നബി(സ)യുടെ നോമ്പുകാലങ്ങള്‍
നബി(സ)യും സ്വഹാബത്തും ചരിത്രത്തിലെ ആദ്യത്തെ നോമ്പുകാലത്തിന്റെ ഉത്സാഹത്തിലും ആകാംക്ഷയിലും ക്ഷീണത്തിലും ഇരിക്കുമ്പോഴാണ് ബദ്ര്‍ യുദ്ധത്തിനു വേണ്ടി പുറപ്പെടാനുള്ള കല്‍പന ലഭിക്കുന്നത്. മദീനയില്‍നിന്ന് 130 - ഓളം കിലോമീറ്റര്‍ ദൂരമുള്ള ബദ്‌റിലേക്ക് സ്വഹാബികളെയും കൂട്ടി നബി (സ) നടന്നു തുടങ്ങി. റമദാന്‍ 12-നായിരുന്നു യാത്ര തുടങ്ങിയത്. വളരെ ദരിദ്രമായ അവസ്ഥയില്‍ യുദ്ധക്കോപ്പുകള്‍ കാര്യമായൊന്നുമില്ലാതെയാണ് പുറപ്പെടല്‍. രണ്ടു കുതിരപ്പടയാളികള്‍, വളരെക്കുറച്ച് ഒട്ടകങ്ങള്‍, വളരെ കുറഞ്ഞ വാളുകള്‍, ഏതാനും കുന്തങ്ങള്‍ ഇതേ കൈവശമുള്ളൂ. ഒരു യുദ്ധത്തെ നേരിടാനുള്ള കാര്യമായ ഭൗതിക സന്നാഹങ്ങളൊന്നുമില്ല. ആളും കുറവ്. 131 അന്‍സ്വാരികള്‍, 182 മുഹാജിറുകള്‍. മൊത്തം 313 പേര്‍. അതിനാല്‍ തന്നെ അബൂസുഫ്‌യാന്റെ നേതൃത്വത്തിലുള്ള കച്ചവട സംഘത്തെ നേരിടാനായിരുന്നു സ്വഹാബികളില്‍ പലരും ആഗ്രഹിച്ചത്. എന്തായാലും ആദ്യത്തെ നോമ്പുകാലം യാത്രയും യുദ്ധവുമൊക്കെ നിറഞ്ഞു നിന്ന അതിസാഹസികമായ ദിനരാത്രങ്ങള്‍ ആയിരുന്നു.
നബി (സ) മദീനയില്‍ എത്തിയ രണ്ടാം വര്‍ഷം, അതായത് ഹിജ്‌റ രണ്ടാം വര്‍ഷം, ശഅ്ബാന്‍ മാസത്തിലാണ് റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഖുര്‍ആന്‍ സൂക്തമിറങ്ങുന്നത്. പിന്നെ രണ്ടോ മൂന്നോ ആഴ്ചകളേ നോമ്പുകാലം തുടങ്ങാന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. റമദാന്‍ ആദ്യ പത്ത് പിന്നിട്ടപ്പോള്‍ തന്നെ ബദ്ര്‍ യുദ്ധത്തിനു വേണ്ടി യാത്ര പുറപ്പെടേണ്ടി വരികയും ചെയ്തു. റമദാന്‍ 17-ന് ബദ്റില്‍ വെച്ച് ആയിരത്തോളം വരുന്ന ശത്രു സൈന്യവുമായി സത്യവിശ്വാസികള്‍ പോരാടുകയും ഐതിഹാസികമായ വിജയം കൈവരിക്കുകയും ചെയ്തു. അങ്ങനെ ആദ്യ നോമ്പുകാലത്തിലെ രണ്ടാം പത്ത് പ്രവാചക ചരിത്രത്തിലെ നിസ്തുലമായ ബദ്ര്‍ വിജയത്തിന്റെ സംഭവബഹുലമായ ചരിത്ര നിമിഷങ്ങളായി അടയാളപ്പെടുത്തി.
ആദ്യ നോമ്പുകാലം തന്നെ കടുത്ത പരീക്ഷണവേദി കൂടിയായി നബി(സ)ക്കും സ്വഹാബികള്‍ക്കും. നബി(സ)യുടെ ജീവിതത്തില്‍ നോമ്പ് നിര്‍ബന്ധമാക്കിയ ശേഷം ഒമ്പത് നോമ്പുകാലങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതില്‍ ആദ്യത്തെ നോമ്പിന്റെ ചിത്രമാണ് ബദ്റില്‍ നമ്മള്‍ കാണുന്നത്. റമദാന്‍ പന്ത്രണ്ടിന് പുറപ്പെട്ട മുസ്ലിം സൈന്യം ബദ്റില്‍ വിജയക്കൊടി നാട്ടി റമദാന്‍ ഇരുപത്തിമൂന്നിനാണ് മദീനയില്‍ തിരിച്ചെത്തിയത്. തിരിച്ചുവരുമ്പോള്‍ പോയവരില്‍ പതിനാല് പേര്‍ കൂടെയില്ല. അവര്‍ നോമ്പുകാലത്ത് രക്തം കൊണ്ട് ചരിത്രം രചിച്ചവരാണ്. ആ ശുഹദാക്കള്‍ അല്ലാഹുവിന്റെ അര്‍ശിന്റെ ചാരെ നിന്ന് നബി(സ)യുടെയും വിശ്വാസി സംഘത്തിന്റെയും മടക്കം നോക്കി കണ്ടിരിക്കണം. തിരിച്ചുവന്ന മിക്ക ആളുകള്‍ക്കും മുറിവേറ്റിരുന്നു. ഖുറൈശികളില്‍ നിന്ന് പ്രഗത്ഭരായ എഴുപത് പേരെ തടവുകാരായി പിടിച്ചിട്ടുണ്ട്. അവരെ മദീനയിലെ പള്ളിയിലെ തൂണുകളില്‍ ബന്ധിച്ച് അവര്‍ക്കുവേണ്ട ചികിത്സയും ശുശ്രൂഷയും നല്‍കി. അവര്‍ക്കുവേണ്ടി കാവല്‍ നിന്നു. അവരുടെ മോചന കാര്യത്തില്‍ ആലോചനകള്‍ നടത്തി. വിശ്വാസികള്‍ ഇതിലെല്ലാം വ്യാപൃതരായിരിക്കെ ആ നോമ്പിലെ ദിനരാത്രങ്ങള്‍ കടന്നു പോയി.
രണ്ടാം നോമ്പ് കാലം
ഹിജ്‌റ മൂന്നാം വര്‍ഷമായിരുന്നു രണ്ടാമത്തെ നോമ്പുകാലം. പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതെ ആ ദിനരാത്രങ്ങള്‍ കടന്നുപോകുന്നതിനിടയിലാണ് മക്കയില്‍നിന്ന് അബ്ബാസുബ്‌നു അബ്ദുല്‍ മുത്ത്വലിബ് ഒരു രഹസ്യദൂതനെ അയച്ച് നബി(സ)യെ സ്വകാര്യമായി ഒരു കാര്യം അറിയിക്കുന്നത്. നോമ്പുകാലത്ത് ലഭിച്ച അറിയിപ്പ് മദീനാവാസികള്‍ക്ക് അത്ര സന്തോഷകരമായിരുന്നില്ല. ബദ്റില്‍ ഏറ്റ കനത്ത പരാജയത്തിന് പകരം വീട്ടാന്‍ ശത്രുക്കള്‍ ഖുറൈശികളിലെ ധനാഢ്യനായ അബൂസുഫ്‌യാനോട് മുസ്ലിംകള്‍ക്കെതിരെ പടയോട്ടത്തിനു സാമ്പത്തിക അഭ്യര്‍ഥന നടത്തുകയും പടയുടെ നേതൃത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു എന്നതായിരുന്നു അത്. അബൂസുഫ്‌യാന്‍ വിഷയം അബ്ബാസിനോട് ചര്‍ച്ച ചെയ്തതായിരുന്നു. മാത്രമല്ല, ഈ ആവശ്യത്തിലേക്ക് തന്റെ സമ്പത്തില്‍ നിന്ന് 50,000 ദീനാര്‍ (ഇന്നത്തെ കണക്കില്‍ പതിനൊന്നു കോടിയോളം രൂപ) നല്‍കാന്‍ അബൂസുഫ്‌യാന്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. വിഷയം നബി(സ)യുടെ പിതൃവ്യനായ അബ്ബാസ്, തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠപുത്രനായ നബി(സ)യെ അറിയിക്കുകയായിരുന്നു. ബദ്റില്‍ യുദ്ധം ചെയ്തു തടവുകാരനായി വിട്ടയക്കപ്പെട്ട അബ്ബാസ് ഇനിയൊരിക്കലും മറുപക്ഷത്ത് എത്തില്ല എന്ന ധൈര്യം അബൂസുഫ്‌യാന് ഉണ്ടായിരുന്നിരിക്കാം. അറിയിപ്പ് ലഭിക്കുമ്പോള്‍ നബി (സ) തന്റെ ജീവിതത്തിലെ രണ്ടാമത്തെ റമദാനില്‍ പ്രവേശിച്ചിരുന്നു. കഴിഞ്ഞ റമദാന്‍ ബദ്ര്‍ യുദ്ധത്തിന്റെ പോരാട്ടമായിരുന്നു. ഈ റമദാന്‍ ശാന്തമായിരിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. റമദാനില്‍ ആണല്ലോ കൂടുതല്‍ സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിച്ച് നാഥനിലേക്ക് കൂടുതല്‍ അടുക്കാന്‍ സാധിക്കുക.
പക്ഷേ സര്‍വായുധ സജ്ജരായി മൂവായിരത്തിലധികം വരുന്ന ഖുറൈശീ സൈന്യം മക്കയില്‍നിന്ന് താമസിയാതെ പുറപ്പെടുമെന്ന് വിവരം ലഭിച്ചു കഴിഞ്ഞതിനാല്‍ ഇനി മദീനയെ സംരക്ഷിക്കുക എന്നുള്ള അടിയന്തര ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ശാമിലേക്കുള്ള തങ്ങളുടെ കച്ചവട യാത്രയുടെ നട്ടെല്ലൊടിക്കാന്‍ കെല്‍പ്പുള്ള ഭീഷണിയായി മുസ്ലിം മദീനയെ വളരാന്‍ അനുവദിച്ചു കൂടായെന്നും, ഇതോടുകൂടി അവരെ ഒതുക്കി തങ്ങളുടെ കാല്‍ക്കീഴില്‍ ആക്കണമെന്നുമുള്ള സ്വപ്‌നവുമായാണ് ഖുറൈശികള്‍ വരുന്നത്. അതിനാല്‍ തന്നെ രണ്ടാമത്തെ റമദാനിന്റെ രണ്ടാം പകുതി, മദീനയെ ആക്രമിക്കാന്‍ വരുന്നവരെ എവിടെ വെച്ച് എങ്ങനെ പ്രതിരോധിക്കും എന്ന ദീര്‍ഘിച്ച ചര്‍ച്ചകളില്‍ പെട്ടുപോയിട്ടുണ്ടാവും എന്നുവേണം മനസ്സിലാക്കാന്‍. മദീനയില്‍ നിന്നു കൊണ്ട് പ്രതിരോധിക്കണോ പുറത്തു ചെന്ന് പ്രതിരോധിക്കണോ എന്നിങ്ങനെയുള്ള ചര്‍ച്ചകളുടെ അവസാനത്തില്‍, കപടന്മാരുടെ പിന്തിരിയല്‍ സാധ്യത കൂടി മുന്നില്‍ കണ്ട്, പുറത്തു ചെന്ന് പ്രതിരോധിക്കുക എന്ന തീരുമാനത്തിലാണ് അവസാനം എത്തിയത്. അതുകൊണ്ടുതന്നെ ഈദുല്‍ഫിത്വ്‌റിന്റെ ആഘോഷപ്പകിട്ടില്ലാതെ ശവ്വാല്‍ മാസം ആദ്യ ആഴ്ചയില്‍ തന്നെ രണ്ടാമത്തെ പോരാട്ടം ഉഹുദില്‍ വെച്ച് നടത്തേണ്ടിവന്നു നബി(സ)ക്കും സ്വഹാബത്തിനും. അതിലാകട്ടെ, ചെറിയ തോതില്‍ തിരിച്ചടിയും നേരിട്ടു, മുസ്ലിം സമൂഹത്തിന്.
മൂന്നാം നോമ്പുകാലം
നബി(സ)യുടെ മൂന്നാമത്തെ റമദാന്‍, അതായത് ഹിജ്‌റ നാലാം വര്‍ഷം, നോമ്പ് തുടങ്ങുന്നത് യുദ്ധത്തിനു വേണ്ടി പുറപ്പെട്ട ഒരു യാത്രയുടെ സമാപനത്തോടു കൂടിയാണ് എന്നു പറയാം. ഉഹുദില്‍ നിന്ന് പോകുമ്പോള്‍ 'വീണ്ടും ബദ്‌റില്‍ വെച്ച് കാണാം' എന്ന് അബൂസുഫ് യാന്‍ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ പിറ്റേ വര്‍ഷം ശഅ്ബാന്‍ 3-ന് നബി(സ)യുടെ നേതൃത്വത്തിലുള്ള 1500 പേരടങ്ങുന്ന സംഘം ബദ്റില്‍ എത്തുകയും 8 ദിവസം അവിടെ ശത്രുക്കള്‍ക്കു വേണ്ടി കാത്തുനില്‍ക്കുകയും ചെയ്തിരുന്നു. രണ്ടാം ബദ്ര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പക്ഷേ പേടിച്ചുപോയ അബൂസുഫ്യാന്‍ അതുവഴി വന്നില്ല. ശഅ്ബാന്‍ രണ്ടാം പകുതിയില്‍ നബിയും സംഘവും മദീനയില്‍ തിരിച്ചെത്തുകയും ചെയ്തു. ഉഹുദില്‍ ഏറ്റ തിരിച്ചടി തങ്ങളെ ബാധിച്ചിട്ടില്ല എന്ന് ഖുറൈശികളെയും മറ്റു ശത്രുവിഭാഗങ്ങളെയും ബോധ്യപ്പെടുത്താനുള്ള പടനീക്കമായിരുന്നു അത്.
നബി(സ)യും സ്വഹാബത്തും ബദ്റിലേക്ക് പോയ സമയത്താണ് നബി(സ)യുടെ മകള്‍ ഫാത്വിമ (റ) പ്രസവിക്കുന്നത്. ശഅ്ബാന്‍ മൂന്നിന് ആയിരുന്നു അത്. മദീനയിലെത്തിയ നബി(സ)യെ വരവേല്‍ക്കാന്‍ ഒരു പൊന്നോമനയുണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ട കണ്ണിലുണ്ണിയെ ഹസന്‍ എന്ന് നബി (സ) വിളിച്ചു. ആദ്യ ബദ്ര് കഴിഞ്ഞു വന്നതിനു ശേഷം, രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് അലി(റ)ക്ക് നബി (സ) ഫാത്വിമയെ കല്യാണം കഴിച്ചുകൊടുത്തത്. ഏതാണ്ട് ഇരുപത് മാസം പിന്നിട്ട ദാമ്പത്യത്തില്‍ പിറന്ന അരുമക്കനി. പിതാമഹനായ സന്തോഷത്തിലാണ് നബി (സ) മൂന്നാം റമദാനിലേക്ക് കാലെടുത്തുവെക്കുന്നത്. ഉഹുദ് യുദ്ധത്തില്‍ പരിക്കേറ്റ ചില സ്വഹാബികള്‍ പൂര്‍ണമായി സുഖപ്പെട്ടുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. കൂട്ടത്തില്‍ പരിക്കേറ്റ അബൂസലമ (റ) തൊട്ടുമുമ്പ് ദുല്‍ഹജ്ജ് മാസത്തിലാണ് മരണപ്പെട്ടത്. മറ്റു പ്രയാസങ്ങള്‍ ഇല്ലാതെ യുദ്ധം ചെയ്യാതെ വിജയിച്ച സന്തോഷം, പേരക്കുട്ടി ഉണ്ടായ സന്തോഷം എന്നിവയോടുകൂടിയാണ് മൂന്നാമത്തെ റമദാനിനെ നബി (സ) വരവേല്‍ക്കുന്നത്. വളരെ സന്തോഷത്തോടുകൂടി തന്നെ ആ റമദാന്‍ മുന്നോട്ടു പോയി. റമദാനു ശേഷം പെരുന്നാളും കഴിഞ്ഞ് മരണപ്പെട്ട അബൂ സലമയുടെ വിധവ ഉമ്മുസലമയെ നബി (സ) ഭാര്യയായി സ്വീകരിച്ചു.
നാലാം നോമ്പുകാലം
അതി പ്രക്ഷുബ്ധമായ ദിനരാത്രങ്ങളിലൂടെയാണ് നബി(സ)യുടെ ജീവിതത്തിലെ നാലാമത്തെ നോമ്പുകാലം കടന്നുവരുന്നത്. ഹിജ്‌റ അഞ്ചാം വര്‍ഷം. ബനുല്‍ മുസ്ത്വലഖ് യുദ്ധത്തിനു വേണ്ടി നബി (സ) പുറപ്പെട്ടത് ശഅ്ബാന്‍ രണ്ടിന് ആയിരുന്നു. മുറൈസീഇല്‍ വെച്ച് നടന്ന യുദ്ധത്തില്‍ മുസ്ലിംകള്‍ക്ക് ധാരാളം ഗനീമത്ത് സ്വത്തുക്കള്‍ ലഭിച്ചു. ബനുല്‍ മുസ്ത്വലഖ് നേതാവിനെ തടവുകാരനായി പിടിച്ചു. അദ്ദേഹത്തിന്റെ മകള്‍ ജുവൈരിയ്യയെ നബി (സ) പിന്നീട് വിവാഹം കഴിച്ചു. ശഅ്ബാന്‍ പകുതി പിന്നിട്ടപ്പോഴേക്കും മദീനയില്‍ തിരിച്ചെത്തി. പക്ഷേ അപ്പോഴേക്കും വലിയൊരു വെല്ലുവിളി നബി(സ)യുടെ മുന്നില്‍ എത്തിയിരുന്നു. തന്റെ പ്രിയ പത്‌നിക്ക് എതിരെ ദുരാരോപണം ഉന്നയിച്ചുകൊണ്ട് കപടന്മാര്‍ രംഗത്തുവന്നു. അപൂര്‍വം ചില സ്വഹാബികളും അതില്‍ പങ്കുകൊണ്ടു. എന്തുചെയ്യണമെന്നറിയാതെ നബി (സ) അസ്വസ്ഥതയോടെ ഇരിക്കുന്ന ഈ ഘട്ടത്തിലാണ് റമദാന്‍ കടന്നുവരുന്നത്.
സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കി, റമദാനിന്റെ ആദ്യപാദത്തില്‍ തന്നെ ശത്രുക്കളുടെ ഒരു വിശാല സഖ്യം മദീനയെ ലക്ഷ്യം വെച്ച് വരുന്നു എന്ന വാര്‍ത്ത കിട്ടി. സന്ധി ലംഘിച്ച ബനുന്നദീര്‍ എന്ന ജൂത ഗോത്രത്തെ നബി (സ) മദീനയില്‍ നിന്ന് പുറത്താക്കിയപ്പോള്‍, അവര്‍ നബി(സ)യോടും മുസ്ലിംകളോടും ശത്രുത പുലര്‍ത്തുന്ന ഖുറൈശികളും അവരുടെ സഖ്യകക്ഷികളുമായ അറബ് ഗോത്രങ്ങളെയെല്ലാം കൂട്ടി പതിനായിരത്തോളം വരുന്ന സൈന്യവുമായി മദീനക്കു നേരെ വരുന്നു. ഈ സഖ്യ കക്ഷികള്‍ക്ക് പുറമെ, മദീനക്ക് അകത്തുനിന്നുള്ള ബനൂഖുറൈള എന്ന ജൂത ഗോത്രത്തിന്റെ സഹായവും ശത്രുക്കള്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.
കൂടിയാലോചിച്ചപ്പോള്‍ പ്രമുഖ സ്വഹാബി സല്‍മാനുല്‍ ഫാരിസി, കിടങ്ങ് കുഴിച്ചു പ്രതിരോധിക്കാം എന്ന യുദ്ധമുറ മുന്നോട്ടു വെക്കുകയും ഹര്‍ഷാരവത്തോടെ മുഹാജിറുകളും അന്‍സ്വാറുകളും അതിന് അംഗീകാരം നല്‍കുകയും ചെയ്തു. നോമ്പുകാലത്ത് തന്നെ 40 മുഴം പത്തു പേര്‍ ചേര്‍ന്നു കുഴിക്കുക എന്ന വ്യവസ്ഥയില്‍ നബി (സ) എല്ലാവര്‍ക്കുമായി ജോലി വീതിച്ചുനല്‍കി. വളരെ അത്യാവശ്യത്തിനല്ലാതെ ആരും പണിക്കിടയില്‍ നിന്ന് പോകരുതെന്നും സഖ്യകക്ഷികള്‍ എത്തുന്നതിനുമുമ്പ് ജോലി തീര്‍ക്കേണ്ടതുണ്ടെന്നും നബി (സ) അവരെ ഉണര്‍ത്തി. എന്തായാലും റമദാനും പെരുന്നാളുമൊക്കെ ഈ കിടങ്ങ് കുഴിക്കലും അനുബന്ധ പ്രവൃത്തികളുമായി മുന്നോട്ടു പോയിരിക്കാനാണ് സാധ്യത. സൂക്ഷ്മമായ റിപ്പോര്‍ട്ടുകളനുസരിച്ച് ശഅ്ബാന്‍ ആദ്യവാരത്തില്‍ സഖ്യകക്ഷികള്‍ (അഹ്‌സാബ്) മദീനയില്‍ എത്തുകയും അവിടെ കിടങ്ങു കണ്ട് അന്തം വിടുകയും ചെയ്യുന്നുണ്ട്. അമ്പെയ്ത്തുകളും ദ്വന്ദയുദ്ധങ്ങളുമൊക്കെ ചെറിയ തോതില്‍ നടന്നുവെങ്കിലും പ്രത്യേകിച്ച് ഒന്നും നേടാനാവാതെ സഖ്യകക്ഷികള്‍ തിരിച്ചുപോയി. തുടര്‍ന്ന് മദീനക്കകത്തു നിന്ന് തങ്ങളെ ചതിച്ച ബനൂ ഖുറൈളക്കെതിരെ നബി (സ) നടപടികള്‍ സ്വീകരിച്ചു. കൂട്ടത്തില്‍ അമ്പുകൊണ്ട് അവശനായ പ്രമുഖ സ്വഹാബി സഅ്ദുബ്‌നു മുആദ് (റ) ഒരു മാസത്തിനുശേഷം മരണപ്പെടുകയുണ്ടായി. ചുരുക്കത്തില്‍, സംഭവബഹുലമായ ചരിത്ര കാലത്തിലൂടെയാണ് നാലാമത്തെ നോമ്പുകാലം കടന്നുപോയത്. നോമ്പുകാലത്തിന്റെ പരിസമാപ്തിക്കു ശേഷം ആഇശാ ബീവിയുടെ നിരപരാധിത്വം തെളിയിച്ചുകൊണ്ടുള്ള ഖുര്‍ആനിക ആയത്തുകളിറങ്ങി; പിന്നെ സഖ്യകക്ഷികള്‍ പിന്തിരിഞ്ഞോടിയ സന്തോഷവാര്‍ത്തയും വന്നെത്തി.
അഞ്ചാം നോമ്പുകാലം
നബി(സ)യുടെ അഞ്ചാമത്തെ നോമ്പുകാലം അഥവാ ഹിജ്‌റ ആറാം വര്‍ഷം മദീനയില്‍ കടുത്ത വരള്‍ച്ച ഉണ്ടായ സന്ദര്‍ഭമായിരുന്നു. ചൂട് അത്ര കഠിനമായിരുന്നില്ലെങ്കിലും മഴ ലഭിക്കാതെയും വെള്ളം കിട്ടാതെയും നബിയും സ്വഹാബികളും വളരെയധികം പ്രയാസപ്പെട്ടു. ഇതിനിടെ ശാമിലേക്ക് കച്ചവടത്തിനു പോയ സൈദുബ്‌നു ഹാരിസ(റ)യുടെ നേതൃത്വത്തിലുള്ള സ്വഹാബികളെ ബദ്‌റിനു അടുത്തുവെച്ച് ഫസാറ ഗോത്രത്തില്‍ പെട്ട ചിലര്‍ തടഞ്ഞുവെക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ആ ഗോത്രത്തെ കൈകാര്യം ചെയ്യാന്‍ വേണ്ടി സൈദുബ്‌നു ഹാരിസയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നബി (സ) അയക്കുകയും അവര്‍ അക്രമികളെ തുരത്തി തിരിച്ചുവരികയും ചെയ്തു. മദീനയിലെ കഠിനമായ വരള്‍ച്ചയില്‍ നിന്ന് രക്ഷ തേടി നബി(സ) അല്ലാഹുവോട് പ്രാര്‍ഥിക്കുകയും മഴ വര്‍ഷിക്കുകയും ചെയ്തു.
ആറാം നോമ്പുകാലം
മക്കക്കാരുമായുള്ള ഹുദൈബിയ സന്ധിക്കും ഖൈബറിലെ ജൂതന്മാരുമായുള്ള ഖൈബര്‍ യുദ്ധത്തിനും ശേഷമാണ് നബി(സ)യുടെ ജീവിതത്തിലെ ആറാമത്തെ നോമ്പുകാലം കടന്നുവരുന്നത്. ഹിജ്‌റ ഏഴാം വര്‍ഷം. ഖൈബറില്‍ യുദ്ധം ജയിച്ചപ്പോള്‍ അവിടത്തെ കാര്‍ഷിക ആദായത്തില്‍ ഒരു ഭാഗം മുസ്ലിംകള്‍ക്ക് വിട്ടുകൊടുക്കാന്‍ ജൂതന്മാര്‍ തയാറായിരുന്നു. സല്‍ക്കരിക്കാന്‍ വിളിച്ചു വരുത്തി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ജൂത സ്ത്രീയുടെ കുടിലത മൂലം ഒരല്‍പം വിഷം പുരണ്ട ശാരീരിക പ്രയാസത്തോടു കൂടിയാണ് നബി (സ) ആറാം നോമ്പുകാലത്തേക്ക് കാലെടുത്തുവെക്കുന്നത്. ഈ നോമ്പുകാലത്താണ് ഗാലിബുബ്‌നു അബ്ദുല്ല അല്ലൈസിയുടെ നേതൃത്വത്തില്‍ നബി (സ) മൈഫഅയിലേക്ക് ഒരു സൈന്യത്തെ അയച്ചത്.
ഏഴാം നോമ്പുകാലം
മക്കാ പടയോട്ടത്തിനു തയാറെടുക്കവെയാണ് ഏഴാമത്തെ നോമ്പുകാലം മദീനയിലെത്തുന്നത്. പ്രവാചകനും അനുയായികളും മക്കയിലേക്ക് പടയുമായി പുറപ്പെടുന്നുണ്ട് എന്ന വിവരം മക്കയിലെ തന്റെ ബന്ധുക്കളെ അറിയിക്കാന്‍ ബദ്റില്‍ പങ്കെടുത്ത പ്രമുഖ സ്വഹാബി ഹാത്തിബുബ്‌നു അബീ ബല്‍ത്തഅ (റ) ശ്രമിക്കുകയും അതു പിടിക്കപ്പെടുകയും ചെയ്തു. നബി(സ)ക്ക് മാനസികമായി വളരെ പ്രയാസം ഉണ്ടാക്കി ഈ പ്രവൃത്തി. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത ആളുകള്‍ക്ക് അല്ലാഹു പൊറുത്തുകൊടുത്തിരിക്കുന്നു, അതുകൊണ്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുക എന്നു പറഞ്ഞ് ഒഴിയുകയായിരുന്നു അവിടുന്ന് ചെയ്തത്. റമദാന്‍ മാസത്തില്‍ തന്നെ മക്കയിലേക്ക് സൈന്യത്തോടൊപ്പം നബി (സ) പുറപ്പെടുന്നതാണ് കാണുന്നത്. ഹുദൈബിയ സന്ധി അനുസരിച്ച് മുസ്ലിംകളുമായി സന്ധിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരു ഗോത്രത്തെയും ഖുറൈശികളോ സഖ്യകക്ഷികളോ ആക്രമിക്കില്ല എന്നുള്ളതായിരുന്നു കരാര്‍. പക്ഷേ അത് ലംഘിച്ചുകൊണ്ട് മുസ്ലിംകളുടെ സഖ്യകക്ഷിയായ ഖുസാഅ ഗോത്രത്തെ ഖുറൈശികളുടെ സഖ്യകക്ഷിയായ ബനീദായില്‍ ഗോത്രം ആക്രമിച്ചു. സന്ധിലംഘനം നടന്നതിനാല്‍ മക്ക പിടിച്ചടക്കാന്‍ പതിനായിരം പേരടങ്ങുന്ന സൈന്യവുമായി നബി (സ) മക്കയിലേക്ക് പുറപ്പെട്ടു.
നബി (സ) മക്കയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് സന്തോഷവാര്‍ത്ത എന്നോണം മക്കയില്‍നിന്ന് ഹിജ്‌റ ചെയ്ത തന്റെ പിതൃവ്യന്‍ അബ്ബാസ് മദീനയില്‍ എത്തുന്നത്. അവസാനത്തെ മുഹാജിര്‍.
തിരിച്ച് മക്കയിലേക്ക് പ്രവാചകന്റെ കൂടെ വന്ന അബ്ബാസ് (റ) മക്കാ വിജയവേളയിലും ഹുനൈന്‍ യുദ്ധവേളയിലും നബിയുടെ കൂടെ നിഴല്‍ പോലെ ഉണ്ടായിരുന്നു. പ്രത്യേക എതിര്‍പ്പുകളൊന്നും കൂടാതെ മക്ക കീഴടങ്ങി. മുസ്ലിം സൈന്യത്തിന്റെ കെട്ടുറപ്പും അച്ചടക്കവും കണ്ട് അബൂസുഫ്‌യാനും അബ്ദുല്ലാഹിബ്‌നു ഉമയ്യയുമൊക്കെ ഇസ്ലാമിലേക്ക് കടന്നുവരുന്നു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അബ്ബാസു ബ്‌നു അബ്ദുല്‍ മുത്ത്വലിബ് ആയിരുന്നു.
ഇതേ നോമ്പുകാലത്താണ് ചരിത്രത്തിലെ ഏറ്റവും വലിയ പൊതു മാപ്പ് നബി (സ) പ്രഖ്യാപിക്കുന്നത്. മക്കാ വിജയകാലത്തിനു ശേഷം 'നിങ്ങള്‍ക്കു മേല്‍ ഒരു പ്രതികാര നടപടിയുമില്ല. പൊയ്‌ക്കൊള്ളുക, നിങ്ങളെല്ലാവരും സ്വതന്ത്രരാണ്' എന്ന ചരിത്രത്തില്‍ ഇടം പിടിച്ച പ്രഖ്യാപനം. തന്നെ ഇത്രയും കാലം ഉപദ്രവിച്ചവര്‍ക്ക് നബി (സ) മാപ്പരുളിയ ആ സന്ദര്‍ഭം നോമ്പിന്റെ പവിത്രത കൂടി മുന്നില്‍ വെച്ചായിരുന്നു എന്നു കൂടി മനസ്സിലാക്കണം. ഈ നോമ്പുകാല യാത്രയിലാണ് നബി(സ) 19 ദിവസത്തോളം മക്കയില്‍ വെച്ച് നമസ്‌കാരം ജംഉം ഖസ്റും ആയി നിര്‍വഹിച്ചത്.
എട്ടാം നോമ്പുകാലം
മക്കാ വിജയത്തിനു ശേഷമുള്ള ശാന്തമായ അന്തരീക്ഷത്തിലാണ് നബി(സ)യുടെ എട്ടാമത്തെ നോമ്പുകാലം കടന്നുവരുന്നത്. ഹിജ്‌റ ഒമ്പതാം വര്‍ഷം. ഈ സന്ദര്‍ഭത്തിലാണ് ഫിലെസ് ഗോത്രത്തിലെ നിവേദകസംഘം നബി(സ)യെ കാണുന്നതും അവര്‍ ഇസ്ലാം സ്വീകരിക്കുന്നതും. നോമ്പുകാലമായതിനാല്‍ ധാരാളം സ്വഹാബികള്‍ പള്ളിയില്‍ ഉണ്ടായിരുന്നു. പള്ളിയുടെ ഒരു ഭാഗത്ത് മാറി അവര്‍ക്കു വേണ്ടി നബി (സ) ഒരു കൂടാരം കെട്ടിക്കൊടുത്തു. ആ കൂടാരത്തില്‍ ഇരുന്നുകൊണ്ട് അവര്‍ മുസ്ലിംകള്‍ നമസ്‌കരിക്കുന്നതും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും കണ്ടും കേട്ടുമിരുന്നു. ശേഷം അവര്‍ മുസ്ലിംകളായി.
ഈ റമദാനിലാണ് ഹിംയര്‍ ഗോത്രത്തിലെ നിവേദക സംഘം ഇസ്ലാം ആശ്ലേഷത്തിനുള്ള ആഗ്രഹം അറിയിച്ചു കൊണ്ട് നബി(സ)യെ കാണാന്‍ വന്നത്.
ഒമ്പതാമത്തെ നോമ്പുകാലം
നബി(സ)യുടെ ജീവിതത്തിലെ അവസാനത്തെ നോമ്പുകാലം. ഒരുപാട് നിവേദക സംഘങ്ങള്‍ ഇസ്ലാമാശ്ലേഷം അറിയിച്ച് എത്തിച്ചേര്‍ന്ന സന്തോഷ നിമിഷങ്ങള്‍. ശഅ്ബാന്‍ മാസത്തിലാണ് പ്രമുഖ ജൂത പണ്ഡിതന്‍ ഹാതിമുത്താഈയുടെ മകന്‍ അദിയ്യു ബ്‌നു ഹാതിം ഇസ്ലാം സ്വീകരിച്ചത്. അദ്ദേഹത്തോട് റോമാ സാമ്രാജ്യവും പേര്‍ഷ്യന്‍ സാമ്രാജ്യവും പരാജയപ്പെടുമെന്ന വലിയ പ്രവചനമാണ് നബി (സ) നടത്തുന്നത്.
വഫ്ദു ഗാമിദ അഥവാ ഗാമിദ നിവേദക സംഘം മദീനയില്‍ വരികയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. മറ്റു വര്‍ഷങ്ങളില്‍ നിന്ന് ഭിന്നമായി നബി (സ) ഈ വര്‍ഷം 20 ദിവസം പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നു. മുമ്പുള്ള വര്‍ഷങ്ങളില്‍ അവസാനത്തെ പത്തില്‍ ആയിരുന്നു അവിടുന്ന് ഇരുന്നിരുന്നത്. നബി(സ)യുടെ കൂടെ അവിടുത്തെ ഭാര്യമാരും പള്ളിയില്‍ പല ഭാഗത്തായി മറച്ചുകെട്ടി ഇരിക്കുമായിരുന്നു. കൂടാതെ അവസാനത്തെ ഈ നോമ്പുകാലത്ത് ജിബ്രീല്‍ വരികയും രണ്ടു തവണ നബി(സ)യില്‍ നിന്ന് ഖുര്‍ആന്‍ പൂര്‍ണമായും ആവര്‍ത്തിച്ചു കേള്‍ക്കുകയും ചെയ്തു. ഇനിയൊരു റമദാന് സാക്ഷിയാകാന്‍ നബി (സ) ഉണ്ടാകില്ലല്ലോ. 23 വര്‍ഷം മുമ്പ് ആദ്യമായി വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയത് ഒരു റമദാന്‍ കാലത്തു തന്നെ ആയിരുന്നു. ഗസ്സാന്‍ ഗോത്രക്കാരുടെ നിവേദക സംഘം നബി(സ)യുടെ അടുത്തു വന്നതും ഈ വര്‍ഷമായിരുന്നു. വന്ന മൂന്നു പേരും ഇസ്ലാം സ്വീകരിച്ചു. ഈ റമദാനിലാണ് അലി(റ)യുടെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ യമനിലേക്ക് അയച്ചത്. യമനില്‍ നിന്ന് തിരിച്ചുവന്ന അലി(റ)യെ അതേ റമദാനില്‍ രണ്ടാം തവണയും നബി (സ) യമനിലേക്ക് അയച്ചതായി കാണാം.
ഈ ഒമ്പത് വര്‍ഷങ്ങളും പലതരം രാഷ്ട്രീയ നീക്കങ്ങളാല്‍ സംഭവബഹുലമായിരുന്നെങ്കിലും ഖുര്‍ആന്‍ പാരായണം, സുന്നത്ത് നമസ്‌കാരങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ റസൂല്‍ ഏറെ ശുദ്ധ ചെലുത്തിയിരുന്നു. റമദാനില്‍ നബി (സ) ധാരാളമായി ദാനധര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തിരുന്നു. എല്ലാ നോമ്പുകാലത്തും അവസാനമായാല്‍ നബി (സ) അര മുറുക്കിയുടുക്കുകയും രാത്രി പ്രാര്‍ഥനാനിരതമാവുകയും പത്‌നിമാരെ വിളിച്ചുണര്‍ത്തി നമസ്‌കരിക്കാന്‍ പറയുകയും ചെയ്തിരുന്നു. സ്വല്ലല്ലാഹു അലൈഹി വസല്ലം.
റഫറന്‍സ്:
1. അല്‍ ഖുലാസ്വത്തുല്‍ ബഹിയ്യ ഫീ തര്‍ത്തീ ബി അഹദാസ് സീറത്തിന്നബവിയ്യ - ശൈഖ് വഹീദ് അബ്ദുസ്സലാം
2. സീറത്തു ഇബ്‌നു ഹിശാം
3. www.wikipedia.com, ബദ്ര്‍, ഉഹുദ്, അഹ്‌സാബ് യുദ്ധങ്ങള്‍
4. www.mawdoo3.com
Comments