ഈ മഹാമാരിയില്‍നിന്ന് മനുഷ്യസമൂഹത്തിന് പഠിക്കാനുള്ളത്
ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ ഏപ്രില്‍ 11-ന് ദല്‍ഹിയിലെ സംഘടനാ ആസ്ഥാനത്ത് നടത്തിയ പ്രഭാഷണം.
നമ്മള്‍ കടന്നുപോകുന്ന ഈ ഘട്ടത്തെ മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും അസാധാരണം എന്ന് വിശേഷിപ്പിക്കണം. ലോകം മുഴുക്കെ ഇത്രയധികം ഭീതിയിലും സംഭ്രാന്തിയിലും അകപ്പെട്ട മറ്റൊരു സന്ദര്‍ഭമുണ്ടായിട്ടില്ല. മരണത്തിന്റെ നിഴല്‍ ലോകത്തെ മുഴുവന്‍ നഗരങ്ങളെയും ഒരേസമയം വലയം ചെയ്ത, മനുഷ്യനാഗരികതയുടെ തിളക്കവും പൊലിമയും അപ്പാടെ പിന്‍വാങ്ങിയ ഇതുപോലൊരു ഘട്ടം മനുഷ്യചരിത്രത്തിലില്ല. ഈ മാരകമായ വൈറസിനെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ഇന്ന് നമുക്ക് നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. മുന്‍ മഹാമാരികളെ അപേക്ഷിച്ച് ഈ മഹാമാരി അത്രയധികം ജീവന്‍ കവര്‍ന്നെടുത്തേക്കില്ല. പക്ഷേ 'ഭയത്തിന്റെയും മരണസാധ്യതയുടെയും' മുന്നില്‍ മനുഷ്യന്‍ ഇതുപോലെ മറ്റൊരിക്കലും വിറങ്ങലിച്ചുനിന്നിട്ടില്ല.
ഈ മഹാമാരി പിന്‍വാങ്ങുന്നതോടെ ലോകം മുഴുക്കെ വലിയ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. മനുഷ്യജീവിതത്തിന്റെ സകല തുറകളെയും അത് ബാധിക്കും. ഈ പ്രതിസന്ധി നാം തരണം ചെയ്യും. പക്ഷേ, കടക്കുന്നത് തീര്‍ത്തും പുതിയൊരു ലോകത്തേക്കായിരിക്കും. ആ ലോകം എങ്ങനെയായിരിക്കും? ഏതു വിധമായിരിക്കും അത് കാഴ്ചപ്പെടുന്നത്? നാമതിനെക്കുറിച്ച് ചിന്തിക്കണം. അതിനേക്കാളുപരി, എങ്ങനെയായിരിക്കണം ആ ലോകം എന്നും നാം ആലോചിക്കണം. ഈ ആഗോള മഹാമാരിയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍ എന്തൊക്കെ? അതുണ്ടാകാനുള്ള കാരണങ്ങള്‍ നാം എങ്ങനെ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കും?
ഇസ്‌ലാമിക സമൂഹത്തിന്റെ നിലപാട്
ദിവ്യസന്ദേശത്തിന്റെ വാഹകരാണ് മുസ്ലിം സമൂഹം. ധാര്‍മികതക്കും നീതിക്കും സമാധാനത്തിനും വേണ്ടി നിലകൊള്ളേണ്ടവരാണവര്‍. തങ്ങളെക്കുറിച്ച് മാത്രമല്ല അവര്‍ക്ക് ഉത്തരവാദിത്തമുള്ളത്. മുഴുവന്‍ മനുഷ്യകുലത്തിന്റെയും ഉത്തരവാദിത്തം അവരുടെ ചുമലിലുണ്ട്. ഇതാണ് മുസ്ലിം സമൂഹത്തിന്റെ യഥാര്‍ഥ നില. മുഴുവന്‍ മനുഷ്യരുടെയും ഇഹത്തിലെയും പരത്തിലെയും വിജയമാണ് അവരുടെ ലക്ഷ്യം. അതേച്ചൊല്ലിയാണ് അവര്‍ക്ക് ആധിയുണ്ടാവേണ്ടത്. ഇനി മുസ്ലിം സമൂഹം തങ്ങളെക്കുറിച്ച് മാത്രം ആധി കൊള്ളുകയും തങ്ങളിലേക്ക് മാത്രമായി ചുരുങ്ങുകയുമാണെങ്കില്‍ അത് മനുഷ്യസമൂഹത്തെ സംബന്ധിച്ചേടത്തോളം മഹാ നഷ്ടമായിരിക്കും. മുസ്ലിം സമൂഹത്തിന്റെ പ്രതിഛായയും അത് വളരെ മോശമാക്കും. അല്ലാഹുവിന്റെ മുന്നില്‍ മറുപടി പറയേണ്ടതായും വരും. മനുഷ്യകുലത്തിന്റെ അവിഭാജ്യ ഘടകമായി തങ്ങളെ സ്വയം സ്ഥാനപ്പെടുത്താന്‍ അവര്‍ക്ക് കഴിയണം. മനുഷ്യസമൂഹം മൊത്തം നേരിടുന്ന പൊതു പ്രശ്‌നങ്ങളെക്കുറിച്ച് അവര്‍ ആലോചിക്കണം. ആ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ത് എന്ന് വിശകലനം ചെയ്യണം. ദൈവിക മാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമന്വേഷിക്കുകയും അത് മുഴുവന്‍ മനുഷ്യരാശിയുടെയും മുന്നില്‍ സമര്‍പ്പിക്കുകയും വേണം. ആ ലക്ഷ്യത്തിനാകട്ടെ നമ്മുടെ കഠിന യത് നങ്ങള്‍.
ഇത്തരം മഹാമാരികള്‍ പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ ശക്തിവിശേഷം എത്ര അപാരമാണെന്നും നാം മനുഷ്യര്‍ എത്ര നിസ്സാരരും നിസ്സഹായരുമാണെന്നും കാണിച്ചുതരുന്നുണ്ട്. നാമിപ്പോള്‍ ഉള്ളത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍. മനുഷ്യപുരോഗതി അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നു. നാഗരികതയാകട്ടെ, അതിനൂതന ടെക്‌നോളജിയുടെയും വിസ്മയാവഹമായ കണ്ടുപിടിത്തങ്ങളുടെയും നെറുകയില്‍. ഇന്ന് ഒരു സാധാരണക്കാരന് ലഭിക്കുന്ന സൗകര്യങ്ങളും സേവനങ്ങളും മുന്‍കാലങ്ങളിലെ വലിയ വലിയ ചക്രവര്‍ത്തിമാര്‍ക്കു വരെ ലഭിച്ചിരുന്നില്ല. മുമ്പ് സ്വപ്‌നം കാണാന്‍ പോലും പറ്റാതിരുന്ന തലത്തിലേക്ക് ശാസ്ത്ര കണ്ടുപിടിത്തങ്ങളും നാഗരിക പുരോഗതിയും നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു. ആധുനിക മനുഷ്യന് ഇതേക്കുറിച്ചെല്ലാം അഭിമാനവുമുണ്ട്. താന്‍ പ്രകൃതിക്കു മേല്‍ നേടിയ വിജയം എന്നാണ് മനുഷ്യന്‍ അതിനെ വിശേഷിപ്പിക്കുന്നത്. ഈ അറിവും കഴിവും സൃഷ്ടിച്ചെടുത്ത മാനസികാവസ്ഥ മനുഷ്യനെ മതത്തില്‍നിന്നും ദൈവത്തില്‍നിന്നും അകറ്റുകയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്റെയും ദേശങ്ങളുടെയും 'ബൈബിള്‍' ഭൗതിക പുരോഗതി ആയിത്തീര്‍ന്നു. ഈ മായികവലയത്തില്‍ പെട്ട് എത്രയധികം പണം നേടാം എന്നതില്‍ മാത്രമായി അവന്റെ ശ്രദ്ധ; ഈ ഭൗതിക ചിന്ത മാത്രമേ അവനെ പ്രചോദിപ്പിച്ചുള്ളൂ.
നമ്മള്‍ കണ്ടു, മനുഷ്യന്റെ ഈ അഹന്ത ചിന്തയെ മഹാമാരി എങ്ങനെയാണ് തച്ചുടച്ചതെന്ന്. ദൈവശക്തിക്കു മുന്നില്‍ ഈ പുരോഗതിയും വികസനവും ഒന്നുമല്ലെന്ന് അതവന് കാണിച്ചുകൊടുത്തു: ''ജനങ്ങളേ, ഒരു ഉദാഹരണം പറയാന്‍ പോകുന്നു. ശ്രദ്ധിച്ചു കേള്‍ക്കുക. നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്ന അല്ലാഹുവല്ലാത്ത മറ്റുള്ളവരുണ്ടല്ലോ, അവര്‍ ഒരു ഈച്ചയെ പോലും സൃഷ്ടിക്കുന്നില്ല. അക്കാര്യത്തിന് അവരെല്ലാവരും ഒരുമിച്ചു ചേര്‍ന്നാലും അവര്‍ക്കതിന് സാധിക്കുകയുമില്ല. ഇനിയൊരു ഈച്ച എന്തെങ്കിലും കട്ടെടുത്തു കൊണ്ടുപോയാല്‍ അത് തിരിച്ചുപിടിക്കാനും നിങ്ങളുടെ ആരാധ്യവസ്തുക്കള്‍ക്ക് കഴിയില്ല. തേടുന്നവരും ആരോടാണോ അവര്‍ തേടുന്നത് അവരും എത്ര ദുര്‍ബലരാണെന്ന് നോക്കൂ'' (ഖുര്‍ആന്‍ 22:73).
വ്യാജ ദൈവങ്ങളുടെ നിസ്സഹായത
വ്യാജദൈവങ്ങളുടെ നിസ്സഹായതയിലേക്ക് വിരല്‍ ചൂണ്ടുകയാണ് മേല്‍ കൊടുത്ത ഖുര്‍ആന്‍ സൂക്തം. നമ്മുടെ കാലത്തെ മനുഷ്യരാണ് പുതിയ വ്യാജ ദൈവങ്ങളെ കണ്ടെത്തുകയും നിര്‍മിക്കുകയും ചെയ്തിരിക്കുന്നത്. അറിവിനെയും ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും ഭൗതികശക്തിയെയും തങ്ങളുടെ ദൈവങ്ങളാക്കി പ്രതിഷ്ഠിച്ചു എന്നതാണ് അവര്‍ക്ക് പറ്റിയ അബദ്ധം. അവരുടെ അറിവിന്റെയും ശാസ്ത്രത്തിന്റെയും ടെക്‌നോളജിയുടെയും യഥാര്‍ഥ നില എന്താണെന്ന് ഒരു അതിസൂക്ഷ്മ വൈറസ് അവര്‍ക്ക് കാണിച്ചുകൊടുത്തു. അല്ലാഹുവിന്റെ ഉത്തരവുണ്ടെങ്കില്‍ അദൃശ്യനായ ഒരു വൈറസ് പോലും ലോകത്തെ ഏറ്റവും പ്രബല രാഷ്ട്രത്തെ മുട്ടുകുത്തിക്കും; അതിനെ തീര്‍ത്തും നിസ്സഹായമാക്കും. എല്ലാ ഫാക്ടറികളെയും അടച്ചുപൂട്ടിക്കും. വലിയ കോര്‍പറേഷനുകള്‍, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, ഉല്ലാസ കേന്ദ്രങ്ങള്‍, കണ്ണഞ്ചിക്കുന്ന വിമാനത്താവളങ്ങള്‍, ആഡംബര ഹോട്ടലുകള്‍ എല്ലാം പ്രപഞ്ചനാഥനില്‍നിന്ന് ഒരടയാളം കിട്ടേണ്ട താമസം, നിശ്ചലവും ജീവമറ്റതുമായിത്തീരുന്നു. നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ക്കായി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുക, യാത്രകള്‍ക്കായി എവിടെ വെച്ചും ബുക്ക് ചെയ്യുക തുടങ്ങി മനുഷ്യ സാങ്കേതിക വിദ്യയുടെ അത്ഭുതങ്ങളായി വിശേഷിപ്പിക്കപ്പെട്ട സേവനങ്ങളൊക്കെയും പൊടുന്നനെ പ്രവര്‍ത്തനരഹിതമാവുന്നു. നമ്മുടെ കാലത്തെ പ്രമുഖ വ്യക്തികള്‍ക്കു വരെ രോഗത്തിന്റെയും ഒറ്റപ്പെടലിന്റെയും നിസ്സഹായതയുടെയും ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നു.
മനുഷ്യന്‍ തന്റെ സ്രഷ്ടാവിന്റെ ആജ്ഞകളും അധ്യാപനങ്ങളും തിരസ്‌കരിക്കുമ്പോള്‍ അവന്റെ സന്തുലനം തെറ്റുന്നു; അവന്‍ ആത്യന്തികതകള്‍ക്ക് അടിപ്പെട്ടുപോകുന്നു. ഒരു വശത്ത് നാമൊരു കൂട്ടം ആളുകളെ കാണുന്നു. അവര്‍ അല്ലാഹുവിന്റെ പ്രാപഞ്ചിക നിയമങ്ങളെ (സുന്നത്തുല്ലാഹ്) അഥവാ ശാസ്ത്രവസ്തുതകളെ മുഖവിലക്കെടുക്കുന്നില്ല. ഭൗതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല. ഇതൊന്നും ചെയ്യാതെത്തന്നെ മഹാമാരികളില്‍നിന്ന് രക്ഷപ്പെടാമെന്നാണ് അവര്‍ കരുതുന്നത്. ഇസ്ലാം ഒരിക്കലും ഈ നിലപാട് അംഗീകരിക്കുന്നില്ല. അസുഖം ഭേദമാകാന്‍ നബി (സ) മരുന്നു കഴിച്ചിരുന്നു. അക്കാലത്ത് ലഭ്യമായ എല്ലാ ഭൗതിക വിഭവങ്ങളും സാധ്യതകളും അവിടുന്ന് ഉപയോഗപ്പെടുത്തിയിരുന്നു. മുന്‍കരുതലുകളെടുക്കാന്‍ പ്രവാചകന്‍ തന്റെ അനുയായികളെ ഉണര്‍ത്തി. യുദ്ധസന്ദര്‍ഭങ്ങളില്‍ ശത്രുവിന്റെ നീക്കങ്ങളെക്കുറിച്ച് രഹസ്യമായി വിവരങ്ങള്‍ ശേഖരിക്കുക, സൈന്യത്തിന് ഏറ്റവും മികച്ച വിഭവങ്ങളും സംവിധാനങ്ങളുമൊരുക്കുക, അവര്‍ക്ക് നല്ല പരിശീലനം നല്‍കുക തുടങ്ങി അക്കാലത്തെ വിജയത്തിന് വേണ്ടതായി എന്തൊക്കെയുണ്ടോ അതൊക്കെയും പ്രവാചകനും കണ്ടെത്തുകയും സ്വായത്തമാക്കുകയും ചെയ്തിരുന്നു. ഈ ഭൗതിക സന്നാഹങ്ങള്‍ ഒരുക്കിയതിനു ശേഷമാണ് അല്ലാഹുവിലേക്ക് തിരിഞ്ഞ് സഹായിക്കേണമേ എന്ന് പ്രാര്‍ഥിക്കുന്നത്. ഇതാണ് ഇസ്ലാമിന്റെ അധ്യാപനം, തത്ത്വശാസ്ത്രം. ഇസ്ലാം നിങ്ങളോട് ശാസ്ത്രത്തെയോ യുക്തിചിന്തയെയോ അവഗണിക്കാന്‍ പറയുന്നില്ല. നിങ്ങള്‍ നിങ്ങളുടെ ധിഷണ പ്രയോജനപ്പെടുത്തണം, സാധ്യമാവുന്ന ഭൗതിക സന്നാഹങ്ങള്‍ സംഘടിപ്പിക്കുകയും വേണം. ജീവിതത്തിന്റെ ആദ്യാക്ഷരവും അന്ത്യാക്ഷരവുമെല്ലാം ഭൗതിക വിഭവങ്ങളും ശാസ്ത്രവും ടെക്‌നോളജിയുമൊക്കെയാണ് എന്ന് ആളുകള്‍ ധരിച്ചുവശായതാണ് രണ്ടാമത്തെ ആത്യന്തികത. നാഗരിക പുരോഗതിയെ അവര്‍ ദൈവമായി കണ്ടു. യഥാര്‍ഥ ദൈവത്തെ വിസ്മരിക്കുമാറ് അവര്‍ ഈ ദൈവത്തിന്റെ അടിമകളായി. വിഭവങ്ങള്‍ കൈവശമുണ്ടെങ്കില്‍ പിന്നെയൊരു തുണയും ആവശ്യമില്ലെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങി. ഈ അഹങ്കാരവും തന്‍പോരിമയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ഈ രണ്ട് ആത്യന്തിക ചിന്തകളുടെ അടിമകളായിത്തീരുകയായിരുന്നു മനുഷ്യര്‍.
അതായത് ഒരുവശത്ത് അന്ധവിശ്വാസവും അനങ്ങാപ്പാറ നയവും. മറുവശത്ത് അഹന്തയും കാപട്യവും. രണ്ടും ഏറ്റവും വലിയ പ്രപഞ്ച യാഥാര്‍ഥ്യമായ ദൈവശാസനകളെ നിരാകരിക്കുന്നതും അവഗണിക്കുന്നതും. ഇസ്ലാം മധ്യവഴിയിലൂടെയാണ് സഞ്ചരിക്കുന്നത്; ആത്യന്തികതകളില്ലാതെ മിതത്വത്തിന്റെ വഴിയിലൂടെ. നാം നമുക്ക് നല്‍കപ്പെട്ട വിഭവങ്ങളും അറിവും ധിഷണയുമെല്ലാം പരമാവധി പ്രയോജനപ്പെടുത്തണം. ഞാനതിനെ ശാസ്ത്രാവബോധം (ടരശലിശേളശര ഠലാുലൃമാലി)േ എന്ന് വിളിക്കുന്നു. ഒപ്പംതന്നെ നാം നമ്മുടെ സ്രഷ്ടാവിലേക്ക് തിരിയുകയും അവനുമായുള്ള ബന്ധം ബലപ്പെടുത്തുകയും വേണം. അപ്പോള്‍ ഏതൊരു സംഭവമുണ്ടാകുമ്പോഴും നാമതിന്റെ ശാസ്ത്രീയ വശവും ആധ്യാത്മിക, ദൈവിക വശവും പരിശോധിക്കും. അല്ലാഹുവിന്റെ സഹായം തേടിക്കൊണ്ടും അതേസമയം തന്നെ ഏറ്റവും പുതിയ ശാസ്ത്രീയ രീതികള്‍ ഉപയോഗപ്പെടുത്തിയും ആയിരിക്കും നാം ആ പ്രശ്‌നത്തിന് പരിഹാരം കാണുക.
നാം നമ്മുടെ പ്രവൃത്തികളെക്കുറിച്ച് പുനരാലോചന നടത്തേണ്ടതുണ്ട്. ചെയ്തുപോയ പാപങ്ങളില്‍ പശ്ചാത്തപിക്കുകയും ദൈവകാരുണ്യം വര്‍ഷിക്കാന്‍ അര്‍ഥന നടത്തുകയും ചെയ്യേണ്ടതുണ്ട്. ഏതു മഹാശക്തിയും അല്ലാഹുവിന്റെ ശക്തിക്കു മുന്നില്‍ ശക്തിയറ്റതാണെന്ന് നാം വിശ്വസിക്കുന്നു. പ്രപഞ്ചത്തിലെ സകല ശക്തികളും ദൈവേഛക്കു വിധേയമാണ്. അതിനാല്‍ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവുമായ യഥാര്‍ഥ ദൈവവുമായിട്ടാവണം നമ്മുടെ അടുപ്പവും ബന്ധവും. അതോടൊപ്പം തന്നെ ഈ പ്രപഞ്ചത്തിന് ചില നിയമവ്യവസ്ഥകളും ദൈവം വെച്ചിരിക്കുന്നു. ആ നിയമവ്യവസ്ഥകള്‍/ സുന്നത്തുല്ലാഹ് മനസ്സിലാക്കിയെടുക്കാന്‍ നാം നമ്മുടെ കഴിവുകളും വിഭവങ്ങളും പരമാവധി പ്രയോജനപ്പെടുത്തുകയും വേണം. ഇതാണ് യഥാര്‍ഥ ഇസ്ലാമികാവബോധം.
ഇതൊരു സുവര്‍ണാവസരം
ഇസ്ലാമിന്റെ പ്രായോഗികാവിഷ്‌കാരം എന്ത് എന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള മികച്ച അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. നമ്മുടെ ഡോക്ടര്‍മാര്‍ എല്ലാ രോഗികളെയും വളരെ നിസ്വാര്‍ഥമായി സേവിക്കേണ്ടതുണ്ട്. നമ്മുടെ നയനിര്‍മാതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, ഗവേഷണ പണ്ഡിതന്മാര്‍ ഇവരെല്ലാം പ്രശ്‌നത്തിന്റെ ശാസ്ത്രീയ വശം ആഴത്തില്‍ പഠിക്കട്ടെ. മതപണ്ഡിതന്മാരും പ്രഭാഷകരും മത സംഘടനകളും സമൂഹത്തിന് ആത്മീയമായി വഴികാട്ടുന്നതോടൊപ്പം വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും മുന്‍കരുതലുകളെടുക്കാനും അവരെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കട്ടെ. അല്ലാത്തപക്ഷം ഇവര്‍ക്കൊന്നും ഇസ്ലാമിനെ ശരിയാംവിധം പ്രതിനിധീകരിക്കാനാവില്ല.
ദൈവത്തിന്റെ ഇഛയും അടയാളങ്ങളും മുന്നറിയിപ്പുകളും സൂക്ഷ്മമായി മനസ്സിലാക്കാന്‍ നമുക്ക് കഴിയണം. 'നിങ്ങള്‍ക്ക് വരുന്ന നന്മയേതും അല്ലാഹുവിങ്കല്‍നിന്ന്, തിന്മയേതും നിങ്ങളില്‍നിന്ന് തന്നെ' എന്ന ഖുര്‍ആനിക സൂക്ത(4:79)ത്തെ പൊതുസമൂഹത്തിന് വിശദീകരിച്ചുകൊടുക്കാനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തണം. ഈ മഹാമാരി വന്നുപെടാനുള്ള കാരണങ്ങള്‍ എന്ത് എന്ന് മുഴുവന്‍ മനുഷ്യരും ചിന്തിക്കേണ്ട സന്ദര്‍ഭമാണിത്. ദൈവത്തോട് നാം പുലര്‍ത്തുന്ന നിസ്സംഗതയാണ് തീര്‍ച്ചയായും അതിലൊന്ന്. ദൈവത്തെ മറക്കുകയും അവന്റെ സാന്നിധ്യം അവഗണിക്കുകയും ചെയ്യുന്നു. ദൈവം ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഒന്നാണ് അനീതി. ദുരന്തങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ഒരു പ്രധാന കാരണം അനീതിയാണെന്ന് അവന്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു: ''അവര്‍ തിന്മകള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നിന്റെ നാഥന്‍ അവരുടെ നഗരങ്ങളെ പിടികൂടുന്നു. തീര്‍ച്ചയായും അവന്റെ പിടിത്തം കടുത്തതും വേദനാജനകവുമത്രെ'' (11:102). പ്രവാചകന്‍ ഈ സൂക്തത്തെ ഇങ്ങനെ വിശദീകരിക്കുകയുണ്ടായി: ''അല്ലാഹു അതിക്രമികള്‍ക്ക് ഈ ലോകത്ത് ഒരവസരം നല്‍കും. പക്ഷേ അവന്‍ അതിക്രമിയെ പിടിച്ചുകഴിഞ്ഞാല്‍ പിന്നെ വിടുകയുമില്ല.''
നിങ്ങള്‍ നാം ജീവിക്കുന്ന ഈ കാലത്തെക്കുറിച്ച് ചിന്തിക്കുക. മറ്റേത് യുഗങ്ങളില്‍ നിന്നും നമ്മുടെ യുഗത്തെ മാറ്റിനിര്‍ത്തുന്നത് അതിക്രമത്തിന്റെ പരമ്പരകളാണ്. പീഡനത്തിന്റെ എന്തെല്ലാം രൂപങ്ങളാണ് ആവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്! കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തപ്പെട്ടു എന്നത് ശരിയാണ്. പക്ഷേ, ആ സമുന്നത ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒറ്റപ്പെട്ട ശ്രമങ്ങള്‍ മാത്രമേ ഉണ്ടായുള്ളൂ. പലപ്പോഴും ഈ ആശയങ്ങളൊക്കെ വന്‍ശക്തികളുടെ നിക്ഷിപ്ത താല്‍പര്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏതാനും വര്‍ഷങ്ങളായി ഈ സമുന്നത മൂല്യങ്ങളെയും ആശയങ്ങളെയും പച്ചയായി ചവിട്ടിത്തേക്കുന്നതാണ് നാം കാണുന്നത്. മനുഷ്യാവകാശാനന്തര യുഗ(ജീേെ ഔാമി ഞശഴവെേ ഋൃമ)ത്തിലേക്ക് നാം കടന്നിരിക്കുന്നു എന്നുവരെ ചിലര്‍ പറഞ്ഞുകളഞ്ഞു.
ഇത്രയധികം അഭയാര്‍ഥികളെ സൃഷ്ടിച്ച മറ്റൊരു യുഗവും ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ കണക്കു പ്രകാരം, മര്‍ദക ഭരണകൂടങ്ങളുടെ നയങ്ങള്‍ കാരണമായി എഴുപത് ദശലക്ഷമാളുകളാണ് വീടില്ലാത്തവരായി മാറിയിരിക്കുന്നത്. ചില രാഷ്ട്രങ്ങളൊന്നാകെ തന്നെ അഭയാര്‍ഥിപട്ടികയിലേക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നു. പത്ത് മുതല്‍ പതിനഞ്ച് ദശലക്ഷം വരെ പേര്‍ പിറന്ന നാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴവര്‍ക്ക് സ്വന്തമായി ഒരു നാടില്ല, സകല അവകാശങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. അഭയാര്‍ഥികളുടെ എണ്ണം കൂട്ടുന്ന ഇത്തരം നീക്കങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു. പുരോഗതിയുടെയും വികസനത്തിന്റെയും യുഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ കാലത്ത് അഭയാര്‍ഥികള്‍ അനുഭവിക്കുന്ന കൊടും യാതനകള്‍ മറ്റൊരു ചരിത്രഘട്ടത്തിലും അവര്‍ക്ക് അനുഭവിക്കേണ്ടിവന്നിട്ടില്ല.
അതിവികസിതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടുകളിലാണ് വംശവെറിയുടെ ഏറ്റവും വൃത്തികെട്ട രൂപങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കുന്നത്. മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ അന്നാടുകളില്‍ വിദ്വേഷ പ്രചാരണങ്ങള്‍ ശക്തിപ്രാപിക്കുന്നു. അതവരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു. കൂട്ട നശീകരണായുധങ്ങള്‍ ഉപയോഗിച്ച് ആവാസ മേഖലകളെ ഇത്ര പൈശാചികമായി ഉന്മൂലനം ചെയ്യുന്നതിന് നമ്മുടെ ആകാശം ഇതിനു മുമ്പ് ഒരുപക്ഷേ സാക്ഷിയായിട്ടുണ്ടാവില്ല. മുമ്പും അടിച്ചമര്‍ത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ അടിച്ചമര്‍ത്തലുകള്‍ അവയുടെ ധാര്‍മിക പരിണതി എന്നോണം മുഴുവന്‍ മനുഷ്യസമൂഹവും കെടുതികള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന തരത്തിലേക്ക് വഷളായിരിക്കുന്നു. ഈ സംഭവങ്ങളെയും നാം നേരിടുന്ന മഹാമാരിയെയും ബന്ധപ്പെടുത്തുന്ന ശാസ്ത്രീയ വിശദീകരണങ്ങളൊന്നും നമുക്ക് നല്‍കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എങ്കിലും ഞാന്‍ ആ വാദമുഖമാണ് മുന്നോട്ടുവെക്കുന്നത്. നേരത്തേ വിശദീകരിച്ച പ്രകൃതിനിയമം മാത്രമല്ല, ഒരു ധാര്‍മിക നിയമവും പ്രപഞ്ചത്തെ ഭരിക്കുന്നുണ്ട്. ഈ രണ്ട് നിയമവ്യവസ്ഥകളും പ്രപഞ്ചനാഥന്റെ കൈകളിലാണ്. ഈ മഹാമാരി വ്യാപകമായിക്കൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള ഒരു 'ദൈവിക മുന്നറിയിപ്പ്' ആണോ എന്ന് നാം പരിശോധിക്കണം. പ്രയാസത്തിന്റെ നാളുകള്‍ മുന്നറിയിപ്പും ഓര്‍മപ്പെടുത്തലുമാണെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്: ''ഓരോ വര്‍ഷവും തങ്ങള്‍ ഒന്നോ രണ്ടോ തവണ പരീക്ഷിക്കപ്പെടുന്നത് അവര്‍ കാണുന്നില്ലേ? എന്നിട്ടുമവര്‍ പശ്ചാത്തപിക്കുന്നില്ല, ഓര്‍മിക്കുന്നുമില്ല'' (9:126).
മുന്നറിയിപ്പ്
ഇതൊരു മുന്നറിയിപ്പാണെന്ന് കരുതാന്‍ ഒന്നിലധികം കാരണങ്ങളുണ്ട്. മനുഷ്യന് മുന്നറിയിപ്പ് നല്‍കാന്‍ ഏതൊക്കെ രീതികളാണ് പ്രകൃതി സ്വീകരിക്കുക എന്നു നാം ആലോചിക്കണം. ഇപ്പോള്‍ നാമെല്ലാവരും ഒരുതരം ജയില്‍ ജീവിതമല്ലേ നയിക്കുന്നത്? നാം ജയിലിലടച്ച ആയിരക്കണക്കിന് നിരപരാധികള്‍ക്കു വേണ്ടി സൃഷ്ടികര്‍ത്താവ് നല്‍കിയ മുന്നറിയിപ്പായി അതിനെ കണ്ടുകൂടേ? ലക്ഷക്കണക്കിന് നിരപരാധികള്‍ ഇന്ന് വലിയ കെടുതികള്‍ അനുഭവിക്കേണ്ടിവരുന്നത് നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന, ഒരാള്‍ക്കും നീതീകരിക്കാനാവാത്ത യുദ്ധങ്ങള്‍ കാരണമായല്ലേ? കഴിഞ്ഞ പതിറ്റാണ്ടില്‍ ഒരുപാട് യുദ്ധങ്ങള്‍ നടന്നു. ധാരാളം നിരപരാധികളെ പിടികൂടി ജയിലിലേക്കെറിഞ്ഞു. ജയിലില്‍ നരകയാതന അനുഭവിക്കുന്നവര്‍ നിരപരാധികളാണെന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞേ ലോകം തിരിച്ചറിഞ്ഞുള്ളൂ. മുഴുവന്‍ സമൂഹവും ഉപരോധിക്കപ്പെട്ടും തടഞ്ഞുവെക്കപ്പെട്ടും കഴിയുന്ന ധാരാളം ഇടങ്ങളുണ്ട് ലോകത്ത്. ദശലക്ഷക്കണക്കിന് പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍... അവരൊക്കെ ബന്ദികളാണ്. യാതൊരു അവകാശങ്ങളും അവര്‍ക്ക് നല്‍കപ്പെടുന്നില്ല. ഒരു രാജ്യത്തെയും ഒരു സംഭവത്തെയും ഞാന്‍ പേരെടുത്ത് പറയുന്നില്ല. നമ്മളെല്ലാവരും പുനരാലോചന നടത്തണം. ആത്മീയ നേതാക്കളും മതപണ്ഡിതന്മാരും ബുദ്ധിജീവികളുമൊക്കെ മുന്നോട്ടു വന്ന്, മനുഷ്യസമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പ്രകൃതി നല്‍കുന്ന വ്യക്തമായ മുന്നറിയിപ്പുകളാണെന്ന് ജനങ്ങളെ പഠിപ്പിക്കണം. ഇന്നത്തെ ഈ നിശ്ശബ്ദതയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത് മര്‍ദിതരുടെ നിശ്വാസങ്ങളും നിലവിളികളുമാണ്. ഈ അടയാളങ്ങള്‍ക്കും സൂചനകള്‍ക്കും ചെവികൊടുക്കുക എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ള ഒരേയൊരു മാര്‍ഗം.
പ്രശ്‌നത്തിന്റെ ഒരു വശം സമ്പദ്ഘടനയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഭൗതിക, സാമ്പത്തിക വിഭവങ്ങളെല്ലാം ഉണ്ടായിട്ടും ലോക സമ്പദ്ഘടന തണുത്തുറഞ്ഞു പോയിരിക്കുന്നു. വിനാശകരമായ ഒരു സാമ്പത്തിക പ്രതിസന്ധി നമ്മുടെ വാതിലുകളില്‍ കൊട്ടി വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. നാമൊന്ന് മനസ്സിലാക്കണം. സാമ്പത്തിക ചൂഷണവും അസമത്വവും ഒരുതരം പീഡനം തന്നെയാണ്. നമ്മുടെ കാലത്തെ ചങ്ങാത്ത മുതലാളിത്തം (ഇൃീി്യ ഇമുശമേഹശാെ) കാരണമായി സാമ്പത്തിക അസമത്വം അതിന്റെ ഏറ്റവും ബീഭത്സ രൂപം കൈക്കൊണ്ടിരിക്കുന്നു. ചരിത്രത്തിലാദ്യമായി, മൊത്തം ലോകസമ്പത്ത് ഏതാനും ചിലരുടെ കൈകളിലൊതുങ്ങിപ്പോയിരിക്കുന്നു. കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ കണക്കെടുത്താല്‍, ലോകത്തെ മൊത്തം മനുഷ്യരില്‍ പകുതി പേര്‍ക്കുള്ള സമ്പത്ത് 0.1 ശതമാനം മാത്രം വരുന്ന സമ്പന്നരുടെ കൈകളിലുണ്ട്. ദരിദ്രന്‍ കൂടുതല്‍ മെലിഞ്ഞുണങ്ങുന്നു, ധനികന്‍ കൂടുതല്‍ തടിച്ചുകൊഴുക്കുന്നു. ഇതാണ് നമ്മുടെ കാലഘട്ടത്തെ നിര്‍വചിക്കുന്ന ഒരു പ്രത്യേകത. രാഷ്ട്രങ്ങള്‍ നടപ്പാക്കുന്ന സാമ്പത്തിക നയങ്ങള്‍ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിലുള്ളത് കൂടി കവര്‍ന്നെടുക്കുകയാണ്. കവര്‍ന്നെടുക്കപ്പെടുന്നത് എത്തിച്ചേരുന്നതാകട്ടെ നേരത്തേ അതിധനികരായവരുടെ മടിശ്ശീലയിലും. കോടിക്കണക്കിനാളുകളാണ് പട്ടിണി കിടക്കുന്നത്. മഹാമാരിക്കാലത്ത് നാം നമ്മുടെ രാജ്യത്ത് തന്നെ കണ്ടു, ഭരണകൂടങ്ങള്‍ നമ്മുടെ ദരിദ്രരായ സഹോദരീസഹോദരന്മാരെ കൈയൊഴിയുന്നത്.
നമ്മുടെ കാലത്തെ അടയാളപ്പെടുത്തുന്നു
''മനുഷ്യനെ അവന്റെ നാഥന്‍ പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും തന്റെ അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്താല്‍ മനുഷ്യന്‍ പറയും: 'എന്റെ നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു.' എന്നാല്‍ അവന്റെ നാഥന്‍ അവനെ പരീക്ഷിക്കുകയും അങ്ങനെ അവന്റെ ജീവിത വിഭവം പരിമിതപ്പെടുത്തുകയും ചെയ്താലോ, മനുഷ്യന്‍ പറയും; 'എന്റെ നാഥന്‍ എന്നെ അപമാനിച്ചിരിക്കുന്നു.' കാര്യമതല്ല, നിങ്ങള്‍ അനാഥകളെ ആദരിക്കുന്നില്ല. അഗതിക്ക് അന്നം നല്‍കാന്‍ പരസ്പരം പ്രേരിപ്പിക്കുന്നില്ല. പാരമ്പര്യമായി കിട്ടിയ സ്വത്ത് വെട്ടിവിഴുങ്ങുകയും ചെയ്യുന്നു. നിങ്ങള്‍ ധനത്തെ അതിരറ്റ് സ്‌നേഹിക്കുകയാണ്'' (ഖുര്‍ആന്‍ 85:15-20). ഈ ഖുര്‍ആനിക സൂക്തങ്ങള്‍ നമ്മുടെ കാലത്തിന്റെ ചിത്രം കൂടിയല്ലേ വരച്ചുവെക്കുന്നത്? പണത്തോടുള്ള അത്യാര്‍ത്തി മൂത്ത് നിങ്ങള്‍ പാവങ്ങളെയും ആവശ്യക്കാരെയും അവഗണിക്കുകയും പണം കുറച്ചാളുകള്‍ക്ക് മാത്രം അനുഭവിക്കാനുള്ള ഒന്നാക്കി മാറ്റുകയും ചെയ്യുന്നതാണ് ദുരന്ത കാരണമെന്ന് വിശദീകരിക്കുകയാണ് ഇവിടെ. കഴിഞ്ഞ മാര്‍ച്ച് 15-ന് ന്യൂയോര്‍ക്ക് ടൈംസില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. സാമ്പത്തിക അസമത്വമാണ് മഹാമാരി പടരാന്‍ ഒരു പ്രധാന കാരണമെന്ന് അതില്‍ പറഞ്ഞിട്ടുണ്ട്. ശാസ്ത്രീയമായ, വസ്തുതകള്‍ നിരത്തിയുള്ള വിശകലനമാണിത്. ഇത്രമാത്രം സാമ്പത്തിക അസന്തുലനം ഇല്ലായിരുന്നെങ്കില്‍ ഇത്ര വേഗം മഹാമാരി പടരുമായിരുന്നില്ല എന്ന് അതില്‍ വിശദീകരിക്കുന്നു.
പ്രകൃതിയോട് പരമാവധി അതിക്രമം, അനീതി നാം ചെയ്തു കഴിഞ്ഞു. എല്ലാ മനുഷ്യര്‍ക്കും നല്ലൊരു ജീവിതം നയിക്കാന്‍ വേണ്ട സകലതും അല്ലാഹു ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. പക്ഷേ ആഡംബര ഭ്രമവും മുതലാളിത്ത ജീവിത ശൈലിയും പ്രകൃതിയെ ശരിക്കും കൊള്ളയടിക്കുക തന്നെയായിരുന്നു. തദ്ഫലമായി നമ്മുടെ വെള്ളവും വായുവും പരിസ്ഥിതിയുമെല്ലാം വിഷമയമായി. കോവിഡ് ബാധയുടെ പ്രധാന കാരണങ്ങളിലൊന്ന് പാരിസ്ഥിതിക അസന്തുലിതത്വമാണെന്ന പഠന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ജൈവ വൈവിധ്യ ഹോട്ട് സ്‌പോട്ടുകളില്‍നിന്നാണ് പലപ്പോഴും ഇത്തരം വൈറസുകള്‍ പ്രത്യക്ഷപ്പെടുന്നതായി കാണുന്നത്. അമിത വ്യവസായവത്കരണവും പാരിസ്ഥിതിക അസന്തുലിതത്വവുമാണ് അതിനു കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. 'മനുഷ്യകരങ്ങള്‍ സമ്പാദിച്ചെടുത്തതിന്റെ ഫലമായി കരയിലും കടലിലും നാശവും അപഭ്രംശവും പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുവെച്ചതിന്റെ കുറച്ചൊക്കെ അവനവരെ രുചിപ്പിക്കുകയാകുന്നു. അവര്‍ നേര്‍വഴിയിലേക്ക് മടങ്ങിയെങ്കിലോ!' (30:41).
നാം ചര്‍ച്ചകളില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് ഇപ്പോഴും മറഞ്ഞുകിടക്കുന്ന ഈ ധാര്‍മിക കാരണങ്ങളെയാണ്. ഇന്ന് ലോക മനസ്സാക്ഷി കൂടുതല്‍ സചേതനവും ജാഗ്രത്തുമായിരിക്കുന്നു. ദൈവവചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ ലോക മനസ്സാക്ഷിയെ തൊട്ടുണര്‍ത്തണം. നമ്മുടെ മനോഭാവം മാറ്റിയേ തീരൂ എന്ന വലിയ പാഠമാണ് മഹാമാരി നല്‍കിയിരിക്കുന്നതെന്ന തിരിച്ചറിവ് പകര്‍ന്നു നല്‍കാന്‍ കഴിയണം. നമ്മുടെ പല സൗകര്യങ്ങളും സുഖങ്ങളും താല്‍ക്കാലികമായെങ്കിലും എടുത്തു നീക്കിയതിലൂടെ മനുഷ്യന്റെ ആവശ്യങ്ങള്‍ പരിമിതമാണെന്നു കൂടി പഠിപ്പിക്കുന്നുണ്ട് ഇത്തരം പരീക്ഷണങ്ങള്‍. ഗാന്ധിജി പറഞ്ഞിട്ടുണ്ട്; 'എല്ലാവരുടെയും ആവശ്യങ്ങള്‍ക്ക് മതിയായതൊക്കെ ഭൂമിയിലുണ്ട്; ഓരോരുത്തരുടെയും ആര്‍ത്തി തീര്‍ക്കാന്‍ അത് മതിയാവുകയുമില്ല.' ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ: 'തിന്നോളൂ, കുടിച്ചോളൂ, പക്ഷേ അമിതമാക്കരുത്. അമിതമാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല' (7:31). ഈ മഹാമാരി മുഴുവന്‍ ലോകത്തെയും പഠിപ്പിച്ചത്, ഉപഭോഗം എല്ലാ പരിധികളും വിട്ടിരിക്കുന്നു എന്നാണ്. ഈ ആര്‍ത്തിയാണ് സാമ്പത്തിക അസന്തുലിതത്വമുണ്ടാക്കുന്നത്; പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നത്; നേരത്തേ വിശദീകരിച്ച അനീതിക്കും അടിച്ചമര്‍ത്തലിനും കാരണമാകുന്നത്. പ്രകൃതി പഠിപ്പിച്ച മിതവ്യയത്തിന്റെ ഈ പാഠം നമുക്കുള്‍ക്കൊള്ളാനായാല്‍, ഒട്ടുവളരെ പ്രശ്‌നങ്ങള്‍ നമുക്ക് പരിഹരിക്കാനാവും.
മഹാമാരി പഠിപ്പിച്ച മറ്റൊരു പാഠം, നാം, ഭൂമുഖത്തെ ഈ ഏഴ് ബില്യന്‍ മനുഷ്യര്‍ പരസ്പരം ബന്ധിതമായും ആശ്രയിച്ചുമാണ് കഴിഞ്ഞുകൂടുന്നത് എന്നതാണ്. നമ്മള്‍ ഒരേ മാതാവിന്റെയും പിതാവിന്റെയും സന്തതികളാണ്. നമ്മുടെ പൊതുതാല്‍പര്യങ്ങള്‍ ഒന്നാണ്. ഒരാള്‍ക്ക് ഒരു രോഗം വന്നാല്‍, അയാള്‍ ധനികനോ ദരിദ്രനോ ആകട്ടെ, നമ്മുടെ മതക്കാരനോ മറ്റു മതക്കാരനോ ആകട്ടെ, ആ രോഗം അയാള്‍ക്ക് മാത്രമല്ല, നമുക്കെല്ലാവര്‍ക്കുമാണ് വിപത് സന്ദേശം നല്‍കുന്നത്. 'ഒരാളുടെ ജീവന്‍ രക്ഷപ്പെടുത്തിയവന്‍ മനുഷ്യകുലത്തിന്റെ ജീവനാണ് രക്ഷപ്പെടുത്തിയത്' എന്ന് ഖുര്‍ആന്‍ (5:32) പറയുന്നുണ്ടല്ലോ. മഹാമാരി പടരുമ്പോള്‍ എല്ലാവരുടെയും ജീവന്‍ രക്ഷിക്കാനാണ് നാം ശ്രമിക്കുന്നത്. വ്യക്തിയുടെ വംശമോ ദേശമോ മതമോ ഒന്നും നാം നോക്കുന്നില്ല. പാവപ്പെട്ടവന്നും തുല്യ പരിഗണന കിട്ടുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രമല്ല, മറ്റു സന്ദര്‍ഭങ്ങളിലും നമ്മുടെ ജീവിതം ഇത്രമേല്‍ പരസ്പര ബന്ധിതമാണ് എന്ന് നാം മനസ്സിലാക്കിയിരുന്നുവെങ്കില്‍! സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ദരിദ്രരാക്കി അരികിലേക്ക് തള്ളിമാറ്റി, നമുക്കധിക കാലം സമ്പന്നരായി തുടരാന്‍ കഴിയില്ല. കുറേയാളുകളെ മര്‍ദിച്ചൊതുക്കിയും തടങ്കല്‍പാളയങ്ങളിലേക്ക് തള്ളിവിട്ടും സമാധാന ജീവിതം നയിക്കാനും നമുക്ക് സാധ്യമല്ല. സമാധാനത്തിന്റെ ഗുണഭോക്താക്കള്‍ മൊത്തം മനുഷ്യസമൂഹമാകണം. എല്ലാവരുടെയും ആവശ്യങ്ങള്‍ പരിഹരിക്കപ്പെടണം. എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. എല്ലാവര്‍ക്കും സ്വാതന്ത്ര്യവും ആദരവും ലഭിക്കണം.
ഈ മഹാമാരിക്കാലത്ത് നാം നമ്മുടെ പല ശീലങ്ങളും ഒഴിവാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ലോകം മുഴുക്കെ അത്തരം മാറ്റങ്ങള്‍ കാണാനുണ്ട്. നാം ജീവിക്കുന്ന ഈ ലോകത്തെ രക്ഷിച്ചെടുക്കാന്‍ ആഡംബരങ്ങള്‍ പലതും നമ്മള്‍ ഉപേക്ഷിക്കുകയാണ്. അടിച്ചമര്‍ത്തല്‍, വംശീയത, വിഭാഗീയത, വര്‍ഗീയത, ഹിംസ, വിവേചനം, ദാരിദ്ര്യം, വിശപ്പ്, സാമ്പത്തിക അസമത്വം, പരിസ്ഥിതി മലിനീകരണം തുടങ്ങി നമ്മെ നിരന്തരം വേട്ടയാടുന്ന പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാം എന്നതിന് ചില സൂചനകള്‍ നല്‍കുകയല്ലേ പ്രകൃതി ചെയ്തിരിക്കുന്നത്? ഒന്നേ നാം ചെയ്യേണ്ടതുള്ളൂ; നമ്മുടെ മനോഭാവവും ജീവിതശൈലിയും മാറ്റുക. ഒരു നല്ല നാളേക്കു വേണ്ടി, ശോഭനമായ ഭാവിക്കു വേണ്ടി പ്രകൃതി നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ദൃഷ്ടാന്തങ്ങളെയും അടയാളങ്ങളെയും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ നാം തയാറാവുക. അതിനുള്ള ശേഷി പ്രപഞ്ചനാഥന്‍ നമുക്ക് നല്‍കുമാറാകട്ടെ.
Comments