Prabodhanm Weekly

Pages

Search

2020 മെയ് 22

3153

1441 റമദാന്‍ 29

ഒമാനിലെ കോവിഡ് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന്  പ്രവാസി വെല്‍ഫെയര്‍ ഫോറം

മുനീര്‍ കെ. മസ്‌കത്ത്

ഫെബ്രുവരി അവസാനം ഒമാനില്‍ ആദ്യ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ലോക്ക് ഡൗണ്‍ മുന്നില്‍ കണ്ട് സംഘടന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഭവ, ധനസമാഹരണത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച്  ഹെല്‍പ് ഡെസ്‌കുകള്‍ രൂപവത്കരിക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേന്ദ്രതല കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു.
    ലോക്ക് ഡൗണ്‍ നിലവില്‍ വന്നയുടന്‍ എല്ലാ പ്രദേശങ്ങളിലും പ്രയാസമനുഭവിക്കുന്നവരുടെ കണക്കുകള്‍ ശേഖരിച്ച് അവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ സജ്ജീകരിക്കനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ഒരു കുടുംബത്തിന് മൂന്ന് ആഴ്ചക്ക് വേണ്ട ഭക്ഷണ പദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിറ്റുകള്‍ ഒരുക്കി വിതരണം നടത്തുകയായിരുന്നു ആദ്യം ചെയ്തത്.  ജോലി നഷ്ടപ്പെട്ടതിനാലും മറ്റും മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക്ആശ്വാസമേകുക എന്നതും വെല്ലുവിളിയായിരുന്നു. കൗണ്‍സലിങ് മേഖലയില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 25 - ഓളം പ്രവര്‍ത്തകര്‍ക്ക് രണ്ട് സെഷനുകളിലായി ഓണ്‍ലൈന്‍ പരിശീലനം നല്‍കി. വിവിധ രോഗങ്ങള്‍ക്ക്  ഇന്ത്യയില്‍ നിന്ന് മരുന്ന് കൊണ്ടുവന്ന് കഴിച്ചിരുന്നവര്‍ വിമാന വിലക്ക് മൂലം അത് ലഭിക്കാതെ ബുദ്ധിമുട്ടുന്ന സാഹചര്യം മറികടക്കാന്‍ മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ഹെല്‍പ് ലൈനിന് രൂപം നല്‍കി.  മരുന്നുകള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് ഒമാനില്‍ ലഭ്യമായ മരുന്നുകളും മറ്റു മാര്‍ഗങ്ങളും നിര്‍ദേശിച്ചു കൊടുക്കാന്‍ സാധിച്ചു.
     ഇന്ത്യക്കാര്‍ അടക്കം 30 പേര്‍ അല്‍ ഖുവൈറിലെ താമസസ്ഥലത്ത് പ്രയാസമനുഭവിക്കുന്നതായി അറിഞ്ഞത് ഒരു ദിവസം രാത്രിയാണ്. വൈകാതെ തന്നെ നാലു പ്രവര്‍ത്തകര്‍  അവര്‍ക്ക് ഒരാഴ്ചത്തേക്ക് വേണ്ട ഭക്ഷണ സാധനങ്ങള്‍ സംഘടിപ്പിച്ച് ക്യാമ്പില്‍ എത്തി. രണ്ട് ദിവസമായി ഇവര്‍ മുഴുപ്പട്ടിണിയിലായിരുന്നു എന്ന കാര്യം അപ്പോഴാണ് അറിയുന്നത്. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞിട്ടും  ക്യാമ്പില്‍ തന്നെ താമസിക്കേണ്ടി വന്ന  പത്തനംതിട്ടക്കാരുടെ വിവരം അറിഞ്ഞത് അവരുടെ വീട്ടുകാര്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതാക്കളെ അറിയിച്ചപ്പോഴാണ്. വാദീ കബീറിലുള്ള ക്യാമ്പിലേക്ക് ഉടന്‍ വിളിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍  അവര്‍ക്കുണ്ടായ ആശ്വാസം ചില്ലറയല്ല. പിറ്റേന്ന് പ്രവര്‍ത്തകര്‍ അവരെ സന്ദര്‍ശിച്ച് ആവശ്യമായ ഭക്ഷണ കിറ്റുകള്‍ നല്‍കി.
   ലോക്ക് ഡൗണിനിടയിലാണ് വിശുദ്ധ റമദാന്‍ സമാഗതമായത്. ഭക്ഷ്യോല്‍പന്ന കമ്പനിയായ നൂര്‍ ഗസലിന്റെ സഹായത്തോടെ  പ്രവര്‍ത്തകര്‍ക്കടക്കം 1000 റമദാന്‍ കിറ്റുകള്‍  വിതരണം നടത്തിയത്. ഇന്ത്യന്‍ എംബസി സാമൂഹിക സേവനത്തില്‍ താല്‍പര്യമുള്ളവരെ കണ്ടെത്താന്‍ നടത്തിയ രജിസ്ട്രേഷനില്‍ ഓരോ മേഖലയില്‍ നിന്നും ചുരുങ്ങിയത് അഞ്ചു പേരെങ്കിലും രജിസ്റ്റര്‍ ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കായി എംബസിയില്‍ പൊതുജനങ്ങള്‍ ബന്ധപ്പെടുമ്പാള്‍ വെല്‍ഫെയറിന്റേതടക്കം വളന്റിയര്‍മാരെയാണ് എംബസി ആശ്രയിക്കുന്നത്.  പ്രവര്‍ത്തകരുടെ ആരോഗ്യ - സാമ്പത്തിക സര്‍വേ നടത്തുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. മുകളില്‍ പറഞ്ഞ പ്രവര്‍ത്തനങ്ങളിലെല്ലാം സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. സ്ത്രീകളുടെ ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ എല്ലാ മേഖലകളിലും വനിതാ ഘടകം രൂപവത്കരിക്കാനും നിര്‍ദേശം നല്‍കി.
    നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെയും എംബസിയുടെയും രജിസ്ട്രേഷന് പൊതുജനത്തെ സഹായിക്കാന്‍ ഹെല്‍പ് ഡെസ്‌കുകള്‍ വെല്‍ഫെയര്‍ ഫോറം സംവിധാനിച്ചിരുന്നു.  മറ്റു തൊഴില്‍ നിയമ സഹായങ്ങളും  ചെയ്തുവരുന്നുണ്ട്. രോഗവ്യാപനം വിവിധ മേഖലകളില്‍ പല തലത്തിലായതിനാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളും വ്യത്യാസപ്പെട്ടിരുന്നു.  ഇതനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്. കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് പ്രവര്‍ത്തകരെ കൂടുതലായി നിയോഗിക്കേണ്ടി വന്നത്. 1300 -ഓളം കിറ്റുകളാണ് (ഏകദേശം 18 ടണ്‍ ഭക്ഷ്യവിഭവങ്ങള്‍) വിതരണം ചെയ്തത്. 150 -ലധികം  പേര്‍ക്ക് കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കി.  25 -ഓളം പേര്‍ക്ക് മരുന്ന് എത്തിച്ചു.  റമദാന്‍ കിറ്റ് വിതരണവും സജീവമായി നടക്കുന്നുണ്ട്.  നെസ്റ്റോ, നൂര്‍ ഗസല്‍, സുഹൂല്‍ അല്‍ ഫൈഹ തുടങ്ങിയ നിരവധി ഗ്രൂപ്പുകളും വ്യക്തികളും  സഹായങ്ങള്‍ നല്‍കി പ്രവാസി വെല്‍ഫെയര്‍ ഫോറവുമായി സഹകരിച്ചിട്ടുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (42-44)
ടി.കെ ഉബൈദ്‌