസ്തകം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (45-47)
ടി.കെ ഉബൈദ്‌

ഹദീസ്‌

ധ്യാനവും സേവനവും
ഫാത്വിമ കോയക്കുട്ടി