കോവിഡ് 19: സാമ്പത്തിക ഞെരുക്കങ്ങളെ സകാത്തിലൂടെ മറികടക്കാം
കോവിഡ് 19, ആരോഗ്യ പ്രശ്‌നം എന്നതിനൊപ്പം സാമ്പത്തിക പ്രശ്‌നം കൂടി ആയി മാറിയിരിക്കുകയാണ്. അപ്രതീക്ഷിതമായി വന്ന ലോക്ക് ഡൗണ്‍ ഒറ്റ രാത്രി കൊണ്ടാണ് ബഹുഭൂരിക്ഷത്തെയും തൊഴിലില്ലായ്മയിലേക്ക് തള്ളിവിട്ടത്. മഹാമാരി പടരുന്നത് തടയാനാണ് എന്ന ന്യായം നിലനില്‍ക്കെ തന്നെ മറ്റൊരു ജോലി അന്വേഷിച്ച് പുറത്തിറങ്ങാന്‍ പോലും അനുവാദമില്ലാത്ത ഈ നിര്‍ബന്ധിത സാമൂഹിക അകലം പാലിക്കല്‍ നിര്‍ധനരും പട്ടിണിക്കാരുമായ ഇന്ത്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. കുനാല്‍ പുരോഹിത് അല്‍ ജസീറയില്‍ എഴുതിയ, കൊറോണ കാരണം സ്തംഭിച്ച സാമ്പത്തിക മേഖലയെ കുറിച്ച ലേഖനത്തില്‍, മഹാരാഷ്ട്രക്കാരിയായ തോട്ടം തൊഴിലാളി മനീഷ ഊക്കെയുടെ കദന കഥ വിവരിക്കുന്നുണ്ട്. ഇന്ത്യയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ
ശേഷം ദിവസ വേതനമായ 100 രൂപയോ മാസത്തില്‍ ലഭിക്കാറുള്ള 100 രൂപ വിധവാ പെന്‍ഷനോ ഇല്ല. ലോക്ക് ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ ആകെയുണ്ടായിരുന്ന സമ്പാദ്യവും എടുത്തു വെച്ചിരുന്ന പച്ചക്കറികളും മറ്റ് ഭക്ഷണ വസ്തുക്കളും തീര്‍ന്നു തുടങ്ങി. 'എനിക്ക് മൂന്ന് പെണ്‍ മക്കളാണ്. അവര്‍ക്ക് വിശക്കുമ്പോള്‍ ഞാന്‍ കുറച്ച് അരി വേവിച്ച് കൂടെ ഉള്ളിയുടെയോ തക്കാളിയുടെയോ ചമ്മന്തി ഉണ്ടാക്കി കൊടുക്കും. ഇടയ്‌ക്കൊരു ദിവസം അടുത്തുള്ള ഗ്രാമത്തില്‍ ഒരു ചെറിയ ജോലിക്ക് പോയി. ആ പൈസ കൊണ്ട് 10 കിലോമീറ്റര്‍ അകലെയുള്ള ചന്തയില്‍ നിന്ന് അല്‍പം ഭക്ഷ്യവസ്തുക്കള്‍ വാങ്ങി. തിരിച്ചു വരാന്‍ പൊതു ഗതാഗതം ഒന്നും ഇല്ലാത്തതിനാല്‍ ഓട്ടോ പിടിച്ച് പോരേണ്ടി വന്നു. ഓട്ടോ കൂലി 300 രൂപ, എന്റെ വേതനത്തിന്റെ 3 ഇരട്ടി. പിന്നെ തരാം എന്ന് പറഞ്ഞിട്ട് സമ്മതിക്കാത്തതിനാല്‍ കഴുത്തിലുണ്ടായിരുന്ന മാല ഊരി കൊടുക്കേണ്ടി വന്നു.'
ഇത് പോലെ അനേകം മനീഷമാര്‍ ഈറനണിഞ്ഞ കഥകളുമായി നമ്മുടെ മുമ്പിലുണ്ട്. സാധാരണക്കാരന്റെ ജീവിതം അസഹ്യമായിക്കൊണ്ടിരിക്കുകയാണ്. ഒരു രൂപ പോലും സമ്പാദിക്കാന്‍ പെടാപ്പാട് പെടേണ്ട അവസ്ഥ. ആകെ ജോലി ചെയ്യുന്ന ആള്‍ക്ക് കൂടി ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുമ്പോള്‍ കുടുംബം ഭക്ഷണം കഴിക്കുന്നത് എങ്ങനെയാണ്? വീടിന്റെ വാടക കൊടുക്കുന്നത് എങ്ങനെയാണ്? ഇത് വരെ ജോലി നല്‍കിയിരുന്നവര്‍ ശമ്പളം കൊടുക്കാന്‍ കൈയില്‍ ഒന്നും ഇല്ലാതായി മാനം നോക്കി ഇരിക്കുന്നു. ഇപ്പോള്‍ ലോകത്ത് പട്ടിണി കിടക്കുന്നവരും അശരണരുമായവരുടെ എണ്ണം ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്നു അതുകൊണ്ടുതന്നെ സകാത്ത് അവകാശികളുടെ എണ്ണവും.
സകാത്ത് ഇസ്ലാമിന്റെ മൂന്നാമത്തെ സുപ്രധാനമായ തൂണാണ്. കഴിവുള്ളവര്‍ കൊടുക്കല്‍ നിര്‍ബന്ധവുമാണ്. ഈ മഹാമാരിയുടെയും കെടുതിയുടെയും കാലത്ത് വ്യക്തികള്‍ സകാത്ത് എത്രയും പെട്ടെന്ന് കൊടുക്കുക എന്നുള്ളതും സകാത്ത് സംരംഭകരും സ്ഥാപനങ്ങളും അത് എത്തേണ്ടിടത്ത് വൈകിക്കാതെ എത്തിക്കുക എന്നതും ദീനിയായ കടമയും മാനുഷികമായ ബാധ്യതയുമാണ്. കൊറോണ കാരണം സാമ്പത്തിക കഷ്ടതകള്‍ അനുഭവിക്കുന്ന അടിയന്തരഘട്ടത്തില്‍ നമ്മുടെ സഹജീവികള്‍ക്ക് താങ്ങാവാന്‍ സകാത്ത് സംവിധാനത്തെ ചലിപ്പിക്കുക. സകാത്ത് കൊണ്ട് എങ്ങനെ അവസ്ഥ മെച്ചപ്പെടുത്താമെന്നതിനു ചില നിര്‍ദേശങ്ങള്‍ താഴെ:
1. ഐസോലേഷന്‍ സംവിധാനങ്ങള്‍ ഒരുക്കുക.
രോഗബാധയുണ്ടെന്ന് സംശയമുള്ളവരെ കുടുംബാംഗങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ തക്ക സാമ്പത്തിക സ്ഥിതി ഇല്ലാത്തവര്‍ക്കു വേണ്ടി സകാത്ത് ഫണ്ട് ഉപയോഗിച്ച് ഐസോലേഷന്‍ ഫെസിലിറ്റികള്‍ ഉണ്ടാക്കുക.
2. വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്കാലിക വീടുകള്‍ ഒരുക്കുക.
ജോലി നഷ്ടപ്പെട്ടവരും വാടക കൊടുക്കാന്‍ കഴിയാത്തതിനാല്‍ വീട് ഒഴിയേണ്ടി വന്നവരും ഒരുപാട് ഉണ്ട്. മുമ്പ് മുതല്‍ക്കേ വീടില്ലാതെ കടത്തിണ്ണകളില്‍ ഉറങ്ങിയിരുന്നവരും ധാരാളം. ഇപ്പോള്‍ കടത്തിണ്ണകള്‍ പോലും ഇല്ലാതായ ഇവര്‍ക്കും താത്കാലിക താമസ സൗകര്യങ്ങള്‍ ഒരുക്കാന്‍ സകാത്ത് ഫണ്ട് ഉപയോഗിക്കണം.
3. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദൂര വിദ്യാഭ്യാസം സാധ്യമാക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുക.
സാധാരണ നില എപ്പോഴാണ് കൈവരിക്കുക എന്നത് ഇപ്പോഴും അനിശ്ചിതമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. മനുഷ്യമനസ്സുകള്‍ക്ക് തുറസ്സു നല്‍കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ട്. ഇതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കാന്‍ സകാത്ത് വിനിയോഗിക്കാം.
4. ഓണ്‍ലൈന്‍ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍
പള്ളികളിലൂടെയും മറ്റും നിരന്തരം നടന്നുകൊണ്ടിരിക്കണം. ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴി തുടരാവുന്ന വിധത്തില്‍ ദീനീ പ്രവര്‍ത്തകര്‍ക്കും ഇമാമുമാര്‍ക്കും മറ്റും ട്രെയിനിംഗ് കൊടുക്കാനും മറ്റും തുക നീക്കിവെക്കാം.
5. ഗ്രാമപ്രദേശങ്ങളിലെ കൊറോണ ശുശ്രൂഷയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കും ഒരു വിഹിതം നീക്കിവെക്കേണ്ടി വന്നേക്കും.
പൊതു ആരോഗ്യ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ ബാധയുണ്ടെന്ന് സംശയിക്കുന്ന ആളുകളെ ടെസ്റ്റ് ചെയ്യുക പോലെയുള്ള കാര്യങ്ങള്‍ക്ക് ഫണ്ട് ആവശ്യമാണെങ്കില്‍ സകാത്തില്‍ നിന്നെടുക്കാം.
6. കോവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന് ധനസഹായം നല്‍കാം. അത്തരമൊരു വാക്‌സിന്‍ കണ്ടെത്തുന്നതിന് വേണ്ടി മുഴുവന്‍ മനുഷ്യരാശിയും ഇന്ന് പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വലിയ തുക ഇതിന് ആവശ്യമാണ്. ഈ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ള ധനസഹായം നല്‍കുന്നതിനായി സകാത്ത് ഫണ്ട് വിനിയോഗിക്കാം.
7. തൊഴില്‍രഹിതന് സാമ്പത്തിക സഹായം.
തൊഴില്‍രഹിതന് തന്റെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പണം ആവശ്യമാണ്. അത്തരം ആളുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി സകാത്ത് ഫണ്ട് പ്രയോജനപ്പെടുത്താം.
8. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ആളുകള്‍ക്ക് ധനസഹായം.
മെഡിക്കല്‍ സേവനങ്ങള്‍ തേടി വിദേശത്തേക്കോ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്കോ സഞ്ചരിക്കേണ്ടി വന്ന ധാരാളം ആളുകള്‍ ലോക്ക് ഡൗണ്‍ കാരണം ഒറ്റപ്പെട്ടുപോയിട്ടുണ്ട്. അവര്‍ക്ക് സകാത്ത് ഫണ്ട് വഴി ധനസഹായം നല്‍കാം.
9. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം.
ഭക്ഷ്യവസ്തുക്കളുടെ ആവശ്യം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍, കൂടുതല്‍ ഭക്ഷണം വിതരണം ചെയ്യേണ്ടതുണ്ട്. അതിനാല്‍, കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും സകാത്തില്‍ വിഹിതം കണ്ടെത്താം.
10. വായ്പകള്‍ അടയ്ക്കുന്നതിന് സഹായം.
ദരിദ്രരും പണത്തിന് അത്യാവശ്യം നേരിട്ടവരും നിലനില്‍പിനുവേണ്ടി വായ്പ എടുത്തിട്ടുണ്ടാകാം. അത് വീട്ടാന്‍ കഴിയാത്ത സാഹചര്യമുള്ളവരെ സകാത്ത് ഫണ്ട് മുഖേന സഹായിക്കാന്‍ സാധിക്കും.
11. സകാത്ത് ഓണ്‍ലൈന്‍ ഷോപ്പുകള്‍ക്ക് രൂപം നല്‍കാം.
സാമ്പത്തിക പ്രയാസം നേരിടുന്നവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഓണ്‍ലൈന്‍ സകാത്ത് ഷോപ്പുകള്‍ ആരംഭിക്കാവുന്നതാണ്. ആവശ്യക്കാരന് വസ്തുവകകള്‍ ഈ ഷോപ്പ് വഴി ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. നിര്‍ധനരുടെയും അത്യാവശ്യക്കാരുടെയും ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് സഹായകമാകും.
12. റമദാനില്‍ സ്ഥിരമായി പള്ളികളില്‍ വെച്ച് ഇഫ്ത്വാര്‍ കഴിച്ചിരുന്നവര്‍ ഉണ്ട്. ഈ റമദാനില്‍ പള്ളികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്.
13. പ്രവാസികള്‍ക്ക് അഭയകേന്ദ്രവും ഭക്ഷണ കേന്ദ്രവും ഒരുക്കുന്നതിന്. ജോലി നഷ്ടപ്പെട്ട പ്രവാസി തൊഴിലാളികള്‍ക്ക് വിദേശ രാജ്യത്ത് പാര്‍പ്പിടവും ഭക്ഷണവും ഒരുക്കിക്കൊടുക്കണം. നാട്ടിലേക്ക് മടങ്ങുക ദുഷ്‌കരമായ പുതിയ സാഹചര്യത്തില്‍ പ്രവാസികളെ സഹായിക്കുന്നതിനും സകാത്ത് ഫണ്ട് ഉപയോഗപെടുത്താം .
14. ഗാര്‍ഹിക പീഡനത്തിന്റെ ഇരകള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ ഒരുക്കാന്‍.
ഗാര്‍ഹിക പീഡനത്തിനിരയാകുന്നവര്‍ മറ്റു മാര്‍ഗങ്ങളില്ലാതെ പീഡനം സഹിച്ചു അപരാധികള്‍ക്കൊപ്പം താമസം തുടരാന്‍ ഈ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ നിര്‍ബന്ധിതരാകുന്നുണ്ട്. അതിനാല്‍ തന്നെ, ഈ അവസ്ഥയില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിനും അവര്‍ക്ക് അഭയം നല്‍കുന്നതിനും സകാത്ത് ഫണ്ടുകള്‍ ഉപയോഗപ്പെടുത്താം.
ഇന്ത്യയിലെ സകാത്ത് കൂട്ടായ്മകള്‍ സകാത്ത് സമാഹരിക്കുന്നതിനായി നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്. സകാത്ത് പണമടയ്ക്കല്‍ സുഗമമാക്കുന്നതിനായി ഓണ്‍ലൈന്‍ മാര്‍ഗമോ സാധ്യമായ മറ്റേതെങ്കിലും മാര്‍ഗമോ ഒരുക്കുന്നത് സകാത്ത് അടയ്ക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാവും. ഇവിടെ സകാത്ത് നല്‍കുന്നയാളുടെ ശാരീരിക സാന്നിധ്യം ആവശ്യമില്ല. ശാരീരിക അകലം പാലിച്ചുകൊണ്ടു തന്നെ സകാത്ത് സമാഹരണം സാധ്യമാവുന്നു. പണമടയ്ക്കുന്നയാള്‍ക്ക് രോഗബാധയുണ്ടാവാനുള്ള സാഹചര്യം ഇതുവഴി ഒഴിവാക്കാനാവും. ഉദാഹരണത്തിന്, മലേഷ്യയില്‍ ഓണ്‍ലൈനിലൂടെയും ഡ്രൈവ്-ത്രൂ പേയ്മെന്റ് പോലുള്ള പേയ്മെന്റ് രീതികളിലൂടെയും വീടുതോറുമുള്ള ശേഖരണം വഴിയും സകാത്ത് സമാഹരണം നടത്താവുന്നതാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ പറഞ്ഞ സാഹചര്യത്തില്‍, സകാത്ത് നല്‍കുന്നവരും ശേഖരിക്കുന്നവരും അവരുടെ വ്യക്തിഗത ശുചിത്വവും ശാരീരിക അകലവും പാലിക്കുന്നതോടൊപ്പം തന്നെ മാസ്‌ക് ധരിക്കുകയും അണുനാശിനി ഉപയോഗിക്കുകയും ചെയ്യണമെന്ന് അറിയിച്ചിരുന്നു.
ഇന്ത്യയില്‍, നിലവിലെ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ സകാത്തിനായി ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെങ്കില്‍ ഇത്തരം സംവിധാനങ്ങളുള്ള സ്ഥാപനങ്ങളെ സകാത്ത് ശേഖരണത്തിനായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇത് സകാത്ത് ദാതാക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാവുകയും ശേഖരിക്കപ്പെടുന്ന സകാത്ത് ധനത്തിന്റെ അളവ് വര്‍ധിക്കുന്നതിന് കാരണമായിത്തീരുകയും ചെയ്യും. കൂടാതെ സകാത്ത് ഫണ്ടിന്റെ സമയബന്ധിതമായ പുനര്‍വിതരണത്തിനും ഇത് സൗകര്യമൊരുക്കും.
ജനങ്ങള്‍ അവശ്യവസ്തുക്കള്‍ക്കായി അവലംബിക്കുന്ന കടകള്‍ക്ക് സകാത്ത് നല്‍കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരില്‍ അവബോധം സൃഷ്ടിക്കുന്നതില്‍ സുപ്രധാനമായ പങ്ക് വഹിക്കാന്‍ സാധിക്കും. കൂടുതല്‍ പണം ശേഖരിക്കാന്‍ സഹായകരമാകുന്ന ഇവമൃശ്യേ ഞീൗിറശിഴ ൗു ഇക്കാര്യത്തില്‍ പ്രായോഗികവല്‍ക്കരിക്കാന്‍ സാധിക്കുന്ന ആശയമാണ്. റീട്ടെയില്‍ സ്റ്റോറിന്റെ പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്) ടെര്‍മിനലിലോ അല്ലെങ്കില്‍ ഒരു ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴിയോ ചില്ലറ ഇടപാടുകളിലൂടെ ചാരിറ്റിക്ക് സൗകര്യമൊരുക്കുന്ന ഈ ആശയത്തെ സകാത്തുമായി ബന്ധിപ്പിക്കാം. ഒരു വ്യക്തി ഓണ്‍ലൈനില്‍ സാധനങ്ങള്‍ തെരഞ്ഞെടുത്ത് പണം അടയ്ക്കുന്ന സമയത്തു തന്നെ സകാത്ത് അടയ്ക്കാന്‍ ഷോപ്പര്‍ക്ക് ഒരു ഓപ്ഷന്‍ നല്‍കാം. ഇത് സകാത്ത്, ചാരിറ്റി ഫണ്ടുകള്‍ വര്‍ധിപ്പിക്കാന്‍ സഹായകമാകും. സംഭാവന നല്‍കാന്‍ പ്രാപ്തരായവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ മാര്‍ഗമായിരിക്കും ഇത്. ഇത് നടപ്പില്‍ വരുത്താന്‍ ഇന്ത്യയിലെ സകാത്ത് സംഘടനകള്‍ക്ക് ഇത്തരം കടകളുമായി കൈകോര്‍ക്കാം.
മഹാമാരി മൂലമുണ്ടായ പെട്ടെന്നുള്ള ജോലി നഷ്ടം നിര്‍ധനരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. ഒരുക്കിവെച്ച സമ്പാദ്യമെല്ലാം തീര്‍ന്നു പോയവരും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും പണം തികയാതെ വരുന്നവരുമായ ധാരാളം അവകാശികള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ആഗോള തൊഴിലാളി സംഘടനയുടെ (ഐ.എല്‍.ഒ) സമീപകാല റിപ്പോര്‍ട്ട് പ്രകാരം, കൊറോണാ വൈറസ് മഹാമാരി 400 ദശലക്ഷം ഇന്ത്യന്‍ തൊഴിലാളികളെ കടുത്ത ദാരിദ്ര്യത്തില്‍ അകപ്പെടുത്താനിടയുണ്ട്. നിരവധി മാര്‍ഗങ്ങളിലൂടെ സകാത്ത് ഉപയോഗപ്പെടുത്തികൊണ്ട് ഈ മഹാമാരി സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധി നമുക്ക് മറികടക്കാന്‍ സാധിക്കും. അതിനുള്ള ചില മാര്‍ഗനിര്‍ദേശങ്ങളാണ് ഈ ലേഖനത്തില്‍ നല്‍കിയത്.
(മലേഷ്യയിലെ ഇന്റര്‍നാഷ്‌നല്‍ സെന്റര്‍ ഫോര്‍ എജുക്കേഷന്‍ ഇന്‍ ഇസ്ലാമിക് ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ അധ്യാപികയാണ് ലേഖിക).
വിവ: ഇഹ്‌സാന്‍ അലി കെ.സി,
ഇര്‍ഫാന്‍ അലി കെ.സി)
Comments