കോവിഡ് കാലത്തെ സകാത്ത്
സത്യവിശ്വാസിയുടെ ഏറ്റവും സുപ്രധാനമായ സാമ്പത്തിക ബാധ്യതയായി ഖുര്‍ആന്‍ എടുത്തു കാണിക്കുന്നത് സകാത്തിനെയാണ്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായി പ്രവാചകന് അതിനെ പഠിപ്പിച്ചു തരികയും ചെയ്തിരിക്കുന്നു. ഖുര്‍ആനില്‍ ഒട്ടുമിക്കയിടങ്ങളിലും നമസ്കാരത്തോടൊപ്പം സകാത്തിനെയും ചേര്‍ത്തുപറഞ്ഞിട്ടുണ്ട്. നമസ്കാരം അതിന്റെ ചൈതന്യത്തോടെ നിര്‍വഹിക്കുന്ന ഏതൊരാളും സകാത്തും യഥാവിധി നല്‍കിയിരിക്കുമെന്നാണ് അതിന്റെ പൊരുള്‍. പക്ഷേ, മുസ്ലിം സമൂഹത്തില്‍ പൊതുവെ നമസ്കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവര്‍ വളരെ കൂടുതലും സകാത്തില്‍ നിഷ്ഠയുള്ളവര്‍ വളരെ കുറവുമാണ്. ഈ വൈരുധ്യം വളരെക്കാലമായി നിലനില്ക്കുന്നു. ഗോതമ്പ്, യവം, കാരക്ക, മുന്തിരി എന്നീ ഉണക്കി സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കള്ക്കേ പ്രവാചകന് സകാത്ത് ഈടാക്കിയിരുന്നുള്ളൂവെന്നും അതിനാല്‍ മറ്റു ഉല്പന്നങ്ങളും നമ്മുടെ കാലത്ത് ഏറ്റവുമധികം വരുമാനമുണ്ടാക്കിത്തരുന്ന സേവന മേഖലകളും സകാത്തിന്റെ പരിധിയില്‍നിന്ന് പുറത്താണെന്നുമുള്ള വിചിത്ര വാദങ്ങള്‍ ഇന്നും പലേടത്തു നിന്നും ഉയര്‍ന്നു കേള്‍ക്കാം. അതിന് തെളിവായി ഫിഖ്ഹിന്റെ കിതാബുകളില്‍നിന്ന് ധാരാളമായി ഉദ്ധരിക്കുകയും ചെയ്യും. സകാത്ത് അവഗണിക്കപ്പെടാനും റമദാന് മാസാവസാനമുള്ള കേവലമൊരു ചടങ്ങായി അത് ഒതുങ്ങിപ്പോകാനും ഇത്തരം പ്രചാരണങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
എന്തിനാണോ സകാത്തിനെ ഇസ്ലാമിന്റെ നെടുംതൂണുകളിലൊന്നായി നിശ്ചയിച്ചത്, ആ സമുന്നത ലക്ഷ്യങ്ങളെയെല്ലാം തകര്‍ക്കുന്നതും നിര്വീര്യമാക്കുന്നതുമാണ് പ്രമാണപരമായി യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാദങ്ങള്‍. പ്രവാചകന് തന്റെ കാലത്തെ സാമ്പത്തിക മൂല്യമുള്ള എല്ലാറ്റിനും സകാത്ത് ചുമത്തിയിട്ടുണ്ട്. നാഗരിക വളര്‍ച്ചക്കനുസരിച്ച് വരുമാന സ്രോതസ്സുകളും, നേരത്തേ സാമ്പത്തിക മൂല്യമില്ലാതിരുന്ന പലതിന്റെയും സാമ്പത്തിക മൂല്യവും വര്‍ധിക്കുമെന്നത് സ്വാഭാവികമാണ്. മാത്രവുമല്ല, ഓരോ നാട്ടിലെയും സാമ്പത്തിക സ്രോതസ്സുകളും വരുമാന മാര്‍ഗങ്ങളും വ്യത്യസ്തമായിരിക്കുകയും ചെയ്യും. റസൂല്‍ തന്റെ കാലത്തും ദേശത്തുമുള്ള സാമ്പത്തിക സ്രോതസ്സുകളാണ് എണ്ണിപ്പറഞ്ഞത്. അതിന്റെ അര്‍ഥം നാം നമ്മുടെ ദേശത്തും കാലത്തുമുള്ള സാമ്പത്തിക സ്രോതസ്സുകള്‍ എണ്ണിപ്പറയണം എന്നു തന്നെയാണ്. അല്ലെങ്കില്‍ പഴയ അറേബ്യന്‍ സാമൂഹിക, സാമ്പത്തിക ജീവിതത്തില്‍ കുടുങ്ങിക്കിടക്കുന്ന ഒന്നായി സകാത്തിനെയും ഇസ്ലാമിനെ തന്നെയും വ്യാഖ്യാനിക്കേണ്ടിവരും. ഇസ്ലാം അന്ത്യനാള്‍ വരേക്കും സകല മനുഷ്യര്‍ക്കുമുള്ള ജീവിത ദര്‍ശനമാണ് എന്ന ഖുര്‍ആനിക വിളംബരത്തിന് കടകവിരുദ്ധവുമാണിത്. സകാത്തിനെ സംബന്ധിച്ച് വന്നിട്ടുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ പരിശോധിച്ചാല്‍ മൊത്തം സമ്പത്തും അതിന്റെ പരിധിയില്‍ വരുമെന്ന് ബോധ്യമാകും. 'അവരുടെ ധനത്തില്‍നിന്ന് എടുക്കുക' (9:103), 'നാം നിങ്ങള്‍ക്ക് ഭൂമിയില്‍നിന്ന് ഉല്പാദിപ്പിച്ചുതന്നവയില്നിന്ന്' (2:267), 'വിളവെടുപ്പ് ദിവസം അതിന്റെ ബാധ്യത നല്‍കുക' (6:141) തുടങ്ങിയ ഖുര്‍ആനിലെ പ്രയോഗങ്ങള്‍ മുഴുവന്‍ സാമ്പത്തിക വ്യവഹാരങ്ങളെയും ഉള്‍ക്കൊള്ളുമെന്ന് ഇമാം അബൂഹനീഫയെപ്പോലുള്ള പഴയകാല പണ്ഡിതന്മാര് തന്നെ സമര്‍ഥിച്ചിട്ടുള്ളതാണ്.
ഏതായാലും, സകാത്തിനെ സംബന്ധിച്ച് മുസ്ലിം സമുദായം വെച്ചുപുലര്‍ത്തിയിരുന്ന വികല സങ്കല്പങ്ങള് വളരെ വേഗം മാറിവരുന്നുണ്ട് എന്നത് സന്തോഷകരമാണ്. കോവിഡ് മഹാമാരിയെ നേരിടാനുള്ള ഫലപ്രദമായ ഒരായുധമായി സകാത്തിനെ ഉപയോഗപ്പെടുത്തണമെന്ന് പണ്ഡിതന്മാര് ഒറ്റക്കെട്ടായി ആഹ്വാനം ചെയ്തുകഴിഞ്ഞു. കോവിഡ് രോഗികളുടെ ചികിത്സക്കും പുനരധിവാസത്തിനുമായി റമദാന് എത്തുന്നതിനു മുമ്പ് തന്നെ സകാത്ത് വിഹിതം അര്‍ഹരായവര്‍ക്ക് നല്‍കാനും പണ്ഡിതന്മാര് അഭ്യര്‍ഥിച്ചിരുന്നു. തന്റെ പിതൃസഹോദരനായ അബ്ബാസിന്റെ ഒരു വര്‍ഷത്തെ (മറ്റൊരു റിപ്പോര്‍ട്ടില്‍ രണ്ട് വര്‍ഷത്തെ) സകാത്ത് പ്രവാചകന് മുന്‍കൂറായി വാങ്ങിയിരുന്നു. കോവിഡാനന്തര കാലത്തെ അഭിമുഖീകരിക്കാനായി ഒരുപക്ഷേ നമുക്കും ഒന്നു രണ്ട് വര്‍ഷത്തെ സകാത്ത് മുന്‍കൂറായി നല്‍കേണ്ടിവന്നേക്കാം. സകാത്തല്ലാത്ത സാമ്പത്തിക ബാധ്യതകളും ഇസ്ലാമില്‍ ഉണ്ടെന്നത് സ്ഥിരപ്പെട്ട കാര്യമാണ്. ഈ പ്രതിസന്ധിഘട്ടത്തെ മറികടക്കാന്‍ ഇത്തരം എല്ലാ സാധ്യതകളെയും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് മുസ്ലിം പണ്ഡിതന്മാരും സംഘടനകളും ആലോചിക്കണം.
Comments