ദുരിതകാലത്തെ ഈദാഘോഷം
വ്രതശുദ്ധിയുടെ രാപ്പകലുകള്‍ക്ക് വിരാമം കുറിച്ച് ചെറിയ പെരുന്നാള്‍ ഒരിക്കല്‍ കൂടി സമാഗതമാവുകയാണ്. ലോകം മുഴുക്കെ ഒരു മഹാമാരി തീര്‍ത്ത ഭീതിയിലൂടെ കടന്നുപോകുമ്പോഴാണ് ഇപ്രാവശ്യത്തെ പെരുന്നാള്‍ കടന്നുവരുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. ആളുകള്‍ക്ക് രോഗം വരികയും മരിക്കുകയും ചെയ്യുന്നുവെന്നതിലുപരി, നാഗരികതയെ ഏറക്കുറെ സ്തംഭിപ്പിക്കുകയാണ് കൊറോണാ വൈറസ് ചെയ്തത്. ദുരന്തങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ നാഗരികമായ ഇത്തരം ഒരു സ്തംഭനാവസ്ഥ മുമ്പുണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. സ്വാഭാവികമായും ഇപ്രാവശ്യത്തെ പെരുന്നാളിനെയും അത് ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ആഘോഷങ്ങള്‍ സംസ്‌കാരത്തിന്റെ ചിഹ്നങ്ങളോ അടയാളങ്ങളോ ആണ്. അതിനാല്‍ ഏതൊരു സമൂഹത്തിന്റെയും സാംസ്‌കാരിക നിലവാരമളക്കാന്‍ ആഘോഷങ്ങളോളം പറ്റിയ മറ്റൊന്നില്ല. ഇസ്ലാമിലെ രണ്ട് ആഘോഷങ്ങളും അങ്ങനെ തന്നെ. തന്റെ പ്രീതിയും ഇഷ്ടവും മാത്രം കാംക്ഷിച്ച് ഒരു മാസം മുഴുവന്‍ പകല്‍ അന്നപാനീയങ്ങളും ജഢിക വികാരങ്ങളും ഒഴിവാക്കി വ്രതമനുഷ്ഠിച്ചതിനും രാത്രി പ്രാര്‍ഥനയില്‍ കഴിച്ചുകൂട്ടിയതിനും ദാസന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന സമ്മാനമാണ് ഈദുല്‍ ഫിത്വ്ര്‍, അഥവാ ചെറിയ പെരുന്നാള്‍. ആ സമ്മാനം ആഹ്ലാദത്തോടെയും സന്തോഷത്തോടെയും ഏറ്റുവാങ്ങുക എന്നത് വിശ്വാസിയുടെ കടമയാണ്. ആ സന്തോഷവും ആഹ്ലാദവും തന്നെയാണ് ഈദിലുടനീളം തിരതല്ലുന്നത്. സാധാരണ ഗതിയില്‍ തനിക്ക് അനുവദനീയമായ കാര്യങ്ങളാണ് വ്രതമാസത്തിലെ പകലുകളില്‍ ദൈവപ്രീതി മാത്രം കാംക്ഷിച്ച് അവര്‍ ഒഴിവാക്കിയിരുന്നത്. അത്തരത്തിലുള്ള ഒരു സ്വയം നിയന്ത്രണത്തില്‍ നിന്ന് വിശ്വാസി പുറത്തു കടക്കുകയാണ് പെരുന്നാളിലൂടെ. പിളര്‍ക്കുക, പുറത്തു കടക്കുക എന്നീ അര്‍ഥങ്ങളുള്ള ഫിത്വ്ര്‍ എന്ന പേര് ഈ ആഘോഷത്തിന് വന്നത് അങ്ങനെയാണ്. അതായത് അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം ഒരു മാസം നാം ആചരിച്ച സ്വയം നിയന്ത്രണങ്ങളില്‍ നിന്ന് അല്ലാഹുവിന്റെ തന്നെ കല്‍പ്പന പ്രകാരം വിശ്വാസി പുറത്തു കടക്കുന്നതിന്റെ ആഘോഷമാണ് ഈദുല്‍ ഫിത്വ്ര്‍.
ഇസ്ലാമിലെ ആരാധനകള്‍ക്കെന്ന പോലെ അതിലെ ആഘോഷങ്ങള്‍ക്കുമുണ്ട് വ്യക്തിതലവും സാമൂഹികതലവും. പെരുന്നാള്‍ ദിനത്തില്‍ ദൈവത്തെ കൂടുതല്‍ കൂടുതല്‍ പ്രകീര്‍ത്തിക്കുകയും വാഴ്ത്തുകയുമാണ് അതിലെ വ്യക്തിതലം. അത് നിര്‍വഹിക്കപ്പെടുന്നത് ഒറ്റക്കായാലും കൂട്ടമായിട്ടായാലും വ്യക്തിശുദ്ധിയാണ് അതിലൂടെ ലക്ഷ്യമിടുന്നത്. റമദാന്‍ മാസത്തിലെ നോമ്പിനെ കുറിച്ച് പരാമര്‍ശിക്കുന്ന സൂറത്തുല്‍ ബഖറയിലെ സൂക്തത്തിന്റെ അവസാന ഭാഗത്ത്, 'നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണ്' എന്ന പരാമര്‍ശം പെരുന്നാള്‍ ദിനത്തില്‍ ദൈവിക മഹത്വത്തെ പ്രകീര്‍ത്തിക്കാനുള്ള ആഹ്വാനമാണ്. പെരുന്നാള്‍ ദിനത്തില്‍ സമൂഹത്തില്‍ ആര്‍ക്കും ദാരിദ്ര്യം മൂലം പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നിര്‍ബന്ധമാക്കിയ ഫിത്വ്ര്‍ സകാത്താണ് അതിലെ സാമൂഹികതലം. സമസൃഷ്ടി സ്‌നേഹമാണ് ഇതിലൂടെ വെളിപ്പെടുന്നത്. അതോടൊപ്പം ജീവിതവിശുദ്ധി നേടാന്‍ നിര്‍ബന്ധമാക്കിയ റമദാനിലെ വ്രതത്തില്‍ എന്തെങ്കിലും പാകപ്പിഴവുകള്‍ വന്നിട്ടുണ്ടെങ്കില്‍ അവ കഴുകിക്കളയാനുള്ള ഉപാധി കൂടിയാണ് ഫിത്വ്ര്‍ സകാത്ത്. അതുകൊണ്ടാണല്ലോ സാധാരണ സകാത്ത് സമ്പത്തിനെ ശുദ്ധീകരിക്കുമ്പോള്‍ ഫിത്വ്ര്‍ സകാത്ത് ശുദ്ധീകരിക്കുന്നത് സ്വന്തത്തെ തന്നെയാണെന്ന് പറയുന്നത്. അതിനാല്‍ വ്യക്തിശുദ്ധിയും സമസൃഷ്ടി സ്‌നേഹവും മേളിച്ച ആരാധനയാണ് ഫിത്വ്ര്‍ സകാത്ത്.
ദൈവ പ്രകീര്‍ത്തനവും ഫിത്വ്ര്‍ സകാത്തും കഴിഞ്ഞാല്‍ പെരുന്നാളിലെ ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാനം പള്ളികളിലോ ഈദ്ഗാഹുകളിലോ നടക്കുന്ന പെരുന്നാള്‍ നമസ്‌കാരമാണ്. പെരുന്നാള്‍ നമസ്‌കാരം ഫിത്വ്ര്‍ സകാത്തിനെ പോലെ നിര്‍ബന്ധമല്ലെങ്കിലും പെരുന്നാള്‍ നമസ്‌കാരമില്ലാത്ത ഒരു പെരുന്നാള്‍ വിശ്വാസിക്ക് ഓര്‍ക്കാനേ കഴിയില്ല. കാരണം പെരുന്നാള്‍ ഒരു സാമൂഹികാഘോഷമായി മാറുന്നത് പെരുന്നാള്‍ നമസ്‌കാരത്തിലൂടെയാണ്. അതുകൊണ്ടുതന്നെ ഈദ്ഗാഹിലോ പള്ളിയിലോ വെച്ചുള്ള പെരുന്നാള്‍ നമസ്‌കാരമില്ലാത്ത ഒരു പെരുന്നാള്‍ നമ്മുടെ തലമുറയുടെ അനുഭവത്തില്‍ ഉണ്ടാവുകയില്ല. എന്നാല്‍ കോവിഡ് കാരണം ഇപ്രാവശ്യം നിര്‍ഭാഗ്യവശാല്‍ പള്ളിയിലോ ഈദ്ഗാഹിലോ വെച്ചുള്ള പെരുന്നാള്‍ നമസ്‌കാരം നടക്കാന്‍ സാധ്യത വളരെ കുറവാണ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും ലോകത്തും ഇതേ അവസ്ഥ തന്നെയാണ്. ലോകം മുഴുവന്‍ ബാധിച്ച ഒരു മഹാമാരിയാണല്ലോ കോവിഡ്. ഒരു മാസത്തിലേറേയായി ലോകത്തുടനീളം പള്ളികള്‍ മുഴുവന്‍ അടഞ്ഞു കിടക്കുകയാണ്. നിര്‍ബന്ധ കര്‍മമായ ജുമുഅ പോലും നടന്നിട്ട് ആഴ്ചകളായി. ഏറ്റവും കൂടുതല്‍ ജനനിബിഡമാകുന്ന റമദാനില്‍ ജനശൂന്യമായ പള്ളികളില്‍ നിന്ന് ബാങ്കൊലി മാത്രമാണ് കേട്ടത്. വിശ്വാസിയെ സംബന്ധിച്ചേടത്തോളം അങ്ങേയറ്റം ദുഃഖകരമാണ് ഈ സ്ഥിതിവിശേഷം എന്ന കാര്യത്തില്‍ സംശയമില്ല. അതിലേക്കാണ് പെരുന്നാള്‍ നമസ്‌കാരം പോലും സാമൂഹികമായി നടത്താന്‍ പറ്റാത്ത സാഹചര്യം വരുന്നത്. മനുഷ്യജീവന് എന്തിനേക്കാളും വില കല്‍പ്പിക്കുന്ന മതമാണ് ഇസ്ലാം എന്നതിനാല്‍, സാംക്രമിക രോഗത്തെ തടയാന്‍ അത് അനിവാര്യമായതിനാല്‍ ദൈവിക കല്‍പ്പന തന്നെയാണ് ഇതിലൂടെ ലോക മുസ്ലിംകള്‍ ശിരസ്സാ വഹിക്കുന്നത്. 'ഒരാളുടെ ജീവന്‍ രക്ഷിച്ചവന്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയാണ്' എന്നാണല്ലോ ഖുര്‍ആന്റെ അനുശാസനം.
റമദാനിലെ പ്രധാന അനുഷ്ഠാനങ്ങളിലൊന്നായ തറാവീഹും പള്ളികളില്‍ ഈ വര്‍ഷം നടക്കുകയുണ്ടായില്ല. അതിന്റെ തുടര്‍ച്ച തന്നെയാണ് ഈദ്ഗാഹിലോ പള്ളികളിലോ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ പറ്റാത്ത സാഹചര്യവും. തീര്‍ച്ചയായും ഈ വര്‍ഷത്തെ ആഘോഷത്തിന്റെ പൊലിമ അത് കുറക്കും എന്ന കാര്യത്തില്‍ സംശയമില്ല. ലോകം കോവിഡ് മഹാമാരിയില്‍ നിന്ന് മോചനം നേടിയിട്ടില്ലാത്ത സാഹചര്യത്തില്‍ ആഘോഷത്തിനു തന്നെയും പരിമിതിയുണ്ടാവുമല്ലോ. വിശ്വാസിയെ സംബന്ധിച്ചേടത്തോളം നന്മയാകട്ടെ തിന്മയാകട്ടെ പ്രപഞ്ചത്തില്‍ നടക്കുന്നത് എന്തും അല്ലാഹുവിന്റെ ഇഛപ്രകാരം നടക്കുന്നതാണ്. അതിന്റെ പിന്നിലെ യുക്തി അവനു മാത്രമേ അറിയൂ. ദൈവിക ഇഛ നടപ്പിലാകുമ്പോള്‍ പ്രത്യക്ഷത്തില്‍ ഉപദ്രവകരമാണെന്ന് തോന്നുന്നത് ഉപകാരമാകാം, ഉപകാരമാണെന്ന് തോന്നുന്നത് ഉപദ്രവകരവുമാകാം. 'ഗുണകരമായ കാര്യം നിങ്ങള്‍ക്ക് അനിഷ്ടകരമായേക്കാം, ദോഷകരമായത് നിങ്ങള്‍ക്ക് ഹൃദ്യവുമായേക്കാം, അല്ലാഹു അറിയുന്നു, നിങ്ങളോ അറിയുന്നില്ല' എന്ന് ഖുര്‍ആന്‍ (2:216) പറഞ്ഞിട്ടുണ്ടല്ലോ. അതിനാല്‍ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ വന്‍ പ്രത്യാഘാതമുണ്ടാക്കും എന്ന് നാം പ്രത്യക്ഷത്തില്‍ കരുതുന്ന കോവിഡ് 19 എന്ന മഹാമാരി മാനവരാശിയുടെ ജീവിതത്തില്‍ ഗുണപരമായ എന്തു മാറ്റങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത് എന്ന കാര്യം അല്ലാഹുവിനേ അറിയൂ. നമുക്കറിയുന്നത് ഒട്ടും ഗുണകരമല്ലാത്ത അതിന്റെ പ്രത്യക്ഷ പ്രത്യാഘാതങ്ങള്‍ മാത്രമാണ്. ആളുകളുടെ മരണം, സാമ്പത്തിക പ്രതിസന്ധി, തൊഴില്‍ നഷ്ടം, വരുമാന കമ്മി തുടങ്ങിയവ. എന്നാല്‍ കോവിഡ് സാമൂഹിക ജീവിതത്തിന് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ആഘാതവും സാമൂഹിക ജീവിത പ്രധാനമായ ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം ഗൗരവമുള്ള കാര്യമാണ്. ദിവസവും അഞ്ചു നേരം പള്ളികളില്‍ നടക്കുന്ന ജമാഅത്ത് നമസ്‌കാരം, ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന ജുമുഅ, പെരുന്നാള്‍ ദിനം പള്ളിയിലോ ഈദ്ഗാഹിലോ നടക്കുന്ന സംഘടിത നമസ്‌കാരം തുടങ്ങിയവയെല്ലാം ഇസ്ലാമിക സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. കോവിഡ് മൂലം ഇതെല്ലാം താല്‍ക്കാലികമായി സ്തംഭിച്ചിരിക്കുകയാണ്. മുസ്ലിമിനെ സംബന്ധിച്ചേടത്തോളം അങ്ങേയറ്റം വേദനയും അസ്വസ്ഥതയുമുണ്ടാക്കേണ്ട സംഗതികളാണിവ; ആഘോഷ വേളയില്‍ വിശേഷിച്ചും. സാമൂഹിക അകലം എന്ന പ്രയോഗത്തിനു പോലും ഇസ്ലാമിക കാഴ്ചപ്പാടില്‍ പ്രശ്‌നമുണ്ട്. ശാരീരിക അകലം എന്നതാണ് ശരിയായ പ്രയോഗം. ഇസ്ലാമിക കാഴ്ചപ്പാടില്‍ ഒരിക്കലും സാമൂഹിക അകലം പാലിക്കാനാവില്ല. കാരണം അപരന്റെ വേദന സ്വന്തം വേദനയായി മാറ്റുന്നവനാണ് വിശ്വാസി. അതിനാല്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശാരീരിക അകലം നിലനിര്‍ത്തുമ്പോഴും സാമൂഹികമായ അടുപ്പം ഏറ്റവും കൂടുതല്‍ കാണിക്കേണ്ട സന്ദര്‍ഭമാണിത്. കൊറോണ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് തങ്ങള്‍ ഒറ്റക്കല്ല എന്ന ബോധം അപ്പോള്‍ മാത്രമേ ഉണ്ടാവൂ. കോവിഡ് കാലത്തെ പെരുന്നാള്‍ നമുക്ക് അങ്ങനെ മാറ്റിത്തീര്‍ക്കാന്‍ കഴിയണം.
ലോക്ക് ഡൗണ്‍ കഴിഞ്ഞാലും ശാരീരികമായ കൂടിച്ചേരല്‍ ഒഴിവാക്കണം എന്നു തന്നെയാണ് വിദഗ്ധരുടെയും സര്‍ക്കാറുകളുടെയും തീരുമാനമെങ്കില്‍ റമദാനില്‍ തറാവീഹിന്റെ കാര്യത്തില്‍ ചെയ്തതു പോലെ നമുക്ക് വീടുകളില്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ നമസ്‌കരിക്കേണ്ടി വരും. വീടുകളില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് അനുവാദം നല്‍കുന്ന ഹദീസ് ബുഖാരിയിലും മറ്റും കാണാം. അപ്പോള്‍ ഖുത്വ് ബ ആവശ്യമില്ല എന്നാണ് കര്‍മശാസ്ത്രാഭിപ്രായം.
ആഘോഷങ്ങളെ ദുഃഖാചരണമായി മാറ്റുന്ന രീതി ഇസ്ലാമിലില്ല. ചില സമുദായങ്ങളില്‍ അങ്ങനെയൊരു സമ്പ്രദായം കാണാം. അതായത് വീട്ടില്‍ ഒരു മരണം നടന്നാല്‍ ആ വര്‍ഷം പ്രസ്തുത വീട്ടുകാര്‍ ഒരാഘോഷവും നടത്തുകയില്ല. ഇസ്ലാമിലെ ആഘോഷം ഒരു ഘട്ടത്തിലും അര്‍മാദമല്ലാത്തതിനാല്‍ കൊറോണ മൂലമുള്ള സാമൂഹിക ദുരന്തത്തിനിടയിലും ആഘോഷം ആഘോഷമായി തന്നെ നടക്കണം. ലോകത്തിന്റെ പല ഭാഗത്തും ഇസ്ലാമിക സമൂഹം എത്രയോ കാലങ്ങളായി ലോക്ക് ഡൗണില്‍ തന്നെയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഫലസ്ത്വീനും ഉയ്ഗൂരും മ്യാന്മറും കശ്മീരും അതിന്റെ ഉത്തമോദാഹരണങ്ങളാണ്. അവരും നമ്മളെ പോലെ സന്തോഷത്തോടെ പെരുന്നാള്‍ ആഘോഷിക്കുന്നുണ്ട്. അതിനാല്‍ കൊറോണയോ ലോക്ക് ഡൗണോ നമ്മുടെയും ആഘോഷത്തിന്റെ പൊലിമ കെടുത്തേണ്ടതില്ല. അതേസമയം ഇസ്ലാമിന്റെ സാമൂഹികതയെ കൂടുതല്‍ പ്രോജ്ജ്വലിപ്പിച്ചുകൊണ്ടായിരിക്കണം കൊറോണാ കാലത്തെ നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങള്‍. പാവപ്പെട്ടവര്‍ക്കു മാത്രമല്ല, അത്യാവശ്യം സൗകര്യപ്രദമായ ജീവിതം നയിച്ചിരുന്ന ഇടത്തരക്കാര്‍ക്കും കൊറോണ മൂലം സാമ്പത്തിക ഞെരുക്കമുണ്ടാകാന്‍ നല്ല സാധ്യതയുണ്ട്. അത് കണ്ടെത്തി പരിഹരിക്കുകയെന്നതും സാമ്പത്തിക ശേഷിയുള്ളവരുടെ ബാധ്യതയാണ്.
Comments