ഇബ്‌നുസ്സബീല്‍ അഭയാര്‍ഥികളും തെരുവിന്റെ മക്കളും
ഒരു നാട്ടില്‍നിന്ന് മറ്റൊരു നാട്ടിലേക്കോ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കോ ദേശാന്തര യാത്രകള്‍ നടത്തുന്ന സഞ്ചാരിയാണ് ഇബ്‌നുസ്സബീല്‍. ഇബ്‌നുസ്സബീലിനോട് സഹാനുഭൂതിയും ഔദാര്യവും കാട്ടാന്‍ എട്ടിടങ്ങളില്‍ ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്.
''ബന്ധുവിന് അവന്റെ അവകാശം നല്‍കണം. ദരിദ്രനും സഞ്ചാരിക്കും അവരുടെ അവകാശവും നല്‍കണം. ദുര്‍വ്യയം അരുത്'' (അല്‍ ഇസ്റാഅ് 26).
''ബന്ധുജനങ്ങള്‍ക്ക് അവരുടേതായ അവകാശം നല്‍കുക. അഗതികള്‍ക്കും യാത്രക്കാര്‍ക്കും അവരുടെ അവകാശവും'' (അര്‍റൂം 38).
''ജനം നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന് പറഞ്ഞു കൊടുക്കുക: നിങ്ങള്‍ ചെലവഴിക്കുന്ന മുതല്‍, മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കും വേണ്ടിയാവട്ടെ. നിങ്ങള്‍ എന്ത് ധര്‍മം ചെയ്താലും അല്ലാഹു അത് സൂക്ഷ്മമായി അറിയുന്നുണ്ട്'' (അല്‍ബഖറ 215).
പത്തു കടമകളുടെ സൂക്തം (അല്‍ ഹുഖൂഖുല്‍ അശറ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂറത്തുന്നിസാഇലെ (36) ആയത്ത്:
''അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിന്‍.......
സഞ്ചാരികളോടും നിങ്ങളുടെ അധീനതയില്‍ ഉള്ള ദാസീ-ദാസന്മാരോടും നന്നായി വര്‍ത്തിക്കുവിന്‍.'
ഗനീമത്ത് മുതലുകളുടെ അഞ്ചിലൊന്ന് നിക്ഷേപിക്കുന്ന ബൈത്തുല്‍ മാലില്‍: 'അറിഞ്ഞിരിക്കുവിന്‍. എന്തെന്നാല്‍, നിങ്ങള്‍ കരസ്ഥമാക്കിയ യുദ്ധമുതല്‍ എന്താവട്ടെ, അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും ദൈവദൂതന്നും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും അഭയാര്‍ഥികള്‍ക്കും ഉള്ളതാകുന്നു' (അല്‍അന്‍ഫാല്‍ 41).
''പട്ടണവാസികളില്‍നിന്ന് അല്ലാഹു അവന്റെ ദൂതന് തിരിച്ചുകൊടുത്തിട്ടുള്ളതൊക്കെയും അല്ലാഹുവിനും ദൂതന്നും ബന്ധുജനങ്ങള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും സഞ്ചാരികള്‍ക്കും ഉള്ളതാകുന്നു'' (അല്‍ഹശ്ര്‍ 7).
''............. അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ പേരില്‍ തന്റെ പ്രിയപ്പെട്ട ധനം ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും സഹായം അര്‍ഥിക്കുന്നവര്‍ക്കും..... (നല്‍കുകയാകുന്നു ധര്‍മം)'' (അല്‍ബഖറ 177).
യാത്രകള്‍ക്കും സഞ്ചാരങ്ങള്‍ക്കും ദേശാന്തര പ്രയാണങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കിയതുകൊണ്ടാണ് ഇസ്ലാം ആ തുറകളില്‍ സകാത്തിന്റെയും സ്വദഖയുടെയും വിനിയോഗം നിര്‍ബന്ധമാക്കിയത്. വിവിധ തരം സഞ്ചാരങ്ങളെക്കുറിച്ച സൂചനകള്‍ ഖുര്‍ആനിലും ഹദീസിലും കാണാം: ജീവിതായോധനം, വിദ്യാഭ്യാസം, പ്രകൃതിയും പ്രപഞ്ച പ്രതിഭാസങ്ങളും അടുത്തറിയാനുള്ള പഠന യാത്രകള്‍, ചരിത്രപഠനം, നരവംശശാസ്ത്രാപഗ്രഥനം, ഭൂമിശാസ്ത്ര വിജ്ഞാനീയം, ദൈവിക മാര്‍ഗത്തിലെ അധ്വാന പരിശ്രമങ്ങള്‍, ഹജ്ജ് തുടങ്ങി വ്യത്യസ്ത ലക്ഷ്യങ്ങളോടെ നടത്തുന്ന യാത്രകള്‍ക്ക് പ്രേരണയും പ്രോത്സാഹനവും നല്‍കുന്ന ദൈവികാധ്യാപനങ്ങള്‍, ഈ യാത്രകളില്‍ വന്നു വശാവുന്ന ക്ലേശങ്ങളും പ്രയാസങ്ങളും ദൂരീകരിക്കാനും വഴികള്‍ നിര്‍ദേശിക്കുന്നു.
ഈ യാത്രകളെയും യാത്രികരെയും സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങളും മാനദണ്ഡങ്ങളുമാണ് മദ്ഹബ് ഇമാമുമാര്‍ക്കും ഫുഖഹാക്കള്‍ക്കുമുള്ളത്. മാസങ്ങളും വര്‍ഷങ്ങളുമെടുക്കുന്ന യാത്രകള്‍ സാധാരണമായിരുന്ന പ്രാചീന കാലഘട്ടത്തിന്റെ ആവശ്യകത മുന്‍നിര്‍ത്തിയാണ് അവരുടെ നിരീക്ഷണങ്ങളും വിധികളുമെന്ന് കാണാന്‍ കഴിയും. ഇബ്‌നുസ്സബീല്‍ ഗണത്തില്‍ പെടുത്താവുന്ന സഞ്ചാരികളൊന്നും ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ അങ്ങേയറ്റം മെച്ചപ്പെട്ട ഈ കാലത്ത് ഇല്ല എന്നാണ് പണ്ഡിതന്മാരില്‍ ഗണ്യമായ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ലോകം ആഗോള ഗ്രാമമായി കഴിഞ്ഞ ഇക്കാലത്ത് യാത്രയും പണലബ് ധിയും ഒരു പ്രശ്‌നമേയല്ല എന്ന് അവര്‍ വിലയിരുത്തുന്നു. ശൈഖ് അഹ്മദ് മുസ്ത്വഫാ അല്‍ മറാഗിക്ക് ഈ അഭിപ്രായമാണുള്ളത്. 'ഇബ്‌നുസ്സബീല്‍' എക്കാലത്തും ഉണ്ടാവുമെന്നു തന്നെയാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.
പണമുണ്ടെങ്കിലും നിയമപരമായോ അല്ലാതെയോ ക്രയവിക്രയം നിരോധിക്കപ്പെട്ടു കഴിഞ്ഞാല്‍ ധനികന്മാരെയായാലും ഇബ്‌നുസ്സബീല്‍ ആയി ഗണിക്കാമെന്ന് ഹനഫീ മദ്ഹബ്. ക്രയവിക്രയാധികാരം നഷ്ടപ്പെട്ട കച്ചവടക്കാരന്നും ഇബ്‌നുസ്സബീല്‍ പരിഗണന ലഭിക്കും എന്ന് അവര്‍ പറയുന്നു.
ചെലവിന് കാശില്ല, യാത്ര നിര്‍ബന്ധവുമാണ് എന്ന വിധത്തിലുമുണ്ടാകും ഒരു വിഭാഗം. അവരും ഇബ്‌നുസ്സബീല്‍ ഗണത്തില്‍ പെടുമെന്ന് ഇമാം ശാഫിഈ (റ) അഭിപ്രായപ്പെടുന്നു. ജനക്ഷേമത്തിന് പ്രയോജനപ്പെടുന്ന വിദേശപഠനം, വിദേശ യൂനിവേഴ്‌സിറ്റികളില്‍ ഉപരിപഠനം, പരിശീലന കോഴ്‌സുകള്‍ തുടങ്ങിയവക്ക് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ സാമ്പത്തികമായി ഞെരുങ്ങുന്നവരാണെങ്കില്‍ ഇബ്‌നുസ്സബീല്‍ ഗണത്തില്‍ പെടുത്തി സകാത്ത് നല്‍കാമെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്. ജനങ്ങളോട് കൈകാട്ടി ഇരക്കുന്ന യാചകരെ ഇബ്‌നുസ്സബീലില്‍ ഉള്‍പ്പെടുത്തുന്നു ഹമ്പലികള്‍. പീടികത്തിണ്ണകളിലും അങ്ങാടിയിലെ കോലായകളിലും പാലങ്ങള്‍ക്കടിയിലും കൂറ്റന്‍ പൈപ്പുകള്‍ക്കുള്ളില്‍ പോലും അന്തിയുറങ്ങുന്ന ലക്ഷങ്ങള്‍ നമ്മുടെ കണ്‍മുമ്പിലുണ്ട്. 'തെരുവിന്റെ മക്കള്‍' എന്ന പേരില്‍ അറിയപ്പെടുന്ന ആ വിഭാഗം ഇബ്‌നുസ്സബീല്‍, ഫഖീര്‍, മിസ്‌കീന്‍ എന്നീ ഗണങ്ങളിലെല്ലാം ഉള്‍പ്പെടുത്താന്‍ സര്‍വഥാ അര്‍ഹരാണ്.
അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെടുന്നവര്‍
അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളും മാതാപിതാക്കള്‍ ജീവിച്ചിരിക്കെത്തന്നെ 'അനാഥരായി' ജുവനൈല്‍ ഹോമുകളിലും അഭയകേന്ദ്രങ്ങളിലും കഴിയേണ്ടി വരുന്ന സന്താനങ്ങളും ഇബ്‌നുസ്സബീല്‍ ഗണത്തില്‍ പെടുമെന്ന് ആധുനികരായ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. പിഴച്ചു പെറ്റ് വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളും ജാരസന്തതികളും ഇബ്‌നുസ്സബീലില്‍ പെടുമെന്ന് സയ്യിദ് റശീദ് രിദാക്ക് അഭിപ്രായമുണ്ട്. അക്രമികളും സ്വേഛാധിപതികളുമായ ഭരണകര്‍ത്താക്കളുടെ കൊടും പീഡനങ്ങള്‍ക്കിരയാവുന്നതിനാല്‍ സ്വരാജ്യം വെടിഞ്ഞ് മറുരാജ്യങ്ങളിലേക്ക് പോവേണ്ടി വന്നവര്‍, മതവും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ അഭയം തേടി നാടുവിടേണ്ടി വന്നവര്‍, യുദ്ധം, പ്രകൃതി വിപത്ത് എന്നിവമൂലം എല്ലാം ഉപേക്ഷിച്ച് അഭയ സങ്കേതങ്ങള്‍ തേടി പോകുന്നവര്‍, അഭയാര്‍ഥികളായി നാടും വീടും കൂടും കൂട്ടുകുടുംബങ്ങളുമില്ലാതെ ചിതറി പല രാജ്യങ്ങളിലായി കുടിയേറി പാര്‍ക്കേണ്ടി വരുന്നവര്‍- ഇവരെല്ലാം 'ഇബ്‌നുസ്സബീല്‍' ഗണത്തില്‍ പെടുമെന്ന് പ്രമാണങ്ങള്‍ ഉദ്ധരിച്ച് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുമുണ്ട്.
2018 -ഓടെ യുദ്ധങ്ങളും പീഡനങ്ങളും കാരണമായി രാജ്യം വിടേണ്ടി വന്നവര്‍ എട്ട് കോടി വരുമെന്നാണ് യു.എന്‍ അഭയാര്‍ഥി കമീഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. ഇത്രയും ഭീമമായ അഭയാര്‍ഥി പ്രവാഹം ചരിത്രത്തില്‍ ആദ്യമാണ്. ഇതില്‍ പകുതിയെങ്കിലും 18 വയസ്സില്‍ താഴെയുള്ളവരാണ്. അടിസ്ഥാന ജീവിതാവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് പൗരത്വമില്ലാത്തവരായി വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷങ്ങള്‍ ഇതിനു പുറമെയാണ്. 'രാജ്യമില്ലാ ജനത'യായി കഴിയുന്ന ഈ വിഭാഗവും നാളെ അഭയാര്‍ഥി സമൂഹത്തില്‍ ചെന്നണയേണ്ടവരാണ്. 67 ശതമാനം അഭയാര്‍ഥികളും 5 രാജ്യങ്ങളില്‍നിന്നുള്ളവരാണ്. യു. എന്‍ കണക്കനുസരിച്ച് 10 മില്യന്‍ ജനങ്ങള്‍ രാജ്യമില്ലാ ജനത (ടമേലേഹല)ൈയാണ്. സിറിയ, അഫ്ഗാനിസ്താന്‍, ദക്ഷിണ സുഡാന്‍, മ്യാന്മര്‍, സൊമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ലോകത്തെ മൂന്നില്‍ രണ്ട് അഭയാര്‍ഥികളും. മറ്റൊരു വാക്കില്‍ മുസ്‌ലിം സമൂഹമാണ് അഭയാര്‍ഥികളില്‍ മഹാഭൂരിപക്ഷം.
അലന്‍ കുര്‍ദി എന്ന മൂന്നു വയസ്സുകാരന്‍ സിറിയന്‍ കുഞ്ഞിനെ ഓര്‍മയില്ലേ? 2015 സെപ്റ്റംബര്‍ രണ്ടിന് തുര്‍ക്കി കടല്‍ത്തീരത്തണഞ്ഞ ജീവനറ്റ ആ ജഡം ലോക മനസ്സാക്ഷിയുടെ മുന്നില്‍ നിരവധി ചോദ്യങ്ങളുയര്‍ത്തി. ആഭ്യന്തര യുദ്ധം ആളിക്കത്തിയ സിറിയന്‍ നരകത്തില്‍നിന്ന് അഭയം തേടി ഗ്രീസിലേക്ക് തിരിച്ചതാണ് ആ കൊച്ചു കുടുംബം. മധ്യധരണ്യാഴിയില്‍ ബോട്ടു മറിയുമ്പോള്‍ പിതാവിന്റെ കൈയില്‍നിന്ന് ആ കൊച്ചു കുഞ്ഞ് തെറിച്ചു വീണു കടലിന്റെ അഗാധതയിലേക്ക് താഴുകയായിരുന്നു. മൂന്നാം പക്കം തുര്‍ക്കി കടല്‍ത്തീരത്തണഞ്ഞ ആ കുഞ്ഞിനെയോര്‍ത്ത് ലോകം കണ്ണീര്‍ വാര്‍ത്തു. കഴിഞ്ഞയാഴ്ച ബംഗ്ലാദേശില്‍നിന്ന് മലേഷ്യയിലേക്ക് പോയ മ്യാന്മര്‍ മുസ് ലിംകള്‍ ബോട്ട് മറിഞ്ഞും പൈദാഹം സഹിക്കവയ്യാതെയും ആഴക്കടലില്‍ മുങ്ങി മരിച്ചത് ഒടുവിലത്തെ സംഭവം ആകാന്‍ ഇടയില്ല. ഉയ്ഗൂര്‍ മുസ് ലിംകള്‍, ഫലസ്ത്വീനികള്‍, പൗരത്വം നിഷേധിക്കപ്പെട്ട് തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കപ്പെട്ടവര്‍..... ഇങ്ങനെ അഭയാര്‍ഥി പട്ടിക നീളുകയാണ്.
അഭയാര്‍ഥി പ്രവാഹം പുതിയ പ്രതിഭാസം
മദ്ഹബിന്റെ ഇമാമുമാരും ഫുഖഹാക്കളും ജീവിച്ച കാലഘട്ടത്തില്‍ ഉണ്ടായിട്ടില്ലാത്ത വലിയ അഭയാര്‍ഥി പ്രവാഹങ്ങള്‍ക്കാണ് ഇരുപതും ഇരുപത്തൊന്നും നൂറ്റാണ്ടുകള്‍ സാക്ഷ്യം വഹിക്കുന്നത്. അഭയാര്‍ഥി ലക്ഷങ്ങളുടെ ദയനീയ ജീവിതം നേരില്‍ കാണാന്‍ സന്ദര്‍ഭമുണ്ടായിരുന്നുവെങ്കില്‍ 'മനുഷ്യ ക്ഷേമ'ത്തിന് മുന്‍ഗണന നല്‍കി ഫത് വകള്‍ നല്‍കിയിരുന്ന ആ പണ്ഡിതവര്യന്മാരുടെ അഭിപ്രായങ്ങള്‍ യാതന തിന്നുന്ന ആ മനുഷ്യജന്മങ്ങള്‍ക്കൊപ്പം ആകുമായിരുന്നു എന്ന് നിസ്സംശയം പറയാം. ആഗോളതലത്തില്‍ അഭയാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും യു. എന്‍ ആഭിമുഖ്യത്തില്‍ ഉണ്ടാക്കിയ ഉടമ്പടിയാണ് '1951 റെഫ്യൂജി കണ്‍വെന്‍ഷന്‍.' അഥവാ ജനീവ കണ്‍വെന്‍ഷന്‍ ഓഫ് 28 ജൂലൈ 1951. 145 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച ജനീവ കരാര്‍ പ്രകാരം മതം, ദേശീയത, വംശീയത, രാഷ്ട്രീയ വിശ്വാസം എന്നിവയുടെ പേരില്‍ ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങള്‍ നിമിത്തമായോ പീഡന ഭയത്താലോ സ്വന്തം രാജ്യം വിട്ട് പലായനം ചെയ്യുന്നവരാണ് അഭയാര്‍ഥികള്‍. അഭയാര്‍ഥികള്‍ക്ക് എന്നും അഭയാര്‍ഥികളായിത്തന്നെ ജീവിക്കാനാണ് വിധിയെന്ന് ലോകാനുഭവങ്ങള്‍ തെളിയിക്കുന്നു. പിറന്ന നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഭയപ്പെടുന്ന അഭയാര്‍ഥികള്‍ ക്യാമ്പുകളിലും താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലുമായാണ് ജീവിതം തള്ളിനീക്കുന്നത്. അഭയാര്‍ഥികള്‍ക്ക് കുടിയേറ്റത്തിനും സാധാരണ ജീവിതത്തിനും ഏതെങ്കിലും രാജ്യങ്ങള്‍ സമ്മതം കൊടുക്കുന്നതു വരെ താല്‍ക്കാലിക താവളത്തില്‍ തങ്ങുന്ന യാത്രക്കാരന്റെ സ്ഥാനമേ അവര്‍ക്കുള്ളൂ. അഥവാ ഒരു ട്രാന്‍സിസ്റ്റ് പാസഞ്ചറുടെ സ്റ്റാറ്റസ്. ഈ അര്‍ഥത്തില്‍ 'ഇബ്‌നുസ്സബീല്‍' ഗണത്തില്‍ പെടാന്‍ അഭയാര്‍ഥികള്‍ സര്‍വഥാ അര്‍ഹരാണ്.
അഭയാര്‍ഥി ക്യാമ്പുകളില്‍ വര്‍ഷങ്ങളോളം ദുരിതവും യാതനയും തിന്ന് ജീവിക്കാന്‍ വിധിക്കപ്പെട്ടവരായി ഇങ്ങനെ ലക്ഷങ്ങളുണ്ട്. 2017 -ല്‍ സി.എന്‍.എന്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അഭയാര്‍ഥി ക്ഷേമത്തിന് സകാത്ത് ഫണ്ട് വിനിയോഗിക്കാനുള്ള അനുവാദം നല്‍കുന്ന ഫത്‌വ തങ്ങള്‍ക്ക് ലഭിച്ചതായി യു.എന്‍ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. 2008 -ല്‍ നടത്തിയ കണക്കെടുപ്പു പ്രകാരം മുസ്‌ലിംകള്‍ വര്‍ഷംതോറും സകാത്തും സ്വദഖയുമായി 20 മുതല്‍ 200 ബില്യന്‍ ഡോളര്‍ വരെ ചെലവഴിക്കുന്നുണ്ട്. അഭയാര്‍ഥി സമൂഹത്തില്‍ ഭൂരിപക്ഷവും മുസ്‌ലിംകളായിരിക്കെ വിശേഷിച്ചും ഇത്തരം സഹായത്തിന് അവര്‍ അര്‍ഹരാണെന്ന് ഫത്‌വ ചൂണ്ടിക്കാട്ടി.
അഭയാര്‍ഥി കമീഷണറേറ്റിന് സൗകര്യപ്രദമായ ഉപാധികള്‍ ലബ് ധമാവുന്നത് ഹനഫീ മദ്ഹബില്‍ ആണെന്നതിനാല്‍ ഹനഫീ മദ്ഹബാണ് അവര്‍ അവലംബിച്ചത്. ശൈഖ് അബ്ദുല്ല ഇബ്‌നു ബയ്യ (മുന്‍ വൈസ് പ്രസിഡന്റ്, ഇത്തിഹാദുല്‍ ആലമി ലി ഉലമാഇല്‍ മുസ്‌ലിമീന്‍), ഡോ. അലി അല്‍ ജുമുഅ (മുഫ്തി അദ്ദിയാറില്‍ മിസ്‌രിയ്യ, അസ്ഹര്‍ യൂനിവേഴ്‌സിറ്റി ഉസ്വൂലുല്‍ ഫിഖ്ഹ് പ്രഫസര്‍) എന്നിവരും ഹള്‌റ മൗത്ത് (യമന്‍) മജ്‌ലിസുല്‍ ഇഫ്താഅ്, ദാറുല്‍ ഇഫ്താഉല്‍ മിസ്‌രി എന്നീ സമിതികളുമാണ് സകാത്ത് തുക അഭയാര്‍ഥി ക്ഷേമത്തിന് ഉപയോഗിക്കാമെന്ന ഫത്‌വ നല്‍കിയത്. അഭയാര്‍ഥികളുടെയും തെരുവിന്റെ മക്കളുടെയും പ്രശ്‌നങ്ങള്‍ സകാത്ത് വിനിയോഗത്തില്‍ നമ്മുടെ രാജ്യത്തും സജീവ ചര്‍ച്ചാ വിഷയമാകേണ്ടതുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ എട്ട് സ്ഥലങ്ങളില്‍ 'ഇബ്‌നുസ്സബീലി'നോട് കാട്ടേണ്ട അനുകമ്പയും കരുണയും സഹാനുഭൂതിയും ഊന്നിപ്പറയുന്നുണ്ടെന്ന് പറഞ്ഞുവല്ലോ. കേവലം ഒരു യാത്രികന്റെയോ സഞ്ചാരിയുടെയോ പ്രശ്‌നമാണ് ഇതെങ്കില്‍ ഇത്രയും ദൈവവചനം അതിനു വേണ്ടി അവതരിക്കുമായിരുന്നില്ല. ഖുര്‍ആന്‍ അവതരിച്ച കാലഘട്ടത്തില്‍ ആ സമൂഹത്തിന് മനസ്സിലാവുന്ന ഇബ്‌നുസ്സബീലിനെ അവര്‍ കണ്ടെത്തി. ലോകാന്ത്യം വരെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനുള്ള ഖുര്‍ആനിന്റെ കഴിവാണ് 'ഇഅ്ജാസുല്‍ ഖുര്‍ആനി'ന്റെ ഒരു മുഖ്യവശം. ഖുര്‍ആന്‍ എന്ന ദൈവിക ഗ്രന്ഥത്തെ അനശ്വരമാക്കി നിലനിര്‍ത്തുന്ന നിത്യനൂതനത്വമാണ് അതിന്റെ അമരത്വവും അമാനുഷികതയും. ഓരോ കാലഘട്ടത്തിലും കത്തിനില്‍ക്കുന്ന സങ്കീര്‍ണ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും പരിഹാരം നിര്‍ദേശിക്കാനും കാലത്തോടും ലോകത്തോടുമൊപ്പം വളരുകയും വികസിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന ഖുര്‍ആന് കഴിയേണ്ടതുണ്ടെന്ന് വ്യക്തം. സകാത്ത് വിതരണത്തില്‍ അഭയാര്‍ഥികളും മുഖ്യപരിഗണനക്ക് അര്‍ഹരാവുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനം ഇതാണ്.
തെരുവു ബാല്യങ്ങളുടെ കരളുരുക്കുന്ന ജീവിതക്കാഴ്ചകള്‍ നമുക്ക് അന്യമല്ല. തെരുവിന്റെ സന്തതികളെ പുനരധിവസിപ്പിക്കാനും അവരെ മുഖ്യധാരയില്‍ എത്തിച്ച് നല്ല നിലയില്‍ വളര്‍ത്താനുമുള്ള യത്‌നങ്ങളെ ചെറുതായി കാണേണ്ടവരല്ല വിശ്വാസികള്‍. ആ മുഖങ്ങളില്‍ കാണുന്ന ഓരോ നോട്ടവും ഓരോ തീപ്പൊരിയാണ്, ഓരോ ചോദ്യചിഹ്നമാണ്. ഇന്ത്യയില്‍ 4 ലക്ഷം മുതല്‍ 8 ലക്ഷം വരെയാണ് തെരുവില്‍ കഴിയുന്ന കുട്ടികള്‍. നിരാധാരരായി ജീവിക്കുന്ന സ്ത്രീകള്‍, വൃദ്ധന്മാര്‍ തുടങ്ങി ലക്ഷങ്ങള്‍ക്കും തെരുവാണ് അഭയകേന്ദ്രം. തെരുവില്‍ പുഴുക്കളെ പോലെയും കീടങ്ങളെ പോലെയും കഴിയേണ്ടി വരുന്ന മനുഷ്യജന്മങ്ങളുടെ നേരെ കണ്ണടയ്ക്കാന്‍ ഒരു വിശ്വാസിക്കും കഴിയില്ല. അവരും 'ഇബ്‌നുസ്സബീലി'ന്റെ ഗണത്തില്‍ പെടാന്‍ സര്‍വഥാ അര്‍ഹരാണ്. കാലഘട്ടത്തിന്റെ സ്പന്ദനങ്ങളോട് സക്രിയമായി സംവദിക്കുന്ന മനസ്സ് വിശ്വാസികളില്‍ വളരുമ്പോള്‍ ദൈവിക വചനങ്ങള്‍ക്ക് നവംനവങ്ങളായ അര്‍ഥകല്‍പനകളും ഉരുത്തിരിഞ്ഞുവരും.
അതു പോലെ പുതിയ ഗവേഷണത്തിന് വിധേയമാക്കപ്പെടേണ്ട പദമാണ് അടിമത്ത മോചനത്തിലും (വഫിര്‍രിഖാബി) സകാത്ത് വിനിയോഗിക്കണമെന്ന കല്‍പന. ഫിഖ്ഹിന്റെ ഉത്ഭവ കാലഘട്ടത്തില്‍ സര്‍വസാധാരണമായിരുന്ന ഫ്യൂഡല്‍ വ്യവസ്ഥിതിയിലെ അടിമത്ത പ്രശ്നവും അടിമകളുടെ മോചനവും ഈ കാലഘട്ടത്തില്‍ പ്രസക്തമല്ലാതായിത്തീര്‍ന്നിരിക്കുന്നു. പുതിയ കാലത്തെ പ്രശ്നങ്ങള്‍ക്കും ഖുര്‍ആനിലൂടെ പരിഹാരം കണ്ടേ തീരൂ.
അബൂബക്ര്‍ സ്വിദ്ദീഖ് (റ) പറഞ്ഞുവല്ലോ: ''എന്റെ കൈയില്‍ നിന്ന് ഒരു ഒട്ടകക്കയര്‍ നഷ്ടപ്പെട്ടാല്‍ അല്ലാഹുവിന്റെ കിതാബില്‍ ഞാന്‍ അത് കണ്ടെത്തും.'' ഏതു പ്രശ്‌നത്തിനും പരിഹാരം ഖുര്‍ആനില്‍ കണ്ടെത്താമെന്ന് സാരം.
സകാത്ത് നല്‍കപ്പെടാന്‍ അര്‍ഹരായി എട്ടു വിഭാഗത്തെയാണല്ലോ ഖുര്‍ആന്‍ പരിഗണിച്ചത് (അത്തൗബ 60).
ആദ്യത്തെ നാലു വിഭാഗമായ സാധുക്കള്‍, ദരിദ്രര്‍, സകാത്ത് പ്രവര്‍ത്തകര്‍, ഹൃദയം ഇണക്കപ്പെടേണ്ടവര്‍ എന്നിവരെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ 'ലാം' (ലില്‍ ഫുഖറാഇ) ഉപയോഗിച്ച ഖുര്‍ആന്‍ ഒടുവിലെ നാലു വിഭാഗത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ 'ഫീ' (ഫിര്‍രിഖാബി ) എന്ന അവ്യയമാണ് ഉപയോഗിച്ചത്. എന്താണ് അതിന്റെ രഹസ്യം? അല്ലാഹു ഖുര്‍ആനില്‍ ഒരു അക്ഷരം പോലും ഉപയോഗിക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. അതാണ് ഖുര്‍ആനിന്റെ അമാനുഷികത.
ഖുര്‍ആന്‍ വ്യാഖ്യാതാവായ സമഖ്ശരി ആ രഹസ്യം വെളിപ്പെടുത്തുന്നതിങ്ങനെ: 'ഒടുവിലെ നാല് വിഭാഗത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ 'ലാമി'ല്‍ നിന്ന് 'ഫീ' എന്ന അവ്യയത്തിലേക്ക് മാറിയത്, ഒടുവിലെ നാല് വിഭാഗമാണ് ആദ്യത്തെ നാല് വിഭാഗത്തേക്കാള്‍ ഏറ്റവും വേരോട്ടമുള്ള അവകാശത്തിന് അര്‍ഹര്‍ എന്ന് സൂചിപ്പിക്കാനാണ്. കാരണം ഫീ എന്ന അവ്യയം ഒരു പാത്രത്തിനകത്തേക്ക് ഇട്ടു നല്‍കുന്ന പ്രക്രിയയെ കുറിക്കുന്നു. സകാത്ത് അവരിലാണ് വിനിയോഗിക്കേണ്ടതെന്നും സകാത്ത് മുതല്‍ ചൊരിഞ്ഞു കൊടുക്കേണ്ട ഇടമാണ് അവരുടേതെന്നും സൂചിപ്പിക്കുന്നു' (അല്‍ കശ്ശാഫ് ഭാഗം 2: 45,46).
ഇബ്നുല്‍ മുനയ്യര്‍ 'ഇന്‍ത്വിസാഫി'ല്‍ സമഖ്ശരിയുടെ അഭിപ്രായത്തിന് സൂക്ഷ്മമായ ഒരു അനുബന്ധം ചാര്‍ത്തുന്നു: 'ആദ്യത്തെ നാല് വിഭാഗം സകാത്ത് തുക കിട്ടുന്നതോടെ ആ മുതലിന് വ്യക്തിപരമായി അവകാശികളായിത്തീരുകയാണ്. അപ്പോള്‍ ഉടമസ്ഥത സൂചിപ്പിക്കാന്‍ ലാം (ലില്‍) ഉപയോഗിച്ചു. ഒടുവിലെ നാലു വിഭാഗമാവട്ടെ, അവരില്‍ വിനിയോഗിക്കുന്നത് മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടതാണ്. അവരുടെ പേരില്‍ മറ്റുള്ളവരാണ് അതിന്റെ പ്രയോജനം അനുഭവിക്കുന്നത്. അടിമത്ത മോചനത്തിന്ന് നല്‍കുന്ന പണത്തിന്റെ പ്രായോജകര്‍ അടിമകളല്ല, ഉടമകളാണ്. ഇമാം റാസിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്' (തഫ്സീറുല്‍ കബീര്‍ ഭാഗം 16: 112).
അടിമത്ത വ്യവസ്ഥ വിപാടനം ചെയ്യാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച ഇസ്ലാം അക്കാലത്ത് നിലനിന്ന അടിമത്ത രീതിയെ ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിന്റെ ഭാഗമായി സകാത്തും ആ തുറയില്‍ വിനിയോഗിക്കാന്‍ നിര്‍ദേശം നല്‍കി. ഈ കാലഘട്ടത്തിലെ കത്തുന്ന പ്രശ്നമെന്താണ്? ഇസ്ലാമിന്റെ ശത്രുക്കള്‍ വംശീയതയുടെയും വര്‍ഗീയതയുടെയും ഇസ്ലാമോഫോബിയയുടെയും പേരില്‍ ജയിലറകളില്‍ തള്ളിയത് നൂറുകണക്കില്‍ നിരപരാധികളായ യുവാക്കളെയാണ്.
അവരുടെ മോചനത്തിനും അവരുടെ നിരാലംബ കുടുംബങ്ങളുടെ സംരക്ഷണത്തിനും സകാത്ത് വിഹിതം ഉദാരമായി വിനിയോഗിക്കുന്നതിനെ കുറിച്ചാണ് പഠനം നടക്കേണ്ടത്. വിചാരണയില്ലാതെ വര്‍ഷങ്ങളായി ജയിലറകളുടെ കൂരിരുട്ടില്‍ കഴിയേണ്ടിവരുന്ന മനുഷ്യജന്മങ്ങള്‍ നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്ന ഗുരുതര പ്രശ്നമാണിത്. അവര്‍ക്കു വേണ്ടി അഭിഭാഷകരെ ഏര്‍പ്പെടുത്തണം, കോടതികളില്‍ കേസ് നടത്തണം, അവരെ ആശ്രയിച്ചു കഴിഞ്ഞ നിരാലംബ കുടുംബങ്ങള്‍ക്ക് അഭയവും ആശ്രയവും നല്‍കണം. മോചിതരാകുന്നവരെ പുനരധിവസിപ്പിക്കണം.
ജയിലറകള്‍ തീര്‍ക്കുന്ന അസ്വാതന്ത്ര്യത്തിന്റെ അടിമത്തനുകത്തില്‍ നിന്ന് മോചിപ്പിക്കപ്പെടേണ്ടവരല്ലേ അവര്‍?
തടവുകാരുടെ മോചനത്തിന് സകാത്ത് മുതല്‍ ഉപയോഗിക്കാമെന്ന് ഇമാം അഹ്മദുബ്നു ഹമ്പല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇന്ന് അടിമത്തമില്ല. സത്യവും അസത്യവും തമ്മിലെ സമരം അവിരാമം തുടരുകയാണ്. കൊളോണിയല്‍ വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന വിമോചന പോരാളികളെ സഹായിക്കാന്‍ സകാത്ത് ഉപയോഗിക്കാമെന്ന് സയ്യിദ് റശീദ് രിദാ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൊളോണിയല്‍ ശക്തികളുടെയും അക്രമികളായ ഭരണാധികാരികളുടെയും തടവറകളില്‍ നിന്ന് നിരപരാധികളെ മോചിപ്പിക്കാന്‍ രിഖാബിന്റെ വകുപ്പില്‍ ഉള്‍പ്പെടുത്തി സകാത്ത് വിനിയോഗിക്കാമെന്ന് ശക്തിയായി അഭിപ്രായപ്പെട്ട ആധുനിക കാലത്തെ പണ്ഡിത വ്യക്തിത്വങ്ങളില്‍ പ്രധാനിയാണ് ശൈഖ് മഹ്മൂദ് ശല്‍ത്തൂത്ത്.
Comments