ഖത്തറില്‍ ഇന്ത്യന്‍ സന്നദ്ധ സംഘടനകള്‍ സജീവം
2020 ഫെബ്രുവരി ഒടുവിലാണ് ഖത്തറില്‍ ഔദ്യോഗികമായി കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫെബ്രുവരി 29-ന് ഇറാനില്‍ നിന്ന് രോഗബാധിതനായി കൊണ്ടുവന്ന 36 വയസ്സുള്ള സ്വദേശി ചെറുപ്പക്കാരനിലാണ് ആദ്യമായി പകര്‍ച്ചവ്യാധി സ്ഥിരീകരിച്ചത്. അതോടെ അധികൃതര്‍ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി ഏര്‍പ്പെടുത്തി തുടങ്ങി. മാര്‍ച്ച് 9-ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഇറ്റലി, ഈജിപ്ത് എന്നിവക്കു പുറമെ ഇന്ത്യയടക്കം 15 ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗതം നിര്‍ത്തിവെച്ചു. മാര്‍ച്ച് 14 മുതല്‍ ജര്‍മനി, ഫ്രാന്‍സ്, സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളിലേക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്തി. മറ്റ് വ്യാപാര കേന്ദ്രങ്ങള്‍ക്കു കൂടി നിയന്ത്രണങ്ങള്‍ വന്നു. എല്ലാ മണി എക്‌സ്‌ചേഞ്ചുകളും അടച്ചുപൂട്ടി. ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍, ഫുഡ് സ്റ്റോറുകള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, ഭക്ഷണ വിതരണ കമ്പനികള്‍ എന്നിവയുടെ പ്രവൃത്തിസമയങ്ങളില്‍ ക്രമീകരണം വരുത്തി. ഭക്ഷണശാലകളില്‍ ഭക്ഷണവിതരണം നിരോധിച്ചു. പാര്‍സല്‍ സര്‍വീസ് മാത്രമാക്കി പരിമിതപ്പെടുത്തി. പള്ളികള്‍ ആദ്യം ഭാഗികമായും പിന്നീട് പൂര്‍ണമായും അടച്ചു. ബാങ്കുകള്‍ മാത്രം നിര്‍വഹിക്കാം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാം. മാര്‍ച്ച് 21 മുതല്‍ പാര്‍ക്കുകള്‍, ബീച്ചുകള്‍, മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ തുടങ്ങിയ പൊതുജന സമ്പര്‍ക്ക ഇടങ്ങളിലേക്കുള്ള പ്രവേശനവും റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, കഫ്റ്റീരിയകള്‍ തുടങ്ങിയവയുടെ മുന്‍ വശത്ത് കൂടിനില്‍ക്കുന്നതും മുനിസിപ്പാലിറ്റി നിരോധിച്ചു. എല്ലാ വിനോദ കേന്ദ്രങ്ങളും സ്റ്റാര്‍ ഹോട്ടലുകളും അടച്ചു. വിമാനസര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി. ബസുകള്‍, മെട്രോ, ട്രാം തുടങ്ങിയ പൊതു ഗതാഗത സര്‍വീസുകള്‍ നിര്‍ത്തലാക്കി. അത്യാവശ്യമല്ലാത്ത എല്ലാ വ്യാപാര സ്ഥാപനങ്ങളും താല്‍ക്കാലികമായി അടക്കാന്‍ നിര്‍ദേശം നല്‍കി.
പഠനങ്ങളും പരീക്ഷകളും ഓണ്‍ലൈനില്‍ നടക്കുന്നു. ജോലിസമയം പൊതുവെ ആറു മണിക്കൂറായി (7 മുതല്‍ 1 മണി വരെ) കുറച്ചിട്ടുണ്ട്. ജോലിസ്ഥലങ്ങളില്‍ 55 വയസ്സ് കഴിഞ്ഞവരും (60 വയസ്സാണ് പെന്‍ഷന്‍ പ്രായം) പ്രമേഹം, രക്തസമ്മര്‍ദം, കിഡ്‌നി പ്രശ്‌നം, ആസ്തമ തുടങ്ങിയ വിട്ടുമാറാത്ത രോഗമുള്ളവരും തീരെ പോകേണ്ടതില്ല. മറ്റുള്ളവര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമേ പോകേണ്ടതുള്ളൂ. എല്ലാവര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം (ംീൃസ മ േവീാല) ഗവണ്‍മെന്റും കമ്പനികളും ചെയ്തു കൊടുത്തിട്ടുണ്ട്. 80 ശതമാനം ജീവനക്കാര്‍ ഈ ഗണത്തില്‍ വരും. സ്വകാര്യ കമ്പനികള്‍ പലതും നിശ്ചലമാണ്. മൂന്നു മാസത്തെ ശമ്പളത്തിനാവശ്യമായ സംഖ്യ കമ്പനിയുടമകള്‍ക്ക് കടമായി നല്‍കാന്‍ ഗവണ്‍മെന്റ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഖത്തര്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല. നിര്‍മാണ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്റസ്ട്രിയല്‍ ഏരിയയില്‍ ഭാഗിക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അവിടെ നിന്ന് പുറത്തേക്ക് പോകാനോ പുറത്തുള്ളവര്‍ക്ക് അങ്ങോട്ട് പ്രവേശിക്കാനോ പാടില്ല. അതിപ്പോള്‍ കുറേശ്ശയായി നീക്കി വരികയാണ്. ജോലിക്കാര്‍ക്ക് കൊറോണ പോസിറ്റീവായതിനെ തുടര്‍ന്ന് പ്രശസ്ത ഹൈപ്പര്‍ മാര്‍ക്കറ്റുകളടക്കം ഒട്ടേറെ സ്ഥാപനങ്ങള്‍ പൂട്ടിയിട്ടുണ്ട്.
പരമാവധി സൗകര്യങ്ങള്‍ ഗവണ്‍മെന്റ് തന്നെ ചെയ്യുന്നുണ്ട്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനു വേണ്ടി 5 ആശുപത്രികള്‍ ഒരുക്കിയിരിക്കുന്നു. ദോഹ കമ്യൂണിക്കബ്ള്‍ ഡിസീസ് സെന്റര്‍, ഹസം മിബൈരീക് ജനറല്‍ ഹോസ്പിറ്റല്‍, ദ ക്യൂബന്‍ ഹോസ്പിറ്റല്‍, മിസൈഈദ് ഹോസ്പിറ്റല്‍, റാസ് ലഫ്ഫാന്‍ ഹോസ്പിറ്റല്‍ എന്നിവയാണവ. ഉംസിലാല്‍ ഏരിയയില്‍ പ്രത്യേകം സജ്ജമാക്കിയ, 12,500 കിടക്കകളുള്ള ഐസോലേഷന്‍ ഹോസ്പിറ്റലിനും മുഖൈനിസിലുള്ള ഐസോലേഷന്‍ സെന്ററിനും പുറമെയാണിത്. കൂടാതെ, പരിശോധനകള്‍ക്ക് ഉംസിലാല്‍, ഗര്‍റാഫതു റയ്യാന്‍, മുഐദര്‍, റൗദതുല്‍ ഖൈല്‍ എന്നീ നാല് ഹെല്‍ത്ത് സെന്ററുകളും സജ്ജമാക്കി. രാജ്യത്തെ 30 സ്റ്റാര്‍ ഹോട്ടലുകള്‍, എല്ലാ മെഡിക്കല്‍ - നിരീക്ഷണ സൗകര്യങ്ങളോടും കൂടി, വിദേശത്തു നിന്ന് വന്നവരും അല്ലാത്തവരുമായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള ക്വാറന്റൈന്‍ സെന്ററുകളാക്കി മാറ്റിയിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ (04-05-2020) ആരോഗ്യമന്ത്രാലയത്തിന്റെ സൈറ്റിലെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 16,191-ല്‍ എത്തിനില്‍ക്കുന്നു. ഇവരില്‍ 14,369 പേരാണ് ചികിത്സയിലുള്ളത്. മാര്‍ച്ച് 28 -നായിരുന്നു ആദ്യമരണം. 12 പേര്‍ ഇതു വരെയായി മരണപ്പെട്ടു. ഇതില്‍ ഒരു സ്വദേശിയും മറ്റുള്ളവര്‍ വിദേശികളുമാണ്. മലയാളികള്‍ ആരുമില്ലെന്നാണ് വിവരം. 1,810 പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. 1,06,795 പേരെ ടെസ്റ്റ് നടത്തിയതായി ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. 28,72,731 ആണ് ഖത്തറിലെ 2020-ലെ ജനസംഖ്യ.
നിയമങ്ങളും കര്‍ശനമാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്‌കും കൈയുറകളും ധരിക്കണം. മാസ്‌ക് ധരിച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം തടവും രണ്ടു ലക്ഷം ഖത്തരി രിയാല്‍ പിഴയും ഒടുക്കേണ്ടി വരും. ഹോം ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച, വിദേശത്തു നിന്നെത്തിയ 14 സ്വദേശികളടെ പേരുകള്‍ ഖത്തര്‍ ദേശീയ ടെലിവിഷന്‍ പുറത്തു വിടുകയും അതില്‍ 9 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിദേശികള്‍ക്ക് രാജ്യത്തേക്ക് തല്‍ക്കാലം പ്രവേശം നിരോധിച്ചിട്ടുണ്ട്. ഭക്ഷണശാലകളും ഭക്ഷ്യ സ്റ്റോറുകളും അല്ലാത്ത അവശ്യ ഷോപ്പുകള്‍ ഒരു മണിക്കു ശേഷം തുറക്കാന്‍ പാടില്ല. നോമ്പുകാലത്ത് ചെറിയ മാറ്റമുണ്ട്. എല്ലാത്തരം കൂടിച്ചേലരുകളും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
ഖത്തര്‍ ചാരിറ്റി
ഗവണ്‍മെന്റ് ചെയ്യുന്ന സൗകര്യങ്ങള്‍ക്കും സഹായങ്ങള്‍ക്കും പുറമെ, എല്ലാവരെയും ബാധിക്കുന്ന ഒരു സാമൂഹിക പ്രശ്‌നം എന്ന നിലയില്‍ സാമൂഹിക സേവന സംരംഭങ്ങളും സജീവമായി രംഗത്തുണ്ട്.
ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമുള്ള ഖത്തര്‍ ചാരിറ്റിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയം. വളന്റിയര്‍മാര്‍ക്ക് വേണ്ടിയുള്ള സ്ഥാപനത്തിന്റെ അഭ്യര്‍ഥനക്ക് വമ്പിച്ച പ്രതികരണമാണ് യുവാക്കളില്‍ നിന്ന് ലഭിച്ചത്. ഏകദേശം എണ്ണായിരത്തോളം ആളുകള്‍ പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്ക് പല സ്ഥാപനങ്ങളും ചേര്‍ന്ന് പ്രത്യേക പരിശീലനങ്ങള്‍ നല്‍കി. ഒന്നര ലക്ഷത്തിലേറെ വിദേശികള്‍ ഇതിനകം ചാരിറ്റിയുടെ ഗുണഭോക്താക്കളായതായി കണക്കാക്കപ്പെടുന്നു. മുഖ്യമായും തൊഴിലാളികള്‍ താമസിക്കുന്ന ഇന്റസ്ട്രിയല്‍ ഏരിയയില്‍ ആ ഭാഗം അടച്ചതു മുതല്‍ ദിനേന തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു വരുന്നു. ദിനംപ്രതി, 6000-ലേറെ ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. ഇന്റസ്ട്രിയല്‍ ഏരിയക്കു പുറമെ, സിമൈസിമ, അല്‍ഖോര്‍, ഗുവൈരിയ, ശഹാനിയ, വക്‌റ, വുകൈര്‍, ഉംസിലാല്‍ തുടങ്ങിയ പ്രദേശങ്ങളിലും ഖത്തര്‍ ചാരിറ്റിയുടെ സേവനങ്ങള്‍ എത്തി. സമൃദ്ധമായ ഭക്ഷണ കിറ്റുകള്‍ക്ക് പുറമെ സാനിറ്റൈസര്‍, മാസ്‌കുകള്‍, ഗ്ലൗസുകള്‍, വിവിധ ഭാഷകളിലുള്ള ബോധവല്‍ക്കരണ ലഘുലേഖകള്‍ എന്നിവയടങ്ങുന്ന 'ഹെല്‍ത്ത് ബാഗ്' എന്നിവയാണ്ചാരിറ്റി വിതരണം ചെയ്യുന്നത്. വിവിധ ഭാഷകളിലുള്ള 28-ഓളം ആരോഗ്യ ബോധവല്‍ക്കരണ വീഡിയോകളും വിതരണം ചെയ്തിട്ടുണ്ട്. ഖത്തറിനു പുറമെ യമന്‍, ലബനാന്‍, തുനീഷ്യ, ഫലസ്ത്വീന്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് തുടങ്ങി വിദേശങ്ങളിലുള്ള 25-ഓളം ഓഫീസുകള്‍ വഴി വിവിധങ്ങളായ കോവിഡ് സഹായങ്ങള്‍ ഖത്തര്‍ ചാരിറ്റി വിതരണം ചെയ്തു. തുര്‍ക്കിയിലുള്ള സിറിയന്‍ അഭയാര്‍ഥികള്‍ക്കിടയില്‍ കൊറോണ പടരാതിരിക്കാന്‍ തുര്‍ക്കി സര്‍ക്കാര്‍ നടപ്പാക്കുന്ന മുന്‍കരുതല്‍ നടപടികള്‍ക്ക് ചാരിറ്റി ഒന്നര മില്യന്‍ രിയാല്‍ നല്‍കി.
എഫ്. സി. സി
ഖത്തര്‍ ചാരിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സാമൂഹിക സേവന-സാംസ്‌കാരിക സ്ഥാപനമാണ് ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ്. സി. സി). ഏഷ്യന്‍ സമൂഹത്തില്‍ തങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ ചാരിറ്റി നിര്‍വഹിക്കുന്നത് വളരെക്കാലമായി ഈ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ്. ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പുകള്‍, ഉദുഹിയ്യത്ത് വിതരണം, ഇഫ്ത്വാര്‍ കിറ്റ് വിതരണം തുടങ്ങിയവ ഇങ്ങനെ നടക്കുന്നവയാണ്. കോവിഡ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം 386 വളന്റിയര്‍മാരെയാണ് എഫ്. സി. സി നല്‍കിയത്. നേരത്തേ കിറ്റ് വിതരണം, ബോധവല്‍ക്കരണം തുടങ്ങിയ സംരംഭങ്ങളില്‍ ഈ വളന്റിയര്‍മാരുടെ സേവനം എടുത്തു പറയേണ്ടതാണ്. ഇന്റസ്ട്രിയല്‍ ഏരിയയിലും അതിനോടനുബന്ധിച്ച മുഖൈനിസിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലും മറ്റുമായി പല ഘട്ടങ്ങളിലായി ഏകദേശം 80,000 കിറ്റുകള്‍ ഈ വളന്റിയര്‍മാര്‍ മുഖേന വിതരണം ചെയ്തു കഴിഞ്ഞു. ഫാം ഹൗസുകള്‍, നിര്‍മാണ സൈറ്റുകള്‍, ലേബര്‍ ക്യാമ്പുകള്‍ എന്നിവിടങ്ങളിലും ദോഹ മുനിസിപ്പാലിറ്റി തൊഴിലാളികള്‍ക്കിടയിലും ഭക്ഷണപ്പൊതികളും ആരോഗ്യ ബോധവല്‍ക്കരണ ബാഗുകളും വിതരണം ചെയ്തു വരുന്നു. വിവിധ എംബസികളിലും കമ്യൂണിറ്റി ഓഫീസുകളിലും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരിയാണ് ഈ സ്ഥാപനത്തിനു നേതൃത്വം നല്‍കുന്നത്. നേരത്തേ അബ്ദുല്‍ ഹമീദ് വാണിയമ്പലം, വി. ടി അബ്ദുല്ലക്കോയ തങ്ങള്‍ എന്നിവരായിരുന്നു ഈ സ്ഥാപനത്തെ നയിച്ചത്.
ഐ. സി. ബി. എഫ്
ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള ഒരു സാമൂഹിക സേവന സംരംഭമാണ് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫണ്ട് (ഐ. സി. ബി. എഫ്). സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ബോഡിയാണ് ഈ സംരംഭത്തെ നിയന്ത്രിക്കുന്നത്. അതത് കാലത്തെ ഇന്ത്യന്‍ അംബാസഡര്‍മാരാവും ഈ ബോഡിയുടെ രക്ഷാധികാരി. സി. ഐ. സി മുന്‍ അധ്യക്ഷന്‍ കെ.സി അബ്ദുല്ലത്വീഫ് ഈ സംരംഭത്തിന്റെ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാരില്‍ ഒരാളാണ്. ഖത്തറിലുള്ള ഒരു ഇന്ത്യക്കാരനും പട്ടിണി കിടക്കാന്‍ പാടില്ല എന്നതാണ് ഐ. സി. ബി. എഫ് മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം. തദടിസ്ഥാനത്തില്‍ മൂന്നു നാല് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ലഘുലേഖകളായി അച്ചടിച്ച് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തു. നൂറുകണക്കിന് വിളികളാണ് ദിവസവും ഈ നമ്പറുകളില്‍ വന്നു കൊണ്ടിരിക്കുന്നത്. സ്വന്തം ഫണ്ടിനു പുറമെ ഖത്തര്‍ ചാരിറ്റി, റെഡ് ക്രസന്റ് സൊസൈറ്റി, ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ഭക്ഷ്യവസ്തുക്കള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. ഓരോ ഏരിയയിലും കോ-ഓഡിനേറ്റര്‍മാര്‍ ഉണ്ട്. ക്വാറന്റൈന്‍ ക്യാമ്പിലെ ഭക്ഷ്യവിതരണം എന്ന ദുഷ്‌കരമായ ഉത്തരവാദിത്തമാണ് ഇതില്‍ കള്‍ച്ചറല്‍ ഫോറം ഏറ്റെടുത്തത്. ഏകദേശം മൂവായിരത്തോളം പേര്‍ക്ക് ഇതിനകം ഭക്ഷണം എത്തിച്ചു കഴിഞ്ഞു. മറ്റൊന്ന് മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക് ആണ്. സൗജന്യമായിട്ടും ഡിസ്‌ക്കൗണ്ട് നിരക്കിലും മരുന്ന് എത്തിച്ചുകൊടുക്കുന്ന സംവിധാനമാണ് ഇത്. ഡോ. മോഹന്‍ തോമസ് ഇതിനു നേതൃത്വം നല്‍കുന്നു. കൂടാതെ, ലീഗല്‍ സെല്‍ പ്രവര്‍ത്തിച്ചുവരുന്നു. വിസ, ഇഖാമ, തൊഴില്‍ തട്ടിപ്പുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍, എംബസിയുമായി ബന്ധപ്പെട്ടും ആവശ്യമായ നിയമസഹായങ്ങള്‍ ചെയ്തും പരിഹരിക്കുന്ന രീതിയാണ് ലീഗല്‍ സെല്‍ സ്വീകരിച്ചു വരുന്നത്. ഫാമിലികളുടെയും ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളുടെയും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. ഏകദേശം അമ്പതോളം വളന്റിയര്‍മാരാണ് സേവനസന്നദ്ധരായി രംഗത്തുള്ളത്. ഇതിനകം മൊത്തം 25,000-ത്തിലധികം പേര്‍ക്ക് വിവിധ സഹായങ്ങള്‍ എത്തിച്ചു. എല്ലാ പത്തു ദിവസം കൂടുമ്പോഴും അംബാസഡറുടെ സാന്നിധ്യത്തിലോ അല്ലാതെയോ അവലോകന യോഗമുണ്ടാവും. ഐ. സി. ബി. എഫ് ചെയര്‍മാന്‍ കെ. ബാബുരാജാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. അദ്ദേഹത്തിന്റെ ഇടപെടല്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്ന് കള്‍ച്ചറല്‍ ഫോറം പ്രതിനിധി മുഹമ്മദ് കുഞ്ഞി പറഞ്ഞു.
കെ. എം. സി. സി
സഹായം ആവശ്യപ്പെടുന്നവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന രീതിയാണ് മിക്കവാറും ഈ രംഗത്തുള്ള സംഘടനകളധികവും സ്വീകരിച്ചുവരുന്നത്. കെ. എം. സി. സി ഇങ്ങനെ സഹായം ആവശ്യപ്പെട്ട ഏകദേശം 15,000 പേര്‍ക്ക് ഭക്ഷണ കിറ്റുകള്‍ അവരവരുടെ താമസസ്ഥലങ്ങളില്‍ എത്തിച്ചുകൊടുത്തതായി സംസ്ഥാന പ്രസിഡന്റ് എസ്. എ. എം ബശീര്‍ പറഞ്ഞു. കൂടാതെ ലോക്ക് ഡൗണ്‍ പ്രദേശങ്ങളില്‍ കഴിയുന്നവര്‍, ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങിയ പ്രയാസമനുഭവിക്കുന്നവര്‍ക്ക് നോമ്പുതുറ ഭക്ഷണവും അത്താഴവും വീടുകളില്‍ എത്തിച്ചു കൊടുക്കുന്ന മറ്റൊരു പദ്ധതിയും കെ. എം. സി. സി ഏറ്റെടുത്തു നടത്തുന്നു. ഇതിനകം അറുനൂറ്റി അമ്പതോളം ആളുകള്‍ക്ക് വിതരണം ചെയ്തുവരുന്നു. ഹമദ് ഹോസ്പിറ്റലില്‍ വിവിധ ശസ്ത്രക്രിയകള്‍ക്ക് വിവിധ ഗ്രൂപ്പുകളിലുള്ള ധാരാളം രക്തം ആവശ്യമുണ്ട്. സാധാരണ രക്തദാന ഗ്രൂപ്പുകളൊന്നും കൊറോണാ കാലമായതുകൊണ്ട് രക്തം കൊടുക്കാന്‍ തയാറാവുന്നില്ല. കെ. എം. സി. സി വളന്റിയര്‍മാര്‍ തങ്ങളുടെ ഓഫീസില്‍ തന്നെ സൗകര്യമൊരുക്കി, ഇത്തരം രണ്ടു രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മൂന്നാമത്തേതിന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. കെ. എം. സി. സി നേരത്തേ നടത്തിക്കൊണ്ടിരുന്ന മയ്യിത്ത് സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടരുന്നുണ്ട്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് അത് എത്തിച്ചുകൊടുക്കാനുള്ള സൗകര്യവുമുണ്ട്. പ്രവാസികള്‍ക്ക് തിരിച്ചുപോകാന്‍ കപ്പല്‍ സര്‍വീസ് ഏര്‍പ്പെടുത്തണം എന്ന ആവശ്യം ഖത്തര്‍ കെ. എം. സി. സി നിരന്തരമായി കേരള-കേന്ദ്ര ഗവണ്‍മെന്റുകളോട് ആവശ്യപ്പെട്ടുവരികയാണ്. നാട്ടില്‍ പെട്ടുപോയ പ്രവാസികള്‍ക്ക് 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ലോണ്‍ അനുവദിക്കാനും കേരള ഗവണ്‍മെന്റിനോട് കെ. എം. സി. സി ആവശ്യപ്പെട്ടിട്ടുണ്ട്.
കള്‍ച്ചറല്‍ ഫോറം
ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെയും ഐ. സി. ബി. എഫിന്റെയും സഹകരണത്തോടെയാണ് കള്‍ച്ചറല്‍ ഫോറം അതിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. 'ധൈര്യമായിരിക്കൂ, ജീവിതം മുന്നോട്ടു തന്നെ' എന്ന മുദ്രാവാക്യമുയര്‍ത്തി രംഗത്തിറങ്ങിയ സി. എഫ് പ്രവര്‍ത്തകര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെക്കുന്നത്. കള്‍ച്ചറല്‍ ഫോറം കമ്യൂണിറ്റി സര്‍വീസ് വിംഗിനു കീഴിലാണ് ഫോറം വളന്റിയര്‍മാര്‍ സേവനരംഗത്തുള്ളത്. തെരഞ്ഞെടുക്കപ്പെട്ട 100 ടീം വെല്‍ഫെയര്‍ വളന്റിയര്‍മാര്‍ റെഡ് ക്രസന്റ് ട്രെയ്‌നിംഗ് പൂര്‍ത്തിയാക്കി. ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ച മുതല്‍ തന്നെ റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ചു കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ക്ക് ഒരു മാസം സുഭിക്ഷമായി ജീവിക്കാന്‍ മാത്രം വിഭവങ്ങള്‍ അടങ്ങുന്ന 535 ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു കൊണ്ടായിരുന്നു തുടക്കം. ശേഷം 350-ഓളം പച്ചക്കറി കിറ്റുകളും ആവശ്യക്കാര്‍ക്ക് എത്തിച്ചു. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ എല്ലാ ദിവസവും വിവിധ നാട്ടുകാരായ 1700 രോഗികള്‍ക്കുള്ള ഭക്ഷണം വിതരണം നടത്തുന്നു. നോമ്പിനു മുമ്പ് മൂന്നു നേരവും നോമ്പിന് നാല് നേരവുമുള്ള ഭക്ഷണവും വെള്ളവും വിതരണം നടത്തിവരുന്നു. ക്വാറന്റൈനിലുള്ളവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആവശ്യമെങ്കില്‍ ടെലി കൗണ്‍സലിംഗ് നല്‍കിവരുന്നു. മാനസിക സംഘര്‍ഷത്തിലകപ്പെടുന്ന രോഗിയെയും ബന്ധുക്കളെയുമാണ് ഇങ്ങനെ കൗണ്‍സലിംഗിനു വിധേയമാക്കുക. പത്ത് വിദഗ്ധരടങ്ങുന്ന ഒരു ടീമാണ് ഇത് നല്‍കുന്നത്. ക്വാറന്റൈന്‍ ഹെല്‍പ് ഡെസ്‌ക് വഴി കള്‍ച്ചറല്‍ ഫോറം സ്വന്തമായും ഐ. സി. ബി. എഫ്, നോര്‍ക്ക, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി തുടങ്ങിയവയുമായി ചേര്‍ന്നുകൊണ്ടും 3500 - ല്‍ അധികം ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തി. ഐ. സി. ബി. എഫുമായി സഹകരിച്ച് 1300 -ല്‍ അധികം ഭക്ഷണ കിറ്റുകള്‍ ലോക്ക് ഡൗണ്‍ ഏരിയകളില്‍ ഉള്‍പ്പെടെ ഫോറം വളന്റിയര്‍മാര്‍ വിതരണം ചെയ്തു. ഇന്ത്യന്‍ എംബസ്സിയുടെയും നോര്‍ക്കയുടെയും 600 -ഓളം ഫോണ്‍ കോളുകള്‍ ഫോറം വളന്റിയര്‍മാര്‍ അറ്റന്റ് ചെയ്യുകയും ലേബര്‍, എമിഗ്രേഷന്‍, നോര്‍ക്ക സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയും ചെയ്തു. വിവിധ രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്ക് അവശ്യമരുന്നുകള്‍ എത്തിച്ചുനല്‍കുന്നതായി കള്‍ച്ചറല്‍ ഫോറം സേവനപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന മജീദ് അലി പറഞ്ഞു. പ്രമുഖ ഫാര്‍മസി ഗ്രൂപ്പുകളുമായി ചേര്‍ന്ന് സാധ്യമാകുന്ന ഡിസ്‌ക്കൗണ്ട് നിരക്കില്‍ അത്യാവശ്യ മരുന്നുകള്‍ നാട്ടില്‍ നിന്നും നേരിട്ട് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഏഴ് ഫേസ് ബുക്ക് ലൈവ് പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചു. കൊറോണാ പ്രതിരോധ ബോധവല്‍ക്കരണ ടെലിഫിലിം പുറത്തിറക്കി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് രക്തദാന ക്യാമ്പ് നടത്തി.
സി. ഐ. സി
ജനസേവന രംഗത്ത് നാലു പതിറ്റാണ്ട് പാരമ്പര്യമുള്ള സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (നേരത്തേ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍) പ്രവര്‍ത്തകരായ വിദഗ്ധരെ ഉള്‍പ്പെടുത്തി സി. ഐ. സി പ്രസിഡന്റ് കെ. ടി അബ്ദുര്‍റഹ്മാന്റെ നേതൃത്വത്തില്‍ എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടുന്ന വിശാലമായ ഒരു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപവല്‍ക്കരിച്ചിട്ടുണ്ട്. ഡോക്ടര്‍മാരും മെഡിക്കല്‍ വിദഗ്ധരും ഉള്‍പ്പെടുന്ന ഒരു മെഡിക്കല്‍ അഡൈ്വസറി ടീമാണ് ഇതില്‍ പ്രധാനം. ഇവര്‍ ഓരോ ദിവസത്തെയും പുരോഗതി വിലയിരുത്തുകയും വളന്റിയര്‍മാര്‍ക്ക് അപ്പപ്പോള്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഖത്തര്‍ ചാരിറ്റി വളന്റിയര്‍മാരെ ആവശ്യപ്പെട്ടപ്പോള്‍ 120 വളന്റിയര്‍മാരെ നല്‍കി. 10-20-30 പേര്‍ അടങ്ങുന്ന സംഘമായി ഇവര്‍ ദിവസവും ഖത്തറിന്റെ വിദൂര ദിക്കുകളില്‍ ചാരിറ്റി കിറ്റുകള്‍ വിതരണം ചെയ്യുന്നു. ഇന്റസ്ട്രിയല്‍ ഏരിയയില്‍ ലോക്ക് ഡൗണ്‍ വന്നപ്പോള്‍ വരുമാനം നിലച്ചവര്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും മറ്റുമായി ഭക്ഷണ കിറ്റുകള്‍ എത്തിക്കാനും ശ്രമങ്ങള്‍ നടത്തി. ഇതിനകം 500 -ഓളം ഭക്ഷണ കിറ്റുകള്‍ എത്തിച്ചു. 500 കിറ്റുകള്‍ തയാറായി വരുന്നു. ഖത്തര്‍ ചാരിറ്റിയുടെ ഇഫ്ത്വാര്‍ കിറ്റ് വിതരണം സി. ഐ. സി ഏറ്റെടുത്തു. സി. ഐ. സിയുടെ 156 വളന്റിയര്‍മാരും ശ്രീലങ്കന്‍, ഫിലിപ്പീന്‍, നേപ്പാളി, ബംഗാളി അടക്കം 800 -ഓളം വളന്റിയര്‍മാരും ചേര്‍ന്ന്, മൂന്നു വണ്ടികളില്‍ 28 മേഖലകളിലായി നോമ്പുതുറ കിറ്റുകള്‍ വിതരണം ചെയ്തുവരുന്നു. വളന്റിയര്‍മാര്‍ ഐ. സി. ബി. എഫ്, നോര്‍ക്ക, ഖത്തര്‍ റെഡ് ക്രസന്റ്, ഖത്തര്‍ ചാരിറ്റി എന്നിവയുടെയെല്ലാം സേവനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത് സി. ഐ. സി വളന്റിയര്‍മാരാണ്. സി. ഐ. സി ജനറല്‍ സെക്രട്ടറി ആര്‍. എസ് അബ്ദുല്‍ ജലീല്‍ ആണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇതര സംഘടനകള്‍
സംസ്ഥാനതലം തൊട്ട് മഹല്ല്തലം വരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മിക്ക കൂട്ടായ്മകളും ഈ കോവിഡ് മഹാമാരിക്കാലത്ത് നാട്ടിലും ഇവിടെയുമായി തങ്ങളുടെ സേവനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കയാണ്. ഇതില്‍ എടുത്തു പറയേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില സംഘടനകളാണ് ഇന്‍കാസ് (കോണ്‍ഗ്രസ് അനുഭാവികളുടെ കൂട്ടായ്മ), രിസാല സ്റ്റഡി സര്‍ക്ക്ള്‍/ഐ. സി. എഫ് (എസ്. വൈ. എസ് അനുഭാവികളുടെ കൂട്ടായ്മ) തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍. തൊഴില്‍രഹിതരായ ടാക്‌സി ഡ്രൈവര്‍മാര്‍ അടക്കം നിരാലംബരായ മലയാളികളെയാണ് കോഴിക്കോട് ജില്ലാ ഇന്‍കാസ് മുഖ്യമായും ശ്രദ്ധിച്ചത്. ഇത്തരം ആളുകള്‍ക്ക് ഇതുവരെയായി 450 -ഓളം കിറ്റുകള്‍ എത്തിച്ചതായി പ്രസിഡന്റ് അശ്‌റഫ് വടകര പറഞ്ഞു. രക്തദാന ക്യാമ്പില്‍ 75 പേര്‍ പങ്കെടുത്തു. അമ്പതോളം പേര്‍ക്ക് മരുന്നുകള്‍ എത്തിച്ചു. പഴവര്‍ഗങ്ങള്‍ അടങ്ങുന്ന 160 -ലേറെ നോമ്പുതുറ കിറ്റുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന സൂം ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ട്.
രിസാല സ്റ്റഡി സര്‍ക്കഌം ആവശ്യക്കാര്‍ക്ക് ഭക്ഷണപ്പൊതികളും മരുന്നുകളും എത്തിച്ചുകൊടുത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തിവരുന്നു. പല സംഘടനകളുടെയും ജില്ലാ ഘടകങ്ങള്‍, ജില്ലാ അസോസിയേഷനുകള്‍ എന്നിവയും സജീവമായി സേവന രംഗത്തുണ്ട്. മഹല്ല് കമ്മിറ്റികളും തങ്ങളുടെ മഹല്ലിലെ ആളുകളുടെ സാമ്പത്തിക ശേഷിയോ സാമൂഹിക പദവിയോ പരിഗണിക്കാതെ എല്ലാവര്‍ക്കും സഹായമെത്തിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.
കോവിഡ് പ്രത്യേക ആശ്വാസ പദ്ധതിക്കായി 23 ബില്യന്‍ രിയാലിന്റെ ആശ്വാസ പാക്കേജ് ഖത്തര്‍ അമീര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് അറബ് ലോകത്ത് ഏറ്റവുമധികം രോഗികളുള്ള രണ്ടാമത്തെ രാജ്യമായി ഖത്തര്‍ മാറിയിട്ടുണ്ടെന്നാണ് വിക്കിപീഡിയ റിപ്പോര്‍ട്ട്. വര്‍ധിച്ചുവരുന്ന രോഗികളുടെ എണ്ണം നിലവില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെ അപര്യാപ്തമാക്കുന്നുണ്ട്. വിദേശികളെ സംബന്ധിച്ചേടത്തോളം, പട്ടിണി കിടക്കാനും കടം വാങ്ങേണ്ട അവസ്ഥയാണ് വിദേശത്ത്. വാടക കൊടുക്കാനും വൈദ്യുതി, വെള്ളം ബില്‍ അടക്കാനും പണം വേണമല്ലോ. അതുകൊണ്ട്, ജോലിയും ശമ്പളവും മുടങ്ങിയവര്‍ക്ക് എത്രയും പെട്ടെന്ന് നാടു പിടിക്കല്‍ അനിവാര്യമാണ്. വിസിറ്റ് വിസ ഫ്രീ ആയതുകൊണ്ട്, സന്ദര്‍ശനത്തിനെത്തിയവരും ധാരാളമായി ഇവിടെ കുടുങ്ങിയിട്ടുണ്ട്.
Comments