പള്ളികള്‍ അടഞ്ഞു കിടക്കുമ്പോള്‍
റമദാന്റെ അവസാന ദിനങ്ങളിലേക്കെത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥപ്പെടുത്തുന്നത് അവസാനത്തെ പത്തിനെക്കുറിച്ച ആലോചനകളാണ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെക്കാലമായി സാധാരണത്തേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ജീവിതം നയിച്ചിരുന്ന പത്ത് ദിവസമാണത്. പൊതുജീവിതത്തില്‍ നിന്നും ബഹളമയമായ അന്തരീക്ഷത്തില്‍നിന്നും തീര്‍ത്തും മാറി നില്‍ക്കുന്ന നാളുകള്‍. ഇഅ്തികാഫിരിക്കുന്ന പള്ളി ഗ്രാമപ്രദേശത്തായതിനാല്‍ അന്തരീക്ഷം പൂര്‍ണമായും ശാന്തവും ആളൊഴിഞ്ഞതുമാണ്. വിശാലമായ പള്ളിയില്‍ ഇരു നിലകളിലുമായി നമസ്‌കാര വേളകളിലൊഴിച്ച് മൂന്നോ നാലോ ആളുകളേ ഉണ്ടാവുകയുള്ളൂ. തനിച്ചാകുന്ന ദിവസങ്ങളും വിരളമല്ല. കൊല്ലത്തില്‍ ഇങ്ങനെ ഏതാനും നാളുകള്‍ ഏകാന്ത ധ്യാനത്തിന് ലഭിക്കുന്നതിന്റെ സംതൃപ്തി വാക്കുകളില്‍ വിവരിക്കാവുന്നതിലപ്പുറമാണ്. ഞാനും എന്റെ നാഥനുമായുള്ള ആത്മഭാഷണത്തിന് സൈ്വരമായി ഒഴിഞ്ഞുകിട്ടുന്ന പത്തു നാളുകള്‍. ഇക്കൊല്ലം കോവിഡ് അതും നഷ്ടപ്പെടുത്തിയിരിക്കുന്നു. പള്ളിയുമായി അകന്നു കഴിയേണ്ടി വന്നതിലെ ദുഃഖത്തിന്റെ തീവ്രതക്ക് അതും ആക്കം കൂട്ടുന്നു.
പള്ളികളുമായി അകന്നുകഴിയുന്നതിന്റെ വേദന എത്രമേല്‍ കടുത്തതാണെന്ന് ഓരോ വിശ്വാസിയും അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. മസ്ജിദുകള്‍ നല്‍കുന്ന ആത്മീയാനുഭൂതി സമാനതകളില്ലാത്തതാണ്. ആത്മീയാനുഭവങ്ങള്‍ ശാരീരികാനുഭവങ്ങളേക്കാള്‍ എത്രയോ ശക്തവും തീവ്രവുമാണെന്ന് കഴിഞ്ഞ നാളുകള്‍ ഓരോ വിശ്വാസിയെയും ബോധ്യപ്പെടുത്തിയിട്ടുണ്ടായിരിക്കും. ഓരോ പ്രദേശത്തെയും ദിനേനയുള്ള അഞ്ചു നേരത്തെ കൂടിച്ചേരലുകള്‍ നല്‍കുന്ന അനുഭൂതി വിവരണാതീതമത്രെ.
അല്ലാഹുവിന്റെ ഭവനം
പള്ളി അല്ലാഹുവിന്റെ ഭവനമാണ്. വിശ്വാസികള്‍ക്ക് സ്വന്തം വീടുകളേക്കാള്‍ ഹൃദയബന്ധം ഉണ്ടാകേണ്ട ഇടം. അവര്‍ ഒത്തുകൂടുന്നിടത്ത് ആദ്യം നിര്‍മിക്കപ്പെടുന്ന ഭവനം. ഇബ്‌റാഹീം നബി തന്റെ പ്രിയതമ ഹാജറിനെയും മകന്‍ ഇസ്മാഈലിനെയും താമസിപ്പിച്ചത് വിശുദ്ധ കഅബയുടെ അടുത്താണ്. പ്രവാചകന്‍ മദീനയിലെത്തിയ ഉടനെ ഉണ്ടാക്കിയത് ഖുബാ മസ്ജിദാണ്. സ്ഥിരതാമസത്തിനുള്ള ഇടം കണ്ടെത്തിയപ്പോള്‍ അവിടെയും ആദ്യം നിര്‍മിച്ചത് പള്ളി തന്നെ, മസ്ജിദുന്നബവി. പിന്നീട് അദ്ദേഹത്തിന്റെ അനുയായികള്‍ എന്നൊക്കെ, എവിടെയൊക്കെ സംഘമായെത്തിയോ അവരും ചെയ്തത് അതു തന്നെ.
കേരളത്തില്‍ മാലികു ബ്നു ദീനാറിന്റെയും മാലികു ബ്നു ഹബീബിന്റെയും നേതൃത്വത്തില്‍ ആദ്യമായെത്തിയ മുസ്ലിം സംഘം ചെയ്തതും നാടിന്റെ നാനാ ഭാഗങ്ങളില്‍ പള്ളി ഉണ്ടാക്കുകയാണ്. കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദ് ഉള്‍പ്പെടെ ഒമ്പത് പള്ളികള്‍ അവര്‍ സ്ഥാപിക്കുകയുണ്ടായി(മാപ്പിള മുസ്ലിംസ് ഓഫ് കേരള. പേജ്: 48). ഈ പള്ളികളുടെ ഇടവും അവിടങ്ങളിലെ ആദ്യ ഖാദിമാരുടെ പേരും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തന്റെ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ പ്രത്യേകം ചേര്‍ത്തിട്ടുണ്ട്.
ഏതൊരാളും അവന്റെ സ്രഷ്ടാവുമായി ഏറ്റവും കൂടുതല്‍ അടുക്കുന്ന സന്ദര്‍ഭം സുജൂദാണ്. അല്ലാഹുവുമായുള്ള ആത്മഭാഷണത്തിന്റെയും ആത്മനിവേദനത്തിന്റെയും ഏറ്റവും ഉജ്ജ്വലവും മഹത്തരവുമായ സന്ദര്‍ഭം. പ്രവാചകന്‍ തന്നെ സുജൂദിനെ വിശേഷിപ്പിച്ചത് അങ്ങനെയാണ്. അത് നടക്കുന്ന ഇടം എന്ന നിലയിലാണ് 'മസ്ജിദ്' എന്ന പദം രൂപം കൊണ്ടിട്ടുള്ളത്. ഇത് യഥാവിധി മനസ്സിലാക്കുന്ന ആര്‍ക്കും മസ്ജിദുകള്‍ വിശ്വാസികള്‍ക്ക് നല്‍കുന്ന ആത്മീയാനുഭൂതിയും ഉല്‍ക്കര്‍ഷവും എത്രമേല്‍ ശക്തവും തീവ്രവുമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്റെ നാഥന്റെ ഭവനം എന്നാണ് ഓരോ വിശ്വാസിക്കും പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന, ഉണ്ടാകേണ്ട ബോധം. അതുകൊണ്ടുതന്നെ തന്റെ നാഥന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്താണ് താനെന്ന വികാരവും പള്ളിയിലിരിക്കുമ്പോഴെല്ലാം വിശ്വാസിയെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. മാലാഖമാരുടെയും മനുഷ്യരുടെയും സംഗമസ്ഥാനമാണ് അവിടമെന്ന കാര്യം അവരോര്‍ക്കുന്നു.
'പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്' (ഖുര്‍ആന്‍ 72:18).
ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടേണ്ട ഇടമാണ് പള്ളി. അതിനാലാണ് അവിടെ പ്രവേശിക്കുമ്പോള്‍ അഭിവാദന പ്രാര്‍ഥന (തഹിയ്യത്ത്) നിര്‍വഹിക്കണമെന്ന് നിശ്ചയിക്കപ്പെട്ടത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഏറെയേറെ ലഭിക്കുന്ന ഇടവുമാണത്. അതുകൊണ്ടുതന്നെയാണ് അവിടെ പ്രവേശിക്കുമ്പോള്‍ ഇങ്ങനെ പ്രാര്‍ഥിക്കണമെന്ന് കല്‍പിക്കപ്പെട്ടിരിക്കുന്നത്; 'അല്ലാഹുവേ, നീ എന്റെ പാപങ്ങള്‍ പൊറുത്തുതരേണമേ. നിന്റെ അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ എനിക്ക് തുറന്നു വെച്ചു തരേണമേ.'
പള്ളി അല്ലാഹുവിന്റെ ഭവനമായതിനാല്‍ മറ്റിടങ്ങളില്‍ വെച്ച് ചെയ്യുന്ന പലതും പള്ളിയില്‍ നടത്തുന്നത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. അവിടം എപ്പോഴും വൃത്തിയും ശുദ്ധിയുമുള്ളതായിരിക്കണമെന്ന് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നു. അതോടൊപ്പം പള്ളിയുള്ളിടങ്ങളിലെല്ലാം അവിടെ വെച്ചാണ് നിര്‍ബന്ധ നമസ്‌കാരം നിര്‍വഹിക്കേണ്ടത്. വിശ്വാസികളുടെ ജീവിതവുമായി ഇവ്വിധം കെട്ടുപിണഞ്ഞു കിടക്കുന്ന പള്ളികളാണ് കഴിഞ്ഞ കുറേ ആഴ്ചകളായി അടഞ്ഞു കിടക്കുന്നത്. അതുണ്ടാക്കുന്ന ഹൃദയവേദനയും ആത്മനൊമ്പരവും വിവരണാതീതം തന്നെ. എന്നാല്‍ അതിപ്രധാനമായ സാമൂഹിക ആവശ്യ നിര്‍വഹണത്തിനു വേണ്ടിയാണെന്നതിനാല്‍ വിശ്വാസികളെല്ലാം ദുഃഖമൊക്കെയും മനസ്സിലൊതുക്കി ക്ഷമിച്ചും സഹിച്ചും പ്രാര്‍ഥിച്ചും കഴിഞ്ഞുകൂടുന്നു, ഒരു നാള്‍ എല്ലാം മാറുമെന്ന പ്രതീക്ഷയോടെ.
എല്ലാവര്‍ക്കും അനുഗ്രഹം
ഓരോ പ്രദേശത്തെയും വിശ്വാസികളെ കൂട്ടിയിണക്കുന്ന കണ്ണിയാണ് പള്ളി. പരിസരപ്രദേശങ്ങളിലുള്ളവര്‍ ദിനേന അഞ്ചു നേരം അവിടെ ഒത്തുകൂടുന്നു. കുശലാന്വേഷണങ്ങള്‍ നടത്തുന്നു. സൗഹൃദം പങ്കിടുന്നു. പ്രദേശത്തെ വിവരങ്ങള്‍ കൈമാറുന്നു. ഒരുമിച്ച് പ്രാര്‍ഥിക്കുന്നു. അവര്‍ക്കിടയില്‍ സ്നേഹോഷ്മള വികാരം നിറഞ്ഞുനില്‍ക്കാന്‍ മറ്റെന്തു വേണം! വെള്ളിയാഴ്ചകളില്‍ പള്ളിയുമായി ബന്ധപ്പെട്ട എല്ലാവരും അവിടെ ഒരുമിച്ചു കൂടുന്നു. സമകാലിക സംഭവ വികാസങ്ങളെ ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്നത് കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം ഇടപഴകുന്നു. സുഖ വിവരങ്ങള്‍ കൈമാറുന്നു.
ഓരോ പള്ളിയും കേന്ദ്രീകരിച്ചുള്ള മഹല്ല് സംവിധാനം ഇസ്ലാമിക ഭരണകൂടത്തിന്റെ അഭാവത്തില്‍ അത് നിര്‍വഹിക്കേണ്ട കാര്യങ്ങള്‍ സാധ്യതയുടെ പരമാവധി പൂര്‍ത്തീകരിക്കുന്നു. സാമ്പത്തികമായി പ്രയാസപ്പെടുന്നവരെ സഹായിക്കുക, അഗതികളുടെയും അനാഥരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുക, പ്രദേശത്തെ വിദ്യാര്‍ഥികളുടെ പഠന കാര്യങ്ങള്‍ ശ്രദ്ധിക്കുക, മഹല്ല് നിവാസികളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും ആരോഗ്യപരവും കുടുംബപരവുമായ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുക പോലുള്ളവക്കെല്ലാം ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നു. ഇങ്ങനെ പള്ളികള്‍ അവയുമായി ബന്ധപ്പെട്ട ജനവിഭാഗത്തിന്റെ ഇരുലോക വിജയത്തിനുമാവശ്യമായ കാര്യങ്ങളില്‍ പരമാവധി ശ്രദ്ധിക്കുന്നു. അഥവാ, ഇതൊക്കെയാണ് പള്ളികളിലൂടെ നിര്‍വഹിക്കപ്പെടുന്നത്. അത്തരം ഒരു സ്ഥാപനം അടച്ചുപൂട്ടപ്പെടുമ്പോള്‍ അതുണ്ടാക്കുന്ന ആഘാതം മനസ്സിലാക്കാവുന്നതേയുള്ളൂ.
ജാതി, മത, വിശ്വാസ, വീക്ഷണ, വൈജാത്യങ്ങള്‍ക്കതീതമായി പ്രദേശത്തെ എല്ലാവര്‍ക്കും അനുഗ്രഹമായി മാറും വിധമായിരിക്കണം പള്ളികളെന്ന് ഇസ്ലാം അനുശാസിക്കുന്നു. നാട്ടുകാരായ ആര്‍ക്കും എന്താവശ്യത്തിനും അവിടെ കയറിവരാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. അപ്പോഴാണ് പള്ളി പ്രദേശത്തെ മുഴുവന്‍ ആളുകളുടെയും സ്ഥാപനമായും അനുഗ്രഹമായും മാറുക. കേരളത്തിലെ പല പള്ളികളും അവ്വിധമായിരുന്നതിനാലാണ് അവയുടെ നിര്‍മാണത്തില്‍ ഹൈന്ദവ സഹോദരീസഹോദരന്മാര്‍ എടുത്തു പറയാവുന്ന സംഭാവനകളര്‍പ്പിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന പല പള്ളികളും നില്‍ക്കുന്ന സ്ഥലങ്ങള്‍ സഹോദര സമുദായാംഗങ്ങള്‍ സംഭാവന ചെയ്തവയാണ്. മുസ്ലിംകളെ പോലെ അവരും കേസ്സുകള്‍ പരിഹരിക്കാന്‍ നീതി തേടി വന്നിരുന്നത് പലപ്പോഴും പള്ളികളിലേക്കാണ്.
ഇങ്ങനെ പള്ളികള്‍ ഓരോ പ്രദേശത്തെയും പൊതു സ്ഥാപനമായി നിലകൊള്ളണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ഭൂമിയിലെ ആദ്യത്തെ ആരാധനാലയമായ വിശുദ്ധ കഅബ നില്‍ക്കുന്ന ഇടം സുഭിക്ഷവും സുരക്ഷിതവുമാകണമെന്നാണല്ലോ ഇബ്‌റാഹീം നബി പ്രാര്‍ഥിച്ചത്. അവിടത്തുകാരെ പേടിയില്‍ നിന്നും പട്ടിണിയില്‍ നിന്നും മോചിപ്പിച്ചതായി അല്ലാഹു അറിയിക്കുകയും ചെയ്തു (106:3,4).
ആദ്യകാലം തൊട്ടുതന്നെ പള്ളികള്‍ വിജ്ഞാനകേന്ദ്രങ്ങളായിരുന്നു. ഇസ്ലാമിന്റെ സുവര്‍ണ കാലത്ത് അവിടം സര്‍വകലാശാലകളായിരുന്നു. വിവിധ ശാസ്ത്രശാഖകള്‍ വരെ അവിടെ പഠിപ്പിച്ചിരുന്നു. കേരളത്തില്‍ വ്യവസ്ഥാപിത മതവിദ്യാഭ്യാസം ആരംഭിച്ചതു തന്നെ പൊന്നാനി പള്ളിയില്‍ നിന്നാണ്. കേരളത്തിലുള്‍പ്പെടെ ലോകമെങ്ങും ഇന്നും പള്ളികള്‍ വിജ്ഞാന വിതരണ കേന്ദ്രങ്ങളായി തുടരുന്നു. പ്രഭാഷണങ്ങളിലൂടെയും പഠന ക്ലാസുകളിലൂടെയുമാണെന്നു മാത്രം. ഇങ്ങനെ ഓരോ പ്രദേശത്തും പ്രകാശം പരത്തുന്ന ഇടങ്ങളായി പള്ളികള്‍ മാറുന്നു.
പ്രബോധനവും പോരാട്ടങ്ങളും
പ്രവാചകന്റെ കാലം തൊട്ടുതന്നെ പള്ളികളായിരുന്നു ഇസ്ലാമിക പ്രബോധനത്തിന്റെ മുഖ്യ കേന്ദ്രങ്ങള്‍. അന്ന് തൊട്ടിന്നോളം ഇതുതന്നെയാണ് ലോകമെങ്ങുമുള്ള അവസ്ഥ. കേരളത്തില്‍ ഇസ്ലാമിക പ്രചാരണം പ്രധാനമായും ഏറ്റെടുത്ത് നടത്തിയത് പള്ളികള്‍ തന്നെയാണ്. വിശ്വാസികളെ സംബന്ധിച്ചേടത്തോളം എല്ലാ മഹദ്കൃത്യങ്ങളുടെയും പ്രചോദനം ആരാധനകളാണ്. അവയില്‍ ഏറ്റം പ്രധാനം നമസ്‌കാരം തന്നെ. അത് നിര്‍വഹിക്കപ്പെടുന്ന ഇടമെന്ന നിലയില്‍ എക്കാലത്തെയും വിമോചന പോരാട്ടങ്ങളുടെയും സ്വാതന്ത്ര്യ സമരങ്ങളുടെയും സിരാകേന്ദ്രങ്ങള്‍ കൂടിയായിരുന്നു പള്ളികള്‍. കേരളത്തിലും മുസ്ലിംകള്‍ പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടങ്ങള്‍ക്കും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്കും പ്രചോദനമുള്‍ക്കൊണ്ടതും ഇന്ധനം സ്വീകരിച്ചതും പള്ളികളില്‍ നിന്നു തന്നെയാണ്. കേരളത്തില്‍ പള്ളികളുടെ സംരക്ഷണത്തിനു വേണ്ടിയും പോരാട്ടം നടത്തേണ്ടി വന്നിട്ടുണ്ട്. ചേറൂരും തിരൂരങ്ങാടിയും മമ്പുറവും ഓമാനൂരുമൊക്കെ ചരിത്രത്തില്‍ ഇടം നേടിയത് അങ്ങനെയാണ്. ബ്രിട്ടീഷാധിപത്യത്തില്‍ ഇരുപതാം നൂറ്റാണ്ടിനു മുമ്പ് നടന്ന തൊണ്ണൂറ് കലാപങ്ങളില്‍ മുപ്പത്തി ഒന്നും പള്ളികള്‍ക്കെതിരായ കൈയേറ്റങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് വില്യം ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വ്യക്തിപരമായ നഷ്ടം
ഏതൊരാളെയും വ്യക്തിജീവിതത്തില്‍ വായനക്കും പഠനത്തിനും നിര്‍ബന്ധമാക്കുന്ന കര്‍മമാണ് ജുമുഅഃ ഖുത്വ്ബ. ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെ പതിനേഴാമത്തെ വയസ്സിലാണ് ജുമുഅ ഖുത്വ്ബ നിര്‍വഹിക്കാന്‍ തുടങ്ങിയത്. ഒന്നിടവിട്ട ആഴ്ചകളില്‍ ബേപ്പൂര്‍ പള്ളിയില്‍ ആദരണീയ അധ്യാപകന്‍ മുഹമ്മദ് അബുസ്സ്വലാഹ് മൗലവിയെ പ്രതിനിധീകരിച്ച് ഖുത്വ്ബ നിര്‍വഹിക്കും. തൊട്ടുള്ള ഇടവിട്ട ആഴ്ചകളില്‍ കോഴിക്കോട് നല്ലളത്ത് ബഹുമാന്യനായ ഗുരുനാഥന്‍ അബ്ദുല്‍ കരീം തങ്ങളെ പ്രതിനിധീകരിച്ചും. അതിനാല്‍ എനിക്ക് എല്ലാ ആഴ്ചയും ഖുത്വ്ബ ഉണ്ടാവും. അന്നു തൊട്ടിന്നോളം അത്യപൂര്‍വമായല്ലാതെ ഖുത്വ്ബ മുടങ്ങിയിട്ടില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി നാട്ടിലെ വീടിനടുത്തുള്ള മസ്ജിദുല്‍ ഫലാഹില്‍ ഖുത്വ്ബ നിര്‍വഹിക്കുന്നു. അനിവാര്യമായ കാരണങ്ങളാല്‍ ഇടവേളകളില്‍ ഏതാനും വര്‍ഷം അരീക്കോട്ടും വണ്ടൂരും മഞ്ചേരിയിലും എടവണ്ണ മുണ്ടേങ്ങരയിലും ഖുത്വ്ബ നിര്‍വഹിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും നാട്ടില്‍ തന്നെയാണ് ഖുത്വ് ബ നടത്താറുള്ളത്.
ഖുത്വ്ബ വലിയ ഭാരവും ബാധ്യതയുമായാണ് അനുഭവപ്പെടാറുള്ളത്. പ്രത്യേകിച്ചും ഒരേ സ്ഥലത്ത് കൊല്ലങ്ങളോളം അത് നടത്തേണ്ടിവരുന്നതിനാല്‍. എന്നാല്‍ അത് ഏറെ ആഹ്ലാദകരവുമാണ്.
ഖുത്വ്ബക്ക് തയാറെടുക്കുകയെന്നത് വലിയ ഭാരമാണെന്നതോടൊപ്പം തന്നെ വളരെയേറെ സന്തോഷം നല്‍കുന്നതും അനുഭൂതിദായകവുമാണ്. വായനക്കും ചിന്തക്കും അന്വേഷണത്തിനുമിടയില്‍ പുതിയ എന്തെങ്കിലും അറിവ് ലഭിക്കാതിരിക്കില്ല. അപ്പോഴുണ്ടാകുന്ന നിര്‍വൃതി വളരെ വലുതാണ്. ഖുത്വ്ബ നിര്‍വഹിച്ചുകഴിയുമ്പോഴുണ്ടാകുന്ന ആശ്വാസവും അനിര്‍വചനീയം തന്നെ.
നാട്ടില്‍ തന്നെ ഖുത്വ്ബ നടത്തിപ്പോരുന്നതില്‍ വ്യക്തിപരമായ ഒരു താല്‍പര്യവുമുണ്ട്. നാട്ടുകാരെയെല്ലാം ഒരുമിച്ച് കാണാമെന്നതും അവരുമായി സംവദിക്കാമെന്നതും ബന്ധവും സൗഹൃദവും പുതുക്കാമെന്നതുമാണത്. നാലു പതിറ്റാണ്ടോളമായി നാട്ടിലും വീട്ടിലുമുണ്ടാകുന്ന ഏക ദിവസവും വെള്ളിയാഴ്ച തന്നെ.
എന്നാല്‍ കോവിഡ് എല്ലാറ്റിനെയും തകിടം മറിച്ചിരിക്കുന്നു. പള്ളി വീടിന് വളരെ അടുത്തായിരുന്നിട്ടും അവിടെ പോകാന്‍ കഴിയുന്നില്ല. ഖുത്വ് ബക്ക് തയാറെടുക്കുന്ന വ്യാഴാഴ്ചയും അത് നിര്‍വഹിക്കുന്ന വെള്ളിയാഴ്ചയും അനുഭവിക്കുന്ന ശൂന്യതയുടെ ആഴവും പരപ്പും വാക്കുകളിലൊതുക്കാവുന്നതല്ല.
വീടുകള്‍ ഖിബ്‌ലകളായപ്പോള്‍
വിശ്വാസികള്‍ക്ക് ഒത്തുകൂടാന്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ എന്തു ചെയ്യും? ഖുര്‍ആന്‍ പഠിപ്പിച്ചതും പ്രവാചകന്‍ അറിയിച്ചതും പൂര്‍വിക സമൂഹങ്ങള്‍ ചെയ്തതും പ്രായോഗികമായതും ഒന്നു തന്നെ. മൂസാ നബിയുടെ കാലത്തെ ഈജിപ്തിലെ വിശ്വാസികള്‍ക്ക് ഒരിടത്തും ഒത്തുകൂടാന്‍ സാധ്യമായിരുന്നില്ല. അവിടെ നിലനിന്നിരുന്ന ഏകാധിപത്യ, സ്വേഛാധിപത്യ, മര്‍ദക, ഭീകര ഭരണകൂടം അവരെ ഒന്നിനും അനുവദിച്ചിരുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ മൂസാ നബി അവര്‍ക്കു നല്‍കിയ നിര്‍ദേശം ഖുര്‍ആനിലുണ്ട്: ''മൂസാക്കും അദ്ദേഹത്തിന്റെ സഹോദരന്നും നാം ബോധനം നല്‍കി: നിങ്ങളിരുവരും നിങ്ങളുടെ ജനതക്കായി ഈജിപ്തില്‍ ഏതാനും വീടുകള്‍ തയാറാക്കുക. നിങ്ങളുടെ വീടുകളെ നിങ്ങള്‍ ഖിബ്‌ലകളാക്കുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുകയും ചെയ്യുക'' (10:87).
കോവിഡും ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുന്നു. അതിനാല്‍ ലോകമെങ്ങുമുള്ള മുസ്ലിം വീടുകളിന്ന് പള്ളികളായി മാറിയിരിക്കുന്നു. ഭൂമിയൊക്കെയും മസ്ജിദുകളാണെന്ന് പ്രവാചകന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ.
വീടുകളില്‍ ഒതുങ്ങിക്കൂടുന്ന കാലം കുടുംബത്തെ സംബന്ധിച്ചേടത്തോളം സന്തോഷത്തിന്റെയും നിര്‍വൃതിയുടെയും നാളുകളാണ്. ഇത്ര ദീര്‍ഘകാലം കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചു കഴിയാന്‍ മുമ്പൊരിക്കലും സാധിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ പള്ളികള്‍ അടച്ചുപൂട്ടപ്പെട്ട സാഹചര്യത്തില്‍ വിശ്വാസികളുടെ വീടുകള്‍ ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ആരാധനാനുഷ്ഠാനങ്ങളുടെയും പ്രാര്‍ഥനകളുടെയും കീര്‍ത്തനങ്ങളുടെയും ഭക്തിസാന്ദ്രമായ ഇടങ്ങളായി മാറിയിരിക്കുന്നു. അഞ്ചു നേരവും സംഘടിത നമസ്‌കാരം നടക്കാത്ത വിശ്വാസികളുടെ വീടുകളിന്ന് വളരെ വിരളമായിരിക്കും. ഈ കോവിഡ് കാലത്ത് കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള നമസ്‌കാരവും പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവും പഠനവും ചര്‍ച്ചകളും ഭക്ഷണവും നല്‍കുന്ന സംതൃപ്തിയും സ്നേഹവികാരങ്ങളുടെ ഊഷ്മളതയും അനുഭവിക്കാത്തവര്‍ നന്നേ കുറവായിരിക്കും.
പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുന്നവരാണല്ലോ വിശ്വാസികള്‍. പ്രയാസത്തോടൊപ്പമാണ് എളുപ്പമെന്ന് അവര്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. കോവിഡ് കാരണം അടഞ്ഞു കിടക്കുന്ന ഓരോ പള്ളിയുമായും ബന്ധപ്പെട്ട വീടുകളെയെല്ലാം പള്ളികളാക്കി മാറ്റിയിരിക്കുകയാണല്ലോ നാം. കോവിഡാനന്തരം പള്ളികള്‍ തുറക്കപ്പെടുമ്പോള്‍, പള്ളികളായി മാറിയ നൂറുകണക്കിനു വീടുകളില്‍നിന്ന് ആവാഹിച്ച ആത്മീയോര്‍ജവുമായാണ് വിശ്വാസികള്‍ ഓരോ പള്ളിയിലും എത്തുകയെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം.
Comments