Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 17

ഇസ്‌ലാം പേടിക്കാലത്തെ പേരുകള്‍

പ്രതികരണം - കെ. നജാത്തുല്ല

കേരളത്തില്‍ ഇതിനകം ചര്‍ച്ചയായ ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട 268 പേരില്‍ 258 പേര്‍ മുസ്‌ലിംകളാണെന്ന വാര്‍ത്ത പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകനും വാര്‍ത്ത വായിച്ച പൊതുജനവും സര്‍ക്കാരുമൊക്കെ മനസ്സിലാക്കിയതെങ്ങനെയാണ്? ഇന്ത്യയില്‍ ഇതിനകം നടന്നു കഴിഞ്ഞ ഒട്ടനേകം വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല ചെയ്യപ്പെട്ടത് തീവ്രവാദികളാണെന്ന ഔദ്യോഗിക ആരോപണത്തിന് മാധ്യമ പിന്തുണയും പൊതുജന വിശ്വാസ്യതയും കൈവന്നതെങ്ങനെയാണ്? ഉത്തരം ലളിതമാണ്. ഇ-മെയില്‍ ചോര്‍ത്തപ്പെട്ട പത്ത് പേരില്‍ നിന്ന് 258 പേരെ വ്യത്യസ്തരാക്കുന്ന ആദ്യ അടയാളം അവരുടെ പേര് തന്നെയാണ്. തീവ്രവാദികളാണ് വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതെന്നതിന്റെ ആദ്യ തെളിവുകളും അവരുടെ പേരുകള്‍ തന്നെ. അഥവാ, നമ്മുടെ കാലത്ത് ഒരു വ്യക്തിയുടെ/പൗരന്റെ പേര് കേള്‍ക്കുന്ന മാത്രയില്‍ അവന്റെ മത സ്വത്വത്തെ കൃത്യമായി പുറത്തുകൊണ്ടു വരുന്നു. മുസ്‌ലിം പേരുകളാവട്ടെ, ഒരു കര്‍മണി പ്രയോഗമായി മാറിക്കഴിഞ്ഞിരിക്കുന്നു; വിശേഷിച്ചും ഇസ്‌ലാമോഫോബിയ അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായി തീര്‍ന്ന സാഹചര്യത്തില്‍. കോഴിക്കോട് ജില്ലയിലെ ജിഹാദെന്നു പേരുള്ള വിദ്യാര്‍ഥി ദല്‍ഹി സര്‍വകലാശാലയില്‍ പ്രവേശന സമയത്ത് അനുഭവിച്ച പീഡനങ്ങളും കമല്‍ഹാസന്‍ എന്ന സിനിമാ പ്രവര്‍ത്തകന്‍ പേരിലെ സാമ്യം കാരണം അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ സംശയിക്കപ്പെട്ടതും ഷാറൂഖ് ഖാന്‍, മമ്മൂട്ടി, എ.പി.ജെ അബ്ദുല്‍ കലാം തുടങ്ങിയവര്‍ പല സന്ദര്‍ഭങ്ങളിലായി നേരിട്ടതും ലെറ്റര്‍ ബോംബ് കേസില്‍ മുഹ്‌സിന്‍ എന്ന വിദ്യാര്‍ഥി വേട്ടയാടപ്പെട്ടതും ഇതേ ഇസ്‌ലാം പേടി മൂത്തതിനാലും അവരുടെയൊക്കെ പേരുകള്‍ കാണുന്ന/കേള്‍ക്കുന്ന മാത്രയില്‍ തന്നെ അവരുടെ മതത്തെ വെളിപ്പെടുത്തുന്നു എന്നതിനാലുമാണ്. അപ്പോള്‍ പേരിടുക, പേര്‍ വിളിക്കുക എന്നൊക്കെയുള്ളത് നമ്മുടെ കാലത്ത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. പേരിനെ കേവലം വിളിപ്പേരുമാത്രമായി മനസിലാക്കപ്പെടുന്ന പേരിലെന്തിരിക്കുന്നു എന്ന പഴയ ചോദ്യത്തിനു പകരം പേര് ഇടുന്നതിലൂടെയും സ്വീകരിക്കുന്നതിലൂടെയും ചില നിലപാടുകള്‍ സ്വയം ഏറ്റെടുക്കുന്നു, അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്ന അര്‍ഥത്തില്‍ പേരില്‍ ചിലതെല്ലാമിരിക്കുന്നു എന്ന നിലയിലേക്ക് സാഹചര്യം വളര്‍ന്നിട്ടുണ്ട്.
ഇനി പറയുന്ന രണ്ടു വിഭാഗം പേരുകളെ ശ്രദ്ധിക്കുക.
ഒന്ന്- അഹമ്മദ് യാസീന്‍, യാസീന്‍ മുറാദ്, മുഹമ്മദ് റന്‍തീസി, യിവോണ്‍ റിഡ്‌ലി,
രണ്ട്- ദയ, നന്മ, കവിത
കഴിഞ്ഞ ഒരു ദശകത്തിനകത്ത് കേരളത്തിലെ ഇസ്‌ലാമിക യുവതയുടെ പിറന്നു വീണ കുഞ്ഞുങ്ങള്‍ക്ക് അവരുടെ രക്ഷിതാക്കള്‍ നല്‍കിയ പേരുകളാണിത്. ഈ പേരുകളത്രയും അത്യപൂര്‍വമായി സംഭവിച്ചതുമല്ല. ഇനിയും വ്യാപകമായി അനുകരിക്കപ്പെടാന്‍ സാധ്യതയുള്ളവയാണ്. ഇതില്‍ ഒന്നാമത്തെ വിഭാഗത്തെ നമുക്കിങ്ങനെ വിശദീകരിക്കാനാവും. അതായത്, ഫലസ്ത്വീന്‍ വിമോചനപ്പോരാട്ടത്തിന്റെ പ്രോജ്ജ്വല വര്‍ത്തമാനമായ ഹമാസിന്റെ സ്ഥാപക നേതാവ് ശൈഖ് അഹമ്മദ് യാസീന്റെയും പിന്‍ഗാമി അബ്ദുല്‍ അസീസ് റന്‍തീസിയുടെയും രക്തസാക്ഷ്യം മക്കള്‍ക്ക് അത്തരം പേരുകള്‍ തന്നെ നല്‍കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിച്ചു. അത്രമാത്രം കേരളത്തിലെ ഇസ്‌ലാമിക യുവതയെ ആവേശഭരിതമാക്കി ഈ രക്തസാക്ഷ്യങ്ങള്‍. കേരളത്തില്‍ മാത്രമല്ല, ശൈഖ് അഹമ്മദ് യാസീന്റെ രക്തസാക്ഷ്യത്തിനു ശേഷം ഫലസ്ത്വീനില്‍ ജനിച്ച ധാരാളം കുഞ്ഞുങ്ങള്‍ക്ക് അതേ പേരുകള്‍ തന്നെയായിരുന്നു നല്‍കിയിരുന്നത്. ഇറാന്‍ പ്രസിഡന്റ് അഹ്മദ് നിജാദിന്റെയും പേര് ഇക്കൂട്ടത്തില്‍ പെടുന്നു. നോബല്‍ സമ്മാന ജേതാവായ തവക്കുല്‍ കര്‍മാന് കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ ഇതിനകം ഹീറോ പരിവേഷം കിട്ടിക്കഴിഞ്ഞു. ചരിത്രത്തിലെയും വര്‍ത്തമാനത്തിലെയും ധീര വീര പുരുഷ, സ്ത്രീ കേസരികളുടെ പേരുകള്‍ മക്കള്‍ക്കു നല്‍കുകയെന്നത് കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ പ്രത്യേകതയാണ്. കുറച്ചുകൂടി പിറകോട്ട് നോക്കിയാല്‍ ഇത്തരത്തിലുള്ള വേറെയും പേരുകള്‍ കാണാന്‍ സാധിക്കും. പ്രവാചക നാമങ്ങളോടൊപ്പം അബൂബക്കര്‍, ഉമര്‍, ഹസന്‍, ഹുസൈന്‍ മുതല്‍ മിസ്അബ്, ഖാലിദ് വഴി ബദീഉസ്സമാന്‍, ജമാലുദ്ദീന്‍, ഹസനുല്‍ ബന്ന വരെ ആ നിര നീളുന്നു.
ലോകത്തെ പ്രബലമായ തിന്മയുടെ ശക്തികളെ വെല്ലുവിളിച്ച വ്യക്തിത്വങ്ങളെ വീരന്മാരായി വാഴിക്കലും അവരുടെ പോരാട്ടത്തെ അഭിവാദ്യം ചെയ്യലുമാണ് ഇത്തരം പേരുകള്‍ സജീവമാകുന്നതിനുള്ള കാരണം.ഭൂമിയിലേക്ക് ജനിച്ചു വീഴുന്ന ഉടന്‍ തന്നെ ഇരു ചെവികളിലും ആദര്‍ശ പ്രഖ്യാപനം നടത്തുന്നതോടൊപ്പം തന്നെ തിന്മക്കെതിരായ സമരബോധം മുസ്‌ലിം സമുദായം തൊട്ടിലില്‍ നിന്നു തന്നെ പകര്‍ന്നു നല്‍കുന്നു. അക്രമ ഭരണകൂടങ്ങളുടെ മുന്നില്‍ എക്കാലത്തും മുസ്‌ലിംകള്‍ ശല്യക്കാരായി വ്യവഹരിക്കപ്പെടാനുള്ള നിമിത്തവും ഇതു തന്നെയാണ്. ഒരു വേള, ഈ വീരാരാധനയും സമരബോധവും കെടാതെ സൂക്ഷിക്കുകയെന്നതാവാം ദൈവദാസന്‍(ദൈവത്തിന്റെ മാത്രം അടിമയെന്ന ധിക്കാരം ഇതിലുണ്ടല്ലോ) എന്നര്‍ഥം വരുന്ന പേരുകളും നബിമാരുടെ പേരുകളും മക്കള്‍ക്കിടണമെന്ന തിരുവചനങ്ങളുടെ ആത്മാവും.
ഇതര മതസ്ഥരില്‍ ഇത്തരം സവിശേഷമായ സമ്പ്രദായങ്ങള്‍ കണ്ടുവരാറില്ല. രാമനെക്കുറിച്ചും കൃഷ്ണനെക്കുറിച്ചും മുമ്പത്തേക്കാള്‍ കൂടുതലായി ഇക്കാലത്ത് ചര്‍ച്ച നടക്കാറുണ്ടെങ്കിലും പുതു തലമുറയില്‍ അത്തരം നാമധാരികള്‍ തീരെ കുറവാണ്. ദലിത് വിഭാഗത്തില്‍പെട്ട ചിലര്‍ ഡോ. അംബേദ്കറെ ദൈവതുല്യം കരുതാറുണ്ടെങ്കില്‍ പോലും അംബേദ്കര്‍ എന്ന പേരു ഇന്നും അവര്‍ക്കിടയില്‍ ഒരു ആവേശവും ഫാഷനുമായി വികസിച്ചിട്ടില്ല.
ആഗോള തലത്തില്‍ ഇസ്‌ലാമോഫോബിയ സജീവമാവുകയും മുസ്‌ലിം നാമധാരികള്‍ സംശയത്തോടെ വീക്ഷിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന ഇക്കാലത്തു തന്നെയാണ് ഇത്തരം പേരുകള്‍ ആര്‍ജവത്തോടെ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് നല്‍കി അവരുടെ ഭാവിയെ അരക്ഷിതമാക്കാന്‍ രക്ഷിതാക്കള്‍ ധൈര്യം കാണിക്കുന്നത്. ഇതു സൂചിപ്പിക്കുന്നത്, സാമ്രാജ്യത്വ ശക്തികളും അവരുടെ ആശ്രിത ഭരണകൂടങ്ങളും വെള്ളം തേവി നട്ടു വളര്‍ത്തിയ ഇസ്‌ലാമോഫോബിയ സമുദായത്തിന്റെ ആത്മവിശ്വാസം വളര്‍ത്തുന്നുവെന്നാണ്. മേല്‍പറഞ്ഞ പേരുള്ളവര്‍ വളര്‍ന്നു വലുതാകുമെന്നതു പോലെത്തന്നെ സുനിശ്ചിതമായ കാര്യമാണ് അവരുടെ മെയിലുകള്‍ ചോര്‍ത്തപ്പെടുമെന്നതും പാസ്‌പോര്‍ട്ടും വിമാനയാത്രയും തടസ്സപ്പെടുമെന്നതും ലൗ ജിഹാദിന്റെ പേരില്‍ കുറ്റം ചുമത്തപ്പെടുമെന്നതും.
ഇനി രണ്ടാമത്തെ വിഭാഗം പേരുകളെടുക്കുക. ഈ സമ്പ്രദായത്തിന് അധികം പാരമ്പര്യമില്ല. കേരളം പോലെ മലയാളം സംസാരിക്കുന്ന, ബഹുമത ജാതി വിഭാഗങ്ങള്‍ ജീവിക്കുന്ന ഒരു ഭൂപ്രദേശത്ത് മലയാള പേരുകളായിരിക്കട്ടെ എന്നതാണ് ഇതിനു പിന്നിലെ നിശ്ചയം. സാമാന്യം കേള്‍ക്കാന്‍ ഇമ്പമുള്ള പേരുകള്‍ മലയാളത്തിലുണ്ടുതാനും. മനുഷ്യന്റെ നല്ല വികാര വിചാരങ്ങളെ, മൂല്യ സങ്കല്‍പങ്ങളെ സൂചിപ്പിക്കുന്ന അര്‍ഥതലങ്ങളും അത്തരം പേരുകള്‍ക്കുണ്ട്. സമാനാര്‍ഥത്തിലുള്ള അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷയിലുള്ള പേരുകള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നുമുണ്ട്. എന്നാല്‍ ഈ പേരുകള്‍ വെൡപ്പടുത്തുന്ന സ്വത്വം ഏതാണ്? അഥവാ പേരിന്റെ മതമേതാണ്? പേരിനെന്ത് മതവും ജാതിയുമെന്ന ലളിത ചോദ്യങ്ങളുന്നയിച്ച് മാറി നില്‍ക്കാവുന്നതല്ല പുതിയ സാഹചര്യം. ഒറ്റനോട്ടത്തില്‍/കേള്‍വിയില്‍ മതമേതെന്ന് തിരിച്ചറിയാനാവാത്ത മതേതര പേരുകളാവുമ്പോള്‍ അത് യഥാര്‍ഥത്തില്‍ പേരിലെ ഏകശിലാ സംസ്‌കാരത്തെ പുല്‍കാനുള്ള വ്യഗ്രതയും ബഹുസ്വരതയുടെ നിഷേധവുമാവുകയാണ്. കാരണം, കേരളത്തിന്റെ തന്നെ ഉദാഹരണമെടുക്കുക. കേരളത്തിലെ പ്രബല മതാനുയായികളുടെ പേരുകളെടുത്തു പരിശോധിച്ചാല്‍ കൃത്യമായ അതിര്‍വരമ്പുകള്‍ അതിനകത്തുണ്ടെന്ന് കാണാനാവും. ഇതില്‍ മലയാളം, സംസ്‌കൃതം പേരുകള്‍ പൊതുവില്‍ ഹൈന്ദവ സമുദായത്തെയും അറബി, പേര്‍ഷ്യന്‍, ഉറുദു പേരുകള്‍ മുസ്‌ലിം സമുദായത്തെയും പ്രതിനിധീകരിക്കുന്നു. ഇവയൊക്കെയും അങ്ങനെ തന്നെ നിലനില്‍ക്കുകയും പേര് കേള്‍ക്കുമ്പോഴേക്കും മതം തിരിച്ചറിയുകയും ചെയ്യുന്നതോടൊപ്പം പരസ്പരം സാഹോദര്യത്തോടെ സഹവര്‍ത്തിക്കാന്‍ കഴിയുന്നുവെന്നതുമാണ് കേരളത്തിന്റെ പ്രത്യേകത. അതുതന്നെയാണ് യഥാര്‍ഥത്തിലുള്ള ബഹുസ്വരതയും.
[email protected]

പിന്‍കുറി: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ഒരു ചടങ്ങില്‍ വീടിന് അമ്പാടിയെന്നു പേരിട്ട എം.എന്‍ കാരശ്ശേരിയെ പ്രശംസിച്ച എം.എം. നാരായണനോട് ഡോ. ഉമര്‍ തറമേലിന്റെ ചോദ്യം: താങ്കളുടെ വീടിന് മക്കയെന്നോ മദീനയെന്നോ പേരിടുമോ?




Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം