കടം തിരിച്ചു കൊടുക്കുമ്പോള്‍ സമ്മാനം നല്‍കാമോ?
കുറച്ചു മുമ്പ് ഒരു സുഹൃത്ത് എന്നോട് ഒരു സംഖ്യ കടം വാങ്ങിച്ചു. ഈയിടെ അദ്ദേഹമത് തിരിച്ചു തരികയും ചെയ്തു. നല്ല സാമ്പത്തിക നിലയിലെത്തിയ അദ്ദേഹം വിലപിടിപ്പുള്ള ഒരു സമ്മാനവും അതോടൊപ്പം എനിക്ക് സന്തോഷപൂര്‍വം തന്നു. ഞാനത് സ്വീകരിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ കടം കൊടുത്തവന്‍ സമ്മാനം സ്വീകരിക്കാന്‍ പാടില്ലെന്നും അത് പലിശയാണെന്നും ഒരുപ്രസംഗത്തില്‍ കേട്ടു. ഈവിഷയകമായി ദീനിന്റെ നിലപാട് എന്താണ്?
ഇതിനെ രണ്ടു ചോദ്യമാക്കി വിശദീകരിക്കാം. ഒന്ന്: കടം നല്‍കിയ വ്യക്തിക്ക് കടം മേടിച്ച വ്യക്തി വല്ല സമ്മാനമോ മറ്റോ നല്‍കിയാല്‍ അതു സ്വീകരിക്കാന്‍ പറ്റുമോ? ഇതിന്റെ ഉത്തരമാണ് ആദ്യം പറയുന്നത്:
കടം മേടിച്ച വ്യക്തി, സുഹൃദ്ബന്ധത്തിന്റെ പേരിലോ അയല്‍പക്കബന്ധത്തിന്റെ പേരിലോ, തനിക്ക് കടംതന്നു സഹായിച്ചയാള്‍ എന്ന പേരിലോ കടംനല്‍കിയ വ്യക്തിക്ക് വല്ല സമ്മാനമോ മറ്റോ നല്‍കിയാല്‍, മുന്‍ധാരണ പ്രകാരമോ, ഉപാധി വെച്ചു കൊണ്ടോ, പണമായോ മറ്റു വല്ലതുമായോ വല്ല പാരിതോഷികവും സ്വമേധയാ നല്‍കിയാല്‍ അതു സ്വീകരിക്കാമെന്നാണ് ശരീഅത്ത് പഠിപ്പിക്കുന്നത്. ഈ ഹദീസുകള്‍ കാണുക:
അബൂഹുറയ്‌റയില്‍നിന്ന്: ഒരാള്‍ നബിയുടെ അടുത്തു വന്ന് തന്റെ കടംവീട്ടാന്‍ ആവശ്യപ്പെട്ട് പരുഷമായി സംസാരിച്ചു. അനുചരന്മാര്‍ അയാളെ ചീത്തപറയാനും അടിക്കാനും മുതിര്‍ന്നു. അപ്പോള്‍ നബി പറഞ്ഞു: അയാളെ വിട്ടേക്കുക. തീര്‍ച്ചയായും അവകാശം ലഭിക്കേണ്ടവന് സംസാരിക്കാനുള്ള അധികാരമുണ്ട്. തുടര്‍ന്ന് അവിടുന്ന് പറഞ്ഞു: അയാള്‍ തന്ന ഒട്ടകത്തിന് തുല്യമായ പ്രായമുള്ളതിനെ അയാള്‍ക്ക് നല്‍കുക. അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അയാളുടെ ഒട്ടകത്തേക്കാള്‍ മുന്തിയതല്ലാത്തതൊന്നും ഞങ്ങളിവിടെ കാണുന്നില്ല? അപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ അത് നല്‍കുക, നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഏറ്റവും നന്നായി കടംവീട്ടുന്നവനാണ് (ബുഖാരി: 2306).
ജാബിറുബ്‌നു അബ്ദില്ലയില്‍നിന്ന്: ഒരിക്കല്‍ പൂര്‍വാഹ്നവേളയില്‍ ഞാന്‍ നബി(സ)യെ പള്ളിയില്‍ ചെന്നു കാണുകയുണ്ടായി. അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'രണ്ടു റക്അത്ത് നമസ്‌കരിച്ചോളൂ. പിന്നീട് എനിക്ക് തന്നു വീട്ടാനുണ്ടായിരുന്ന കടം അദ്ദേഹം തിരിച്ചുതന്നു, കുറച്ച് അധികവും തന്നു' (ബുഖാരി: 2394).
ഇമാം നവവി പറയുന്നു: 'ഒരാള്‍ക്ക് വീട്ടേണ്ട കടമോ മറ്റോ ഉണ്ടെങ്കില്‍ അതിനേക്കാള്‍ ഉത്തമമായത് തിരിച്ചുകൊടുക്കുന്നത് അഭികാമ്യമാണെന്നതിന് ഈ ഹദീസില്‍ തെളിവുണ്ട്. അങ്ങനെ ചെയ്യുന്നത് പ്രവാചകചര്യയിലും ഉത്തമമായ സ്വഭാവഗുണങ്ങളിലും പെട്ടതാണ്. ഇത് കടത്തിന്റെ പേരില്‍ എന്തെങ്കിലും ആനുകൂല്യം പറ്റുക എന്ന വിലക്കപ്പെട്ട കാര്യത്തില്‍പെട്ടതല്ല, കടമിടപാടില്‍ അത്തരം ഉപാധിവെക്കുന്നതാണ് വിലക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ കടം നല്‍കിയവന് അത് സ്വീകരിക്കാവുന്നതാണ്, അത് ഗുണത്തിലുള്ള വര്‍ധനവായാലും, എണ്ണത്തിലുള്ള വര്‍ധനവായാലും തുല്യമാണ്. പത്തു നല്‍കിയതിന് പതിനൊന്ന് തിരിച്ചുനല്‍കുന്നതു പോലെ' (ശറഹു മുസ്‌ലിം: 3002).
ഹാഫിള് ഇബ്‌നുഹജര്‍ പറയുന്നു: 'ഇടപാടില്‍ നിബന്ധന വെച്ചിട്ടില്ലെങ്കില്‍ കടംവാങ്ങിച്ചതിനേക്കാള്‍ ഉത്തമമായത് തിരിച്ചടക്കാമെന്നതിന് ഇതില്‍ തെളിവുണ്ട്. എന്നാല്‍ അങ്ങനെ ഉപാധിയുണ്ടെങ്കില്‍ അത് ഹറാമാകുമെന്നാണ് പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം' (ഫത്ഹുല്‍ ബാരി: 2215).
ഇമാം ഇബ്‌നുഖുദാമ പറയുന്നു: 'യാതൊരു നിബന്ധനയും വെക്കാതെ നിരുപാധികം കടം കൊടുക്കുന്നതും, എന്നിട്ട് അളവിലോ ഗുണത്തിലോ അതേക്കാള്‍ മുന്തിയത് തിരിച്ചുകൊടുക്കുന്നതും, അല്ലെങ്കില്‍ പരസ്പര പൊരുത്തത്തോടെ അതിനേക്കാള്‍ താണത് തിരിച്ചുകൊടുക്കുന്നതും സാധുവാകും' (മുഗ്‌നി: നമ്പര്‍: 3264).
രണ്ട്: കടം കൊടുത്ത വ്യക്തി ആ കടത്തിന്റെ പേരില്‍ എന്തെങ്കിലും ആനുകൂല്യം പറ്റുന്നതിന് വല്ല കുഴപ്പവുമുണ്ടോ?
കടത്തിന്റെ പേരില്‍ ഉത്തമര്‍ണന്‍ പറ്റുന്ന എല്ലാ ആനുകൂല്യങ്ങളും നിഷിദ്ധമാണെന്ന കാര്യത്തില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. 'ഏതെങ്കിലും ഒരു ആനുകൂല്യം നേടിത്തരുന്ന എല്ലാതരം കടവും പലിശയാണ്' എന്ന ഹദീസ് കൂടി ഈവിഷയത്തില്‍ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കാണാം. അതേസമയം കടം വാങ്ങിയ വ്യക്തി സ്വമേധയാ ഇഷ്ടപ്പെട്ട് കടം തന്നയാള്‍ക്ക് വല്ലതും നല്‍കുന്നതിന് വിലക്കൊന്നുമില്ലെന്ന് മാത്രമല്ല അത് പ്രോത്സാഹജനകമാണെന്നു കൂടി നാം കണ്ടു. എന്നിട്ട് കൂടി സ്വഹാബിമാര്‍ അത്തരം വല്ലതും സ്വീകരിക്കുന്നതില്‍നിന്ന് വിട്ടുനിന്നിരുന്നു. ഹറാമാകാന്‍ സാധ്യതയുള്ള ഒന്നും തങ്ങളുടെ സമ്പത്തില്‍ കലരരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
അബൂബുര്‍ദയില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞാന്‍ മദീനയില്‍ എത്തിയപ്പോള്‍ അബ്ദുല്ലാഹിബ്നു സലാമി(റ)നെ കണ്ടുമുട്ടി. അദ്ദേഹം എന്നോട് പറഞ്ഞു: 'പലിശ വ്യാപകമായ ഒരു നാട്ടിലാണല്ലോ, താങ്കള്‍ (ഇറാഖാണ് ഉദ്ദേശ്യം). താങ്കള്‍ക്ക് ആരെങ്കിലും വല്ല കടവും തരാനുണ്ടെന്നിരിക്കട്ടെ, എന്നിട്ടയാള്‍ താങ്കള്‍ക്കൊരു കെട്ട് വൈക്കോലോ, ഒരു കൊട്ട ബാര്‍ലിയോ, ഒരു കൊട്ട കാലിത്തീറ്റയോ കൊണ്ടുവന്നുതരുന്നുണ്ടെങ്കില്‍ താങ്കളത് സ്വീകരിക്കരുത്. കാരണം അത് പലിശയാണ്' (ബുഖാരി 3814).
യഹ്യബ്നു അബീ ഇസ്ഹാഖില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞാന്‍ അനസുബ്നു മാലികിനോട് ചോദിച്ചു: 'ഞങ്ങളിലൊരാള്‍ കടം നല്‍കി, പിന്നെ കടം മേടിച്ചവന്‍ വല്ല സമ്മാനവും നല്‍കുകയാണെങ്കില്‍ അത് സ്വീകരിക്കാമോ?' അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ (സ) ഇങ്ങനെ പറഞ്ഞിട്ടുണ്ട്: നിങ്ങളിലാരെങ്കിലും ഒരാള്‍ക്ക് കടം നല്‍കുകയും തദടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് വല്ലതും സമ്മാനമായി നല്‍കുകയോ, അല്ലെങ്കില്‍ അയാളുടെ വാഹനത്തില്‍ നിങ്ങളെ കയറ്റുകയോ ചെയ്തെന്നിരിക്കട്ടെ. എങ്കിലത് സ്വീകരിക്കരുത്; നേരത്തേ അവര്‍ തമ്മില്‍ അങ്ങനെ ഒരു ശീലം ഉണ്ടെങ്കിലല്ലാതെ'' (ഇബ്‌നുമാജ: 2432).
ഉബയ്യ്, ഇബ്നു മസ്ഊദ്, അബ്ദുല്ലാഹിബ്നു സലാം(റ) തുടങ്ങി സ്വഹാബിമാരിലെ പല പ്രമുഖരും കടം വാങ്ങിയവന്‍ കടം നല്‍കിയവന് കൊടുക്കുന്ന യാതൊന്നും സ്വീകരിക്കാവതല്ല, അത് പലിശയാണ് എന്ന അഭിപ്രായക്കാരാണ് (ഇഅ്ലാമുല്‍ മുവഖിഈന്‍ 3/136).
പ്രമുഖ സ്വഹാബി ഉബയ്യുബ്നു കഅ്ബ് (റ) ഒരിക്കല്‍ ഉമറി(റ)ല്‍നിന്ന് 10000 ദിര്‍ഹം കടം വാങ്ങി. ഉബയ്യുബ്നു കഅ്ബ് (റ) തന്റെ തോട്ടത്തില്‍ വിളഞ്ഞ ഈത്തപ്പഴം ഉമറിന് കൊടുത്തയച്ചു. മദീനയില്‍ ഏറ്റവുമാദ്യം വിളയുന്ന മുന്തിയ ഇനം ഈത്തപ്പഴമായിരുന്നു ഉബയ്യിന്റേത്. താനുമായി സൗഹൃദമുള്ളവര്‍ക്കും ആദരവ് അര്‍ഹിക്കുന്നവര്‍ക്കും അദ്ദേഹം ആദ്യത്തെ വിളവില്‍നിന്ന് ഓരോ വിഹിതം കൊടുത്തയക്കാറുണ്ടായിരുന്നു. കൂട്ടത്തില്‍ താനേറെ ബഹുമാനിക്കുന്ന ഉമറിനും ഒരോഹരി കൊടുത്തയച്ചു. താന്‍ ഉബയ്യിന് 10000 ദിര്‍ഹം കടംകൊടുത്ത സ്ഥിതിക്ക് ഉമര്‍ അത് നിരസിക്കുകയാണുണ്ടായത്. ഇതില്‍ ക്ഷുഭിതനായ ഉബയ്യ് താന്‍ വാങ്ങിച്ച കടം അവധിയെത്തും മുമ്പ്, തന്റെ ആവശ്യം പൂര്‍ത്തിയാക്കും മുമ്പ് അതേപടി തിരിച്ചയച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ''ഞാന്‍ സന്തോഷപൂര്‍വം താങ്കള്‍ ഭക്ഷിക്കണമെന്നാഗ്രഹിച്ച് കൊടുത്തയച്ചതായിരുന്നു ആ ഈത്തപ്പഴം. താങ്കള്‍ എനിക്ക് കടംതന്നു എന്നത് അത് സ്വീകരിക്കാന്‍ തടസ്സമാകുമെങ്കില്‍ എനിക്കാ കടം വേണ്ടതില്ല.'' അന്നേരം ഉമര്‍ അത് സ്വീകരിച്ചു (മുസ്വന്നഫ് 14467, 8/142).
യഹ്‌യബ്‌നു യസീദ് പറയുന്നു: കടം നല്‍കിയവന് അധമര്‍ണന്‍ പാരിതോഷികം നല്‍കുന്നതിനെപ്പറ്റി ഞാന്‍ അനസി(റ)നോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നേരെത്തേ അങ്ങനെ പാരിതോഷികം നല്‍കാറുണ്ടായിരുന്നെങ്കില്‍ കുഴപ്പമില്ല, എന്നാല്‍ മുമ്പ് അങ്ങനെ പാരിതോഷികം നല്‍കുന്ന പതിവില്ലായെങ്കില്‍ ശരിയാവുകയില്ല (അബൂശൈബയുടെ മുസ്വന്നഫ്: 21057).
ഉബയ്യുബ്‌നു കഅ്ബ് പറഞ്ഞു: നീ വല്ല കടവും കൊടുക്കുകയും അങ്ങനെ ആ കടം തിരിച്ചുതരാനായി കൂട്ടത്തില്‍ ഒരു പാരിതോഷികവുമായി വന്നാല്‍ ആ കടം നീ തിരിച്ചുവാങ്ങിക്കുകയും, പാരിതോഷികം അദ്ദേഹത്തിനു തന്നെ തിരിച്ചുകൊടുക്കുകയും ചെയ്‌തേക്കുക (21057).
ഇമാം മാലികില്‍നിന്ന് നിവേദനം: ഒരാള്‍ ഇബ്‌നുഉമറിന്റെയടുത്തു വന്നു കൊണ്ട് ചോദിച്ചു: ഓ, അബൂഅബ്ദുര്‍റഹ്മാന്‍, ഞാന്‍ ഒരാള്‍ക്ക് ഒരു കടം കൊടുത്തു. ഞാന്‍ കൊടുത്തതിനേക്കാള്‍ മികച്ചത് തിരിച്ചുതരണമെന്ന് നിബന്ധനയും വെച്ചു. അപ്പോള്‍ ഇബ്‌നുഉമര്‍ പറഞ്ഞു: അതാണ് പലിശ. അദ്ദേഹം ചോദിച്ചു: പിന്നെ ഞാനെങ്ങനെ ചെയ്യണമെന്നാണ് താങ്കള്‍ നിര്‍ദേശിക്കുന്നത്? അപ്പോള്‍ ഇബ്‌നുഉമര്‍ പറഞ്ഞു: കടം മൂന്ന് രൂപത്തിലാണ്: അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് നീ നല്‍കുന്ന കടം, അപ്പോള്‍ നിനക്ക് അല്ലാഹുവിന്റെ പ്രീതി ലഭിക്കും. കടം വാങ്ങിക്കുന്നവന്റെ പ്രീതിയാഗ്രഹിച്ചുകൊണ്ട് നീ നല്‍കുന്ന കടം, അപ്പോള്‍ നിനക്ക് അവന്റെ പ്രീതിയല്ലാതെ ലഭിക്കുകയില്ല. നല്ലത് കൊടുത്ത് ചീത്ത തിരിച്ചുവാങ്ങാനുദ്ദേശിച്ച് നീ നല്‍കുന്ന കടം. അദ്ദേഹം ചോദിച്ചു: ഇനി ഞാനെന്തു ചെയ്യണമെന്നാണ് താങ്കള്‍ നിര്‍ദേശിക്കുന്നത്? താങ്കള്‍ സംഖ്യ കൊടുക്കുക, കൊടുത്തത് പോലെ തിരിച്ചുതന്നാല്‍ അത ്‌സ്വീകരിക്കുക, ഇനി കൊടുത്തതിനേക്കാള്‍ കുറച്ചാണ് തിരിച്ചുതന്നത്, അത് സ്വീകരിക്കുകയാണെങ്കില്‍ നിനക്ക് പ്രതിഫലമുണ്ട്. ഇനി അദ്ദേഹം സ്വയം ഇഷ്ടപ്പെട്ട് മനപ്പൊരുത്തത്തോടെ നീ കൊടുത്തതിനേക്കാള്‍ മുന്തിയതാണ് തിരിച്ചുതരുന്നതെങ്കില്‍ അത് അദ്ദേഹം നിന്നോട് കാണിക്കുന്ന ഒരു കൃതജ്ഞതയാണ്. നീ അവന് സാവകാശം നല്‍കിയതിനുള്ള പ്രതിഫലവും (അബ്ദുര്‍റസ്സാഖിന്റെ മുസ്വന്നഫ്: 14662).
കടം കൊടുക്കുക ഇസ്ലാമില്‍ ഒരു പുണ്യകര്‍മമാണ്. ഉള്ളവനേ അത് കൊടുക്കേണ്ടതുള്ളൂ, ഇല്ലാത്തവനേ അത് ചോദിക്കേണ്ടതുമുള്ളൂ. ആ ഇല്ലായ്മ ചൂഷണോപാധിയാക്കാവതല്ല. അതുകൊണ്ടുതന്നെ കടം കൊടുത്തവന്‍ ആ പേരില്‍ പറ്റുന്ന ഏതൊരാനുകൂല്യവും പലിശയുടെ ഇനത്തിലാണ് ഇസ്ലാം പെടുത്തിയിരിക്കുന്നത്.
Comments