Prabodhanm Weekly

Pages

Search

2020 മെയ് 22

3153

1441 റമദാന്‍ 29

പ്രതിസന്ധികാലത്ത് സൂറഃ യൂസുഫ് നല്‍കുന്ന പാഠങ്ങള്‍

ഡോ. താജ് ആലുവ

വിശുദ്ധ ഖുര്‍ആനില്‍ ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന് ഏറ്റവും ഇഷ്ടപ്പെട്ട അധ്യായങ്ങളിലൊന്നായിരുന്നുവത്രെ സൂറഃ യൂസുഫ്. ഇശാ നമസ്‌കാരങ്ങളില്‍ പതിവായി അത് പാരായണം ചെയ്യുക അദ്ദേഹത്തിന്റെ ശീലമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിത്യജീവിതത്തില്‍ മനുഷ്യന്‍ അനുഭവിക്കുന്ന പ്രയാസങ്ങളിലും അവന്‍ കടന്നുപോകുന്ന പ്രതിസന്ധികളിലും തുണയാകുന്ന ഒരുപാട് പാഠങ്ങള്‍ ഈ അധ്യായം മുന്നോട്ടുവക്കുന്നു. ഖുര്‍ആനെക്കുറിച്ച് മൊത്തത്തില്‍തന്നെ അല്ലാഹുവിന്റെ വിശേഷണം അത് ഹൃദയവേദനകള്‍ക്ക് ശമനമാണെന്നതാണ്. ഈ അധ്യായത്തില്‍ പ്രത്യേകിച്ചും, നിത്യജീവിത പ്രതിസന്ധികളെ അതിജയിക്കാനുതകുന്ന പാഠങ്ങള്‍ നമുക്ക് കൃത്യമായി വായിച്ചെടുക്കാന്‍ സാധിക്കുന്നു. കോവിഡ് കാലത്ത് മാനസികപ്രയാസമനുഭവിക്കുന്ന സന്ദര്‍ഭത്തില്‍ അര്‍ഥമറിഞ്ഞ്, ആശയമുള്‍ക്കൊണ്ട് പാരായണം ചെയ്യേണ്ട അധ്യായമാണ് സൂറത്ത് യൂസുഫ്.
ഏത് കടുത്ത ജീവിത സാഹചര്യങ്ങളിലും ശുഭാപ്തി കൈവിടാതെ മുന്നോട്ടുപോകാനുള്ള കരുത്തുണ്ടാകണമെന്നതാണ് യൂസുഫ് നബി(അ)യും പിതാവ് യഅ്ഖൂബ് നബി(അ)യും സ്വജീവിതത്തിലൂടെ നല്‍കുന്ന സന്ദേശം. ഒന്നിലധികം സന്ദര്‍ഭങ്ങളില്‍ യഅ്ഖൂബ് നബിയുടെ വചനങ്ങളിലൂടെ അത് അല്ലാഹു നമ്മെ പഠിപ്പിക്കുന്നു. യൂസുഫിനെ ചെന്നായ പിടിച്ചുവെന്ന് പറയുന്ന സഹോദരങ്ങളോട്, അത് വ്യക്തമായ കളവാണെന്ന് ബോധ്യപ്പെട്ടിട്ടുകൂടി, സ്‌നേഹവത്സലനായ പിതാവ് പറയുന്നത് ശ്രദ്ധിക്കുക: 'നിങ്ങള്‍ ചെയ്ത കാര്യം നിങ്ങള്‍ക്ക് നല്ലതായി തോന്നുന്നത് നിങ്ങളുടെ ചീത്ത കല്‍പിക്കുന്ന മനസ്സിന്റെ പ്രശ്‌നമാണ്. എന്നെ സംബന്ധിച്ചേടത്തോളം ഞാന്‍ മനോഹരമായി ക്ഷമിക്കാന്‍ കഴിയുന്നവനാണ്. നിങ്ങള്‍ ഈ വിശദീകരിക്കുന്ന കാര്യത്തില്‍ എന്നെ സഹായിക്കാന്‍ അല്ലാഹു മാത്രം മതി.'
മക്കള്‍ ചെയ്ത കൊടുംക്രൂരകൃത്യത്തെയും അവരുടെ സ്വഭാവദൂഷ്യത്തെയും അംഗീകരിച്ചുകൊണ്ട് നടത്തുന്ന ഒരു പ്രഭാഷണമല്ല ഇതെന്ന് ആര്‍ക്കും ബോധ്യപ്പെടും. മറിച്ച്, അവര്‍ നല്‍കിയ വിശദീകരണം വ്യക്തമായ കളവാണെന്ന് തനിക്ക് മനസ്സിലായിരിക്കുന്നു, എന്നാല്‍ അതിന്റെ പേരില്‍ അവരോട് തര്‍ക്കിക്കാനോ അവരെ ശിക്ഷിക്കാനോ കൂട്ടാക്കാതെ, തികച്ചും ുൃീമരശേ്‌ല (കഠിനതരമായ സാഹചര്യത്തില്‍ തികഞ്ഞ മനോനിയന്ത്രണത്തോടെ പെരുമാറുക) ആയ രൂപത്തില്‍ അവരോട് പ്രതികരിക്കുകയാണ് യഅ്ഖൂബ് (അ). അതുതന്നെയാണ് അവരുടെ മാനസാന്തരത്തിനുള്ള ഒന്നാമത്തെ മരുന്നെന്ന് അദ്ദേഹം തീരുമാനിക്കുകയാണ് (പിന്നീട് കഥ പുരോഗമിക്കുമ്പോള്‍ നമുക്കത്  ബോധ്യപ്പെടുകയും ചെയ്യും).
നീണ്ട കാലയളവില്‍ അപ്രത്യക്ഷമായിട്ടും (40 വര്‍ഷമെന്ന്ചില റിപ്പോര്‍ട്ടുകള്‍) യൂസുഫി(അ)നെക്കുറിച്ച ശുഭപ്രതീക്ഷ കൈവിടാതെ, അല്ലാഹുവിന്റെ അനന്തമായ കാരുണ്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന യഅ്ഖൂബ് നബി(അ)യുടെ ചിത്രം ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത് അത്യന്തം ഹൃദയാവര്‍ജകമായിട്ടാണ്. കദനഭാരത്താല്‍ കണ്ണുകാണാതായിപ്പോകുന്ന ഒരു ഘട്ടത്തില്‍ (ഈ ഭാഗം ഖുര്‍ആന്‍ വിവരിക്കുന്നത് പാരായണം ചെയ്യുമ്പോള്‍ ഉമര്‍ (റ) തേങ്ങിക്കരയുമായിരുന്നു) ആളുകള്‍ അദ്ദേഹത്തോട് പറയുന്നു: 'താങ്കള്‍ ഇപ്പോഴും യൂസുഫിനെ ഓര്‍ത്തുകൊണ്ടിരിക്കുകയാണോ? ഈയൊരവസ്ഥയില്‍ താങ്കള്‍ നശിച്ചുപോയേക്കാം.' അവിടെ യഅ്ഖൂബ് നബിയുടെ മറുപടി: 'ഞാനെന്റെ പരാതികളും പരിദേവനങ്ങളും സമര്‍പ്പിക്കുന്നത് സര്‍വശക്തനായ അല്ലാഹുവിന്റെ മുന്നിലാണ്. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചും പ്രതിസന്ധികളിലകപ്പെട്ടവരെ അവന്‍ രക്ഷപ്പെടുത്തുന്ന വഴികളെക്കുറിച്ചും നിങ്ങള്‍ക്ക് അറിയാത്തത് എനിക്കറിയാം' (നമസ്‌കാരത്തില്‍ അബൂബക്‌റിനെ (റ) കരയിച്ച വാക്കുകളാണിവ).
തന്റെ രണ്ടാമത്തെ മകനും അപ്രത്യക്ഷമാകുന്ന സന്ദര്‍ഭം. പുത്രവാത്സല്യത്താല്‍ തരളിതമായ ആ ഹൃദയത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ഈ ആഘാതവും. നേരത്തേതന്നെ മറ്റു മക്കളോട് അല്ലാഹുവിനെ മുന്‍നിര്‍ത്തി കരാറ് ചെയ്തതിനു ശേഷവും ബിന്യാമിനെ രക്ഷിക്കാനവര്‍ക്ക് സാധിക്കാത്തതിലുള്ള അദ്ദേഹത്തിന്റെ വ്യസനവും വ്യഥയും അതിന്റെ ഏറ്റവും പാരമ്യത്തിലെത്തുന്നു. പക്ഷേ അവിടെയും അദ്ദേഹം ക്ഷമ കൈവിടുന്നില്ല. മക്കളോടുള്ള അദ്ദേഹത്തിന്റെ നിര്‍ദേശം ഇതു മാത്രമാണ്: 'നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും അന്വേഷിക്കുക. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങള്‍ പ്രതീക്ഷയറ്റവരാകരുത്. തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയറ്റവര്‍ അവനെ അറിഞ്ഞു നിഷേധിക്കുന്ന ജനത മാത്രമാണ്' (സൂക്തം 87). അവസാനം യൂസുഫിന്റെ കുപ്പായവുമായി വരുന്നവരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണവും അടിയുറച്ച ദൈവാശ്രിതത്വത്തിന്റെ ഉത്തമ നിദര്‍ശനമാണ്. ദൂരെ നിന്ന് യൂസുഫിന്റെ വസ്ത്രം മണത്തറിഞ്ഞ അദ്ദേഹം അവരോട് പറയുന്നു: 'ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ലേ, അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങളറിയാത്തത് എനിക്കറിയാമെന്ന്' (സൂക്തം 96).
പ്രതിസന്ധികളില്‍ മുന്‍കൂട്ടി നടത്തേണ്ട ആസൂത്രണത്തെക്കുറിച്ച് യൂസുഫ് (അ) പഠിപ്പിക്കുന്നുണ്ട്. രാജാവിന്റെ സ്വപ്‌നവ്യാഖ്യാനം നടത്തിയത് അല്ലാഹു അദ്ദേഹത്തിന് പ്രത്യേകമായി കൊടുത്ത കഴിവായിരുന്നെങ്കില്‍ കൂടി നിലവിലുള്ള സാഹചര്യത്തെ മുന്‍നിര്‍ത്തി വരാനിരിക്കുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള പ്രായോഗിക പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട് അദ്ദേഹം. സ്വപ്‌നത്തില്‍ തെളിയുന്നത് ഏഴ് വര്‍ഷം ഐശ്വര്യത്തിന്റെ കാലവും തുടര്‍ന്ന് ഏഴ് വര്‍ഷം ക്ഷാമകാലവുമെന്നതാണെങ്കില്‍ ആ ക്ഷാമകാലത്തെ എങ്ങനെ മറികടക്കാമെന്ന ആസൂത്രണവും അതിനുള്ള പ്രായോഗിക പരിപാടികളും യൂസുഫ് നബി(അ)യുടേതാണ്. ഐശ്വര്യകാലത്തെ വിളകള്‍ ശേഖരിച്ചു വെക്കാനും എല്ലാവര്‍ക്കും മിതമായി റേഷന്‍ ഏര്‍പ്പെടുത്താനും കൈവന്ന സമ്പത്തിനെ സൂക്ഷിച്ചുപയോഗപ്പെടുത്താനുമൊക്കെയുള്ള പ്രായോഗിക ബുദ്ധിയാണ് ക്ഷാമത്തിന്റെ കെടുതികളില്‍നിന്ന് ഈജിപ്തിനെ രക്ഷിക്കുന്നത്. കൊറോണ പോലുള്ള മഹാമാരിയുടെ ഘട്ടത്തില്‍ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വിദഗ്ധര്‍ നമുക്ക് വിവരിച്ചുതരുന്നുണ്ട്. അത് വ്യാവസായിക-വാണിജ്യ മേഖലയിലുള്ള മാന്ദ്യവും തൊഴില്‍ നഷ്ടവും ആഭ്യന്തര ഉല്‍പാദനത്തിലെ ഇടിവും പണപ്പെരുപ്പവുമൊക്കെയായി നമ്മുടെ മുന്നില്‍ നിറയുമ്പോള്‍, പകച്ചുനില്‍ക്കുന്നതിനു പകരം ഉള്ള വിഭവങ്ങളെ സൂക്ഷിച്ചുപയോഗിക്കാനും ധൂര്‍ത്തും ദുര്‍വ്യയവുമൊക്കെ ഒഴിവാക്കാനും അടുത്ത ഏതാനും വര്‍ഷങ്ങള്‍ കരുതലോടെ ജീവിതം മുന്നോട്ടു നയിക്കാനുമൊക്കെയുള്ള പാഠങ്ങള്‍ തീര്‍ച്ചയായും യൂസുഫ് നബി(അ)യുടെ കഥയില്‍നിന്ന് നമുക്ക് ലഭിക്കും.
സൂറഃ യൂസുഫിലെ മറ്റൊരു പാഠം: വ്യക്തിപരമായ സത്യസന്ധത കാത്തുസൂക്ഷിക്കുകയും താന്‍ വിശ്വസിക്കുന്ന മൂല്യങ്ങളോട് ഏത് പ്രതികൂലാവസ്ഥയിലും പ്രതിബദ്ധത പുലര്‍ത്തുകയും (ജലൃീിെമഹ കിലേഴൃശ്യേ) ചെയ്യുന്നവന്, അനിതരസാധാരണമായ ധൈര്യവും ഭാവിയെക്കുറിച്ച ശുഭാപ്തിയും കൈവരുന്നു. അത്തരമൊരു വ്യക്തിയെ താല്‍ക്കാലികമായി വേണമെങ്കില്‍ ചില നീചര്‍ക്ക് കുതന്ത്രങ്ങളിലൂടെയും ചതിപ്രയോഗങ്ങളിലൂടെയും അവന്റെ വ്യക്തിപ്രഭാവത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ കഴിഞ്ഞേക്കാം. പക്ഷേ അന്തിമമായി തന്റെ വ്യക്തിത്വത്തിന്റെ മികവു കൊണ്ടുതന്നെ അവന്‍ എല്ലാവര്‍ക്കും മേല്‍ ആധിപത്യം സ്ഥാപിക്കും. അപ്പോള്‍, തന്നെ എതിര്‍ത്തവരും തന്റെ കാല്‍ക്കീഴില്‍ പ്രണമിക്കുന്നത് അവന് കാണാനാകും. യൂസുഫ് നബി (അ) തന്റെ ജീവിതം കൊണ്ട് അതാണ് തെളിയിച്ചത്. ആദ്യം അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ പിതാവില്‍നിന്ന് അദ്ദേഹത്തെ അടര്‍ത്തിയെടുത്തു. തികച്ചും അദ്ദേഹത്തിന്റേതല്ലാത്ത കാരണത്താല്‍. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ അദ്ദേഹത്തെ പൊട്ടക്കിണറ്റിലെറിയുമ്പോള്‍ അവര്‍ വിചാരിച്ചത് പിതാവിന്റെ സ്‌നേഹം തങ്ങള്‍ക്ക് മാത്രമായി കിട്ടുമെന്നാണ്. തുടര്‍ന്ന് നല്ലവരായി ജീവിക്കാമെന്നും അവര്‍ കരുതി. എന്നാല്‍ യൂസുഫിനെ സംബന്ധിച്ചേടത്തോളം തന്റെ തുടര്‍ന്നുള്ള ജീവിതത്തില്‍ ഒരു വലിയ ദുരിതക്കടല്‍ താണ്ടാന്‍ കാരണക്കാരായ ഈ സഹോദരരെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചായിരുന്നില്ല അദ്ദേഹത്തിന്റെ ചിന്ത. തനിക്ക് എല്ലാ അനുഗ്രഹങ്ങളും ലഭ്യമായ ആദ്യത്തെ അവസരത്തില്‍ തന്നെ അവര്‍ക്ക് മാപ്പുനല്‍കുകയും അവരെക്കൂടി തന്റെ സന്തോഷത്തില്‍ പങ്കുചേര്‍ക്കുകയുമായിരുന്നു അദ്ദേഹം.
ഇളയ സഹോദരനെ തന്നോടൊപ്പം പിടിച്ചുവെക്കാന്‍ ഉപായം പ്രയോഗിക്കുന്ന യൂസുഫിന്റെ മുന്നില്‍ ഒരു നമ്പരിറക്കുന്നുണ്ട് സഹോദരങ്ങള്‍. തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് യൂസുഫാണെന്ന് അറിയാതെയാണവരതിന് മുതിരുന്നത്. 'ഇവന്‍ മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ ഇവന്റെ സഹോദരനും മുമ്പ് മോഷ്ടിച്ചിട്ടുണ്ട് ' (സൂക്തം 77) എന്ന് ആരോപിക്കുന്നു. അത് വ്യക്തമായ കളവാണെന്ന് ബോധ്യപ്പെട്ടിട്ടുകൂടി അതവരോട് തുറന്നുപറയാതെ അദ്ദേഹം ആത്മഗതം ചെയ്യുന്നതിത്ര മാത്രം- 'നിങ്ങളിപ്പോള്‍ പറഞ്ഞ വ്യക്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ മോശമായ നിലവാരത്തിലാണുള്ളത്, നിങ്ങള്‍ നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങളെക്കുറിച്ച് അല്ലാഹു നന്നായറിയുന്നു' (സൂക്തം 77). അവസാനം യൂസുഫിനെ അവര്‍ തിരിച്ചറിയുമ്പോള്‍, വളരെ സുപ്രധാനമായ ഒരു ജീവിതപാഠം അദ്ദേഹമവര്‍ക്ക് വിവരിച്ചുകൊടുക്കുന്നു: 'ജീവിതത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവന്റെ പരീക്ഷണങ്ങളില്‍ ക്ഷമയവലംബിക്കുകയും ചെയ്യുന്ന സുകൃതവാന്മാരുടെ കര്‍മങ്ങളെ അല്ലാഹു നിഷ്ഫലമാക്കുകയില്ല' (സൂക്തം 90).
അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ താല്‍ക്കാലികമായിരിക്കും. ആത്യന്തികമായി വിജയത്തിന്റെ മധുരം അവര്‍ നുണയുക തന്നെ ചെയ്യും. അന്ന് അവരെ പരിഹസിച്ചവരും ഉപദ്രവിച്ചവരും അവരുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കും. സഹോദരന്മാരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന ഈ ഘട്ടത്തില്‍ അവരെ കുറ്റപ്പെടുത്തുന്നില്ല യൂസുഫ് നബി. അവരുടെ മനസ്സിനെ പിശാചിന്റെ ദുര്‍ബോധനങ്ങള്‍ സ്വാധീനിച്ചതിനാലാണ് അതെന്ന് അദ്ദേഹം വിശദീകരിക്കുക (സൂക്തം 100) മാത്രമാണ് ചെയ്യുന്നത്.
സൂറഃ യൂസുഫിലെ മറ്റൊരു ജീവിതപാഠം ധാര്‍മിക മൂല്യങ്ങളുമായി ബന്ധപ്പെട്ടതാണ്. മനുഷ്യരില്‍ പലരും ജീവിതസുഖത്തെ പലതരം ആസക്തികളുമായും ആഡംബരങ്ങളുമായും ബന്ധിച്ചിരിക്കുന്നു. ഏതുവിധത്തിലും തങ്ങളുടെ ആസക്തികളെ പൂര്‍ത്തീകരിക്കലാണ് സുഖജീവിതം എന്നതാണ് അവരുടെ ധാരണ. എന്നാല്‍ നൈമിഷിക സുഖങ്ങളല്ല ജീവിതത്തെ അര്‍ഥവത്താക്കുന്നതെന്ന വലിയ പാഠം യൂസുഫ് (അ) മുന്നോട്ടുവെക്കുന്നു. മുഴുജീവിതത്തിലും കാത്തുസൂക്ഷിക്കേണ്ട ധാര്‍മിക മൂല്യങ്ങളെ അല്‍പനേരത്തെ ആസ്വാദനത്തിനു വേണ്ടി പണയം വെക്കരുതെന്നും അതാണ് ഇഹ-പര വിജയത്തിന് നിദാനമെന്നും അദ്ദേഹം മനസ്സിലാക്കിത്തരുന്നു. ഒരര്‍ഥത്തില്‍ സഹോദരങ്ങളില്‍നിന്ന് നേരിട്ട പരീക്ഷണത്തേക്കാള്‍ കുടുത്തതായിരുന്നു യൂസുഫിനെ സംബന്ധിച്ചേടത്തോളം പ്രഭുപത്‌നിയില്‍നിന്ന് അനുഭവിക്കേണ്ടിവന്ന പ്രലോഭനം. അനിതര സാധാരണമായ ദൈവഭയത്താല്‍ പ്രചോദിതമായ മനശ്ശക്തിയുടെ സഹായത്താല്‍ ആ പ്രലോഭനത്തെ അദ്ദേഹം തട്ടിനീക്കുന്നു. പക്ഷേ, പ്രഭുപത്‌നിയുടെ ഗൂഢതന്ത്രങ്ങള്‍ ഒരു രാത്രി കൊണ്ട് അവസാനിക്കുന്നില്ല. അവര്‍ പിന്നെയും പ്രലോഭനങ്ങള്‍ തുടരുന്നു. അവിടെ യൂസുഫിന് തീരുമാനമെടുക്കേണ്ടി വരുന്നു, ഈയൊരു ഭീഷണ സാഹചര്യത്തില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് ജയിലാണെന്ന്. അദ്ദേഹത്തിന്റെ ആത്മാര്‍ഥമായ പ്രാര്‍ഥന: 'എന്റെ നാഥാ, അവര്‍ എന്നെ ക്ഷണിക്കുന്ന ഈ തിന്മയേക്കാള്‍ എനിക്ക് നല്ലത് ജയിലാണ്. അവരുടെ കുതന്ത്രത്തെ എന്നില്‍നിന്ന് നീ തട്ടിനീക്കിയില്ലെങ്കില്‍ ഞാന്‍ അവിവേകികളില്‍ പെട്ടുപോകും' (സൂക്തം 33). അങ്ങനെ, സ്വഛന്ദമായ ധാര്‍മിക ജീവിതത്തിനു വേണ്ടി പ്രഭുകുടുംബത്തിലെ ആഡംബര സൗകര്യങ്ങളേക്കാള്‍ ജയില്‍മുറിയിലെ ഇരുളാര്‍ന്ന ഇത്തിരിവട്ടം അദ്ദേഹം തെരഞ്ഞെടുത്തു.
ജയിലിലായ യൂസുഫ് (അ) നിരാശനോ നിഷ്‌ക്രിയനോ ആയിരുന്നില്ലെന്നും വളരെ ക്രിയാത്മകമായാണ് തന്റെ സമയം വിനിയോഗിച്ചതെന്നും കാണാം (സൂക്തങ്ങള്‍ 36 - 52). അദ്ദേഹത്തോടൊപ്പം ജയിലിലായ രണ്ടു പേരോട് ചങ്ങാത്തം കൂടുകയും അവര്‍ അദ്ദേഹത്തോട് തങ്ങള്‍ കണ്ട സ്വപ്‌നത്തെക്കുറിച്ച് വിവരിക്കാന്‍ മാത്രം അവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്നു.  സ്വപ്‌ന വ്യാഖ്യാനം തനിക്ക് അല്ലാഹു നല്‍കിയ കഴിവാണെന്ന് വ്യക്തമാക്കിയ ശേഷം, അവരുടെ ഭക്ഷണം തളികയിലെത്തുന്നതിനു മുമ്പ് സ്വപ്‌നങ്ങള്‍ക്ക് വിശദീകരണം നല്‍കുമെന്നും ഉറപ്പ് നല്‍കുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തേക്കാളും വിലപ്പെട്ട  സന്ദേശം അദ്ദേഹമവര്‍ക്ക് കൈമാറുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്ത ജനതയുടെ മാര്‍ഗത്തില്‍നിന്ന് വഴിമാറി നടന്നവനാണ് താന്‍. കാരണം, യഥാര്‍ഥ ജീവിതവിജയം നേടിത്തരുന്ന വഴി പൂര്‍വപിതാക്കളായ ഇബ്‌റാഹീമിന്റേതും ഇസ്ഹാഖിന്റേതും യഅ്ഖൂബിന്റേതുമാണ് (അലൈഹിമുസ്സലാം). ഒരുപാട് രക്ഷകരെ തേടാതെ സര്‍വവിധ അധികാരങ്ങളും കൈവശമുള്ള ഏകനായ ദൈവത്തിലേക്ക് സര്‍വവുമര്‍പ്പിക്കുന്നതാണ് ഏറ്റവും ഉത്തമമായ വഴി. അവനാണ് ഭൂമിയില്‍ മനുഷ്യന്റെ വിധികര്‍ത്താവ്. ഈ സന്ദേശം അവരെ കേള്‍പ്പിച്ച ശേഷം സ്വപ്‌നത്തിന്റെ വ്യാഖ്യാനം അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നു.
മുഹമ്മദ് നബി(സ)ക്ക് സൂറത്ത് യൂസുഫ് അവതരിക്കുന്ന സമയം അതിപ്രാധാന്യമുള്ളതാണ്. ദുഃഖ വര്‍ഷം എന്നറിയപ്പെടുന്ന നുബുവ്വത്തിന്റെ ഒമ്പതാം വര്‍ഷത്തില്‍, തനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു വ്യക്തിത്വങ്ങള്‍ (പിതൃവ്യന്‍ അബൂത്വാലിബും ഭാര്യ ഖദീജയും) വിട പറഞ്ഞതിനെത്തുടര്‍ന്നുള്ള കഠിന വ്യഥയുടെ സന്ദര്‍ഭത്തിലാണ് ഈ അധ്യായം അവതരിച്ചത്. അല്ലാഹു തന്റെ പ്രിയപ്പെട്ട ദൂതന്റെ മാനസിക വിഷമങ്ങള്‍ കണ്ടറിഞ്ഞ് അതിന് ശമനം നല്‍കാന്‍ ഉദ്ദേശിച്ചാണ് ഈ പൂര്‍വിക ചരിത്രം അദ്ദേഹത്തിന് പറഞ്ഞുകൊടുത്തത്. അതുകൊണ്ടുതന്നെ ഈ അധ്യായത്തെക്കുറിച്ച് പറയപ്പെടുന്നതുതന്നെ 'ദുഃഖിതരുടെ അധ്യായ'മെന്നാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറഞ്ഞതായി ഇബ്‌നു അത്താഅ് റിപ്പോര്‍ട്ട് ചെയ്യുന്നു: 'സൂറത്ത് യൂസുഫ് പാരായണം ചെയ്യുന്ന ഏത് ദു:ഖിതന്റെ മനസ്സിനും അല്ലാഹു സന്തോഷം പ്രദാനം ചെയ്യും.'

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (42-44)
ടി.കെ ഉബൈദ്‌