Prabodhanm Weekly

Pages

Search

2020 മെയ് 08

3151

1441 റമദാന്‍ 15

കോവിഡ് മയ്യിത്ത് പരിപാലനം മഹല്ലുകളെ ശാക്തീകരിക്കണം

സി.കെ.എ ജബ്ബാര്‍

കോവിഡ് ബാധയേറ്റ് മരിച്ച മയ്യഴി സ്വദേശിയുടെ മയ്യിത്ത് പരിയാരം മെഡിക്കല്‍ കോളേജിന് സമീപം കോരന്‍ പീടികയിലെ പള്ളിപ്പറമ്പില്‍ മറവ് ചെയ്തപ്പോള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തിയപ്പോള്‍ തോന്നിയ കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.
കേരളത്തില്‍ മൂന്നാമത്തെ മൃതദേഹമാണ് പരിയാരത്ത് ഖബ്റടക്കിയത്. ഇനിയും ഇത്തരം മരണങ്ങള്‍ സംഭവിക്കാനിടയായാല്‍ മഹല്ലുകള്‍ ഏകീകൃതമായ നിലപാട് സ്വീകരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
കോവിഡ് ബാധിച്ച് മരിച്ചാലുള്ള നടപടിക്രമങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന പ്രൊട്ടോക്കോള്‍ നിശ്ചയിച്ചിട്ടുണ്ട്. കോവിഡ് 19 ബാധിച്ച രോഗി മരണപ്പെട്ടാല്‍ പരിശീലനം ലഭിച്ച ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കണം. മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളായ പി.പി.ഇ കിറ്റ് ഉപയോഗിക്കേണ്ടതാണ്.
ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കണം. മൃതദേഹങ്ങളില്‍ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തില്‍ (പത്തടി) കുഴിയെടുത്ത് സംസ്‌കരിക്കണം.  ട്രിപ്പിള്‍ ലയര്‍ പൊതിഞ്ഞാലും മൃതശരീരത്തിന് അടുത്തു പോകുന്ന മറ്റുള്ളവര്‍ മൂന്ന് മീറ്റര്‍ അകലത്തില്‍ വേണം നില്‍ക്കാന്‍. എവിടെയായാലും മാസ്‌ക് ധരിക്കണം. ആള്‍ക്കൂട്ടം ഉണ്ടാവരുത്. മൃതദേഹം കുളിപ്പിക്കുക, അന്ത്യചുംബനം നല്‍കുക എന്നിവ പാടില്ല. മൃതശരീരം ദഹിപ്പിക്കുന്നതാണ് ഉത്തമം എന്നും മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരിക്കെ ഖബ്റടക്കം നിര്‍വഹിക്കുന്നവര്‍ മതിയായ ജാഗ്രത പാലിക്കാന്‍ ബാധ്യസ്ഥരാണ്. മനുഷ്യനെ അവന്റെ ജീവിതത്തില്‍ മാത്രമല്ല, മരണാനന്തര ചടങ്ങിലും ആദരിക്കുക എന്ന ഇസ്‌ലാമിക വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങേയറ്റം ജാഗ്രതയോടെ കോവിഡ് മയ്യിത്തിനെയും പരിചരിക്കുക എന്നത് വലിയ കടമയാണ്.
മുംബൈയിലെ മലാദില്‍നിന്നുള്ള 65കാരന്റെ മൃതദേഹം പള്ളിയിലെ ഖബ്ര്‍സ്ഥാനില്‍ മറവ് ചെയ്യാന്‍ വിസമ്മതിച്ചതിനാല്‍ പൊതു ശ്മശാനത്തില്‍ മറവ് ചെയ്തതായി വാര്‍ത്തയുണ്ടായിരുന്നു. കേരളത്തിലെ മൂന്ന് മരണവും വളരെ ജാഗ്രതയോടെ മതാചാരപ്രകാരം തന്നെ നടന്നു എന്നത് സമുദായനേതൃത്വത്തിന് ഏറെ ആശ്വസിക്കാന്‍ വക നല്‍കുന്നതാണ്.
ബന്ധുക്കള്‍ക്കാണ് മൃതദേഹം വിട്ടുനല്‍കുന്നതെങ്കിലും മൂന്നിടത്തും സന്നദ്ധ പ്രവര്‍ത്തകരാണ് സംസ്‌കരണത്തിന് നേതൃത്വം നല്‍കിയത്. സാധാരണ നിലയില്‍ എല്ലാ മരണങ്ങളിലും മയ്യിത്ത് പരിപാലനം എന്നത് വലിയൊരു സല്‍ക്കര്‍മമെന്ന നിലയില്‍ യുവാക്കള്‍ നിര്‍വഹിക്കുന്നതിനാല്‍ കോവിഡ് മയ്യിത്തും സുരക്ഷാ മുന്നൊരുക്കത്തോടെ സന്നദ്ധ പ്രവര്‍ത്തകര്‍ അന്ത്യകര്‍മം നിര്‍വഹിക്കുന്നതില്‍ മടികാണിച്ചിട്ടില്ല. പക്ഷേ, തിരുവനന്തപുരത്തും എറണാകുളത്തും മയ്യിത്ത് സംസ്‌കരിച്ചതില്‍നിന്ന് വ്യത്യസ്തമായി പരിയാരത്ത് നാല് പേരെയാണ് അന്ത്യകര്‍മത്തിനായി അനുവദിച്ചിരുന്നത്. ഇത്രയും ചുരുക്കം വളന്റിയര്‍മാര്‍ ചിലപ്പോള്‍ ഭാരമേറാനിടയുള്ള മൃതശരീരം പത്തടി താഴ്ചയില്‍ വെക്കുന്നതിലെ സാഹസികത ചെറുതല്ല. സംസ്‌കാര ചടങ്ങില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്നുണ്ട്. പക്ഷേ നാല് വളന്റിയര്‍മാര്‍ ഒരു ജനാസ 10 അടി കുഴിയില്‍ എങ്ങനെ ചെരിച്ചു കിടത്തും? എന്നിട്ടും അതിസാഹസികമായി ആ യുവാക്കള്‍ സേവനം പൂര്‍ത്തീകരിക്കുകയായിരുന്നു. പരിയാരത്ത് ചടങ്ങില്‍ പങ്കെടുത്ത നാല് പേരില്‍ ഐ.ആര്‍.ഡബ്ല്യുവിന്റെ രണ്ട് പേരുണ്ട്. കേരളത്തില്‍ പ്രളയത്തിലും മറ്റുമായി ത്യാഗപൂര്‍ണമായ സേവനം ചെയ്ത സന്നദ്ധ സംഘടനയാണ് ഐ.ആര്‍.ഡബ്ല്യു. നിപ്പ മരണവേളയിലും മറ്റും പി.പി.ഇ കിറ്റ് ഉപയോഗിച്ചുള്ള സംസ്‌കാര ചടങ്ങിന്റെ പരിശീലനം ലഭിച്ചവരാണവര്‍. പരിയാരത്ത് നാല് പേര്‍ ചേര്‍ന്ന സംസ്‌കാര ദൗത്യം നിര്‍വഹിക്കുന്നതില്‍ വലിയ ആത്മവീര്യം കിട്ടിയത് ദുരന്ത നിവാരണ രംഗത്ത് പരിശീലനം കിട്ടിയ രണ്ട് ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാരുടെ നേതൃത്വമായിരുന്നു. എല്ലാ മഹല്ലിലും ഇത്തരത്തില്‍ പരിശീലന -  ബോധവല്‍ക്കരണ നടപടികള്‍ ഉണ്ടാവണം.
മയ്യഴിയിലേക്കുള്ള ദൂരം പരിഗണിച്ച് സമീപത്ത് തന്നെ മറവ് ചെയ്യലാണ് നല്ലതെന്ന് അധികൃതര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരിയാരത്ത് ഖബ്റടക്കത്തിന് നടപടി സ്വീകരിച്ചത്. എന്നാല്‍ മാഹിയിലെ മഹല്ല് വിസമ്മതിച്ചുവെന്ന നിലയിലാണ് വാര്‍ത്ത പ്രചരിച്ചത്. വാസ്തവം മറിച്ചായിരുന്നു. കോവിഡ് രോഗി മരിച്ചത് കേരളത്തിലാണെങ്കിലും അദ്ദേഹത്തിന്റെ സ്വദേശം മാഹിയിലാണ്. അതിനാല്‍ കേരള -  പോണ്ടിച്ചേരി അന്തര്‍ സംസ്ഥാന നടപടിക്രമത്തിന്റെ സ്വാഭാവിക സമയദൈര്‍ഘ്യമേ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളു. ഇത്തരം ഘട്ടത്തില്‍ ഊഹങ്ങള്‍ വാര്‍ത്തകളാകാനിടയുള്ളതുകൊണ്ട് തികഞ്ഞ ജാഗ്രത മഹല്ലുകളാണ് പുലര്‍ത്തേണ്ടത്.

മയ്യിത്ത് പരിപാലന ജാഗ്രത

മയ്യിത്ത് പരിപാലനം എന്നത് സമുദായം വ്യാപകമായി നേടിക്കഴിഞ്ഞ പരിശീലനമാണ്. അതൊരു സല്‍ക്കര്‍മമെന്ന നിലയില്‍ ഖബ്ര്‍ കുഴിക്കാന്‍ ഉള്‍പ്പെടെ ധാരാളം യുവാക്കള്‍ മഹല്ലുകളില്‍ പരിശീലനം നേടിയിട്ടുണ്ട്. പക്ഷേ, കോവിഡ് മയ്യിത്ത് പരിചരണം അത്യന്തം സൂക്ഷ്മത വേണ്ട ദൗത്യമെന്ന നിലയില്‍ മഹല്ലുകള്‍ ജാഗ്രത പാലിക്കണം. ലോകാരോഗ്യ സംഘടനാ പ്രൊട്ടോക്കോള്‍ അനുസരിച്ച് ട്രിപ്പിള്‍ ലയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കിയാണ് മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നത്.
ട്രിപ്പിള്‍ ലയര്‍ മണ്ണിനോട് ചേരില്ല എന്നതു കൊണ്ട് മൃതദേഹത്തിന്റെ അഴുകിയ സ്രവവും മണ്ണിലേക്ക് ചേരുന്നത് കാലഗണനയനുസരിച്ചായിരിക്കും. ഈ വിഷയത്തില്‍ ഖബ്റിടങ്ങളുടെ പരിസ്ഥിതി പ്രശ്‌നവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശാസ്ത്രീയ ബോധവല്‍ക്കരണം മഹല്ല് നേതൃത്വത്തിന് ലഭിക്കണം. അതിന് സമുദായത്തിലെ ആരോഗ്യ മേഖലയിലെ വിദഗ്ധരാണ് മുന്‍കൈ എടുക്കേണ്ടത്. മൃതശരീരത്തിലെ വൈറസ് നശീകരണ കാലയളവ് എത്രയാണ് തുടങ്ങിയ കാര്യങ്ങളില്‍ ശാസ്ത്രീയ വിവരം വിനിമയം ചെയ്യപ്പെടണം.
ഖബ്റിടങ്ങളില്‍ ഇതിനായി പ്രത്യേകം സ്ഥലം നീക്കി വെക്കുക എന്നത് മഹല്ല് നേതൃത്വം വലിയൊരു സേവനമായി തന്നെ കരുതി സന്നദ്ധമാവുമെന്ന് ഉറപ്പാണ്. ഓരോ താലൂക്കിലും ഭൂമിശാസ്ത്രപരമായും ഗതാഗതയോഗ്യവുമായ എത്ര ഇടങ്ങള്‍ ഇങ്ങനെ ഉപയോഗിക്കാം എന്ന് നേതൃത്വം ഒരുമിച്ചിരുന്ന് ജില്ലാ തലത്തിലോ താലൂക്ക് തലത്തിലോ തീരുമാനിക്കണം. മരണങ്ങള്‍ സംഭവിച്ചാല്‍ ഖബ്റടക്കത്തില്‍ അനിശ്ചിതത്വം ഉണ്ടാവില്ലെന്ന് സമുദായമാണ് മുന്‍കരുതല്‍ സ്വീകരിക്കേണ്ടത്. അധികൃതര്‍ക്ക് അതിന്റെ പ്രായോഗിക കാര്യമേ നോക്കേണ്ടതുള്ളൂ.

വേണ്ടത് ആത്മവീര്യവും സൂക്ഷ്മതയും

പത്തടി താഴ്ചയിലുള്ള കുഴിയില്‍ സാധാരണ മയ്യിത്ത് താഴ്ത്തി വെക്കുക എന്നത് നിലവിലെ മയ്യിത്ത് പരിപാലന മുറയില്‍ പരിചിതമല്ല. ഇത്ര ആഴത്തില്‍ ഇറങ്ങി നിന്ന് നിര്‍വഹിക്കാനും കഴിയില്ല. കോവിഡ് മയ്യിത്ത് അണുമുക്തമാക്കി പൊതിഞ്ഞുകിട്ടിയ ശേഷവും ജാഗ്രതയുടെ ഭാഗമായി നമസ്‌കാരം പോലും പരിമിത പങ്കാളിത്തത്തിലും ഖബ്ര് പറമ്പിലും ആണ് മൂന്നിടത്തും നിര്‍വഹിച്ചത്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും സ്വീകരിച്ചതിനേക്കാള്‍ കര്‍ക്കശവും സൂക്ഷ്മവുമായിരുന്നു പരിയാരത്തെ ഖബ്‌റടക്കമെന്ന് അതിന് നേതൃത്വം നല്‍കിയവര്‍ വിവരിക്കുന്നു. നാല് പേര്‍ക്ക് 10 അടി താഴ്ചയിലെ കുഴിയില്‍ മയ്യിത്ത് താഴ്ത്തി വെക്കുക എന്നത് ഒരേസമയം മനക്കരുത്തും കണിശതയും ഏകാഗ്രതയും ആവശ്യമുള്ള ശ്രമകരമായ സേവനമാണ്. ആംബുലന്‍സില്‍ ഡ്രൈവര്‍ മാത്രമായിരിക്കെ കൊണ്ടു വരുന്ന മയ്യിത്തിന്റെ ഭാരം ഖബ്റിടത്തിലേക്ക് താഴ്ത്തി വെക്കാന്‍ നേരത്താണ് വളന്റിയര്‍മാര്‍ക്ക് ബോധ്യമാവുക. സാധാരണ ജനാസ കൈകാര്യം ചെയ്യുന്നതു പോലെയല്ല ഇത്. സാധാരണ മയ്യിത്ത് കുളിപ്പിക്കുന്നതു മുതല്‍ വസ്ത്രം അണിയിച്ച് പള്ളിയില്‍ നമസ്‌കരിക്കാനെടുക്കുന്നതുള്‍പ്പെടെയുള്ള വിവിധ ഘട്ടങ്ങളില്‍ ഭാരം, നീളം, തടി ഒക്കെ ബോധ്യമാവും. അതിനാല്‍ കോവിഡ് മയ്യിത്തിന്റെ ഭാരം, തടി, നീളം എന്നിവയെക്കുറിച്ച് ഇടപഴകിയ ആരോഗ്യ അധികൃതരുമായി ബന്ധപ്പെട്ട് മുന്‍ധാരണ ഉണ്ടാവുന്നത് നല്ലതാണ്. മയ്യിത്ത് പത്തടി ഖബ്റിനുള്ളില്‍ താഴ്ത്തുന്നത് പ്ലാസ്റ്റിക് കയര്‍ കുരുക്കിവെച്ച നിലയിലാവുന്നത് സൂക്ഷ്മമായ നിലയിലാവണം. കാരണം ഭാരം കൂടിയാല്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ട് കൈയുറ കീറിപ്പോകാം. ശ്രദ്ധ തെറ്റാനിടയാവുന്ന ഇത്തരം വിഷയങ്ങളില്‍ ജാഗ്രത വേണം. ഏറ്റവും കട്ടിയുള്ള തുണി ചുരുട്ടി കയര്‍ പരുവത്തിലാക്കി കുരുക്കിയാണ് എറണാകുളത്ത് മയ്യിത്ത് താഴ്ത്തിയത്. ഖബ്‌റിലേക്ക് മയ്യിത്ത് താഴ്‌ത്തേണ്ടത് അനായാസകരമാകുന്ന വിധത്തില്‍ ട്രിപ്പിള്‍ ലയര്‍ നടപടി പൂര്‍ത്തീകരിക്കാന്‍ അധികൃതരുമായി ആശയവിനിമയം നല്ലതാണ്.
അധികൃതര്‍ നല്‍കുന്ന കിറ്റില്‍ ശരീരം മുഴുക്കെ ആവരണം ചെയ്യപ്പെടാനുള്ള എല്ലാമുണ്ട്. പക്ഷേ, പള്ളിപ്പറമ്പില്‍ പരുക്കന്‍ സാഹചര്യത്തില്‍ ഇവ കീറിപ്പോകാതെ സൂക്ഷിക്കണം. ഇവയുടെ ഉപയോഗവും പരിശീലനപ്രകാരമാണ് നിര്‍വഹിക്കേണ്ടത്. സന്നദ്ധ സേവകര്‍ നേരത്തേ തന്നെ കുളിച്ച് അംഗശുദ്ധി വരുത്തിയാണ് പ്രോട്ടോക്കോള്‍ വസ്ത്രം ധരിക്കുന്നത്. പ്രോട്ടോക്കോള്‍ വസ്ത്രത്തിലാണെങ്കില്‍ പോലും മയ്യിത്ത് നമസ്‌കാരത്തിന് നില്‍ക്കുന്നതിലും പരസ്പരം അകലം പാലിക്കണം. 10 അടി താഴ്ചയുള്ള കുഴിയില്‍ മയ്യിത്ത് വെച്ച ശേഷം മൂടുക എന്നത് വലിയ അധ്വാനമുള്ള കാര്യമാണ്. മയ്യിത്ത് കൊണ്ടു വരുന്നതിന് മുമ്പായതിനാല്‍ ഖബ്ര്‍ കുഴിച്ചൊരുക്കാന്‍ ധാരാളം പേരുടെ സേവനം ലഭ്യമാവും. എന്നാല്‍, മയ്യിത്ത് താഴ്ത്തിക്കഴിഞ്ഞാല്‍ പ്രോട്ടോക്കോള്‍ വസ്ത്രമില്ലാത്ത മറ്റാരും കുഴിമൂടാന്‍ പോയിക്കൂടാ. പ്രോട്ടോക്കോള്‍ വസ്ത്രമണിഞ്ഞ സേവകരുടെ കഠിനാധ്വാനം ഖബ്ര്‍ മൂടാന്‍ വേണ്ടിവരും. ഇത് അങ്ങേയറ്റം ത്യാഗനിര്‍ഭരമാണെന്നു തന്നെ പറയണം. നേരത്തേ മയ്യിത്ത് ഖബ്റില്‍ താഴ്ത്തിവെക്കാന്‍ കഠിനാധ്വാനം ചെയ്തവര്‍ തന്നെയാണല്ലോ കുഴി മൂടുന്നതും.
പരിയാരത്തെ കോരന്‍ പീടിക മഹല്ല് ഭാരവാഹികള്‍ ആംബുലന്‍സിനും ജെ.സി.ബിക്കും കടന്നുവരാവുന്ന വിധം ചുറ്റുമതില്‍ പൊളിച്ചു മാറ്റുകയായിരുന്നു. സാധാരണ നിലയില്‍ ഒരു മഹല്ല് നേതൃത്വത്തില്‍നിന്ന് ഉണ്ടാവേണ്ട സഹകരണത്തിനപ്പുറത്തെ സമര്‍പ്പണ മനോഭാവം നിറഞ്ഞ, അഭിനന്ദനീയമായ നിലപാടായിരുന്നു ഇത്. ഖബ്ര്‍ മൂടാന്‍ ജെ.സി.ബി ഉപയോഗിച്ചത് ഇവിടെ സേവനം ക്ലേശരഹിതമാക്കി.
മയ്യിത്ത് ഖബ്റടക്കുന്ന സേവകര്‍ അതിനു ശേഷം പ്രോട്ടോക്കോള്‍ വസ്ത്രം അഴിച്ചുമാറ്റി അപ്പോള്‍ തന്നെ കുളിച്ചിരുന്നുവെന്ന് വളന്റിയര്‍മാര്‍ പറഞ്ഞു. പരിയാരത്ത് അതിനാവശ്യമായ സൗകര്യവും നാട്ടുകാര്‍ ഒരുക്കിയിരുന്നു. കുളിച്ചതിനു ശേഷം അണുമുക്ത സാഹചര്യത്തില്‍ പുതിയ വസ്ത്രം ധരിച്ചാണ് സേവകര്‍ തിരിച്ചുപോയത്. സാധാരണ മയ്യിത്ത് പരിപാലനത്തില്‍ നിന്ന് വ്യത്യസ്തമായ മുന്നൊരുക്കമാണിത്. ഒരു ജോഡി വസ്ത്രം, സോപ്പ്, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ വളന്റിയര്‍മാര്‍ കരുതണം. റബര്‍ കാലുറയാണ് അഭികാമ്യം. അങ്ങനെ കുറേ മുന്‍കരുതല്‍ ആവശ്യമുള്ള ഈ സേവനത്തെ മഹല്ല് തലത്തില്‍ ബോധവല്‍ക്കരിക്കുക എന്നത് പുതിയ സാഹചര്യത്തില്‍ അനിവാര്യമായിരിക്കുന്നു.  വലിയ ദുരന്തം വരാതിരിക്കട്ടെ എന്നു തന്നെയാവണം നമ്മുടെ ഉള്ളുരുകിയ പ്രാര്‍ഥന. പക്ഷേ, ഒരു ഘട്ടത്തിലും അശ്രദ്ധയും അലസതയും കാരണം നാം അമ്പരന്നുപോകുന്ന സ്ഥിതി ഉണ്ടാവരുത്.

(പരിയാരത്ത് സേവനം ചെയ്തവരുടെ അനുഭവങ്ങളോട് കടപ്പാട്).

Comments

Other Post

ഹദീസ്‌

ഭയവും പ്രതീക്ഷയും
പി. എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (34-37)
ടി.കെ ഉബൈദ്‌