കേരളം കാത്തുവെച്ച കാരുണ്യ നനവ്
സകാത്ത് എങ്ങനെ നല്‍കണം എന്നത് ഇന്നും നമ്മുടെ നാട്ടിലെ ഒരു പ്രധാന ചര്‍ച്ചാ വിഷയമാണല്ലോ. ഇതുമായി ബന്ധപ്പെട്ട സുനിശ്ചിതമായ നിയമങ്ങള്‍ ഖുര്‍ആനിലും ഹദീസിലും ചരിത്രത്തിലും കാണാന്‍ കഴിയുമെങ്കിലും എങ്ങനെയൊക്കെ സകാത്ത് നല്‍കാതിരിക്കാമെന്നതിനെക്കുറിച്ച ആലോചനയിലാണ് ധാരാളം ആളുകള്‍ എന്ന് പറയാതിരിക്കാന്‍ വയ്യ. സകാത്തിനെ കേവലം യാചനയുടെ തലത്തിലേക്കെത്തിച്ച് റമദാനിലെ ഇരുപത്തി ഏഴാം രാവില്‍ യാചിക്കുന്ന ഒരു മുസ്ലിം സമൂഹത്തെ സൃഷ്ടിച്ചത് ഇവിടെ സംഘടിത സകാത്തിനെതിരെ പ്രചാരണങ്ങള്‍ നടത്തുന്നവരാണ്. സകാത്ത് വ്യക്തികള്‍ അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് കൊടുത്തോളൂ, അല്ലെങ്കില്‍ ഒരാളെ വക്കീലാക്കി അയാളെ ഏല്‍പിക്കൂ എന്നതാണ് സംഘടിത സകാത്തിനെതിരെ നിലപാടെടുക്കുന്ന പണ്ഡിതന്മാര്‍ കൊടുക്കുന്ന ഫത്‌വ. വക്കീലിനെ ഏല്‍പിച്ച സകാത്തിന്റെ കണക്ക് ചോദിക്കാന്‍ പാടില്ല എന്ന നിയമവും ചിലയിടങ്ങളിലുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ വ്യക്തികള്‍ സ്വന്തമായി വിതരണം ചെയ്തും വക്കീലിനെ എല്‍പിച്ചുമുള്ള സകാത്ത് ഫണ്ട് വിനിയോഗിച്ച് അതിലൂടെയുണ്ടായ സാമൂഹിക പുരോഗതിയെന്ത് എന്ന് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ടോ?
സംഘടിതമായി സകാത്ത് ശേഖരിച്ച് കേരളത്തിലെ സാമൂഹിക സുരക്ഷാ പദ്ധതികളിലും പുരോഗതിയിലും പങ്കാളികളായതിന്റെ മികച്ച മാതൃകയാണ് ബൈത്തുസ്സകാത്ത് കേരള. കേരളത്തിന്റെ സാമൂഹിക സാഹചര്യം വിലയിരുത്തി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പാവപ്പെട്ടവരുടെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് ബൈത്തുസ്സകാത്ത് കേരള നിര്‍വഹിക്കുന്നത്. 1654 വ്യക്തികള്‍ക്ക് കടബാധ്യത തീര്‍ക്കുന്നതിനുള്ള സഹായം, 1563 വ്യക്തികള്‍ക്ക് തൊഴില്‍ പദ്ധതികള്‍, 2242 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, 1781 വ്യക്തികള്‍ക്ക് റേഷന്‍/പെന്‍ഷന്‍, 214 കുടിവെള്ള പദ്ധതികള്‍, 2731 വീടുകളുടെ നിര്‍മാണ പൂര്‍ത്തീകരണത്തിന് സഹായം, 752 വീടുകളുടെ നിര്‍മാണത്തിന് പൂര്‍ണ സഹായം, 3452 രോഗികള്‍ക്ക് ചികിത്സാ സഹായം തുടങ്ങിയവ സകാത്ത് ശേഖരിച്ച് ബൈത്തുസ്സകാത്ത് കേരള കഴിഞ്ഞ കാലങ്ങളില്‍ നിര്‍വഹിച്ച പ്രവര്‍ത്തനങ്ങളാണ്.
ഞങ്ങള്‍ സ്വന്തമായി സകാത്ത് നല്‍കിക്കൊള്ളാം എന്ന് പറയുന്നവര്‍ ധാരാളമുണ്ട്. വ്യക്തികള്‍ സാധാരണയായി അവര്‍ക്ക് താല്‍പര്യമുള്ളവര്‍ക്കും യാചിച്ചു വരുന്നവര്‍ക്കും ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും സ്വന്തം ഷോപ്പിലെയും തോട്ടത്തിലെയും ജോലിക്കാര്‍ക്കും വീട്ടുവേലക്ക് നില്‍ക്കുന്നവര്‍ക്കും മറ്റും ഓരോ വര്‍ഷവും സ്ഥിരമായി റമദാനില്‍ നല്‍കുന്ന ഒരു സംഖ്യയാണ് സകാത്തായി കണക്കാക്കി വരുന്നത്. എന്നാല്‍ ഒരു നിര്‍ബന്ധ കര്‍മമെന്ന നിലയിലും കൃത്യമായ നിയമാവലികളും രീതികളും നിര്‍ദേശങ്ങളുമുള്ള ആരാധനയെന്ന നിലയിലും ഈ രീതി ഇസ്ലാം അനുവദിക്കുന്നില്ല. സകാത്തിന്റെ അവകാശികളില്‍ സകാത്ത് ജോലിക്കാരെ മൂന്നാമതായി നിശ്ചയിച്ചതു തന്നെ സകാത്ത് കണക്കാക്കുന്നതിന്റെ പ്രാധാന്യം എത്രത്തോളമുണ്ട് എന്നു കൂടി മനസ്സിലാക്കാനാണ്. ഓരോ വ്യക്തിയുടെയും സകാത്ത് അത് നിസ്വാബ് പൂര്‍ത്തിയായാല്‍ ഉടനെ തന്നെ കൊടുത്തു വീട്ടണം. അതിന് റമദാന്‍ ആവണമെന്നില്ല. സകാത്ത് സംഘടിതമായി ശേഖരിച്ച് സാമൂഹിക പുരോഗതി ലക്ഷ്യമാക്കി വിനിയോഗിക്കുക എന്നതാണ് ഇസ്ലാം ലക്ഷ്യം വെക്കുന്നത്. അല്ലാഹു നിശ്ചയിച്ച അവകാശികള്‍ക്ക് സകാത്ത് ലഭിക്കുന്നതിനും സകാത്ത് കൃത്യമായി ശേഖരിക്കുന്നതിനും സംഘടിത സകാത്ത് സംവിധാനങ്ങള്‍ അനിവാര്യമാണ്. സകാത്തിന്റെ അവകാശികളെ കണ്ടെത്തുകയെന്നത് വ്യക്തികള്‍ക്ക് പൂര്‍ണമായും സാധ്യമായ കാര്യമല്ല. സകാത്ത് വാങ്ങുന്നവന് സകാത്ത് നല്‍കുന്നവനോട് വിധേയത്വം പാടില്ല എന്നതാണ് മറ്റൊരു സുപ്രധാന കാര്യം. എന്നാല്‍ വ്യക്തികള്‍ വ്യക്തികള്‍ക്ക് സകാത്ത് നല്‍കുന്നതിലൂടെ ഈ വിധേയത്വം ബലപ്പെടുകയാണ് ചെയ്യുന്നത്.
സകാത്തിന്റെ സൗന്ദര്യത്തെ അടയാളപ്പെടുത്തി രണ്ട് പതിറ്റാണ്ടായി കേരളക്കരയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബൈത്തുസ്സകാത്ത് കേരള. സകാത്ത് സംഘടിതമായി ശേഖരിച്ച് കൃത്യമായ ആസൂത്രണത്തോടെ നിര്‍വഹിച്ചാല്‍ സമൂഹത്തില്‍ പ്രകടമാവുന്ന മാറ്റങ്ങളെ കഴിഞ്ഞ 20 വര്‍ഷമായി അത് അടയാളപ്പെടുത്തുന്നുണ്ട്. പബ്ലിക് റിലീജിയസ് ട്രസ്റ്റ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ബൈത്തുസ്സകാത്ത് കേരള. സകാത്തിന്റെ വിശ്വാസപരവും സാമൂഹികവുമായ പ്രാധാന്യവും പ്രസക്തിയും പ്രചരിപ്പിക്കുക, സകാത്ത് ശേഖരണത്തിനും വിതരണത്തിനും സുശക്തമായ സംവിധാനമൊരുക്കുക, സമൂഹപുരോഗതിക്കനുസൃതമായ രീതിയില്‍ സകാത്ത് ഫലപ്രദമായി വിതരണം ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുക, സകാത്ത് വിഷയങ്ങളില്‍ അക്കാദമിക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ക്ക് അഫിലിയേഷന്‍, ട്രെയ്‌നിംഗ്, ഗൈഡന്‍സ്, ഓഡിറ്റിംഗ് തുടങ്ങിയവയാണ് ബൈത്തുസ്സകാത്ത് കേരളയുടെ പ്രവര്‍ത്തനങ്ങള്‍. കേരളം മുഴുവന്‍ പ്രവര്‍ത്തന സംവിധാനമുള്ള ഏറ്റവും വലിയ സംഘടിത സകാത്ത് സംരംഭമാണ് ബൈത്തുസ്സകാത്ത് കേരള.
സുതാര്യമായ സകാത്ത് അഡ്മിനിസ്ട്രേഷന്‍
സകാത്ത് പാവപ്പെട്ടവരുടെയും ആവശ്യക്കാരുടെയും അവകാശമാണ്. ആ അവകാശം അവര്‍ക്ക് ലഭ്യമാവണമെങ്കില്‍ പൊതു സകാത്ത് മാനേജ്മെന്റ് സംവിധാനങ്ങള്‍ ഉണ്ടായേ മതിയാവൂ. സകാത്തിനര്‍ഹനായ വ്യക്തിക്ക് നേരിട്ട് സകാത്തിന് അപേക്ഷിക്കാന്‍ സാധിക്കണം. അത് വ്യക്തികളുടെ മുന്നില്‍ പോയി യാചിച്ചു വാങ്ങേണ്ടതല്ല. സകാത്ത് നല്‍കേണ്ടവര്‍ അത് സകാത്ത് ഏജന്‍സിയെ ഏല്‍പ്പിക്കുക. സകാത്തിനര്‍ഹരായവര്‍ സകാത്ത് ഏജന്‍സിയില്‍ അപേക്ഷിച്ച് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുക. ഇതാണ് ലോകത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന സകാത്ത് സംഭരണ-വിതരണ രീതി.
തികച്ചും സുതാര്യമായ അഡ്മിനിസ്ട്രേഷന്‍ സംവിധാനമാണ് ബൈത്തുസ്സകാത്തിനുള്ളത്. മുഴുവന്‍ സമയ ഓഫീസ് സംവിധാനവും ജീവനക്കാരും ബൈത്തുസ്സകാത്തിനുണ്ട്. സകാത്തിനര്‍ഹനായ ഏതൊരു വ്യക്തിക്കും ംംം.യമശവtu്വ്വമസമവേസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി ഭവന നിര്‍മാണം, സ്വയംതൊഴില്‍, ചികിത്സ, കടബാധ്യത തീര്‍ക്കല്‍, കുടിവെള്ള പദ്ധതി, റേഷന്‍, പെന്‍ഷന്‍ തുടങ്ങിയ പദ്ധതികളിലേക്ക് അപേക്ഷ അയക്കാം. ഓണ്‍ലൈന്‍ ആയി ലഭിക്കുന്ന അപേക്ഷകളെക്കുറിച്ച് ബൈത്തുസ്സകാത്ത് കേരളയുടെ കോഡിനേറ്റര്‍മാര്‍ ഫീല്‍ഡില്‍ പോയി പഠിക്കുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു. കേരളത്തില്‍ 1526 പ്രാദേശിക കോഡിനേറ്റര്‍മാരും 142 ഏരിയാ കോഡിനേറ്റര്‍മാരും 14 ജില്ലാ കോഡിനേറ്റര്‍മാരും ബൈത്തുസ്സകാത്ത് കേരളക്കു വേണ്ടി സേവനമനുഷ്ഠിക്കുന്നുണ്ട്. അപേക്ഷകരുമായുള്ള അഭിമുഖം, പ്രാദേശിക സകാത്ത് യൂനിറ്റുകളുടെ അഭിപ്രായം, കോഡിനേറ്റര്‍മാരുടെ റിപ്പോര്‍ട്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. പ്രാദേശിക സകാത്ത്/റിലീഫ് സംരംഭങ്ങളുടെയും ഗുണഭോക്താക്കളുടെയും സഹകരണത്തോടെ പങ്കാളിത്ത പദ്ധതികളും ബൈത്തുസ്സകാത്ത് കേരള നിര്‍വഹിക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സകാത്ത് എത്തിക്കുന്നു. വലിയ പ്രോജക്റ്റുകള്‍ക്ക് പദ്ധതിയുടെ പുരോഗതി വിലയിരുത്തി ഘട്ടംഘട്ടമായി ഫണ്ട് അനുവദിക്കുന്നു. ഓരോ പദ്ധതിക്കും അനുവദിക്കുന്ന ഫണ്ട് അതത് മേഖലയില്‍ കൃത്യമായി ചെലവഴിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുള്ള വിപുലമായ സംവിധാനം ബൈത്തുസ്സകാത്ത് കേരളക്കുണ്ട്. പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ക്കുള്ള പരിശീലന പരിപാടികള്‍, വാര്‍ഷിക ഓഡിറ്റ്, സര്‍വേ, അവലോകന റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയും ബൈത്തുസ്സകാത്ത് കേരള നിര്‍വഹിക്കുന്ന സുപ്രധാന പ്രവര്‍ത്തനങ്ങളാണ്.
സകാത്തിന്റെയും സംഘടിത സകാത്തിന്റെയും പ്രചാരണമാണ് ബൈത്തുസ്സകാത്ത് കേരളയുടെ സുപ്രധാനമായ മറ്റൊരു പ്രവര്‍ത്തന മേഖല. സകാത്തുമായും സംഘടിത സകാത്തുമായും ബന്ധപ്പെട്ട ആശയ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലുടനീളം സകാത്ത് സെമിനാറുകള്‍, ടേബ്ള്‍ ടോക്കുകള്‍, സകാത്ത് പദ്ധതി വിതരണ പരിപാടികള്‍, മൊബൈല്‍ ആപ് തുടങ്ങിയവ ബൈത്തുസ്സകാത്ത് കേരളയുടെ സകാത്ത് അഡ്മിനിസ്ട്രേഷന്‍ സംവിധാനത്തിന്റെ ഭാഗമാണ്. കേരളത്തിലുടനീളം മഹല്ല് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ക്ക് അഫിലിയേഷനും അവയുമായി സഹകരിച്ചുള്ള പദ്ധതികളും ബൈത്തുസ്സകാത്ത് കേരള നിര്‍വഹിക്കുന്നുണ്ട്.
പ്രതിസന്ധികളെ അതിജീവിക്കണം
കോവിഡ് 19 സൃഷ്ടിച്ച സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു മുന്നേറുക എന്നതാണ് വരും വര്‍ഷങ്ങളിലെ സുപ്രധാന വെല്ലുവിളി. ലോകത്തുടനീളം കൊറോണ വൈറസ് ആഞ്ഞടിക്കുമ്പോള്‍ ഓരോ മനുഷ്യരിലും ആശങ്ക വര്‍ധിക്കുകയാണ്. കൊറോണാ വൈറസ് സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് എല്ലാവരും പ്രവചിച്ചു കഴിഞ്ഞു.
കോവിഡാനന്തരമുള്ള സാമ്പത്തിക-രാഷ്ട്രീയ ചര്‍ച്ചകളില്‍ നിരവധി സാധ്യതകള്‍ ഉണ്ട് എന്നതാണ് ആഗോളതലത്തില്‍ നടക്കുന്ന പഠനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. കോവിഡ് എത്രകാലം ലോക്ക് ഡൗണ്‍ സൃഷ്ടിക്കും എന്നതിനെക്കൂടി ആശ്രയിച്ചാണ് ആ നിഗമനങ്ങള്‍ ശരിയാവുക. നിലവിലെ മാര്‍ക്കറ്റ് ഓറിയന്റഡ് എക്കണോമിക്ക് തന്നെയാണ് സാധ്യത കൂടുതലെങ്കിലും അതിന്റെ രീതിക്രമങ്ങളില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍ നഷ്ടം, തൊഴിലാളി അവകാശ നഷ്ടം, സാമൂഹിക സേവന മേഖലയില്‍ നിന്നുള്ള കോര്‍പറേറ്റുകളുടെ പിന്മാറ്റം എന്നതൊക്കെ അതില്‍ സംഭവിക്കാം.
കേരളത്തിന്റെ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തെ സാഹചര്യം പരിശോധിച്ചാല്‍ തുടര്‍ച്ചയായ രണ്ട് പ്രളയങ്ങള്‍, നോട്ട് നിരോധനം, നിപ്പ, കൊറോണ തുടങ്ങി മാരകമായ പകര്‍ച്ചവ്യാധികള്‍ കാരണം രൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും സാധാരണക്കാരുടെ നിത്യ ജീവിതം ഏറെ പ്രയാസമുള്ളതാക്കിത്തീര്‍ത്തിരിക്കുന്നു. ഈ യാഥാര്‍ഥ്യത്തെ പ്രായോഗികവും ക്രിയാത്മകവുമായ പദ്ധതികളിലൂടെ അഭിമുഖീകരിക്കേണ്ടതുണ്ട്.
സാമൂഹിക സേവന സംരംഭങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ സജീവമായി പ്രവര്‍ത്തിക്കേണ്ട സമയമാണ് വന്നുചേരുന്നത്. പ്രതിസന്ധി മറികടക്കുന്നതിന് മനുഷ്യവിഭവങ്ങളുടെ പരമാവധി ഉപയോഗവും പരിശീലനവും അനിവാര്യമാണ്. കാര്‍ഷിക മേഖലയുടെ പുനര്‍ജീവനം, മൈക്രോ ഫിനാന്‍സ്, ജനകീയ വിദ്യാഭ്യാസ - സാമ്പത്തിക സുരക്ഷാ പദ്ധതികള്‍, കണക്റ്റിവിറ്റിയുള്ള പൊതു തൊഴില്‍ സംരംഭങ്ങളും സംവിധാനങ്ങളും തുടങ്ങിയവയൊക്കെ പങ്കാളിത്ത അടിസ്ഥാനത്തില്‍ ആലോചിക്കേണ്ടതാണ്.
കഴിഞ്ഞ പ്രളയ കാലങ്ങളില്‍ കേരളം ഒത്തൊരുമയോടെയാണ് പ്രതിസന്ധികളെ നേരിട്ടത്. സാമ്പത്തികവും ശാരീരികവുമായ സമര്‍പ്പണത്തിലൂടെ പരസ്പരം കണ്ണീരൊപ്പാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പ്രളയത്തിലും നഷ്ടം പറ്റിയവരെ പുനരധിവസിപ്പിക്കാന്‍ 35 കോടി രൂപയുടെ പദ്ധതികളാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയത്. 305 വീടുകളുടെ നിര്‍മാണം, ഭാഗികമായി തകര്‍ന്ന 888 വീടുകളുടെ നിര്‍മാണം, 811 കുടുംബങ്ങള്‍ക്ക് ജീവനോപാധികള്‍, 34 കുടിവെള്ള പദ്ധതികള്‍, 3100 ആരോഗ്യ കാര്‍ഡുകള്‍ തുടങ്ങിയവയാണ് പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട് പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ നിര്‍വഹിച്ചത്. കോവിഡാനന്തര കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ സകാത്ത് സംവിധാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കേരളത്തിന്റെ സാമ്പത്തിക - തൊഴില്‍ പുരോഗതിയും ഭക്ഷ്യ സുരക്ഷയും വിദ്യാഭ്യാസ മുന്നേറ്റവും എന്ത് വിലകൊടുത്തും നിലനിര്‍ത്താന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്. കോവിഡാനന്തര കേരളത്തില്‍ സകാത്ത് ഫണ്ടുകള്‍ ഇത്തരം അടിസ്ഥാന ആവശ്യങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള റിസോഴ്സായി ഉപയോഗപ്പെടുത്തുന്നതിനുള്ള സ്ട്രാറ്റജി രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്.
ബൈത്തുസ്സകാത്ത് കേരളയെ ശക്തിപ്പെടുത്തുക
ബൈത്തുസ്സകാത്ത് കേരളയുടെ ദൗത്യം വളരെ സുപ്രധാനമാണ്. മുഖ്യധാരാ സേവന സംരംഭങ്ങളും സര്‍ക്കാര്‍ പദ്ധതികളും പടിക്ക് പുറത്തു നിര്‍ത്തിയ മലയോര - തീരദേശങ്ങളിലും ചേരിപ്രദേശങ്ങളിലും ദുരിതപൂര്‍ണ ജീവിതം നയിക്കുന്ന മേഖലകളില്‍ ബൈത്തുസ്സകാത്ത് പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ദരിദ്ര കുടുംബങ്ങള്‍, വിധവകള്‍, അനാഥര്‍, മാരക രോഗങ്ങളുടെ ചികിത്സക്കു വേണ്ടി വീടും കിടപ്പാടവുമടക്കം നഷ്ടപ്പെട്ടവര്‍, തൊഴില്‍ നഷ്ടം സംഭവിച്ച് ദരിദ്രരായവര്‍, കടക്കെണിയില്‍ പെട്ട് വലയുന്നവര്‍, പ്രവാസ ജീവിതം അവസാനിപ്പിച്ച് വെറുംകൈയോടെ മടങ്ങിയവര്‍, കുടിവെള്ളമില്ലാതെ വലയുന്നവര്‍, നട്ടെല്ലിനു ക്ഷതമേറ്റ് ശരീരം തളര്‍ന്ന് ജീവിതകാലം മുഴുവന്‍ വീല്‍ചെയറിലും മുച്ചക്ക്ര വാഹനങ്ങളിലും ജീവിതം തള്ളി നീക്കുന്നവര്‍, കടബാധ്യതയില്‍ പൊറുതി മുട്ടി മാനം നഷ്ടപ്പെടുന്ന ഹതഭാഗ്യര്‍, കാന്‍സര്‍, കിഡ്‌നി രോഗം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ മാരക രോഗങ്ങളാല്‍ വീര്‍പ്പുമുട്ടി ചികിത്സാ ചെലവില്‍ പതറിപ്പോകുന്നവര്‍ തുടങ്ങിയവരെയാണ് ബൈത്തുസ്സകാത്ത് കേരള പ്രഥമമായി പരിഗണിക്കുന്നത്.
സുരക്ഷിതമായ വീട്, സുസ്ഥിരമായ തൊഴില്‍, മികച്ച വിദ്യാഭ്യാസം, പെന്‍ഷന്‍ പദ്ധതി, കുടിവെള്ള പദ്ധതി, ചികിത്സാ പദ്ധതികള്‍, കടബാധ്യത തീര്‍ക്കുന്നതിനുള്ള പദ്ധതി തുടങ്ങിയവയാണ് ബൈത്തുസ്സകാത്ത് കേരള ഫണ്ട് വിനിയോഗിക്കുന്ന മേഖലകള്‍. പുതിയ പ്രവര്‍ത്തന കാലയളവില്‍ തൊഴില്‍ പദ്ധതികള്‍, വിദ്യാഭ്യാസം, ഭവന നിര്‍മാണം, ചികിത്സ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പദ്ധതികളാണ് ബൈത്തുസ്സകാത്ത് കേരള നിര്‍വഹിക്കുക. കേരളത്തിലെ ആയിരത്തി അഞ്ഞൂറ് കുടുംബങ്ങളുടെ പുനരധിവാസവും അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണവുമാണ് 2020-'21 പ്രവര്‍ത്തന വര്‍ഷങ്ങളില്‍ ബൈത്തുസ്സകാത്ത് കേരള നിര്‍വഹിക്കുക.
ആര്‍ത്തിയും പിശുക്കും തട്ടിപ്പും അധാര്‍മിക സമ്പാദ്യവും വ്യക്തികളുടെ സാമ്പത്തിക ദര്‍ശനമായിത്തീര്‍ന്ന ഇക്കാലത്ത് തന്റെ സമ്പത്തില്‍ ദരിദ്ര സഹോദരന്റെ അവകാശത്തെ യഥാവിധി നല്‍കി സമ്പത്തിനെ ശുദ്ധീകരിച്ച് ഇസ്ലാമിക സാമ്പത്തിക ദര്‍ശനത്തിന്റെ മാനവിക തലത്തെ മണ്ണിലിറക്കുന്ന വിശ്വാസികളുടെ പ്രവര്‍ത്തനമാണ് സകാത്ത്. ക്രിയാത്മക പ്രവത്തനങ്ങള്‍ നിര്‍വഹിച്ച് പവിത്രമായ സകാത്തിലൂടെ സമൂഹം നേടിയെടുക്കേണ്ട ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള സംവിധാനമൊരുക്കുകയാണ് ബൈത്തുസ്സകാത്ത് കേരള. ഇസ്ലാം നിര്‍ദേശിച്ച പ്രകാരം സകാത്ത് നിര്‍വഹിക്കണമെങ്കില്‍, അര്‍ഹരായ വ്യക്തികളിലേക്ക് സകാത്ത് എത്തിച്ചേരണമെങ്കില്‍ നിങ്ങളുടെ സകാത്ത് ബൈത്തുസ്സകാത്ത് കേരളയെ ഏല്‍പ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
തയാറാക്കിയത്:
സി.പി ഹബീബ് റഹ്മാന്‍
Comments