Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 17

മൌലവി മുഹമ്മദ് ശീറാസി - (അടുത്തുനിന്നവര്‍ അകലം പാലിച്ചവര്‍-5)

ടി.കെ അബ്ദുല്ല / സദ്റുദ്ദീന്‍ വാഴക്കാട്

മുഹമ്മദ് ശീറാസിയെന്ന പണ്ഡിത വ്യക്തിത്വത്തിന്റെ കഥകൂടി നമുക്ക് പറയേണ്ടതുണ്ട്. ഇദ്ദേഹം പുതിയ തലമുറക്ക് തീരെ പരിചിതനല്ല. നാദാപുരത്ത് ചീരംകുന്നത്ത് എന്നാണ് അദ്ദേഹത്തിന്റെ വീട്ടുപേര്. അന്നത്തെ രീതിയനുസരിച്ച് 'ശീറാസി' എന്നത് ചീരം കുന്നത്തിലേക്ക് ചേര്‍ത്ത് ഉണ്ടായതാണെന്നാണ് ഓര്‍മ. അങ്ങനെയാണ് 'ശീറാസി' എന്ന് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പിതാവ് അഹമ്മദ് ശിറാസി. ഈ വലിയ പണ്ഡിതന് അറബി ഭാഷയിലെ ഗ്രാമറില്‍(നഹ്വ്-സ്വര്‍ഫ്) അസാധാരണ പാടവമുണ്ടായിരുന്നു. അല്‍ഫിയ്യ എന്ന ഇബ്നു മാലിക്കിന്റെ നഹ്വ് കിതാബിന് അദ്ദേഹം ശറഹ്(വ്യാഖ്യാനം) എഴുതിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടിക്കടുത്ത ചേരിയത്ത് ആണ് സ്വദേശം. ആ ചേരിയത്തില്‍ നിന്നാണ് 'ശീറാസി' പ്രയോഗം വന്നതെന്നും പ്രബലമായ അഭിപ്രായമുണ്ട്.
അതേ പാരമ്പര്യത്തില്‍ മകന്‍ മുഹമ്മദ് ശീറാസിയും നഹ്വില്‍ പാടവമുള്ള പണ്ഡിതനായിരുന്നു: പണ്ട് പള്ളി ദര്‍സില്‍ ഒരുവിധ ശാസ്ത്രങ്ങളൊക്കെ അന്നത്തെ രീതിയില്‍ പഠിപ്പിക്കാറുണ്ടായിരുന്നു. ഗോളശാസ്ത്രം, തര്‍ക്കശാസ്ത്രം, അറബി ഭാഷാ സാഹിത്യശാസ്ത്രം, ബലാഗ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന് വശമുണ്ടായിരുന്നു. നാദാപുരം പള്ളി ദര്‍സില്‍ ആയഞ്ചേരി തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാരുടെ ശിഷ്യരായി, പിന്നീട് വഴിപിരിഞ്ഞു പോയ ഏതാനും പ്രഗത്ഭ വ്യക്തിത്വങ്ങളുണ്ടായിരുന്നു. അതില്‍ സുന്നികളായി തന്നെ നിന്നവരാണ് ഭൂരിഭാഗവും. അങ്ങനെയുള്ളവരില്‍ നമുക്കെല്ലാം കേട്ടറിവുള്ള പണ്ഡിതനാണ് നാദാപുരത്തെ കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍. അതേ കാലത്ത് അവരോടൊപ്പം പഠിച്ച പ്രമുഖ വ്യക്തിത്വമാണ് മുഹമ്മദ് ശീറാസി. ആ കാലഘട്ടത്തിന്റെ പ്രത്യേകത, സുന്നീ സാമ്പ്രദായിക ജീര്‍ണ നിലപാടുകളോട് യോജിക്കാന്‍ കഴിയാത്ത കുറച്ചാളുകള്‍ 'അരാജകവാദി'കളായി ദര്‍സുകളില്‍ ഉണ്ടാകും. അച്ചടക്കത്തിന്റെ പേരില്‍ പള്ളി ദര്‍സില്‍ ഒതുങ്ങി നില്‍ക്കുമെങ്കിലും മനസ്സുകൊണ്ടവര്‍ വിപ്ളവകാരികളായിരിക്കും. മറുവശത്ത് അവര്‍ക്ക് പൂര്‍ണ നിര്‍വൃതി നല്‍കുന്ന ഒരു പ്രസ്ഥാനം ഉണ്ടായിരുന്നില്ല. ഉള്ള സലഫി പ്രസ്ഥാനം സ്വയം സംതൃപ്തമല്ലാത്ത അവസ്ഥയിലുമായിരുന്നു. സമുദായത്തില്‍ നിലവിലുള്ള എല്ലാറ്റിനെയും നിഷേധിക്കുക, എല്ലാം പാടില്ല എന്നു പറയുക, പാടുണ്ട് എന്നു പറയുന്ന പുതിയ ഒന്നും ഇല്ലാതിരിക്കുക - ഇതായിരുന്നു ജനമനസ്സില്‍ സലഫികളുടെ ചിത്രം. ഇന്നും വലിയമാറ്റമുണ്ടെന്ന് തോന്നുന്നില്ല. ഈ സാഹചര്യത്തില്‍ മനം മടുത്ത അഹ്മദ് റശീദിനെപ്പോലെ ചിലര്‍ ഖാദിയാനിസത്തിലും മറ്റും ചെന്നെത്തിയപ്പോള്‍, കഥാപുരുഷന്‍ 'വഹാബിസ'ത്തില്‍ തുടരുകയാണുണ്ടായത്.
ശീറാസിയെ അല്‍പം കൂടി അടുത്ത് പരിചയപ്പെടാം. വലിയ ശരീരം, മുഖത്ത് ശുദ്ധതയും പാവത്തരവും നിഴലിക്കും. അലക്ഷ്യമായി വസ്ത്രം ധരിക്കുന്ന പ്രകൃതം. ഗമ, അഹങ്കാരം തുടങ്ങി സാധാരണ പണ്ഡിത സ്വഭാവങ്ങളൊന്നുമില്ല. അദ്ദേഹത്തിന് കൂട്ടായി അതേകാലത്ത് അബ്ദുല്ല നൂറാനി എന്ന പണ്ഡിതനെയും ഞാന്‍ കേട്ടിട്ടുണ്ട്. നൂറാനി അറബിഭാഷയില്‍ നിമിഷകവിയായിരുന്നു. അങ്ങനെ ഒരിക്കല്‍ അദ്ദേഹം, സുഹൃത്തുക്കളുടെ കൂടെ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി പൈങ്ങോട്ടായിയിലുള്ള അഹമ്മദ് റഷീദിന്റെ വീട് സന്ദര്‍ശിക്കുകയുണ്ടായി. അഹമ്മദ് റഷീദിന്റെ അനുജനാണ് മാധ്യമത്തിലെ സി. അബ്ദുല്‍കരീമിന്റെ പിതാവ് മൂസഹാജി. അദ്ദേഹം എന്റെ പെങ്ങളുടെ ഭര്‍ത്താവാണ്. നൂറാനിയോട് സുഹൃത്തുക്കള്‍ പറഞ്ഞു, താങ്കള്‍ നിമിഷ കവിയാണെങ്കില്‍ ഞങ്ങളിപ്പോള്‍ പറയുന്ന വിഷയത്തില്‍ ഒരു കവിത ചൊല്ലണം. അഹമ്മദ് റഷീദിന്റെ അനുജന്‍ 'മൂസ'യായിരുന്നു വിഷയം. ഇവന്‍ പഠിപ്പിലൊക്കെ ഭയങ്കര മടിയനാണ്. ഇവനെ ഒന്നു ഉഷാറാക്കണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഉടനെ പാടി:
യാ ത്വാലിബല്‍ ഇല്‍മി തൂല ദ്ദഹ്രി യാ മൂസാ
തകുന്‍ ലികുല്ലി ഫുനൂനില്‍ ഇല്‍മി ഖാമൂസാ
ലാ തജ്ഹലന്ന ഫഇന്നല്‍ ജഹ്ല മന്‍ഖമത്തുന്‍
വജാഇലുന്‍ അഹ്സനല്‍ ഇന്‍സാനി ജാമൂസാ
ആശയമിങ്ങനെ: 'വിദ്യാര്‍ഥിയായ മൂസാ, എല്ലാ ജ്ഞാനശാഖകളിലും ഖാമൂസ് ഡിക്ഷ്നറിപോലെ മഹാസാഗരമാകണം. വലിയ പണ്ഡിതനാകണം. അജ്ഞനാകരുത്, അജ്ഞത മഹാ താഴ്മയാണ്. എന്നല്ല, അതു നല്ല മനുഷ്യനെ പോത്താക്കി മാറ്റും.'
പ്രാസവും വൃത്തവുമൊക്കെ ഭംഗിയായി കോര്‍ത്തിണക്കിയാണ് അദ്ദേഹം ഈ വരികള്‍ രചിച്ചത്. നൂറാനിക്ക് പില്‍കാലത്ത് അല്‍പം മാനസിക പ്രശ്നമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അന്നത്തെ ചുറ്റുപാടിനെയും വ്യക്തിത്വങ്ങളെയും അല്‍പമൊന്ന് പരിചയപ്പെടുത്താനാണ് ഈ സംഭവമുദ്ധരിച്ചത്.
ശീറാസിയുടെ വ്യക്തിത്വത്തിന്റെ ഒരു പ്രത്യേകത അദ്ദേഹത്തിനു മാനസികമായ കരുത്തിന്റെ കുറവുണ്ടായിരുന്നു എന്നതാണ്. ആശങ്കകളും പേടിയും വൃഥാ വെച്ചു പുലര്‍ത്തിയിരുന്നു. പട്ടിയെ വലിയ ഭയമായിരുന്നു. ഒരിക്കല്‍ സുഹൃത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍, അവിടെ ഒരു പട്ടിയുണ്ട്. രാത്രിയില്‍ അവിടെ തങ്ങല്‍ നിര്‍ബന്ധമാണുതാനും. ഇന്നത്തെ വീടുപോലൊന്നുമല്ല. അന്ന് ഓഫീസ് റൂം, ഗ്രില്‍സ് എന്നെല്ലാം പറഞ്ഞാല്‍ മനുഷ്യര്‍ക്ക് തിരിയുകയേയില്ല. കവിഞ്ഞാല്‍ ഒരു ഓടിട്ട വീടുണ്ടാകും, പുറത്ത്, കിടക്കാനുള്ള ഒരു കട്ടിലും കാണും. അല്ലെങ്കില്‍ വടാപ്പുറമെന്ന് പറയുന്ന ഒരു സാധനമുണ്ടാകും. അതിഥികള്‍ പുറത്ത് അതില്‍ കിടക്കും. അന്ന് ഇന്നത്തെ പോലെ കൊല്ലുന്ന കള്ളന്മാരുണ്ടായിരുന്നില്ല.
അങ്ങനെ മൌലവി കിടക്കാന്‍ തുനിഞ്ഞപ്പോഴാണ് പട്ടിയെ ഓര്‍മവന്നത്, അപ്പോള്‍ തന്നെ അദ്ദേഹം വിഷയം ഗൃഹനാഥനെ ഉണര്‍ത്തി.
'മൌലവി, ഇന്നുവരെ ആ നായക്ക് അങ്ങനെ ഒരു വിചാരമുണ്ടായിട്ടില്ല. അത് ആരെയും കടിച്ചിട്ടുമില്ല. അത് ഒരു സാധു ജീവിയാണ്. താങ്കള്‍ ധൈര്യമായി കിടന്നോളൂ' - വീട്ടുകാരന്‍ പറഞ്ഞു:
ഇതുകേട്ടതും മൌലവിയുടെ ചോദ്യം: 'ഇന്നാണ് അതിന് കടിക്കാന്‍ തോന്നുന്നതെങ്കിലോ?' വീട്ടുടമ പിന്നെയും സമാധാനിപ്പിച്ചു.
ശീറാസി രാത്രി മൂത്രശങ്കയുണ്ടാവുന്ന പ്രകൃതക്കാരനായിരുന്നു. കുറച്ചുറങ്ങിയശേഷം മൂത്രമൊഴിക്കാന്‍ എഴുന്നേറ്റു. വെള്ളവുമെടുത്ത് പട്ടിയെ പേടിച്ചു മൌലവി പതുങ്ങി പതുങ്ങി പുറത്തേക്ക് നടന്നു.
മുന്നോട്ടാണു നടക്കുന്നതെങ്കിലും നോട്ടം പട്ടിയിലേക്കാണ്. വെള്ളപാത്രവുമെടുത്ത് പാത്തും പതുങ്ങിയും നടക്കുന്നതുകണ്ട് നായക്ക് സംശയമായി. കള്ളനാണെന്നു തോന്നിക്കാണും. പിന്നീട് എന്ത് സംഭവിച്ചിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ബഹളം കേട്ട് പെട്ടെന്ന് വീട്ടുകാര്‍ ഉണര്‍ന്നതുകൊണ്ട് കടികിട്ടാതെ മൌലവി രക്ഷപ്പെട്ടുവെന്നാണ് കേള്‍വി. ശീറാസിയെന്ന വ്യക്തിത്വത്തെ മനസിലാക്കാനാണ് ഈ കഥ ഓര്‍ക്കേണ്ടിവന്നത്. മൌലവി നല്ല രസികനായ പണ്ഡിതനായിരുന്നു.
ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു. ജീവിതത്തിന് ഒരു കെട്ടുറപ്പില്ലാതെ അസ്വസ്ഥചിത്തരായി ഉഴന്ന സുമനസുകള്‍ക്ക് പ്രസ്ഥാനം പ്രതീക്ഷ നല്‍കി. മുജാഹിദ് പ്രസ്ഥാനം ഉലഞ്ഞുകിടന്ന സാഹചര്യത്തില്‍ അവരില്‍ ഒരു വിഭാഗം ജമാഅത്തിലേക്ക് ആകൃഷ്ടരായി.
ആ കാലത്ത് ഇസ്ലാമിന്റെ രാഷ്ട്രീയ സാമൂഹിക മുഖത്തെ മുജാഹിദുകള്‍ അടച്ചെതിര്‍ക്കുമായിരുന്നില്ല. എതിര്‍ക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. കാരണം, മുസ്ലിം ലീഗിനു വേണ്ടി, പാകിസ്താനു അനുകൂലമായി മുജാഹിദുകള്‍ നിന്നപ്പോള്‍, അവരുടെ ദൃഷ്ടിയില്‍ അതൊരു ഇസ്ലാമിക രാഷ്ട്രമായിരുന്നു. അതിനാല്‍ അത്തരം മതരാഷ്ട്രീയ വിഷയങ്ങളൊന്നും ഇന്നത്തെപ്പോലെ ജമാഅത്തെ ഇസ്ലാമിക്ക് എതിരില്‍ ഉന്നയിക്കാന്‍ പറ്റുമായിരുന്നില്ല. ശീറാസിയിലും മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ അനുഭാവിയായി എടയൂരിലെ ഓഫീസില്‍ കുറേ ആഴ്ചകള്‍ അദ്ദേഹം താമസിക്കാനിടയായി. അമ്പതുകളിലാണ് സംഭവം. ഞാനും അവിടെ ഉണ്ടായിരുന്നു. തന്റെ ഉസ്താദിന്റെ മകന്‍ എന്ന നിലയില്‍ മൌലവിക്ക് എന്നോട് പ്രത്യേകം സ്നേഹവാത്സല്യം ഉണ്ടായിരുന്നു. ഈ താമസത്തിനിടെ അദ്ദേഹം പ്രസ്ഥാനത്തെ പഠിക്കുകയും പ്രബോധനത്തിനുവേണ്ടി ചിലതൊക്കെ എഴുതുകയും ചെയ്തു. അങ്ങനെ അദ്ദേഹം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതാണ് ഇമാം ഗസ്സാലിയുടെ ഇഹ്യാ ഉലൂമിദ്ദീനിലെ 'ഉലമാഉല്‍ ഹഖി വ ഉലമാഉസ്സൂഅ്' (നല്ല പണ്ഡിതരും ചീത്ത പണ്ഡിതരും) എന്ന പഠനാര്‍ഹമായ ഭാഗം. പഴയ മതപണ്ഡിതന്മാരുടെ ഭാഷയിലെഴുതിയ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പരിശോധിക്കാന്‍ ഹാജിസാഹിബ് എന്നെയാണ് ഏല്‍പിച്ചിരുന്നത്. ആ പഴയകാല മത ഭാഷ 'പ്രബോധന'ത്തിന്റെ ഭാഷയുമായി പൊരുത്തപ്പെടുമായിരുന്നില്ല. ഞാനതു പരിശോധിച്ച് ഇതു മാറ്റണം, അതു മാറ്റണമെന്നൊക്കെ പറയും. അദ്ദേഹത്തിന് അത് വലിയ അലോസരമായിരുന്നു.
ഒരിക്കല്‍ ക്ഷമകെട്ട് എന്നോട് മൌലവി പറഞ്ഞു: ഹാജി സാഹിബിനെ കൊണ്ടൊന്നും ഒരു വിഷമവുമില്ല. നീയാണ് കുഴപ്പമുണ്ടാക്കുന്നത്.' ഒരിക്കല്‍ കാര്യമായ ഒരു വിഷയത്തെക്കുറിച്ച് അദ്ദേഹമെഴുതിയ ലേഖനം ഞാന്‍ പരിശോധിച്ചു. വായിച്ച് പകുതിയായപ്പോള്‍ എനിക്കു തോന്നി, ലേഖനത്തിന്റെ ആദ്യഭാഗവും തുടര്‍ഭാഗവും തമ്മില്‍ ഭാഷയില്‍ കാര്യമായ വ്യത്യാസമുണ്ടല്ലോ. എന്താണ് അങ്ങനെ? ടി. മുഹമ്മദ് സാഹിബിന്റെ ഭാഷയാണ് രണ്ടാമത്തേതെന്ന് എനിക്ക് തോന്നി. ടി.എമ്മിന്റെ ആ വിഷയത്തിലുള്ള ലേഖനം പരിശോധിച്ചപ്പോള്‍ ശീറാസി എഴുതിയതിന്റെ പാതി ഭാഗം ടി.എമ്മിന്റെ ലേഖനത്തില്‍നിന്ന് എടുത്തതാണെന്ന് മനസിലായി. മടിച്ചുകൊണ്ട് ഞാന്‍ മൌലവിയോട് പറഞ്ഞു: 'ഇത് ടി. മുഹമ്മദ് സാഹിബിന്റെ ലേഖനത്തിന്റെ അതേ ശൈലിയാണല്ലോ, നാം എന്താണ് ചെയ്യുക?'
ശുദ്ധമനസ്സായ മൌലവിയുടെ മറുപടി രസകരമായിരുന്നു:
'അതു വളരെ ശരിയാണ്. ഞാന്‍ ലേഖനമെഴുതാന്‍ തുടങ്ങി. കുറേ എഴുതിയപ്പോള്‍ എനിക്കു ഓര്‍മവന്നു. ടി. മുഹമ്മദ് സാഹിബ് ഇതേ വിഷയത്തില്‍ എഴുതിയിട്ടുണ്ടല്ലോ. ഞാനത് എടുത്തുനോക്കി. ഞാന്‍ എഴുതിയതിലും എത്രയോ നന്നായിരിക്കുന്നു. പിന്നെ ഞാനെന്തിന് വേറെ എഴുതണം. അതുതന്നെ എടുത്തു ചേര്‍ത്തു.'
ഇതാണ് ശീറാസി മൌലവി. ഇതാണദ്ദേഹത്തിന്റെ പ്രകൃതം. ചിലപ്പോള്‍ അതിരു കവിയും. ഒരിക്കല്‍ പറഞ്ഞു, മൌദൂദി മഹ്ദി തന്നെ! നഹ്വും സര്‍ഫുമെല്ലാം നല്ലവണ്ണം പയറ്റി, മൌദൂദിയെ മഹ്ദിയില്‍ എത്തിക്കുകയായിരുന്നു അദ്ദേഹം. അതൊക്കെ ഞങ്ങള്‍ തമാശയായി തള്ളും. അവസാന കാലത്ത് കേള്‍ക്കുകയുണ്ടായി, അദ്ദേഹം വീണ്ടും ഒരു സുന്നി പള്ളിയില്‍ മുദര്‍രിസാണെന്ന്. ഞങ്ങള്‍ക്കിടയില്‍ ശീറാസി സുന്നിയായി എന്ന കിംവദന്തി പരന്നു. വന്നിടത്തേക്കു തന്നെ മടങ്ങിപോയി എന്ന്! പള്ളിയില്‍ ആളുകള്‍ അധികമില്ലാത്ത സമയത്ത് ഞങ്ങള്‍ ചിലര്‍ അദ്ദേഹത്തെ കാണാന്‍പോയി. സലാമൊക്കെ ചൊല്ലി,വര്‍ത്തമാനം തുടങ്ങിയെങ്കിലും അദ്ദേഹം മനസ്സ് തുറന്നില്ല. കാര്യങ്ങള്‍ വല്ലാതെ തുറന്നു പറഞ്ഞില്ല. അല്‍പം സൌകര്യം കിട്ടിയപ്പോള്‍ എന്നെ ഒരു ഭാഗത്തേക്ക് വിളിച്ചു കൊണ്ടുപോയി അദ്ദേഹം പറഞ്ഞു: 'നീ വിചാരിക്കുന്നുണ്ടാകും, ആളുകള്‍ പറയുന്നത് പോലെ ഞാനെന്തോ ആയി പോയീന്ന്. ഒന്നുമായിട്ടില്ല. ഞാനിപ്പോഴും ഞാന്‍ തന്നെ. പിന്നെ, ജീവിതം കഴിയണ്ടേ. എനിക്കറിയുന്ന വിഷയത്തിനു നിങ്ങളുടെ അടുത്ത് വലിയ വിലയില്ല. എന്റെ നഹ്വും സര്‍ഫും അവിടെ പറഞ്ഞിട്ട് എന്താ! ഇവിടെയാണെങ്കില്‍ ഇവര്‍ക്ക് അത് വല്ലാതെ ആവശ്യമുള്ളതാണ്. അങ്ങനെ, ദര്‍സിനു ക്ഷണിച്ചപ്പോള്‍ വന്നതാണ്. ഇവിടെ ഒരു കണക്കിന് ഒപ്പിച്ച് പോകുന്നു. നിങ്ങള്‍ തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. ഞാന്‍ പഴയ ഞാന്‍ തന്നെയാണ്.'
ശീറാസിയെ ആദ്യമായി ഞാന്‍ പരിചയപ്പെടുന്നത് മറ്റൊരു സംഭവത്തിലൂടെയാണ്. നേരത്തേ പറയേണ്ടതായിരുന്നു. ഞാന്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ എന്‍ട്രന്‍സ് പരീക്ഷക്ക് പഠിക്കുന്നു. അതു ജയിച്ചെങ്കിലേ അഫ്ദലുല്‍ ഉലമ പ്രിലിമിനറിയും ഫൈനലും പഠിക്കാന്‍ സാധിക്കൂ. ആ തരത്തിലാണ് സര്‍ക്കാറിന്റെ അറബിപഠന കോഴ്സ്. മെനക്കെട്ടു പഠിച്ചു. പരീക്ഷ വന്നു. പരീക്ഷ എഴുതുന്നതിന്റെ ഗൃഹപാഠം പ്രിന്‍സിപ്പല്‍ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൌലവി ഞങ്ങള്‍ക്ക് വേണ്ടപോലെ പറഞ്ഞു തന്നു: 'ക്യാഹെ എന്നു വിചാരിച്ചു ടെന്‍ഷനില്ലാതെ പോകണം, തലേന്നാള്‍ രാത്രി നന്നായി ഉറങ്ങണം, ഉറക്കം തൂങ്ങി പോകരുത്, ജയിക്കുമെന്ന് ഉറപ്പിക്കണം. ചോദ്യ പേപ്പര്‍ ഒന്നുരണ്ടുതവണ നന്നായി വായിക്കുക, എളുപ്പം ഉത്തരമെഴുതാന്‍ കഴിയുന്ന ചോദ്യം ആദ്യം എടുക്കുക, പ്രയാസമുള്ളത് പിന്നിലേക്ക് മാറ്റുക. പ്രബന്ധം എഴുതാനുണ്ടെങ്കില്‍ അത് ഏറ്റവും അവസാനത്തേക്ക് വെക്കുക. സമയം പോലെ അത് ആകാവുന്നത്ര നീട്ടി പരത്തി എഴുതുക. പേപ്പര്‍ നോക്കുന്നയാള്‍ പ്രബന്ധം മൊത്തമൊന്നു കണ്ണോടിച്ചു മാര്‍ക്കിടുകയാണ് ചെയ്യുക.' ഇതെല്ലാമായിരുന്നു പ്രിന്‍സിപ്പല്‍ നല്‍കിയ നിര്‍ദേശങ്ങള്‍. പരീക്ഷ കഴിഞ്ഞപ്പോള്‍ ജയിക്കുമെന്ന് തോന്നി. ജയിക്കുകയും ചെയ്തു. റിസള്‍ട്ട് വന്നപ്പോള്‍ അതേ പരീക്ഷയില്‍ എന്നോടൊപ്പമിരുന്ന മഹാ പണ്ഡിതന്‍ മൌലവി മുഹമ്മദ് ശീറാസി തോറ്റിരിക്കുന്നു! അദ്ദേഹം അന്ന് ഫറൂഖ് റൌദത്തുല്‍ ഉലൂമില്‍ അധ്യാപകനാണ്. അവിടെ ജോലി തുടരണമെങ്കില്‍ അഫ്ദലുല്‍ ഉലമ ഡിഗ്രി അത്യാവശ്യമായിരുന്നു. അതുകൊണ്ടാണ് പണ്ഡിതനായ ശീറാസി മൌലവി എന്‍ട്രന്‍സ് എഴുതേണ്ടി വന്നത്. പിന്നെ, അദ്ദേഹം തോറ്റതെങ്ങനെയെന്നറിയുന്നത് രസാവഹമാണ്.
അറബിയിലുള്ള ചോദ്യപേപ്പറില്‍ ഒരുപാട് വ്യാകരണ തെറ്റുകള്‍. നഹ്വ്-സര്‍ഫ് ഒന്നും ശരിയല്ല. ആരാണ് ഈ ചോദ്യമിട്ട കോന്തന്‍ എന്നു ചിന്തിച്ച് അദ്ദേഹം അവിടെയിരുന്നു പേപ്പറിലെ മുഴുവന്‍ തെറ്റുകളും ശരിയാക്കാന്‍ തുടങ്ങി. സമയത്തിന്റെ വലിയൊരു ഭാഗം അങ്ങനെ പോയി. ഉത്തരം എഴുതാന്‍ തുടങ്ങിയപ്പോഴേക്കും ബെല്ലടിക്കുകയും ചെയ്തു. ഇതാണ് ചെറുവിദ്യാര്‍ഥിയായ ഞാന്‍ ജയിച്ച പരീക്ഷയില്‍ ശീറാസി തോറ്റ കഥ. ആമയുടെയും മുയലിന്റെയും കഥയുടെ തനിയാവര്‍ത്തനം. അദ്ദേഹത്തിന്റെ നിഷ്കളങ്കമായ വ്യക്തിത്വം മനസിലാക്കാന്‍ ഇത് ധാരാളം. (ശീറാസിയുടെ രസകരമായ വഅദും പാട്ടും അടുത്ത് ഭാഗത്ത്)
(തുടരും)
[email protected] 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം