വിമോചനവും സാമൂഹിക പുരോഗതിയും മാലിക് ബിന്നബിയുടെ നോട്ടത്തില്‍
ഇസ്ലാമിന്റെ സാമൂഹിക പരിവര്‍ത്തന ശേഷിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി സമകാലിക ലോകത്ത് മുസ്ലിം നവോത്ഥാനം എങ്ങനെ സാധ്യമാക്കാം എന്ന് വിശകലനം ചെയ്ത ആധുനിക ചിന്തകനാണ് മാലിക് ബിന്നബി (1905-1973). കിഴക്കന്‍ അള്‍ജീരിയയിലെ ഖുസ്തന്‍ത്വീന്‍ പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ഫ്രഞ്ച് കോളനി വാഴ്ചയുടെ തുല്യതയില്ലാത്ത അടിച്ചമര്‍ത്തലുകള്‍ അനുഭവിച്ചറിഞ്ഞ അദ്ദേഹം, ആധുനിക വിജ്ഞാനീയങ്ങളെയും ഇസ്ലാമിക ദര്‍ശനത്തെയും സംയോജിപ്പിച്ച് സമഗ്രമായ ഒരു വിമോചന രീതിശാസ്ത്രം വികസിപ്പിച്ചെടുത്തു. ഇബ്നു ഖല്‍ദൂന്‍ (1332-1406), അര്‍ണോള്‍ഡ് ജെ. ടോയന്‍ബി (1889-1975) തുടങ്ങിയ ചിന്തകരുടെ വിശകലന രീതികള്‍ പിന്തുടര്‍ന്ന് 'ഇസ്ലാമിക നാഗരികതയുടെ പുനര്‍നിര്‍മാണം' എന്ന വിപുലമായ ഒരു കര്‍മപദ്ധതിയും അദ്ദേഹം ആവിഷ്‌കരിച്ചു.
മുസ്ലിം ചരിത്രത്തെക്കുറിച്ചും അതിന്റെ സാംസ്‌കാരിക നിര്‍മിതിയെക്കുറിച്ചുമുള്ള സാമാന്യ ബോധവും ബോധ്യവുമാണ് ഇസ്ലാമിക നാഗരികതയുടെ പുനര്‍നിര്‍മാണത്തിന് അടിസ്ഥാനപരമായി വേണ്ടത്. നൂറ്റാണ്ടുകളോളം ലോകത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ചിരുന്ന മുസ്ലിം സമൂഹം യൂറോപ്യന്‍ നാഗരികതയുടെ മുന്നില്‍ പതറിപ്പോയത് എന്തുകൊണ്ടാണെന്ന് വസ്തുനിഷ്ഠമായി വിലയിരുത്താന്‍ അതു വഴി സാധിക്കും. വര്‍ത്തമാനകാല മുസ്ലിം ലോകത്തിന്റെ പിന്നാക്കാവസ്ഥയും അരക്ഷിതത്വവും വെളിവാക്കുന്നത് ഈ സമൂഹ ഗാത്രത്തെ ബാധിച്ചിട്ടുള്ള രോഗ ലക്ഷണങ്ങളാണ്. ഇസ്ലാം വിഭാവന ചെയ്യുന്ന സാമൂഹിക-ധാര്‍മിക മൂല്യ വ്യവസ്ഥയിലൂടെ മാത്രമേ അതിനു ചികിത്സ നിര്‍ണയിക്കാനാകൂ.
ആ മൂല്യവ്യവസ്ഥ രൂപപ്പെടുന്നതിന് ഒരു ആദര്‍ശ സമൂഹം നിലവില്‍ വരേണ്ടതുണ്ട്. പ്രവാചകാധ്യാപനങ്ങള്‍ ആദര്‍ശ സമൂഹത്തിന്റെ രൂപരേഖ വരച്ചുകാണിക്കുന്നുണ്ട്. ഖുര്‍ആന്‍ ഉയര്‍ത്തിക്കാണിക്കുന്ന 'ഖൈറു ഉമ്മത്ത്' (ഉത്തമ സമൂഹം) അങ്ങനെയാണ് രൂപപ്പെടുക. നിര്‍ണിതമായ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന വ്യക്തികളുടെ ഊര്‍ജമാണ് ആ സമൂഹം. ദൈവത്തിന്റെ ഏകത്വം (തൗഹീദ്) എന്ന ആശയത്തില്‍ ആകൃഷ്ടരായി രൂപപ്പെടുന്ന ഒരു ചരിത്ര സമൂഹം. ന്യായാന്യായങ്ങള്‍ വിലയിരുത്തി നീതിയുടെ സംസ്ഥാപനത്തിന് ശ്രമിക്കുന്ന വിഭാഗമായി ഖുര്‍ആന്‍ മൂന്നാം അധ്യായം 110-ാം വചനത്തില്‍ അവരെ പരിചയപ്പെടുത്തുന്നുണ്ട്.
ഇസ്ലാം വിഭാവന ചെയ്യുന്ന ആത്മീയ ശക്തിയിലൂടെയാണ് മുസ്ലിം സമൂഹത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുക. സാമൂഹിക മാറ്റങ്ങളുടെ രാസത്വരകമായി ടോയന്‍ബി വിലയിരുത്തുന്നത് അത് നേരിടുന്ന വെല്ലുവിളികളെയാണ്. ഒരു സമൂഹം നിശ്ചലമാകുന്നതിന് രണ്ട് കാരണങ്ങളാകാമെന്ന് അദ്ദേഹം പറയുന്നു. ഒന്നുകില്‍ മതിയായ വെല്ലുവിളി ഇല്ലാതിരിക്കുക, അല്ലെങ്കില്‍ വെല്ലുവിളി ആവശ്യത്തിലധികമാവുക. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന വാഗ്ദാനം (വഅ്ദ്), താക്കീത് (വഈദ്) എന്നീ രണ്ട് സംജ്ഞകളിലൂടെയാണ് ബിന്നബി ഇസ്ലാമിക സമൂഹ ശാസ്ത്രത്തിലേക്ക് ഇതിനെ ചേര്‍ത്തു വെക്കുന്നത്. മുഹമ്മദ് നബിയെ അഭിസംബോധന ചെയ്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''നബിയേ, താങ്കളെ നാം സാക്ഷിയും സുവിശേഷകനും താക്കീതുകാരനുമായി നിയോഗിച്ചിരിക്കുന്നു'' (33:45). ഭൗതികവും പാരത്രികവുമായ ജീവിതത്തിലെ വിജയപരാജയങ്ങളെ കുറിച്ച പ്രവാചക സന്ദേശങ്ങളാണ് പ്രതിസന്ധികളെ അതിജയിക്കാന്‍ വിശ്വാസികള്‍ക്ക് കരുത്തേകിയത്. ഇസ്ലാമിക സമൂഹത്തിന്റെ നിര്‍മാണ പ്രക്രിയയുടെ ഒന്നാം തീയതി മുതല്‍ പ്രവാചകന്‍ ഈ പാഠങ്ങള്‍ ഓരോ വ്യക്തിക്കും പകര്‍ന്നു നല്‍കി. ഖുറൈശികളുടെ കൊടിയ പീഡനങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ബിലാലി(റ)നെ പ്രചോദിപ്പിച്ച ആത്മീയാവസ്ഥ ഇതായിരുന്നു. 'യാസിര്‍ കുടുംബമേ ക്ഷമിക്കുക. നിങ്ങള്‍ക്ക് സ്വര്‍ഗം ലഭിക്കും...' എന്ന വാഗ്ദാനമാണ് സുമയ്യ(റ)യുടെ രക്തസാക്ഷിത്വ വേളയിലും ആ കുടുംബത്തിനുള്ള ഏക ആശ്വാസം. അക്രമികളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തിയതിന്റെ ചരിത്ര വിവരണങ്ങള്‍ ഖുര്‍ആന്‍ നിരന്തരമായി അവതരിപ്പിക്കുന്നത് ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. അടിച്ചമര്‍ത്തലുകള്‍ക്കിടയിലും പ്രതീക്ഷയുടെ തേരിലേറി മുന്നോട്ട് കുതിക്കാന്‍ വിശ്വാസിസമൂഹത്തെ അത് പ്രാപ്തമാക്കി.
വ്യക്തികള്‍, അവരെ ബന്ധിപ്പിക്കുന്ന ആശയങ്ങള്‍ (Ideas), അവക്കു ചുറ്റുമുള്ള വസ്തുക്കള്‍ (Objects) ഇവ ചേരുമ്പോള്‍ ഒരു സമൂഹം രൂപപ്പെടുന്നു. സമൂഹത്തിന്റെ കെട്ടുറപ്പ് അതിലെ വ്യക്തികളുടെ പരസ്പര ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു. 'സാമൂഹിക ബന്ധങ്ങളുടെ ശൃംഖല' (Social Relation Network) എന്നാണ് ബിന്നബി ഇതിനെ വിളിക്കുന്നത്. സാമൂഹിക ബന്ധങ്ങളുടെ ഈ നെറ്റ് വര്‍ക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ അത് പുതിയ നാഗരികതക്ക് ജന്മം നല്‍കുന്നു. പ്രവാചകന്റെ മദീന അതിനു ഉത്തമോദാഹരണമാണ്. പ്രവാചകന്റെ ഹിജ്റയോടു കൂടിയാണ് ഇസ്ലാമിക നാഗരികത രൂപപ്പെടുന്നത്. പ്രദേശവാസികളായ അന്‍സ്വാറുകള്‍ക്കും പലായനം ചെയ്തുവന്ന മുഹാജിറുകള്‍ക്കുമിടയില്‍ സാഹോദര്യ ബന്ധം സ്ഥാപിക്കുക എന്നതായിരുന്നു പ്രവാചകന്റെ മദീനയിലെ പ്രഥമ ദൗത്യം. അന്‍സ്വാറുകളില്‍ തന്നെ പരസ്പരം പോരടിച്ചിരുന്ന ഔസ്-ഖസ്റജ് ഗോത്രങ്ങളെ ഒരുമിപ്പിക്കുന്നതിലും പ്രവാചകന്‍ വിജയിച്ചു. സാഹോദര്യത്തില്‍ അധിഷ്ഠിതമായ ഈ സംഘാടനമാണ് 'പരസ്പരം പക പോക്കുന്ന ഇടം' എന്നറിയപ്പെട്ട യസ്‌രിബിനെ ഇസ്ലാമിക നാഗരികതയുടെ അടിസ്ഥാനമായ 'പ്രവാചക നഗരം' എന്ന മദീനത്തുന്നബവിയായി പരിവര്‍ത്തിപ്പിച്ചത്. സാമൂഹിക സംഘാടനത്തിന്റെ വേദിയായി മസ്ജിദുന്നബവി (നബിയുടെ പള്ളി) പണി കഴിപ്പിച്ചു. ബാഹ്യ ഇടപെടലുകളുടെ ഭാഗമായി യസ്‌രിബിലെ തദ്ദേശീയ ഗോത്രങ്ങളെയും മറ്റും ചേര്‍ത്ത് മദീനാ കരാര്‍ (സ്വഹീഫത്ത് മദീന) രൂപപ്പെടുത്തി. ഇങ്ങനെ മനുഷ്യരെ പാകപ്പെടുത്തിയും സ്ഥലകാലങ്ങളെ പരുവപ്പെടുത്തിയുമാണ് ഒരു നാഗരികത പ്രവാചകന്‍ പടുത്തുയര്‍ത്തിയത്. ഇത്തരം ചരിത്ര വസ്തുതകളെ മുന്‍നിര്‍ത്തി, പുരോഗമനപരമായ ഒരു നാഗരികതയുടെ സൃഷ്ടിപ്പ് മനുഷ്യന്‍, മണ്ണ്, കാലം എന്നിവയുടെ കൃത്യമായ സംയോജനത്താല്‍ സാധ്യമാകുമെന്ന് ബിന്നബി സിദ്ധാന്തിച്ചു.
ഈ അടിസ്ഥാനത്തില്‍ മുസ്ലിം സമൂഹത്തിന്റെ വികാസഘട്ടങ്ങളെ അദ്ദേഹം മൂന്നായി തിരിച്ചു. പ്രവാചകന്‍ മുഹമ്മദി(സ)ന് ആദ്യമായി ദിവ്യസന്ദേശം ലഭിച്ച ഹിറാ ഗുഹയില്‍നിന്നാണ് പ്രഥമ ഘട്ടം ആരംഭിക്കുന്നത്. ഏകദേശം അര നൂറ്റാണ്ടുകാലം നീണ്ടുനിന്ന ഈ ഘട്ടം ഹിജ്റ വര്‍ഷം 38 (സി.ഇ 657)ല്‍ അലി(റ)യും മുആവിയ(റ)യും തമ്മില്‍ നടന്ന സ്വിഫ്ഫീന്‍ യുദ്ധത്തോടെ അവസാനിക്കുന്നു. ഇസ്ലാമിക നാഗരികതയുടെ വളര്‍ച്ചയിലെ 'ആധ്യാത്മിക ഘട്ടം' (Spiritual Phase) എന്നാണ് ബിന്നബി ഇതിനെ വിളിക്കുന്നത്. സമൂഹത്തിലെ ഐക്യബോധം സക്രിയമാവുകയും അതൊരു വലിയ ശക്തിയായി രൂപപ്പെടുകയും ചെയ്തു. സാമൂഹിക ബന്ധങ്ങളുടെ നെറ്റ് വര്‍ക്ക് 'ഭദ്രമായ കോട്ട' പോലെ എന്ന് വിശുദ്ധ ഖുര്‍ആന്‍ (61:4) വിശേഷിപ്പിച്ച തലത്തിലേക്കെത്തിച്ചേര്‍ന്നു. ഈയൊരസ്ഥ അല്ലാഹു പ്രവാചകന് പ്രത്യേകമായി നല്‍കിയ അനുഗ്രഹമായി വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. ''ഭൂമിയിലുള്ളതൊക്കെയും ചെലവഴിച്ചാലും അവരുടെ മനസ്സുകളെ കൂട്ടിയിണക്കാന്‍ നിനക്ക് കഴിയുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ ഇണക്കിച്ചേര്‍ത്തിരിക്കുന്നു'' (8:63). പ്രവാചകന്‍ അടിത്തറ ഭദ്രമാക്കിക്കൊടുത്ത ആ സമൂഹം സച്ചരിതരായ ഖലീഫമാരുടെ നേതൃപാടവത്താല്‍ അര നൂറ്റാണ്ടിനുള്ളില്‍ ലോകമെങ്ങും വ്യാപിച്ചു.
മുസ്ലിം സമൂഹത്തിലെ ആഭ്യന്തര ഛിദ്രത ആദ്യമായി മറനീക്കി പുറത്തു വരുന്നത് സ്വിഫ്ഫീന്‍ യുദ്ധത്തിലാണ്. ഇവിടം മുതലാണ് ഇസ്ലാമിക നാഗരികതയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഏകദേശം അഞ്ച് നൂറ്റാണ്ട് കാലം നീണ്ടുനിന്ന ഈ കാലഘട്ടം ഉത്തരാഫ്രിക്കയിലെ മുവഹിദീന്‍ ഭരണകൂടത്തിന്റെ തകര്‍ച്ചയോടെ സി.ഇ 1265-ല്‍ അവസാനിക്കുന്നു. മുസ്ലിം സമൂഹം അതിന്റെ ബൗദ്ധികവും ഭൗതികവുമായ കരുത്തും പ്രതാപവും പുറത്തെടുത്ത ഈ സുവര്‍ണ കാലഘട്ടത്തെ 'യുക്തിഭദ്ര ഘട്ടം' (Rational Phase) എന്നാണ് ബിന്നബി പരിചയപ്പെടുത്തുന്നത്. സമൂഹത്തിന്റെ സംഘടിത വ്യവസ്ഥയില്‍ പ്രത്യക്ഷമായ ചില വിള്ളലുകള്‍ വീണു. തന്മൂലം വ്യത്യസ്ത ചിന്താ പ്രസ്ഥാനങ്ങളും ഭരണകൂട സംവിധാനങ്ങളും ഈ ഘട്ടത്തില്‍ രൂപപ്പെട്ടു. ഇസ്ലാമിന്റെ ആദര്‍ശബോധത്തേക്കാള്‍ വംശീയവും ദേശീയവുമായ ബോധങ്ങള്‍ വ്യക്തികളില്‍ സ്വാധീനം ചെലുത്തി. ഇത് സമൂഹത്തില്‍ അസ്വാരസ്യങ്ങളും ആക്രമണോത്സുകതയും വര്‍ധിപ്പിച്ചു. മനുഷ്യന്‍, മണ്ണ്, കാലം ഇവ തമ്മിലുള്ള പരസ്പര ബന്ധം പൂര്‍ണമായും മുറിഞ്ഞുപോകാതിരുന്നതിനാല്‍ ചരിത്രത്തില്‍ തങ്ങളുടേതായ ഇടം രേഖപ്പെടുത്താന്‍ ഈ ഘട്ടത്തിലും മുസ്ലിം സമൂഹത്തിനായി. നാഗരികതയുടെ പൂര്‍ണത തെളിയുന്ന നഗരങ്ങള്‍ പണിതും ധൈഷണികതയുടെ ഉഛസ്ഥായിലെത്തിയ വ്യക്തികളെ സംഭാവന ചെയ്തും സമൂഹം വികാസക്ഷമതയുടെ പുതിയ പ്രതലങ്ങള്‍ കണ്ടെത്തി. പരമാവധി വികാസം പ്രാപിച്ച ആ സമൂഹം പിന്നെ അതിന്റെ സ്വാഭാവിക പതനത്തിലേക്ക് നീങ്ങുകയാണ്. 'ചരിത്രത്തിന്റെ ചാക്രിക തത്ത്വം' (Cyclical Theory of History) എന്ന ഖല്‍ദൂനിയന്‍ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ബിന്നബി ഈ പ്രതിഭാസത്തെ വിലയിരുത്തുന്നത്.
തുടര്‍ന്ന്, വ്യക്തികളുടെ ആത്മീയവും ബുദ്ധിപരവുമായ മികവ് അവന്റെ നൈസര്‍ഗിക ചോദനക്കു വഴിമാറുന്നു. 'മുവഹിദൂനുകള്‍ക്ക് ശേഷമുള്ള മനുഷ്യര്‍' (Post Almohad Men) എന്നാണ് മധ്യകാലഘട്ടം മുതലിങ്ങോട്ട് വര്‍ത്തമാന കാലം വരെയുള്ള മുസ്ലിം സമൂഹത്തെ മുഴുവന്‍ പരിചയപ്പെടുത്താന്‍ ബിന്നബി ഉപയോഗിക്കുന്ന സംജ്ഞ. ഈ കാലഘട്ടത്തിലെ മുസ്ലിംകള്‍ അവരുടെ പൂര്‍വ പ്രതാപത്തിന്റെ അടിച്ചേറില്‍ പുതഞ്ഞു കിടക്കുകയാണ്. തങ്ങളുടെ ഭാഗധേയം സ്വയം നിശ്ചയിക്കാന്‍ കഴിയാതെ കൊളോണിയല്‍ ശക്തികളുടെ ആശയങ്ങളും മൂല്യങ്ങളും അവര്‍ അന്ധമായി പിന്തുടരുകയാണ്. അധികാരി വര്‍ഗമാവട്ടെ, അഹങ്കാരികളും ഏകാധിപതികളുമായി മാറുന്നു. സാധാരണ ജനം വിധേയത്വ മനസ്സുമായി വിമോചന ശക്തി ക്ഷയിച്ച് സ്വന്തത്തിലേക്ക് ഉള്‍വലിയുന്നു. സാമൂഹിക ചിന്ത നഷ്ടപ്പെട്ട്, വ്യക്തികേന്ദ്രീകൃത കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്ന ഈ ഘട്ടത്തെ 'നൈസര്‍ഗിക ചോദനയുടെ ഘട്ടം' (Instinctive Phase) എന്നാണ് ബിന്നബി വിളിക്കുന്നത്. ജീര്‍ണതയുടേതും നിശ്ചലതയുടേതുമായ ഈ തൃതീയ ഘട്ടത്തിലൂടെയാണ് നവീന മുസ്ലിം സമൂഹം കടന്നുപോകുന്നതെന്ന് അദ്ദേഹം വിലയിരുത്തുന്നു.
സമകാലിക മുസ്ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥക്ക് ബാഹ്യശക്തികളുടെ ഇടപെടല്‍ മാത്രമല്ല കാരണം. മുസ്ലിംകള്‍ സാമൂഹികവും മാനസികവുമായി എത്തിപ്പെട്ട പൊതു അവസ്ഥകള്‍ കൂടി അതിന് കാരണമാണ്. കീഴടങ്ങാന്‍ ഒരു ജനത മാനസികമായി പാകപ്പെടുമ്പോഴാണ് അവരുടെ മേല്‍ മറ്റുള്ളവര്‍ക്ക് ആധിപത്യം സ്ഥാപിക്കാനാകുന്നത്. അവര്‍ അതിജീവനത്തിന്റെ തിരിച്ചറിവുകള്‍ നഷ്ടപ്പെട്ട കീഴാളരായി രൂപപ്പെടുന്നു. കോളനിവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ചരിത്രം മുന്നില്‍ വെച്ച് ബിന്നബി ഇത് സമര്‍ഥിക്കുന്നുണ്ട്. ജപ്പാനും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള അദ്ദേഹത്തിന്റെ താരതമ്യ പഠനം ആ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു. നിഷ്‌ക്രിയ സമൂഹത്തിന്റെ സ്വയം കീഴടങ്ങാനുള്ള ഈ മനോഭാവത്തെ 'കൊളോണിയല്‍ ഉന്മുഖത' എന്നാണ് അദ്ദേഹം വിളിക്കുന്നത്. ധാര്‍മികവും സാമൂഹികവും രാഷ്ട്രീയവുമായ ജനതയുടെ മരവിപ്പ് ഈ പ്രവണതക്ക് ആക്കം കൂട്ടുന്നു. അക്രമികളായ ഭരണാധികാരികള്‍ക്കു വിധേയപ്പെടുന്ന മനോഭാവം ദൈവിക വിശ്വാസം (ഈമാന്‍) എന്ന ഉള്‍പ്രേരകം നഷ്ടപ്പെടുന്നതോടുകൂടി പൂര്‍ത്തിയാകുന്നു. ബഗ്ദാദിന്റെ അധഃപതനകാലത്ത് തല കൊയ്യാന്‍ വാളെടുക്കാന്‍ പോയ താര്‍ത്താരിക്ക് മുന്നില്‍ വിധേയത്വത്തോടെ കാത്തുനിന്ന ബഗ്ദാദ് നിവാസിയുടെ കഥ ഈ പ്രശ്നത്തിന്റെ വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്. ഇന്ത്യന്‍ മുസ്ലിംകളുടെ വര്‍ത്തമാനകാല സാഹചര്യങ്ങളെയും ഇതിലേക്ക് ചേര്‍ത്തു വെക്കാവുന്നതാണ്.
ഉത്തരാഫ്രിക്കയെയും മധ്യപൗരസ്ത്യ ദേശങ്ങളെയും പിടിച്ചുലച്ച അറബ് വസന്തത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന റാശിദ് ഗന്നൂശിയെ പോലുള്ളവരുടെ ചിന്താ മണ്ഡലങ്ങളില്‍ ബിന്നബിയുടെ നിരീക്ഷണങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സമൂഹത്തിന്റെ ആലസ്യം സൃഷ്ടിച്ച പാറക്കെട്ടുകളില്‍ തട്ടി വിമോചനത്തിന്റെ പ്രത്യാശകള്‍ പകരുന്ന ഇസ്ലാമികാശയങ്ങള്‍ പൊട്ടിത്തകരുകയാണ്. വ്യക്തികളെയും അവരുള്‍ക്കൊള്ളുന്ന ജീവിതസാഹചര്യങ്ങളെയും യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുമ്പോള്‍ മാത്രമാണ് ഇസ്ലാമിക നാഗരികതയുടെ പുനര്‍ സൃഷ്ടി സാധ്യമാവുക. വിശ്വാസിസമൂഹം അതിന് സ്വയം സന്നദ്ധരാകേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു: ''അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുന്നതു വരെ'' (13:11). അങ്ങനെ മാറാന്‍ തയാറാണെങ്കില്‍ ഇസ്ലാമിക ചരിത്രത്തിന്റെ ശോഭനമായ പുനരാവര്‍ത്തനം ലോകത്ത് സാധ്യമാകും. അല്ലാഹു സത്യവിശ്വാസികള്‍ക്ക് നല്‍കുന്ന വാഗ്ദാനമായി വിശുദ്ധ ഖുര്‍ആന്‍ ഇത് വ്യക്തമാക്കുന്നുണ്ട്: ''നിങ്ങളില്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെ മുന്‍ഗാമികള്‍ക്ക് ഭൂമിയില്‍ പ്രാതിനിധ്യം നല്‍കിയതു പോലെ അവന്‍ അവരെയും ഭൂമിയുടെ പ്രതിനിധികളാക്കും. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടേകിയ ജീവിത വ്യവസ്ഥ (ദീന്‍) അവന്‍ സ്ഥാപിച്ചു കൊടുക്കും. നിലവിലുള്ള അവരുടെ അരക്ഷിതാവസ്ഥക്കു പകരം സുരക്ഷിതത്വം നല്‍കും. അതിനാല്‍ അവര്‍ എനിക്ക് (അല്ലാഹുവിന്) മാത്രം വഴിപ്പെടട്ടെ. ആരെയും എന്റെ (അല്ലാഹുവിന്റെ) പങ്കാളികളാക്കാതിരിക്കട്ടെ'' (24:55). അല്ലാഹുവിന്റെ വാഗ്ദാനം പുലരുന്ന സമൂഹം കാനേഷുമാരി മുസ്ലിംകളുടേതല്ല. ഇസ്ലാം വിഭാവന ചെയ്യുന്ന ആത്മീയവും ഭൗതികവുമായ കരുത്തും പക്വതയുമാര്‍ജിച്ച ഒരു കൂട്ടരെയാണ് ഈ സൂക്തം അഭിസംബോധന ചെയ്യുന്നത്. ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ് മുസ്ലിം സമൂഹത്തിന്റെ അപചയങ്ങളുടെ കാരണങ്ങള്‍ അപഗ്രഥിക്കുമ്പോള്‍ ദീര്‍ഘവീക്ഷണത്തോടെ ബിന്നബി ചെന്നെത്തുന്ന നിഗമനങ്ങളില്‍ പലതും ഇന്നും പ്രസക്തമാണ്. അധിനിവേശത്തിന്റെ വകഭേദമായ ഫാഷിസം മണ്ണും മനസ്സും കീഴടക്കുമ്പോള്‍ ഇസ്ലാമിന്റെ സാമൂഹികബോധത്തിലധിഷ്ഠിതമായ കര്‍മപദ്ധതികള്‍ക്കു മാത്രമാണ് അനീതിയുടെ സമഗ്രാധിപത്യത്തില്‍നിന്ന് സമൂഹത്തെ വിമോചിപ്പിക്കാന്‍ സാധിക്കുക.
Comments