അയര്‍ലന്റിന് ഉസ്മാനി ഖലീഫ നല്‍കിയ സഹായമോര്‍മ്മിപ്പിച്ച് ഖത്തറിന്റെ ഫീല്‍ഡ് ആശുപത്രികള്‍
ഇറ്റലിയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ രണ്ട് ഫീല്‍ഡ് ആശുപത്രികള്‍ അമീരീ ഫോഴ്‌സിന്റെ നാല് സൈനിക വിമാനങ്ങളിലായി ഇറ്റലിയിലെത്തിച്ച വാര്‍ത്ത ശ്രദ്ധിക്കപ്പെടുകയുണ്ടായി. യഥാക്രമം 5200, 4000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള നാല് ഫീല്‍ഡ് ആശുപത്രികളിലായി 1000 വീതം കിടക്കകളാണുള്ളത്. ചികിത്സക്കായുള്ള അത്യാധുനിക സജ്ജീകരണങ്ങളെല്ലാം ആശുപത്രികളിലുണ്ട്.
ഇറ്റലിക്ക് ഏറെ ആശ്വാസകരമായിരുന്നു ഖത്തറിന്റെ സഹായം. റോമിലെ പ്രാറ്റിക ഡി മാരേ സൈനിക വിമാനത്താവളത്തിലെത്തിയ ഖത്തര്‍ സൈനിക വിമാനത്തെ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ലൂയിഗി ഡി മയോ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഒരു അറബ് മുസ്ലിം രാജ്യം ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ക്രിസ്ത്യന്‍ രാജ്യത്തിനു നല്‍കിയിരിക്കുന്ന സഹായം ഓര്‍മപ്പെടുത്തുന്നത് യൂറോപ്യന്‍ രാജ്യമായ അയര്‍ലന്റിന് അതിന്റെ ചരിത്രത്തിലെ അതിനിര്‍ണായകമായ ആപത്ഘട്ടങ്ങളിലൊന്നില്‍ ലോക മുസ്ലിംകളുടെ തലവനായിരുന്ന ഉസ്മാനീ ഖലീഫ നല്‍കിയ സഹായമാണ്.
അയര്‍ലന്റിലെ പ്രധാന ഭക്ഷ്യവസ്തുവായിരുന്നു ഉരുളക്കിഴങ്ങ്. 1845-ല്‍ ഉരുളക്കിഴങ്ങ് കൃഷിയില്‍ പുഴുക്കുത്ത് വ്യാപകമാവുകയും കൃഷി അപ്പാടെ നശിച്ചുപോവുകയും ചെയ്തു. രാജ്യം പട്ടിണിയിലേക്ക് എടുത്തെറിയപ്പെട്ടു. ഈ ക്ഷാമകാലത്ത് 10 ലക്ഷം ജനങ്ങളാണ് മരണപ്പെട്ടത്. പത്ത് ലക്ഷത്തിലധികം പേര്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്തു. 1845 മുതല്‍ 1852 വരെ ഏഴ് വര്‍ഷത്തോളം അയര്‍ലന്റ് ക്ഷാമത്തിന്റെ പിടിയിലായിരുന്നു. പട്ടിണിക്ക് പുറമെ പകര്‍ച്ചവ്യാധികളും രാജ്യത്തെ അക്ഷരാര്‍ഥത്തില്‍ ശവപ്പറമ്പാക്കി മാറ്റി. രാജ്യത്തിന്റെ ദുരിതം വിവരിച്ച് വിവിധ രാജ്യങ്ങളിലേക്ക് സഹായത്തിനായി കത്തുകളയച്ചു.
യൂറോപ്പ് വ്യവസായ വിപ്ലവത്തെ തുടര്‍ന്ന് അതിസമ്പന്നമായ നിലയിലായിരുന്നുവെങ്കിലും കാര്യമായ സഹായങ്ങളൊന്നും തന്നെ അവിടങ്ങളില്‍ നിന്ന് ലഭിച്ചില്ല.
ഈ സന്ദര്‍ഭത്തിലാണ് പ്രതീക്ഷിക്കാത്ത ഒരു കോണില്‍ നിന്ന് സഹായം ഒഴുകിയെത്തിയത്. അങ്ങകലെ 4000 മൈല്‍ വിദൂരത്തു നിന്ന് ആഗോള മുസ്ലിംകളുടെ കേന്ദ്രമായ ഉസ്മാനിയ ഖിലാഫത്തിന്റെ ഭാഗത്തുനിന്നായിരുന്നു അത്.
അയര്‍ലന്റിലെ പരിതാപകരമായ നില തിരിച്ചറിഞ്ഞ് 10,000 ബ്രിട്ടീഷ് പൗണ്ട് സംഭാവന ചെയ്യുന്നുവെന്ന് ഉസ്മാനീ ഖലീഫ സുല്‍ത്താന്‍ അബ്ദുല്‍ മജീദ് രണ്ടാമന്‍ പ്രഖ്യാപിച്ചു. രാജ്യത്തെ വലിയ ദുരന്തത്തില്‍നിന്ന് കരകയറ്റാന്‍ പര്യാപ്തമായിരുന്നു ആ തുക. എന്നാല്‍ ഈ സഹായവാഗ്ദാനം അറിഞ്ഞ ഇസ്തംബൂളിലെ ബ്രിട്ടീഷ് അംബാസിഡര്‍മാര്‍ ഖലീഫയെ സന്ദര്‍ശിച്ച് ഇത്രയും തുക സംഭാവന ചെയ്യരുതെന്ന് ആവശ്യപ്പെട്ടുവത്രെ. അതിന് അവര്‍ പറഞ്ഞ കാരണം ഞെട്ടിക്കുന്നതായിരുന്നു. ബ്രിട്ടനിലെ വിക്‌ടോറിയ രാജ്ഞി അയര്‍ലന്റിനെ സഹായിക്കാന്‍ 2000 പൗണ്ട് മാത്രമേ സംഭാവന ചെയ്തിട്ടുള്ളൂവെന്നും അതിനാല്‍ അതില്‍ കൂടുതല്‍ സംഭാവന ചെയ്യുന്നത് രാജ്ഞിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അതിനാല്‍ സുല്‍ത്താന്‍ നേര്‍പകുതിയായ 1000 പൗണ്ട് മാത്രമേ സംഭാവന ചെയ്യാന്‍ പാടുള്ളൂവെന്നും അംബാസിഡര്‍ ശഠിച്ചതോടെ സുല്‍ത്താന് അംഗീകരിക്കേണ്ടിവന്നു. സുല്‍ത്താന്റെ 1000 പൗണ്ട് സഹായം അയര്‍ലന്റിലേക്കെത്തുകയും ചെയ്തു.
എന്നാല്‍ ഉസ്മാനീ ഖലീഫ ബ്രിട്ടീഷുകാര്‍ അറിയാതെ ഭക്ഷ്യവസ്തുക്കള്‍ നിറച്ച 5 കപ്പലുകള്‍ അയര്‍ലന്റിലേക്ക് അയക്കുകയും ചെയ്തിരുന്നു. അധികാരികള്‍ കാണാതിരിക്കാന്‍ അയര്‍ലന്റിലെ പ്രധാന തുറമുഖങ്ങളില്‍ നങ്കൂരമിടുന്നതിനു പകരം അത്ര പ്രാധാന്യമില്ലാത്ത ഡ്രൊഗേഡ എന്ന ചെറുപട്ടണത്തിനടുത്താണ് ഈ അഞ്ച് കപ്പലുകളും എത്തിച്ചേര്‍ന്നത്. അഞ്ച് കപ്പലുകളില്‍ നിറച്ച ഭക്ഷ്യധാന്യങ്ങള്‍ അയര്‍ലന്റിന് തെല്ലൊന്നുമല്ല ആശ്വാസമായത്.
സുല്‍ത്താന്റെ സഹായത്തിന് നന്ദി പറഞ്ഞ് പ്രദേശത്തെ പ്രഭുക്കള്‍ സുല്‍ത്താന് കത്തയച്ചു. കത്തില്‍ ഇങ്ങനെയാണ് പറഞ്ഞത്; 'ഞങ്ങള്‍ക്ക് ദുരന്തസമാനമായ ക്ഷാമകാലത്ത് ഉദാരമായ സഹായം നല്‍കിയ സുല്‍ത്താന് ഞങ്ങള്‍ ഐറിഷ് പ്രഭുക്കള്‍, ഉന്നത വ്യക്തിത്വങ്ങള്‍, ഐറിഷ് ജനങ്ങള്‍ എല്ലാവരും അങ്ങേയറ്റത്തെ കൃതജ്ഞത രേഖപ്പെടുത്തുന്നു. സുല്‍ത്താനു വേണ്ടിയും ഉസ്മാനീ ഖിലാഫത്തിനു വേണ്ടിയും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.'
ഈ കത്തുകള്‍ അയര്‍ലന്റിലെ തുര്‍ക്കി അംബാസിഡര്‍ തന്റെ ഓഫീസില്‍ ഫ്രെയിം ചെയ്ത് ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
അയര്‍ലന്റിലെ പട്ടിണിപ്പാവങ്ങളെ സഹായിക്കുമ്പോള്‍ എന്തെങ്കിലും തിരിച്ചുകിട്ടണമെന്ന് സുല്‍ത്താന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും തങ്ങളെ ആപത്തുകാലത്ത് സഹായിച്ചവരെ അയര്‍ലന്റ് ജനത മറന്നില്ല.
ക്ഷാമകാലം അവസാനിച്ചതിന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന 1854-ലെ ഉസ്മാനീ-റഷ്യന്‍ യുദ്ധത്തില്‍ അയര്‍ലന്റ് വലിയ സഹായങ്ങളുമായി ഖലീഫക്ക് ശക്തമായ പിന്തുണ നല്‍കി. പരിക്കേറ്റവരെ പരിചരിക്കുന്ന നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുറമെ മുപ്പതിനായിരത്തിലധികം ഐറിഷ് സൈനികരാണ് സുല്‍ത്താന്റെ സേവനത്തിനായി രംഗത്തിറങ്ങിയത്.
യൂറോപ്പില്‍ ഇസ്ലാമോഫോബിയ ഏറ്റവും കുറവുള്ള രാജ്യമാണ് അയര്‍ലന്റ്. ഒരു നൂറ്റാണ്ടു മുമ്പ് ഉസ്മാനീ സുല്‍ത്താന്‍ നല്‍കിയ സഹായം അദ്ദേഹത്തിന്റെ മതവിശ്വാസികളെ സംരക്ഷിക്കുന്നതിലേക്കു വരെ നീണ്ട അതിസുന്ദരമായ ചിത്രമാണ് അയര്‍ലന്റ് പങ്കുവെക്കുന്നത്.
തുര്‍ക്കി കപ്പലുകളുടെ സഹായം എത്തിയ ഡ്രൊഗേഡ പ്രദേശത്ത് ടര്‍ക്കിഷ് ചിഹ്നങ്ങള്‍ ധാരാളമായി കാണാം. ഇവിടത്തെ ക്ലബ്ബിന്റെ എംബ്ലത്തിലും മുസ്ലിംകളുടെ ചിഹ്നമായി കണക്കാക്കപ്പെടുന്ന നക്ഷത്രവും ചന്ദ്രനുമുണ്ട്.
1923-ല്‍ ഒന്നാം ലോക യുദ്ധാനന്തരം നടന്ന ഉച്ചകോടിയില്‍ എല്ലാ രാജ്യങ്ങളും തുര്‍ക്കിക്ക് എതിരായി സംസാരിച്ചപ്പോള്‍ അയര്‍ലന്റ് പ്രതിനിധി മാത്രമാണ് അനുകൂലമായി സംസാരിച്ചത്. നിങ്ങള്‍ മാത്രം എന്തുകൊണ്ട് ഞങ്ങളെ പിന്തുണക്കുന്നു എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്; 'ഞങ്ങള്‍ക്ക് ഒരു ആവശ്യം വന്നപ്പോള്‍ സഹായിക്കാന്‍ നിങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്, അതുകൊണ്ട് നിങ്ങളെ സഹായിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല.'
Comments