എന്‍. കെ അബൂബക്കര്‍ സാഹിബ്
എറണാകുളം ജില്ലയിലെ പറവൂര്‍ ഏരിയയില്‍പെട്ട കരിങ്ങാംതുരുത്ത് പ്രാദേശിക ജമാഅത്തിലെ പ്രവര്‍ത്തകനായിരുന്നു എന്‍. കെ അബൂബക്കര്‍ സാഹിബ് (72). യുവത്വത്തിന്റെ പ്രസരിപ്പോടെ കര്‍മമണ്ഡലത്തില്‍ നിറഞ്ഞുനിന്ന അദ്ദേഹം മാര്‍ച്ച് 23-നു ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.
1960-കളുടെ അവസാനത്തില്‍ പ്രദേശത്ത് പ്രസ്ഥാനപ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ അതില്‍ സജീവമായിരുന്ന എന്‍. എ. കെ ഹാജി എന്നറിയപ്പെട്ട പിതാവ് എന്‍. എ ഖാദര്‍ ഹാജിയിലൂടെയാണ് അബൂബക്കര്‍ സാഹിബ് പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. പ്രദേശത്തെ ഒരുപറ്റം യുവാക്കള്‍ രൂപം കൊടുത്ത ഇസ്ലാമിക് സ്റ്റഡി സര്‍ക്കഌയിരുന്നു പ്രഥമ പ്രവര്‍ത്തന മണ്ഡലം.
ഫാറൂഖ് കോളേജില്‍ ഡിഗ്രി പഠന സമയത്ത് കെ. പി കമാലുദ്ദീന്‍, അബ്ദുല്ല ചേളന്നൂര്‍ എന്നിവരോടൊപ്പം ഐ. എസ്. എല്ലിലും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് നാട്ടിലെത്തി പിതാവിനൊപ്പം ബിസിനസ്സില്‍ ഏര്‍പ്പെട്ട അദ്ദേഹം മുത്തഫിഖ് ഹല്‍ഖയിലും സജീവമായി. നാസിമായും സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ മഹല്ല് സെക്രട്ടറിയായും സേവനം ചെയ്തു.
ഇളം തലമുറയെ ഇസ്ലാമിനോടും ഇസ്ലാമിക പ്രസ്ഥാനത്തോടും അടുപ്പിക്കാനുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടുനടന്നിരുന്ന അദ്ദേഹം കുട്ടികളുടെ കളിക്കൂട്ടുകാരനായിരുന്നു. മരിക്കുമ്പോള്‍ പ്രദേശത്തെ ടീന്‍ ഇന്ത്യ - മലര്‍വാടി കോഡിനേറ്റര്‍ ആയിരുന്നു.
സഹോദര സമുദായങ്ങളുമായി അടുത്ത ബന്ധം നിലനിര്‍ത്തി. പ്രസ്ഥാനം അവര്‍ക്കു വേണ്ടി നടത്തുന്ന പരിപാടിയില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സന്നിഹിതരാവുമായിരുന്നു.
പാര്‍ട്ടിയുടെ പ്രവര്‍ത്തന മേഖലയിലും അദ്ദേഹം സജീവമായിരുന്നു. മരണസമയത്ത് പ്രാദേശിക സാരഥി ആയിരുന്നു.
പുഞ്ചിരിക്കുന്ന മുഖവുമായി വിനയാന്വിതനായി എല്ലാവരോടും ഇടപഴകി, ഇബാദത്തുകളില്‍ കൃത്യനിഷ്ഠ പുലര്‍ത്തി, പ്രസ്ഥാനരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രിയ സഹോദരന്റെ ആകസ്മിക വേര്‍പാട് സഹപ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും വലിയ നഷ്ടവും വേദനയുമാണ്. മന്നം നൂറുല്‍ ഇസ്ലാം ട്രസ്റ്റ് അംഗം, കരിങ്ങാംതുരുത് തണല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗം എന്നീ നിലകളിലും അദ്ദേഹം സേവനം ചെയ്തു. ഭാര്യയും മകനും മകളും അടങ്ങിയതാണ് കുടുംബം. എല്ലാവരും പ്രസ്ഥാന സഹകാരികളാണ്.
അല്ലാഹുവേ, ഞങ്ങളുടെ സഹോദരനെ നീ സ്വീകരിച്ചാലും, വീഴ്ചകള്‍ വിട്ടുനല്‍കി സ്വര്‍ഗത്തില്‍ ഇടം നല്‍കിയാലും - ആമീന്‍.
Comments