Prabodhanm Weekly

Pages

Search

2020 മെയ് 08

3151

1441 റമദാന്‍ 15

ക്ഷാമകാലത്ത് ഉദാരതയുടെ അനിവാര്യത

പി.കെ ജമാല്‍

കടുത്ത സാമ്പത്തിക മാന്ദ്യവും ക്ഷാമവും ദാരിദ്ര്യവുമാണ് കൊറോണാനന്തര ലോകം അഭിമുഖീകരിക്കാന്‍ പോകുന്നത്. രണ്ടാം ലോകയുദ്ധത്തിന് തൊട്ടുമുമ്പുള്ള വര്‍ഷങ്ങളില്‍ ലോകം മുഴുവന്‍ നേരിട്ട രൂക്ഷമായ സാമ്പത്തിക മാന്ദ്യമാണ് 'മഹാ സാമ്പത്തിക മാന്ദ്യം' അഥവാ 'ഗ്രേറ്റ് ഡിപ്രഷന്‍'. ഈ മഹാ സാമ്പത്തിക മാന്ദ്യം മിക്ക രാജ്യങ്ങളിലും 1929-ല്‍ തുടങ്ങി 1940കളുടെ തുടക്കത്തിലാണ് അവസാനിച്ചത്. കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയതും ആഴത്തില്‍ പടര്‍ന്നു പിടിച്ചതുമായ ഈ സാമ്പത്തികത്തകര്‍ച്ചയെ, ആഗോളസാമ്പത്തിക രംഗത്ത് സംഭവിക്കാവുന്ന അധഃപതനത്തിന്റെ ഉദാഹരണമായി നാം ജീവിക്കുന്ന ഈ നൂറ്റാണ്ടിലും ചിത്രീകരിക്കാറുണ്ട്. മഹാ സാമ്പത്തിക മാന്ദ്യം സമ്പന്നരെന്നോ ദരിദ്രരെന്നോ വികസിത രാജ്യമെന്നോ അവികസിത രാജ്യമെന്നോ വ്യത്യാസമില്ലാതെ സര്‍വരെയും ബാധിച്ചു.
2008-ല്‍ ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തെയും ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിലെ 'മഹാ സാമ്പത്തിക മാന്ദ്യ'ത്തെയും പിറകിലാക്കി ദ്രുതഗതിയിലുള്ളതും അതീവ ഗുരുതരവുമായ സാമ്പത്തിക പ്രതിസന്ധിയാണ് കൊറോണ സൃഷ്ടിക്കാന്‍ പോകുന്നതെന്ന് 'ഗാര്‍ഡിയന്‍' പത്രത്തില്‍ നോറിയല്‍ റോബിനി എഴുതുന്നു. 'ഗ്രേറ്റ് ഡിപ്രഷന്‍' ദുരന്തഫലങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ മൂന്ന് വര്‍ഷം എടുത്തുവെങ്കില്‍ കൊറോണ വരുത്തിയ സാമ്പത്തിക കുഴപ്പം പ്രത്യക്ഷപ്പെടാന്‍ മൂന്നാഴ്ചയേ വേണ്ടിവന്നുള്ളൂ എന്ന് സാമ്പത്തിക വിദഗ്ധനായ അദ്ദേഹം പറയുന്നു. മുമ്പു കഴിഞ്ഞ സാമ്പത്തിക പ്രതിസന്ധികളൊന്നും ആഗോള 'ലോക്ക് ഡൗണി' ലേക്ക് ലോകത്തെ എത്തിച്ചിരുന്നില്ല. ആ 'ബഹുമതി' കൊറോണ വൈറസിന് മാത്രം അവകാശപ്പെട്ടതാണ്. ഇന്റര്‍നാഷ്നല്‍ മോണിറ്ററി ഫണ്ട് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവയുടെ അഭിപ്രായത്തില്‍ 'ഗ്രേറ്റ് ഡിപ്രഷന്‍' വരുത്തിവെച്ച കൊടിയ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ രൂക്ഷമായ പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കാന്‍ പോകുന്നത്. കിഴക്കന്‍ ഏഷ്യയിലെയും പെസിഫിക്കിലെയും 24 മില്യന്‍ ജനങ്ങളെങ്കിലും കടുത്ത ദാരിദ്ര്യത്തില്‍ അകപ്പെടുമെന്ന് വേള്‍ഡ് ബാങ്ക് നിരീക്ഷിച്ചതായി ബി. ബി. സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തൊഴിലില്ലായ്മയും വരുമാനനഷ്ടവും ഉണ്ടാക്കുന്ന ദാരിദ്ര്യവും പട്ടിണിയും മറികടക്കാനാവാതെ ജനങ്ങള്‍ വീര്‍പ്പുമുട്ടി മരിക്കുന്ന നിസ്സഹായാവസ്ഥയെയായിരിക്കും ഇന്ത്യന്‍ നഗരങ്ങളും ഗ്രാമങ്ങളും നേരിടേണ്ടി വരികയെന്ന് 'കൊറോണാനന്തര ഇന്ത്യ'യെ കുറിച്ച് പഠനം നടത്തിയ സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഓരോ വ്യക്തിയും വീടും കുടുംബവും സമൂഹവും അനുഭവിക്കേണ്ടിവരുന്ന പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളെക്കുറിച്ച മുന്നറിയിപ്പിനിടയിലും മത-ജാതി-വര്‍ഗ വ്യത്യാസമില്ലാത്ത മാനവിക മൂല്യങ്ങളില്‍ ഊന്നിയ നവസംസ്‌കൃതി രൂപപ്പെട്ടേക്കുമെന്ന ശുഭവിശ്വാസത്തിലാണ് സാമൂഹിക ശാസ്ത്രജ്ഞര്‍. യു.എന്‍ ഹൈകമീഷണര്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് മിഷേല്‍ ബക് ലെറ്റും റെഫ്യൂജീസ് റൈറ്റ്സ് ഹൈക്കമീഷണര്‍ ഫിലിപ്പിനോഗ്രാന്റിയും ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ സൂചിപ്പിക്കുന്നു: 'കൊറോണാ വൈറസ്, നിസ്സംശയം നമ്മുടെ തത്ത്വങ്ങളെയും പരമ്പരാഗത മൂല്യങ്ങളെയും മാനവിക പരികല്‍പനകളെയും പരിശോധനക്കും പരീക്ഷണത്തിനും വിധേയമാക്കുന്നുണ്ട്. ഈ മഹാമാരിയോടുള്ള നമ്മുടെ പ്രതികരണം സമൂഹം മുഖ്യധാരയില്‍നിന്ന് തള്ളിമാറ്റി അരികു വല്‍ക്കരിച്ചവരുടെ പ്രശ്ന പരിഹാരത്തില്‍ കേന്ദ്രീകരിച്ചാവണം' (ഗാര്‍ഡിയന്‍ 13.03.2020).
കൊറോണാനന്തര കാലത്തെ പുതിയ ലോകം നമുക്ക് മുന്നില്‍ തുറന്നിടാന്‍ പോകുന്നത് കടുത്ത ജീവിതക്കാഴ്ചകളുടെ ജാലകങ്ങളാണ്. 'ജനസേവനം ദൈവാരാധന'യായി കാണുന്ന മതവിശ്വാസികള്‍ക്ക് ഏറെ പ്രവര്‍ത്തിക്കാനുള്ള സന്ദര്‍ഭമാണിത്. സമൂഹ ജീവിതത്തിന്റെ പൊടിയും പുകയുമേറ്റ് ജീവിക്കുന്ന വിശ്വാസിക്ക് നിസ്സംഗതയോടെ നോക്കി നില്‍ക്കാന്‍ കഴിയാത്ത കാലം. സങ്കീര്‍ണ ജീവിത പ്രതിഭാസങ്ങളുടെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാനാവാതെ ഒലിച്ചുപോകുന്ന മനുഷ്യജന്മങ്ങളുടെ ചുടുനിശ്വാസങ്ങളോട് സചേതനമായി പ്രതികരിച്ചും അവര്‍ക്ക് പുനര്‍ജനി നല്‍കാനുള്ള യത്നങ്ങളില്‍ പങ്കു വഹിച്ചും നവലോക നിര്‍മിതി നടത്തേണ്ട കാലം. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളും അവയുടെ പ്രയോഗവത്കരണവും പുതിയ വായനയും പഠനവും അനിവാര്യമാക്കിത്തീര്‍ക്കുന്നു കൊറോണാനന്തരം ജീവിത യാഥാര്‍ഥ്യങ്ങള്‍.

മനുഷ്യക്ഷേമം സമുന്നത ലക്ഷ്യം 
ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ ലക്ഷ്യമാക്കുന്നത് മനുഷ്യക്ഷേമമാണ്. 'ഓരോ പച്ചക്കരളിലും പ്രതിഫലമുണ്ട്' (ബുഖാരി, മുസ്‌ലിം) എന്ന് പഠിപ്പിക്കുന്ന മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങളിലൂടെ സഞ്ചരിച്ചാല്‍ ബോധ്യമാകുന്ന ഒരു സത്യമുണ്ട്. വ്യക്തിക്കും സമൂഹത്തിനും ഗുണകരമായി ഭവിക്കുന്ന നന്മ നിറഞ്ഞ എല്ലാ പ്രവര്‍ത്തനങ്ങളെയും ആ ചര്യ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സമ്പത്തിന്റെ യഥാര്‍ഥ ഉടമ ദൈവമാണെന്ന യാഥാര്‍ഥ്യം കൂടെക്കൂടെ ഉണര്‍ത്തുന്നുണ്ട്. വ്യക്തിക്ക് അതില്‍ ക്രയവിക്രയാധികാരം മാത്രം. ഏത് നേരത്തും ഒഴിവാക്കപ്പെട്ടേക്കാവുന്ന ഒരു കൈവശക്കാരന്‍ മാത്രമാണയാള്‍. സമ്പത്തിനോടുള്ള ഇസ്‌ലാമിന്റെ അടിസ്ഥാന വീക്ഷണം വ്യക്തമാക്കുന്നുണ്ട് ഖുര്‍ആന്‍, ചരിത്രത്തിലെ ഏറ്റവും ധനാഢ്യനായ ഖാറൂന്റെ ജീവിതകഥ പറയുമ്പോള്‍. ഇനിപ്പറയുന്ന അടിസ്ഥാനങ്ങളില്‍ ഊന്നിയാണ് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം വികസിക്കുന്നത്:
ഒന്ന്: മതിമറക്കരുത്. മതിമറന്ന് അര്‍മാദിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. രണ്ട്: അല്ലാഹു തന്നിട്ടുള്ള സമ്പത്ത് കൊണ്ട് പാരത്രിക ഗേഹം തേടാന്‍ നോക്കണം.
മൂന്ന്: എന്നാല്‍ ഈ ലോകത്ത് നിനക്കുള്ള പങ്ക് വിസ്മരിക്കുകയും വേണ്ട. നാല്: അല്ലാഹു നിന്നോട് നന്മ ചെയ്തിട്ടുള്ളത് പോലെ നീയും നന്മ ചെയ്യുക.
അഞ്ച്: ഭൂമിയില്‍ അധര്‍മം പരത്താന്‍ ശ്രമിക്കരുത്. അധര്‍മം പരത്തുന്നവരെ അല്ലാഹു സ്നേഹിക്കുന്നില്ല (അല്‍ ഖസ്വസ്വ്: 76-78).
ജനങ്ങള്‍ ഖാറൂന് നല്‍കിയ ഉപദേശം ശരിവെച്ചുകൊണ്ട് ഖുര്‍ആന്‍ നടത്തിയ പ്രതിപാദനം തന്നെയാണ് ഇസ്‌ലാമിക സാമ്പത്തിക കാഴ്ചപ്പാടിന്റെ നിദാന ശാസ്ത്രം. ''അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയിട്ടുള്ള വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുകയും ചെയ്യുവിന്‍'' (അല്‍ ഹദീദ് 7). ധനത്തിന്റെ ഉടമയുടെ ഇംഗിതമനുസരിച്ച്, അവന്റെ ഹിതപ്രകാരം വ്യയം ചെയ്യാനുള്ള അധികാരമേ മനുഷ്യന് നല്‍കപ്പെട്ടിട്ടുള്ളൂ എന്ന് സാരം.  ജീവകാരുണ്യ രംഗങ്ങളില്‍ ഉദാരമായി സമ്പത്ത് ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്ന നബി വചനങ്ങള്‍ നിരവധിയാണ്.  അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസില്‍ നിന്ന്. ഒരാള്‍ നബി(സ)യോട് ചോദിച്ചു: ഏത് ഇസ്‌ലാമാണ് ഉത്തമം? നബി(സ): 'ആഹാരം നല്‍കുക, പരിചയമുള്ളവന്നും പരിചയമില്ലാത്തവന്നും സലാം പറയുക' (ബുഖാരി, മുസ്‌ലിം).
അബൂഹുറൈറ(റ): നബി (സ) പറഞ്ഞു: 'ഓരോ പ്രഭാതത്തിലും രണ്ട് മലക്കുകള്‍ ഇറങ്ങിവരും. ഒരാള്‍ പറയും: അല്ലാഹുവേ, ചെലവഴിക്കുന്നവന് നീ പകരം നല്‍കേണമേ, മറ്റേ ആള്‍: അല്ലാഹുവേ ചെലവഴിക്കാതെ കെട്ടിപ്പൂട്ടി വെക്കുന്നവന് നീ നാശം വരുത്തേണമേ' (ബുഖാരി, മുസ്‌ലിം). അബ്ദുല്ലാഹിബ്നു മസ്ഊദ് (റ): നബി(സ) പറഞ്ഞു: 'രണ്ട് കാര്യങ്ങളില്‍ മാത്രമേ അസൂയയുള്ളൂ. അല്ലാഹു സമ്പത്ത് നല്‍കിയ വ്യക്തി. സത്യമാര്‍ഗത്തില്‍ വാരിക്കോരി വ്യയം ചെയ്യാന്‍ അയാള്‍ അത് നീക്കിവെച്ചിരിക്കുന്നു. വിജ്ഞാനം നല്‍കപ്പെട്ട വ്യക്തി. അയാള്‍ അത് പഠിപ്പിക്കുകയും അതുപയോഗിച്ച് ന്യായവിധി നടത്തുകയും ചെയ്യുന്നു' (ബുഖാരി, മുസ്‌ലിം). അദിയ്യുബ്നു ഹാതിം: നബി (സ) പറഞ്ഞു: 'ഒരു കാരക്കച്ചീളുകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കണം' (ബുഖാരി, മുസ്‌ലിം).
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ സകാത്തിന്റെ പ്രാധാന്യം വിവരിക്കുന്ന നിരവധി ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും കാണാം. നമസ്‌കാരത്തിനുള്ള പ്രാധാന്യം സകാത്തിനുമുണ്ട്. 28 ഇടങ്ങളില്‍ നമസ്‌കാരത്തോട് ചേര്‍ത്താണ് സകാത്തിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. നബി(സ)യോ സ്വഹാബിമാരോ സകാത്തിനും നമസ്‌കാരത്തിനുമിടയില്‍ വ്യത്യാസം കല്‍പിച്ചിട്ടില്ല. അബൂബക്ര്‍ സ്വിദ്ദീഖ് (റ) ഭരണാധികാരം ഏറ്റെടുത്ത് പ്രഖ്യാപിച്ചു: 'അല്ലാഹുവാണ് സത്യം, നമസ്‌കാരത്തിന്റെയും സകാത്തിന്റെയും ഇടയില്‍ വ്യത്യാസം കല്‍പിച്ചവരോട് ഞാന്‍ യുദ്ധം ചെയ്യും' (മുസ്‌ലിം). സകാത്തിന്റെ അവകാശികള്‍ ആരാണ്? ''സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവര്‍ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്‍ക്കും മാത്രമുള്ളതാണ്. അല്ലാഹു നിര്‍ണയിച്ച കടമയാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്'' (അത്തൗബ 60).
സമ്പത്ത്, കാര്‍ഷിക വിളകള്‍, നിധികള്‍, വളര്‍ത്തു മൃഗങ്ങള്‍, സ്വര്‍ണം തുടങ്ങിയവയുടെ വാര്‍ഷിക കണക്കെടുത്ത് നിശ്ചിത ശതമാനം എട്ട് അവകാശികള്‍ക്ക് നല്‍കുന്നതാണ് സകാത്ത്. നിര്‍ണിത അളവ് സമ്പത്തിന്റെ ഉടമയായി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് മുസ്‌ലിമിന് സകാത്ത് നിര്‍ബന്ധമാകുന്നത്. സ്വര്‍ണം, വെള്ളി, പണം, വസ്തുവകകള്‍, കച്ചവട സാമഗ്രികള്‍, ഓഹരികള്‍ മുതലായവക്ക് 2.5 ശതമാനം ആണ് സകാത്ത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ പ്രകൃത്യാ മഴമൂലം വിളയുന്നവയാണെങ്കില്‍ 10 ശതമാനവും ജലസേചനത്തിലൂടെ വിളയുന്നതാണെങ്കില്‍ 5 ശതമാനവും  ആണ് സകാത്ത്.

സകാത്ത് മാത്രമോ? 
ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്: സമ്പത്തില്‍ സകാത്തേതര ബാധ്യതകള്‍ ഉണ്ടോ? മതനിഷ്ഠയുള്ള പല ധനാഢ്യരും ധരിച്ചുവെച്ചിരിക്കുന്നത് വര്‍ഷം തോറും തങ്ങളുടെ സകാത്ത് കണക്കാക്കി നല്‍കിയാല്‍ സാമ്പത്തികമായ തങ്ങളുടെ ബാധ്യതകളും കടമകളും തീര്‍ന്നെന്നാണ്. സ്വദഖ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക സേവനസംരംഭങ്ങള്‍, പ്രബോധന പ്രവര്‍ത്തനങ്ങള്‍, ചാരിറ്റി എന്നീ തുറകളിലൊന്നും സമ്പത്ത് ചെലവഴിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ല എന്നവര്‍ കരുതുന്നു. ഖുര്‍ആനും സുന്നത്തും ഈ വിഷയത്തില്‍ എന്ത് പറയുന്നു?
സ്വഹാബിമാരുടെയും താബിഉകളുടെയും കാലഘട്ടം മുതല്‍ക്കേ ധനത്തില്‍ സകാത്ത് അല്ലാത്ത ബാധ്യതകളുമുണ്ട് എന്ന ശക്തമായ അഭിപ്രായമാണ് നിലനിന്നത്. സ്വഹാബിമാരില്‍ ഉമര്‍(റ), അലി(റ), അബൂദര്‍റ്(റ). ആഇശ(റ), ഇബ്നു ഉമര്‍(റ), അബൂഹുറൈറ(റ), ഹസനുബ്നു അലി (റ), ഫാത്വിമ ബിന്‍തു ഖൈസ് (റ) തുടങ്ങിയവരും താബിഉകളില്‍ ശഅബി, മുജാഹിദ്, ത്വാവൂസ്, അത്വാഅ് തുടങ്ങിയവരും ഈ അഭിപ്രായമുള്ളവരാണ്.
ഫാത്വിമ ബിന്‍ത് ഖൈസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: സകാത്തിനെ സംബന്ധിച്ച ഒരു ചോദ്യത്തിന് നബി(സ) മറുപടി പറഞ്ഞതിങ്ങനെ: 'അതേ, തീര്‍ച്ചയായും ധനത്തില്‍ സകാത്ത് അല്ലാത്ത ബാധ്യതകളും ഉണ്ട്.' തുടര്‍ന്ന് നബി(സ) സൂറത്തുല്‍ ബഖറയിലെ 177-ാം വചനം ഓതിക്കേള്‍പ്പിച്ചു: ''നിങ്ങള്‍ പടിഞ്ഞാറോട്ടോ കിഴക്കോട്ടോ മുഖം തിരിക്കുക എന്നതല്ല ധര്‍മം. പിന്നെയോ, മനുഷ്യന്‍ അല്ലാഹുവിലും അന്ത്യനാളിലും മലക്കുകളിലും വേദത്തിലും പ്രവാചകന്മാരിലും ആത്മാര്‍ഥമായി വിശ്വസിക്കുകയും അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ പേരില്‍ തന്റെ പ്രിയപ്പെട്ട ധനം ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും സഹായമര്‍ഥിക്കുന്നവര്‍ക്കും അടിമകളെ മോചിപ്പിക്കുന്നതിനും ചെലവഴിക്കുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയുമാകുന്നു ധര്‍മം. കരാര്‍ ചെയ്താല്‍ അത് പാലിക്കുകയും പ്രതിസന്ധികളിലും വിപത്തുകളിലും സത്യാസത്യസംഘട്ടനവേളയിലും സഹനം അവലംബിക്കുകയും ചെയ്യുന്നവരാകുന്നു ധര്‍മിഷ്ഠര്‍. അവരാകുന്നു സത്യവാന്മാര്‍. അവര്‍ തന്നെയാകുന്നു ഭക്തരും'' (അല്‍ബഖറ 177) (തിര്‍മിദി).
തനിക്ക് പ്രിയപ്പെട്ട ധനം അല്ലാഹുവിനോടുള്ള സ്നേഹം മുന്‍നിര്‍ത്തി അനാഥര്‍, അഗതികള്‍, സാധുക്കള്‍ തുടങ്ങിയവര്‍ക്ക് നല്‍കേണ്ടത് ധര്‍മത്തിന്റെ യഥാര്‍ഥ താല്‍പര്യമാണെന്ന് ഉണര്‍ത്തിയതിനു ശേഷം 'നമസ്‌കാരം അനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും' ചെയ്യുന്നത് വീണ്ടും എടുത്തു പറഞ്ഞത് രണ്ടും രണ്ടാണെന്ന് സൂചിപ്പിക്കാനാണ്. ആദ്യത്തെ ദാനം സകാത്തേതരമായ ധര്‍മമാണെന്ന് വ്യക്തം. സൂക്തത്തില്‍ ആദ്യം സൂചിപ്പിച്ച ദാനം ഐഛികമാണെന്ന വാദം  നിലനില്‍ക്കുന്നതല്ലെന്നും അത് നിര്‍ബന്ധ സ്വരത്തിലുള്ളതാണെന്നും സകാത്തേതര ബാധ്യതയുടെ വക്താക്കള്‍ സമര്‍ഥിക്കുന്നു. അഖീദയുടെയും ഇബാദത്തിന്റെയും സ്വഭാവ സംസ്‌കരണങ്ങളുടെയും മൗലികാവകാശങ്ങള്‍ ഊന്നുന്ന സൂക്തത്തില്‍ 'താന്‍ സ്നേഹിക്കുന്ന ധനം നല്‍കുന്നത് മാത്രം' ഐഛിക കര്‍മമായിത്തീരുന്നതെങ്ങനെ എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. സകാത്ത് കൊണ്ട് റദ്ദ് ചെയ്യപ്പെടാത്ത ഈ ദാനം നിര്‍ബന്ധ കര്‍മങ്ങളും ശിക്ഷാവിധികളും പ്രാബല്യത്തില്‍ വന്ന മദീനാഘട്ടത്തിലാണ് അവതരിച്ചതെന്നും അത് ഖണ്ഡിത വിധിയാണെന്നും ഇബ്നു അബ്ബാസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സൂക്തത്തിന് ഖുര്‍ത്വുബി നല്‍കിയ വ്യാഖ്യാനം പരിശോധിക്കാം: 'തനിക്ക് പ്രിയങ്കരമായ ധനം നല്‍കുക' എന്ന സൂക്തത്തിലെ പ്രതിപാദനം, ധനത്തില്‍ സകാത്ത് അല്ലാത്ത ബാധ്യതകളും ഉണ്ടെന്നതിന്റെ തെളിവാണെന്നും 'ധര്‍മം' പൂര്‍ത്തിയാവാന്‍ അത് കൂടി ആവശ്യമാണെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. നിര്‍ബന്ധ കര്‍മമായ സകാത്തിനെക്കുറിച്ചാണ് ആ പ്രതിപാദനം എന്ന് ഇനിയും ഒരു വിഭാഗം. ആദ്യത്തെ അഭിപ്രായമാകുന്നു ഏറ്റവും ശരിയായിട്ടുള്ളത്. ദാറഖുത്നി ഉദ്ധരിച്ച ഫാത്വിമ ബിന്‍തു ഖൈസിന്റെ ഹദീസ് ഈ അഭിപ്രായത്തെ ശരിവെക്കുന്നു. ഇബ്നുമാജയും തിര്‍മിദിയും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസിനെ കുറിച്ച തിര്‍മിദിയുടെ അഭിപ്രായം: 'ഈ ഹദീസിന്റെ സനദ് അത്ര പ്രബലമല്ല. അബൂഹംസ മയ്മൂന്‍ ളഈഫ് ആണ്.' തുടര്‍ന്ന് ഖുര്‍ത്വുബി തന്റെ അഭിപ്രായം വ്യക്തമാക്കുന്നതിങ്ങനെ: 'ചില ചര്‍ച്ചകള്‍ക്ക് വിധേയമായ ഹദീസാണെങ്കിലും സൂക്തത്തിലെ പ്രതിപാദനം ആ ഹദീസിന്റെ പ്രാമാണികത ശരിവെക്കുന്നതാണ്. 'നമസ്‌കാരം അനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും ആകുന്നു' 'ധര്‍മം' എന്ന് സൂക്തത്തില്‍ തുടര്‍ന്ന് പറയുമ്പോള്‍: 'തനിക്ക് പ്രിയങ്കരമായ ധനം ചെലവഴിക്കുക' എന്ന പരാമര്‍ശം നിര്‍ബന്ധമായ സകാത്തിനെ കുറിച്ചല്ല എന്ന് വ്യക്തം. അങ്ങനെ കരുതിയാല്‍ അത് ആവര്‍ത്തനമാകും. സകാത്ത് നല്‍കിയ ശേഷവും മുസ്‌ലിംകള്‍ക്ക് ഒരാവശ്യം നേരിട്ടാല്‍ അത്തരം രംഗങ്ങളില്‍ ധനം വ്യയം ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന അഭിപ്രായത്തില്‍ പണ്ഡിതന്മാര്‍ക്കെല്ലാം യോജിപ്പാണുള്ളത്. ഇമാം മാലിക് പറഞ്ഞു: തടവുകാരെ മോചിപ്പിക്കാന്‍ ധനം മുഴുവന്‍ ചെലവിടേണ്ടി വന്നാലും അങ്ങനെ ചെയ്യേണ്ടത് ജനങ്ങള്‍ക്ക് നിര്‍ബന്ധമാണ്. ഇത് ഇജ്മാഅ് ആണ്. നമ്മുടെ അഭിപ്രായത്തിന് ശക്തിപകരുന്നതാണ് ഈ പ്രസ്താവന' (തഫ്സീര്‍ ഖുര്‍തുബി).
കാര്‍ഷിക വിളകള്‍ക്ക് കൊയ്ത്തുവേളയില്‍ നിര്‍ബന്ധമായി നല്‍കേണ്ട ദാനമുണ്ടെന്നതിന് തെളിവായുദ്ധരിക്കുന്നത് സൂറത്തുല്‍ അന്‍ആമില്‍ തദ്സംബന്ധമായി വന്ന സൂക്തമാണ്. 'പന്തലില്‍ പടര്‍ത്തപ്പെടുന്നതും അല്ലാത്തതുമായ പലതരം തോട്ടങ്ങളും മുന്തിരിത്തോപ്പുകളും ഈത്തപ്പഴത്തോട്ടങ്ങളും ഉണ്ടാക്കിയത് അല്ലാഹു മാത്രമാകുന്നു; പലതരം ആഹാരങ്ങള്‍ ലഭിക്കുന്ന വിളകള്‍ ഉണ്ടാക്കിയതും; രൂപത്തില്‍ സാദൃശ്യമുള്ളതും രുചിയില്‍ വ്യത്യാസമുള്ളതുമായ ഫലങ്ങള്‍ ഉണ്ടാവുന്ന ഒലിവിന്റെയും അനാറിന്റെയും വൃക്ഷങ്ങള്‍ ഉണ്ടാക്കിയതും. അവ കായ്ക്കുമ്പോള്‍ ഫലങ്ങള്‍ ഭുജിച്ചുകൊള്ളുവിന്‍. അവയുടെ കൊയ്ത്തുകാലത്ത് അല്ലാഹുവിന്റെ അവകാശം കൊടുക്കുകയും ചെയ്യുവിന്‍. അതിര് കവിയാതിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ അതിരു കവിയുന്നവരെ അല്ലാഹു സ്നേഹിക്കുന്നില്ല' (അല്‍ അന്‍ആം: 141).
ഈ സൂക്തത്തില്‍ സൂചിപ്പിച്ചത് സകാത്തല്ലാത്ത സാമ്പത്തിക ബാധ്യതയെക്കുറിച്ചാണെന്നും സകാത്തല്ലാത്ത അവകാശങ്ങളും ധനത്തില്‍ ഉണ്ടെന്നതിന്റെ തെളിവാണെന്നും വാദിക്കുന്നവര്‍ നിരത്തുന്ന ന്യായങ്ങള്‍:
* മദീനയില്‍ കാര്‍ഷിക വിളകള്‍ക്ക് പത്തിലൊന്ന് നിശ്ചയിക്കുന്നതിന് മുമ്പ് മക്കയില്‍ അവതരിച്ചതാണ് ഈ സൂക്തം. ഈ ആയത്ത് മാത്രം മദീനയില്‍ അവതരിച്ചതാണെന്ന വാദം നിലനില്‍ക്കുന്നതല്ല. കാരണം ഈ അധ്യായം ഒറ്റത്തവണ ഒന്നിച്ച് മക്കയില്‍ അവതരിച്ചതാണ്. പിന്നെ ഈ ഒരു സൂക്തം മാത്രം എങ്ങനെ മദനിയായിത്തീരുന്നു?
* വിളവെടുപ്പ് വേളയില്‍ നല്‍കാനാണ് നിര്‍ദേശം. ഇത് പത്തിലൊന്നില്‍ പെടില്ല. കാരണം വിത്തുകള്‍ ചേറിയും പെറുക്കിയും പതിരു കാലത്ത് ശുദ്ധീകരിച്ചു ശേഷമുണ്ടാകുന്ന ധാന്യം കണക്കാക്കിയാണല്ലോ പത്തിലൊന്ന് നിശ്ചയിക്കുന്നത്.
ഇബ്നു ഹസം വെട്ടിത്തുറന്നു പറയുന്നതിങ്ങനെ: സൂക്തത്തിലെ നിര്‍ബന്ധമായ അവകാശം എന്നാല്‍ എന്താണ്? നമുക്ക് പറയാനുള്ളത്: അതേ, അത് സകാത്ത് അല്ലാത്ത അവകാശമാണ്. വിളവെടുക്കുന്ന കര്‍ഷകന്‍ വിളവെടുപ്പ് വേളയില്‍ തനിക്ക് ഹിതകരമായത് നല്‍കുക. അതിന് പരിധിയില്ല. ഇതാണ് സൂക്തത്തിന്റെ ആശയ പ്രത്യക്ഷം. സലഫില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായവും ഇതാകുന്നു.''
ഈ സൂക്തത്തില്‍ ഇബ്നു ഉമര്‍: 'സകാത്തല്ലാത്ത ഒരു വിഹിതം അവര്‍ നല്‍കുമായിരുന്നു.'
അതാഅ്: 'അന്ന് കൃഷിയിടത്തില്‍ വന്നവര്‍ക്ക് തങ്ങളാല്‍ ആവുന്നത് നല്‍കണം. സകാത്ത് ആയിട്ടല്ല.'
മുജാഹിദ്: 'പാവങ്ങള്‍ വന്നാല്‍ അവര്‍ക്ക് നല്‍കണം.'
ഇബ്റാഹീം അന്നഖഇ, സഈദുബ്നു ജുബൈര്‍, അലി ഇബ്നു ഹുസൈന്‍, റബീഉബ്നു അനസ് തുടങ്ങിയവരും ഇതേ അഭിപ്രായക്കാര്‍ തന്നെ.' ഇബ്നു കസീര്‍: 'കൊയ്ത്തു നടത്തി ദാനം ചെയ്യാത്തവരെ അല്ലാഹു അധിക്ഷേപിച്ചതായി കാണാം. സൂറത്തു നൂനിലെ തോട്ടക്കാരുടെ കഥ ഓര്‍മിക്കുക.' ആടുമാടുകള്‍, കന്നുകാലികള്‍, ഒട്ടകം, കുതിര തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ വിഷയത്തിലും നബി(സ) നല്‍കിയ നിര്‍ദേശം ഈ വിഭാഗം തെളിവായി ഉദ്ധരിക്കുന്നുണ്ട്: അവകാശങ്ങള്‍ കൊടുത്തുതീര്‍ക്കാത്ത മൃഗങ്ങള്‍ അവയുടെ ഉടമകള്‍ക്ക് പരലോകത്ത് വിനയാകുമെന്ന് വ്യക്തമാക്കുന്ന ഹദീസിന്റെ അവസാനം നബി(സ) പറയുന്നുണ്ട്: 'അവയുടെ അവകാശമെന്ന് പറഞ്ഞാല്‍ ജലാശയത്തിനരികെ വെച്ചുതന്നെ അവയുടെ കറന്ന പാല്‍ ദാനമായി നല്‍കുക എന്നാണ്' (ബുഖാരി, കിതാബു സകാത്ത്). കാലികളുടെ അവകാശത്തെക്കുറിച്ച അന്വേഷണത്തിന് നബി(സ) നല്‍കിയ മറുപടി ബീജ സങ്കലനത്തിന് അവയെ വിട്ടുനല്‍കുക, വെള്ളം ചുമന്നുകൊണ്ടുവരാന്‍ അവയെ അനുവദിച്ചുകൊടുക്കുക, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സവാരി പോലുള്ള മറ്റാവശ്യങ്ങളും (നസാഈ). ഈ വിഷയത്തിലും ഇബ്നു ഹസ്മിന്റെ അഭിപ്രായം ഖണ്ഡിതമാണ്.
'ധനത്തില്‍ സകാത്ത് അല്ലാത്ത മറ്റ് അവകാശങ്ങളൊന്നുമില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ വ്യാജമാണ് ആ പ്രസ്താവന. അയാളുടെ വാദത്തെ സാധൂകരിക്കുന്ന ഒരു തെളിവുമില്ല പ്രമാണങ്ങളിലും ഇജ്മാഉകളിലും. സമ്പത്തില്‍ നബി(സ) നിര്‍ബന്ധമാക്കിയതെല്ലാം നിര്‍ബന്ധം തന്നെയാണ്. ജലസേചനം, ബീജസങ്കലനം തുടങ്ങിയ കാര്യങ്ങള്‍ 'ലളിത സേവനങ്ങള്‍ തടയുകയും ചെയ്യുന്നവരാണവര്‍' (അല്‍ മാഊന്‍: 7) എന്ന സൂക്തത്തിന്റെ പരിധിയില്‍ വരുന്നു.
അതിഥികള്‍ക്കുള്ള അവകാശനിര്‍വഹണം ഈമാനിന്റെ വിവക്ഷയില്‍ പെടുമെന്ന നബിവചനവും സകാത്തേതര സാമ്പത്തിക ബാധ്യതക്ക് തെളിവായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നു.
സാമൂഹിക ജീവിതത്തില്‍ അന്യോന്യം ചെയ്യുന്ന പരോപകാരങ്ങളും സകാത്തിന് പുറമെയുള്ള ബാധ്യതയായി എണ്ണുന്നു ഇവര്‍. 'സ്വന്തം നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധരാകുന്ന നമസ്‌കാരക്കാര്‍ക്ക് മഹാനാശമാണുള്ളത്. അവര്‍ കപടനാട്യക്കാരാകുന്നു. ചെറിയ ചെറിയ പരോപകാരങ്ങള്‍ പോലും വിലക്കുന്നവരും' (അല്‍ മാഊന്‍ 7).
സര്‍വോപരി സത്യവിശ്വാസികള്‍ക്കിടയില്‍ സംജാതമാവേണ്ട സഹകരണവും ഐക്യദാര്‍ഢ്യവും സാമൂഹിക സുരക്ഷാ സംവിധാനങ്ങളും ഊന്നിപ്പറയുന്ന ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും ധനത്തില്‍ സകാത്തിന് പുറമെയും ബാധ്യതകള്‍ നിര്‍വഹിക്കാനുണ്ട് എന്നതിന് തെളിവാണ്. ഖുര്‍ആന്‍ അസന്ദിഗ്ധമായി പറയുന്നത് കാണുക: 'പക്ഷേ അവര്‍ ദുര്‍ഘടമായ പാത താണ്ടാന്‍ തയാറായില്ല. ദുര്‍ഘട പാത എന്തെന്ന് നിനക്കെന്തറിയാം? ഒരു കഴുത്തിനെ അടിമത്ത നുകത്തില്‍നിന്ന് മോചിപ്പിക്കുക, അല്ലെങ്കില്‍ പട്ടിണികാലത്ത് ബന്ധുവായ അനാഥക്കോ വശംകെട്ട് മണ്ണിനോടൊട്ടിയ അഗതിക്കോ അന്നം കൊടുക്കുക, പിന്നെ അതോടൊപ്പം അവന്‍ വിശ്വാസം കൈക്കൊണ്ടവരും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുന്നവരുമായ ജനത്തില്‍ ഉള്‍പ്പെടുക. ഇവരാകുന്നു വലത് പക്ഷം' (അല്‍ബലദ് 11-18).

മിച്ചവിഭവങ്ങളുടെ അവകാശികള്‍
തന്നെ പോലെ തന്റെ സഹോദരനെയും സ്നേഹിക്കാന്‍ അനുശാസിക്കുന്ന നബിവചനങ്ങള്‍ നിരവധിയുണ്ട്. മിച്ചമുള്ള വിഭവങ്ങള്‍ സഹജീവികള്‍ക്കു കൂടി അവകാശപ്പെട്ടതാണെന്ന് നബി (സ) പഠിപ്പിച്ചു. പള്ളിച്ചരുവില്‍ അന്തേവാസികള്‍ (അസ്വ് ഹാബുസ്സുഫ്ഫ) ആയി കഴിഞ്ഞ സ്വഹാബിമാര്‍ ദരിദ്രരായിരുന്നു. അവരെ ഊട്ടാന്‍ പ്രേരണ നല്‍കി റസൂല്‍(സ): 'രണ്ട് പേരുടെ ഭക്ഷണം കൈവശമുള്ളവന്‍ മൂന്നാമതൊരാളെയും കൊണ്ട് പോകട്ടെ. നാല് പേരുടേത് കൈവശമുള്ളവന്‍ അഞ്ചാമനായും ആറാമനായും ആരെയെങ്കിലും കൂട്ടിക്കൊണ്ട് പോകട്ടെ' (അഹ്മദ്).
അബൂസഈദില്‍ ഖുദ്‌രി: 'നബി(സ) പറഞ്ഞു: 'അധിക വാഹനമുള്ളവര്‍ വാഹനം ഇല്ലാത്തവര്‍ക്ക് നല്‍കണം, ഭക്ഷണം മിച്ചമുള്ളവര്‍ അതില്ലാത്തവര്‍ക്ക് നല്‍കണം.' അങ്ങനെ നബി വിവിധയിനം വസ്തുക്കള്‍ എണ്ണിയെണ്ണി പറഞ്ഞു. ആവശ്യത്തില്‍ അധികമുള്ളതും മിച്ചമുള്ളതുമായ ഒന്നിലും ഞങ്ങള്‍ക്ക് ഒരവകാശവും അവശേഷിച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കേണ്ടിവന്നു.'
സ്വഹാബിമാരുടെ ഏകകണ്ഠമായ അഭിപ്രായമാണിത്. അബൂസഈദ് ആ മനോഭാവമാണ് വ്യക്തമാക്കിയത്.
പരോപകാര - ജീവകാരുണ്യ സേവനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന അനേകം ഹദീസുകള്‍ ഉദ്ധരിക്കുന്നുണ്ട്. അവയുടെയെല്ലാം ആകത്തുക സകാത്ത് അല്ലാത്ത അവകാശങ്ങളും ധനത്തില്‍ കൊടുത്തു വീട്ടാന്‍ ഉണ്ടെന്ന് തന്നെയാണ്.
''അവരുടെ മുതലുകളില്‍ ചോദിക്കുന്നവന്നും ആശ്രയമറ്റവന്നും ആവകാശമുണ്ട്'' (അദ്ദാരിയാത്ത്: 19). ഈ അവകാശം സകാത്തിന് പുറമെ ഐഛികമായി ചെയ്യുന്ന ദാനധര്‍മങ്ങളെക്കുറിച്ചാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു.
ഇതേ ആശയം സൂറത്തുല്‍ മആരിജില്‍ കാണാം. 'അവരുടെ ധനത്തില്‍ ചോദിച്ചുവരുന്നവര്‍ക്കും ഉപജീവനം തടയപ്പെട്ടവര്‍ക്കും നിര്‍ണിതമായ വിഹിതമുണ്ട്' (അല്‍മആരിജ് 24, 25). സകാത്തിനെക്കുറിച്ചാണ് ഈ സൂക്തത്തിലെ സൂചന.
'ധനാഢ്യരുടെ മിച്ചധനം പിടിച്ചെടുത്ത് സാധുക്കള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ ഞാന്‍ അമാന്തിക്കില്ല' എന്ന ഉമറി(റ)ന്റെ പ്രഖ്യാപനം അങ്ങേയറ്റം വിശ്വസനീയമായ പരമ്പരയിലൂടെ നിവേദനം ചെയ്യപ്പെട്ടതാണെന്ന് ഇബ്നു ഹസം വ്യക്തമാക്കുന്നു.
അലിയ്യുബ്നു അബീത്വാലിബ്: 'സാധുക്കളുടെയും ദരിദ്രരുടെയും ആവശ്യങ്ങള്‍ക്ക് മതിയാവുന്ന വിഹിതം ധനികരുടെ സമ്പത്തില്‍ അല്ലാഹു നിര്‍ബന്ധമാക്കി നിര്‍ണയിച്ചിട്ടുണ്ട്. എന്നിട്ടും അവര്‍ വിശന്നും ഉടുതുണിക്ക് മറുതുണിയില്ലാതെയും ക്ലേശിച്ചും ജീവിക്കേണ്ടി വരുന്നു എന്നതിനര്‍ഥം ധനികന്മാര്‍ അവര്‍ക്ക് അവകാശപ്പെട്ട ധനം നല്‍കാതെ തടഞ്ഞു വെക്കുന്നു എന്നാണ്. അതിന്റെ പേരില്‍ അല്ലാഹു അവരെ വിചാരണ ചെയ്യും. ശിക്ഷിക്കും.'
പ്രമുഖരായ സ്വഹാബിവര്യന്മാരെല്ലാം ഈ വിഷയത്തില്‍ ഏകാഭിപ്രായം രേഖപ്പെടുത്തിയതിന് അനിഷേധ്യ തെളിവുകളുണ്ട്.
സകാത്ത് അല്ലാത്ത മറ്റ് അവകാശങ്ങളും സാധുക്കള്‍ക്ക് ധനികരുടെ സമ്പത്തിലുണ്ട് എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചവരുടെ അവകാശവാദങ്ങളോട് പൂര്‍ണമായി യോജിക്കാന്‍ കഴിയില്ലെങ്കിലും സകാത്തോടെ എല്ലാം തീര്‍ന്നു എന്നാശ്വസിക്കാന്‍ വകയില്ലെന്ന വസ്തുത അംഗീകരിക്കേണ്ടതുണ്ട്. വിളവെടുപ്പു ദിനം ദാനം ചെയ്യാന്‍ സൂറത്തുല്‍ അന്‍ആമില്‍ നല്‍കപ്പെട്ട നിര്‍ദേശം സകാത്തിനെക്കുറിച്ചാണെന്നതാണ് കൂടുതല്‍ ശരി. സൂക്തം മക്കയില്‍ അവതരിച്ചതാണെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കപ്പെട്ടത് മദീനയില്‍ വെച്ചാണ്.
ചുരുക്കത്തില്‍, സകാത്ത് എന്നത് സമ്പത്തില്‍ വര്‍ഷം പ്രതി നിര്‍ണിത തോതില്‍ നല്‍കേണ്ട നിര്‍ബന്ധ ദാനമാണ്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിസൂചകമായും ധനത്തിന്റെയും ആത്മാവിന്റെയും ശുദ്ധീകരണത്തിനും അനുശാസിക്കപ്പെട്ട നിര്‍ബന്ധമായ ഇബാദത്താകുന്നു അത്.  അതില്‍ ഇളവില്ല. സാധാരണ സാഹചര്യത്തില്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥമായ ധനം കൈവശമുള്ള മുസ്‌ലിം സകാത്ത് നല്‍കുന്നതോടെ അയാളുടെ കടമ നിറവേറി. മനസ്സറിഞ്ഞ് ഇഷ്ടപ്രകാരം അയാള്‍ നല്‍കുന്ന ദാനധര്‍മങ്ങള്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.
ധനത്തില്‍ സകാത്തേതരമായ മറ്റ് അവകാശങ്ങള്‍ ഓരോ സാഹചര്യത്തിലും ഉണ്ടാവുന്ന ആവശ്യങ്ങളെ അഭിസംബോധന ചെയ്യാനാണ്. അതിന് സകാത്തിനെ പോലെ നിശ്ചിത തോതും നിസാബും നിശ്ചയിക്കപ്പെട്ടിട്ടില്ല. ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് കൊടുക്കേണ്ട തോതില്‍ വ്യത്യാസം വരാവുന്നതാണ്.
സ്റ്റേറ്റിന്റെ ഇടപെടല്‍ ഇല്ലാതെ ഓരോ വ്യക്തിയും തന്റെ വിശ്വാസവും മനസ്സാക്ഷിയും മുന്നില്‍ വെച്ച് കൈകാര്യം ചെയ്യേണ്ടതാണ് ഇവ. വ്യക്തികള്‍ നല്‍കുന്ന സകാത്ത് മതിയാവാതെ വരികയും ആവശ്യങ്ങള്‍ വര്‍ധിക്കുകയും ജനക്ഷേമത്തിന് വന്‍ സാമ്പത്തിക ബാധ്യതകള്‍ കൈയേല്‍ക്കേണ്ടി വരികയും ചെയ്യുമ്പോള്‍ സ്റ്റേറ്റിന് ഇടപെട്ട് വ്യക്തികളില്‍നിന്ന് സകാത്തേതരമായ സംഭാവനകളും ദാനധര്‍മങ്ങളും പിടിച്ചെടുക്കാവുന്നതാണ്.
ഏത് ഘട്ടത്തിലും ധനവ്യയത്തിലെ ധൂര്‍ത്തും ധാരാളിത്തവും ഒഴിവാക്കപ്പെടേണ്ടതുണ്ട്.
''തങ്ങള്‍ ചെലവഴിക്കേണ്ടത് എന്തെന്ന് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: നിങ്ങളുടെ ആവശ്യം കഴിച്ച് മിച്ചമുള്ളത്'' (അല്‍ബഖറ 219).
ഈ സൂക്തത്തിന്റെ വ്യാഖ്യാനമായി സയ്യിദ് ഖുത്വ്ബ് എഴുതിയ വരികള്‍ ശ്രദ്ധേയമാണ്: 'ആഢംബരവും പൊങ്ങച്ചവുമില്ലാതെ ഒരാളുടെ വ്യക്തിപരമായ ചെലവ് കഴിച്ച് മിച്ചമുള്ളത് ചെലവഴിക്കേണ്ട തുറകളുണ്ട്. ഏറ്റവും അടുത്തവര്‍, തൊട്ടുതാഴെയുള്ളവര്‍, പിന്നെ മറ്റുള്ളവര്‍- സകാത്ത് മാത്രം ആവശ്യങ്ങള്‍ക്ക് തികയില്ല. സകാത്തിന്റെ സൂക്തം ഈ ഖണ്ഡിതപ്രമാണത്തെ റദ്ദ് ചെയ്തിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. സകാത്ത് ഇസ്‌ലാമിക ബൈത്തുല്‍ മാലില്‍ ഒടുക്കേണ്ട നിര്‍ബന്ധാവകാശമാണ്. ഗവണ്‍മെന്റാണ് അത് പിടിച്ചെടുക്കുന്നത്. നിശ്ചയിക്കപ്പെട്ട തുറകളില്‍ അത് വിനിയോഗിക്കേണ്ടതും ഗവണ്‍മെന്റാണ്. പക്ഷേ, അതിനു ശേഷവും മുസ്‌ലിമിന് അല്ലാഹുവിനോടും അവന്റെ ദാസന്മാരോടുമുള്ള ബാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. മിച്ചമുള്ള സമ്പത്ത് മുഴുവന്‍ ആരും സകാത്തായി നല്‍കുന്നില്ലല്ലോ. വ്യക്തമായ ഈ നിര്‍ദേശപ്രകാരം മിച്ചമുള്ളതെല്ലാം ചെലവഴിക്കേണ്ട രംഗങ്ങളുണ്ട്. 'സകാത്ത് അല്ലാത്ത ബാധ്യതകളും ധനത്തിലുണ്ട്' എന്ന നബിവചനം ദൈവപ്രീതി കാംക്ഷിച്ച് ചെയ്യുന്ന ദാനധര്‍മങ്ങളാണ്. സുന്ദരവും സമ്പൂര്‍ണവുമായ കാഴ്ചപ്പാടാണിത്. വ്യക്തി ഈ കടമ നിറവേറ്റുന്നതിന് സ്വയം സന്നദ്ധനാകുന്നില്ലെങ്കില്‍ സ്റ്റേറ്റിന് ഇടപെട്ട് ഇസ്‌ലാമിക സമൂഹത്തിന്റെ പൊതുക്ഷേമ തുറകളില്‍ അത് വിനിയോഗിക്കാവുന്നതാണ്.'' (ഫീ ളിലാലില്‍ ഖുര്‍ആന്‍).
കൊറോണ മഹാമാരിമൂലം 50 കോടി ജനങ്ങള്‍ കൊടും ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടപ്പെടുമെന്നാണ് ഓക്സ്ഫാം റിപ്പോര്‍ട്ട് (ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് രൂപവല്‍ക്കരിക്കപ്പെട്ട 19 സ്വതന്ത്ര ചാരിറ്റി സംഘടനകളുടെ  ഫെഡറേഷനാണ് ഓക്സ്ഫാം. 1942-ല്‍ ഇംഗ്ലണ്ടില്‍ പിറവിയെടുത്ത ഓക്സ്ഫാമിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സ് നൈറോബിയിലാണ്). സബ് സഹാറന്‍ ആഫ്രിക്ക, പശ്ചിമേഷ്യ, നോര്‍ത്ത് ആഫ്രിക്ക ഭൂ പ്രദേശങ്ങളെ 30 വര്‍ഷം പിറകിലേക്ക് തള്ളിയേക്കും മഹാമാരി എന്നാണ് അവരുടെ അനുമാനം. ഉശഴിശ്യേ ചീ േഉലേെശൗേശേീി (അന്തസ്സാണ്, അനാഥത്വമല്ല) എന്ന ശീര്‍ഷകത്തില്‍ ഓക്സ്ഫാം തയാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ചയാണ് യു.എന്നിനും വേള്‍ഡ് ബാങ്കിനും ഇന്റര്‍നാഷ്നല്‍ മോണിറ്ററി ഫണ്ടിനും സമര്‍പ്പിച്ചത്. വരുംകാല യാഥാര്‍ഥ്യങ്ങളെ നേരിടാന്‍ പാകത്തില്‍ സജ്ജമാകണം മനുഷ്യമനസ്സ്. 

റഫറന്‍സ്:
- ഫിഖ്ഹുസ്സകാത്ത്, ഡോ. യൂസുഫുല്‍ ഖറദാവി
- അബ്ഹാസുന്‍ ഫിഖ്ഹിയ്യത്തുന്‍ ഫീ ഖളായസ്സകാത്തില്‍ മുആസറ
- ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്
- ഫീ ളിലാലില്‍ ഖുര്‍ആന്‍, സയ്യിദ് ഖുത്വ്ബ്.

Comments

Other Post

ഹദീസ്‌

ഭയവും പ്രതീക്ഷയും
പി. എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (34-37)
ടി.കെ ഉബൈദ്‌