ദലിതന്റെ വായനാ ഭൂപടം
ദലിതം പരമ്പരയില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.കെ ബാബുരാജിന്റെ ഗ്രന്ഥമാണ് ഇരുട്ടിലെ കണ്ണാടി. ദലിത് സൗന്ദര്യശാസ്ത്രം (ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന്), നെഗ്രിറ്റിയൂഡ് (കെ.എം സലീം കുമാര്‍), ബുദ്ധനിലേക്കുള്ള ദൂരം (കെ.കെ കൊച്ച്), ചെങ്ങന്നൂരാദി (വി.വി സ്വാമി), പുനഃ കാരി ഗുരിക്കള്‍ (പുനഃ പ്രകാശ് മാരാഹി), ദലിത് കഥകള്‍ (എഡി. ടി.കെ അനില്‍ കുമാര്‍), ദലിത് കവിതകള്‍ (എഡി: ഡോ. ഒ.കെ സന്തോഷ്) എന്നിവയാണ് ഈ പരമ്പരയിലെ മറ്റു കൃതികള്‍. 'പുതു സാമൂഹികതയും സമകാലീന ജ്ഞാന സിദ്ധാന്തത്തിലെ തകരാറുകളും' എന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഉപശീര്‍ഷകം.
കൊളോണിയല്‍ വിദ്യാഭ്യാസ പദ്ധതിക്ക് അനുബന്ധമായി വികസിച്ചുവന്ന പുതുവായനാ ഭൂപടത്തെ ഗ്രന്ഥകാരന്‍ ആദ്യമായി വിചാരണ ചെയ്യുന്നു. പടിഞ്ഞാറനും വെള്ളക്കാരനുമായ ആണിനെ 'മാന്യനായി' (Gentleman figure) ലോകത്ത് സ്ഥാപിക്കാനുള്ള ദൗത്യമാണ് ഈ വായനാ ഭൂപടത്തിലൂടെ നടന്നത്. ഒ. ചന്തുമേനോന്റെ മാധവനും മാധവിയും (ഇന്ദുലേഖ) ഇങ്ങനെ വാര്‍ത്തെടുക്കപ്പെട്ട ഉത്തമ സവര്‍ണ ദേഹങ്ങളാണെന്ന് കെ.കെ ബാബുരാജ് വിവരിക്കുന്നു. വായനാ ഭൂപടത്തില്‍ വന്ന പരിഷ്‌കരണ ശ്രമങ്ങള്‍ മേല്‍ വിവരിച്ച വരേണ്യതയില്‍ നിന്നും മുക്തമായിരുന്നില്ല. ശക്തമായ സവര്‍ണ-ഇടതുപക്ഷ പൊതുബോധത്താല്‍ അവഗണിക്കപ്പെട്ട മൂന്നാമതൊരു വായനാഭൂപടത്തെ ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നുണ്ട്. നവോത്ഥാനന്തര കാലഘട്ടത്തിലെ മുഖ്യധാരാ രചനാ മണ്ഡലത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട പൊയ്കയിലപ്പച്ചന്റെയും സഹോദരനയ്യപ്പന്റെയും രചനകള്‍ ഈ ഗണത്തില്‍ പെടുന്നവയാണ്.
'ശൂദ്ര പുരുഷ മേധാവിത്വം'
സാഹിത്യ -വൈജ്ഞാനിക മേഖലകളിലെ അതിസൂക്ഷ്മമായ പുതിയ പ്രവണതകളെ ഇല്ലായ്മ ചെയ്യാന്‍ 'ശൂദ്ര പുരുഷമേധാവിത്വത്തെ' ഉദാരമുഖംമൂടിയോടു കൂടി അടിച്ചേല്‍പിക്കുകയാണെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. ദലിത് സാംസ്‌കാരിക രൂപീകരണത്തില്‍ നടന്ന പുതിയ പ്രവണതകളെ അവഗണിച്ച് സാഹിത്യകാരന്മാര്‍ ഹീനമായ മെറ്റഫറുകള്‍ ഉപയോഗിക്കുകയാണ്. ജാതിവ്യവസ്ഥയിലെ സമകാലീന പ്രവണതകളെ പ്രതിപാദിക്കാന്‍ 'മീന്‍ മണവും' 'അപകര്‍ഷതാബോധവും' കീഴാളപ്പെണ്ണിന്റെ 'മുഖം മിനുക്കലും' 'വന്യമായ ലൈംഗികതയും' നിരന്തരമായി ഉപയോഗിക്കുന്നതിന്റെ മനഃശാസ്ത്രം ഇതാണെന്ന് കെ.കെ ബാബുരാജ് വിവരിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അന്തര്‍ധാരയുള്ള 'കൈരളി' ചാനലില്‍ ദലിതര്‍ക്കും മറ്റു പാര്‍ശ്വവത്കൃതര്‍ക്കും ഇടം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 'ഇ ഫോര്‍ എലിഫെന്റ്' എന്ന പരമ്പരയിലൂടെ ആന എന്ന മൃഗത്തോട് പുലര്‍ത്തേണ്ട നീതിബോധമല്ല, ഫ്യൂഡല്‍ ആഢ്യത്വത്തോടുള്ള വിധേയത്വമാണ് പ്രസരണം ചെയ്യപ്പെടുന്നത്.
ചെങ്ങറയും
കര്‍തൃത്വ രൂപവത്കരണവും
അധിനിവേശകരുടെ വിഷയമായിരുന്നവര്‍ (object) വിഷയികളായി (subjects) പരിവര്‍ത്തിപ്പിക്കപ്പെടുന്നതും നിരീക്ഷണ വസ്തുക്കള്‍ നിരീക്ഷക പദവിയിലേക്ക് വരുന്നതും പുതിയ കലഹങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കെ.കെ ബാബുരാജ് നിരീക്ഷിക്കുന്നു. ന്യൂനപക്ഷങ്ങളോട് ശത്രുത പുലര്‍ത്തിയാല്‍ അവര്‍ണ-സവര്‍ണ ഭേദങ്ങളില്ലാതെ ഹിന്ദുക്കളെ ഏകീകരിക്കാമെന്നത് പണ്ടേയുള്ള അധീശത്വ തന്ത്രമാണ്. ഇതേപോലെ ദലിതര്‍ക്കെതിരെ ശത്രുത ഉല്‍പാദിപ്പിച്ചാല്‍ സവര്‍ണര്‍ക്കിടയിലെ ശത്രുത മാറ്റി അവരെ ഏകീകരിക്കാന്‍ കഴിയുമെന്ന തന്ത്രമാണ് ചെങ്ങറ സമരത്തിന്റെ മറവില്‍ ഭരണകൂടവും കക്ഷിരാഷ്ട്രീയക്കാരും പയറ്റുന്നത്. അമേരിക്കയില്‍ വെള്ളക്കാരികളായ സ്ത്രീകളെ ലൈംഗികമായി കടന്നാക്രമിച്ചു എന്നാരോപിച്ച് കറുത്ത പുരുഷന്മാരെ പരസ്യമായി കൊലപ്പെടുത്തുന്ന ഹിംസാത്മക നടപടിയായിരുന്നു 'ലിഞ്ചിംഗ്'. അടിമത്തം അവസാനിച്ചപ്പോള്‍ തങ്ങള്‍ കൈയടക്കിയിരുന്ന പദവികളിലേക്ക് അവര്‍ കടന്നുവരുമോ എന്ന വെളുത്തവന്റെ ഭയമാണ് ഇത്തരം കുറ്റാരോപണങ്ങള്‍ക്ക് പിന്നില്‍. ദലിത് കര്‍തൃത്വ രൂപീകരണത്തെക്കുറിച്ച ഉത്കണ്ഠയാണ് ചെങ്ങറ സമരം അവഗണിക്കപ്പെടുന്നതിനുള്ള പ്രധാന കാരണമെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.
കീഴാള മാധ്യമ ഇടപെടലുകള്‍
കേരളത്തിലെ കീഴാള മാധ്യമ ഇടപെടലുകളെക്കുറിച്ച് ആധികാരികവും വ്യതിരിക്തവുമായ പഠനം ഈ ഗ്രന്ഥത്തിലുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുകയും വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്ത 80-90-കളില്‍ മുസ്‌ലിം സമൂഹത്തില്‍ സംഭവിച്ച ആഴമേറിയ അന്യവത്കരണത്തെ പ്രതിരോധിക്കുന്നതില്‍ മാധ്യമം നിര്‍വഹിച്ച പങ്കിനെ ഗ്രന്ഥകാരന്‍ പ്രശംസിക്കുന്നുണ്ട്. ഇത് മാതൃഭൂമിയടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങളെ സ്വാധീനിച്ചുവെന്നും അതിലൂടെ കീഴാള വിഷയങ്ങള്‍ക്ക് മുഖ്യധാരാ മാധ്യമങ്ങളില്‍ പരിമിതമായെങ്കിലും ഇടം ലഭിച്ചുവെന്നും ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു. ദലിതരും കീഴാള സ്ത്രീകളുമായ മാധ്യമ പ്രവര്‍ത്തകരെ തൊഴില്‍പരമായി കൂടുതല്‍ ഉള്‍ക്കൊള്ളുന്നതിലും പത്രാധിപസമിതികളിലേക്ക് നിയമിക്കുന്നതിലും മാധ്യമം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന പ്രസ്താവന, ഒരു ഗുണകാംക്ഷിയുടെ സദുദ്ദേശ്യപൂര്‍ണമായ വിമര്‍ശനമായി വിലയിരുത്താവുന്നതാണ്.
ദലിത് തീവ്രവാദം
'നിഗൂഢത', 'നിഗൂഢസംഘം' എന്നീ അടയാളപ്പെടുത്തലുകളിലൂടെ ഡി.എച്ച്.ആര്‍.എമ്മിനെ വേട്ടയാടുന്നതിലെ പ്രത്യയശാസ്ത്ര ഭൂമികയെക്കുറിച്ച് വിശദവും സൂക്ഷ്മവുമായ പഠനം ബാബുരാജ് നടത്തുന്നുണ്ട്. അബ്രാഹ്മണികമായ പ്രതിരോധമണ്ഡലങ്ങള്‍ മലയാളിയെ അസ്വസ്ഥപ്പെടുത്തുന്നതില്‍ അത്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം വിവരിക്കുന്നു.
ഇസ്‌ലാം
കൊളോണിയല്‍ കടന്നാക്രമണങ്ങളിലൂടെ ഛിന്നഭിന്നമാക്കപ്പെട്ട കീഴാള ജനതയെ ഏകീകരിക്കുന്നതില്‍ ഇസ്‌ലാം നല്‍കിയ സംഭാവന അതുല്യമാണെന്ന് ഗ്രന്ഥകാരന്‍ വിവരിക്കുന്നു. പുതിയൊരു വിപ്ലവ മതമായും സാമൂഹിക വിവേചനങ്ങളോടും അസമത്വങ്ങളോടും പോരടിക്കുന്ന കര്‍മവ്യവസ്ഥയായും പ്രവാചകന്‍ തന്നെ ഈ മതത്തെ വിഭാവനം ചെയ്തതുമൂലമാണ് ഇസ്‌ലാമിന് നിര്‍ണായക സ്വാധീനമായി നിലനില്‍ക്കാന്‍ കഴിയുന്നത്. രക്ഷാകര്‍ത്താക്കളെ തിരസ്‌കരിച്ചുകൊണ്ട് സ്വയം നിര്‍വചിക്കാനും വൈവിധ്യങ്ങളോട് സഹവര്‍ത്തിക്കാനുമുള്ള ഇസ്‌ലാമിന്റെ ആന്തരിക ശേഷിയാണ് അതിനെ സ്വതന്ത്ര വ്യവഹാരമായി നിലനിര്‍ത്തുന്നത്.
കേരളത്തിലെ ഇടതുപക്ഷം
മാര്‍ക്‌സിസത്തെ ന്യൂനപക്ഷങ്ങളുടെ രക്ഷാസങ്കേതമായി അവരോധിച്ചും മതത്തെ ഫാഷിസത്തിന്റെ ഉല്‍പാദന കേന്ദ്രമായി പ്രഖ്യാപിച്ചുകൊണ്ടുമുള്ള പ്രചാരണങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. മാര്‍ക്‌സിസവും ഫാഷിസവും വിഭിന്നവും പരസ്പരം പോരടിക്കുന്നതുമാണെന്ന വാദത്തെ ഗ്രന്ഥകാരന്‍ ഖണ്ഡിക്കുകയും ഈ പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള ആറ് സമാനതകള്‍ നിരത്തുകയും ചെയ്യുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെ സവര്‍ണാധിപത്യത്തെ കുറിച്ച വിശദമായ പഠനം തന്നെ ഈ കൃതിയിലുണ്ട്.
ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രഫ. എം.എന്‍ വിജയന്‍, ഡോ. ടി.കെ രാമചന്ദ്രന്‍, ഡോ. കെ.എന്‍ പണിക്കര്‍, കെ.എന്‍ ഗണേഷ് എന്നിവര്‍ ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിച്ചവരോ, ഈ ജനതയോട് സവിശേഷമായ ആഭിമുഖ്യം പുലര്‍ത്തിയവരോ ആയിരുന്നില്ല. കീഴാളരോട് രാഷ്ട്രീയമായി ഐക്യപ്പെടുന്നതിനു പകരം ന്യൂനപക്ഷവര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും എന്ന കപടസിദ്ധാന്തവുമായി രംഗത്തുവരികയാണ് കമ്യൂണിസ്റ്റുകള്‍ ചെയ്തതെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.
ജമാഅത്തെ ഇസ്‌ലാമി
ഓരോ മുസ്‌ലിം പേരുകാരനും പേരുകാരിയും തങ്ങളുടെ രാഷ്ട്രീയാഭിപ്രായങ്ങള്‍ ലിബറല്‍ വ്യക്തിവാദത്തിന്റെയോ മാര്‍ക്‌സിസത്തിന്റെയോ പരിധി കടക്കില്ലെന്ന് ഉറപ്പാക്കിക്കൊള്ളണമെന്ന തിട്ടൂരത്തെ മറികടക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത്. അപരദേശത്തുനിന്നും പുറത്തിറങ്ങി വരുന്നവര്‍ വന്യമൃഗങ്ങളും ഭീകരസ്വത്വങ്ങളുമാണെന്ന് ബോധ്യപ്പെടുത്തേണ്ടത് തങ്ങളുടെ കര്‍ത്തവ്യമാണെന്ന ബോധ്യമാണ് മുസ്‌ലിം നാമധാരികളായ എഴുത്തുകാരെ ഭരിക്കുന്നതെന്നും അദ്ദേഹം വിവരിക്കുന്നു. പി.കെ ബാലകൃഷ്ണനെ പോലെ വ്യവസ്ഥാ വിരുദ്ധനായ ഒരു ബുദ്ധിജീവിയെ പത്രാധിപരാക്കുകവഴി കേരളത്തിലെ മതേതര മൂല്യ മണ്ഡലത്തെയാണ് ഈ സംഘടന അറിഞ്ഞോ അറിയാതെയോ ഉയര്‍ത്തിപ്പിടിച്ചതെന്ന് കെ.കെ ബാബുരാജ് കൂട്ടിച്ചേര്‍ക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച ഗ്രന്ഥകാരന്റെ നിരീക്ഷണങ്ങളെ ഇങ്ങനെ ഉദ്ധരിക്കാം:
''മുമ്പ് ഭൂരിപക്ഷ വര്‍ഗീയതയോട് സാദൃശ്യപ്പെടുത്തിയാണ് കീഴാളരുടെ പ്രതിരോധങ്ങളെ അപമാനവീകരിച്ചതെങ്കില്‍ ഇന്ന് സംഘ്പരിവാറുമായി സാമ്യപ്പെടുത്തിക്കൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള പദ്ധതിയിലാണ് മാര്‍ക്‌സിസ്റ്റുകള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇതിനുവേണ്ടി നവവംശീയവാദത്തെയും മാധ്യമ സാമ്രാജ്യത്തെയും ഉപയോഗപ്പെടുത്തുന്നു. ഇക്കൂട്ടരുടെ സ്റ്റാലിനിസ്റ്റ് ബൗദ്ധിക സമവാക്യങ്ങള്‍ എത്രമാത്രം ഹിംസാത്മകവും അപരങ്ങളുടെ നിലനില്‍പിനെ നിഷേധിക്കുന്നതുമാണെന്ന് വെളിപ്പെടുത്താനാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന സംഘടനയോടുള്ള മാര്‍ക്‌സിസ്റ്റ് വിമര്‍ശനവും അതിന്റെ ബാക്കിപത്രമായ സ്വത്വരാഷ്ട്രീയത്തോടുള്ള എതിര്‍പ്പും ഇവിടെ വിശകലനം ചെയ്യുന്നത്'' (പേജ് 48).
''മറ്റെല്ലാ മതത്തിലെന്ന പോലെ അടഞ്ഞ മനസ്സാന്നിധ്യമുള്ള പൗരോഹിത്യവും അവിഹിത മാര്‍ഗത്തിലൂടെ പണം സമ്പാദിച്ച നീചമുതലാളിത്ത ഘടകങ്ങളും ഇസ്‌ലാമിലുണ്ട്. കീഴാളരോട് തരിമ്പും സാഹോദര്യമില്ലാത്ത പ്രാദേശിക വരേണ്യരും വിശ്വാസത്തെ വികാരപരമായി ഉള്‍ക്കൊണ്ട് അക്രമ പ്രവര്‍ത്തനം നടത്തുന്ന ചെറുന്യൂനപക്ഷവും ഈ മതത്തിലുണ്ടെന്നതും വാസ്തവമാണ്. എന്നാല്‍ ഇത്തരം ഘടകങ്ങള്‍ മാത്രമാണ് ഇസ്‌ലാമെന്ന് സ്ഥിരീകരിച്ച് നിര്‍ത്തേണ്ടത് സമകാലീന ഭരണവര്‍ഗത്തിന്റെ ആവശ്യകതയാണ്. അതുകൊണ്ടാണ് ഇസ്‌ലാമിക നവോത്ഥാനത്തെ പ്രതിനിധാനം ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയെയും സ്വതന്ത്രമായ രാഷ്ട്രീയാഭിപ്രായമുള്ള ഇതര ഇസ്‌ലാമിക സംഘടനകളെയും ഒറ്റ തിരിക്കാനും മതരാഷ്ട്രവാദികള്‍ എന്ന ഘോരത്വമാരോപിച്ച് രാക്ഷസവത്കരിക്കാനുമുള്ള തീവ്രശ്രമം നടത്തുന്നത്'' (പേജ് 49).
കേരളത്തിന്റെ പൊതുവ്യവഹാരങ്ങളിലും വൈജ്ഞാനിക മണ്ഡലത്തിലും ഇസ്‌ലാം ആസൂത്രിതമായി എങ്ങനെ അപരവത്കരിക്കപ്പെടുന്നുവെന്നതിനെക്കുറിച്ച വ്യക്തവും വിശദവുമായ പഠനം ഈ ഗ്രന്ഥത്തില്‍ കാണാവുന്നതാണ്.
പുതു ദലിത് കവിതകള്‍
ഉള്ളൂര്‍, വള്ളത്തോള്‍, കുമാരനാശാന്‍, പി. കുഞ്ഞിരാമന്‍ നായര്‍, ഇടശ്ശേരി, വൈലോപ്പിള്ളി, കെജി ശങ്കരപ്പിള്ള, കക്കാട്, ആറ്റൂര്‍ എന്നിവര്‍ ഉല്‍പാദിപ്പിച്ച സവര്‍ണമായ സാംസ്‌കാരികബിംബങ്ങള്‍ ഗ്രന്ഥകാരന്‍ അവസാന അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നു. ദലിത് സ്വത്വത്തെ രൂപപ്പെടുത്തുന്ന പുതിയ കവിതയെ കുറിച്ചും കവികളെക്കുറിച്ചുമുള്ള ആധികാരികമായ പഠനം നമുക്കതില്‍ കാണാവുന്നതാണ്.
കപട മതേതര മുഖംമൂടികളെ വലിച്ചെറിഞ്ഞ്, കീഴാള ദര്‍ശനങ്ങളെയും, സവര്‍ണ ഭാവുകത്വങ്ങളെയും കൃത്യമായി വിലയിരുത്താനുള്ള ആര്‍ജവം കെ.കെ ബാബുരാജ് കാണിച്ചുവെന്നതും അത് പ്രസിദ്ധീകരിക്കാനുള്ള വിശാലത ഡി.സി ബുക്‌സ് ഏറ്റെടുത്തുവെന്നതും കേരളീയ ജ്ഞാനമണ്ഡലത്തിലെ ഒരു നാഴികക്കല്ലായി വരുംതലമുറ വിലയിരുത്തുമെന്നതില്‍ സംശയത്തിനവകാശമില്ല.
Comments