Prabodhanm Weekly

Pages

Search

2020 മെയ് 08

3151

1441 റമദാന്‍ 15

കോവിഡ് -19 ഉം അയ്യൂബ് നബിയും

റഹീം ഓമശ്ശേരി

അയ്യൂബ് നബിയുമായി ബന്ധപ്പെട്ട അതീവ പ്രധാന്യമുള്ള ചില സംഭവങ്ങള്‍ പരിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലും വന്നിട്ടുണ്ട്. പ്രവാചകന്മാരില്‍ ദീര്‍ഘകാലം രോഗം കൊണ്ട് പരീക്ഷിക്കപ്പെട്ട വ്യക്തിയെന്ന നിലക്ക് വര്‍ത്തമാന കാലത്തും ഏറെ പ്രാധാന്യമുള്ളതാണ് അദ്ദേഹത്തിന്റെ ജീവിതം. ഖുര്‍ആനില്‍ രണ്ട് അധ്യായങ്ങളിലാണ് പ്രധാനമായും അയ്യൂബ് നബിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന സൂക്തങ്ങളുള്ളത്. അല്‍ അമ്പിയാഅ് 83 സൂക്തവും സ്വാദ് 40-ാം സൂക്തവും ആ പ്രവാചകന്റെ ജീവിതത്തിലേക്ക്  വെളിച്ചം വീശുന്നു. എന്തായിരുന്നു അദ്ദേഹത്തെ ബാധിച്ചത്? സമൂഹത്തില്‍ സാമ്പത്തികമായി ഏറെ ഉയര്‍ന്ന നിലയിലായിരുന്നു അയ്യൂബ് നബി. വിശാലമായ കൃഷി ഭൂമിയും ആടുമാടുകളും സ്വന്തമായി ഉണ്ടായിരുന്ന അദ്ദേഹം വലിയ ധനികനായിരുന്നു. സന്താന ബാഹുല്യത്തിലും അയ്യൂബ് നബി ഏറെ അനുഗ്രഹം ലഭിച്ച വ്യക്തിയായിരുന്നു. 
32-ാം വയസ്സില്‍ അദ്ദേഹത്തെ ബാധിച്ച ഒരു തരം ചൊറി ശരീരം മുഴുവന്‍ പടരാന്‍ തുടങ്ങി. ഏകദേശം പതിമൂന്ന് മുതല്‍ പതിനെട്ട് വര്‍ഷം വരെ ആ രോഗബാധ നീണ്ടുനിന്നതായി പറയപ്പെടുന്നു. കൂടെ ഉണ്ടായിരുന്ന സന്താനങ്ങളും ഭാര്യമാരും വരെ അദ്ദേഹത്തെ വിട്ട് പോയി.  ഒരു ഭാര്യ അദ്ദേഹത്തെ പരിചരിച്ച് കൂടെ ഉണ്ടായിരുന്നതായി ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്.  ചൊറി കാരണം ശരീരത്തില്‍ ചലം നിറയുകയും പൊട്ടി വ്രണമാവുകയും ചെയ്തു. വ്രണങ്ങളില്‍നിന്നുള്ള ദുര്‍ഗന്ധം അസഹ്യമായിരുന്നുവെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍, തന്നെ ബാധിച്ച അസുഖത്തെ അതീവ ക്ഷമയോടു കൂടിയായിരുന്നു അയ്യൂബ് നബി സമീപിച്ചത് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. 'അയ്യൂബ് നബിയുടെ ക്ഷമ' എന്ന് മാലോകര്‍ പറയുമാറ് ഖ്യാതി നേടിയിരുന്നു അത്. തന്റെ വ്യക്തിപരമായ ഒരു കാര്യത്തിന് അല്ലാഹുവിനോട് ആവലാതി പറയാന്‍ ആ പ്രവാചകന്‍ മടിച്ചിരുന്നുവത്രെ. അതുകൊണ്ടുതന്നെയാവണം, 'ഞാന്‍ രോഗാതുരനായിരിക്കുന്നു. നീയാകട്ടെ കരുണയുള്ളവരില്‍ ഏറ്റവും കരുണയുള്ളവനാണല്ലോ' എന്ന് മാത്രം അദ്ദേഹം പ്രാര്‍ഥിച്ചു വെച്ചത്. എത്ര ഉന്നതമായ പ്രാര്‍ഥനാ രീതിയാണ് അയ്യൂബ് നബി സ്വീകരിക്കുന്നത്. നാഥനോട് ആവലാതി പറയുന്നില്ല. തന്നെ ബാധിച്ച ക്ലേശം ഒറ്റ വാചകത്തില്‍ എല്ലാം അറിയുന്ന നാഥനു മുമ്പില്‍ സമര്‍പ്പിക്കുന്നു. തുടര്‍ന്ന് പറയുന്നു;  നീ കരുണയുള്ളവരില്‍ ഏറ്റവും കരുണാവാരിധിയല്ലോ. അയ്യൂബ് നബി മാരകമായ ആ അസുഖത്തില്‍ നിന്ന്  മോചിതനാവുകയും തുടര്‍ന്ന് നഷ്ടപ്പെട്ട ഐശ്വര്യങ്ങളൊക്കെ അദ്ദേഹത്തിന് തിരിച്ചുകിട്ടുന്നുമുണ്ട്.
മനുഷ്യകുലത്തെ ബാധിച്ച അതീവ ഗുരുതരമായ  കോവിഡ് -19 മഹാമാരിയെ വിശ്വാസികള്‍ ഏതു രീതിയില്‍ സമീപിക്കണമെന്നതിന്റെ  മാതൃകകള്‍ അയ്യൂബ് നബിയുടെ ജീവിതത്തില്‍ നിന്ന് കണ്ടെടുക്കാനാവും. പരീക്ഷണങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ ഭീരുക്കളായി മാറുന്നതാണ് ഇന്ന് നാം കാണുന്ന ലോകത്തിന്റെ ഏറ്റവും വലിയ ദുരന്തം. നിലവിലെ സാഹചര്യത്തെ ഗുണപരമായി കാണാനും അനുകൂലമാക്കി മാറ്റാനുമാണ് വിശ്വാസികള്‍ പരിശ്രമിക്കേണ്ടത്. വര്‍ത്തമാന കാലത്ത്  പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കിയ നിരവധി സംഭവങ്ങളാണ് നമുക്ക് കാണാന്‍ കഴിയുക. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഉപരോധം നേരിടുന്ന ഗസ്സയെന്ന നഗരം കോറോണാ കാലത്തെ തങ്ങള്‍ക്കേറ്റവും അനുഗുണമാക്കി മാറ്റിയിരിക്കുന്നു. ലോകത്ത് തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള പട്ടണമായിരുന്നിട്ടും വിരലില്‍ എണ്ണാവുന്ന രോഗികള്‍ മാത്രമാണ് ഗസ്സയിലുള്ളത്. സാമ്രാജ്യത്വശക്തികള്‍ ലോകത്തിനു മുമ്പില്‍ വാവിട്ടു കരയുമ്പോള്‍, തങ്ങള്‍ക്ക് മേല്‍ ബോംബ് വര്‍ഷിക്കാന്‍ ആയുധങ്ങള്‍ നിര്‍മിച്ചിരുന്ന ട്രംപിനോട് ഫലസ്ത്വീന്‍ കുട്ടി ചോദിക്കുന്ന മൂര്‍ച്ചയേറിയ ചോദ്യം ഇന്ന് ട്രംപിനെ മാത്രമല്ല യൂറോപ്യന്‍ രാഷ്ട്ര നേതാക്കളെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. ശാസ്ത്രം മനുഷ്യന്റെ കൈയിലെ കളിയായുധമായി മാറിയ ലോകത്ത് ജീവിക്കുമ്പോഴും നിലനില്‍പ്പിനു വേണ്ടി കേഴേണ്ടിവരുന്ന കാഴ്ച ഏതൊരാളെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. ദൈവത്തിനും ഇടപെടാനുണ്ട് എന്ന കൃത്യമായ സന്ദേശമാണത്. സീസര്‍ക്കുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന് പറഞ്ഞ് വിഭജനം വരച്ചവര്‍ ഇന്ന് ഈ മഹാമാരിയെ ഇല്ലാതാക്കണമെകില്‍ ആകാശത്തു നിന്ന് ഇടപെടല്‍ ഉണ്ടാകണമെന്ന് വ്യാമോഹിക്കുന്നു.
നിലവിലെ സന്ദര്‍ഭത്തെയാകാം വിശുദ്ധ ഖുര്‍ആന്‍ വളരെ ക്യത്യമായി അടയാളപ്പെടുത്തിയത്; 'അതിക്രമത്തില്‍ അന്ധമായി വിഹരിക്കാന്‍ അവരെ കയറൂരി വിടുകയാകുന്നു' (അല്‍ബഖറ 15). മഹാമാരികള്‍ ഇതിനു മുമ്പും ലോകത്തുണ്ടായിട്ടുണ്ട്. സമൂഹങ്ങളുടെ ചെയ്തികള്‍ അതിരു കടന്നപ്പോഴൊക്കെ സ്രഷ്ടാവ് ശക്തമായ ഇടപെടലുകള്‍ നടത്തിയതിന്റെ ചരിത്രം ഖുര്‍ആനിലും ബൈബിളിലുമെല്ലാം കാണാം. ചെയ്യരുതെന്ന് വിലക്കിയ കാര്യങ്ങള്‍ ചെയ്തപ്പോള്‍, സമൂഹത്തില്‍ അധര്‍മം പരത്തരുതെന്ന് പറഞ്ഞ കല്‍പ്പനകളെ ലംഘിച്ചപ്പോള്‍, സത്യത്തിലേക്ക് ക്ഷണിക്കാന്‍ എത്തിയ പ്രവാചകന്മാരെ വധിക്കാനൊരുമ്പെട്ടപ്പോള്‍, ലോകത്തിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കാന്‍ ശ്രമിച്ചപ്പോള്‍ എല്ലാം കൃത്യമായ ഇടപെടലുകള്‍ തന്നെയാണ് നിയന്താവില്‍ നിന്ന് ഉണ്ടായത്. ഇന്നത്തെ സാഹചര്യവും മറിച്ചല്ലേല്ലോ. എല്ലാം പരിപാലിക്കുന്നവന് അറിയാത്തതല്ലല്ലോ നിലവിലെ ലോകക്രമം. ''അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളെ കുറിച്ച് ചിന്തിക്കുക. മറ്റുള്ളവരുടെ മാര്‍ഗഭ്രംശം നിങ്ങള്‍ക്ക് ഒരു ദോഷവും ചെയ്യുകയില്ല'' (അല്‍മാഇദ 105). 

 


കൊറോണാനന്തര ലോകക്രമം, ചില സൂചനകള്‍

പണവും ആയുധവുമാണ് ഇതുവരെ ലോകത്തെ നിയന്ത്രിച്ചതെങ്കില്‍ അത് മാറാന്‍ പോകുന്നുവെന്നാണ് കൊറോണാ കാലം നല്‍കുന്ന സൂചന. ശത്രു /മിത്രം  സംബന്ധിച്ച് ലോകത്തിന്റെ കാഴ്ചപ്പാടില്‍ പോലും ഈ അതിസൂക്ഷ്മാണു വലിയ മാറ്റങ്ങള്‍ വരുത്തുന്നു. സാമ്പത്തികമായും ഭൂമിശാസ്ത്രപരമായും വ്യത്യസ്ത ധ്രുവങ്ങളിലുള്ള രാജ്യങ്ങള്‍ ഒടുവില്‍ പരസ്പരം തിരിച്ചറിയുകയാണ്. ജീവഹാനിയുടെ കാര്യത്തില്‍ അമേരിക്ക, ബ്രിട്ടന്‍, സ്‌പെയ്ന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ നാടുകളില്‍നിന്നൊന്നും ആശ്വാസത്തിന്റെ  സൂചനകള്‍ വന്നു തുടങ്ങിയിട്ടില്ല. ശാസ്ത്ര-സാങ്കേതിക രംഗത്ത്, വിശേഷിച്ച് വൈദ്യശാസ്ത്ര മേഖലയില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ക്കിടയിലും പുതിയ വൈറസുകളെ നേരിടാനാവശ്യമായ സന്നാഹവും മുന്‍കരുതലുകളും വന്‍കിട രാഷ്ട്രങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയാതെ പോയി. ഫലപ്രദമായ പ്രതിവിധി കണ്ടെത്താനുള്ള തീവ്രശ്രമം പൂര്‍ത്തിയായാലും മഹാമാരിയെ നിശ്ശേഷം തുരത്താന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും. കോറോണാന്തര ലോകം എങ്ങനെയായിരിക്കുമെന്ന്  പല എഴുത്തുകളിലും നിരീക്ഷിക്കപ്പെടുന്നുണ്ട്.
കൊറോണാനന്തര ലോകത്തെക്കുറിച്ച് പ്രവചിക്കുന്ന എഴുത്തുകളില്‍ കോവിഡിനു മുമ്പും ശേഷവും എന്ന ചരിത്രവിഭജനം നടത്തുന്നവരെയും കാര്യമായ മാറ്റമൊന്നുമില്ലാതെ ഇതു കടന്നുപോകുമെന്ന് നിരീക്ഷിക്കുന്നവരെയും കാണാന്‍ കഴിയും. സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക മേഖലകളില്‍ മൗലികമായ മാറ്റങ്ങള്‍ക്ക് കൊറോണ നിമിത്തമാകുമെന്ന പുതിയ പഠനങ്ങള്‍ വരുന്നുമുണ്ട്.
ഹരാരി ഫിനാന്‍ഷ്യല്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍,  അപകടകരമായ സാങ്കേതിക വിദ്യകളുടെ പ്രയോഗങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഭരണകൂടങ്ങള്‍ വിവര സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പലതരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍, താല്‍ക്കാലികമെന്ന് നാം കരുതുന്ന ഇത്തരം നിയന്ത്രണങ്ങള്‍ കൊറോണാനന്തരവും നിത്യസാന്നിധ്യമാകുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. സാങ്കേതികമായ കൃത്യനിര്‍വഹണങ്ങളില്‍  ഓണ്‍ലൈനെ ആശ്രയിക്കാമെന്ന വര്‍ധിത വിശ്വാസം, സാമ്പ്രദായിക രീതികളില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.  കോടതികള്‍, മന്ത്രാലയങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ നേരിട്ടുള്ള ബന്ധമൊഴിവാക്കി ഇ-സര്‍വ്വീസുകളിലൂടെ ബന്ധം മാറ്റിപ്പണിയും. പുതിയ ലോകത്തിന്റെ പിറവിയുടെ തുടക്കമെന്നു പറയാം.
മതങ്ങളുടെയും ദര്‍ശനങ്ങളുടെയും ജീവിതത്തിന്റെയും മാനവികതയുടെയും പുതിയ അര്‍ഥ തലങ്ങള്‍ ഇനിയുള്ള ലോകം അന്വേഷിച്ചുകൊണ്ടിരിക്കും. മാനവികമായ ആശയതലങ്ങളെ പുണരാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരാവുന്ന കാലം വരാന്‍ പോകുന്നു. നീതിയും സുസ്ഥിരതയും വാഗ്ദാനം ചെയ്യുന്ന പുതിയ സാമ്പത്തിക ക്രമത്തെയാവും കൊറോണാനന്തരകാലം അന്വേഷിക്കുക.  കൊറോണാ കാലത്ത് സര്‍വവ്യാപകമായ  വീഡിയോ കോണ്‍ഫറന്‍സിങ് കോറോണാനന്തരവും സാര്‍വത്രികമായേക്കാം, ബിസിനസ് യാത്രകള്‍ വളരെയേറെ കുറഞ്ഞേക്കും.  രാജ്യങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതൊടെ വീട്ടിലിരുന്ന് പഠിക്കുന്ന സമ്പ്രദായം ക്രിയാത്മകമായ രീതിയില്‍ നടക്കുന്നുവെന്ന് യുനെസ്‌കോ പറയുന്നു. ഇത് വിദ്യാര്‍ഥികളുടെ മിടുക്ക് വര്‍ധിക്കാന്‍ സഹായകമാകുമെന്നും വികസ്വര രാജ്യങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ ഇത്തരം വിദൂര വിദ്യാഭ്യാസ സമ്പ്രദായം ഉപകരിക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു.
മനുഷ്യന്റെ ജീവിതരീതികളില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കാം. അത്യാവശ്യം, ആവശ്യം, ആഡംബരം എന്നിങ്ങനെയുള്ള തരംതിരിവ് ഭാവിജീവിതത്തില്‍ ക്രിയാത്മക മാറ്റമുണ്ടാക്കും. ആരോഗ്യപരിരക്ഷക്കായി കൂടുതല്‍ പരിഗണന നല്‍കപ്പെടുകയും പൊതുജന ആരോഗ്യ സംരക്ഷണത്തിനുള്ള ശ്രദ്ധ വര്‍ധിക്കുകയും ചെയ്യും. ഭാവിയില്‍ ഇത്തരം മഹാമാരിയെ നേരിടുന്നതില്‍ സര്‍ക്കാറുകളുടെ പ്രവര്‍ത്തന രീതികളില്‍ കൂടുതല്‍ ആസൂത്രണവും തയാറെടുപ്പുമുണ്ടാവുമെന്നുള്ളതും തീര്‍ച്ചയാണ്.
മനുഷ്യ സ്‌നേഹത്തിന്റെയും പരസ്പരധാരണയുടെയും അടിത്തറയില്‍ വളര്‍ന്നുവരുന്ന സാഹോദര്യവും ഐക്യദാര്‍ഢ്യവും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോവുകയാണ് ഇനി വേണ്ടത്. യന്ത്രങ്ങളോ ആയുധങ്ങളോ സമ്പത്തോ അല്ല, മനുഷ്യനാണ് ലോകത്ത് ഏറ്റവും പരിഗണനീയം എന്ന തിരിച്ചറിവും കൊറോണാനന്തര ഫലമായി നമുക്കു ലഭിക്കട്ടെ.  

ഹാരിസ് കെ.വി മാണിയൂര്‍

Comments

Other Post

ഹദീസ്‌

ഭയവും പ്രതീക്ഷയും
പി. എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (34-37)
ടി.കെ ഉബൈദ്‌