Prabodhanm Weekly

Pages

Search

2020 ജൂണ്‍ 05

3154

1441 ശവ്വാല്‍ 13

ബദ്‌റിലെ ആദ്യ രക്തസാക്ഷി

വി.കെ ജലീല്‍

യുദ്ധം ജയിച്ചു വരുന്ന റസൂലിനെയും 'ബദ്‌രീങ്ങളെ'യും കാത്ത് മദീന മൂന്നു ദിവസമായി ക്ഷമ വെടിഞ്ഞ് കഴിയുകയാണ്. ജേതാക്കള്‍  ഒറ്റക്കും കൂട്ടായും വന്നു തുടങ്ങി എന്ന് കേട്ടപ്പോള്‍ ബന്ധുക്കളും സ്നേഹ ജനങ്ങളും അവരെ അഭിമാനാദരങ്ങളോടെ സ്വാഗതം ചെയ്യാന്‍ മദീനാ പള്ളിയുടെ ചാരെ ഒരുങ്ങി എത്തി. കൂട്ടത്തില്‍ ഉമ്മു റബീഅ എന്ന വിളിപ്പേരില്‍ വിശ്രുതയായ  അന്‍സ്വാരി വനിതയും ഉണ്ട്. പ്രായം വാര്‍ധക്യത്തിലേക്ക്  കടന്നു തുടങ്ങിയ കൃശഗാത്രിയായ ഒരു സ്ത്രീ. പുത്രന്‍ ഹാരിസയെ പ്രതീക്ഷിച്ചാണ് അവരുടെ നില്‍പ്പ്. പലരും വന്നു കഴിഞ്ഞിട്ടും ഹാരിസ വന്നു കാണാതായപ്പോള്‍ ക്ഷമ നശിച്ച അവര്‍ ഉത്കണ്ഠയോടെ അന്വേഷണം തുടങ്ങി: 'എന്റെ മോന്‍ ഹാരിസ എവിടെ? നിങ്ങള്‍ അവനെ കണ്ടോ?' ആരും ഒന്നും മിണ്ടുന്നില്ല. മോനെ അറിയാത്തതുകൊണ്ടാകുമോ? ഖസ്റജ് വംശത്തിലെ ബനൂഅദിയ്യില്‍ ഉള്‍പ്പെട്ട, സുറാഖയുടെ മകനായ ഹാരിസയെ അവരാരും അറിയാഞ്ഞിട്ടല്ല. അവര്‍ക്കെല്ലാവര്‍ക്കും അവനെ വളരെ നല്ല പരിചയമുണ്ട്. അവനുമായി ഉറ്റ സ്നേഹബന്ധവും ഉണ്ട്.
നബിതിരുമേനിയുടെ ചുറ്റുമായി സദാ കാണാറുള്ള ചുറുചുറുക്കുള്ള യുവാവ്. യുവാവെന്ന് വെച്ചാല്‍ പ്രായം യുവത്വത്തിലേക്ക് കടക്കുന്നേയുള്ളൂ. നബിതിരുമേനിയുടെ ആഗമനത്തിന്റെ ആഹ്ലാദാരവങ്ങള്‍ക്കിടെ അവന്‍ സോത്സാഹം മുസ്ലിമായി. തുടര്‍ന്ന്, നബിതിരുമേനിയുടെ അടുത്ത് ശിഷ്യത്വം നേടി. നിരവധി ഇതര വിശിഷ്ട ഗുണങ്ങള്‍ കൊണ്ടുകൂടി, അന്നുതൊട്ടേ എല്ലാവരുടെയും ശ്രദ്ധാപാത്രമായിരുന്നു ഹാരിസ ബ്‌നു സുറാഖ. പോരാത്തതിന്, റസൂലിന്റെ അരുമ സേവകനായ അനസുബ്നു മാലിക്കിന്റെ പിതൃസഹോദരീ പുത്രന്‍ കൂടിയാണ് ഹാരിസ. പ്രായം അനസിനേക്കാള്‍ നാലഞ്ച് വയസ്സ് കൂടും.
പ്രത്യേകം എടുത്തു പറയേണ്ട കാര്യം, ഹാരിസക്ക് മാതാവിനോടുള്ള സ്നേഹമാണ്. അവര്‍ക്ക് തിരിച്ച് ഹാരിസയോടും. അഗാധമായ ഈ മാതൃ-പുത്രസ്നേഹം മദീനയിലെ കൊച്ചു ഇസ്ലാമിക സമൂഹത്തെ ഒന്നാകെ വിസ്മയിപ്പിച്ചിരുന്നു.
നിരന്തരമായ അന്വേഷണങ്ങള്‍ക്കിടയിലും, ഉമ്മുറബീഅയുടെ മനസ്സില്‍ ആ രംഗം മായാതെ നിന്നു. തന്റെ ജീവിതത്തിന്റെ ഏക അവലംബമായ ഹാരിസയെ നിറമിഴികളോടെ യാത്രയാക്കിയ രംഗം.
പെട്ടെന്നാണ് ഹാരിസ വന്നു കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞത്: 'ഉമ്മാ, റസൂല്‍ ഏതോ അടിയന്തര കാര്യത്തിന് ആളുകളെ സംഘടിപ്പിക്കുന്നുണ്ട്. പെട്ടെന്ന് പുറപ്പെടാന്‍ കഴിയുന്ന ആളുകളെ മാത്രമേ സ്വീകരിക്കുന്നുള്ളൂ. അത്യാവശ്യമായി ഒന്ന് വീട്ടില്‍ വന്നു പോകേണ്ടവരെയോ, വീട്ടിലുള്ള ആയുധമെടുത്തു കൊണ്ടുവരാന്‍ സാവകാശം ചോദിക്കുന്നവരെയോ പോലും ഒഴിവാക്കുകയാണ്. എനിക്ക് ഒരുങ്ങാന്‍ ഒന്നുമില്ല,  ഞാന്‍ റസൂലിന്റെ കൂടെ പോകട്ടെ.'
'മോനേ നീ പോയാല്‍.....' അവന്‍  വാചകം പൂര്‍ത്തിയാക്കാന്‍ തന്നെ അനുവദിച്ചില്ല. റസൂല്‍ പുറപ്പെടുന്നത്, ഇസ്ലാമിക ജിഹാദിന്റെ ഭാഗമായാണെന്ന് അവനെ പോലെ തനിക്കും ദൃഢബോധ്യമുണ്ടായിരുന്നു. അതിനാല്‍ താന്‍ തന്നെ പടച്ചട്ട അണിയിച്ചു പറഞ്ഞയച്ചു.
ഹാരിസയുടെ മാതാവ് തന്റെ അന്വേഷണം തുടര്‍ന്നു. അപ്പോള്‍ കൂട്ടത്തിലൊരാള്‍ പറഞ്ഞു: 'ഹാരിസ ഈ കൂട്ടത്തില്‍ ഇല്ല. അവന്‍ കൊല്ലപ്പെട്ടു.'
'എന്ത് അവന്‍ രക്തസാക്ഷിയായോ?'
'രക്തസാക്ഷി എന്നു പറയാന്‍ പറ്റില്ല. അവന്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നില്ല.'
ആ മാതാവ് സ്തംഭിച്ചുനില്‍ക്കേ, അയാള്‍ സംഭവം വിശദീകരിച്ചു: 'യുദ്ധം നടന്നതിന്റെ തലേ രാത്രി, മുസ്ലിംകളുടെ അധീനതയിലുണ്ടായിരുന്ന ജലശേഖരത്തില്‍ നിന്ന് വെള്ളം മുക്കി, ആര്‍ക്കൊക്കെയോ  എത്തിച്ചു കൊടുക്കാനും, രംഗനിരീക്ഷണത്തിനും പോയ ഹാരിസ, സ്വയം വെള്ളം കുടിച്ചുകൊണ്ടിരിക്കെ, ശത്രുപക്ഷത്തു നിന്ന് വന്ന അമ്പ് ചങ്കിലേറ്റു മരിക്കുകയായിരുന്നു.'
ഈ വിവരണം ആ മാതാവിനെ തെല്ലൊന്നുമല്ല അസ്വസ്ഥയാക്കിയത്. അവര്‍ കണ്ണീരോടെ തിരുമേനിയെ സമീപിച്ചു ചോദിച്ചു: 'തിരുദൂതരേ, എന്റെ മോന്‍ രക്തസാക്ഷിയല്ലേ? അവനു സ്വര്‍ഗത്തില്‍ രക്തസാക്ഷികളുടെ പദവി ലഭിക്കില്ലേ?' റസൂല്‍ പറഞ്ഞു: 'ഉറപ്പായും, ഹാരിസക്ക് ലഭിക്കുക ഒരു സാധാരണ സ്വര്‍ഗത്തോപ്പ് അല്ല. ഏറ്റവും ഉത്കൃഷ്ടങ്ങളായ നിരവധി സ്വര്‍ഗീയ ആരാമങ്ങള്‍ ആണ്.' ആ മാതാവിനു മറ്റൊന്നും ആവശ്യമുണ്ടായിരുന്നില്ല. അവര്‍ കണ്ണീരൊപ്പി.
അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഒരു സല്‍ക്കാര്യത്തിലുള്ള പങ്കാളിത്തം തന്നെ ആനന്ദദായകമാണ്. അതില്‍ ഒന്നാം സ്ഥാനത്തെത്താനായാലോ! ബദ്റിലെ രക്തസാക്ഷ്യത്തിലുള്ള ഒന്നാം സ്ഥാനമാണ് പ്രവാചകനെയും സ്വന്തം മാതാവിനെയും ഉള്ളഴിഞ്ഞ് സ്നേഹിച്ച, എന്നും പൊരുതുന്ന യുവത്വത്തിന്റെ ആവേശമായ ഹാരിസ ബ്‌നു സുറാഖ നേടിയെടുത്തത്. ബദ്റിന് ഒരു ആവര്‍ത്തനം ഇല്ലല്ലോ. അതിനാല്‍ ലോകാന്ത്യം വരെ ആ പ്രഥമസ്ഥാനം ആരാലും മറികടക്കപ്പെടുകയില്ല, തീര്‍ച്ച.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (45-47)
ടി.കെ ഉബൈദ്‌

ഹദീസ്‌

ധ്യാനവും സേവനവും
ഫാത്വിമ കോയക്കുട്ടി