Prabodhanm Weekly

Pages

Search

2020 മെയ് 22

3153

1441 റമദാന്‍ 29

സകാത്തുല്‍ ഫിത്വ്ര്‍ പണമായി നല്‍കാമോ?

മുശീര്‍

ഞങ്ങളുടെ മഹല്ലില്‍ ദരിദ്രരും അഗതികളുമായ മിക്കവാറും എല്ലാ കുടുംബങ്ങളിലും സൗജന്യ റേഷനായും റമദാന്‍ കിറ്റുകളായും ധാരാളം ഭക്ഷ്യവിഭവങ്ങള്‍ ലഭിച്ചിട്ടുണ്ട്. പെരുന്നാള്‍ വരെയും അതിലപ്പുറവും കഴിഞ്ഞുകൂടാനുള്ള വക ഇപ്പോള്‍ അവര്‍ക്കുണ്ട് എന്നര്‍ഥം. അതേസമയം അവരില്‍ പലര്‍ക്കും പണത്തിന് ആവശ്യമുണ്ടു താനും. ഇവര്‍ക്ക് സകാത്തുല്‍ ഫിത്വ് ര്‍ പണമായി നല്‍കാമോ?
സമാനമായ മറ്റൊരു ചോദ്യം:
തങ്ങളുടെ താമസസ്ഥലത്ത് സ്വന്തമായി ഭക്ഷണം പാകംചെയ്ത് കഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സ്ഥിരമായി ഹോട്ടലിലും മെസ്സിലും പോയി ഭക്ഷണം കഴിക്കുന്ന ധാരാളം തൊഴിലാളികള്‍ ഞങ്ങളുടെ പരിസരത്തുണ്ട്. അവര്‍ സകാത്തുല്‍ ഫിത്വ്റിന് അര്‍ഹരുമാണ്. അവര്‍ക്ക് പക്ഷേ അരി കിട്ടിയതുകൊണ്ട് കാര്യമില്ല, കിട്ടിയാല്‍തന്നെ അത് വിറ്റ് കാശാക്കി ആ കാശ് കൊണ്ട് ഭക്ഷണം മേടിച്ച് കഴിക്കേണ്ട അവസ്ഥയാണ്. ഇങ്ങനെയുള്ളവര്‍ക്ക് സകാത്തുല്‍ ഫിത്വ്ര്‍ പണമായി നല്‍കാമോ?
പ്രധാനമായും രണ്ട് യുക്തികളാണ് സകാത്തുല്‍ ഫിത്വ്റിന്റേതായി ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്:  ഒന്ന്, നോമ്പുകാരുമായി ബന്ധപ്പെട്ടതാണ്. എത്ര സൂക്ഷ്മത പുലര്‍ത്തിയാലും എന്തെങ്കിലും അല്ലറ ചില്ലറ വീഴ്ചകള്‍ പറ്റിപ്പോകാന്‍ സാധ്യതയുണ്ട്. ഒരു മാസം പൈദാഹങ്ങള്‍ സഹിച്ച്,  കാമവികാരങ്ങള്‍ നിയന്ത്രിച്ച് എടുത്ത ഒരു ഇബാദത്തിന്റെ പ്രതിഫലം ഒട്ടും കുറയാതെ തന്നെ വിശ്വാസികള്‍ക്ക് ലഭിക്കണമെന്ന കാരുണ്യവാനായ അല്ലാഹുവിന്റെ കൃപയാണ് അത്. അതുകൊണ്ടുതന്നെ നമസ്‌കാരത്തില്‍ മറവി പറ്റിയാല്‍ ചെയ്യുന്ന സുജൂദിനോട് ചില പണ്ഡിതന്മാര്‍ ഇതിനെ താരതമ്യപ്പെടുത്തിയിരിക്കുന്നു (മുഗ്നി അല്‍ മുഹ്താജ്). പെരുന്നാള്‍ ദിവസം യാചകരോ പട്ടിണി കിടക്കുന്നവരോ ഉണ്ടാവരുതെന്ന് മാത്രമല്ല, അവരവരുടെ വീടുകളില്‍ സദ്യയൊരുക്കി സന്തോഷത്തോടെ ഭക്ഷണം കഴിക്കാനും ഊട്ടാനും അവസരം ഉണ്ടാവട്ടെ എന്ന സാമൂഹിക ലക്ഷ്യമാണ് രണ്ടാമത്തേത്.
അതിനാല്‍ ആഹാരത്തിന് ഉപയുക്തമായ ഭക്ഷ്യധാന്യങ്ങള്‍ തന്നെ നല്‍കണമെന്നതാണ് മൗലികമായ വിധി. എങ്കിലും ചോദ്യത്തില്‍ പരാമര്‍ശിച്ചതുപോലെ ഭക്ഷ്യധാന്യങ്ങള്‍ കിട്ടിയതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് മാത്രമല്ല, അതൊരു പ്രയാസം കൂടി ആയിത്തീരുന്ന ചില സാഹചര്യങ്ങള്‍ വന്നുപെട്ടേക്കാം. അത്തരം സാഹചര്യങ്ങളില്‍ മഹാനായ ഖലീഫ ഉമറുബ്‌നു അബ്ദില്‍അസീസ്, ഇമാം ബുഖാരി തുടങ്ങിയ മഹാന്മാരുടെയും, ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ പിന്തുടരുന്ന മദ്ഹബായ ഹനഫീ മദ്ഹബിന്റെയും, സലഫീ ആശയക്കാര്‍ക്ക് അഭിമതനായ ശൈഖുല്‍ ഇസ് ലാം ഇബ്‌നുതൈമിയ്യയുടെയും വീക്ഷണമനുസരിച്ച് പണമായി നല്‍കുന്നതായിരിക്കും ഉത്തമം എന്നാണ് നമുക്ക് പറയാനുള്ളത്.
സുല്‍ത്വാനുല്‍ ഉലമാ എന്നറിയപ്പെടുന്ന ഇമാം കാസാനി പറയുന്നു: പെരുന്നാള്‍ പോലുള്ള ദിവസത്തില്‍ യാചിക്കാന്‍ ഇടവരാത്തവിധം അവരെ സുഭിക്ഷതയുളളവരാക്കുക എന്ന പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തില്‍ ദരിദ്രര്‍ക്ക് സുഭിക്ഷത നല്‍കി സ്വയംപര്യാപ്തരാക്കുക എന്നതാണ് യഥാര്‍ഥ വാജിബ്. ഈ സ്വയംപര്യാപ്തത ഭക്ഷ്യധാന്യങ്ങളുടെ വിലകൊടുത്തു കൊണ്ടായാലും സംഭവിക്കും. എന്നല്ല അതാണ് ഏറ്റവും അന്യൂനവും ഏറ്റവും സമൃദ്ധവും. കാരണം ആവശ്യപൂര്‍ത്തീകരണത്തിന് അതാണ് ഏറ്റവും സൗകര്യം. ഇതിലൂടെ സുഭിക്ഷതയുണ്ടാക്കലിലാണ് നബിവചനത്തിന്റെ യുക്തി എന്നും, അല്ലാതെ പണമായി നല്‍കുന്നതിലല്ലെന്നും വ്യക്തമായി (ബദാഇഉസ്സ്വനാഇഅ്: 4/129).
ഇമാം നവവി പറയുന്നു: പണമായി നല്‍കാം എന്ന് വാദിക്കുന്നവര്‍ തെളിവാക്കുന്നത്, നബി (സ) മുആദി(റ) നെ സകാത്ത് പിരിക്കാനും മറ്റുമായി യമനിലേക്ക് നിയോഗിച്ചയച്ചപ്പോള്‍, അദ്ദേഹം യമന്‍ നിവാസികളോട് പറഞ്ഞതാണ്. അദ്ദേഹം അവരോട് പറഞ്ഞു: ബാര്‍ളിക്കും ചോളത്തിനും പകരം ഉടയാടകളും വസ്ത്രങ്ങളും കൊണ്ടുവരിക. അതാണ് നിങ്ങള്‍ക്ക് ഏറ്റവും സൗകര്യം. മദീനയിലുള്ള നബി(സ)യുടെ സ്വഹാബിമാര്‍ക്ക് ഏറ്റവും ഗുണകരവും അതാണ് (ബുഖാരി). അതുപോലെ ഇരുപത്തിയഞ്ച് ബിന്‍തു മഖാളിനു (ഒരു വയസ്സു തികഞ്ഞ പെണ്ണൊട്ടകക്കുട്ടി) പകരം അവ ലഭ്യമല്ലെങ്കില്‍ ഇബ്‌നുലബൂന്‍ (രണ്ടു വയസ്സു കഴിഞ്ഞ ആണൊട്ടകം) മതിയാവും എന്ന സ്വഹീഹായ ഹദീസും അവര്‍ തെളിവാക്കിയിരിക്കുന്നു. അവര്‍ പറയുന്നു: മൂല്യം നോക്കി നല്‍കാമെന്നതിന് വ്യക്തമായ തെളിവാണിത്. കാരണം ഇത് സകാത്ത് മുതലാണ്. ആ നിലക്ക് കച്ചവടച്ചരക്കുകളെപ്പോലെ മൂല്യം നോക്കി പണമായി കൊടുക്കുന്നത് സാധുവാകും. അതുപോലെ തുല്യമൂല്യമുള്ള ധനം തന്നെയാണ്. അപ്പോള്‍ അത് നല്‍കുന്നതും നസ്സ്വില്‍ വന്നതുപോലെ തന്നെയായി.
നസ്സ്വില്‍ വ്യക്തമായി പറയപ്പെട്ടതില്‍നിന്ന് അതേ വര്‍ഗത്തില്‍പെട്ട മറ്റിനത്തിലേക്ക് മാറുന്നത് - തന്റെ ഒരു ആട്ടിന്‍പറ്റത്തിന് പകരം മറ്റൊരാട്ടിന്‍പറ്റത്തില്‍നിന്ന് നല്‍കുന്നതു പോലെ - അനുവദനീയമാണെന്ന കാര്യത്തില്‍ ഇജ്മാഉണ്ടെങ്കില്‍ ഒരിനത്തില്‍ നിന്ന് വേറെ ഇനത്തിലേക്ക് മാറുന്നതും സാധുവാകും (ശര്‍ഹുല്‍ മുഹദ്ദബ്: ആടിന്റെ സകാത്ത് എന്ന അധ്യായം).
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറഞ്ഞു: സകാത്ത് മൂല്യം നോക്കി പണമായി നല്‍കുന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ മൂന്ന് വീക്ഷണങ്ങളാണുള്ളത്.
ഒന്ന്: ഏതവസ്ഥയിലും അതനുവദനീയമാണ്. ഇമാം അബൂഹനീഫയുടെ വീക്ഷണം ഇതാണ്.
രണ്ട്: ഒരവസ്ഥയിലും അനുവദനീയമല്ല. ഇതാണ് ഇമാം ശാഫിഈയുടെ വീക്ഷണം.
മൂന്ന്: ആവശ്യമുണ്ടെങ്കിലല്ലാതെ അനുവദനീയമാവുകയില്ല. ഉദാഹരണമായി, സകാത്ത് ബാധകമാവുന്ന ഒട്ടകങ്ങള്‍ ഉള്ള വ്യക്തിയുടെ അടുത്ത് ആട് ഇല്ലാതിരിക്കുക. അതുപോലെ മുന്തിരിയും ഈത്തപ്പഴവും അവ ഉണക്കി സൂക്ഷിക്കുന്നതിനു മുമ്പു തന്നെ വില്‍പ്പന നടത്തുന്നവനെപ്പോലെ. ഇമാം അഹ്മദില്‍നിന്ന് വ്യക്തമായി രേഖപ്പെടുത്തപ്പെട്ട അഭിപ്രായം ഇതാണ്. അദ്ദേഹം മൂല്യം നോക്കി പണമായി നല്‍കുന്നത് തടഞ്ഞിട്ടുണ്ട്. എന്നാല്‍ അവശ്യ സന്ദര്‍ഭത്തില്‍ ചിലയിടങ്ങളില്‍ അതനുവദിച്ചിരിക്കുന്നു... ഇതത്രെ ഏറ്റവും സന്തുലിതമായ അഭിപ്രായം... ഹദീസുകളില്‍ വന്ന അതേ ദ്രവ്യങ്ങള്‍ തന്നെ നല്‍കല്‍ നിര്‍ബന്ധമാണെന്നതിലെ ഗുണത്തോട് പണമായി നല്‍കുന്നതിലെ പല ഗുണങ്ങളും ഏറ്റുമുട്ടുന്നു. ഹദീസുകളില്‍ വന്ന അതേ ദ്രവ്യങ്ങള്‍തന്നെ നല്‍കണമെന്ന് ശഠിക്കുന്നത് ശരീഅത്ത് നിരാകരിച്ച ഞെരുക്കമുണ്ടാക്കലാണ് (മജ്മൂഉല്‍ ഫതാവാ: 25/46).
ഇമാം അബൂഹനീഫയും കൂട്ടുകാരും, ഹസന്‍ ബസ്വരി, സുഫ് യാനുസ്സൗരി, ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ് തുടങ്ങിയവരെല്ലാം സകാത്തിന്റെ വിലനല്‍കിയാല്‍ മതിയെന്ന അഭിപ്രായക്കാരാണ്. ഫിത്വ്ര്‍ സകാത്തും അതില്‍പെടുമല്ലോ. മാലികീ മദ്ഹബുകാരായ അശ്അബിന്റെയും ഇബ്‌നുല്‍ ഖാസിമിന്റെയും അഭിപ്രായവും അതുതന്നെയാണ്. നവവി പറയുന്നു: ബുഖാരിയുടെ മദ്ഹബും ഇതാണെന്നാണ് മനസ്സിലാവുന്നത്.
മുആദ് (റ) ഭക്ഷ്യധാന്യങ്ങള്‍ക്കു പകരമായി വസ്ത്രങ്ങള്‍ ആവശ്യപ്പെട്ടതും മറ്റും എടുത്തുപറഞ്ഞുകൊണ്ട് മറ്റു ചരക്കുകളും സകാത്തായി നല്‍കാമെന്ന തലക്കെട്ടില്‍ പ്രത്യേകമായ ഒരു അധ്യായം തന്നെ ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ കൊടുത്തിട്ടുണ്ട്, അതിനെ വിശദീകരിച്ചുകൊണ്ട് ബുഖാരിയുടെ വ്യാഖ്യാതാവായ അല്ലാമാ ബദ്‌റുദ്ദീനില്‍ ഐനി പറയുന്നു:
സകാത്തില്‍ മൂല്യം നോക്കി സമാനമായ മറ്റു ഇനങ്ങളും നല്‍കാമെന്നതിന് നമ്മുടെയാളുകള്‍ ഇത് തെളിവാക്കിയിരിക്കുന്നു. അതുകൊണ്ടാണ് ഇബ്‌നുറശീദ് പറഞ്ഞത്: ഈ വിഷയത്തില്‍ ഇമാം ബുഖാരി ഹനഫികളോട് യോജിച്ചിരിക്കുന്നു; പല കാര്യങ്ങളിലും അദ്ദേഹം അവര്‍ക്ക് എതിരാണെങ്കില്‍ കൂടി. കാരണം, പ്രമാണമാണ് അദ്ദേഹത്തെ ആ നിലപാടിലേക്ക് എത്തിച്ചത് (ഉംദത്തുല്‍ഖാരി: ചരക്കുകളുടെ സകാത്ത് എന്ന അധ്യായം). ഇതേ കാര്യം ഹാഫിള് ഇബ്‌നു ഹജര്‍ അസ്ഖലാനിയും പറയുന്നുണ്ട് (ഫത്ഹുല്‍ ബാരി: ചരക്കുകളുടെ സകാത്ത് എന്ന അധ്യായം).
സകാത്ത് വിഷയത്തില്‍ ബൃഹത്തായ ഗവേഷണഗ്രന്ഥം രചിച്ച ശൈഖ് യൂസുഫുല്‍ ഖറദാവിയും ഇതേ വീക്ഷണക്കാരനാണ്. അദ്ദേഹം ഇതുസംബന്ധമായി പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ:
പണമായി നല്‍കാം എന്നു പറയുന്നവര്‍ക്ക് അവലംബിക്കാന്‍ തെളിവുകളും ന്യായങ്ങളുമുണ്ട്. അപ്രകാരം തന്നെ, പണമായി നല്‍കാന്‍ പാടില്ല എന്ന് പറയുന്നവര്‍ക്കും ഇതിന് എതിരായ തെളിവുകളും ന്യായങ്ങളുമുണ്ട്.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ ഭിന്നാഭിപ്രായക്കാരായ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ മിതമായ ഒരു സരണി സ്വീകരിച്ച് പറയുന്നത് ഇങ്ങനെയാണ്; ഇതില്‍ ഏറ്റവും പ്രകടമായ അഭിപ്രായം, ആവശ്യത്തിന് വേണ്ടിയല്ലാതെയും പൊതുനന്മക്ക് വേണ്ടിയല്ലാതെയും സകാത്ത് പണമായി നല്‍കാന്‍ പാടില്ല. കാരണം, നിരുപാധികം വില നല്‍കാന്‍ അനുവാദം നല്‍കിയാല്‍ ഉടമസ്ഥന്‍ സാധനത്തിന് വില നിശ്ചയിക്കുമ്പോള്‍ അതില്‍ അപാകതയുണ്ടാകും. എന്നാല്‍, ഒരു ആവശ്യത്തിനു വേണ്ടിയോ അല്ലെങ്കില്‍ പൊതുനന്മക്കു വേണ്ടിയോ വില നല്‍കുന്നതിന് വിരോധമില്ല. ഒരാള്‍ തന്റെ തോട്ടത്തിലെ പഴം, അല്ലെങ്കില്‍ കൃഷി ഒരു സംഖ്യക്ക് വിറ്റു. ആ സംഖ്യയുടെ പത്തില്‍ ഒരംശം സകാത്തായി നല്‍കിയാല്‍ മതി. അല്ലാതെ അയാള്‍ സകാത്ത് നല്‍കാനായി പഴമോ ഗോതമ്പോ വാങ്ങാന്‍ നിര്‍ബന്ധിതനാകുന്നില്ല. ഇത് അനുവദനീയമാണെന്ന് ഇമാം അഹ്മദ് വ്യക്തമാക്കുന്നു.
അപ്രകാരം തന്നെയാണ് അഞ്ച് ഒട്ടകത്തിന്റെ സകാത്തായി ഒരു ആട് നല്‍കുന്നത്. ഒരാള്‍ക്ക് ആട് വാങ്ങാന്‍ കിട്ടിയില്ലെങ്കില്‍ അതിന്റെ വില കൊടുത്താല്‍ മതിയാവും. അല്ലാതെ അയാള്‍ ആടിനെ വാങ്ങാന്‍ മറ്റൊരു നാട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിതനാവുകയില്ല. അതേപോലെയാണ് സകാത്ത് വാങ്ങാന്‍ അര്‍ഹതപ്പെട്ടവര്‍ തങ്ങള്‍ക്ക് വിലകിട്ടിയാല്‍ ഏറെ ഉപകാരമാവും എന്ന് ആവശ്യപ്പെട്ടാലും. അപ്പോള്‍ അവര്‍ക്ക് വിലയാണ് നല്‍കേണ്ടത്. അല്ലെങ്കില്‍ സാധുക്കള്‍ക്ക് വില കൊടുക്കുന്നതാണ് നല്ലത് എന്ന് സകാത്ത് വിതരണക്കാരന് തോന്നിയാലും മതി. മുആദുബ്‌നു ജബല്‍ (റ) യമന്‍കാരോട് പറയുമായിരുന്നു: നിങ്ങള്‍ക്ക് സൗകര്യപ്രദമായതും മദീനയിലെ ആളുകള്‍ക്ക് ഉപകാരപ്രദവുമായ സാധനങ്ങള്‍ കൊണ്ടുവന്നുതരിക. അദ്ദേഹം ഇങ്ങനെ പറഞ്ഞത് സകാത്തിന്റെ വിഷയത്തിലാണെന്നും, അല്ല ജിസ്‌യയുടെ കാര്യത്തിലാണെന്നും അഭിപ്രായമുണ്ട്. ഇപ്പറഞ്ഞത് സകാത്തിന്റെ കാര്യത്തിലാണെങ്കില്‍ അത് ഫിത്വ് ര്‍ സകാത്തിന്റെ കാര്യത്തിലും പ്രയോഗിക്കാം.
അഭിപ്രായ വ്യത്യാസത്തിന്റെ കാതല്‍ രണ്ടു ചിന്താധാരകള്‍ തമ്മിലാണ്. അതില്‍ ഒന്ന്, ഇജ്തിഹാദില്‍ ശരീഅത്തിന്റെ പൊതുതാല്‍പര്യം പരിഗണിക്കുന്നു. പ്രമാണങ്ങളെ അവഗണിക്കുന്നുമില്ല. രണ്ടാമത്തേത്, പ്രമാണങ്ങളെ മാത്രം പരിഗണിക്കുന്നു. സ്വഹാബിമാരും അവര്‍ക്കു ശേഷം താബിഉകളും, ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസും ഇതനുസരിച്ച് പ്രവര്‍ത്തിക്കുകയുണ്ടായി.
ഇബ്‌നു അബീശൈബ പറയുന്നു: ഉമറുബ്‌നു അബ്ദില്‍ അസീസ് ബസ്വറയിലെ ഗവര്‍ണറായിരുന്ന ഉദയ്യിന് ഇപ്രകാരം കത്തയക്കുകയുണ്ടായി: സര്‍ക്കാര്‍ ജീവനക്കാരായ ഓരോ വ്യക്തിയുടെയും വരുമാനത്തില്‍നിന്ന്അര ദിര്‍ഹം വീതം പിരിച്ചെടുക്കണം. ഹസന്‍ പറയുന്നു: ഫിത്വ്ര്‍ സകാത്ത് നാണയമായി കൊടുക്കുന്നതിന് വിരോധമില്ല.
അബൂഇസ്ഹാഖ് പറയുന്നു: ഞങ്ങള്‍ റമദാനിലെ സ്വദഖയായി ഭക്ഷണത്തിന്റെ വില നല്‍കാറുണ്ടായിരുന്നു.
അത്വാഅ് പറയുന്നു: അദ്ദേഹം ഫിത്വ്ര്‍ സകാത്ത് വെള്ളിനാണയമായി നല്‍കാറുണ്ടായിരുന്നു. ഇതിന് തെളിവ് നബി(സ)യുടെ ഈ വചനം: നിങ്ങള്‍ അവരെ - പാവങ്ങളെ - ഈ ദിവസത്തില്‍ ഐശ്വര്യമുള്ളവരാക്കി മാറ്റുക.
ഭക്ഷണം കൊടുത്താലെന്ന പോലെ അതിന്റെ വിലകൊടുത്താലും ഐശ്വര്യം ഉണ്ടാകുമല്ലോ. ചിലപ്പോള്‍ വിലയായിരിക്കും കൂടുതല്‍ ഉപകാരപ്പെടുക. കാരണം, ദരിദ്രന് ഭക്ഷണസാധനങ്ങള്‍ കൂടുതല്‍ കിട്ടിയാല്‍ അതയാള്‍ വില്‍ക്കേണ്ടിവരും. വിലയാണ് കിട്ടുന്നതെങ്കില്‍ അതുകൊണ്ട് അയാള്‍ക്ക് ഭക്ഷണം, വസ്ത്രം, മറ്റു അത്യാവശ്യ കാര്യങ്ങള്‍ എന്നിവയൊക്കെ വാങ്ങാന്‍ സാധിക്കും.
ഇബ്‌നുല്‍ മുന്‍ദിര്‍ പറയുന്നു: ഗോതമ്പിന്റെ അര സ്വാഅ് നല്‍കാന്‍ സ്വഹാബികള്‍ അനുവദിച്ചിരിക്കുന്നു. കാരണം, അത് കാരക്കയുടെയും ബാര്‍ളിയുടെയും ഒരു സ്വാഇന്റെ വിലയോട് തുല്യമാണെന്ന് അവര്‍ മനസ്സിലാക്കി. മുആവിയ പറഞ്ഞു: ശാമിലെ ഗോതമ്പിന്റെ രണ്ട് മുദ്ദ് ഒരു സ്വാഅ് കാരക്കക്ക് തുല്യമാണ്.
അപ്പോള്‍ നമ്മുടെ ഈ കാലഘട്ടത്തില്‍, പ്രത്യേകിച്ച് നാണയം മാത്രം ക്രയവിക്രയം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഏറ്റവും സൗകര്യപ്രദമായത് വില നല്‍കലാണ്. അധിക നാടുകളിലെയും പാവങ്ങള്‍ക്ക് അതായിരിക്കും കൂടുതല്‍ ഉപകരിക്കുക.
തിരുമേനി (സ) തന്റെ കാലത്തും സാഹചര്യത്തിലും നിലവിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളില്‍നിന്ന് ഫിത്വ്ര്‍ സകാത്ത് കൊടുക്കാന്‍ കല്‍പിച്ചപ്പോള്‍ ജനങ്ങളുടെ സൗകര്യവും എളുപ്പവുമാണ് ഉദ്ദേശിച്ചത്. സ്വര്‍ണം, വെളളി നാണയങ്ങള്‍ അറബികള്‍ക്കിടയില്‍ ഏറെ വിരളമായിരുന്നു. വളരെക്കുറച്ചു മാത്രമേ അത് ലഭ്യമായിരുന്നുള്ളൂ. പാവങ്ങള്‍ക്കാണെങ്കില്‍ ഗോതമ്പ്, കാരക്ക, മുന്തിരി, പാല്‍ക്കട്ടി എന്നീ ഭക്ഷണസാധനങ്ങളാണ് ആവശ്യമുണ്ടായിരുന്നത്.
അതുകൊണ്ട് ദായകന് ഭക്ഷണസാധനങ്ങള്‍ കൊടുക്കുന്നത് സൗകര്യപ്രദവും, വാങ്ങുന്നവന് ഉപകാരപ്രദവുമായിരുന്നു. ഇങ്ങനെ സൗകര്യം പരിഗണിച്ചതിന്റെ പേരില്‍ ഒട്ടകത്തിന്റെയും ആടിന്റെയും ഉടമകള്‍ക്ക് പാല്‍ക്കട്ടി കൊടുക്കാന്‍ അനുവാദം നല്‍കി. അപ്പോള്‍ ഓരോരുത്തര്‍ക്കും തനിക്ക് സൗകര്യപ്രദമായത് നല്‍കാം. നാണയത്തിന്റെ ക്രയവിക്രയം ഓരോ നാട്ടിലും ഓരോ സാഹചര്യത്തിലും മാറിക്കൊണ്ടിരിക്കും, അപ്പോള്‍ ഫിത്വ്ര്‍ സകാത്തില്‍ നിര്‍ബന്ധമായ തോത് തീരുമാനിക്കപ്പെട്ടാല്‍ അതായിരിക്കും ഗുണകരം.
ഒരു സ്വാഅ് ഭക്ഷണം ഒരാളുടെ മിതമായ ആവശ്യത്തിന് മതിയാകുമെങ്കില്‍ ഒരു സ്വാഇന്റെ വില കണക്കാക്കിയാല്‍ അത് നീതിപൂര്‍വകവും മാറ്റത്തിന് സാധ്യത കുറഞ്ഞതുമായിരിക്കും.
സ്ഥലവും കാലവും സന്ദര്‍ഭവും മാറുന്നതനുസരിച്ച് ഫത് വയും മാറുമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഇതൊരു അടിസ്ഥാന തത്ത്വമാണ്. ഈ വിഷയം നമ്മുടെ 'അവാമിലുസ്സഅതി വല്‍ മുറൂനത്തി ഫി ശ്ശരീഅത്തില്‍ ഇസ്‌ലാമിയ്യ' (ശരീഅത്തിലെ വിശാലതയും വികസന സാധ്യതയും) എന്ന കൃതിയില്‍ വിശദമായി ചര്‍ച്ചചെയ്തിട്ടുണ്ട്. അതിന്റെ സാധുതക്ക് നാം ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും തെളിവുകള്‍ ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ പണ്ഡിതന്മാരുടെ അഭിപ്രായവും അവരുടെ അംഗീകാരവും രേഖപ്പെടുത്തിയിട്ടുണ്ട്.
ആധുനിക യുഗത്തിന്റെ അവസ്ഥ പരിഗണിച്ച് ഒരാള്‍ നിഷ്പക്ഷമായി ചിന്തിച്ചാല്‍ സകാത്ത് ഭക്ഷണമായി നല്‍കുക എന്നത് വളരെ പരിമിതമായ സമൂഹങ്ങളിലേ നടപ്പാകൂ എന്ന് കാണാന്‍ കഴിയും. അവിടെ സകാത്ത് ദായകര്‍ക്ക് ഭക്ഷണസാധനം കൊടുക്കല്‍ സൗകര്യപ്രദവും വാങ്ങുന്നവര്‍ക്ക് ഉപകാരപ്രദവുമായിരിക്കും.
എന്നാല്‍ ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന സങ്കീര്‍ണമായ ജീവിതസാഹചര്യങ്ങളില്‍ കഴിയുന്ന സമൂഹങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കല്‍ ബുദ്ധിമുട്ടാണ്. അവിടെ ദരിദ്രന് അത് ഉപകരിക്കുകയുമില്ല. കാരണം, ഇടിക്കുക, പൊടിക്കുക, റൊട്ടിയുണ്ടാക്കുക എന്നിവയൊന്നും അവര്‍ക്ക് പരിചയമുണ്ടാവുകയില്ല. അങ്ങനെയാവുമ്പോള്‍ ഈ അവസ്ഥയില്‍ വില നല്‍കലാണ് ഏറ്റവും നല്ലതെന്ന് നിഷ്പക്ഷമതികള്‍ക്ക് ബോധ്യമാവും. ഒരാള്‍ തന്റെ തോട്ടത്തിലെ കാരക്ക ഒരു സംഖ്യക്ക് വിറ്റ ശേഷം അതിന്റെ പത്തിലൊന്ന് നല്‍കിയാല്‍ മതിയെന്നും, അയാള്‍ വേറെ പഴങ്ങള്‍ വാങ്ങി സകാത്ത് നല്‍കേണ്ടതില്ലെന്നും ഇബ്‌നുതൈമിയ്യ പറഞ്ഞിട്ടുണ്ട്. അതേപോലെ തന്റെ ഒട്ടകത്തിന്റെ സകാത്തായി നല്‍കാന്‍ ആടിനെ ലഭിക്കുകയില്ലെങ്കില്‍ അയാള്‍ അതിന്റെ വില നല്‍കിയാല്‍ മതിയെന്നും, ആടിനെ വാങ്ങാന്‍ വേണ്ടി മാറ്റൊരു പട്ടണത്തിലേക്ക് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ഇതത്രെ ശരിയായ ഫിഖ്ഹ് (ഖറദാവിയുടെ ഫത്‌വകള്‍: ഭാഗം: 2).

മുന്തിയ അരി ഫിത്വ്ര്‍ സകാത്തായി നല്‍കിക്കൂടേ? 

നമ്മുടെ നാട്ടില്‍ മിക്ക വീടുകളിലും മട്ട അരി സുലഭമാണ്. പലര്‍ക്കും റേഷന്‍ വഴി അരി ലഭിച്ചിട്ടുമുണ്ട്. എന്നാല്‍ പെരുന്നാള്‍ ദിനത്തില്‍ വിശേഷ വിഭവങ്ങളായ ബിരിയാണിയോ നെയ്ച്ചോറോ ഉണ്ടാക്കുന്ന അരി വാങ്ങാന്‍ കഴിയാത്ത ഒട്ടനവധി കുടുംബങ്ങള്‍ ഇന്നുമുണ്ട്. സാധാരണ അരി സുലഭമായിരിക്കെ ഫിത്വ് ര്‍ സകാത്തായി ഇത്തരം അരി നല്‍കുന്നതല്ലേ കൂടുതല്‍ നല്ലത്? അങ്ങനെയെങ്കില്‍, നാടന്‍ അരിയുടെ വില കലക്ട് ചെയ്ത്, നേര്‍പകുതി ബിരിയാണിയരി നല്‍കാന്‍ പറ്റുമോ?
സകാത്തുല്‍ ഫിത്വ്റിനെപ്പറ്റി വന്ന ഒറ്റ ഹദീസിലും അരിയെപ്പറ്റി പരാമര്‍ശമില്ല. പ്രത്യുത ഗോതമ്പ്, യവം, പാല്‍ക്കട്ടി, ഈത്തപ്പഴം എന്നു തുടങ്ങി ആ കാലത്തെ ആഹാര വിഭവങ്ങള്‍ മാത്രമാണ് പരാമര്‍ശിക്കപ്പെടുന്നത്. അവയുടെ അളവ് ഒരു സ്വാഅ് എന്നാണ് വന്നിട്ടുള്ളത്. ഇന്നത്തെ കണക്കനുസരിച്ച് 2.200 ഗ്രാം.
ഹദീസില്‍ പറഞ്ഞിട്ടുള്ള വിഭവങ്ങളോട് ഖിയാസാക്കിയാണ് ഇവിടെയുള്ള പണ്ഡിതന്മാര്‍ അരി മതിയാകുമെന്ന് പറഞ്ഞത്. തിരുമേനി അവ നിര്‍ബന്ധമാക്കിയതിന്റെ മുഖ്യന്യായം അവയെല്ലാം അവിടത്തെ മുഖ്യ ആഹാരങ്ങളില്‍ പെട്ടവയായിരുന്നു എന്നതാണ്. അതേ ന്യായം വെച്ച് നമ്മുടെ നാട്ടില്‍ അരി മതിയാകും.
ഏതു തരം അരി? ഒരു ഗതിയുമില്ലാത്തവന്‍ നിര്‍ബന്ധിതാവസ്ഥയില്‍ വാങ്ങാറുള്ള താണ തരവുമല്ല, എന്നാല്‍ നല്ല വിലയുള്ള ഏറ്റവും മുന്തിയ തരവുമല്ല, ഇടത്തരം നിലവാരത്തിലുള്ള അരിയാണ് സകാത്തുല്‍ ഫിത്വ്റായി നല്‍കേണ്ടത്. കുറുവ, ജയ തുടങ്ങിയവ ഉദാഹരണം. എന്നാല്‍ ചോദ്യത്തില്‍ പറഞ്ഞ ബിരിയാണി അരി, ബസ്മതി തുടങ്ങിയവ നല്‍കിയാല്‍ അത്രയും നല്ലത്. അവ 2.200 ഗ്രാം തന്നെ നല്‍കണമോ എന്ന ചോദ്യത്തിന് ഒരു സ്വാഅ് എന്ന് തിരുമേനി (സ) വ്യക്തമാക്കിയിരിക്കെ അത്ര തന്നെ നല്‍കണമെന്നാണ് ഒരഭിപ്രായം.
എന്നാല്‍ മുന്തിയ ഇനമാണെങ്കില്‍ പകുതി നല്‍കിയാല്‍ മതി എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഇമാം അബൂഹനീഫയുടെ മദ്ഹബ് അതാണ്. അബൂസഈദില്‍ ഖുദ്‌രി റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് അവരുടെ മുഖ്യ അവലംബം. 'അല്ലാഹുവിന്റെ റസൂല്‍ ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്ന കാലം മുതല്‍ സകാത്തുല്‍ ഫിത്വ്റായി ഞങ്ങള്‍ നല്‍കിയിരുന്നത് ഒരു സ്വാഅ് ഭക്ഷണം അല്ലെങ്കില്‍ ഒരു സ്വാഅ് യവം അല്ലെങ്കില്‍ ഒരു സ്വാഅ് ഈത്തപ്പഴം, അല്ലെങ്കില്‍ ഒരു സ്വാഅ് ഉണക്കമുന്തിരി എന്നിങ്ങനെയായിരുന്നു. അങ്ങനെയിരിക്കെ മുആവിയ(റ)യുടെ കാലത്ത് അദ്ദേഹം ഹജ്ജിനോ ഉംറക്കോ മറ്റോ ആയി വന്നപ്പോള്‍ മദീനയില്‍ വരികയും മിമ്പറില്‍ വെച്ച് ജനങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കുകയുമുണ്ടായി. കൂട്ടത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു, 'രണ്ട് മുദ്ദ് (അര സ്വാഅ്) സിറിയന്‍ ഗോതമ്പ് ഒരു സ്വാഅ് ഈത്തപ്പഴത്തിന് തുല്യമാണെന്ന് ഞാന്‍ കാണുന്നു.' അനന്തരം ജനങ്ങള്‍ അത് അംഗീകരിക്കുകയും സ്വീകരിക്കുകയുമുണ്ടായി. ഞാനാവട്ടെ പഴയപടി തന്നെ തുടരുകയും ചെയ്തു, മരിക്കുവോളം ഞാനങ്ങനെയേ ചെയ്യൂ എന്നും വെച്ചു' (മുസ്‌ലിം 2331). ഇമാം നവവി പറഞ്ഞു: ഈ ഹദീസാണ് ഇമാം അബൂ ഹനീഫയുടെയും അദ്ദേഹത്തോട് യോജിക്കുന്നവരുടെയും 'അര സ്വാഅ് മതി' എന്ന അഭിപ്രായത്തിന് തെളിവ്. എന്നാല്‍ ഇത് കേവലം ഒരു സ്വഹാബിയുടെ കാഴ്ചപ്പാട് മാത്രമാണ് എന്നാണ് ഭൂരിപക്ഷത്തിന്റെ നിലപാട് (ശറഹു മുസ്ലിം 3/417).
എന്നാല്‍ ഇത് കേവലം ഒരു സ്വഹാബിയുടെ അഭിപ്രായം മാത്രമായി കാണാന്‍ കഴിയില്ല എന്നതാണ് വാസ്തവം. മദീനക്കാരുടെ മുമ്പില്‍ വെച്ച് അദ്ദേഹം ഇക്കാര്യം പറഞ്ഞപ്പോള്‍ 'ജനങ്ങള്‍ അത് സ്വീകരിക്കുകയുണ്ടായി' എന്ന് വളരെ വ്യക്തമായി പരാമര്‍ശിച്ചിരിക്കെ, ഈ അഭിപ്രായം പൊതുവെ എല്ലാവരും സ്വീകരിച്ചു എന്നാണ് മനസ്സിലാവുന്നത്. സ്വഹാബിമാര്‍ ഉള്‍ക്കൊള്ളുന്ന മദീനക്കാര്‍ അത് പിന്‍പറ്റി എന്നര്‍ഥം. ഈ മദ്ഹബനുസരിച്ച് 2.200 ഗ്രാം കുറുവയോ ജയയോ മറ്റോ നല്‍കുന്നതിനു പകരം 1.100 ഗ്രാം ബിരിയാണി അരി നല്‍കിയാലും മതിയാകും. അഗതികള്‍ക്ക് അതാണുത്തമമെങ്കില്‍ അതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അര സ്വാഅ് മതിയെന്ന ഇമാം അബൂഹനീഫയുടെ മദ്ഹബും അതുതന്നെയാണെന്ന് സൂചിപ്പിച്ചല്ലോ. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ പിന്‍പറ്റുന്ന മദ്ഹബ് കൂടിയാണത്.
ഓരോ നാട്ടിലും മുഖ്യ ആഹാരത്തിനായി ഉപയോഗിക്കുന്ന ധാന്യം ഏതാണോ അത് ഒരു സ്വാഅ് നല്‍കലാണ് സൂക്ഷ്മത. ഇനി കയമ, ബസ്മതി തുടങ്ങി മുന്തിയ ഇനം വിതരണം ചെയ്യണമെന്നുണ്ടെങ്കില്‍, അതിന് നല്ല വിലയുണ്ടെങ്കില്‍ അര സ്വാഅ് വിതരണം ചെയ്യുന്നതും സാധുവാകുന്നതാണ്. അതിന്റെ വില നാട്ടിലെ മുഖ്യാഹാരത്തിന്റെ വിലയോട് സമാനമായിരിക്കണമെന്നു മാത്രം. ബിരിയാണി അരിയാണ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മിനിമം 1.100 ഗ്രാം എങ്കിലും  നല്‍കേണ്ടതാണ്. മഹല്ലടിസ്ഥാനത്തില്‍ ഒന്നിച്ച് ശേഖരിച്ചു വിതരണം ചെയ്യാനാണുദ്ദേശിക്കുന്നതെങ്കില്‍ 1.100 ഗ്രാം ബിരിയാണി അരിക്ക് വേണ്ടിവരുന്ന തുക തന്നെ പിരിക്കേണ്ടതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (42-44)
ടി.കെ ഉബൈദ്‌