Prabodhanm Weekly

Pages

Search

2020 ജൂണ്‍ 05

3154

1441 ശവ്വാല്‍ 13

കോവിഡാനന്തര ലോകം ഭയത്തില്‍നിന്ന് മോചനം നല്‍കാന്‍ മതമൂല്യങ്ങള്‍ക്കാവുമോ?

സാമിഹ് ഔദ

''പ്രത്യക്ഷ ലോകത്തിന്റെ ഈ വലിയ പ്രതലത്തില്‍ മാത്രം കണ്ണുനട്ടിരിക്കുന്നവര്‍ക്ക്, ആ സംഭവലോകം നമ്മള്‍ പുറത്തുവിടുന്ന ഒരു കവിള്‍ പുക പോലെ ഏതു നിമിഷവും അപ്രത്യക്ഷമായേക്കുമെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ വളരെ പ്രയാസമായിരിക്കും'' (ചാള്‍സ് ലീ- ഗായ് ഈറ്റന്‍).

* * * *
ചൈനയിലിരിക്കുന്ന ഒരാള്‍ സൂപ്പ് കുടിച്ചാല്‍ ഈജിപ്തിലിരിക്കുന്ന നിന്റെ ശമ്പളത്തില്‍ കുറവ് വരുന്നതിന്റെ പേരാണ് ആഗോളീകരണം. ഒരു ഫേസ്ബുക്ക് ആക്ടിവിസ്റ്റ് കോവിഡ് 19-ന്റെ വ്യാപനത്തിനു ശേഷമുള്ള ലോകസാഹചര്യത്തെ വിശദീകരിച്ചത് ഈ ലളിതമായ വാക്കുകളിലൂടെയായിരുന്നു. ഈ ഉയര്‍ന്നു പൊങ്ങിക്കിടക്കുന്ന നമ്മുടെ ലോകം എത്ര നേര്‍ത്തതും ദുര്‍ബലവുമാണെന്ന് പരിഹാസത്തില്‍ പൊതിഞ്ഞ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. കണ്ണുകൊണ്ട് കാണാന്‍ പറ്റാത്ത അതിസൂക്ഷ്മമായ ഒരു വൈറസിന് മുന്നില്‍ ആ ലോകമേധാവിത്തം പകച്ചുനില്‍ക്കുകയാണ്. രണ്ടോ അതിലധികമോ നൂറ്റാണ്ടായി, അതായത് ഫ്രഞ്ച് വിപ്ലവത്തിനും ജ്ഞാനോദയത്തിനും  വ്യവസായ വിപ്ലവത്തിനും കമ്പോളത്തിന് മേലുള്ള മുതലാളിത്തത്തിന്റെ പിടിമുറുക്കലിനും തുടര്‍ന്നു വന്ന നവലോകക്രമത്തിനും ശേഷം, ഇതെല്ലാം നേടിക്കൊടുത്ത ഒട്ടു വളരെ സംവിധാനങ്ങളും ഉപകരണങ്ങളും ഉണ്ടായിട്ടും ഈ കുഞ്ഞന്‍ പ്രതിയോഗിക്കു മുന്നില്‍ നിസ്സഹായമായിപ്പോവുകയാണ് ലോകം.
സാമൂഹിക ശാസ്ത്രജ്ഞനും കുവൈത്ത് യൂനിവേഴ്‌സിറ്റിയിലെ അധ്യാപകനുമായ ഡോ. അലി അസ്അദ് വത്വ്ഫ എഴുതുന്നു: ''പ്രാചീന ദാര്‍ശനിക പുരാണങ്ങളെ മാത്രമല്ല, നമ്മുടെ കാലത്തെ മിക്ക സര്‍വാംഗീകൃത ജ്ഞാനശാസ്ത്ര തീര്‍പ്പുകളെയും പിടിച്ചുകുലുക്കിയിരിക്കുന്നു ഈ വൈറസ്. നാഗരികതയുടെ തണലില്‍ സ്വസ്ഥമായിട്ടിരിക്കാം എന്ന പകല്‍ക്കിനാവില്‍നിന്ന് അവനെയത് കുടഞ്ഞിട്ടിരിക്കുന്നു.... നാഗരികതയുടെ അമാനുഷ പ്രകടനവും ടെക്‌നോളജിയുടെ അത്ഭുതങ്ങളും ഭാവി മനുഷ്യന് നിത്യതയുടെ കോട്ടകൊത്തളങ്ങള്‍ തീര്‍ക്കുമെന്ന മോഹത്തിനും അത് അന്ത്യം കുറിച്ചിരിക്കുന്നു.''1
ഈ ആഘാതത്തെ പ്രശസ്ത നോര്‍വീജിയന്‍ ചിത്രകാരന്‍ എഡ്വേഡ് മുന്‍ഷ് നൂറ് വര്‍ഷം മുമ്പ് തന്റെ രചനയില്‍ വരഞ്ഞിട്ടുണ്ട്. അലര്‍ച്ച (Scream) എന്നാണ് 1893-ല്‍ രചന പൂര്‍ത്തിയായ ആ ചിത്രത്തിന്റെ പേര്. പാശ്ചാത്യ നാഗരികതയുടെ മറഞ്ഞു കിടക്കുന്ന മുഖമാണ് അത് വെളിപ്പെടുത്തുന്നതെന്ന നിരീക്ഷണമുണ്ട്. അജ്ഞാതമായ ഭീതിയാല്‍ ഒരാള്‍ അലറുകയാണ്. പവിത്രമായവയുമായുള്ള ബന്ധങ്ങള്‍ അറുത്തു മാറ്റിയ മനുഷ്യന് ഇരുപതാം നൂറ്റാണ്ടില്‍ വരാനിരിക്കുന്ന മാറ്റങ്ങളെ അടയാളപ്പെടുത്തുകയായിരുന്നു മുന്‍ഷിന്റെ ചിത്രം. മുന്‍കാലങ്ങളില്‍ പവിത്ര മൂല്യങ്ങളോട് ചേര്‍ന്നുനിന്നാണ് മനുഷ്യന്‍ ആശ്വാസം കണ്ടെത്തിയിരുന്നത്.  വിശ്വാസങ്ങളില്‍നിന്നും അനുഷ്ഠാനങ്ങളില്‍നിന്നും പൈതൃകങ്ങളില്‍നിന്നും, മൊത്തത്തില്‍ അത്തരം സ്ഥാവര മൂല്യങ്ങളില്‍നിന്നെല്ലാം അവന്‍ നഗ്നനാക്കപ്പെട്ടിരിക്കുന്നു. വിഹ്വലമായ ഒരു അസ്തിത്വ പ്രതിസന്ധിക്കു മുമ്പില്‍ അവന്‍ ഒന്നിനും കെല്‍പ്പില്ലാത്തവനായിത്തീരുന്നു.2
ആകാശലോകവുമായി ബന്ധം വിടര്‍ത്തിയ മനുഷ്യന്റെ കഥയാണിത്. അവന് ആന്തരിക ശാന്തി നഷ്ടമായിരിക്കുന്നു. ജ്ഞാനോദയത്തിന്റെയും ആധുനികതയുടെയും പ്രവാചകന്മാര്‍ അവനോട് പറഞ്ഞുകൊണ്ടിരുന്നത് ഇതാണ്: 'നീ പേടിക്കേണ്ട. ദിവ്യത്വത്തിന്റെ മാസ്മരികതയില്‍നിന്ന് ഞങ്ങള്‍ ലോകത്തെ അടര്‍ത്തിമാറ്റിത്തരാം. ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ചങ്ങലകളില്‍നിന്ന് നിന്നെ മോചിപ്പിക്കാം. അങ്ങനെ ഭയത്തെ ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം നാടുകടത്താം.' എല്ലാ തിന്മകളുടെയും പ്രഭവകേന്ദ്രമായി അവര്‍ കണ്ടത് മതത്തെയായിരുന്നു. എല്ലാറ്റിനും പരിഹാരമായി ശാസ്ത്രത്തെയും കേവല യുക്തിയെയും മുന്നോട്ടു വെച്ചു. കേന്ദ്രസ്ഥാനത്ത് നിന്ന് അവര്‍ ദൈവത്തെ എടുത്തുമാറ്റി പകരം അവിടെ മനുഷ്യനെ പ്രതിഷ്ഠിച്ചു.
ഇന്നത്തെ ലോക നാഗരികത പലതും ചെയ്തുനോക്കുന്നുണ്ടെങ്കിലും അതൊന്നും ഭയത്തിനും ആശങ്കക്കും ഒരു കുറവും വരുത്തുന്നില്ല. മഹാമാരിക്കുള്ള പ്രതിവിധി / വാക്‌സിന്‍ സമയത്തിന്റെ മാത്രം പ്രശ്‌നമാണെന്ന് ആശ്വസിപ്പിക്കുമ്പോഴും ഓരോ ദിവസവും ബില്യനുകളുടെ നഷ്ടമാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നമുക്ക് ചോദിക്കാനുള്ളത് ഇതാണ്; മതവിശ്വാസങ്ങളുടെ മാസ്മരികതയില്‍നിന്ന് ലോകത്തെ മോചിപ്പിച്ച് ഭയത്തിന് അറുതി വരുത്തുമെന്ന് പ്രഖ്യാപിച്ച ആധുനികതക്ക് അത് സാധിച്ചുവോ? അതല്ല, പുതിയ തരം ഭയങ്ങളെ ഉല്‍പ്പാദിപ്പിക്കുകയാണോ അത് ചെയ്തത്? മുഴുവന്‍ യാഥാര്‍ഥ്യങ്ങളെയും മനസ്സിലാക്കിയെടുക്കാന്‍ ആധുനിക നാഗരികതയുടെ ഉപകരണങ്ങള്‍ക്ക് ശേഷിയുണ്ടോ? സമാധാനവും സ്വസ്ഥതയും ലഭിക്കാന്‍ ഭൗതിക ലോകത്തെയും  കവിഞ്ഞു നില്‍ക്കുന്ന ചില ദൃഢ നങ്കൂരങ്ങള്‍ നമുക്ക് ആവശ്യമുണ്ടോ?

ഇല്ല, ആ മാന്ത്രികത തകര്‍ക്കപ്പെട്ടിട്ടില്ല

''നാം മനുഷ്യരുടെ പ്രകൃതത്തില്‍ തന്നെയുള്ള മാറാവ്യാധിയാണ് അഹന്ത. യഥാര്‍ഥത്തില്‍ ഏറ്റവും ദുര്‍ബലനായ, ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് ഇരയാവുന്ന ജീവി മനുഷ്യനാണ്. അതേസമയം ഇത്രയധികം അഹങ്കാരവും പൊങ്ങച്ചവും കാണിക്കുന്ന മറ്റൊരു ജീവിയുമില്ല. ചളിയില്‍ പുതഞ്ഞു കിടക്കുന്ന അവന്‍ തന്റെ ഭാവനയാല്‍ ശുക്ര നക്ഷത്രത്തിന്റെ മുകളിലെത്തിക്കളയും; ആകാശത്തെ തന്റെ കാല്‍ച്ചുവട്ടിലാക്കിക്കളയും'' (മിഷേല്‍ മൊണ്ടയ്ന്‍).

* * * *
ഒരു ഷോപ്പിംഗ് മാള്‍. ഏറക്കുറെ ഒഴിഞ്ഞ ഷെല്‍ഫുകള്‍. ധൃതി പിടിച്ച് ഉരുട്ടിക്കൊണ്ടു പോകുന്ന ഷോപ്പിംഗ് ട്രോളികളുടെ ശബ്ദം മാത്രം ഉയര്‍ന്നു കേള്‍ക്കുന്നു. പിന്നെ കുറച്ച് നേരത്തേക്ക് സാധനങ്ങള്‍ വാങ്ങാനെത്തിയ തദ്ദേശീയരായ രണ്ട് മാന്യ സ്ത്രീകള്‍ തമ്മിലുള്ള കശപിശയും. ഉച്ചത്തിലുള്ള ഈ കശപിശ എന്തിനാണെന്നല്ലേ; മാളില്‍ ബാക്കിയുള്ള ഏക ടോയ്‌ലറ്റ് പേപ്പര്‍ പാക്കറ്റിനു വേണ്ടി! ഒന്നാം ലോകത്ത് സ്ഥാനം പിടിച്ച ആസ്‌ത്രേലിയയില്‍നിന്നുള്ള റിപ്പോര്‍ട്ടാണിത്. പിടിവിട്ടുപോയ ലോകത്ത് എന്തെങ്കിലുമൊക്കെ പിടിയിലാക്കാനുള്ള നെട്ടോട്ടവും പരക്കംപാച്ചിലുമാണ് നാമിവിടെ കാണുന്നത്.3
കാര്യങ്ങള്‍ വ്യക്തമാണ്. ഷോപ്പിംഗ് മാളുകളിലെ ഇത്തരം ശണ്ഠകള്‍, ഒഴിഞ്ഞ ഷെല്‍ഫുകള്‍, സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള പരക്കംപാച്ചില്‍ പോലുള്ള പ്രവണതകള്‍ 'കൊറോണോഫോബിയ'യുടെ ഭാഗമാണ്. പിടിവിട്ടു പോകുന്നു എന്ന വ്യക്തിയുടെ തോന്നലില്‍നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍. വീട്ടുസാമാനങ്ങളും മറ്റും വാങ്ങിക്കൂട്ടി കൈവിട്ടുപോയ നിയന്ത്രണം തിരിച്ചുപിടിക്കാമെന്ന തോന്നലാണ് ഇതിന്റെ പിന്നിലെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. അങ്ങനെയാണല്ലോ അവര്‍ ശീലിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഈയൊരു തോന്നലില്‍നിന്ന് ആധുനിക മനുഷ്യനെ വേര്‍പ്പെടുത്തിയെടുക്കുക പ്രയാസമാണ്. ആധുനികതയും ശാസ്ത്രപുരോഗതിയും അവനെ വിശ്വസിപ്പിച്ചിരിക്കുന്നത് അതാണ്. പ്രകൃതിക്കും വസ്തുക്കള്‍ക്കും മീതെ മനുഷ്യന്റെ ആധിപത്യം എന്നതാണ് അവനെ ഭരിക്കുന്ന ചിന്ത. മതാചാര മാന്ത്രികതയില്‍നിന്ന് ലോകത്തെ മോചിപ്പിക്കാനാണ് ആധുനികത രംഗപ്രവേശം ചെയ്തതെന്ന മാക്‌സ് വെബറുടെ പ്രസ്താവനയുടെ ആശയം അതാണ്.4 പിന്നെ ആധുനികത രൗദ്രരൂപം കൈക്കൊള്ളുന്നതിന് നാം സാക്ഷികളായി. കേന്ദ്രസ്ഥാനത്തുള്ളത് മനുഷ്യനാണെന്ന് അത് ഊന്നിപ്പറഞ്ഞു. കുതറിനില്‍ക്കുന്ന പ്രകൃതിയെ കീഴ്‌പ്പെടുത്തി അതിനെ മനുഷ്യപുരോഗതിക്കായി ഉപയോഗപ്പെടുത്തണം. എങ്കില്‍ മരണ-ദുരന്ത ഭയങ്ങളില്‍നിന്ന് മനുഷ്യന് മോചനം നേടാം.5
സിഗ്മണ്ട് ബോമാന്റെ 'ദ്രവകാലങ്ങള്‍' എന്ന പുസ്തകത്തിന്റെ അറബി പരിഭാഷ(അല്‍ അസ്മിനത്തുസ്സാഇല)യുടെ ആമുഖത്തില്‍ പരിഭാഷകനായ ഹജ്ജാജ് അബൂജബ്ര്‍ ഇങ്ങനെ കുറിക്കുന്നു: 'പ്രപഞ്ചത്തെക്കുറിച്ച് ദൈവാസ്തിത്വത്തില്‍ ഊന്നിയ ഒരു അതിഭൗതിക (Metaphysical) വ്യാഖ്യാനമാണ് ഉണ്ടായിരുന്നത്. ആധുനികതക്കു മുമ്പുള്ള എല്ലാ കാലഘട്ടങ്ങളുടെയും സവിശേഷതയായിരുന്നു അത്. ദൈവം സൃഷ്ടിച്ച് പരിപാലിക്കുന്ന പ്രപഞ്ച സംവിധാനങ്ങളെ സംരക്ഷിക്കുന്ന കാവല്‍ഭടനാണ് മനുഷ്യന്‍ എന്ന സങ്കല്‍പ്പമാണ് അക്കാലങ്ങളില്‍ ഉണ്ടായിരുന്നത്. പിന്നെയാണ് ആധുനികത വരുന്നത്.  അത് യൂറോപ്യന്‍ ചര്‍ച്ചിനെതിരായുള്ള കലാപമായിരുന്നു; അതിന്റെ വ്യാഖ്യാനങ്ങളെ അട്ടിമറിക്കുന്നതായിരുന്നു. കേന്ദ്രസ്ഥാനത്ത് നിലകൊള്ളുന്ന മതവിശ്വാസത്തിനെതിരെ ആധുനികത യുദ്ധപ്രഖ്യാപനം നടത്തി. ദിവ്യവെളിപാട്, പരലോകത്തെ നിത്യത തുടങ്ങിയവയെ വെല്ലുവിളിച്ചു. വിശുദ്ധമാക്കപ്പെട്ടിട്ടുള്ളത് ശാസ്ത്രവും യുക്തിയും മാത്രമാന്നെന്ന് വാദിച്ചു. തൊഴില്‍, ഉല്‍പ്പാദനം, സമ്പാദനം എന്നീ മൂന്നു വാക്കുകളെ മുന്നിലേക്കിട്ട് സകലതിനെയും പോരിന് വിളിച്ചു.'
ആധുനികതയുടെ ഈ ശാഠ്യം ദ്രവരൂപമാര്‍ന്ന് വന്‍ കുത്തിയൊഴുക്കായി രൂപപ്പെടുകയായിരുന്നു. വഴിയിലുള്ള എല്ലാറ്റിനെയും അത് തകര്‍ത്തെറിഞ്ഞു. ഒന്നിനും ഒരു പ്ലാനുമില്ല; കാവല്‍ക്കാരുമില്ല. അങ്ങനെ റോബര്‍ട്ട് കാസ്റ്റല്‍ (Robert Castel 1933-2013)  പറഞ്ഞ വിധം മനുഷ്യസമൂഹത്തെ ഭീതികള്‍ വന്നു മൂടി. അദ്ദേഹം എഴുതുന്നത് ഇങ്ങനെയാണ്: ''സുരക്ഷാ സംവിധാനങ്ങള്‍ കുറഞ്ഞതുകൊണ്ടല്ല നമുക്ക് കടുത്ത അരക്ഷിത ബോധം അനുഭവപ്പെടുന്നത്. സുരക്ഷക്കു വേണ്ടി അറ്റമില്ലാതെ മുറവിളികള്‍ ഉയരുന്ന, ഭ്രാന്തെടുത്ത് സുരക്ഷക്കു പിന്നാലെ പായുന്ന ഒരു സാമൂഹിക ക്രമത്തില്‍ സുരക്ഷ എന്ത് എന്നതിനെക്കുറിച്ച് ഒരു വ്യക്തതയും ഇല്ലാത്തതുകൊണ്ടാണ്.''6
ഈ സന്ദര്‍ഭത്തില്‍ നാം ബര്‍ട്രാന്റ് റസല്‍ പറഞ്ഞത് ഓര്‍ക്കുന്നു: ''മനുഷ്യസമൂഹം അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള ഒരു ദുരന്തമുണ്ട്. അന്നവര്‍ പരിഭ്രാന്തരായി ചോദിക്കും: ഒരാളും ഇഷ്ടപ്പെടാത്ത വേദനാജനകമായ ഈ പരിണതിയില്‍നിന്ന് എന്തുകൊണ്ടാണ് നമുക്കൊരു രക്ഷാമാര്‍ഗം തുറന്നു കിട്ടാത്തത്?''7 ഇത് കോവിഡ് മഹാമാരിയെക്കുറിച്ച ഒരു പ്രവചനമല്ല. എല്ലാറ്റിനെയും കീഴ്‌പ്പെടുത്താനും വ്യാഖ്യാനിക്കാനുമുള്ള ശാസ്ത്ര സങ്കേതങ്ങളൊക്കെ മനുഷ്യന്‍ ആര്‍ജിച്ചിരിക്കുന്നു എന്ന് വ്യാമോഹിച്ച് ലക്ഷ്യബോധമില്ലാതെ ഭ്രാന്തെടുത്ത് ഓടുന്നതിന്റെ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയായിരുന്നു റസല്‍.
സിഗ്മണ്ട് ബോമാന്‍ പറയുന്നതുപോലെ,8 ആധുനികത അവകാശപ്പെട്ടത്, മതകീയമായ അദൃശ്യങ്ങളെ തുടച്ചുനീക്കുകയും നമ്മുടെ മേല്‍ അധികാരം നടത്താനുള്ള അവകാശം ശാസ്ത്രത്തിന് പതിച്ചുകൊടുക്കുകയും ചെയ്യുന്നതോടെ എല്ലാം നമ്മുടെ കാല്‍ക്കീഴില്‍ വരും എന്നാണ്. അങ്ങനെ, ദൈവം കൊല്ലപ്പെട്ടിരിക്കുന്നുവെന്നും സൂപ്പര്‍മാന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും അവനു ചുറ്റുമാണ് ലോകം കറങ്ങുന്നതെന്നും പ്രഖ്യാപനമുണ്ടായി. ദിവ്യവെളിപാടുകളുടെ കേന്ദ്രീയ സ്ഥാനം നിരാകരിക്കപ്പെടുകയും ക്ഷണഭംഗുരമായ ദേഹേഛകള്‍ കേന്ദ്രസ്ഥാനത്ത് വരികയും ചെയ്തു. തുടര്‍ന്ന് യുദ്ധങ്ങള്‍, പട്ടിണി, അഭയാര്‍ഥി പ്രവാഹം, മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന ഭക്ഷണങ്ങള്‍, ഒന്നു ശ്വസിച്ചു കൊടുത്താല്‍ നിങ്ങളുടെ ജീവനെടുത്തു പോകുന്ന വിഷമയമായ വായു ഇതൊക്കെ മനുഷ്യന്‍ കെട്ടിയുയര്‍ത്തിയ സുരക്ഷാ കോട്ടകളെ കടന്നാക്രമിക്കാന്‍ തുടങ്ങി.
ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. സത്യത്തില്‍ ഭയം ഇല്ലാതാക്കാന്‍ കഴിഞ്ഞുവോ? എന്താണ് മനുഷ്യസമൂഹത്തിന്റെ ഉത്തരം? ഇന്ന് നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്ന മഹാമാരിയെ നമുക്ക് മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്നതും ഇപ്പോഴും അതിന് പ്രതിവിധി കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതും മനുഷ്യമനസ്സിന് ശാന്തി ചൊരിഞ്ഞുകൊടുക്കാന്‍ മനുഷ്യാതീതമായ ഒരു സ്രോതസ്സ് നമുക്ക് ആവശ്യമുണ്ട് എന്നാണോ സൂചിപ്പിക്കുന്നത്? ഈ ഭയത്തിന് മുന്നില്‍ നിസ്സഹായരായിപ്പോകുന്നതിനു മുമ്പ്  ജീവിതത്തിനും പ്രപഞ്ചത്തിനും അനിവാര്യമായ ചില വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ നമുക്ക് കഴിയുമോ?
  
അന്ധമായ കണ്ണുകള്‍, അപൂര്‍ണമായ ഉപകരണങ്ങള്‍

''ശാസ്ത്രത്തിന് പറയാനള്ളത് അറ്റമില്ലാത്ത, അത്യന്തം സെന്‍സേഷനലായ ഒരു കഥയാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നാം മനുഷ്യര്‍ കാലത്താല്‍ ബന്ധിതരാണ്. നമ്മുടെ ചോദ്യങ്ങള്‍ക്ക് നമുക്ക് കൃത്യമായ ഉത്തരങ്ങള്‍ കിട്ടണം'' (ജിയോര്‍ഡാനോ ബ്രൂണോ).

* * * *
തന്റെ 'രണ്ടാം വരവ്' (Second Coming)  എന്ന കവിതയില്‍ വില്യം ബട്‌ലര്‍ യേറ്റ്‌സ് പുതിയ ലോകത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത് ഇങ്ങനെയാണ്:
Things fall apart; the centre cannot hold
Mere anarchy is loosed upon the world
(എല്ലാം വീഴുകയാണ്; കേന്ദ്രത്തിന് അടിതെറ്റിയിരിക്കുന്നു. ലോകത്തിനു നേരെ അരാജകത്വത്തെ കയറൂരി വിട്ടിരിക്കുന്നു).
എച്ച്.ജി വെല്‍സ് നമ്മുടെ കാലത്തെ വിശേഷിപ്പിക്കുന്നത് 'മാനസിക അശാന്തിയുടെ യുഗം' എന്നാണ്.9 ശാസ്ത്രവും വ്യവസായ വിപ്ലവവും സ്വതന്ത്ര മുതലാളിത്ത കമ്പോളവും ആധിപത്യം വാഴുന്ന ലോക വ്യവസ്ഥയുടെ തകരാറുകളിലേക്ക് നോബല്‍ പുരസ്‌കാര ജേതാവായ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ എര്‍വിന്‍ ഷ്‌റോഡിങര്‍ (1887-1961) വിരല്‍ ചൂണ്ടുന്നത് ഇങ്ങനെ: ''എന്റെ ചുറ്റുമുള്ള യഥാര്‍ഥ ലോകത്തെക്കുറിച്ച് ശാസ്ത്രം - അഥവാ ഭൗതികത - നല്‍കുന്ന ചിത്രം ഗുരുതരമായ പാകപ്പിഴവുകള്‍ ഉള്ളതാണ്... ചുവപ്പ്, നീല, കയ്പ്, മധുരം, ശാരീരിക വേദന, ശാരീരികാഹ്ലാദം ഇതേക്കുറിച്ചൊന്നും ഒറ്റവാക്കില്‍ പോലും എന്തെങ്കിലും പറഞ്ഞുതരാന്‍ ശാസ്ത്രം അശക്തമാണ്. സുന്ദരം, വികൃതം, നന്മ, തിന്മ, ദൈവം, നിത്യത ഇത്യാദി കാര്യങ്ങളെക്കുറിച്ച് യാതൊന്നും അറിഞ്ഞുകൂടാ ശാസ്ത്രത്തിന്.... ഇതിനൊക്കെ മറുപടി ഉണ്ടെന്ന് നടിക്കുക മാത്രമാണ് ചെയ്യുന്നത്. ആ മറുപടികള്‍ എത്രമാത്രം അസംബന്ധമായിരിക്കുമെന്ന് ചോദിച്ചാല്‍ ഒരാളും അവ മുഖവിലക്കെടുക്കുക പോലുമില്ല.''10 നമ്മുടെ കാലത്ത് ജീവിച്ച ശ്രദ്ധേയനായ ഒരു ശാസ്ത്രജ്ഞന്റെ വിലയിരുത്തലാണിത്. ചരിത്രത്തെ നിര്‍ണയിച്ച രണ്ടു തരം വ്യാഖ്യാനങ്ങളെക്കുറിച്ച് അലി ഇസ്സത്ത് ബെഗോവിച്ച് തന്റെ 'ഇസ്‌ലാം പാശ്ചാത്യ-പൗരസ്ത്യതകള്‍ക്ക് മധ്യേ' എന്ന കൃതിയില്‍ പറയുന്നുണ്ട്. ഭൗതികവ്യാഖ്യാനവും ആധ്യാത്മിക വ്യാഖ്യാനവുമാണവ. ഇതില്‍ ആധ്യാത്മിക വ്യാഖ്യാനത്തെ പറ്റേ കുഴിച്ചുമൂടിയിരിക്കുകയാണ്; ഭൗതിക വ്യാഖ്യാനത്തിന്റെ ചെലവില്‍.
വിവിധ മേഖലകളിലെ ശാസ്ത്ര പഠനങ്ങള്‍ നമുക്ക് സുപ്രധാനമായ ധാരാളം വിശദാംശങ്ങള്‍ നല്‍കുമെങ്കിലും നാം ജീവിക്കുന്ന ലോകത്തെ വിലയിരുത്തുന്നതില്‍ അവയുടെ പങ്ക് അത്യന്തം ദുര്‍ബലമായിരിക്കുമെന്ന് ചാള്‍സ് ഡാര്‍വിനും പറഞ്ഞിട്ടുണ്ട്.11 കാരണം ശാസ്ത്രം അളവ് മാത്രമേ കാണുന്നുള്ളൂ. ഉദാഹരണത്തിന്, ഒറിജിനല്‍ മോണോലിസ പെയ്ന്റിംഗും വ്യാജ മോണോലിസ പെയ്ന്റിംഗും തമ്മിലുള്ള വ്യത്യാസം കണ്ടെത്താന്‍ ശാസ്ത്രത്തിന് കഴിയില്ല. രണ്ട് പെയ്ന്റിംഗിലും ഒരേ അളവില്‍ ഒരേ തരത്തിലുള്ള പെയ്ന്റുകളാണല്ലോ ഉപയോഗിച്ചിട്ടുള്ളത്. കാരണം ബെഗോവിച്ച് വ്യക്തമാക്കിയിട്ടുള്ളതു പോലെ, കലാകാരന്റെ സ്പര്‍ശത്തിലാണ് ആ വ്യത്യാസമിരിക്കുന്നത്.
ചരിത്രത്തിന് ആധുനികത നല്‍കുന്ന ഏകമുഖ വ്യാഖ്യാനത്തിലാണ്, പിടിവിട്ടു പോകുന്ന സന്ദര്‍ഭങ്ങളില്‍ ആധുനിക ലോകം അകപ്പെടുന്ന കടുത്ത ഭയാശങ്കകളുടെ കാരണം തിരക്കേണ്ടത് എന്നര്‍ഥം. സകല കാര്യങ്ങളെയും ഒരൊറ്റ ദിശയിലൂടെ ന്യൂനീകരിച്ചു കാണുകയാണ്. മനുഷ്യന് ശാന്തിയും സമാധാനവും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ സംഭവങ്ങളെ വ്യാഖ്യാനിക്കാന്‍ ഈ ഭൗതിക ദര്‍ശനം പരാജയപ്പെടുമ്പോള്‍ സ്വാഭാവികമായും ഉണ്ടായിത്തീരുന്നതാണ് ഈ ഭയാശങ്കകള്‍. പ്രശസ്ത ജര്‍മന്‍ തത്ത്വചിന്തകന്‍ മാര്‍ട്ടിന്‍ ഹെയ്ദഗര്‍, അതിസങ്കീര്‍ണമായ ജീവിത സമസ്യകളെ നേരിടാന്‍ ദൈവത്തെ ഒഴിച്ചുനിര്‍ത്തിയുള്ള മനുഷ്യന്റെ പരിശ്രമങ്ങള്‍ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്; 'നിലവിലുള്ള ലോകഘടനയില്‍ വലിയ മാറ്റങ്ങളുമൊന്നുമുണ്ടാക്കാന്‍ തത്ത്വശാസ്ത്രത്തിന് കഴിയില്ല. തത്ത്വശാസ്ത്രത്തിനെന്നല്ല മനുഷ്യന്റെ മറ്റു ചിന്തകള്‍ക്കും കഴിയില്ല.' പിന്നെ അദ്ദേഹം പറയുന്നതാണ് ശ്രദ്ധേയം; 'ദൈവത്തിന് മാത്രമേ നമ്മെ രക്ഷിക്കാനാവൂ.'12

അഭയം
''കാര്യങ്ങളെ അവയുടെ ശരിയായ നിലയില്‍ കാണുകയും വിലയിരുത്തുകയും അതനുസരിച്ച് തീരുമാനങ്ങളെടുക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക എന്നതിനേക്കാള്‍ സുപ്രധാനമായി ജീവിതത്തില്‍ ഒന്നും തന്നെയില്ല'' (കാള്‍ വോന്‍ ക്‌ളോസ് വിറ്റ്‌സ് - Carl von CIausewitz).
.

* * * *
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു ചിത്രം. രോഗപ്രതിരോധ വസ്ത്രങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ അണിഞ്ഞ ആരോഗ്യ പ്രവര്‍ത്തകന്‍ അമേരിക്കന്‍ നഗരമായ എംഹേസ്റ്റി(Elmhurst)ലെ ഒരു ക്ലിനിക്കിനു മുന്നില്‍ നില്‍ക്കുന്നു. ഇരു കണ്ണുകളും കൈകളും മേലോട്ടുയര്‍ത്തി തന്റെ രക്ഷിതാവിനോട് നിശ്ശബ്ദം കേഴുകയാണ്; ഈ മഹാമാരിയില്‍നിന്ന് ഒരു രക്ഷാമാര്‍ഗം കാണിച്ചുതരാന്‍. ഇതെഴുതുമ്പോള്‍ രോഗബാധ അഞ്ച് ദശലക്ഷം കവിഞ്ഞിരിക്കുന്നു; മരണം മൂന്ന് ലക്ഷവും. രോഗത്തെ കീഴ്‌പ്പെടുത്താനുള്ള ഒരു വഴിയും ഇതുവരെ മനുഷ്യരാശിക്കു മുന്നില്‍ തെളിഞ്ഞിട്ടില്ല. രോഗവ്യാപനം തടയാനുള്ള നടപടികള്‍ മാത്രമാണ് രാഷ്ട്രങ്ങള്‍ സ്വീകരിക്കുന്നത്. അതിനാലാണ് ഈ ആരോഗ്യ പ്രവര്‍ത്തകന്‍ ആകാശത്തേക്ക് കണ്ണയക്കുന്നത്.
ആ നോട്ടത്തിന്റെ അര്‍ഥം ആര്‍ക്കും അവ്യക്തമല്ല. തനിക്ക് അഭയം തേടാവുന്ന, ആശ്രയിക്കാവുന്ന തന്നേക്കാള്‍ വലിയ ഒരു ശക്തിയിലേക്കാണ് ആ നോട്ടം. ദൈവം മരിച്ചിട്ടില്ല; മരിക്കുക സാധ്യവുമല്ല. ബോമാന്‍ എഴുതി: 'ദൈവം മരിച്ചാല്‍ മനുഷ്യകുലം തന്നെ കുറ്റിയറ്റുപോകും.'13 ഈ പ്രതിസന്ധി ഘട്ടത്തില്‍ നാം തിരിച്ചറിയുന്നു; 'മനുഷ്യകുലം പഠിച്ച ഏറ്റവും വലിയ ഒരു പാഠമുണ്ട്. പണമോ ആരോഗ്യമോ ചിന്താശേഷിയോ ഏറ്റവും മികച്ച തോതില്‍ ലഭ്യമായാലും അതൊന്നും ഒരിക്കലും അവനെ നിരുപാധിക സ്വാതന്ത്ര്യത്തിലേക്ക് എത്തിക്കുന്നില്ല.'  കാരണം, 'കാലം കടന്നുപോകുമ്പോള്‍ പണം മാഞ്ഞുമറിഞ്ഞുപോകും. ശരീരം ദുര്‍ബലമാകുമ്പോള്‍ ഒപ്പം ആരോഗ്യവും നശിക്കും. വാര്‍ധക്യത്തിലേക്ക് കടന്നാല്‍ ചിന്താശേഷിക്കും മങ്ങലേല്‍ക്കുകയായി. മനുഷ്യപ്രകൃതിയുടെ ദൗര്‍ബല്യം തിരിച്ചറിയാന്‍ ഇതു മാത്രം ശ്രദ്ധിച്ചാല്‍ മതിയാവും.'14 തന്റെ സ്രഷ്ടാവിനെ മാറ്റിനിര്‍ത്തി ജീവിച്ചുകളയാം എന്ന് മനുഷ്യന്‍ എത്ര തന്നെ തീരുമാനിച്ചുറപ്പിച്ചാലും അത് സാധ്യമാവില്ലെന്ന് ചുരുക്കം.
ഇനി ലാറൂസിന്റെ 'ഇരുപതാം നൂറ്റാണ്ട് - ചരിത്ര നിഘണ്ടു' (Larouse Dictionary of 20th Century History) എന്തു പറയുന്നു എന്ന് നോക്കാം: 'മതബോധം എന്നത് എല്ലാ മനുഷ്യവിഭാഗങ്ങളും പങ്കു വെക്കുന്ന ഒരു ചോദനയാണ്.. കടുത്ത അപരിഷ്‌കൃതരെന്നോ ബര്‍ബേറിയന്മാരെന്നോ വിശേഷിപ്പിക്കപ്പെടുന്നവരില്‍ പോലും അതുണ്ട്. പ്രകൃത്യാതീതമായ ഒരു ദിവ്യശക്തിക്ക് നല്‍കുന്ന പരിഗണന എല്ലാ കാലത്തെയും എല്ലായിടത്തെയും മനുഷ്യരിലുളള ഒരു ശാശ്വത വികാരമായിരുന്നു. ഈ വികാരം ഒരിക്കലും അപ്രത്യക്ഷമായിരുന്നിട്ടില്ല. എന്നല്ല, അത് ദുര്‍ബലമാവുകയോ വാടുകയോ പോലുമുണ്ടായിട്ടില്ല. അത്തരം ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അത് നാഗരികത ധൂര്‍ത്തിലേക്ക് കടന്ന സന്ദര്‍ഭങ്ങളില്‍ മാത്രമാണ്; വളരെക്കുറഞ്ഞ ആളുകളിലേ ആ പ്രവണത കണ്ടിരുന്നുമുള്ളൂ.'15. ഗവേഷകനായ അബ്ദുല്ല അശ്ശഹ്രി പറയുന്നത്, പ്രതിസന്ധിയുടെ ഈ ചരിത്രസന്ദര്‍ഭം ജീവിതത്തിന്റെ അര്‍ഥമന്വേഷിക്കാന്‍ നമ്മെ നിര്‍ബന്ധിതമാക്കുമെന്നാണ്: 'നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മതം എന്ന മറ്റൊരു വ്യവഹാര മണ്ഡലത്തിലേക്ക് നാം കടന്നിരിക്കുകയാണ്.'16 കോളിന്‍ വില്‍സന്റെ അഭിപ്രായത്തില്‍, മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നം, 'ദൈനംദിന ജീവിതത്തിന്റെ ഉപരിപ്ലവതകളില്‍ അവന്‍ കുടുങ്ങിക്കിടക്കുന്നു' എന്നതാണ്. 'തന്നെ വലയം ചെയ്തു നില്‍ക്കുന്ന വലിയ ലോകത്തെ' അവന്‍ മറന്നുപോവുകയും ചെയ്യുന്നു.17
ദൈനംദിന ജീവിതത്തിന്റെ ആ ആഴമില്ലായ്മകളില്‍നിന്ന് മനുഷ്യനെ പുറത്തു കടത്തുകയാണ് ഈ മഹാമാരി ചെയ്തിരിക്കുന്നത്. അതിനാല്‍ ഇതിനെപ്പറ്റി വരുന്ന വിശദാംശങ്ങളൊന്നും തന്നെ ഭയത്തില്‍നിന്ന് നമുക്ക് മോചനം നല്‍കുകയില്ല. കൊറോണോഫോബിയ, സമൂഹവ്യാപനം പോലുള്ള പുതിയ ഭീതികള്‍ക്ക് തിരികൊളുത്തുകയേ അവ ചെയ്യൂ. ഭൗതികോപാധികളൊന്നും നമുക്ക് നല്‍കിയിട്ടില്ലാത്ത സമുന്നതമായ ഒരു അഭയസ്ഥാനം അന്വേഷിക്കാനും നാം പ്രേരിതരാവുന്നു. ഇതു പോലുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ മാത്രം ആവശ്യമായി വരുന്ന ഒന്നല്ല ഇത്. ആ അഭയസ്ഥാനമാണ് ജീവിതം കറങ്ങേണ്ട ഭ്രമണപഥം നമുക്ക് കാണിച്ചു തരേണ്ടത്. എല്ലാ കാലത്തും മതം നിര്‍വഹിച്ചിട്ടുള്ള ദൗത്യം അതാണ്. ചരിത്രകാരന്‍ പഌട്ടാര്‍ക്ക് പറഞ്ഞതു പോലെ, ചുറ്റുമതിലുകളില്ലാത്ത, നാഗരികത കടന്നുചെന്നിട്ടില്ലാത്ത പട്ടണങ്ങള്‍ നാം ചരിത്രത്തില്‍ കണ്ടെന്നു വരും; പക്ഷേ, ആരാധനാലയമില്ലാത്ത ഒരു പട്ടണം കാണാനാവുകയില്ല.18 മറ്റൊരു വിധം പറഞ്ഞാല്‍, മഹാമാരിക്ക് ഒരു വാക്‌സിന്‍ കണ്ടെത്തുക എന്നതല്ല ഏറ്റവും പ്രധാനമായിട്ടുള്ളത്. വാക്‌സിന്‍ കണ്ടെത്തിയാല്‍ തന്നെ അത് എല്ലാ മനുഷ്യര്‍ക്കും തുല്യ അളവില്‍ പ്രയോജനപ്പെടുമോ? ഇങ്ങനെ കുറേ ചോദ്യങ്ങളുണ്ട്. ഭയത്തിന്റെ പിടിത്തത്തില്‍നിന്ന് തങ്ങളെ രക്ഷപ്പെടുത്തുന്ന ഒരു അഭയകേന്ദ്രം മനുഷ്യന്‍ അന്വേഷിച്ച് കണ്ടെത്തുകയാണ് വേണ്ടത്. സിഗ്മണ്ട് ബോമാന്‍ തന്റെ 'ഒഴുകുന്ന ഭയം' എന്ന കൃതിയില്‍ വിശദീകരിക്കുന്ന പോലെ, ഭയത്തെ നിര്‍മാര്‍ജനം ചെയ്യുന്നതില്‍ ഭൗതികത പരാജയപ്പെടുന്ന പക്ഷം വര്‍ധിച്ചുവരുന്ന ഭയങ്ങളില്‍നിന്നുള്ള മോചനം എന്ന പുതിയ (പഴയ) ചോദ്യം നാം  അഭിമുഖീകരിക്കേണ്ടതായി വരും. തന്റെ സ്രഷ്ടാവുമായി ബന്ധം സ്ഥാപിച്ചുകൊണ്ടേ ആ അവസ്ഥയിലെത്താനാവൂ എന്ന് തന്റെ വംശത്തിന് തുടക്കമിട്ട കാലം മുതല്‍ക്കേ മനുഷ്യന്‍ മനസ്സിലാക്കിവെച്ചിട്ടുണ്ട്. അബ്ദുല്‍ വഹാബ് മസീരി എഴുതുന്നു: 'ദൈവമാണ് എല്ലാറ്റിന്റെയും അടിസ്ഥാന അവലംബം.... ആ അവലംബമില്ലെങ്കില്‍ പ്രപഞ്ചത്തിലെ എല്ലാം അവസാനിക്കും.'19
തീവ്ര ഭൗതികതയെക്കുറിച്ചാണ് നാം പറഞ്ഞുവന്നത്. ഇതിനുള്ള മറുമരുന്ന് ഒരിക്കലും ശാസ്ത്രത്തെയും നാഗരിക പുരോഗതിയെയും നിരാകരിക്കുന്ന തീവ്ര ആത്മീയത അല്ല തന്നെ. ഇത് വളരെ മനോഹരമായി ബെഗോവിച്ച് പറഞ്ഞുവെച്ചിട്ടുണ്ട്: 'ഇസ്‌ലാമിന്റെ ആഗമനം മതപരിണാമ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. മറ്റു മതങ്ങളില്‍നിന്നും ദര്‍ശനങ്ങളില്‍ നിന്നും ചിന്താസരണികളില്‍നിന്നും അത് തീര്‍ത്തും വ്യത്യസ്തമായിരുന്നു. തീര്‍ത്തും പുതിയൊരു ചിന്താദര്‍ശനമാണ് ഇസ്‌ലാമിലൂടെ അവതരിപ്പിക്കപ്പെട്ടത്. അത് മനുഷ്യനോട് ആവശ്യപ്പെടുന്നത് ഒരേസമയം ആകാശ ജീവിതവും ഭൗമ ജീവിതവും നയിക്കാനാണ്. സാമൂഹിക ജീവിതത്തോടൊപ്പം ധാര്‍മിക ജീവിതവും, ഭൗതിക ജീവിതത്തോടൊപ്പം ആത്മീയ ജീവിതവും ഉണ്ടായിരിക്കണം. കുറേക്കൂടി സൂക്ഷ്മമാക്കി പറഞ്ഞാല്‍, പൂര്‍ണ ഉള്‍ക്കാഴ്ചയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും തന്റെ മനുഷ്യത്വത്തെ സാക്ഷാല്‍ക്കരിക്കുന്നതിനു വേണ്ടി ഈ ലോകജീവിതത്തിന്റെ മുഴുമേഖലകളിലും ശ്രദ്ധ പതിയണം. ഒപ്പം തന്റെ ഈ ലോകജീവിതത്തിന്റെ പൊരുള്‍ എന്ത് എന്ന് ഉറപ്പിച്ചു പറയാനും അയാള്‍ക്ക് കഴിയണം.'20 

(അല്‍ജസീറ നെറ്റില്‍ വന്ന ലേഖനം. ഫലസ്ത്വീനി എഴുത്തുകാരനും ബ്ലോഗറുമാണ് ലേഖകന്‍)
  


കുറിപ്പുകള്‍

1. അസ്അദ് വത്വ്ഫ:  മിന്‍ മര്‍കസിയ്യത്തില്‍ ഇന്‍സാന്‍ ഇലാ ഹാമിശിയത്തിഹി ഫീ സമനി അല്‍ കൊറോനാ
2. മര്‍യം ആദില്‍: അസ്വര്‍ഖ, അല്‍ ഖലിഖുല്‍ വുജൂദി ലില്‍ ഇന്‍സാനില്‍ ഹദീസ്
3. ലേഖനം: ഫീ സമനി കൊറോനാ .... ഔറാഖുത്തവാലീത്ത് തതസ്വദ്ദറു അര്‍വിഖതല്‍ മഹാകിം ഫീ ഉസ്‌ത്രേലിയ (അശ്ശര്‍ഖ്, ഖത്തര്‍)
4. സിഗ്മണ്ട് ബോമാന്‍:  അല്‍ ഖൗഫുസ്സാഇല്‍ (അറബി പരിഭാഷ - ഹജ്ജാജ് അബൂജബര്‍)
5.  അതേ കൃതി
6.  അതേ കൃതി
7. ബര്‍ട്രാന്റ് റസല്‍: ആമാലുന്‍ മുതജദ്ദിദ ഫീ ആലമിന്‍ ജദീദ്
8.  സിഗ്മണ്ട് ബോമാന്‍: അല്‍ ഖൗഫുസ്സാഇല്‍
9.  Wells, HG : The Shape of Things
10. Shrodinger. E: Why Not Physics?
11. Charles Darwin: Selected Letters, edited by Fredrick Burkhardt
12. Richardson, W: 0nly a God Can Save Us
13. ബോമാന്‍ & സ്റ്റാന്‍സോവ് ഓബ്രിക്: അനില്ലാഹ് വല്‍ ഇന്‍സാന്‍
14. അബ്ദുല്ല ശഹ്‌രി: അല്‍ മഖ്‌റജുല്‍ വഹീദ് ... മല്‍ഹമതുല്‍ ഖലാസ് ബൈനല്‍ ഖലിഖിസ്സഅയ് വ മദദില്‍ വഹ്‌യ്
15. മുഹമ്മദ് അബ്ദുല്ല ദര്‍റാസ്: അദ്ദീന്‍
16. അബ്ദുല്ല ശഹ്‌രി: അല്‍ മഖ്‌റജുല്‍ വഹീദ്
17. Wilson, C: The Occult: A History, Random House
18. ബെഗോവിച്ച്: അല്‍ ഇസ്‌ലാമു ബൈനശ്ശര്‍ഖി വല്‍ ഗര്‍ബ് (അറബി പരിഭാഷ)
19. അബ്ദുല്‍വഹാബ് മസീരി: രിഹ്‌ലത്തീ അല്‍ ഫിഖ്‌രിയ്യ...ഫില്‍ബുദൂരി വല്‍ ജുദൂരി വസ്സിമാര്‍
20  ബെഗോവിച്ച്: അല്‍ ഇഅ്‌ലാനുദ്ദസ്തൂരി (അറബി പരിഭാഷ: മുഹമ്മദ് യൂസുഫ് അദസ്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (45-47)
ടി.കെ ഉബൈദ്‌

ഹദീസ്‌

ധ്യാനവും സേവനവും
ഫാത്വിമ കോയക്കുട്ടി