ഭയത്തിെന്റ അന്തരീക്ഷെത്ത സാേഹാദര്യം കൊണ്ട് മറികടക്കുക
ആധുനിക കാലത്ത് സാധാരണമായും, കൊറോണ ലോകത്തെ സ്തബ്ധമാക്കിയ വര്‍ത്തമാനകാലത്ത് വിശേഷിച്ചും നമ്മുടെ മുന്നിലെത്തുന്ന വാര്‍ത്തകളും വര്‍ത്തമാനങ്ങളും ആശാവഹങ്ങളല്ല. അവയിലേറെയും ഭീതിപ്പെടുത്തുന്നതും വിഷാദജനകവുമാണ്. കോവിഡ്-19 മഹാമാരി സംക്രമിപ്പിച്ച പറഞ്ഞുതീര്‍ക്കാനാവാത്ത തീവ്രദുഃഖങ്ങളും തീരാദുരിതങ്ങളും പ്രസരണം ചെയ്തുകൊണ്ടിരിക്കുന്ന ഭീതിയുടെ വൈറസ് ഏതൊരു മാസ്‌കിനും അരിച്ചെടുക്കാനാവാത്ത വിധം സൂക്ഷ്മവും ശക്തവുമാണ്. അടിസ്ഥാനാവശ്യങ്ങളുടെ അരിഷ്ടതകള്‍ മുതല്‍ ആഗോള വ്യാപാരവും ഓഹരി കമ്പോളവും ഉള്‍പ്പെടെയുള്ളവയിലെല്ലാം കാണുന്നത് നിറഞ്ഞ അനിശ്ചിതത്വങ്ങളും നീറുന്ന വിഭ്രാന്തികളുമാണ്. രോഗബാധയുടെയും മരണത്തിന്റെയും വര്‍ധിച്ച സ്ഥിതിവിവര കണക്കുകള്‍ ദിനേന വന്നുകൊണ്ടിരിക്കുമ്പോഴും ഭയപ്പെടാതിരിക്കൂ എന്ന് ഡോക്ടര്‍മാരും മനശ്ശാസ്ത്ര വിദഗ്ധരും മുതല്‍ ലോകാരോഗ്യ സംഘടന വരെ പറഞ്ഞുകൊണ്ടിരിക്കുന്നു. മനുഷ്യന്‍ സര്‍വവിധ വൈജ്ഞാനിക വളര്‍ച്ചകളുടെയും ആഴങ്ങളിലും നൈപുണികളുടെയും പരിജ്ഞാനങ്ങളുടെയും അലങ്കാരങ്ങളിലും എത്തി നില്‍ക്കുമ്പോഴും, കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങളെ പോലും വികസിപ്പിച്ച് ശാസ്ത്ര-സാങ്കേതികവിദ്യകളുടെ അനന്ത സാധ്യതകളിലേക്ക് ഉയര്‍ന്നുപോകുമ്പോഴും ദൗര്‍ബല്യങ്ങളും പരിമിതികളും അവനെ എക്കാലവും വലയം ചെയ്തിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് കോവിഡ് മഹാമാരി.
മനുഷ്യനില്‍ പ്രവര്‍ത്തനക്ഷമമാവുന്ന അനേകം മാനസികാവസ്ഥകളില്‍ ഒന്നാണ് ഭയം. മാനസികവും ശാരീരികവുമായ എല്ലാ ഉല്ലാസങ്ങളെയും റദ്ദു ചെയ്യുകയും വെറുപ്പ്, അസൂയ, പ്രതികാരം, കുറ്റബോധം തുടങ്ങിയ ഉപ മാനസിക തലങ്ങളെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന പ്രതിഭാസമായാണ് മനശ്ശാസ്ത്ര പഠനങ്ങള്‍ ഭയത്തെ വ്യാഖ്യാനിക്കുന്നത്. തികച്ചും സ്വാഭാവികവും ജീവിത പരിസ്ഥിതികളോട് കണ്ണി ചേര്‍ക്കപ്പെട്ടതുമായ വിഹ്വലതകളും ആകുലതകളും പ്രകൃതിപരമായിതന്നെ ഭയത്തിന് കാരണമായേക്കാം. ആഭ്യന്തര കലാപങ്ങളുടെയും യുദ്ധങ്ങളുടെയും സന്ദര്‍ഭം കാത്തുകിടക്കുന്ന ഭൂമിയും ആകാശവും സമുദ്രവും നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ ചുറ്റുപാടില്‍ ജീവിക്കുമ്പോള്‍ വിശേഷിച്ചും. യാഥാര്‍ഥ്യബന്ധിതമോ സാങ്കല്‍പികമോ ആയേക്കാവുന്നതും മനസ്സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതും സ്വാഭാവിക ജീവിതത്തില്‍ സാരമായി ഇടപെടുന്നതുമായ ഭീതിക്ക് നൂറില്‍പരം വകഭേദങ്ങളും ഉപവിഭാഗങ്ങളും ഉണ്ടെന്ന് ശാസ്ത്രം പറയുന്നു. ഉത്കണ്ഠകള്‍ അക്ഷരങ്ങളുടെ വ്യാകരണങ്ങള്‍ക്ക് വഴങ്ങാത്ത വിവരണാതീതമായ സമസ്യയും അനുഭവങ്ങളുടെ ജീവകോശങ്ങള്‍ക്കു മാത്രം വര്‍ണിക്കാവുന്ന ഒന്നുമാണ്. പരാജയഭീതി, അജ്ഞാതമായതിനേയോ വരാനിരിക്കുന്നതിനെയോ കുറിച്ച ഭയം, സ്വയംപ്രാപ്തിയില്‍ വിശ്വാസരാഹിത്യം, തീരുമാനങ്ങള്‍ തെറ്റായി പരിണമിച്ചേക്കുമെന്ന ഭീതി തുടങ്ങിയവയെല്ലാം ഭയത്തിന്റെ മനശ്ശാസ്ത്രം പങ്കുവെക്കുന്നവയാണ്.
നൈസര്‍ഗികമായ ഉത്കണ്ഠ ചില സന്ദര്‍ഭങ്ങളില്‍ കരുതലോടെയും സൂക്ഷിച്ചും മുന്നോട്ടു പോകാന്‍ സഹായിച്ചേക്കാം. നിര്‍ഭയത്വം എന്നത് വ്യാകുലതകളില്‍നിന്നും പൂര്‍ണമായും മുക്തമാവുന്ന ഒരു മാനസിക തലത്തെകുറിച്ച സങ്കല്‍പം മാത്രമല്ല, മറിച്ച് ഭയവിഹ്വലതകളെ ധീരമായി അഭിമുഖീകരിക്കാനും അതിജയിക്കാനുമുള്ള ദൃഢവിശ്വാസവും ആര്‍ജവവും കൂടിയാണ്. എന്നാല്‍ വ്യക്തിയില്‍ നിന്നും കുടുംബത്തിലേക്കും ചുറ്റുപാടുകളിലേക്കും സമൂഹത്തിലേക്കും അതുവഴി പുതുതലമുറയിലേക്കും പ്രതിലോമ ചിന്തയോ അപകര്‍ഷബോധമോ ആയി രോഗാണു കണക്കെ ഭയത്തിന്റെ വ്യാപനം സംഭവിക്കാം. മനസ്സാണല്ലോ പരിവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം, ഭയത്തിന്റെയും. അതിനാല്‍ ശുഭ ചിന്തകളും പ്രതീക്ഷകളും സ്ഥിരോത്സാഹവും നിലനിര്‍ത്തി ചിന്തകളെ പുനഃക്രമീകരിക്കുന്നതിലൂടെയും മനോഭാവത്തെയും കാഴ്ചകളെയും നവീകരിക്കുന്നതിലൂടെയും ഭയത്തെ വിപാടനം ചെയ്യാനാവും എന്നാണ് മനശ്ശാസ്ത്രം ഇതിന് പ്രതിവിധിയായി നിര്‍ദേശിക്കുന്നത്.
ലോകവും ചരിത്രവും കോറോണക്കാലത്തോടെ അവസാനിക്കുന്നില്ല. ജീവിത സാഹചര്യങ്ങള്‍ കോറിയിട്ടേക്കാവുന്ന അര്‍ധവിരാമങ്ങളെ പൂര്‍ണ വിരാമങ്ങളായി കാണാതിരിക്കുന്നേടത്തു നിന്ന് മാത്രമാണ് പുതിയ തുടര്‍ച്ചകള്‍ക്ക് ഊര്‍ജവും പ്രേരണയും ലഭിക്കുന്നത്. ഭയത്തിന്റെ വാഴ്ച അന്തരീക്ഷത്തില്‍ മാരകമായ മലിനീകരണം സൃഷ്ടിക്കുമ്പോള്‍ നാമെന്ത് നിലപാട് സ്വീകരിക്കുന്നു എന്നതാണ് കാര്യമാത്ര പ്രസക്തമാകുന്നത്. ആശ്വാസത്തിന്റെ, മനുഷ്യത്വത്തിന്റെ, സ്‌നേഹത്തിന്റെ, ഐക്യത്തിന്റെ, സാഹോദര്യത്തിന്റെ, തിരിച്ചറിവിന്റെ, അംഗീകാരത്തിന്റെ, ഉള്‍ക്കൊള്ളലിന്റെ ബഹുവര്‍ണ സംസ്‌കാരം വികസിപ്പിച്ച് ഭയത്തിന്റെ, ഒറ്റപ്പെടലിന്റെ, നിസ്സഹായതയുടെ അന്തരീക്ഷത്തെ മറികടക്കേണ്ടതുണ്ട്.
ഡോക്ടര്‍ ഓണ്‍ലൈവ്, പ്രവാസികളുടെ ദുരിതങ്ങള്‍
'പ്രവാസി ഇന്ത്യ Dr.onlive ലേക്കു സ്വാഗതം. ആരാണ് സംസാരിക്കുന്നത്?' എന്റെ മിക്ക ദിവസങ്ങളും തുടങ്ങുന്നത് ഇങ്ങനെയാണ്. ഈ അനുഭവങ്ങള്‍ എഴുതാതിരിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാത്തതുകൊണ്ടാണ് ഈ കുറിപ്പ്.
മെച്ചപ്പെട്ട തൊഴില്‍ തേടിയുള്ള അന്വേഷണത്തിലാണ് പ്രവാസിയായത്. 2018-ലാണ് പ്രവാസജീവിതം ആരംഭിക്കുന്നത്. അതിനുമുമ്പ് ചുരുങ്ങിയ കാലയളവില്‍ ഖത്തറില്‍ ഞാന്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ ആകസ്മികമായുണ്ടായ ഒരപകടത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങേണ്ടി വന്നു. ദുബൈയില്‍ ആതുര സേവനരംഗത്താണ് ജോലി ചെയ്യുന്നത്. അതിനാല്‍ മാനസികവും ശാരീരികവുമായി സേവനം ചെയ്യുന്നതിന്റെ ആത്മസായൂജ്യമുണ്ട്. 'ദൈവത്തിന്റെ മാലാഖമാര്‍...' എന്നാണല്ലോ ഞങ്ങളെ വിശേഷിപ്പിക്കാറ്.
ഒരു സ്ഥിരരൂപമില്ലാത്ത കൊറോണ വൈറസ് ലോകത്തെ പിടിച്ചുലച്ച സന്ദര്‍ഭം വിവരിക്കേണ്ടതില്ലല്ലോ. മിക്ക രാഷ്ട്രങ്ങളിലും വൈറസ് ബാധിതര്‍ ഈയ്യാംപാറ്റകളെപ്പോലെ മരിച്ചുവീഴുന്ന ഭീതിജനകമായ കാഴ്ച. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. എന്ത് ചെയ്യണം, എങ്ങനെ തുടങ്ങണം എന്ന് ആശങ്കയിലാണ്ട സാഹചര്യം. പോംവഴിയെന്ന നിലയില്‍ ഭാഗിക ലോക്ക് ഡൗണും പിന്നീട് പൂര്‍ണ ലോക്ക് ഡൗണും നടപ്പാക്കി. വിമാന സര്‍വീസുകള്‍ നിലച്ചതോടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെട്ടു. അപ്പോഴേക്കും രോഗത്തിന്റെ അതിവ്യാപനം തുടങ്ങിക്കഴിഞ്ഞിരുന്നു. പതുക്കെപ്പതുക്കെ അതെന്റെ റൂമിലും എത്തി. റൂം മേറ്റ്‌സില്‍ മൂന്നു പേര്‍ രോഗബാധിതരായി. അടുത്തതാര് എന്ന ചോദ്യചിഹ്നത്തില്‍ ഭയപ്പെട്ടുഴറാതെ ആത്മസംയമനം പാലിച്ച് രോഗികള്‍ക്കു വേണ്ടിയുള്ള ഇടപെടലുകളായി പിന്നീട്. ഇതിലൂടെ ഒരുപാടു പേരെ സഹായിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ഥ്യവുമുണ്ട്.
പ്രവാസം തുടങ്ങിയ കാലം മുതല്‍ക്കു തന്നെ 'പ്രവാസി ഇന്ത്യ' വളന്റിയറായി സേവനമനുഷ്ഠിച്ചു പോന്നിരുന്നു. തന്മൂലം ഒരുപാടുപേരെ പരിചയപ്പെടാനും പലരുമായി നല്ല ബന്ധം സ്ഥാപിക്കാനും കഴിഞ്ഞു. ഇതില്‍ സുഹൃത്ത് നൗഫല്‍ കാപ്പാടിനോടുള്ള നന്ദിയും കടപ്പാടും നിസ്സീമമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നമ്മള്‍ അനുഭവിക്കുന്ന ആശ്വാസവും ആത്മവിശ്വാസവും വിവരണാതീതമത്രെ.
കോവിഡ് പോസിറ്റീവ് കേസുകള്‍ ദിനംപ്രതി കൂടി വന്ന സാഹചര്യത്തില്‍ മിക്ക ആളുകളും ക്ലിനിക്കുകളിലും ഹോസ്പിറ്റലുകളിലും കുട്ടികളുമായോ വയോധികരുമായോ പോവാന്‍ മടിക്കുന്നു. ഈ അവസ്ഥ, 'പ്രവാസി ഇന്ത്യ ഡോക്ടര്‍ ഓണ്‍ലൈവ്' എന്ന ആശയത്തിലേക്ക് നയിച്ചു. അത് പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനം ചെയ്തു. സൂം ആപ്ലിക്കേഷന്‍ ആണ് അതിനായി തെരഞ്ഞെടുത്തത്. പ്രവാസി ഇന്ത്യ യു.എ.ഇ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ തന്നെ നല്ല ബന്ധം സ്ഥാപിച്ചവരായിരുന്നു എ.കെ.എം.ജി.എ എന്ന പ്രസിദ്ധമായ മലയാളി ഡോക്‌ടേഴ്‌സ് സംഘടന. ഇവരുമൊന്നിച്ച് ഒത്തിരി പ്രവര്‍ത്തനം നടത്തിയ പരിചയം കൊണ്ട് ഇവരുടെ അകമഴിഞ്ഞ സേവനം ഈ പ്രവര്‍ത്തനത്തിനൊരു മുതല്‍ക്കൂട്ടായി.
എ.കെ.എം.ജി.എയെ ഈ അവസരത്തില്‍ പ്രശംസിക്കാതെ പറ്റില്ല. ഒട്ടനവധി പേര്‍ ഇതിനോടകം 'ഡോക്ടര്‍ ഓണ്‍ലൈവി'ലൂടെ പരിശോധന നടത്തി വരുന്നു. വയോധികര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ തുടങ്ങി ഇവര്‍ക്കായി ഗെയ്നക്, ഓര്‍ത്തോ, കാര്‍ഡിയാക്, പീഡിയാട്രിക്, ജിപി തുടങ്ങി സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരും പരിശോധന സൗജന്യമായി നല്‍കിവരുന്നു.
'ഡോക്ടര്‍ ഓണ്‍ ലൈവി'ലേക്ക് വന്ന നിരവധി ഫോണ്‍ കോളുകളില്‍ ഒന്ന് മാത്രം പറയാം. ഒരു പ്രവാസി തന്റെ കുടുംബത്തെ എത്രമേല്‍ സ്‌നേഹിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് അത്. കോള്‍ ഇങ്ങനെ: തനിക്ക് കോവിഡ് -19 ന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. പനി, ശ്വാസതടസ്സം അങ്ങനെ പലതരം പ്രയാസങ്ങള്‍. ഡോക്ടര്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ച് സംസാരിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു; 'ഡോക്ടര്‍... എനിക്ക് മൂന്ന് മക്കളുണ്ട്. രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും. അവര്‍ക്ക് ഞാന്‍ മാത്രമേ ഉള്ളു, ഡോക്ടര്‍.. എനിക്കെന്തേലും ആയാല്‍ അവര്‍ക്ക്... ?' എന്നു പറഞ്ഞ് അയാള്‍ കരയുകയായിരുന്നു. ഈ വാക്കുകള്‍ കണ്ണുകളെ ഈറനണിയിച്ചു. ഇങ്ങനെ മാനസികമായും ശാരീരികമായും പ്രയാസം അനുഭവിച്ച് റൂമില്‍ കഴിച്ചുകൂട്ടുന്ന ഒരുപാടു പേരുണ്ട് എന്ന് മനസ്സിലാക്കാന്‍ സാധിച്ചു.
കോവിഡ് കാലത്ത് വിദേശമണ്ണില്‍ ഉരുകിത്തീരുന്നവര്‍, മരിച്ചു വീഴുന്നവര്‍ നിരവധി. എത്രയെത്ര ജീവിതങ്ങളാണ് നാട്ടിലെ കുടുംബത്തിന്, സ്വന്തം മക്കള്‍ക്ക്, ജന്മം നല്‍കിയ മാതാപിതാക്കള്‍ക്ക് ഒരു നോക്ക് കാണാന്‍ കഴിയാതെ ഈ മണ്ണില്‍ ലയിച്ചുചേരുന്നത്!
എന്നിട്ടോ..? നാട്ടിലേക്ക് പോകാന്‍ ഏറ്റവും അര്‍ഹരായവര്‍ പേരു നല്‍കി കാത്തിരിക്കുമ്പോള്‍, അനര്‍ഹരായവര്‍ കുറുക്കുവഴികളിലൂടെ നാട്ടിലെത്തുന്നു.
ഈ ദുരിതങ്ങള്‍ക്ക് എത്രയും പെട്ടെന്ന് ഒരറുതി വരുത്തണേയെന്ന് ആശിക്കുകയാണ്, പ്രാര്‍ഥിക്കുകയാണ്. ഇതെഴുതുന്ന ഞാനും എത്രനാള്‍ സുരക്ഷിതനായി ഇരിക്കുമെന്ന് പറയാന്‍ ഒരുറപ്പുമില്ല!
ശാഹിദ് അടീപാട്ട്
പൊറുക്കാനാവില്ല, നാട് നിര്‍മിച്ചവരോടുള്ള ഈ നെറികേട്
തിരിച്ചൊഴുക്കിന്റെ പ്രവാസ പാഠങ്ങള്‍ (ലക്കം 3152) കോവിഡാനന്തര കേരളത്തെ സംബന്ധിച്ചേടത്തോളം ഗൗരവപ്പെട്ട വിഷയമാണ്. എണ്ണപ്പണത്തിനായി എരിഞ്ഞൊടുങ്ങുന്നവരുടെ വിയര്‍പ്പുതുള്ളികളില്‍ തളിര്‍ത്തു പന്തലിച്ച ആര്‍ഭാട ജീവിതത്തിന്റെ കേരള മോഡലിന് താഴിട്ടുകൊണ്ട് പുതിയൊരു ജീവിതക്രമം രൂപപ്പെടുകയാണ്. അതിനുവേണ്ടി ജീവിതരീതികള്‍ അടിമുടി മാറ്റി പണിയുന്നതിനെ പറ്റി ഗൗരവപ്പെട്ട വിചിന്തനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട് പ്രവാസികളുടെ തിരിച്ചുവരവ്.
നാടിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ തുല്യതയില്ലാത്ത പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന വലിയൊരു ജനവിഭാഗത്തെ ഈ വിഷമസന്ധിയില്‍ ചേര്‍ത്തു പിടിക്കുന്നത് പോകട്ടെ, അവസാന ഘട്ടത്തില്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നാട്ടിലേക്ക് കൊണ്ടു പോകുന്ന അവസരത്തിലും കഴുത്തറപ്പന്‍ ചാര്‍ജ് ഈടാക്കിക്കൊണ്ടുള്ള ആകാശപ്പക നീതീകരിക്കാന്‍ കഴിയാത്ത നെറികേടാണ്.
ഇസ്മാഈല്‍ പതിയാരക്കര, ബഹ്‌റൈന്‍
Comments