Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 17

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം

ഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളുടെ ഫലം, പ്രാദേശിക കക്ഷികളോടുള്ള സാമാന്യ ജനങ്ങളുടെ ആഭിമുഖ്യം വര്‍ധിച്ചുവരുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ താരതമ്യേന ചെറിയ സംസ്ഥാനങ്ങളില്‍ മാത്രമേ ദേശീയ കക്ഷികള്‍ക്ക് ഭൂരിപക്ഷം നേടാനായുള്ളൂ. 40 സീറ്റുകള്‍ മാത്രമുള്ള ഗോവയില്‍ ബി.ജെ.പിക്കും (24), 60 സീറ്റുകളുള്ള മണിപ്പൂരില്‍ കോണ്‍ഗ്രസ്സിനും (42). 70 സീറ്റുള്ള ഉത്തരഖണ്ഡില്‍ തൂക്കു സഭയാണ് (കോണ്‍ഗ്രസ് 32, ബി.ജെ.പി 31). ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 403-ല്‍ 224 സീറ്റ് നേടി മുലായം സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക കക്ഷിയായ എസ്.പി ഒറ്റക്ക് ഭരണമുറപ്പിച്ചിരിക്കുന്നു. തൊട്ടടുത്തുള്ള പഞ്ചാബില്‍ മറ്റൊരു പ്രാദേശിക കക്ഷിയായ അകാലിദള്‍ സഖ്യം 117-ല്‍ 68 സീറ്റും നേടി അധികാരത്തിലെത്തി. അഞ്ചു സംസ്ഥാനങ്ങളിലായുള്ള മൊത്തം 690 അസംബ്ലി സീറ്റുകളില്‍ 146 എണ്ണം മാത്രമാണ് കോണ്‍ഗ്രസ്സിന് ലഭിച്ചത്. ബി.ജെ.പിക്ക് 102 എണ്ണവും. രണ്ട് ദേശീയ കക്ഷികളുടെ സീറ്റുകള്‍ ഒന്നിച്ചു കണക്കാക്കിയാല്‍ പോലും 37 ശതമാനത്തോളം മാത്രം. അതേസമയം യു.പിയില്‍ മാത്രം മത്സരിച്ച എസ്.പി ഒറ്റക്ക് മൊത്തം സീറ്റുകളുടെ 33 ശതമാനത്തോളം നേടി.
പ്രാദേശിക പാര്‍ട്ടികളുടെ മുന്നേറ്റം കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും വന്‍ വെല്ലുവിളിയാണ്. യു.പിയിലെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ്സിന്റെ നിരവധി മനക്കോട്ടകള്‍ തകര്‍ത്ത് കളഞ്ഞിരിക്കുന്നു. സംസ്ഥാന ഭരണം എന്ന മോഹം സഫലമാവാനിടയില്ലെങ്കിലും നൂറിലേറെ സീറ്റ് ലഭിക്കുമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ ഉറച്ച വിശ്വാസം. അത് വലിയ ഒറ്റക്കക്ഷിയാകുന്ന എസ്.പിയുമായി നല്ലൊരു വിലപേശലിന് അവസരം നല്‍കുമെന്ന് അവര്‍ കരുതി. സംസ്ഥാനത്ത് എസ്.പിക്ക് കൊടുക്കുന്ന പിന്തുണ എസ്.പി കേന്ദ്രത്തില്‍ തിരിച്ചു നല്‍കും. അങ്ങനെ യു.പി.എ പാര്‍ലമെന്റില്‍ നില ഭദ്രമാക്കും. വേണ്ടിവന്നാല്‍ സ്ഥിരം തലവേദനയായ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ യു.പി.എയില്‍ നിന്ന് തൃണം പോലെ വലിച്ചെറിയാം. അടുത്ത് നടക്കാനിരിക്കുന്ന പ്രസിഡന്റ്-വൈസ് പ്രസിഡന്റ്- രാജ്യസഭാ തെരഞ്ഞെടുപ്പുകളെ മുലായത്തിന്റെ പിന്തുണയുടെ ആത്മവിശ്വാസത്തോടെ നേരിടാം. യു.പി വിജയത്തിന്റെ തിളക്കത്തില്‍, മന്‍മോഹന്‍ സിംഗിനെ തഴഞ്ഞ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാം. ഇതൊന്നും നടക്കാതിരുന്നത് കോണ്‍ഗ്രസ്സിന്റെ ഭാവിയില്‍ വലിയ കരിനിഴലുകള്‍ വീഴ്ത്തിയിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവം കൊണ്ട് തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കൊയ്യാമെന്നാണ് കോണ്‍ഗ്രസ് സ്വപ്നം കണ്ടത്. റോഡ്‌ഷോകള്‍ക്കും മോഹന വാഗ്ദാനങ്ങള്‍ക്കും കാട്ടിക്കൂട്ടലുകള്‍ക്കുമപ്പുറം കക്ഷികളുടെയും അവരുടെ ഭരണനിര്‍വഹണത്തിന്റെയും മെറിറ്റ് നോക്കി വോട്ട് രേഖപ്പെടുത്താന്‍ ജനങ്ങള്‍ ശീലിച്ചുതുടങ്ങിയിരിക്കുന്നു. 2ജി സ്‌പെക്ട്രം പോലുള്ള ഹിമാലയന്‍ അഴിമതികളും വിലക്കയറ്റവും സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന ചില്ലറ വ്യാപാരത്തിന്റെ കവാടം വിദേശ കുത്തകകള്‍ക്ക് തുറന്നു കൊടുക്കാനുള്ള നീക്കം ഉള്‍പ്പെടെയുള്ള നവ ലിബറല്‍ നയങ്ങളും ദലിത് ന്യൂനപക്ഷ വിഭാഗങ്ങളോടു പുലര്‍ത്തുന്ന അവഗണനയുമെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ജനം പോളിംഗ് ബൂത്തിലെത്തിയതെന്ന് ഫലപ്രഖ്യാപനം തെളിയിക്കുന്നു. യു.പി തെരഞ്ഞെടുപ്പ് മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പി ഭരണത്തിനെതിരായ വിധിയെഴുത്തായിരുന്നു. പക്ഷേ, ജനം ബദലായി കണ്ടത് കോണ്‍ഗ്രസ്സിനെയല്ല. ന്യൂനപക്ഷവിരോധത്തിലും ഹിന്ദുത്വ അജണ്ടയിലുമുള്ള മനംമടുപ്പും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, വിശേഷിച്ചും കര്‍ണാടകയില്‍ നടമാടുന്ന അഴിമതികളും മൂലം ആ പാര്‍ട്ടിയെയും ബദലായി കണ്ടില്ല. നേരത്തെ ഉത്തര്‍പ്രദേശ് ഭരിക്കുകയും പിന്നീട് ജനങ്ങള്‍ നിരാകരിക്കുകയും ചെയ്ത പാര്‍ട്ടിയാണ് എസ്.പി. ഇപ്പോള്‍ വോട്ടര്‍മാര്‍ അവരെ അധികാരം തിരിച്ചേല്‍പിച്ചത് മുലായം സിംഗ് യാദവ് സംസ്ഥാനത്ത് പാലും തേനും ഒഴുക്കുമെന്ന് വിശ്വസിപ്പിച്ചുകൊണ്ടല്ല. എങ്കിലും കോണ്‍ഗ്രസ്സില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും മായാവതിയില്‍നിന്നും പ്രതീക്ഷിക്കുന്നതിലേറെ മെച്ചപ്പെട്ട ഭരണം എസ്.പിയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞകാലങ്ങളില്‍ തനിക്കു പറ്റിയ തെറ്റുകള്‍ മുലായം സിംഗ് ഏറ്റുപറയുകയും തിരുത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. മുലായം സിംഗിന്റെ ഈ നിലപാട് സംസ്ഥാനത്തെ 18 ശതമാനം വരുന്ന മുസ്‌ലിംകളെ സ്വാധീനിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പുത്രന്‍ അഖിലേഷ് യാദവിന്റെ സമര്‍ഥമായ നേതൃത്വമാണ് എസ്.പിക്ക് വമ്പന്‍ വിജയമൊരുക്കിക്കൊടുത്തത്.
സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ പൊതുവിലും യു.പി തെരഞ്ഞെടുപ്പ് വിശേഷിച്ചും നല്‍കുന്ന സന്ദേശമിതാണ്: രാജ്യത്ത് ദേശീയ പാര്‍ട്ടികള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ നയനടപടികള്‍ തന്നെ തുടരുകയാണെങ്കില്‍ അവയുടെ ഭാവി ഏറെ ഇരുളടഞ്ഞതാണ്. മോഹനവാഗ്ദാനങ്ങള്‍ കൊണ്ടും നയപ്രഖ്യാപനങ്ങള്‍ കൊണ്ടും നേതാക്കളുടെ വ്യക്തിത്വ പ്രദര്‍ശനം കൊണ്ടും ജനസമ്മതി സമ്പാദിക്കാവുന്ന കാലം അവസാനിക്കുകയാണ്. ജനജീവിതത്തില്‍ ഗുണപരമായി അനുഭവപ്പെടുന്ന നടപടികള്‍ കൊണ്ടേ ഇനി ജനങ്ങളെ സ്വാധീനിക്കാനാവൂ. കോണ്‍ഗ്രസ്സും ബി.ജെ.പിയും മാത്രമല്ല, ഇപ്പോള്‍ നേട്ടം കൊയ്ത മുലായം സിംഗ് യാദവും പ്രകാശ് സിംഗ് ബാദലും കൂടി അടിവരയിട്ട് ഓര്‍മിക്കേണ്ടതാണിക്കാര്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം