ഓണ്‍ലൈന്‍ മഹല്ല് സംഗമം
കൊയിലാണ്ടി: ദൈനംദിന ജീവിതത്തെ വരിഞ്ഞു മുറുക്കി നിശ്ചലമാക്കിയ കോവിഡ് - 19 മഹാമാരിക്കാലത്ത് ഓണ്‍ലൈന്‍ മഹല്ല് സംഗമത്തിലൂടെ മാതൃക കാട്ടി കൊയിലാണ്ടിയിലെ ഊട്ടേരി മഹല്ല്. സൂം ആപ്പിലൂടെ നടന്ന സംഗമം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം. ഐ അബ്ദുല്‍ അസീസ്, മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ ആദ്യാവസാനം പങ്കാളിയായി. സാധാരണ മഹല്ല് സംഗമങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വദേശത്തുള്ളവരോടൊപ്പം പ്രവാസികള്‍ക്കു കൂടി പങ്കെടുക്കാന്‍ കഴിഞ്ഞത് പരിപാടിയെ ശ്രദ്ധേയമാക്കി. 'കോവിഡ് കാലത്ത് വീട്ടിലിരുന്നുകൊണ്ട് ഒരഖിലലോക മഹല്ല് സംഗമം' എന്നാണ് അമീര്‍ ഐ. ഐ അബ്ദുല്‍ അസീസ് സംഗമത്തെ വിശേഷിപ്പിച്ചത്.
200 ഓളം വീടുകളുള്ള, 100-ലധികം പേര്‍ വിദേശത്തുള്ള ഒരു മഹല്ലിന്റെ ഒത്തുകൂടലാണ് ഓണ്‍ലൈനില്‍ നടന്നത്. വ്യവസ്ഥാപിതമായ മഹല്ല് സംവിധാനം നിലവിലുള്ളതുകൊണ്ട് മുമ്പ് തന്നെ വ്യത്യസ്തമായ പത്ത് ഡിവിഷനുകളായി മഹല്ലിനെ വിഭജിച്ച് ഒരോന്നിനും ലീഡര്‍മാരെ നിശ്ചയിച്ചിരുന്നതിനാല്‍ ഡിവിഷനു കീഴിലുള്ള മുഴുവന്‍ വീടുകളെയും എങ്ങനെ ഓണ്‍ലൈന്‍ മഹല്ല് സംഗമത്തില്‍ പങ്കാളികളാക്കാം, അവര്‍ക്ക് വേണ്ട ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, നെറ്റ് വര്‍ക് ലഭ്യത, ഓരോ കുടുംബത്തിന്റെയും പ്രാതിനിധ്യം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പഠിച്ച് ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചെയ്തിരുന്നു. ഓരോ ഡിവിഷനിലും പല തവണ ട്രയല്‍ റണ്‍ നടത്തി, സാധ്യമാവാത്തവര്‍ക്ക് വേണ്ട പരിശീലനം നല്‍കി പങ്കാളിത്തം ഉറപ്പുവരുത്തി. ഓണ്‍ലൈന്‍ മീറ്റിംഗ് ആപ്ലിക്കേഷന്റ പരിധി നൂറാണെന്നിരിക്കെ, മഹല്ലിലെ ഐ. ടി വിദഗ്ധര്‍ അത് 500 പേര്‍ക്ക് വരെ പങ്കെടുക്കാന്‍ പറ്റുന്ന രീതിയിലേക്ക് വികസിപ്പിച്ചു.
വീടകങ്ങളില്‍ വ്രതശുദ്ധിയുടെ വസന്തം വിരിയിച്ചും, ഖുര്‍ആനിനെ നെഞ്ചോട് ചേര്‍ത്തും ഈ മഹാമാരിക്കാല റമദാന്‍ ഉപയോഗപ്പെടുത്താന്‍ അമീര്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു. മഹല്ല് ഖാദി ഹബീബ് മസ്ഊദ് മുഖ്യ പ്രഭാഷണം നടത്തി. പ്രതികൂല അവസ്ഥയില്‍ കൂടുതല്‍ ആവേശത്തോടെ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന മഹല്ലിനെ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി. ശാകിര്‍ അഭിനന്ദിച്ചു.
പരിപാടിക്ക് ആശംസകള്‍ നേര്‍ന്ന് കുരുടിമുക്ക് മസ്ജിദുന്നൂര്‍ പ്രസിഡന്റ് കെ. ഇമ്പിച്ചാലി, എലങ്കമല്‍ മസ്ജിദ് ഇസ്‌ലാഹ് പ്രസിഡന്റ് കെ. മുഹമ്മദ് അശ്‌റഫ് മാസ്റ്റര്‍, മഹല്ല് വൈസ് പ്രസിഡന്റ് ആഇശ ടീച്ചര്‍, ദുബൈ കമ്മിറ്റി പ്രസിഡന്റ് സി. കെ സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഹല്ല് സെക്രട്ടറി എം. എം സമീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹാഫിള് ഫാളില്‍ മുസ്തഫ 'ഖുര്‍ആനില്‍ നിന്ന്' അവതരിപ്പിച്ചു. കണ്‍വീനര്‍ സി. സമീര്‍ സ്വാഗതവും മഹല്ല് ഖത്വീബ് ഉമര്‍ മുഖ്താര്‍ സമാപന പ്രാര്‍ഥനയും നിര്‍വഹിച്ചു.
സൂം ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തി റമദാനിലെ ഖുര്‍ആന്‍ പഠനത്തിന് മഹല്ല് ഖത്വീബ് ഉമര്‍ മുഖ്താര്‍ നേതൃത്വം നല്‍കും. സ്വുബ്ഹിനു ശേഷമുള്ള ഹദീസ് ക്ലാസും ഈ രീതിയില്‍ സംഘടിപ്പിച്ച് പള്ളിയുമായി മഹല്ല് നിവാസികളുടെ ബന്ധം സജീവമായി നിലനിര്‍ത്തണമെന്ന് സംഗമം ആവശ്യപ്പെട്ടു.
കുടുംബ സന്ദര്‍ശനത്തിടെ മടക്കയാത്ര സാധ്യമാവാതെ ഖത്തറിലുള്ള മഹല്ല് പ്രസിഡന്റ് വി. പി അബ്ദുര്‍റഹ്മാന്‍ ഖത്തറില്‍ നിന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ഖത്തറില്‍ സന്ദര്‍ശനത്തിലുള്ള വൈസ് പ്രസിഡന്റ ടി. അബ്ദുല്ല മാസ്റ്ററും പങ്കെടുത്തു.
വി. കെ മുഹമ്മദലി, സി. സമീര്‍, ടി. എം ഫബാസ്, മുഹമ്മദലി വാഴോത്ത്, സാബിത്ത് മിസാലി, സി. ഹര്‍ശദ് തുടങ്ങിയവര്‍ നാട്ടില്‍ നിന്നും, റാസിഖ് നാരങ്ങോളി (ഖത്തര്‍), ഉബൈദ് ഫസ്‌നാസ് (ദുബൈ) എന്നിവര്‍ വിദേശത്തു നിന്നും സംഗമത്തിന് നേതൃത്വം നല്‍കി. മഹല്ലിലെ യുവ എഞ്ചിനീയര്‍ അഫ്‌സല്‍ കുറുങ്ങോളി പരിപാടിയുടെ സാങ്കേതിക നിര്‍വഹണത്തിന് നേതൃത്വം വഹിച്ചു.
Comments