തീഹാര്‍
തീഹാറില്‍ വെച്ചാകും
നാം അവസാനം കണ്ടുമുട്ടുക
ഏകാന്തതടവില്‍ കിടന്നവരുടെ
ഗന്ധമൂറിക്കിടക്കുന്ന
സെല്ലില്‍ കിടന്നാവും നാം
ഏകാന്തതയോട് കയര്‍ക്കുക
അവരുടെ നെഞ്ചിലെ
ഇനിയും മരിക്കാത്ത കടല്‍
പ്രക്ഷുബ്ധത വറ്റാതെയാവും
നമ്മിലേക്ക് പരകായം ചെയ്യുക.
വിയോജിപ്പുകളുടെ തീ
ആഞ്ഞാഞ്ഞ് കത്തുമ്പോള്‍
ഏകാധിപതിയുടെ
അകമുറിവില്‍ തട്ടുമ്പോള്‍
ജയിലഴികള്‍ തുറന്നുവെച്ച്
കാത്തിരിക്കുന്നുണ്ടാകും
തീഹാര്‍.
ഒടുവില്‍ തീഹാറായിരിക്കും
നമ്മുടെ വന്‍കര,
പതാക
ഇരുട്ടില്‍ നാം ഛര്‍ദിക്കുന്ന
ചോരയാകും,
ദേശീയഗാനം
ഏതോ സെല്ലില്‍നിന്നുമുയരുന്ന
ഞരക്കവും.
വെറുപ്പിന്റെ ഓഷ്‌വിറ്റ്സുകള്‍*
ഭൂപടം നിറയെ
കിളിര്‍ത്തിട്ടും
ഉറുമ്പിന്‍ നിരകള്‍ പോലെ
നഗരത്തെരുവില്‍ പൂക്കുന്നു,
സര്‍ഗാത്മക കലഹങ്ങള്‍.
കുഴമറിഞ്ഞൊഴുകും
വാക്കിന്‍ നീരൊഴുക്കിനെ
തടയണ പിളര്‍ന്നൊഴുകും
പോരിന്‍ കുത്തൊഴുക്കിനെ
പൊത്തിപ്പിടിക്കുന്നു വൃഥാ
വെറുപ്പിന്‍ കല്‍ത്തുറുങ്ക്
ഭയത്തിന്റെ,
വെറുപ്പിന്റെ പേരോ
നീ
തീഹാര്‍!
* ഹിറ്റ്ലറുടെ നിയന്ത്രണത്തിലുള്ള യൂറോപ്പിലെ ഏറ്റവും വലിയ നാസി തടങ്കല്‍പാളയമായിരുന്നു ഓഷ്‌വിറ്റ്സ്.
Comments