Prabodhanm Weekly

Pages

Search

2020 മെയ് 08

3151

1441 റമദാന്‍ 15

സകാത്ത് ആത്മീയതയുള്ള സാമ്പത്തികായുധം

ബാബുലാല്‍ ബശീര്‍

സകാത്ത് ഇസ്‌ലാമിന്റെ അഞ്ച് തൂണുകളില്‍ ഒന്നാണ്. പലപ്പോഴും ആത്മാവില്ലാതെ, കൃത്യതയില്ലാതെ മനസ്സിലാക്കപ്പെട്ട സ്തംഭം. ഇസ്‌ലാമിക നാഗരികതയുടെ നാഡിയും നട്ടെല്ലും ആവേണ്ടിയിരുന്ന കര്‍മം. മൂന്ന് കാര്യങ്ങള്‍ മുസ്‌ലിം സമൂഹം വഴിയില്‍ ഉപേക്ഷിച്ചു എന്ന് ഉള്‍ക്കാമ്പുള്ള പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. ചരിത്രം, ഗവേഷണം, സകാത്ത് എന്നിവയാണവ. ചരിത്രം തങ്ങള്‍ ആരാണെന്ന തിരിച്ചറിവാണെങ്കില്‍, ഇജ്തിഹാദ് ഭാവിയെ കരുപ്പിടിപ്പിക്കലാണ്. സകാത്ത് ഇന്നിന്റെ നാഗരികതയും സമൃദ്ധിയും നിര്‍മിക്കലും. വെറും പട്ടിണി മാറ്റലിന്റെ പേരല്ല സകാത്ത്. വളരെ സുഭദ്രവും സന്തോഷകരവുമായ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പിനായി ദൈവം പറഞ്ഞു തന്ന സാമ്പത്തിക പദ്ധതിയാണ് സകാത്ത്.
സകാത്ത് സാമൂഹിക ബോധമുള്ള സാമ്പത്തിക പദ്ധതിയാണ്. അത് സമൂഹത്തിന്റെ അടിത്തട്ടിനെ മേല്‍ത്തട്ടിലേക്ക് (ക്രീം ലയര്‍) എത്തിക്കുന്ന തുല്യതകളില്ലാത്ത വിഭാവനയാണ്. അതിന്റെ അവസാനത്തെ ഭാവനയില്‍ സകാത്ത് വിഹിതം വാങ്ങാന്‍ അര്‍ഹതയില്ലാത്തവര്‍ ഉണ്ടായിത്തീരുക എന്നുള്ളതാണ്. അതൊരു മാജിക്കല്‍ വിഭാവനയല്ല. ഇസ്‌ലാമിന്റെ ഖലീഫമാര്‍ സാധിച്ചതാണ്. പ്രത്യുല്‍പാദനപരമായി സകാത്ത് സങ്കല്‍പത്തിന് ആവിഷ്‌കാരം നല്‍കി അവര്‍ പട്ടിണി  കടങ്കഥയാക്കി മാറ്റിയത് ചരിത്രം. ഇന്ത്യയില്‍ മാത്രം 60 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖക്ക് താഴെയാണെന്ന് മനസ്സിലാക്കുമ്പോഴാണ്, സകാത്ത് പോലുള്ള  ഒരു സാമ്പത്തിക ആയുധം കൈയിലുണ്ടാവേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുക. പക്ഷേ ആയുധം പ്രയോഗിക്കാന്‍ അറിയുന്നവര്‍ വേണമെന്ന് മാത്രം. നിര്‍ഭാഗ്യവശാല്‍,  അറബി / ഇസ്ലാമിയ കോളേജുകളിലെ ഒരു കര്‍മശാസ്ത്ര വിഷയം മാത്രമാണിന്ന് സകാത്ത്. അല്ലെങ്കില്‍ സമ്പന്നന്റെ വാതില്‍പടിയില്‍ വരിനിന്നു കിഴി വാങ്ങുന്നതിന്റെ പേരാണ്. കാര്യങ്ങള്‍ പറഞ്ഞു കൊടുക്കേണ്ട മതപണ്ഡിതര്‍ സമ്പത്തിന്റെ കാര്യം വരുമ്പോള്‍ മുട്ടിടിക്കുന്നു. ഒന്നുകില്‍ അവര്‍ക്ക് സകാത്തിന്റെ ഫിഖ്‌ഹേ അറിയൂ, അല്ലെങ്കില്‍ അവര്‍ ആരെയും പിണക്കാന്‍ ഉദ്ദേശിക്കുന്നില്ല.
മനുഷ്യരില്‍ ഉള്ളവനും ഇല്ലാത്തവനും ഉണ്ട്.  ഇസ്‌ലാം ആ യാഥാര്‍ഥ്യം  അംഗീകരിക്കുന്നുമുണ്ട് (ഖുര്‍ആന്‍, അന്നഹ്‌ല്: 71). അത് അഭിമാനവുമായും അവകാശങ്ങളുമായും കൂട്ടിക്കെട്ടാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല (അല്‍ ഇസ്‌റാഅ് : 70). എന്ന് മാത്രമല്ല, സമ്പത്ത് സ്ഥാനം കിട്ടുന്നതിനുള്ള ഒരു ഉപാധിയേ ആവരുത് എന്ന് കര്‍ശനമായി പറഞ്ഞിരിക്കുന്നു (അത്തൗബ: 18). അതിനു കാരണം ധനം അല്ലാഹുവിന്റേതാണ് എന്ന അടിസ്ഥാന സങ്കല്‍പമാണ്. തീര്‍ച്ചയായും അധ്വാനിച്ചു പണം നേടാനും അത് അനുഭവിക്കാനും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട് (അല്‍ ജുമുഅ: 10). ധനം ഒരുവന്‍ സമ്പാദിക്കുമ്പോള്‍ അതിന്റെ മാര്‍ഗങ്ങളെക്കുറിച്ചും ജാഗ്രത പുലര്‍ത്തണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. പലിശ, ചൂതാട്ടം, മദ്യം, മറ്റുള്ള ഊഹാധിഷ്ഠിത ബിസിനസ്സുകള്‍ (അല്‍മാഇദ: 90) എന്നിവ പ്രകടമായും വ്യഭിചാരത്തിന്റെ സാധ്യതകള്‍ കടന്നുവരുന്ന Hospitality Industry  പരോക്ഷമായും (അല്‍ ഇസ്റാഅ്: 32) ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. പക്ഷേ അടച്ചാക്ഷേപിച്ചുകൊണ്ടോ, പുതിയ ലോകക്രമത്തിലെ മാറ്റങ്ങള്‍ കണ്ടില്ല എന്ന് നടിച്ചു കൊണ്ടോ മുസ്‌ലിംകള്‍ക്ക് മാത്രം മുന്നോട്ട് പോവുക അസാധ്യമായത് കൊണ്ട്, പ്രകടവും പ്രത്യക്ഷവുമായ നിരോധിത മാര്‍ഗങ്ങള്‍ ഒഴികെയുള്ളതിനെ നല്ലതിനു വേണ്ടി ഉപയോഗപ്പെടുത്തുക എന്ന തത്ത്വവും പുതിയകാല പണ്ഡിതന്മാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. മുസ്‌ലിംകള്‍ അന്യഗ്രഹ ജീവികളല്ലല്ലോ.
സകാത്ത് വിശുദ്ധിയാണ്. യഹ്‌യാ നബിയെ വിശുദ്ധപ്പെടുത്തിയതായി ഖുര്‍ആന്‍ പറയുന്നുണ്ട് (സൂറ മര്‍യം). അവിടെ സകാത്ത് എന്ന പദമാണ് ഉപയോഗിച്ചത്. സകാത്തിന് സമൃദ്ധി അഥവാ ക്രമപ്രവൃദ്ധമായ വളര്‍ച്ച (Gradual Growth)  എന്നും അര്‍ഥം പറയാറുണ്ട്. അതിനാല്‍ തന്നെ ഈ സിസ്റ്റം കഴിഞ്ഞുപോയ പ്രവാചകന്മാരെല്ലാം നടപ്പിലാക്കിയതായി കാണാം (മര്‍യം : 31). കാരണം ഇതൊരു പ്രാപഞ്ചിക സംവിധാനത്തിന്റെ ഭാഗമാണ്. സാമ്പത്തിക ഏറ്റക്കുറവുകള്‍ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ആഘാതങ്ങള്‍ മറികടക്കാന്‍ സംവിധാനമുണ്ടാവുക എന്നത് അല്ലാഹുവിന്റെ കാരുണ്യം എന്ന ഗുണത്തിന്റെ പ്രകടനമാണ്. അതിന്റെ പേരാണ് സകാത്ത്. അതിനു മനുഷ്യന്‍ തലപുകക്കേണ്ടതില്ല എന്ന് റബ്ബ് തീരുമാനിച്ചിരിക്കുന്നു. അതിന്റെ അടിസ്ഥാന തത്ത്വങ്ങള്‍  ഖുര്‍ആന്‍ പറയുന്നുണ്ട്.  വിശദാംശങ്ങള്‍ റസൂലും പറഞ്ഞുവെച്ചു. ഖുലഫാഉര്‍റാശിദുകള്‍ അത് പ്രവൃത്തിയില്‍ കൊണ്ടുവന്നു വന്‍വിജയമാക്കി. 'പട്ടിണിക്കാരുണ്ടോ' എന്ന് വിളിച്ചു ചോദിച്ചിട്ട് അറിയേണ്ടതായി വന്നു. ഭിക്ഷക്കാരും നാടോടികളും അതിഥി തൊഴിലാളികളും മുണ്ടുമുറുക്കിയിട്ട് അഭിമാനം കാത്തവരും പാവപ്പെട്ട ദീനീപ്രവര്‍ത്തകരും യുദ്ധത്തിന് പോയവരും കടംകൊണ്ട് പൊറുതിമുട്ടിയവരുമെല്ലാം അന്ന് സകാത്ത് വാങ്ങി സ്വയം പര്യാപ്തരായി. അടുത്ത വര്‍ഷമോ അതിന്റെ അടുത്ത വര്‍ഷമോ അവര്‍ 'വാങ്ങുന്നവര്‍' എന്നതില്‍നിന്ന് 'കൊടുക്കുന്നവര്‍' ആയി മാറി. സകാത്ത് നീതിക്കും സാമ്പത്തിക നിര്‍ഭയത്വത്തിനുമുള്ള ദൈവത്തിന്റെ 'മാജിക്' ആയി മാറുന്നത് ഈ അവസ്ഥ സംജാതമാവുമ്പോഴാണ്.
സകാത്തിന് എട്ടു അവകാശികളെ ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞു. ഖുര്‍ആന്‍ ഒരു സാമ്പത്തിക ശാസ്ത്ര ഗ്രന്ഥമാണെന്ന് പറഞ്ഞാല്‍, ഒരു നൊബേല്‍ സമ്മാന ജേതാവ് 'അതേ' എന്ന് പറയുമാറ് കൃത്യമാണ് അതിന്റെ തെരഞ്ഞെടുപ്പ്. ആദ്യത്തെ അഞ്ചു വിഭാഗങ്ങളെ മുകളില്‍ പറഞ്ഞു (പരമ ദരിദ്രന്‍, പാവപ്പെട്ടവന്‍, കടംകൊണ്ട് പൊറുതിമുട്ടിയവന്‍, വഴിയാത്രക്കാരന്‍ അല്ലെങ്കില്‍ പ്രവാസി (അതിഥി തൊഴിലാളി), ദൈവ മാര്‍ഗത്തിലുള്ളവന്‍). പിന്നെയുള്ള മൂന്ന് വിഭാഗം നമ്മുടെ ചിന്തകളില്‍ ഒരു തട്ട് തന്ന് നമ്മെ ഉണര്‍ത്തേണ്ടവയാണ്. ആ അവകാശികള്‍ ഇവരാണ്; സകാത്ത് പിരിക്കാനും വിതരണം ചെയ്യാനുമുള്ള ഉദ്യോഗസ്ഥര്‍, മുസ്‌ലിംകളുമായി ഹൃദയം ഇണക്കപ്പെടേണ്ടവര്‍, പിന്നെ അടിമമോചനം. സകാത്ത് കണക്കു പറഞ്ഞു പിരിച്ചെടുക്കേണ്ടതാണെന്നും അത് മുന്‍ഗണനാ ക്രമത്തില്‍ വിതരണം ചെയ്യപ്പെടണമെന്നും അല്ലാഹു ഉദ്ദേശിക്കുന്നുണ്ടോ? 'ഉണ്ട്' എന്നാണ് ഉത്തരം. അല്ലെങ്കില്‍ പിന്നെ ഉദ്യോഗസ്ഥര്‍ക്ക് എന്ത് പ്രസക്തി? 'ഈ കാലത്തോ' എന്നുള്ളത് നമ്മുടെ തടയാണ്. പള്ളിയില്ലാത്തിടത്ത് പള്ളി കെട്ടാന്‍ എത്ര ശുഷ്‌കാന്തി ഉണ്ടോ, അത്രത്തോളം തന്നെ വേണ്ടതാണ് സകാത്ത് നിസ്വാബ് കണക്കാക്കി പിരിച്ചെടുത്ത് ഓരോ മഹല്ല് നിവാസിയെയും സ്വയം പര്യാപ്തനാക്കുക എന്നുള്ളത്. കാരണം വിശുദ്ധ ഖുര്‍ആന്‍ നമസ്‌കാരത്തെയും സകാത്തിനെയും ഇരട്ട പെറ്റ പോലെയാണ് പറഞ്ഞിട്ടുള്ളത്. ഒന്നിനെ താലോലിച്ചിട്ട് മറ്റൊന്നിനെ വേണ്ടെന്നു വെക്കുക അസാധ്യമാണല്ലോ! മറ്റൊരു വിഭാഗം 'ഹൃദയം ഇണക്കപ്പെട്ടവര്‍' എന്നതാണ്. അല്ലാഹു വളരെ നിഗൂഢത ഒളിപ്പിച്ച വാക്കാണത്. ഹൃദയങ്ങള്‍ അല്ലാഹുവിന്റെ കൈപ്പിടിയിലാണല്ലോ. ഇതിനെ ചുറ്റിപ്പറ്റി ഒരുപാട് പണ്ഡിതാഭിപ്രായങ്ങളുണ്ട്. ഏറ്റവും മനോഹരമായി തോന്നിയത് സകാത്തില്‍ മുസ്‌ലിംകളല്ലാത്തവര്‍ക്കും അവകാശമാവാം എന്നതാണ്. ഇങ്ങനെ പറഞ്ഞപ്പോള്‍ വാളെടുത്തവര്‍ ഏറെയാണ്. പക്ഷേ, കാലാന്തരത്തില്‍ ആ വാള്‍ തുരുമ്പെടുക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. കാരണം ഇന്ന് അസ്തിത്വം പോലും അപകടത്തില്‍പെട്ട് പാകിസ്താനിലോട്ടാണോ ഖബ്‌റിലോട്ടാണോ എന്നറിയാതെ നില്‍ക്കുന്നവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. അവര്‍ക്കു വേണ്ടി  ശബ്ദമുയര്‍ത്തുന്നവരില്‍ വലിയൊരു വിഭാഗം മുസ്ലിംകളല്ലാത്ത ആക്ടിവിസ്റ്റുകളാണ്. അവരില്‍ ഭൂരിഭാഗവും അവരുടെ ശബ്ദമെത്താനും കേസ് നടത്തിക്കൊണ്ടു പോകാനും ഒക്കെ കഷ്ടപ്പെടുമ്പോള്‍ ഫിഖ്ഹിന്റെ മസ്അല സകാത്തിന്റെ വിഹിതം അവര്‍ക്കും ചിലപ്പോഴൊക്കെ കൊടുക്കുന്നതിനു തടസ്സമാവരുത് എന്നാണ് എന്റെ പക്ഷം. അടിസ്ഥാന വിഭാഗങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കണമെന്നും മറ്റുമുള്ള ഉപാധികള്‍ പാലിക്കണമെന്നും മാത്രം. ഹൃദയങ്ങള്‍ ഇണക്കപ്പെട്ടവരില്‍ പരിഗണിക്കപ്പെടേണ്ട മറ്റൊരു വിഭാഗം പുതു മുസ്‌ലിംകള്‍ ആണ്. തീര്‍ച്ചയായും അവരാണ് നമ്മളേക്കാള്‍ നന്നായി ശഹാദത്ത് പുതുക്കിയവര്‍.
ഭൂമുഖത്ത് ഇപ്പോള്‍ ഇല്ല എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നവരാണ് അവസാനത്തെ വിഭാഗം- 'അടിമകള്‍.' അവരുടെ മോചനം ഇസ്‌ലാം അതിന്റെ മൗലിക ദൗത്യങ്ങളിലൊന്നായി ഏറ്റെടുത്തിരിക്കുന്നു. അതിനെ പുണ്യമുള്ള ആരാധനാ കര്‍മമായി പരിവര്‍ത്തിപ്പിച്ചിരിക്കുന്നു. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മോശമായ സമ്പ്രദായമായിരുന്നു അടിമത്തം. മനുഷ്യന്‍ മനുഷ്യനോട് മൃഗത്തേക്കാള്‍ മോശമായി പെരുമാറുന്ന രീതി. സ്വപ്‌നം കാണണമെങ്കില്‍ അനുവാദം വാങ്ങണമെന്നായിരുന്നു. റസൂലിനെ ഇത് ഏറെ വേദനിപ്പിച്ചു. അടിമകളെ റസൂല്‍ ചേര്‍ത്തു പിടിച്ചു. ഇത് അതിശയോക്തിയല്ല.  ഇസ്‌ലാമില്ലെങ്കില്‍ ബിലാലിനെയും അമ്മാറിനെയും യാസിറിനെയും ഖബ്ബാബിനെയും സുമയ്യയെയും ആരറിയാന്‍? അവര്‍ എഴുതപ്പെട്ടത് 'റളിയല്ലാഹു അന്‍ഹും' (അല്ലാഹു തൃപ്തിപ്പെട്ടവര്‍) എന്നാണ്. അടിമയായ സൈദ് റസൂലിന്റെ വളര്‍ത്തു പുത്രനും മാരിയ്യത്ത് റസൂലിന്റെ അടിമയായ ഭാര്യയും ഇബ്‌റാഹീം അവരില്‍ ജനിച്ച മകനുമാണ്. 
അല്ലാഹുവിനു ഏറെ ഇഷ്ടമുള്ള പേരത്രെ 'റഹ്മാന്‍' (കാരുണ്യവാന്‍). ആ കാരുണ്യത്തിന്റെ വര്‍ഷമായിരുന്നു അടിമ മോചനത്തിനായി സകാത്തില്‍ ഒരു വിഹിതം എന്നത്. ഇന്ന് അദൃശ്യ അടിമകളുടെ കാലമാണ്. നമുക്കു ചുറ്റും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അത്തരം ഒരുപാട് അടിമകളുണ്ട്. ഭരണകൂട ഭീകരതയുടെ ഇരകള്‍. വിചാരണ ഇല്ലാതെ തടവറയില്‍ കഴിയുന്ന പതിനായിരക്കണക്കിന് മുസ്‌ലിം ചെറുപ്പക്കാര്‍ ഈ ഇനത്തില്‍ പെടില്ലേ?
സകാത്തിന് റമദാനുമായി എന്തോ അഭേദ്യ ബന്ധമുള്ളതായി ആളുകള്‍ക്ക് തോന്നാറുണ്ട്. അതൊരു ശരിയല്ലാത്ത സാമാന്യ ബോധമാണ്. സകാത്ത് ഒരു വര്‍ഷത്തെ കാലയളവില്‍ കണക്കാക്കപ്പെടേണ്ട നിര്‍ബന്ധ കര്‍മമാണ്. മുഹര്‍റം മാസമാണ് സകാത്ത് കൊടുക്കാന്‍ നല്ലതെന്നു 'ഇഹ്‌യാ'യില്‍ ഇമാം ഗസ്സാലി പറയുന്നുണ്ട്. മുഹര്‍റം ഇസ്‌ലാമിക കലണ്ടറിന്റെ തുടക്കമാസമായതു കൊണ്ട് സൂക്ഷ്മതക്ക് അതാണ് നല്ലതെന്നു അഭിപ്രായമുള്ളവരുണ്ട്. കൂടുതല്‍ കൂലി കിട്ടുന്നതുകൊണ്ട് റമദാന്‍ അടിസ്ഥാനമാക്കുന്നതില്‍ തെറ്റില്ല എന്ന് മാത്രമല്ല, അതാണ് കുറച്ചുകൂടി നല്ലത് എന്ന് കരുതുന്നവരാണ് വലിയൊരു പക്ഷം. സ്വര്‍ണവും വെള്ളിയും ഡെപ്പോസിറ്റുകളും ഉള്‍പ്പെടെ സകല ലാഭോല്‍പാദന ക്ഷമതയുള്ളവക്കും സകാത്ത് ഉണ്ട്. പണ്ടത്തെ കിതാബുകളിലെ കാലിയും ഒട്ടകവുമൊക്കെ ഇന്ന് മറ്റു പലതിനും വഴി മാറിയതിനാല്‍, മൂലധന നിക്ഷേപവും ലാഭവുമുള്ള ബിസിനസ്സുകള്‍ എല്ലാം സകാത്തിന്റെ പരിധിയില്‍ വരും. കടബാധിതര്‍ക്ക് അതിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നിസാബിന്റെ കണക്കുകൂട്ടലില്‍ വരുത്താം എന്നു മാത്രം.  പുതിയകാല വരുമാന മാര്‍ഗങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, നിയമത്തിനുമപ്പുറം ഒരു പ്രാര്‍ഥനയും ആരാധനയുമാണ് സകാത്ത്. ഖബ്‌റും പരലോകവും സകാത്തുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. 'വെട്ടിക്കുക' എന്ന മനസ്സ് പോലും അതിന്റെ ആത്മാവിനെ ചോര്‍ത്തിക്കളയും. ഇഹവും പരവും അപകടത്തിലായിത്തീരുക എന്നതായിരിക്കും അതിന്റെ അനന്തരഫലം.
സകാത്ത് ഉമര്‍ രണ്ടാമന്റെ കാലത്തേത് പോലെ തിരിച്ചുപിടിക്കുക എന്നത് ഈ കാലം തേടുന്ന ദൗത്യമാണ്. പോസ്റ്റ് കൊറോണ എന്നൊരു കാലം വരാന്‍ പോകുന്നുണ്ട്. നിലനില്‍ക്കുന്ന സാമ്പത്തിക സംവിധാനങ്ങളും സിദ്ധാന്തങ്ങളും വലിയ വെല്ലുവിളി നേരിടും. രണ്ടു സാധ്യതകളാണ് മുസ്‌ലിം സമൂഹത്തിനു മുന്നിലുള്ളത്; ഒന്ന്, സ്വന്തം നിലനില്‍പ്പും സമുദായത്തിന്റെ സാമ്പത്തിക ഭദ്രതയും. രണ്ട്, ലോകത്തിനു ചൂഷണവിമുക്തമായ ഒരു സാമ്പത്തിക സംവിധാനം തങ്ങളുടെ കൈയിലുണ്ട് എന്ന് പറയുകയും ചെറു മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്യുക. ഈ രണ്ടു ലക്ഷ്യത്തിനും വലിയ സംഭാവന ചെയ്യാന്‍ സകാത്തിനും അനുബന്ധ കാര്യങ്ങള്‍ക്കും കഴിയും.  കുറച്ചുകൂടി ലോകത്തെ അറിയാനും അക്ഷരങ്ങളുടെ അച്ചുകൂടില്‍നിന്നു പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കാനും നമ്മുടെ ഉമറാക്കളും ഉലമാക്കളും തയാറാവണമെന്നു മാത്രം. ഇഖ്ബാല്‍ പാടിയതാണ്  ശരി: 'ഈ സമുദായം ഒരു സാര്‍ഥവാഹക സംഘമാണ്. അവരുടെ പാഥേയം വഴിയിലെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. നഷ്ടപ്പെട്ടു എന്നു മാത്രമല്ല, നഷ്ടപ്പെട്ടു എന്ന ബോധം പോലും നഷ്ടപ്പെട്ടിരിക്കുന്നു.'

Comments

Other Post

ഹദീസ്‌

ഭയവും പ്രതീക്ഷയും
പി. എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (34-37)
ടി.കെ ഉബൈദ്‌