Prabodhanm Weekly

Pages

Search

2020 മെയ് 22

3153

1441 റമദാന്‍ 29

കോവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃകയായി ഒമാന്‍

റഹ്മത്തുല്ല മഗ്‌രിബി

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കോവിഡ് 19 മഹാമാരി ഗള്‍ഫ് നാടുകളെ ഭീതിയിലാഴ്ത്തി കടന്നു വന്നത്. മൂന്നു നാലു വര്‍ഷമായി ക്രൂഡ് ഓയിലിന്റെ വില പകുതിയിലധികം താഴുകയും,  മിച്ച ബജറ്റില്‍ പോയിരുന്ന ഗള്‍ഫ് നാടുകള്‍ കമ്മി ബജറ്റിലേക്ക് മാറുകയും, ചിലരെങ്കിലും ബജറ്റ് കമ്മി നികത്താന്‍ അന്താരാഷ്ട്ര സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനെക്കുറിച്ച് കാര്യമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍.
സാമ്പത്തിക മാന്ദ്യം ചെറുകിട- വന്‍കിട ബിസിനസ്സുകളെ ബാധിക്കുകയും, ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ചില കമ്പനികളിലെങ്കിലും പ്രയാസങ്ങള്‍ നേരിടുകയും ചെയ്ത  കാലമായിരുന്നു പൊതുവെ കോവിഡിനു മുമ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്ന് ഭിന്നമായ ഒരു അവസ്ഥ ആയിരുന്നില്ല ഒമാനിലും.
വുഹാനില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും അസംസ്‌കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുന്നത് ഒമാന്‍ നിര്‍ത്തിവെച്ചു. ചൈനയില്‍ നിന്നു നേരിട്ട് ഉല്‍പന്നങ്ങള്‍ ഇറക്കി വിതരണം ചെയ്യുന്നവരും, നേരിട്ട് ഇറക്കുമതി ചെയ്തിരുന്ന വലിയ റീട്ടെയ്ല്‍ വ്യാപാരികളും അസംസ്‌കൃത വസ്തുക്കള്‍ ഇറക്കി പ്രാദേശികമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവരുമെല്ലാം പ്രതിസന്ധിയിലായി. ഗള്‍ഫ് വിപണിയിലെ റീട്ടെയ്ല്‍ മേഖലയില്‍ 50 ശതമാനത്തില്‍ കൂടുതലും ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍  ആണ്. അതിനനുസരിച്ച് അസംസ്‌കൃത വസ്തുക്കള്‍ ചൈനയില്‍ നിന്ന് ഇറക്കാന്‍ പറ്റാത്തതു മൂലം ചെരുപ്പ് നിര്‍മാണ കമ്പനികള്‍, കളിപ്പാട്ടങ്ങള്‍ നിര്‍മാണം, പരസ്യ മേഖല, മറ്റു ഉപഭോഗവസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനികള്‍ എന്നിവയുടെ ഉല്‍പാദനം നിലച്ച സാഹചര്യം 2019 ഡിസംബര്‍ അവസാനം മുതല്‍ തന്നെ ഉണ്ടായിരുന്നു. 2020 ജനുവരി ആദ്യത്തില്‍  ആധുനിക ഒമാന്റെ ശില്‍പി സുല്‍ത്താന്‍  ഖാബൂസ് ബിന്‍ സഈദ് മരണപ്പെട്ടു.  പുതിയ സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖ് ഭരണമേറ്റെടുക്കുകയും കാര്യങ്ങള്‍ പതുക്കെ പുരോഗതി പ്രാപിച്ചു വരികയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഒമാനില്‍ കോവിഡ് 19 എത്തുന്നത്.

കോവിഡിനെ നേരിട്ട വിധം 

കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന തരത്തിലുള്ള തയാറെടുപ്പുകളും മുന്‍കരുതലുകളും എടുക്കാന്‍ ആരോഗ്യ മന്ത്രാലയം ശുഷ്‌കാന്തി കാണിച്ചിരുന്നു. വളരെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളായിരുന്നു  ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിന്റേത്.  ആദ്യമായി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ചൈനയിലേക്കും ശേഷം ഇറ്റലിയിലേക്കും ഇറാനിലേക്കും പോയ തദ്ദേശീയരില്‍ ആയിരുന്നു.  അവരില്‍ നിന്ന് സമൂഹ വ്യാപനം ഉണ്ടാകാത്ത രൂപത്തില്‍ പിടിച്ചുനിര്‍ത്താന്‍ ഐസൊലേഷന്‍ വഴി ഒരു പരിധിവരെ സാധിച്ചിരുന്നു.  ഇതിനിടെ ഇറ്റലിയില്‍ നിന്നുള്ള സഞ്ചാരികള്‍ വന്ന രണ്ടു-മൂന്നു ടൂറിസ്റ്റ്  കപ്പലുകള്‍ ഒമാനിലെ  മത്ര തുറമുഖത്ത് വരികയും അതിലെ വിനോദസഞ്ചാരികള്‍ അവിടത്തെ പുരാതനമായ സൂഖില്‍ ഷോപ്പിംഗ് നടത്തുകയും ചെയ്തപ്പോഴാണ് സാമൂഹിക വ്യാപനത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ഈ സൂഖിലും അതിന്റെ ചുറ്റുപാടുമുള്ള സ്ഥലങ്ങളിലും  അയ്യായിരത്തിലധികം വ്യത്യസ്ത ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ഭൂരിഭാഗവും നടത്തുന്നത് മലയാളികളാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് പ്രവാസികളിലേക്ക് കൂടി കോവിഡ് 19 ബാധ പകരുകയുണ്ടായി. പക്ഷേ മന്ത്രാലയത്തിന്റെയും സന്നദ്ധ സംഘടന- സേവന പ്രവര്‍ത്തകരുടെയും നിതാന്ത ജാഗ്രത മൂലം മറ്റു പല  രാജ്യങ്ങളില്‍ നിന്ന് വിഭിന്നമായി സാമൂഹിക വ്യാപനം നിയന്ത്രിച്ചു നിര്‍ത്താന്‍  സാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ്  മനസ്സിലാകുന്നത്.
ഒമാന്‍ ആരോഗ്യ മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി ജനങ്ങളെ ബോധവല്‍ക്കരിച്ചു കൊണ്ടിരുന്നു. ഓരോ മേഖലയിലെയും ഹെല്‍ത്ത് സെന്ററുകള്‍ ചെക്കപ്പിനായി ഉപയോഗപ്പെടുത്തിക്കൊണ്ടും, ചില ഏരിയകളില്‍ സെന്ററുകള്‍ പൂര്‍ണമായും പ്രവാസികള്‍ക്കു വേണ്ടി തുറന്നിട്ടു കൊണ്ടും ഒമാന്‍ മാതൃകയായി. കോവിഡ് ടെസ്റ്റ് എല്ലാവര്‍ക്കും സൗജന്യമാക്കി.  വലിയ ഹോട്ടലുകള്‍  ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കി മാറ്റി. പോസിറ്റീവ് കേസുകള്‍ കൃത്യമായി നിരീക്ഷിക്കുകയും  വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുകയും ചെയ്തു.  ഇതെഴുതുമ്പോള്‍ ഒമാനിലെ കോവിഡ് ബാധിതരുടെ എണ്ണം 3000 പിന്നിട്ടിരിക്കുന്നു. അവരില്‍ ആയിരത്തിലധികം പേര്‍ തങ്ങളുടെ താമസസ്ഥലത്തേക്ക് തിരിച്ചുപോയിട്ടുണ്ട്. 
കോവിഡ് സംബന്ധമായ എല്ലാ ടെസ്റ്റുകളും പ്രവാസികള്‍ക്ക് സൗജന്യമായിരിക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത് ഒമാന്‍ ആണ്. ഒമാനിലെ നിലവിലെ സമ്പ്രദായമനുസരിച്ച് സ്വദേശികള്‍ക്കും ആരോഗ്യമേഖലയില്‍ മന്ത്രാലയത്തിനു കീഴില്‍ നേരിട്ടു ജോലി ചെയ്യുന്ന വിദേശികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആണ് ആരോഗ്യ മന്ത്രാലയം നേരിട്ട് നടത്തുന്ന ഹോസ്പിറ്റലുകളില്‍ സൗജന്യ ചികിത്സയുള്ളത്.
കോവിഡ് 19 പശ്ചാത്തലത്തില്‍  ചട്ടം മാറ്റുകയും എല്ലാ പ്രവാസികള്‍ക്കും സൗജന്യ പരിശോധനയും  ചികിത്സയും ഏര്‍പ്പെടുത്തുകയുമായിരുന്നു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അവശ്യസാധനങ്ങളുടെ കടകളും മറ്റും ഒഴികെ ബാക്കി എല്ലാ സ്ഥാപനങ്ങളും അടഞ്ഞുതന്നെ കിടന്നു.  ഇറച്ചി, മത്സ്യം എന്നിവയുടെ വില്‍പ്പനക്ക് കുറച്ചു കാലത്തേക്ക് നിയന്ത്രണം ഉണ്ടായിരുന്നു.  ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സുരക്ഷിത അകലം പാലിക്കാന്‍ പ്രത്യേകം അടയാളങ്ങള്‍ പതിച്ചു. കാഷ് കൗണ്ടറുകളില്‍   സാമൂഹിക അകലം പാലിച്ചുതന്നെയാണ് ക്യൂ എന്ന് ഉറപ്പു വരുത്താന്‍ പ്രത്യേകം വരകള്‍ ഇട്ടു വെച്ചു. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ കയറുന്നവരുടെ ശരീരോഷ്മാവ് പരിശോധിച്ചു. ട്രോളി സാനിറ്റൈസ് ചെയ്തതിനു ശേഷമാണ് ഓരോരുത്തരെയും പ്രവേശിപ്പിച്ചിരുന്നത്. അതുപോലെ ഒരു കുടുംബത്തില്‍ ഒരാള്‍ മാത്രം സാധനങ്ങള്‍ വാങ്ങാന്‍ എത്തിയാല്‍ മതിയെന്ന നിര്‍ദേശം ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ നല്‍കിയിരുന്നു.
ഒരാള്‍ക്ക് തനിക്ക് കോവിഡ് 19 ആണെന്ന് സംശയം തോന്നിയാല്‍ നേരെ മന്ത്രാലയം ഒരുക്കിയിട്ടുള്ള ഹെല്‍ത്ത് സെന്ററില്‍ ചെല്ലാം, അവിടെ സ്വാബ് കൊടുത്ത് തന്റെ റിസള്‍ട്ടിനു വേണ്ടി കാത്തുനില്‍ക്കാം. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അവര്‍ വിളിച്ചു വിവരം പറയും. പോസിറ്റീവ് ആണെങ്കില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശിക്കും. ഐസൊലേഷന്‍ ഒരാള്‍ക്ക് സ്വന്തം വീട്ടിലോ അല്ലെങ്കില്‍ ഹോട്ടലുകളിലോ അല്ലെങ്കില്‍ മന്ത്രാലയം തന്നെ ഒരുക്കിയ സ്ഥലങ്ങളിലോ ആകാവുന്നതാണ്. ഇതിനു പുറമെ സന്നദ്ധ സംഘടനകളും റൂമില്‍ ഐസോലേഷന്‍ സൗകര്യമില്ലാത്ത പ്രവാസികള്‍ക്കു വേണ്ടി ഹോട്ടല്‍ മൊത്തമായി എടുത്ത് ഐസോലേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. ഇത്തരത്തില്‍ എടുത്തു പറയേണ്ട ഐസൊലേഷന്‍ സൗകര്യം മസ്‌കത്ത് കേന്ദ്രീകരിച്ച് കെ.എം.സി.സി ഒരുക്കിയിരുന്നു.  ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും  ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളും കൃത്യമായി അവിടെ എത്തിക്കുന്നതില്‍ പ്രവര്‍ത്തകര്‍ ശുഷ്‌കാന്തി കാണിച്ചു. കോവിഡ് 19 പോസിറ്റീവ് ആയ ഒരുപാട് പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നു കെ.എം.സി.സിയുടെ ഈ പ്രവര്‍ത്തനം.
ഐസോലേഷനില്‍ കഴിയുന്ന സന്ദര്‍ഭത്തില്‍  രോഗിക്ക്  ശ്വാസതടസ്സം, വയറിളക്കം, ചുമ, തൊണ്ടവേദന എന്നിങ്ങനെ എന്തെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ മന്ത്രാലയമോ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള ആശുപത്രിയോ ആംബുലന്‍സ് അയക്കുകയും രോഗിയെ എടുത്ത് ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. രോഗം സ്ഥിരീകരിച്ച മിക്ക ആളുകളും ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ നിന്നുതന്നെ രോഗം ഭേദപ്പെട്ടാണ് തിരിച്ചുപോകുന്നത്. പ്രായാധിക്യമുള്ളവരിലും മറ്റു പല രോഗങ്ങളാല്‍ പ്രയാസപ്പെടുന്നവരിലും  രോഗലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ കാര്യമായെടുക്കാത്തവരിലും മാത്രമേ രോഗം പൊതുവെ ഗുരുതരാവസ്ഥയിലേക്ക് എത്തിയിട്ടുള്ളൂ. ഇതു വരെ രാജ്യത്ത് മൊത്തം ഇരുപതില്‍ താഴെ ആളുകളാണ് കോവിഡ് മൂലം മരണപ്പെട്ടത്.  

കാലത്തെ സേവനപ്രവര്‍ത്തനങ്ങള്‍ 

കോവിഡ് കാല മലയാളി കൂട്ടായ്മകള്‍ പ്രധാനമായും രണ്ടു മൂന്നു തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അതില്‍ ഒന്നാമത്തേതും പരമ പ്രധാനവുമായ കാര്യം, കോവിഡ് 19 സ്ഥിരീകരിച്ച ആളുകളുടെ ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടാക്കുകയും അവിടെ അവര്‍ക്കു വേണ്ട പരിചരണം നല്‍കുകയും ചെയ്യുക എന്നുള്ളതാണ്. സര്‍ക്കാര്‍ തല സംവിധാനങ്ങള്‍ പരിമിതമായതിനാല്‍ ഗുരുതരമായ പോസിറ്റീവ് കേസുകള്‍ മാത്രമേ ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിച്ചിരുന്നുള്ളൂ. ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ വേണ്ടത്ര ഇല്ലാത്തതിനാല്‍ പോസിറ്റീവ് ആയ ആളുകളോട് തിരിച്ച് അവരവരുടെ താമസ ഇടങ്ങളിലേക്കു തന്നെ പോയി അവിടെ സ്വയം ഐസോലേഷനില്‍ കഴിയാനാണ് ആവശ്യപ്പെട്ടത്. പരിമിത സൗകര്യങ്ങളുള്ള ബാച്ചിലര്‍ താമസ കേന്ദ്രങ്ങളിലും മറ്റും സാമൂഹിക വ്യാപനം  മുന്‍കൂട്ടി കണ്ടുകൊണ്ട് സാമൂഹിക സംഘടനകള്‍ മുന്‍കൈയെടുത്ത് ഐസോലേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കുകയും അതില്‍ എത്തപ്പെട്ട രോഗികളെ പരിചരിക്കുകയും ചെയ്തു. പ്രവാസികളുടെ നേതൃത്വത്തിലുള്ള ആശുപത്രികള്‍ അതുമായി സഹകരിച്ചതോടെ രോഗികള്‍ക്ക് മരുന്നുകള്‍ എത്തിക്കാനുള്ള സംവിധാനവും ഒരുങ്ങി.  സാമൂഹിക സംഘടനകള്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
മസ്‌കത്തില്‍ കെ.എം.സി.സി സംഘടിപ്പിച്ച ഐസോലേഷന്‍ കേന്ദ്രത്തില്‍ ഭക്ഷണം നല്‍കാന്‍ വേണ്ടി മലയാളി ഉടമസ്ഥതയിലുള്ള ഒരു റസ്റ്റോറന്റിനെ ചുമതലപ്പെടുത്തിയിരുന്നു. ഐസോലേഷന്‍ കേന്ദ്രങ്ങളില്‍ ഭക്ഷണം വാതിലിനു പുറത്തു  വെച്ച് തിരിഞ്ഞുപോവുകയാണ് പതിവ്. സന്നദ്ധ പ്രവര്‍ത്തകര്‍ പോയതിനു ശേഷം മാത്രമേ വാതില്‍ തുറന്നു ഭക്ഷണം എടുക്കൂ. എന്നാല്‍ ചിലരെങ്കിലും അത്രതന്നെ സാമൂഹിക ബോധം ഇല്ലാതെ സന്നദ്ധ പ്രവര്‍ത്തകരെ കാണാനും സംസാരിക്കാനും ശ്രമിക്കാറുള്ളത് ചെറിയ പ്രയാസങ്ങള്‍ ഉണ്ടാക്കി. ഇത്തരം സെന്ററുകളിലും ഗവണ്‍മെന്റ് ഐസൊലേഷന്‍ സെന്ററുകളിലും പ്രവേശിപ്പിക്കപ്പെട്ട 95 ശതമാനം പേര്‍ക്കും കാര്യമായി രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ല. രോഗം ബാധിച്ച ചിലര്‍ക്ക് ചെറിയ തൊണ്ടവേദന, ചിലര്‍ക്ക് ചെറിയ ചുമ, ചിലര്‍ക്ക് ഒന്നോ രണ്ടോ ദിവസം മാത്രം നീണ്ടുനിന്ന തലവേദന, ചിലര്‍ക്ക് ശരീരത്തില്‍ ചെറിയ  അസ്വസ്ഥത എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ മാത്രം.
കേരളത്തില്‍ നിന്ന് ഭിന്നമായി ആദ്യതവണ ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയതിനു ശേഷം പിന്നീട് കൂടുതല്‍ പ്രയാസങ്ങളിലേക്ക് പോകുമ്പോള്‍ മാത്രമാണ് കൂടുതല്‍ പരിചരണവും രണ്ടാമത്തെയും മൂന്നാമത്തെയും ഒക്കെ ടെസ്റ്റുകളും നടത്തുന്നത്. ആദ്യ ടെസ്റ്റ് പോസിറ്റീവ് ആണെങ്കിലും പിന്നീട് കാര്യമായ ലക്ഷണങ്ങളൊന്നും ഇല്ലെങ്കില്‍ പിന്നീട് ടെസ്റ്റുകള്‍ ഒന്നും നടത്താതെതന്നെ തിരിച്ചയക്കുകയാണ് പതിവ്. ഗുരുതരമായാല്‍ വിളിച്ച് അറിയിക്കാനും ആവശ്യപ്പെടും. ഇടക്കിടെ ആരോഗ്യ മേഖലയിലുള്ളവര്‍ വിളിക്കും.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ജോലി താല്‍ക്കാലികമായെങ്കിലും നിലക്കുകയും വരുമാനം നഷ്ടപ്പെടുകയും ജീവിത ചെലവ് കണ്ടെത്താന്‍ പ്രയാസപ്പെടുകയും ചെയ്യുന്ന ആളുകള്‍ക്ക് ആശ്വാസമായി ഭക്ഷണ കിറ്റുകള്‍  എത്തിച്ചുകൊടുക്കാന്‍ എല്ലാ പ്രവാസി സംഘടനകളും സജീവമായി രംഗത്തുണ്ടായിരുന്നു. ചില മലയാളി പ്രവാസികളുടെ ഉടമസ്ഥതയിലുള്ള ഭക്ഷ്യധാന്യ കമ്പനികളില്‍നിന്ന് ഒമാനിലെ എല്ലാ ഭാഗങ്ങളിലേക്കും സൗജന്യമായി നിരവധി ഭക്ഷണ കിറ്റുകള്‍ എത്തിച്ചു. പ്രവാസി വെല്‍ഫെയര്‍ ഫോറം, കെ.എം.സി.സി, ഒ.ഐ.സി.സി, കൈരളി, സുന്നി, മുജാഹിദ്, പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍  തുടങ്ങി മുഴുവന്‍ കൂട്ടായ്മകളും പ്രവര്‍ത്തകരില്‍ നിന്നും അല്ലാതെയും സ്വരൂപിച്ച ഫണ്ട് കൊണ്ട്  ഭക്ഷണ സാധനങ്ങള്‍ വാങ്ങി അര്‍ഹതപ്പെട്ടവര്‍ക്ക്  എത്തിച്ചുകൊടുത്തിട്ടുണ്ട്.
സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മറക്കാനാവാത്ത പല അനുഭവങ്ങളുമുണ്ടായിരുന്നു  ലോക്ക് ഡൗണ്‍ കാലത്ത്.  ഒരു അനുഭവം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തകന്‍ പങ്കുവെച്ചു. ഒരിക്കല്‍ അദ്ദേഹം ഭക്ഷണ കിറ്റ് വിതരണത്തിനു വേണ്ടി ടൗണില്‍ വന്നു, മസ്‌കത്തിലെ റൂവിയില്‍. വിതരണം കഴിഞ്ഞുപോകാന്‍ നില്‍ക്കുമ്പോള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ ഒരാള്‍ വന്ന് അല്‍പം അരിയും പരിപ്പും തരുമോ എന്ന് ചോദിച്ചു. എല്ലാം വിതരണം ചെയ്തു കഴിഞ്ഞതിനാല്‍ നാളെ എത്തിക്കാം എന്നു ഇദ്ദേഹം മറുപടി പറഞ്ഞു. ഇന്ന് അരിയും പരിപ്പും എത്തിക്കാന്‍ പറ്റുമോ, നാളെ  വേറെ ഒരാള്‍ കൊണ്ടുതരാമെന്ന് ഏറ്റിട്ടുണ്ട് - അയാള്‍ പറഞ്ഞു. താന്‍ ഒറ്റക്ക് ആണെങ്കില്‍ ചോദിക്കില്ലായിരുന്നുവെന്നും വീട്ടില്‍ ഭാര്യക്കും കുട്ടികള്‍ക്കും വൈകുന്നേരം കഴിക്കാന്‍ ഒന്നുമില്ലെന്നും  പറയുന്നത് കേട്ടപ്പോള്‍ പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തകന്‍ അപ്പോള്‍ തന്നെ തന്റെ ഫ്ളാറ്റില്‍ പോയി  ഭക്ഷണസാധനങ്ങള്‍  എടുത്തു വന്നു കൊടുത്തു. അദ്ദേഹം വരുന്നതും നോക്കി ആ വ്യക്തി അവിടെ തന്നെ കാത്തുനിന്നിരുന്നു.
സ്തുത്യര്‍ഹമായ സേവന പ്രവര്‍ത്തനങ്ങള്‍ നടന്ന മറ്റൊരു മേഖല കൗണ്‍സലിങ് ആണ്. ഐസൊലേഷനില്‍ എത്തിയവരില്‍  പലര്‍ക്കും ജീവിതം ഇതോടുകൂടി അവസാനിച്ചുവെന്നും ഇതുവരെ സമ്പാദിച്ചതൊക്കെ നഷ്ടമായി എന്നുമുള്ള  ആധി വന്നിട്ടുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളുടെ മരണം പലരെയും ഡിപ്രഷനില്‍ വരെ എത്തിച്ചു. ചെറിയ സാമ്പത്തിക പ്രതിസന്ധി അതിജയിച്ചു ജീവിതവുമായി മുന്നോട്ടു പോയിരുന്ന ചെറുകിട ബിസിനസുകാര്‍ കടകള്‍ പൂട്ടി ഇരിക്കേണ്ടി വന്നപ്പോള്‍ ഒരുപാട് നെഗറ്റീവ് ചിന്തകള്‍ വരികയും അവര്‍ വിഷാദ രോഗത്തിന്റെ വഴിയിലെത്തുകയും ചെയ്തതായി കൗണ്‍സലിങ് വിദഗ്ധര്‍ പറയുന്നു. ഐസോലേഷനില്‍ കഴിയുന്നവരും കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നവരുമായ ചിലരെയെല്ലാം വിഷാദ രോഗം ബാധിച്ചിട്ടുണ്ടായിരുന്നു. ഇവരെ നിരന്തരമായി വിളിക്കുകയും അവരോട് സംവദിക്കുകയും അവര്‍ക്ക് ധൈര്യം പകരുകയും ചെയ്യുക എന്നുള്ളതായിരുന്നു പ്രധാനമായും കൗണ്‍സലിങ് വിദഗ്ധര്‍ക്കും  സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ചെയ്യാനുണ്ടായിരുന്നത്.
 ഇസ്ലാമിക പ്രവര്‍ത്തകരെ സംബന്ധിച്ചേടത്തോളം ലോക്ക് ഡൗണ്‍ കാലം രോഗികളെ സേവിക്കാനുള്ള മികച്ച അവസരമായിരുന്നു. തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ മാനസികാഘാതമേറ്റവരെയും രോഗം വന്നു ഐസോലേഷനില്‍ എത്തി മാനസിക പ്രശ്‌നം അനുഭവിക്കുന്നവരെയുമൊക്കെ അവര്‍ വേണ്ടവിധം തന്നെ പരിചരിച്ചു. ലോക്ക് ഡൗണ്‍ ഇനിയും തുടരുന്ന പക്ഷം  കൂടുതല്‍ സേവനമേഖലകള്‍  തുറക്കപ്പെടുമെന്നതും അവിടെ ഒക്കെ ഇടപെടലുകള്‍ നടത്തേണ്ടിവരുമെന്നതും തീര്‍ച്ച.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (42-44)
ടി.കെ ഉബൈദ്‌