Prabodhanm Weekly

Pages

Search

2020 മെയ് 22

3153

1441 റമദാന്‍ 29

ഈദുല്‍ ഫിത്വ്ര്‍ അല്ലാഹുവിനുള്ള സമ്പൂര്‍ണ വിധേയത്വത്തിന്റെ പ്രഖ്യാപനം

എം.ഐ അബ്ദുല്‍ അസീസ് അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്,
ഏതു സാഹചര്യത്തിലും വിശ്വാസിയുടെ നിലപാടിതാണ്. പ്രത്യാശയും പ്രതീക്ഷയും പ്രകടമാവുന്ന വര്‍ണാഭമായ മുഖമാണ് ഈദുല്‍ ഫിത്വ്‌റില്‍ വിശ്വാസിയുടേത്. അല്ലാഹുവാണ് വലിയവന്‍,  അല്ലാഹുവിനാകുന്നു സര്‍വ സ്തുതിയും- പ്രതിസന്ധികളുടെ ഘനാന്ധകാരത്തിലും ആഹ്ലാദത്തിന്റെ പെരുമഴക്കാലത്തും അവന്റെ കനിവിലാണല്ലോ തന്റെ ജീവിതം പുലരുന്നത്. ഈ യാഥാര്‍ഥ്യത്തെ സ്വന്തം ജീവിതത്തില്‍ ദൃഢീകരിക്കാനുള്ള രാപ്പകല്‍ പരിശ്രമത്തിലായിരുന്നു വിശ്വാസികളെല്ലാം തന്നെ. അതിന്റെ വിജയപ്രഖ്യാപനമാണ് ഈദുല്‍ ഫിത്വ്ര്‍.
കഴിഞ്ഞ ഒരു മാസക്കാലം അതിതീവ്ര പ്രയത്നത്തിലായിരുന്നു ഓരോരുത്തരും. തന്റെ ഇഛകളെ അടക്കിയിരുത്തി അല്ലാഹുവിന്റെ ഇംഗിതത്തിന് വിധേയപ്പെടണം, തന്റെ അത്യാവശ്യങ്ങളേക്കാള്‍ അപരന്റെ ആവശ്യങ്ങളെ കാണാന്‍ പഠിക്കണം, രാത്രികളില്‍ നിദ്ര വിട്ടുണര്‍ന്ന് പ്രപഞ്ചനാഥനോട് കൂട്ടുകൂടണം, ജീവിതത്തിന്റെ വരും കാലത്തെ കരുത്തിനായി ഈമാനും ഇഹ്സാനും തഖ്‌വയും സ്വബ്റും ആര്‍ജിച്ചെടുക്കണം, പുനരുദ്ധാന നാളില്‍ ഏതര്‍ഥത്തിലും അവന്റെ തൃപ്തിക്ക് അര്‍ഹനായിത്തീരണം, സ്വര്‍ഗത്തിലിടം വേണം. നരകത്തില്‍ നിന്നും അവന്റെ കോപത്തില്‍ നിന്നും രക്ഷപ്പെടണം. ഇതൊക്കെയായിരുന്നു റമദാനില്‍ ലക്ഷ്യമിട്ടത്. ഇതിനായുള്ള കര്‍മനിര്‍വഹണത്തില്‍ അല്ലാഹു സംതൃപ്തനായിരിക്കുന്നു എന്നറിയിച്ചുകൊണ്ട് സമ്മാനിക്കുന്നതാണ് ഈദുല്‍ ഫിത്വ്ര്‍.
റമദാന്‍ പരിസമാപ്തിയിലേക്ക് എത്തുമ്പോള്‍ ശവ്വാലിന്‍ പിറ ചക്രവാളത്തില്‍ തെളിയുന്നതോടെ നിര്‍ബന്ധമാകുന്നതാണ് സകാത്തുല്‍ ഫിത്വ്ര്‍. നോമ്പ് സാര്‍ഥകമാകുന്നത് അതോടെയാണ്: 'അടിമയുടെ വ്രതാനുഷ്ഠാനം വാന ഭുവനങ്ങള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുകയായിരിക്കും. ഫിത്വ്ര്‍ സകാത്ത് മുഖേനയല്ലാതെ അത് മേല്‍പ്പോട്ടുയര്‍ത്തപ്പെടുകയില്ല'. ആരും പട്ടിണി കിടക്കാത്ത ലോകത്തെ സ്വപ്‌നം കാണുന്നതു കൂടിയാണ് ഇസ്ലാമിലെ ആരാധനയും ആഹ്ലാദവുമെന്നാണ് ഫിത്വ്ര്‍ സകാത്തിന്റെ അന്തസ്സത്ത.
ഇത്തവണ പരിമിതികളെ സാധ്യതകളാക്കി മാറ്റിയവരാണ് ലോകത്തെല്ലായിടത്തുമുള്ള വിശ്വാസികള്‍. അടഞ്ഞ മസ്ജിദുകളും സാമൂഹികാരാധനകള്‍ക്കുള്ള വിലക്കുകളുമാണ് റമദാനില്‍ അവരെ വരവേറ്റത്. പക്ഷേ, വീടുകളെ അവര്‍ ആരാധനകള്‍ കൊണ്ട് നിറച്ചു. ലോകം അടച്ചു പൂട്ടപ്പെട്ടപ്പോള്‍ അവരുടെ മനസ്സുകള്‍ ആകാശസഞ്ചാരം നടത്തി, ഒറ്റക്കല്ല, കുടുംബത്തോടൊപ്പം. ഖുര്‍ആനിന്റെ ലോകത്ത് വിഹരിച്ചു, സാങ്കേതിക സൗകര്യങ്ങള്‍ നാനാവിധ ഉദ്ബോധനങ്ങള്‍ അവരുടെ കാതുകളിലെത്തിച്ചു.
പെരുന്നാളിലെ തക്ബീറിന് ഒരുപാട് അര്‍ഥങ്ങളുണ്ട്. ഒന്നാമതായി, അത് അല്ലാഹുവിനുള്ള സമ്പൂര്‍ണ വിധേയത്വത്തിന്റെ പ്രഖ്യാപനമാണ്. അതിനാല്‍ തന്നെ ലോകത്ത് അധികാരം വാഴുന്ന ദൈവേതര ശക്തികളോടുള്ള പുറം തിരിഞ്ഞു നില്‍ക്കലും ധിക്കാരവുമാണ്. അവരോടുള്ള സമരപ്രഖ്യാപനമാണ്. മനുഷ്യരെ അടിമകളാക്കി വെച്ച് പ്രകൃതിവിഭവങ്ങളെ തന്നിഷ്ടം ഉപയോഗിക്കുന്ന വ്യവസ്ഥിതികള്‍ക്കെതിരിലുള്ള സമര പ്രഖ്യാപനം. റമദാനിലൂടെ കരസ്ഥമാക്കിയ ദൈവസാമീപ്യത്തിന്റെ ബലത്തിലാണ് ഈ പോരാട്ടത്തിന് വിശ്വാസി സജ്ജമാകുന്നത്. അനീതിയുടെയും അധര്‍മത്തിന്റെയും അക്രമത്തിന്റെയും വംശീയതയുടെയും അശ്ലീലതയുടെയും ലോകക്രമത്തോട് എത്ര അമര്‍ഷപ്പെടാനാവുന്നുണ്ട് എന്ന് പെരുന്നാളിനെ വരവേല്‍ക്കുന്ന ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതാണ്.
നോമ്പെന്ന പോലെ പെരുന്നാളും നമുക്ക് കൊറോണയുടെ കാലത്താണ്. തുടക്കത്തില്‍ കോവിഡ്-19 നമുക്കൊരു പകര്‍ച്ചവ്യാധിയുടെ പേരായിരുന്നു. ഒന്നു രണ്ട് ആഴ്ചകള്‍ക്കകം കോവിഡ് മുക്തമാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇന്നത് നമ്മുടെ വ്യക്തി, സാമൂഹിക, സാമ്പത്തിക ജീവിതക്രമത്തെ അടിമേല്‍ മാറ്റിപ്പണിയുന്ന പ്രതിഭാസമായി മാറിക്കഴിഞ്ഞിരിക്കുന്നു. രണ്ട്, മൂന്ന് വര്‍ഷം കോവിഡ് 19-ന്റെ കൂടെ ലോകത്തിന് സഞ്ചരിക്കേണ്ടി വരുമെന്ന് പല വിദഗ്ധരും  ചൂണ്ടിക്കാണിക്കുന്നു. ഇതെഴുതുമ്പോള്‍ കോവിഡ് കാരണം മരണപ്പെട്ടവരുടെ എണ്ണം മൂന്ന് ലക്ഷത്തോടടുക്കുകയാണ്. രോഗം ബാധിച്ചവരുടെ എണ്ണം നാലര ദശലക്ഷത്തോടടുക്കുന്നു.  ഇവരിലെല്ലാം കൂടി രോഗം പരത്തിയ ആകെ വൈറസുകളുടെ ഭാരം ഏതാനും ഗ്രാമുകളേ വരൂ. നോക്കൂ, ഇത്രയും നിസ്സാരമായ ഒരു സൃഷ്ടി ലോകത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, അധികാര വ്യവസ്ഥയെയും സാമൂഹിക, വ്യക്തി ജീവിതത്തെയും നിര്‍ണയിക്കുന്നു എന്നത് വിസ്മയകരമാണ്. മനുഷ്യന്റെ പരിമിതികളിലേക്കും, പരിമിതികളെ മനസ്സിലാക്കാത്ത ധിക്കാരത്തിലേക്കും തീര്‍ച്ചയായും കോവിഡ് 19 വിരല്‍ ചൂണ്ടുന്നുണ്ട്. പോഷകാഹാരക്കുറവു കൊണ്ട് പ്രതിദിനം 22000 കുഞ്ഞുങ്ങള്‍ മരിക്കുന്ന ലോകക്രമമാണ് നമ്മുടേത്. പക്ഷേ, അതൊട്ടും നമ്മെ അലോസരപ്പെടുത്തിയിരുന്നില്ല, ഇല്ലാത്തവന്‍ കൂടുതല്‍ ഇല്ലാത്തവനാവുകയും സമ്പന്നന്‍ വീണ്ടും തടിച്ചുകൊഴുക്കുകയും ചെയ്യുന്ന നവ ഉദാര ലോകക്രമത്തില്‍ നാം അസ്വസ്ഥരായിരുന്നില്ല. ആ ലോകക്രമത്തെയാണ് കോവിഡ് 19 വെല്ലുവിളിച്ചിരിക്കുന്നത്. ദുരന്തമൃത്യുകളും ദാരിദ്ര്യവും പട്ടിണിയും ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സംവരണം ചെയ്തു കൊടുത്ത ലോകവ്യവസ്ഥയാണ് നിന്ന് വിറക്കുന്നത്. മനുഷ്യരെല്ലാം ഒന്നാണെന്നും ദൈവത്തിന്റെ സൃഷ്ടികളാണെന്നും മനുഷ്യരുടെ ആധിപത്യ, വിധേയത്വ കാഴ്ചപ്പാടുകള്‍ വെറും മിഥ്യയാണെന്നും  പഠിപ്പിച്ചിരിക്കുകയാണ് കോവിഡ് 19. അവിടെ രാഷ്ട്രാതിര്‍ത്തികള്‍ക്കോ, വംശ-വര്‍ണ വൈജാത്യങ്ങള്‍ക്കോ പ്രസക്തിയില്ല. കോവിഡാനന്തരം പുതിയൊരു ജീവിതക്രമത്തെക്കുറിച്ച ചര്‍ച്ച സജീവമാണെങ്ങും. പക്ഷേ, മൗലികമായ ഈ അടിസ്ഥാന ബോധത്തിലേക്കുള്ള മടക്കം മാത്രമാണ് മനുഷ്യരാശിയെ രക്ഷിക്കുക. ഈദിന്റെ അര്‍ഥം മടക്കം എന്നാണല്ലോ.
പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്ന സന്ദര്‍ഭമാണ് പെരുന്നാള്‍. ലോകം അഭിമുഖീകരിക്കുന്ന മഹാദുരന്തത്തില്‍ നിന്നും രക്ഷ തേടി നാം അല്ലാഹുവോട് അകമഴിഞ്ഞു പ്രാര്‍ഥിക്കണം. കോവിഡിനു ശേഷവും അത് സൃഷ്ടിച്ച ആഘാതം ഏറെക്കാലം നമ്മെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. ആ പ്രതിസന്ധികാലത്തെ സ്ഥൈര്യത്തോടെ അഭിമുഖീകരിക്കാന്‍ അല്ലാഹുവിന്റെ സഹായം കൂടിയേ തീരൂ.
ലോകത്ത് മുസ് ലിം വിരുദ്ധതയും ഇസ്ലാമോഫോബിയയും കരുത്താര്‍ജിച്ചുവരികയാണ്. കോവിഡിന്റെ ദുരന്തസാഹചര്യത്തെ പോലും അതിനായി ഉപയോഗപ്പെടുത്തുകയാണ്. ഇന്ത്യയിലെ സംഘ് പരിവാര്‍ സര്‍ക്കാറാവട്ടെ, ലോക്ക് ഡൗണിനെ മുസ്ലിം വേട്ട നടത്തുന്നതിനുള്ള മികച്ച അവസരമാക്കിയിരിക്കുകയാണ്.
ദല്‍ഹിയില്‍  മുസ്ലിംകള്‍ക്കെതിരെ നടന്ന വംശഹത്യയില്‍ പ്രതി ചേര്‍ത്ത് ജയിലിലടച്ചിരിക്കുന്നത് പൗരത്വ നിയമത്തിനെതിരെ സമരം നയിച്ച വിദ്യാര്‍ഥികളെയാണ്. ഡോ. സഫറുല്‍  ഇസ്ലാം ഖാനെ പോലുള്ള പരിണിതപ്രജ്ഞരായ സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു.
ഈ യാഥാര്‍ഥ്യങ്ങളെ വിസ്മരിക്കുന്നതായിരിക്കരുത് നമ്മുടെ പെരുന്നാള്‍. പൗരത്വ നിയമത്തിനെതിരായ നമ്മുടെ സമരം വിശ്വാസത്തിന്റെ കൂടി ഭാഗമാണ്. സമരം തീക്ഷ്ണമായി ഭാവിയിലേക്ക് നീളേണ്ടത് റമദാനിന്റെയും ഈദിന്റെയും കരുത്തിലാണ്.  ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞ് മാത്രമാണ് സഫൂറാ സര്‍ഗാറിന് തടവറയുടെ എകാന്തതയില്‍ പെരുന്നാള്‍കൂട്ടെന്ന് നമുക്കെങ്ങനെ വിസ്മരിക്കാനാകും! അങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്യായമായി ഭീകര നിയമങ്ങള്‍ ചുമത്തപ്പെട്ട് ജയിലറകളില്‍ കഴിയുന്ന പരസഹസ്രം സഹോദരങ്ങള്‍ നമ്മുടെ ആഘോഷവേളകളിലും പ്രാര്‍ഥനകളിലും ഇടം പിടിക്കണം.
വിശ്വാസത്തിന്റെ ഭാഗമായിരിക്കുമ്പോഴും ആഘോഷങ്ങള്‍ക്ക് അവയെ കവിഞ്ഞു നില്‍ക്കുന്ന തലമുണ്ട്, ഇസ്ലാമിലെ ആഘോഷങ്ങള്‍ക്ക് പ്രത്യേകിച്ചും. അത് മനുഷ്യ സാഹോദര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. എല്ലാ വിവേചനങ്ങളെയും അത് നിരാകരിക്കുന്നു. ചെറിയ പെരുന്നാളിന്റെ ഈ സന്ദേശം നമ്മുടെ സഹോദര സമുദായങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും പടരണം. എല്ലാവിധ സാമൂഹിക അകലങ്ങള്‍ പാലിക്കപ്പെടുമ്പോഴും ഈ പങ്കുവെപ്പുകള്‍ പ്രധാനമാണ്.  അതാണ് മാനവരാശിയുടെ കരുത്തും കരുതലും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (42-44)
ടി.കെ ഉബൈദ്‌