ഒരു ഭരണകൂടം എങ്ങനെ ആകാതിരിക്കണം എന്നതിന്റെ മാതൃകകള്‍
കൃത്യം പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് 2002 ഫെബ്രുവരി 27-ന് ഞാന്‍ പഠനാവശ്യാര്‍ഥം ബീഹാറില്‍ നിന്നും ദല്‍ഹിയിലേക്ക് മാറണം എന്ന് കരുതിയിരിക്കുന്ന നേരം (അതിനു മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ തലസ്ഥാന നഗരിയിലെത്തുന്നത്). അന്നേരമാണ് തീര്‍ത്തും ദുഃഖകരമായ വാര്‍ത്ത വരുന്നത്. അയോധ്യയില്‍ നിന്ന് മടങ്ങുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്പ്രസിന്റെ ബോഗി ആരോ തീവെച്ചിരിക്കുന്നു. അമ്പത്തിയെട്ടിനോടടുത്ത് ആളുകള്‍ കൊല്ലപ്പെട്ടിരിക്കുന്നു. തീര്‍ത്തും ഹീനമായ ഈ ചെയ്തി സ്വാഭാവികമായും മുസ്‌ലിംകളുടെ മേലാണ് വരവ് വെക്കപ്പെട്ടത് (ഇതിന് പിന്നിലാരെന്ന കാര്യത്തില്‍ വ്യത്യസ്ത ദിശകളിലേക്കാണ് അന്വേഷണങ്ങളിപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്). ആര് ചെയ്താലും ന്യായീകരിക്കാനൊക്കാത്ത നിഷ്ഠുര പ്രവൃത്തിയായിരുന്നു അത്. തീര്‍ത്തും നിരപരാധികളായ ഒട്ടേറെ പേരാണ് അന്ന് വെന്തൊടുങ്ങിയത്. ഈ ഹീന കൃത്യത്തിന് തുടര്‍ച്ചകളില്ലാതെ നോക്കേണ്ടത് സ്റ്റേറ്റും സെക്യൂരിറ്റി ഏജന്‍സികളുമായിരുന്നു. കുറ്റവാളികളെ കണ്ടെത്തേണ്ടതും അവരായിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് സ്ഥിതിഗതികള്‍ നിയന്ത്രിക്കേണ്ട ഭരണഘടനാപരമായ ബാധ്യത ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹം പറഞ്ഞത് പണ്ട് 1984-ല്‍ സിക്ക് വിരുദ്ധ കൂട്ടക്കൊല അരങ്ങേറും കാലത്ത് രാജീവ് ഗാന്ധി നടത്തിയ പരാമര്‍ശത്തിന് സമാനമായിരുന്നു (ഒരു വലിയ മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും എന്ന്). ഓരോ പ്രവൃത്തിക്കും സമാനമായ പ്രതിപ്രവര്‍ത്തനമുണ്ടാവുമെന്ന ന്യൂട്ടന്റെ വാക്കുകളെയാണ് നരേന്ദ്ര മോഡി കടമെടുത്തത്. മുസ്‌ലിംകള്‍ക്കെതിരെ അഴിഞ്ഞാടാന്‍ അനുയായികള്‍ക്ക് നല്‍കിയ സിഗ്നല്‍ ആയിരുന്നു അത്.
ഗോധ്ര തീവെപ്പ് വേളയിലുണ്ടായ അതേ നടുക്കം ഗുജറാത്ത് കൂട്ടക്കൊല നേരത്തും എനിക്കുണ്ടായി. അകം വേവെടുത്ത് പുകഞ്ഞു. നിശ്ശബ്ദമായി കരഞ്ഞു. മൂന്ന് ദിവസത്തോളം ഗുജറാത്തിലെ നഗരങ്ങള്‍ യുദ്ധക്കളം പോലെയായിരുന്നു. നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി (ഇത്തരം നേരങ്ങളില്‍ ഇതൊക്കെ സ്വാഭാവികം എന്നായിരുന്നു അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞത്). കുട്ടികള്‍ കൊല്ലപ്പെട്ടു, വൃദ്ധര്‍ ഉപേക്ഷിക്കപ്പെട്ടു, കത്തിയാളുന്ന വീടകങ്ങളില്‍ നിന്ന് രക്ഷപ്പെടാനൊരുങ്ങിയവരെ പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞു.
ബീഹാറില്‍ എന്റെ ഹോം ടൗണായ മുസഫര്‍പൂരില്‍ ഇന്നേവരെ ഒരു സാമുദായിക കലഹങ്ങളും ഉണ്ടായിട്ടില്ല. എങ്കിലും 1992-ല്‍ ബാബരി മസ്ജിദ് തകര്‍ച്ചക്ക് ശേഷം വലിയ തോതിലുള്ള വിടവ് മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും ഇടയില്‍ സംഭവിച്ചിട്ടുണ്ടായിരുന്നു. പരസ്പരം നോക്കാന്‍ പോലും അവര്‍ക്ക് കഴിയാതെ വന്നു.
ഗുജറാത്ത് കലാപനേരത്ത് എന്റെ വളരെയടുത്ത കൂട്ടുകാരനുമായി ഞാന്‍ സംസാരിച്ചു, ആകാശത്തിനു കീഴിലുള്ള സകലതും. പക്ഷേ, ഒറ്റവാക്ക് പോലും ഗുജറാത്തിനെപ്പറ്റി പറഞ്ഞില്ല. നാടിനെയൊന്നടങ്കം സാമുദായികത കീഴടക്കിയ കാലമായിരുന്നു അത്. മോഡിയുടെ ബുദ്ധിഹീനത രാജ്യത്തൊട്ടാകെ വിഷം പ്രസരിപ്പിച്ച കരാള കാലം. ആശ്രയിക്കാന്‍ ദൈവമല്ലാതെ മറ്റാരുമില്ല എന്ന് ബോധ്യം കൊണ്ട കാലം....
ഗുജറാത്ത് കൂട്ടക്കൊലക്ക് വഴിയൊരുക്കിയതില്‍ നരേന്ദ്ര മോഡിക്കുള്ള പങ്കിന് വ്യക്തമായ തെളിവുകളുണ്ടായിട്ടും ഇന്നേവരെ അദ്ദേഹം മാപ്പു പറയുകയോ മറ്റോ ചെയ്തില്ല.
ഇരകള്‍ പരിഹാരം തേടിയത് സമാധാന മാര്‍ഗങ്ങളിലൂടെയായിരുന്നു എന്നത് പ്രതീക്ഷാ നിര്‍ഭരമായ കാര്യമാണ്. സര്‍ദാര്‍പുര കൂട്ടക്കൊലയിലെ വിധി ഇതിന് ഉത്തമോദാഹരണമാണ്.
ഭീകരമായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എം.പി ഇഹ്‌സാന്‍ ജഫ്‌രിയുടെ ഭാര്യ സകിയ ജഫ്‌രിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ നമ്മില്‍ വലിയൊരളവില്‍ ഊര്‍ജമേറ്റുന്നുണ്ട്.
അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയും പ്രശ്‌ന പരിഹാരത്തിനായി ഒന്നും ചെയ്തില്ല. 'മാന്‍ ഓഫ് പീസ്' എന്ന് അദ്ദേഹം കൊണ്ടാടപ്പെടുമ്പോഴും വേണ്ടപ്പോള്‍ മൗനിയായി എന്നത് വലിയൊരു കറയായി അദ്ദേഹത്തിന്റെ ജീവിത രേഖയില്‍ വരച്ച് ചേര്‍ക്കപ്പെടും.
ഗുജറാത്ത് കലാപം അരങ്ങ് തകര്‍ക്കും കാലത്ത് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ഒരു ലേഖനത്തില്‍ ജി. പാര്‍ഥസാരഥി ചോദിക്കുന്നുണ്ട്. 'ഇനിയെങ്ങനെയാണ് സാരെ ജഹാംസെ അഛാ ഹിന്ദുസ്ഥാന്‍ ഹമാര എന്ന് ഞങ്ങള്‍ ഉച്ചരിക്കുന്നത്...?' എന്ന്.
കഴിഞ്ഞ 2011-ല്‍ മോഡി സദ്ഭാവന എന്ന പേരില്‍ ഉപവാസം നടത്തിയിരുന്നു. ഒട്ടേറെ കൂട്ടക്കൊലകള്‍ക്ക് പ്രേരണ കൊടുത്ത ഒരാള്‍ സമാധാനം പ്രസംഗിക്കുന്ന അസംബന്ധത്തിനും അങ്ങനെ നമ്മള്‍ സാക്ഷികളായി. എ മാസ്റ്റര്‍ ഡിവൈഡര്‍ എന്ന് മുമ്പ് ഇന്ത്യ ടുഡേ മോഡിയെ വിശേഷിപ്പിച്ചിരുന്നു. അങ്ങോരാണ് 'ഐക്യം' പഠിപ്പിക്കാനിറങ്ങിയത്.
കേട് പോക്കാനൊക്കാത്ത ഒട്ടേറെ സംഘര്‍ഷങ്ങളാണ് മോഡി ഗുജറാത്തില്‍ നട്ട് വളര്‍ത്തിയത്. ഗുജറാത്ത് ഗാന്ധിയുടെതല്ല, അത് ഗോഡ്‌സെയുടെ ഗുജറാത്തായി പരിണാമം കൊള്ളുകയാണ്.
വിവ: മഖ്ബൂല്‍ മാറഞ്ചേരി
Comments