Prabodhanm Weekly

Pages

Search

2020 ജൂണ്‍ 05

3154

1441 ശവ്വാല്‍ 13

മാറ്റത്തിന്റെ ഉടയാടയണിഞ്ഞ് അപൂര്‍വ ഈദ് സംഗമം

സി.കെ.എ ജബ്ബാര്‍

കണ്ണൂര്‍: കോടിയുടുക്കാത്ത പെരുന്നാളില്‍ വ്രതശുദ്ധിയുടെയും കോവിഡ്കാല മാറ്റത്തിന്റെയും ഹൃദയവസ്ത്രമണിഞ്ഞ് അപൂര്‍വ ഈദ് സുഹൃദ് സംഗമം. പെരുന്നാള്‍ ദിവസം കണ്ണൂര്‍ യൂനിറ്റി സെന്റര്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗമത്തില്‍ സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മത രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. എല്ലാ വര്‍ഷവും കണ്ണൂര്‍ യൂനിറ്റി സെന്ററില്‍ പെരുന്നാള്‍ നമസ്‌കാരം വീക്ഷിക്കാനും ആശംസകള്‍ അര്‍പ്പിക്കാനും ഇതര മതസ്ഥര്‍ക്ക് വേദിയൊരുക്കാറുണ്ട്. ഇത്തവണ കോവിഡ് നിയന്ത്രണത്തില്‍ അത് മുടങ്ങിയപ്പോള്‍, ശാരീരികമായി അകന്നിരിക്കുമ്പോഴും സാമൂഹികമായ സ്‌നേഹവും ഒരുമയും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂനിറ്റി സെന്റര്‍ പെരുന്നാള്‍ സംഗമം സംഘടിപ്പിച്ചത്. അതിഥികളും ക്ഷണിതാക്കളും ഒത്തുകൂടിയ സൂം മീറ്റിംഗ്, യൂനിറ്റി മീഡിയ ഡോട്ട് കോം സംപ്രേഷണം ചെയ്തു. 
ജമാഅത്തെ ഇസ്‌ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.കെ മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷത വഹിച്ചു.  സാഹിത്യകാരന്മാരായ ടി. പത്മനാഭന്‍, സച്ചിദാനന്ദന്‍, സി. രാധാകൃഷ്ണന്‍, കെ.ടി ബാബുരാജ്, കണ്ണൂര്‍ വിമാനത്താവള ഡയറക്ടര്‍  വി. തുളസീദാസ്, സബ് ജഡ്ജ് സി. സുരേഷ് കുമാര്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, സി.പി.ഐ നേതാവ് മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍, പി.കെ പാറക്കടവ്, കണ്ണൂര്‍ രൂപത വികാരി ജനറല്‍ ഫാ. ദേവസ്യ ഈരത്തറ, ഫാ. ജോസഫ് കാവനാടിന്‍ (തലശ്ശേരി അതിരൂപത), ജമാഅത്തെ ഇസ്‌ലാമി മേഖലാ നാസിമുമാരായ വി.പി ബശീര്‍, യു.പി സിദ്ദീഖ് മാസ്റ്റര്‍, സുഹൃദ് വേദി ജില്ലാ സെക്രട്ടറി കെ.വി ജയരാജന്‍, സതീശന്‍ മൊറായി തുടങ്ങിയവര്‍ സംഗമത്തില്‍ സംസാരിച്ചു.
പെരുന്നാളില്‍ ഇത്തരമൊരു കൂടിച്ചേരല്‍ തന്റെ ജീവിതത്തിലെ ആദ്യാനുഭവമാണെന്ന് കണ്ണൂര്‍ വിമാനത്താവള ഡയറക്ടര്‍ വി. തുളസീദാസ് പറഞ്ഞു. സഹിഷ്ണുതയും സഹാനുഭൂതിയും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഖുര്‍ആനിന്റെ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് കഥാകാരന്‍ ടി. പത്മനാഭന്‍ പറഞ്ഞു. വേദങ്ങളുടെ മൂല്യസങ്കല്‍പം ഉള്‍ക്കൊള്ളാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നന്മയുടെ പക്ഷം ജയിച്ചു കയറാനുള്ളതാണ് വ്രതവും ധ്യാനവുമെന്ന് സാഹിത്യകാരന്‍ സി. രാധാകൃഷണന്‍ പറഞ്ഞു. കൊറോണയുടെ ഈ പ്രതിസന്ധി കാലത്ത് ഏറെ പ്രസക്തമാണിത്. വികാരങ്ങളെ നിയന്ത്രിക്കുക എന്നതാണ് ഏത് പ്രതിസന്ധി ഘട്ടത്തിലെയും ആയുധം. ദാനം നല്‍കി ശരീരം ശുദ്ധീകരിച്ചാലേ ധ്യാനം സഫലമാവുകയുള്ളൂ. ഇത് രണ്ടും റമദാന്‍ വല്ലാതെ മുന്നോട്ട് വെക്കുന്ന ഗുണങ്ങളാണ്. സാഹോദര്യത്തിന്റെ ആശ്ലേഷം പോലും വിലക്കപ്പെട്ട കാലത്ത് ഒത്തുചേരാന്‍ പറ്റിയ ഉചിത മാര്‍ഗമാണ് യൂനിറ്റി സെന്റര്‍ ഒരുക്കിയതെന്ന് സച്ചിദാനന്ദന്‍. ഉയര്‍ന്ന അടിസ്ഥാന ധാര്‍മിക മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കാലമാണ് റമദാന്‍. സാഹോദര്യം, കാരുണ്യം, ദാനം എന്നീ ഉയര്‍ന്ന മൂല്യങ്ങളെയാണ് റമദാന്‍ പ്രതിനിധീകരിക്കുന്നത്. ഇവയുടെ മൂല്യശോഷണമാണ് ഹിംസക്കും ഭീകരവാദത്തിനും ഇടയാക്കുന്നത്. അതിനാല്‍ റമദാന്‍ ഏറെ പ്രസക്തി നിറഞ്ഞ കാലത്താണ് കടന്നു വന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
യൂനിറ്റി സെന്ററില്‍ പെരുന്നാള്‍  പ്രാര്‍ഥന നേരില്‍ കാണാനിടയായ അനുഭവം സബ് ജഡ്ജ് സി. സുരേഷ് കുമാര്‍ പങ്കുവെച്ചു. കൊറോണ വരുത്തിയ മാറ്റത്തില്‍ മനുഷ്യനൊഴികെയുള്ള ജീവജാലങ്ങള്‍ക്കും പ്രകൃതിക്കുമാണ് സ്വാതന്ത്ര്യം കിട്ടിയത്. മനുഷ്യനെ ഒന്നിപ്പിക്കുന്ന മൂല്യമാണ് മതമെന്ന തിരിച്ചറിവാണ് വേണ്ടത്. സ്വന്തം ജീവിതത്തെ ക്രമപ്പെടുത്തുന്ന വിശ്വാസി സഹജീവിയുടെ ജീവിതക്ഷേമവും പരിഗണിക്കണം. അതിനുള്ള അവസരമാണിത്. ജസ്റ്റിസ് സുരേഷ് കുമാര്‍ പറഞ്ഞു.
ലോകസമാധാനത്തിനും മാനവികതക്കും വേണ്ടിയുള്ള പ്രാര്‍ഥനയും പ്രവര്‍ത്തനവും നിര്‍വഹിക്കേണ്ട സമയമാണിതെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, കണ്ണൂര്‍ അതിരൂപത വികാര്‍ ജനറല്‍ ഫാ. ദേവസ്യ ഈരത്തറ, പി.കെ പാറക്കടവ് തുടങ്ങിയവരും സംസാരിച്ചു.
യൂനിറ്റി സെന്റര്‍ സെക്രട്ടറി കെ.എം മഖ്ബൂല്‍ സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി സി.കെ.എ ജബ്ബാര്‍, സോഷ്യല്‍ മീഡിയ കണ്‍വീനര്‍ മുശ്താഖ് അഹ്മദ്, കളത്തില്‍ ബശീര്‍, അസ്ഹര്‍ ഏഴര എന്നിവര്‍ നേതൃത്വം നല്‍കി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (45-47)
ടി.കെ ഉബൈദ്‌

ഹദീസ്‌

ധ്യാനവും സേവനവും
ഫാത്വിമ കോയക്കുട്ടി